നിനക്കായ് ~ ഭാഗം 22 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പരിചയപ്പെട്ട് ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെ ആദി സിദ്ധുവിൻറെ വലംകൈ ആയി മാറിയിരുന്നു. അവൻറെ ബുക്കുകൾ അടുക്കി ഷെൽഫിൽ വയ്ക്കാനും മുറി ഒരുക്കി വെയ്ക്കാനും അതിനിടയിൽ വൈഗ മോളെ കളിപ്പിക്കാനും ഒക്കെ വാല്പോലെ ആദിയും കൂടെയുണ്ട്. കുറച്ചു കഴിഞ്ഞതും വൈഗ മോൾ ഉറക്കം പിടിച്ചു. ഇങ്ങോട്ടുള്ള യാത്രയിൽ കണ്ട കൊച്ചു ടൗണിൽ പോയി അത്യാവശ്യം ചില സാധനങ്ങൾ വാങ്ങിക്കണം എന്ന് തോന്നി സിദ്ധുവിന്. ചുറ്റുപാടുകൾ അറിയാവുന്ന ആദിയെ കൂടി കൂട്ടു വിളിക്കാം എന്ന് കരുതി.

“ആദി നിൻറെ കയ്യിൽ സൈക്കിൾ ഉണ്ടെങ്കിൽ എടുത്തിട്ട് വാ.. നമുക്ക് ജംഗ്ഷനിൽ ഒന്ന് കറങ്ങിയിട്ട് വരാം..”

ഒരു നിമിഷം ആദിയുടെ മുഖം ഒന്ന് മങ്ങുന്നത് കണ്ടു.

” എൻറെ കയ്യിൽ സൈക്കിൾ ഇല്ല.. അത്യാവശ്യമാ ണെങ്കിൽ ഞാൻ എൻറെ ഫ്രണ്ടിൻറെ കയ്യിൽനിന്നും വാങ്ങിച്ചിട്ട് വരാം…”

“അതൊന്നും വേണ്ട.. മോൻറെ അച്ഛൻറെ ബൈക്കോ വണ്ടിയോ എങ്ങാനും ഇരിപ്പുണ്ടോ?.. അല്ലെങ്കിൽ വേണ്ട മോൻറെ അച്ഛൻ എപ്പോഴാ ജോലി കഴിഞ്ഞ് വരുന്നത്? നമുക്ക് അച്ഛനോട് പെർമിഷൻ വാങ്ങിച്ചിട്ട് പോകാം”

“എൻറെ എല്ലാം അമ്മയാണ്. ഞാൻ പഠിക്കുന്ന സ്കൂളിൽ ടീച്ചർ ആണ്. അങ്കിളിന് അച്ഛനോട് ചോദിക്കേണ്ട കാര്യങ്ങൾ അമ്മയോട് ചോദിച്ചാൽ മതി. എല്ലാ പ്രശ്നങ്ങൾക്കും അമ്മയുടെ കയ്യിൽ എപ്പോഴും ഒരു ഉത്തരം ഉണ്ടാവും.. സൈക്കിൾ വേണമെന്ന ചെറിയ പ്രശ്നത്തിന് ഞാനിപ്പോൾ പരിഹാരം കാണാം…”

മറുപടി കേൾക്കാൻ നിൽക്കാതെ ഓടിപ്പോകുന്ന ആദിയെ നോക്കി നിന്നു സിദ്ധാർത്ഥ്. സ്വന്തം അമ്മയെക്കുറിച്ച് പറയുമ്പോൾ അവൻറെ കണ്ണുകളിൽ അഭിമാനം നിറഞ്ഞത് ഓർത്തു. അവൻറെ സ്ഥാനത്ത് മറ്റേതൊരു കുഞ്ഞാണെങ്കിലും അച്ഛനില്ല എന്നത് ഒരു സങ്കടമായി പറഞ്ഞേനെ. ഇത്ര സമർത്ഥനായി അവനെ ഒറ്റയ്ക്ക് വളർത്തിയെടുത്ത ആ സ്ത്രീയെ തീർച്ചയായും പരിചയപ്പെടണം എന്ന് തോന്നി. അവനെ കുറിച്ച് കൂടുതൽ അന്വേഷിച്ചറിയാൻ തൻറെ ഉള്ളിലൊരു ആകാംക്ഷ നിറയുന്നതു പോലെ തോന്നി സിദ്ദുവിന്.

“സീതമ്മ കണ്ടിട്ടുണ്ടോ ആദിയുടെ അച്ഛനെ?.. അയാൾ മരിച്ചു പോയതാണോ?..”

സിദ്ധുവിൻറെ ചോദ്യം കേട്ടതും ആദിയെ അവന് നല്ലതുപോലെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്ന് സീമ്മയ്ക്ക് മനസ്സിലായി. രണ്ട് കരയും കൂട്ടിമുട്ടിക്കാൻ മാളു കിടന്നു കഷ്ടപ്പെടുന്നത് നന്നായിട്ടറിയാം. ഇയാൾക്ക് വല്ല അലിവും തോന്നിയാൽ ചിലപ്പോൾ വാടക കുറച്ചു കൊടുത്താലോ എന്നൊരു ചിന്ത വന്നു. മാളുവിനെ കുറിച്ച് സൂസി ഡോക്ടർ പറഞ്ഞു അറിയാവുന്ന കാര്യങ്ങൾ ഇയാളോട് തുറന്നു പറഞ്ഞേക്കാം എന്ന് കരുതി.

“ആദിമോൻറെയും അവൻറെ അമ്മയുടെയും കാര്യം വലിയ കഷ്ടമാണ് കുഞ്ഞേ.അവൻറെ അച്ഛന് വേറെ ഏതോ ഒരു പെണ്ണുണ്ട്. അതറിഞ്ഞിട്ട് മനസ്സ് തകർന്നു കൊണ്ടാണ് ഈ കുഞ്ഞിനെ ഒന്നരമാസം ഗർഭം ഉള്ളപ്പോൾ അവൻറെ അമ്മ ഇവിടുത്തെ സൂസി ഡോക്ടറുടെ അടുത്ത് വരുന്നത്. അവരുടെ ബന്ധത്തിലുള്ള കൊച്ചിൻറെ കൂട്ടുകാരിയാണ് ഈ കുട്ടി. അതിനെ പരിശോധിച്ചശേഷം ആണ് മനസ്സിലാകുന്നത് അതിൻറെ ആരോഗ്യത്തിന് എന്തൊക്കെയോ തകരാറുണ്ടെന്ന്. കുഞ്ഞിനെ അലസി കളഞ്ഞില്ലെങ്കിൽ രണ്ടാളെയും ജീവനോടെ കിട്ടില്ലെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞിട്ടും ആ പെൺകൊച്ച് പക്ഷേ സമ്മതിച്ചില്ല.. ജീവൻ പോയാലും വേണ്ട ഈ കുഞ്ഞിനെ കളയാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു കരച്ചിലായി. അതിൻറെ നിർബന്ധം കാരണം പിറ്റേദിവസം സൂസി ഡോക്ടറുടെ കൂടെ ആശുപത്രിയിലേക്ക് പോയതാ.എട്ടുമാസം ആശുപത്രി കിടക്കയിൽ ഒന്നനങ്ങാൻ പോലും വയ്യാതെ കഴിച്ചു കൂട്ടേണ്ടി വന്നു.

അതിൻറെ പ്രസവം അടുത്ത സമയത്ത് അനർത്ഥങ്ങൾ ഒന്നും സംഭവിക്കാതിരിക്കാൻ കർത്താവിൻറെ മുന്നിൽ സൂസി ഡോക്ടർ ഇരുന്ന് കരയുന്നത് കണ്ടിട്ടുണ്ട്. ഏതോ മുജ്ജന്മ സുകൃതം കൊണ്ടാണ് കൊച്ചിനെയും അമ്മയെയും ജീവനോടെ കിട്ടിയത്. എന്നിട്ട് ആ കൊച്ച് അടങ്ങിയിരുന്നോ… കുഞ്ഞിന് ആറുമാസം ആയി മുലപ്പാൽ അല്ലാത്ത ആഹാരം കൊടുക്കാൻ തുടങ്ങിയ അന്ന് തൊട്ട് കോളേജിൽ ചേർന്ന് എന്തൊക്കെയോ പഠിച്ചു തുടങ്ങി . കൂട്ടത്തിൽ എന്തൊക്കെയോ ജോലിയും ചെയ്യും .അവന് രണ്ടു വയസ്സുള്ളപ്പോഴാണ് പഠിപ്പ് പൂർത്തിയാക്കി ഇവിടുത്തെ സ്കൂളിൽ പഠിപ്പിച്ചു തുടങ്ങിയത് .

കഷ്ടപ്പാട് ആണെങ്കിലും വലിയ അഭിമാനിയാണ് ആള് . അന്ന് ഇതിൻറെ ചികിത്സക്കും പഠിത്തത്തിനു ഒക്കെ വേണ്ടി സൂസി ഡോക്ടർ ചിലവാക്കിയ പണം ബാങ്കിൽ നിന്നും ലോൺ എടുത്തു തിരിച്ചു കൊടുക്കുകയാണ് ജോലി കിട്ടിയിട്ട് ആദ്യം ചെയ്തത്. ആ ലോണിൻറെ മാസത്തവണ അടവും വീട്ടു വാടകയും കൊച്ചിൻറെ പഠിത്തവും ചിലവും എല്ലാംകൂടി ഒറ്റയ്ക്ക് താങ്ങുന്നുണ്ടാവില്ല അതിന്.എന്നാലും സങ്കടങ്ങൾ ഒന്നും ആരോടും തുറന്നു പറയില്ല..മോന് ആ കൊച്ചിന് വാടകയിനത്തിൽ എന്തെങ്കിലും കുറച്ച് കൊടുക്കാൻ പറ്റുമെങ്കിൽ ചെയ്തു കൊടുക്കണം. ആരുമില്ലാത്ത അതിനെ സഹായിച്ചാൽ പുണ്യം കിട്ടും..”

തൻറെ മനസ്സ് ആർദ്രമായി വിങ്ങുന്നതു പോലെ തോന്നി സിദ്ധുവിന്. ഇത്രയും നല്ലൊരു സ്ത്രീയേയും ആദിയെ പോലൊരു മകനെയും ഏതോ ഒരു പെണ്ണിനു വേണ്ടി കൈവിട്ടു കളഞ്ഞ ആ മനുഷ്യനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി സിദ്ധുവിന്. അല്ലെങ്കിലും സ്നേഹത്തിൻറെ അന്ധതയിൽ മുങ്ങിപ്പോകുന്ന ആളുകൾക്ക് സ്വന്തത്തിനും ബന്ധത്തിനും ഒന്നും വിലയുണ്ടാകില്ല എന്നത് അനുഭവിച്ചറിഞ്ഞതല്ലേ താൻ..

അപ്പോഴേക്കും ആദി ഒരു സൈക്കിളും ചവിട്ടി വരുന്നത് കണ്ടു. അവൻറെ കൂട്ടുകാരൻറെത് ആണെന്ന് മനസ്സിലായി. ആദിയെ മുന്നിലിരുത്തി ടൗണിലേക്ക് സൈക്കിൾ ചവിട്ടി കൊണ്ടു പോകുമ്പോൾ ഉള്ളിൽ വാത്സല്യം തുളുമ്പുന്നതുപോലെ തോന്നി. തനിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കഴിഞ്ഞതും ആദിക്ക് വേണ്ടി മുന്തിയ ഒരു സൈക്കിൾ കൂടി വാങ്ങിച്ചു.

“അങ്കിളിന് എന്തിനാ സൈക്കിള്…”

“ഇതുപോലെ ചുമ്മാ കറങ്ങാൻ എടുക്കാലോ. നീയും വേണ്ടപ്പോഴെല്ലാം സ്വന്തമെന്നു കരുതി ഓടിച്ചോ. വേറെ കൂട്ടുകാരോട് ആരോടും ചോദിക്കാൻ നിൽക്കണ്ട..”..

അതു കേട്ടതും ആദിയുടെ മുഖം വിടരുന്നത് കണ്ടു.ആദിയുടെ അമ്മയുടെ സ്വാഭിമാനം അറിയാവുന്നതു കൊണ്ട് താനിത് സമ്മാനമായി കൊടുത്താലും അവർ നിഷേധിക്കുമെന്ന് ഉറപ്പാണ്.അതു കൊണ്ട് ഇങ്ങനെ പറയുകയല്ലാതെ വേറെ വഴിയില്ല. വീട്ടുമുറ്റത്ത് പുത്തൻ സൈക്കിൾ കൊതിതീരാതെ ഓടിച്ചു നടക്കുന്ന ആദിയുടെ മേൽ തൻറെ കണ്ണുകളും ഓടി നടക്കുന്നുണ്ടെന്ന് തോന്നി സിദ്ധുവിന്.

ആദിയിൽ മയങ്ങി നിൽക്കുന്ന സിദ്ധുവിനെ കണ്ടു കൊണ്ടു വീട്ടിലേക്ക് കയറി വന്ന ഗായത്രിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിയുന്നുണ്ടായിരുന്നു…

രഞ്ജിത്ത് സാറിൻറെ വീട്ടിൽനിന്നും ഇരുട്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ സങ്കടവും ദേഷ്യവും ഒക്കെ മാളുവിനെ വന്നു മൂടുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ഈ സമയത്ത് ആ മനുഷ്യനോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു. രാവിലെ സ്കൂളിലേക്ക് കയറിച്ചെന്നതും പ്യൂൺ ഗോപാലേട്ടൻ ശമ്പളം കയ്യിൽ കൊണ്ട് തന്നു. അതെടുത്ത് ബാഗിൽ വച്ച് ആത്മവിശ്വാസത്തോടെയാ ണ് രാവിലെ തന്നെ അയാളുടെ മുന്നിൽ ചെന്ന് കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തത്. ഇന്നലെ ദേവൂട്ടിയിൽ കണ്ട നല്ല മാറ്റങ്ങൾ ശാശ്വതമായി വേണമെങ്കിൽ അവളുടെ അമ്മയെ എത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു സംസാരം അവസാനിച്ചതും കാട്ടുമാക്കാൻറെ മൂളലിൻറെ ഗതി മാറി. താഴോട്ട് നോക്കി സൗമ്യതയോടെ കേട്ട് നിന്നവൻ തീക്ഷ്ണതയോടെ എന്നെ നോക്കുന്നത് കണ്ടു.

“എൻറെ കുടുംബം നന്നാക്കാൻ അല്ല ടീച്ചറോട് ഞാൻ പറഞ്ഞത്. എൻറെ മോളുടെ സ്വഭാവം നന്നാക്കിയെടു ക്കാനാ.. ഞാൻ അങ്ങോട്ട് പറയുന്നത് അനുസരിച്ചാൽ മതി ടീച്ചറ്… ഇങ്ങോട്ട് ഉള്ള ഉപദേശം വേണ്ട…

ക്ലാസ്സ് കഴിഞ്ഞ് ടീച്ചർക്ക് ട്യൂഷൻ ഉണ്ട് വീട്ടില്. ഇന്നലെ പോയതുപോലെ 6 മണിക്ക് പോകാം. ഞാൻ വൈകീട്ട് വീട്ടിലെത്തുമ്പോൾ ഇന്നലെ കണ്ട അതേ പോലെ എൻറെ മോളെ ഇന്നും കാണണം..അതിനു വേണ്ട അധിക ജോലിക്ക് ടീച്ചർ ചോദിക്കുന്ന കാശ് കൂട്ടി തന്നേക്കാം…”

സൽബുദ്ധി നശിച്ച് പോയവരോട് തർക്കിച്ചിട്ട് കളയാൻ നേരവും ആരോഗ്യവും ഇല്ലാത്തതിനാൽ മെല്ലെ എഴുന്നേറ്റു. ക്ലാസ്സ് വിട്ടു കഴിഞ്ഞതും ദേവൂട്ടിയെ കൂട്ടി അയാളുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു. അമ്മ ഇന്നലത്തെപ്പോലെ വരാൻ വൈകും എന്ന് പറഞ്ഞിട്ടും ആദി വിഷമമൊന്നും കാണിച്ചില്ല എന്നതുമാത്രം സമാധാനം പോലെ തോന്നി.

നടത്തം വീടിനോട് അടുക്കുന്നതും മുകളിലത്തെ നിലയിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നത് കണ്ടു. പാവം ആദി… മൂന്നു മണി മുതൽ തനിച്ചിരിപ്പാകും. താഴത്തെ വീട്ടുകാരെ പരിചയപ്പെടാൻ പോകാമെന്ന് ഇന്നലെ അവനോടു സമ്മതം പറഞ്ഞതോർത്തു. ആദ്യമായി ഏതെങ്കിലും വീട്ടിൽ പരിചയപ്പെടാൻ പോകുമ്പോൾ വല്ല മധുരവും കൂടെ കൊണ്ടുപോകണം എന്ന് മുത്തശ്ശി പറയാറുള്ളത് ഓർത്തു. വരുന്ന വഴിക്ക് ബേക്കറിയിൽ നിന്നും വല്ലതും വാങ്ങിക്കണം എന്ന് ശമ്പളം കയ്യിൽ കിട്ടിയപ്പോൾ പോലും ഓർത്തതാണ്. ആ നശിച്ച രഞ്ജിത്ത് സാറിൻറെ സ്വഭാവം കാരണം എല്ലാം മറന്നു പോയി. അയാളെ പഴിച്ചുകൊണ്ട് വീട്ടിലേക്ക് കയറി ചെന്നതും ആദി ഇരുന്ന് പഠിക്കുന്നത് കണ്ടു.

“ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞോ ഡാ..” എന്നു ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു പുസ്തകത്തിലേക്ക് തലതാഴ്ത്തി.

താഴത്തെ വീട്ടിൽ നിന്നും കളി കഴിഞ്ഞ് ഇന്നലെ കയറിവരുമ്പോൾ അവനിൽ കണ്ട തിളക്കം ഇന്ന് ഇല്ലല്ലോ എന്നോർത്തു. അവനെ സന്തോഷിപ്പിക്കാൻ എന്താണ് ഒരു പരിഹാരം എന്നാലോചിച്ച് ഫ്രിഡ്ജ് തുറന്നു നോക്കിയതും മുൻപ് ഉണ്ടാക്കി സൂക്ഷിച്ചു വച്ചിരിക്കുന്ന ചക്കവരട്ടി കണ്ടു.ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് ഓർത്തതും ഉത്സാഹത്തോടെ പെട്ടെന്ന് തന്നെ കുളിച്ച് ഫ്രഷ് ആയി വന്നു ജോലി തുടങ്ങി. നെയ്യിൽ പ്രഥമൻ അലിഞ്ഞുചേർന്നു വെന്തു തുടങ്ങിയതും മണംപിടിച്ച് ആദി അടുക്കളയിലെത്തി.

“അടുപ്പത്ത് പായസം ഉണ്ടോ അമ്മേ…”

“ഉം.. നിൻറെ വൈഗ മോളെ കാണാൻ പോകുമ്പോൾ എന്തെങ്കിലും കൊണ്ടുപോകേണ്ട നമുക്ക്…”

അത് കേട്ടതും അവൻറെ മുഖത്ത് പൂത്തിരി കത്തുന്നത് കണ്ടു. തേങ്ങാക്കൊത്ത് മുറിക്കാനും ഏലക്കായ പൊടിക്കാനും ഒക്കെ സഹായിയായി അവനും ഒപ്പം കൂടി. എല്ലാം തയ്യാറായി വന്നതും രുചി നോക്കാൻ എന്നോണം ചൂടുള്ള പായസത്തിനായി കൈനീട്ടി കാണിക്കുമ്പോളേ അറിയാം കൊതിയൻറെ ക്ഷമ കെട്ടിരിക്കുന്നു എന്ന്.

ഒരു കൈയിൽ പായസവും മറുകയ്യിൽ വാടക കാശും എടുത്തു അവനെയും കൂട്ടി താഴേക്കിറങ്ങി. ഹോളിൽ വൈഗ മോളുടെ ശബ്ദം കേട്ടതും ആദി എൻറെ കൈ വിട്ട് വരാന്തയുടെ വശത്തേക്ക് ഓടി. അകത്ത് നിഴലു പോലെ ഒരു പുരുഷ രൂപം കണ്ടതും അതുവഴി കയറി ച്ചെല്ലാൻ ഉൾവലിവ് തോന്നി. അടുക്കള വശത്ത് സീതമ്മയെ കണ്ടതും ഞാൻ പതിയെ അങ്ങോട്ടേക്ക് നടന്നു.

“ആരിത് മാളുവോ.. ഇന്നും സ്കൂൾവിട്ട് എത്താൻ വൈകി അല്ലേ.. ഞാൻ കുറേ നേരം നോക്കി നിന്നു. മണി ആറ് കഴിഞ്ഞപ്പോഴാ ആദിയുടെ നിർബന്ധത്തിന് അവനെ മേലേക്ക് കയറ്റി വാതിൽതുറന്നു ലൈറ്റ് ഇട്ട് കൊടുത്തത്. ഇനി എന്നും ഇങ്ങനെ വൈകുമോ മോള്….”

സീതമ്മയുടെ സംസാരം കേട്ടത് വല്ലാതായി മാളുവിന്….ആദി ഇത്രനേരവും താഴെ തന്നെയായിരുന്നു എന്നത് പുതിയ അറിവാണ്. ആദ്യമായാണവൻ പറഞ്ഞതിനപ്പുറം ഒരു കാര്യം ചെയ്യുന്നത്. ഇന്നലെ അത്ര കാര്യമായി അല്ലേ താഴേക്ക് പോകരുതെന്ന് അവനോട് പറഞ്ഞത്. എന്നിട്ടും. കുട്ടികളല്ലേ അനുസരണക്കേട് കാണിക്കും…എങ്കിലും പോയ കാര്യം എന്നോട് പറയാമായിരുന്നു എന്ന് തോന്നി.

“ഈ കുറുമ്പിയെ ഇത്തിരി നേരം പിടിക്കാമോ സിദ്ദുവേട്ടാ…അല്ല ആദി കുട്ടൻ എപ്പഴാ താഴേക്ക് എത്തിയേ.. ചുമ്മാതാണോ ഇവള് ചാടി തുടങ്ങിയത്..കള്ളി പെണ്ണേ…”

അകത്തു നിന്നും കേൾക്കുന്ന സ്ത്രീ ശബ്ദം കാതിൽ എത്തിയതും ആളെ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല…

വീട് വാങ്ങിച്ചത് ഏതോ ഡോക്ടർമാർ ആണെന്ന് സൂസി ആൻറി പറഞ്ഞു കേട്ടിരുന്നു. ഇവരിൽനിന്നും എത്ര ദൂരം താണ്ടി ഓടിപ്പോന്നാലും പിന്നെയും വേട്ടയാടാൻ പിന്തുടരുന്നത് എന്തിനാണെന്ന് തോന്നി. അവർക്കുമുന്നിൽ കീഴടങ്ങാൻ വയ്യ എന്ന് തോന്നി.ഒരു കൂടിക്കാഴ്ചയ്ക്ക് പോലും എന്നിൽ ഇനി ശക്തിയില്ല..ചലനങ്ങൾക്ക് ധൃതി കൂടി വരുന്നതറിഞ്ഞു..

“സീതമ്മ ഇതൊന്നു പിടിക്ക്.വാടക കാശും കൂട്ടത്തിലുണ്ട്. ഞാൻ പോരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തോ എന്ന് ഓർമ്മയില്ല.. പോയി നോക്കട്ടെ… പിന്നെ വരാമേ…”

പറഞ്ഞു മുഴുമിപ്പിച്ചില്ല.. പിന്തിരിഞ്ഞ് ഓടിത്തുടങ്ങി. മുകളിലെത്തി കിതപ്പ് മാറിയതും ആദി ഇപ്പോഴും അവരോടൊപ്പം തന്നെ ആണല്ലോ എന്നോർമ്മ വന്നു.

ഉള്ളിൽ പ്രാണവേദന നിറയുന്നതറിഞ്ഞു.. അവനെ ഭൂമിയിലേക്ക് സ്വീകരിക്കാനായി ഒരുങ്ങുമ്പോൾ അസ്ഥികൾ മുറിയുന്ന വേദന ശരീരം അറിഞ്ഞിരുന്നു. ഏറ്റവും വലിയ വേദനയായിരുന്നു എന്ന് കരുതിയതൊന്നും വേദനയെ അല്ലായിരുന്നു എന്ന് ഇന്നിപ്പോൾ ഹൃദയം മുറിഞ്ഞ് കാട്ടിത്തരുന്നു…

അതേസമയം ധൃതിയിൽ മുകളിലേക്ക് കയറിപ്പോകുന്ന മാളുവിനെ നോക്കി നിൽക്കുകയായിരുന്നു ഗായത്രി. ഇത്രയൊക്കെ ദുരിതങ്ങൾ അനുഭവിച്ചിട്ടും ഉള്ളിലെ സ്നേഹം ഒളിപ്പിച്ച്വെച്ച് എൻറെ ഏട്ടനിൽ നിന്നും ദൂരേക്ക് ഓടി മറയാൻ നിനക്ക് എങ്ങനെ കഴിയുന്നു മാളു….
അതിശയത്തോടെ നോക്കി നിൽക്കുമ്പോഴും മാളുവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി ഗായത്രിക്ക്…

ആ ദിവസത്തിന് കാത്തിരിപ്പ് കുറച്ച് മതിയെന്ന് ഓർത്തതും മനസ്സിലൊരു തണുപ്പ് നിറയുന്നു..അടുക്കളയിലേക്ക് ചെന്നതും മാളു കൊണ്ടുവന്ന പായസം കാട്ടിത്തന്നു സീതമ്മ. അത് ഗ്ലാസ്സുകളിലേക്ക് പകർന്നെടുത്തു ആദ്യത്തേത് സീതമ്മയ്ക്ക് കൊടുത്തു.

“ആദി കുട്ടാ.. മോൻ കൊണ്ടുവന്ന പായസം നീ തന്നെ അങ്കിളിന് കൊടുത്തേ…”

പായസം ആണെന്ന് കണ്ടതും വേണ്ടെന്ന് പറയണമെന്നു ണ്ടായിരുന്നു സിദ്ധുവിന്. ആദിയോട് മറുത്ത് പറയുന്നത് ഓർത്തതും കൈനീട്ടി വാങ്ങിച്ചു. പായസത്തിൻറെ രുചി നാവിലെ രസമുകുളങ്ങൾ അറിഞ്ഞു തുടങ്ങിയതും പഴകിയ ഓർമ്മകളുടെ ചവർപ്പ് രസം തന്നെ വിഴുങ്ങുന്നത് പോലെ തോന്നി. ചവച്ചിറക്കാൻ കഴിയാതെ തൊണ്ടക്കുഴിക്ക് കനം വെച്ച് വരുന്നു.. ശ്വാസം മുട്ടുന്നു…

“വല്ലാത്ത മധുരം… ഞാൻ പിന്നെ കഴിച്ചോളാം..”

ആദിയെ പിണക്കാതിരിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു കൊണ്ട് സിദ്ധു മടക്കി നൽകിയ ഗ്ലാസ് കയ്യിൽ വാങ്ങിക്കുമ്പോൾ ഈ പായസത്തിന് ഏട്ടന് ഇത്തിരി മധുരം കൂടുമെന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് പുഞ്ചിരിയോടെ ഗായത്രി മനസ്സിലോർത്തു…

അതേസമയം മാളു ഷോളി ടീച്ചറിനെ വിളിച്ച് എത്രയും പെട്ടെന്ന് പുതിയ താമസ സൗകര്യം ഒരുക്കി തരണമെന്ന് ശാഠ്യം പിടിക്കുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് ആദിയെ ടീച്ചറുടെ കുട്ടികളുടെ കൂടെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കോളാൻ പറഞ്ഞു.ഉറക്കം നഷ്ടപ്പെട്ട രാത്രി എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി.ആദിയെ കൂട്ടി രാവിലെ സ്കൂളിലേക്ക് ഇറങ്ങുമ്പോൾ വളരെ സൂക്ഷിച്ചു കൊണ്ടാണ് പടികൾ ഇറങ്ങിയത്. വീട്ടുമുറ്റത്ത് ആരെയും കാണുന്നില്ലെന്ന് ആയിരംവട്ടം മുകളിൽ നിന്ന് തന്നെ ഉറപ്പുവരുത്തി. ഇരുട്ടന്നത് വരെ ഒളിച്ചിരിക്കാൻ വീട്ടിലെ ട്യൂഷൻ തരപ്പെടുത്തി തന്ന രഞ്ജിത്ത് സാറിന് ഇപ്പോൾ പുണ്യാളൻറെ പരിവേഷം കൈ വന്നത് പോലെ തോന്നി. എങ്ങനെയൊക്കെയോ വീടിൻറെ കോമ്പൗണ്ട് ഓടി കടന്ന് റോഡിലേക്ക് എത്തിയതും ശ്വാസം നേരെ വീണു…

ഹോസ്പിറ്റലിലേക്കുള്ള ആദ്യ ദിവസം ആയതിനാൽ നേരത്തെ ഒരുങ്ങികഴിഞ്ഞ് ജനലിലൂടെ പുറംകാഴ്ചകൾ നോക്കി നിൽക്കുകയായിരുന്നു സിദ്ധു. അപ്പോഴാണ് ആദിയും അവൻറെഅമ്മയും മിന്നൽ വേഗതയിൽ സ്കൂളിലേക്ക് പോകുന്നത് കണ്ടത്. അവൻറെ അമ്മയെ നേരിട്ട് കാണാൻ കൗതുകം തോന്നിയത് കൊണ്ട്ജനൽ കമ്പികൾക്കിടയിലൂടെ എത്തി വലിഞ്ഞു നോക്കി…ഗേറ്റ് കടന്നു കഴിഞ്ഞ് അവർ വീടിൻറെ ഭാഗത്തേക്ക് പിന്തിരിഞ്ഞ് നോക്കിയതും കാണേണ്ടിയിരുന്നില്ല എന്ന് തോന്നി….

വർഷങ്ങൾക്കു ശേഷം അവളെ കണ്ടതും ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. അവളെ ആദ്യമായി അമ്പലമുറ്റത്ത് വെച്ച് കണ്ടത് തൊട്ടുള്ള കാര്യങ്ങൾ ചലച്ചിത്രം പോലെ മനസ്സിലേക്ക് കടന്നു വരുന്നു…

അതിലും ദുഃഖം തോന്നിയത് ആദിയെ ഓർത്തായിരുന്നു..ഒറ്റദിവസംകൊണ്ട് തൻറെ മനസ്സ് കീഴടക്കിയത് കണ്ണൻറെ മകനായിരുന്നു എന്ന് അംഗീകരിക്കാൻ പറ്റുന്നില്ല. അവനെ കണ്ടത് മുതൽ അവനിൽ താൻ കണ്ട പ്രത്യേകത ഇതായിരുന്നോ…അവൻ ആരെന്നറിഞ്ഞിട്ടും ഇപ്പോഴും അവനെ വെറുക്കാൻ കഴിയാത്തത് അവൻ മാളുവിൻറെ ഉള്ളിൽ നിന്നും വന്നത് കൊണ്ടാണോ…

കണ്ണൻ ഉപേക്ഷിച്ചതിന് ശേഷം അവൾ അനുഭവിച്ച ദുരിതങ്ങൾ സീതമ്മ ഇന്നലെ പറഞ്ഞത് ഓർമ്മ വന്നു. കണ്ണനെ മനസ്സിലാക്കാൻ കഴിയാതെ പോയതിൻറെ ശിക്ഷയാവും.. ഒരിക്കൽ അവളെവിവാഹ പന്തലിൽ ഉപേക്ഷിച്ചു പോയവൻ വേറൊരുതിയെ കണ്ടപ്പോൾ വീണ്ടും ഉപേക്ഷിച്ചിരിക്കുന്നു..എന്നിട്ട് അവൻറെ കുഞ്ഞിനേയും വളർത്തി നരകിച്ച് ജീവിക്കുന്നു….

മാളു അനുഭവിച്ചു തീർക്കുന്ന ദുരിതങ്ങൾ അവൾ ആയിട്ട് വരുത്തി വച്ചതാണെങ്കിലും അതോർത്ത് തൻറെ ഹൃദയം വേദനിക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല… തൻറെ അവസ്ഥയോർത്ത് ആത്മനിന്ദ തോന്നി സിദ്ദുവിന്…

ആശുപത്രിയിലേക്കുള്ള വഴിയിൽ ഗായത്രിയോട് കാറോടിച്ചോളാൻ പറഞ്ഞു.. താനൊരു ദുർബലനായി തീരുന്നു.ആദിയുടെ മുഖം തന്നെ വല്ലാതെവേട്ടയാടുന്നത് പോലെ തോന്നി..മാളുവിന് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു.

“എനിക്കും വേണം കുഞ്ഞാവ..” എന്ന് പറഞ്ഞു മുഖം വീർപ്പിച്ചു നിന്നവളുടെ മുന്നിൽ തോറ്റു നിന്നത് ഓർത്തു.

അവളുടെ ആരോഗ്യസ്ഥിതി വെച്ച് ഒരിക്കലും അങ്ങനെ യൊന്ന് ഉണ്ടാവില്ല എന്ന് തന്നെയാണ് കരുതിയത്. ഗർഭിണി ആയാലും കുഞ്ഞിനെ വഹിക്കാൻ അവൾക്ക് ശക്തിയില്ല.. ഡോക്ടർ സൂസൻ എന്ത് മാന്ത്രികത ആവും കാണിച്ചിട്ട് ഉണ്ടാവുക.. കണ്ണൻ ആരുടെ അടുത്താവും അവളെ ചികിത്സിച്ച് കാണുക . തൻറെ ട്രീറ്റ്മെൻറ് വല്ല ഗുണവും ചെയ്തു കാണുമോ?..തനിക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ മാളു തകർന്നുപോയി കാണുമോ?..
ആയിരമായിരം ചോദ്യങ്ങൾ തന്നെ വീർപ്പുമുട്ടിക്കുന്ന പോലെ തോന്നി സിദ്ധാർത്ഥ്ന്…

ഡോക്ടർ സൂസൻ ഈ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്തിരുന്നത് എന്നത് സിദ്ധുവിൽ ഊർജ്ജം നിറച്ചു. ഹോസ്പിറ്റലിൽ എത്തി ഗായത്രി പലരെയും പരിചയപ്പെടുത്തുന്നതിനിടയിലും സിദ്ധുവിൻറെ മനസ്സ് തേടിയത് തനിക്ക് വേണ്ടുന്ന ഉത്തരങ്ങൾ ആയിരുന്നു.

ഡ്യൂട്ടി ചാർജ് എടുത്ത് കഴിഞ്ഞതും ഡോക്ടർ സൂസൻറെ വലംകൈ ആയിരുന്ന നഴ്സിനെ തന്നെ വിളിച്ചു വരുത്തി. ഡോക്ടർ സൂസൻ കൈകാര്യം ചെയ്ത കോംപ്ലിക്കേറ്റഡ് കേസുകളുടെ ഫയൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. തങ്ങൾ ഏറ്റവും ബുദ്ധിമുട്ടിയ പേഷ്യൻറ്ൻറെ ഫയൽ തന്നെ അവർ ആദ്യം കയ്യിൽ വച്ച് തന്നു. രോഗിയുടെ പേര് വായിച്ചതും ആകാംക്ഷയോടെ താളുകൾ ഒന്നൊന്നായി മറിച്ചു നോക്കി…

ഡോക്ടർ സൂസനോട് വല്ലാത്ത ദേഷ്യം തോന്നി സിദ്ധാർത്തിന്. ഇത്രയും വീക്കായ ഒരു രോഗിയെ ഗർഭാവസ്ഥയിൽ തുടരാൻ അനുവദിച്ചതിന്. ഓരോ മാസങ്ങളിലെ സ്കാനിംഗ് റിപ്പോർട്ട് കണ്ടതും ഇത്രയും റിസ്ക് എടുക്കാൻ ഇവർക്കൊക്കെ ഭ്രാന്തുണ്ടോ എന്ന് തോന്നി. അതിലേറെ ദേഷ്യം മാളുവിനോട് ആയി.. സ്വന്തം ജീവൻ പണയം വെച്ച് ഉപേക്ഷിച്ചിട്ടു പോയ ഒരുത്തൻറെ കുഞ്ഞിനുവേണ്ടി.. എന്തെങ്കിലും പറ്റി പോയിരുന്നെങ്കിൽ. താനായിരുന്നെങ്കിൽ അവളുടെ വാശിക്ക് വിട്ടു കൊടുക്കാതെ തുടക്കത്തിൽ തന്നെ അബോർട്ട് ചെയ്തേനെ..ചിന്തകൾ കാട് കയറിയപ്പോൾ ആദിയുടെ മുഖം തെളിഞ്ഞു വന്നു..എല്ലാം അവൻറെ ജനനത്തിനു വേണ്ടി ആവും. വെറുതെയല്ല മാളുവിന് അവനെ പോലത്തെ ഒരു കുഞ്ഞിനെ ഈശ്വരൻ സമ്മാനിച്ചത് എന്ന് തോന്നി.

ആദിയും… മാളുവും.. അവരെ കുറിച്ചുള്ള ചിന്തകൾ തന്നെ വിട്ടു പോകുന്നില്ലെന്ന് തോന്നി സിദ്ദുവിന്…അവളുടെ ഫയലുകൾ മറിച്ച് അവസാന പേജിൽ എത്തിയതും ഒരു ചുവന്ന ഫയൽ കൂടി പിൻ ചെയ്തു വെച്ചിരിക്കുന്നത് കണ്ടു. താൻ പണ്ട് ഉണ്ടാക്കിയ അവളുടെ മെഡിക്കൽ റിപ്പോർട്ട് ആണെന്ന് കണ്ടതും നിയന്ത്രണം വിട്ടു പോകുന്നത് പോലെ തോന്നി…അവൾക്കു വേണ്ടി പ്രാർത്ഥിച്ച ദിവസങ്ങൾ..കുഞ്ഞിനെ കൊടുത്തില്ലെങ്കിലും അവൾക്ക് പിടിച്ചുനിൽക്കാൻ കഴിയണേ എന്ന്മാത്രമേ അന്നൊക്കെ ആഗ്രഹിച്ചിട്ടുള്ളൂ…

മനസ്സ് തകരുകയാണ് തോന്നിയതും ധൃതിയിൽ ഫയൽ അടച്ചു വെച്ചു.അതിൻറെ പുറംചട്ടയിൽ തന്നെ കുറെ സമയം കണ്ണുകളുടക്കി നിന്നു.മനസ്സ് തണുത്തു വന്നതും ഇടയ്ക്കെപ്പോഴോ ഫയലിൽ എഴുതിയിരിക്കുന്ന തീയതി ശ്രദ്ധയിൽപ്പെട്ടു. ബുദ്ധി തെളിഞ്ഞു വന്നതും കണ്ണുകൾക്ക് തെറ്റു പറ്റിയതാണോ എന്ന് ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കി.

ഡോക്ടറുടെ മനസ്സോടെ റിപ്പോർട്ടുകളിലെ തീയതികളിലൂടെ കണ്ണുകൾവീണ്ടും വീണ്ടും പ്രദക്ഷിണം നടത്തി.ആ റിപ്പോർട്ടുകൾ പ്രകാരം തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ തന്നെ മാളു ഗർഭിണിയായിരുന്നു എന്ന് ഉറപ്പായി.. അവളിൽ ചെയ്തു കൊണ്ടിരുന്ന ചികിത്സകൾ ഫലം കണ്ടിരുന്നു.

തൻറെ സന്തോഷങ്ങൾക്ക് അതിരില്ലെന്നു തോന്നി. തോറ്റു പോയവൻ യുദ്ധം ജയിച്ചു കയറുന്നതായി തോന്നി.ആർക്കും വേണ്ടാതെ പാഴ്ജന്മമായിപോയി എന്ന ചിന്ത ഇനി വേണ്ട.. ദൈവങ്ങൾ പോലും കൈവിട്ടു എന്ന് ചിന്തിച്ചിരുന്നിടത്ത് ജീവിക്കാൻ ഒരു കച്ചിത്തുരുമ്പ് കിട്ടിയിരിക്കുന്നു. തൻറെ അസ്ഥിത്വം നിലനിർത്താനുള്ള തൻറെഅവകാശി കൺമുന്നിൽ തന്നെയുണ്ട്…ആദി..എൻറെ മോൻ..ആദിയുടെ അച്ഛൻ ഞാനാണ്…

എത്രയും പെട്ടെന്ന് ആദിയുടെ അരികിലേക്ക് എത്താൻ തന്നിലെ അച്ഛൻറെ മനസ്സ് മുറവിളി കൂട്ടുന്നു…

തുടരും…