ചേച്ചി ബെഡിൽ ഫ്രീ ആണേൽ അങ്ങോട്ട് കുറച്ച് റൊമാൻസ് കൊടുക്ക്, അല്ലാതെ കണ്ടവന്മാരുടെ ഭാര്യയുടെ സുഖം തിരക്കാതെ…കഷ്ടം…

പ്രവാസിയുടെ ഭാര്യ ~ എഴുത്ത്: DARSARAJ R SURYA

ഹായ്…….ഉറക്കമൊന്നുമില്ലേടോ??? കെട്ടിയോൻ ഗൾഫിൽ ആണല്ലേ????? രാത്രി ഒറ്റക്കാണോ കിടക്കുന്നത്???? എങ്ങനെയാ കാര്യങ്ങളൊക്കെ??? I mean……… ഈ റൊമാന്റിക് മൂഡൊക്കെ വരുമ്പോൾ എന്താ ചെയ്യുന്നത്????

ഓഹ് !! എന്നാ ചെയ്യാനാ സേട്ടാ,,, ഒരുപാട് അങ്ങ് വരുകയാണേൽ ചാക്കോച്ചന്റെ അനിയത്തിപ്രാവ് യൂട്യൂബിൽ കേറി കാണും, അല്ലെങ്കിൽ മാധവന്റെ അലൈപായുതെ, അതിലും നിന്നില്ലേൽ ഷാരൂഖിന്റെ DDLJ…..

അത് അവിടെ നിൽക്കട്ടെ,സേട്ടന്റെ പ്രൊഫൈൽ നോക്കിയപ്പോൾ കല്യാണം കഴിഞ്ഞത് ആണെന്ന് മനസ്സിലായി…ചേച്ചി ബെഡിൽ ഫ്രീ ആണേൽ അങ്ങോട്ട് കുറച്ച് റൊമാൻസ് കൊടുക്ക്, അല്ലാതെ കണ്ടവന്മാരുടെ ഭാര്യയുടെ സുഖം തിരക്കാതെ…. കഷ്ടം…..

******************

നമസ്കാരം, ഞാൻ അശ്വനി ശ്രീധർ…….ആസിഫ് അലിയുടെ ഒറ്റ ഡയലോഗിലൂടെ, ലക്ഷകണക്കിന് മലയാളികൾക്ക് കാണാപാഠമായ ആറ്റിങ്ങൽ എന്ന ചെറു പട്ടണത്തിൽ നിന്നും എഴുതുന്നു ………….

വയസ്സ് പറയാൻ മടി ഒന്നുമില്ലാട്ടോ, ഈ വരുന്ന വൃശ്ചികത്തിൽ 27 ആകുന്നു. നിലവിൽ ഹൗസ് വൈഫ്‌ ആണ്, കൂട്ടത്തിൽ ബാങ്ക് കോച്ചിങ്ങും ചെയ്യുന്നുണ്ട്…..എല്ലാത്തിനും ഉപരി ഒരമ്മയാണ്, “പ്രവാസിയുടെ ഭാര്യ” ആണ്……

പ്രവാസി ആയ പുരുഷന്മാരെ കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്, എന്നാൽ വളരെ കുറച്ച് മാത്രമേ അവരുടെ ഭാര്യമാരെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ളൂ….. ഈ എഴുത്ത് ഞാൻ ഓരോ പ്രവാസി ഭാര്യമാർക്കും സമർപ്പിക്കുന്നു…

പൊതുവെ ഞാൻ ഉൾപ്പെടുന്ന പ്രവാസി ഭാര്യമാരെ എഴുത്തുകാർ വിശേഷിപ്പിക്കുന്ന ഒരു ക്‌ളീഷേ ഡയലോഗ് ഉണ്ട്…. കുറച്ച് ദിവസത്തെ ഒത്തുകൂടലിനായ് വർഷങ്ങളോളം തപസ്‌ അനുഷ്‌ഠിക്കുന്നവൾ……..മമ്മൂക്ക ബെസ്റ്റ് ആക്ടറിൽ പറഞ്ഞത് പോലെ വല്യ ഡെക്കറേഷൻ ഒന്നും വേണ്ട,, ‘ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ’…..അത് മതി, കാരണം ഭർത്താവ് എന്ന വാക്കിനും, പ്രവാസിയുടെ ഭാര്യ എന്ന പ്രയോഗത്തിനും അത്രയേറെ അർത്ഥവും ആഴവും ഉണ്ട്………..

എന്റേത് ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു….വിവാഹത്തിന് ദിവസങ്ങൾ മാത്രം മുമ്പേ ആണ് അദ്ദേഹത്തെ ഞാൻ നേരിൽ കാണുന്നത്…… കല്യാണം കഴിഞ്ഞ് പരസ്പരം മനസ്സും ശരീരവും അറിഞ്ഞു വന്നപ്പോഴേക്കും അദ്ദേഹത്തിന് ഗൾഫിലോട്ടു തിരിച്ചു പോകാൻ സമയം ആയി…… അന്ന് മുതൽ സമൂഹം ചാർത്തി തന്ന പേര്

പ്രവാസിയുടെ ഭാര്യ……..

*****************

പ്രവാസ ലോകത്തേക്ക് തിരിച്ച് പോകുന്നതിന്റെ തലേന്ന്, അദ്ദേഹം ഇട്ട ഷർട്ട് ആയിരുന്നു പിന്നീട് കിടക്കയിൽ എന്റെ കൂട്ട്……. മനഃപൂർവം കഴുകാത്ത ആ ഷർട്ടിലെ വിയർപ്പിന്റെ ഗന്ധവും, തീവ്രതയും ശ്വസിച്ചറിയാൻ ഞങ്ങൾ പ്രവാസി ഭാര്യമാർക്കേ സാധിക്കുക ഉള്ളൂ….ആ ഷർട്ട് എടുത്തൊരു ഉമ്മ വെക്കുമ്പോൾ ജീവന്റെ പാതി കൂടെ ഉള്ളത് പോലൊരു ഫീൽ ആണ്…….

നാം ഓരോരുത്തരും സുഖമായി രാത്രി കിടന്ന് ഉറങ്ങുമ്പോൾ, പല പ്രവാസി ഭർത്താക്കന്മാരും നൈറ്റ്‌ ഷിഫ്റ്റിൽ പണി എടുക്കുക ആയിരിക്കും നമുക്ക് വേണ്ടി…..Respect

മിക്കപ്പോഴും പാതി രാത്രി, ഡ്യൂട്ടി കഴിഞ്ഞ് വരുന്ന ഭർത്താവിനെ കാത്തിരിക്കാൻ ഓൺലൈനിൽ വരുമ്പോൾ ആയിരിക്കും സദാചാര സേട്ടൻമാരുടെ ഇജ്ജാതി കെയർ !!!!!

പലർക്കും സംശയം ഹസ്ബൻഡ് അടുത്തില്ലാത്തോണ്ട് “സുഖം”തിരക്കി ഓൺലൈനിൽ വന്നത് ആണോ എന്നാണ്…..അദ്ദേഹത്തിന്റെ തോളിൽ കൈ ഇട്ട് നടന്ന ചില നാറികൾ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നതാണ് വാസ്തവം !!!!
അങ്ങനെ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് അങ്ങ് മാറ്റി വെക്കണം…കാരണം നീയൊക്കെ വിചാരിക്കും പോലെ 11 മണി കഴിഞ്ഞ് ഞങ്ങൾ ഓൺലൈനിൽ വരുന്നത് സുഖം കിട്ടാൻ അല്ല…ഡ്യൂട്ടി കഴിഞ്ഞ് വരുന്ന ഭർത്താക്കന്മാരോട് ഒന്ന് സംസാരിക്കാൻ ആണ്…ഒന്നുമില്ലെങ്കിലും എന്നെ ഒരു അമ്മ ആക്കിയ പുരുഷൻ അല്ലേ???? അപ്പോൾ നിങ്ങളുടെ ചീപ് സുഖം വേണോ ഡയലോഗ് ഇങ്ങോട്ട് ഇറക്കരുത്…… റിക്വസ്റ്റ് അല്ല, തന്റേടം ഉള്ള പെണ്ണിന്റെ ചങ്കുറപ്പ് ആയി കണ്ടോളൂ……

പിന്നെ ഞങ്ങൾ പ്രവാസി ഭാര്യമാർക്ക് ഒരു പ്രേത്യക തരം ഭാഗ്യം ഉണ്ട്…നാട്ടിൽ ഏത് പ്രവാസി യുടെ ഭാര്യ വഴി പിഴച്ചാലും കോവിഡ് 19 പോലെ ഞങ്ങൾക്ക് എല്ലാം അത് ബാധകം ആണ്….ഇന്ന് അല്ലെങ്കിൽ നാളെ നമ്മളും പോകും എന്നാണ് വെപ്പ്… ഫീലിംഗ് പരമ പുച്ഛം !!!!

സ്വന്തമായി പുരികം ത്രെഡ് ചെയ്ത് വെളിയിൽ ഇറങ്ങിയാൽ തന്നെ ഞങ്ങളുടെ കാര്യം തീർന്നു… കെട്ടിയോൻ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് പണം അയക്കുന്നു, അവൾ ഇവിടെ അഴിഞ്ഞാടി നടക്കുന്നു…. ആയിരം കുടത്തിന്റെ വാ മൂടികെട്ടാം…പക്ഷെ ഒരു മനുഷ്യന്റെ വായ….

മറിച്ച്, ഭർത്താവ് അയക്കുന്ന പൈസ കൊണ്ട് അവൾ നല്ല അന്തസ്സായി കുഞ്ഞിനേയും കുടുംബത്തിനെയും നോക്കുന്നു എന്ന് ഏതെങ്കിലും അയൽകൂട്ടത്തിലെ BBC ആന്റി ഞങ്ങളെ കുറിച്ച് പറഞ്ഞ് കേട്ടാൽ, അതിശയം എന്നല്ലാതെ വേറെ വാക്കില്ല !!!!!!!!

ഒരു ഭാര്യ ആവാൻ തക്ക പക്വത എനിക്ക് ഉണ്ടോ എന്ന്, 19 ആം വയസ്സിൽ ചിന്തിച്ച് കൊണ്ട് വിവാഹ ജീവിതത്തിലോടു കാല് എടുത്ത് വെച്ചവൾ ആണ് ഞാൻ.. .. ആ ഞാൻ ഇന്ന് അമ്മയും അച്ഛനും ആണ് എന്റെ മോൾക്ക്‌….പോരാഞ്ഞിട്ട് സാഹചര്യങ്ങൾ ചാർത്തി തന്ന എത്രയോ വിലപ്പെട്ട റോളുകൾ…….

പഠിക്കുന്ന സമയത്ത് കണക്കിൽ മോശമായിരുന്ന പല പെൺകുട്ടികളും പ്രവാസിയുടെ ഭാര്യ ആയതിൽ പിന്നെ കണക്കിന്റെ കാര്യത്തിൽ കിറുകൃത്യം ആയിരിക്കും …. ഭർത്താവ് അയക്കുന്ന പൈസ സ്വരുക്കൂട്ടി ആവശ്യങ്ങൾ നിറവേറ്റുകയും ബാക്കി സേവ് ചെയ്യുകയും ചെയ്യുന്നത്, ഒരു അക്കൗണ്ടന്റിന്റെ ബാലൻസ് ഷീറ്റിനോട് പോലും കിട പിടിക്കുന്ന “കല ” തന്നെയാണ്……

പല ഭർത്താക്കന്മാരും ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഭാര്യയോട് പറയുന്ന സ്ഥിരം ഒരു ഡയലോഗ് ഉണ്ട്…. പിണക്കവും പരിഭവവും വിളമ്പാതെ സ്നേഹത്തോടെ എന്തെങ്കിലും പറയാൻ….വെറുതെ ദേഷ്യം പിടിപ്പിക്കാൻ ആയിട്ട്…. ഇത് വായിക്കുന്ന പ്രവാസികളായ ഭർത്താക്കന്മാരോട് എനിക്ക് പറയാൻ ഉള്ളത് എന്തെന്നാൽ, ഞങ്ങൾ ഭാര്യമാർ തികച്ചും ഒറ്റപെടുക ആണ് നിങ്ങൾ പോകുമ്പോൾ… ഞങ്ങൾക്ക് പിണക്കവും ഇണക്കവും പങ്ക് വെക്കാൻ നിങ്ങളെ ഉള്ളൂ……

മുത്തേ, ചക്കരെ എന്നൊന്നും വിളിച്ചില്ലെങ്കിലും സ്നേഹത്തോടെ “ഞാൻ എന്തിനും നിന്റെ കൂടെ ഉണ്ട് എന്ന്” സ്വന്തം പുരുഷൻ പറയുമ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് കിട്ടുന്ന സന്തോഷം നിങ്ങൾ ഊഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി ആണ്……ആ ഒരു കെയർ ആണ് ഞങ്ങൾക്ക് ആവശ്യം…. പ്രേത്യേകിച്ചു പിരിയഡ് ടൈമിൽ ഞാൻ വയർ തടവി തരട്ടെ എന്ന് ഭാവനാത്മകമായി നിങ്ങൾ ചോദിക്കുന്നത് പോലും ഞങ്ങളിൽ സന്തോഷവും അഭിമാനവും ഉണർത്തും…..

പ്രസവ സമയത്ത് ഭർത്താവ് ഒന്ന് അടുത്ത് ഉണ്ടാവാൻ ഏത് ഭാര്യയും കൊതിക്കും……..ജീവൻ പോകുന്ന വേദനയിലും ജീവനിൽ പാതി ആയവന്റെ അഭാവം തരുന്ന വിഷമം ചെറുതല്ല….കാലിലെ നീര് ഒന്ന് തടവി തരാൻ,രാവിലത്തെ ഇളം വെയിലിൽ സൂര്യപ്രകാശം തട്ടാൻ നിറ വയർ കാണിച്ചിരിക്കുമ്പോൾ ഒന്ന് തലോടാൻ അദ്ദേഹം അരികിൽ ഉണ്ടായിരുന്നുവെങ്കിൽ……………

ഒടുവിൽ വരുന്ന ദിവസം ഓരോന്നായി × ഇട്ട്, കലണ്ടറിൽ വെട്ടി കുറച്ച് കാത്തിരിക്കുന്ന നാളുകൾക്കു ഒരു പ്രേത്യക സുഖം ആണ്… അതിനോടകം എയർപോർട്ടിൽ അദ്ദേഹം വന്നിറങ്ങുന്ന രംഗം ഒരു ആയിരം തവണ എങ്കിലും സെൽഫ് കൊറിയോഗ്രാഫി ആയി മനസ്സിൽ പതിപ്പിച്ചിട്ടുണ്ടാവും ……

ഒടുവിൽ എയർപോർട്ടിൽ ഓരോ ആളുകൾ പുറത്തോട്ട് വരുമ്പോഴും, അയ്യോ അടുത്തത് എന്റെ ചേട്ടൻ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ച് ആകാംക്ഷയോട് ഞങ്ങൾ നിൽക്കുന്ന മുഹൂർത്തം വർണ്ണനകൾക്ക് അതീതമാണ്…….

ഒടുവിൽ കുടുംബവീട്ടിൽ ആണെങ്കിൽ, എത്തിയ ശേഷം ഒന്ന് സ്വകാര്യമായി കെട്ടിപുണരാൻ എത്രയോ പേരുടെ കണ്ണ് വെട്ടിക്കണം…….ഒരു മുട്ടായി തുണ്ട് മാത്രമാണ് എനിക്കായി അദ്ദേഹം പെട്ടിയിൽ കരുതിയിട്ടുള്ളത് എങ്കിലും ഒരു പരിഭവവും എനിക്ക് അതിൽ ഇല്ല……..

(അതുക്കും മേലെ വരും ദിവസങ്ങളിൽ ഞാൻ വാങ്ങിപ്പിച്ചോളാം…. ചുമ്മാ….. )

സിസേറിയൻ ചെയിത എന്റെ വയറ്റിലെ തുന്നികെട്ടൽ പാടുകളിൽ തലോടികൊണ്ട്, ‘എന്റെ മോളു ഒരുപാടു സഹിച്ചല്ലേ’, എന്ന് അദ്ദേഹം ചോദിച്ചപ്പോൾ അറിയാണ്ട് അഭിമാനവും സന്തോഷവും തോന്നിപോയി……..ഞാൻ എന്ന അമ്മക്ക് കിട്ടിയ ഓസ്കർ ആണത്……..

കണ്ണിൽ എണ്ണ ഒഴിച് കാത്തിരുന്ന് കിട്ടിയ ആ ദിവസങ്ങൾ P.T.ഉഷയേക്കാൾ വേഗത്തിൽ ഓടി പോകുന്നത് എങ്ങനെ ആണെന്ന് എനിക്ക് ഇന്നും അറിയില്ല…….Especially Last one week…..

എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് ഒരു വരവിൽ, അദ്ദേഹം തിരിച്ചു പോകുന്നതിന്റെ തലേന്നത്തെ രാത്രി…..ഉഗ്രൻ തുലാ വർഷ മഴ പുറത്ത്…. ഓർമ്മക്കായി അദ്ദേഹത്തിന്റെ നെഞ്ചിൽ കടിച് ചുമപ്പിച്ചിട്ടുണ്ട് ഞാൻ….അതൊരിക്കലും വേദന അല്ല…. സുഖമുള്ള നോവാണ്…….. പിന്നെയും ഉറങ്ങാതെ ഏറെ നേരം സംസാരിച്ചു കൊണ്ട് ഇരുന്നു…. ലീവ് നീട്ടാൻ പറ്റുമോ എന്നും ഇനി വന്നാൽ പോകണ്ട എന്നും കിണുങ്ങി പറഞ്ഞത് ഇന്നലെ കഴിഞ്ഞത് പോലെ…. ഞാൻ കരയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല…….ഒരു വിധം പുരുഷന്മാർ ഒന്നും നമുക്ക് വിഷമം ആവുമെന്ന് കരുതി സങ്കടം പുറത്ത് കാട്ടില്ല….എന്നാലും എന്റെ കെട്ടിയോൻ പൊട്ടികരയുന്നത് ഞാൻ കണ്ടിട്ടുണ്ട് ബാത്‌റൂമിൽ നിന്ന്…… ശേഷം ബെഡിൽ വന്നിട്ട് ഇരുവരും കെട്ടിപിടിച് കരഞ്ഞപ്പോൾ പുറത്തെ മഴത്തുള്ളികൾ ഓടിന്റെ ഇടയിലൂടെ നമ്മുടെ പുറത്ത് വീണ്കൊണ്ടേ ഇരുന്നു….. കട്ടിൽ മാറ്റിയിട്ടിട്ട് ബക്കറ്റും വെച്ച് ഒരേ പുതപ്പിൽ ചുരുണ്ടുകൂടി നോക്കി ഇരുന്നു പരസ്പരം …

വർഷങ്ങൾക്കു മുമ്പേ ഇറങ്ങിയ ജയറാമേട്ടന്റെ സ്വപ്ന സഞ്ചാരിയിലെ സോങ്ങിന്റെ തനിയാവർത്തനം പോലെ… അന്നേ കുറിച്ചതാ സ്വന്തമായി ഒരു കുഞ്ഞ് വീട് എന്ന സ്വപ്നം….ഇന്ന് ഞങ്ങൾ ആ സ്വപ്നത്തിന്റെ പുറകിൽ ആണ്…… ആ യാത്രയിൽ പോകാൻ നേരം എന്റെ മുടിനാരുകൾ പിഴുത് അദ്ദേഹത്തിന്റെ പേഴ്സിൽ ഭദ്രമായി വെച്ചത് എനിക്ക് മറക്കാൻ ആവാത്ത നിമിഷം ആണ്, ചിലപ്പോൾ ഇത് വായിക്കുന്ന നിങ്ങൾക്ക് അത് വട്ടായി തോന്നിയേക്കാം…….

അപ്പുറത്തെ വീട്ടിലെ യമുന ചേച്ചിയൊക്കെ പണ്ട് ദൈവ സഹായം എന്ന ആമുഖത്തോടെ ഭർത്താവിന് കത്ത് എഴുതി മറുപടിക്കായി ആഴ്ചകളോളം കാത്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്… അതേ പോലെ ബൂത്തിൽ പോയി ബുക്ക്‌ ചെയ്ത് നിൽക്കുന്നതും, പ്രിയതമന്റെ ശബ്ദം ഒന്ന് കേൾക്കാൻ…. അത് വെച്ച് നോക്കുമ്പോൾ നമ്മുടെ തലമുറ എത്രയോ ഭാഗ്യമുള്ളവരാണ്…. എത്രയോ വിവാഹ വാർഷികങ്ങൾ ആളും ആരവും ഇല്ലാതെ കടന്ന് പോയിട്ടുണ്ട്….നേരിൽ കാണേണ്ടവ എല്ലാം വീഡിയോ കോളിൽ ഷെയർ ചെയ്യാൻ ആയിരുന്നു ഞങ്ങൾക്ക് വിധി….കൂടപിറപ്പിന്റെ വിവാഹം ആയാലും സ്വന്തം ചോരയുടെ ചോറ് കൊടുപ്പ് ആയാലും…….

ഞങ്ങൾ പ്രവാസി ഭാര്യമാരുടെ മറ്റൊരു ഭാഗ്യം എന്തെന്നാൽ, സോഷ്യൽ മീഡിയയിൽ സിംഗിൾ ഫോട്ടോ ഇട്ടാലോ, സിന്ദൂരം ഇടാതെ ഉള്ള ഫോട്ടോ ഇട്ടാലോ ഉടനെ കിട്ടും നാട്ടുകൂട്ടത്തിന്റെ ഡിവോഴ്സ് പേപ്പർ… സിനിമ നടിമാരുടെ ലിസ്റ്റ് കഴിഞ്ഞാൽ ഏവരും അടുത്തതായി കാത്തിരിക്കുന്നത് ഞങ്ങൾ പ്രവാസി ഭാര്യമാരുടെ വേർപിരിയലിന് ആണ്….പച്ചക്ക് പറഞ്ഞാൽ കുത്തിത്തിരിപ്പ്…..

മോള് ആയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വരവ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല…പിന്നീട് അങ്ങോട്ട് മോളെ വാരി എടുത്ത്, സുരേഷ് ഗോപിയെ പോലും വെല്ലും തരത്തിലുള്ള ആഹ്ലാദ പ്രകടനം ആയിരുന്നു….. ഉറങ്ങി കിടക്കുന്ന മോളെ നട്ടുച്ചക്ക് വരെ തട്ടി ഉണർത്തി കളിപ്പിക്കൽ…. ഇടക്ക് ഒന്ന് ഞാനും പോസ്സസീവ് ആയി… ഇനി എങ്ങാനും എന്നോടുള്ള സ്നേഹം കുറയുമോ… എന്തായാലും രാത്രി കറങ്ങി കറങ്ങി വരും എന്നത് ഉറപ്പായിരുന്നു….

പക്ഷെ ശെരിക്കും പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങളെ കറക്കിച്ചത് മോള് ആയിരുന്നു… പല ട്രിക്കിലും അവളെ അത് വരെ ഉറക്കികൊണ്ടിരുന്ന ഞാൻ പോലും ശെരിക്കും പെട്ടു… ഒരു വിധത്തിൽ അവൾ ഉറങ്ങില്ല…കുട്ടി പിശാച് ഒന്ന് ഉറങ്ങിയിരുന്നെങ്കിൽ എന്ന് ഞാനും അദ്ദേഹവും മനസ്സുരുകി പ്രാർത്ഥിച്ച ദിനങ്ങൾ…. മോളെ നടുക്ക് കിടത്തി ഉറങ്ങുന്നത് സ്വപ്നം കണ്ട് നടന്ന നമുക്ക് പിന്നെ സ്വപ്നത്തിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റിയില്ല എന്നതാണ് സത്യം….

ഒടുവിൽ മോളെ കട്ടിലിൽ ഉറക്കി കിടത്തിയിട്ട് നമ്മൾ തറ ടിക്കറ്റ് എടുക്കേണ്ടി വന്നു….കുഞ്ഞി രാമായണത്തിൽ പറയും പോലെ മോളുടെ സൽസ ശാപം……പക്ഷെ അതൊക്ക ഞങ്ങളുടെ സ്വകാര്യ സന്തോഷങ്ങൾ ആണ്…. മിക്കപ്പോഴും ഞങ്ങൾ പ്രവാസി ഭാര്യമാരുടെ ആദ്യ കുഞ്ഞ് കെട്ടിയോന്റെ തനി പകർപ്പായിരിക്കും…എന്നെ തുണി കടയിൽ കയറ്റിയാൽ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് മാറ്റിനി കണ്ട് വരാനുള്ള സമയം കിട്ടും… അതിന്റെ പേരിൽ എന്ന് ഡ്രസ്സ്‌ എടുക്കാൻ പോയാലും വഴക്കാണ്… ഇപ്പോൾ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു……

യാത്രകളെ കുറിച്ച് പറയുക ആണെങ്കിൽ, എത്രയൊക്കെ ആഡംബര കാറിൽ പോയിട്ടുണ്ടെങ്കിലും ബൈക്കിൽ ഭർത്താവിന്റെ നെഞ്ചിൽ കുറുക്കിട്ട് കെട്ടിപിടിക്കുന്നതിന്റെ സുഖം, അതൊന്നു വേറെ തന്നെയാണ് ഞങ്ങൾ ഭാര്യമാർക്ക് ഓർക്കാൻ….. വെള്ളിയാഴ്ചകളിൽ അര പെഗ്ഗ് പോലും അടിക്കാൻ സമ്മതിക്കാതെ വരച്ച വരയിൽ നിർത്തുന്ന ഭാര്യ ഒന്നും അല്ലാട്ടോ ഞാൻ….എന്ന് വെച്ചാൽ പുള്ളി പരിധി വിട്ട് അടിക്കില്ല എന്ന വിശ്വാസം എന്നിൽ ഉള്ളത് കൊണ്ട് മാത്രം………

കുടുംബത്തിലെ ഓരോ വിശേഷ ദിനങ്ങളിലും സിന്ദൂരവും ചാർത്തി പോയി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ വിടവ് ഒത്തിരി അനുഭവപ്പെടാറുണ്ട്… നാട്ടിൽ ഉള്ള കപിൽസ് ഇൻസ്റ്റയിലും മറ്റും അടിക്കടി പുതിയ ഫോട്ടോസ് മാറ്റുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കല്യാണഫോട്ടോയും അല്ലറ ചില്ലറ ഒത്തിരി പഴയ പടങ്ങളും തന്നെ ശരണം…….

അച്ഛൻ ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ കടമകൾ കൂടി പലപ്പോഴും ഞാൻ ഉൾപ്പെടുന്ന പ്രവാസി ഭാര്യമാർ കുഞ്ഞുങ്ങൾക്ക് മുമ്പിൽ കെട്ടിയാടുന്നു…. ആ അനുഭവങ്ങൾ തരുന്ന പ്രകാശം തന്നെയാണ് ഞങ്ങളെ ഏത് ഇരുട്ടിലും മുമ്പോട്ടു നയിക്കുന്നത്….. അത് കൊണ്ട് സദാചാര ആങ്ങളമാർ ഓല പാമ്പിനെ കാണിച്ച് ഞങ്ങളെ വിരട്ടല്ലേ……..

പ്രവാസലോകത്തെ കഷ്ടപ്പാടുകൾ തുറന്ന് പറയുന്ന നല്ല ആൺ സുഹൃത്തുക്കളും എനിക്ക് ഉണ്ട്… നമ്മുടെ ഭർത്താക്കന്മാർ ആ കാര്യത്തിൽ നമ്മളോട് ചിലപ്പോൾ എങ്കിലും നുണ പറയും… കാരണം അവർ കഷ്ട്ടപെട്ടാലും വീട്ടുകാർ അത് അറിയരുത് എന്നത് അവരുടെ ശക്തി മന്ത്രം ആണ്, ഉപരി വാശി ആണ്…..

അതേ പോലെ സ്വന്തം കുടുംബം നോക്കാൻ നാട് വിട്ട് ജോലി എടുക്കുന്ന ഓരോ പെൺ മനസ്സിനും എന്റെ സല്യൂട്ട്……..Huge Respect…

ഇത് വായിക്കുന്ന ചിലർക്ക് എങ്കിലും തോന്നും, ഇതൊക്കെ അറിഞ്ഞിട്ട് അല്ലേ ഗൾഫ്കാരന്റെ മുന്നിൽ കഴുത്ത് നീട്ടികൊടുത്തത് എന്ന്….. പിന്നെ ആരോട് പരിഭവം പറയുന്നത് എന്ന്????

ഒരിക്കലും ഇത് പരിഭവം അല്ല… ഞങ്ങളുടെ അവസ്ഥ ആണ്….അദ്ദേഹം ഉൾപ്പടെ ഉള്ള ഭർത്താക്കന്മാർ വിദേശത്ത് പോയി പണി എടുക്കുന്നത് നമുക്ക് വേണ്ടി ആണെന്ന പൂർണ്ണ വിശ്വാസം ഉണ്ട്………

അത് കൊണ്ട് പരിഭവത്തോടെ അല്ല, തല ഉയർത്തി നല്ല അന്തസ്സോടെ ഈ സമൂഹത്തോട് ഞങ്ങൾ വിളിച്ച് പറയും

ഒരു പ്രവാസിയുടെ ഭാര്യ ആയതിൽ അഭിമാനിക്കുന്നു എന്ന്…………

ഒന്നുകൂടി, അവനോടു മറ്റേ വൈറസും കൊണ്ട് ഇങ്ങോട്ട് ഒന്നും ഇപ്പോൾ വരരുതേ എന്ന് പറയുന്ന ചേച്ചിമാരോട് ഒന്നേ പറയാൻ ഉള്ളൂ…. അദ്ദേഹം വരുന്നത് എന്റെ അടുത്തൊട്ടാണ്, അല്ലാതെ നിങ്ങളുടെ കിടപ്പറയിലോട്ടു അല്ല…. Mind it………..

അശ്വനി ശ്രീധർ, ഒപ്പ്

(NB: പ്രവാസി ഭാര്യമാരുടെ ജീവിതം ആൺകുട്ടി ആയ ഞാൻ എന്റേതായ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ്, കയ്യിൽ നിന്നും പോയെങ്കിൽ ക്ഷമിക്കുക )