എന്ന് സ്വന്തം പല്ലവി ~ ഭാഗം – 10 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഒരു മുറിക്കുള്ളിൽ ചുരുണ്ട്കൂടി കിടക്കുന്ന അമ്മയ്ക്കും എനിക്കും പരസ്പരം ഒരു ആശ്വാസവാക്കുകൾ പോലും ഉരിയാടാൻ കഴിയാതെ വന്നു…

എന്നും ഒരു തവണയെങ്കിലും സൂരജിന്റെ മുഖം എന്റെ സങ്കടങ്ങളുടെ ആക്കം കൂട്ടുന്നത് ഞാനറിഞ്ഞു.

എവിടെയാണ് നീ.ഒരു തവണയെങ്കിലും എനിക്കടുത്ത് വന്ന് ഒരാശ്വാസവാക്ക് പറഞ്ഞൂകൂടെ നിനക്ക്. കരുതലോടെ “”ഒന്നുമില്ലെടീ നീ വിഷമിക്കല്ലേ”” എന്ന് പറഞ്ഞു ചേർത്തു പിടിച്ചൂടേ ഒരുവട്ടം..ഒരു ശക്തമായ ആലിംഗനത്തിലൂടെ ഉരുകിയൊലിച്ചു പോയേനെ എന്റെ സങ്കടങ്ങൾ എല്ലാം…ചിലപ്പോൾ ആ കരവാലയത്തിലെ ചൂടിൽനിന്നും എനിക്കൊരു ഊർജം പകർന്നു കിട്ടിയേനെ…പക്ഷേ അതിനുള്ള അർഹതയൊന്നും എനിക്കില്ലെന്ന് ചിലപ്പോൾ അവന് തോന്നിക്കാണും…

ഒരു വറ്റിറങ്ങാതെ സങ്കടം വീർപ്പുമുട്ടി നിൽക്കുമായിരുന്നു ഞങ്ങളിൽ….ഒട്ടുമിക്ക ദിവസവും വന്നുപോകുന്ന ജെനിയും അമ്മച്ചിയും കരുതലോടെ ഞങ്ങളെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.പതിനാറിന്റെ ചടങ്ങുകൾ കഴിഞ്ഞു…എന്നിട്ടും ഉണർവില്ലാതെ വീടിനുള്ളിൽ ചടഞ്ഞു കൂടിയിരുന്നു ഞാൻ.

“”ഇങ്ങനെ വീട്ടിലിരിക്കാനാണോ പല്ലവീടെ പ്ലാൻ..പഠിക്കയ്ണ്ടേ നിനക്ക്.
അമ്മയ്ക്ക് താങ്ങാകണ്ടേ…അത് കണ്ടു നിന്റെ അച്ഛനും ഏട്ടനും ഒക്കെ സന്തോഷിക്കത്തെ ഉള്ളടോ…അല്ലാതെ ഇങ്ങനെ എത്രദിവസം ഇരിക്കും നീ…””

അലോഷിച്ചായന്റെ വാക്കുകൾ കേട്ടു ഞാൻ തലയുയർത്തി നോക്കിപ്പോളേക്കും ഒപ്പം നിന്ന ജെനി എനിക്കടുത്തേക്ക് വന്നു എന്നെ ഇറുകി പുണർന്നിരുന്നു.എന്നെ ഒന്നമർത്തി നോക്കി അലോഷിച്ചായൻ പുറത്തേക്കിറങ്ങിയപ്പോൾ അമ്മയും എനിക്കടുത്തേക്ക് വന്നു…

രണ്ട് ദിവസങ്ങൾ കഴിഞ്ഞ് കോളേജിലേക്ക് പോകാൻ ഞാൻ തയ്യാറായി….ഒപ്പം വീട് പൂട്ടി അമ്മയും ദേവർമഠത്തിലേക്ക് പോകാൻ എനിക്കൊപ്പം ഇറങ്ങുന്നുണ്ടായിരുന്നു…
ദിവസങ്ങൾ കൊണ്ട് അമ്മ കരഞ്ഞു കരഞ്ഞു കോലം കെട്ടു എന്നെനിക്ക് തോന്നി…പാവം സങ്കടങ്ങൾ മാത്രം മുതൽക്കൂട്ടായ സ്ത്രീ…. എന്റെ കൈകളിൽ പിടിച്ചു അച്ഛന്റെ കുഴിമാടത്തിലേക്ക് അമ്മ നടന്നു….അൽപനേരം മൗനമായി നിന്നതും ഒരു തണുത്തകാറ്റു വീശിയടിച്ചു ഞങ്ങളെ പൊതിയുന്നതും ഞാനറിഞ്ഞു…

കോളേജിന്റെ ഗേറ്റിനടുത്ത് പതിവുപോലെ നിന്ന ജെനിയെ നോക്കി ഞാൻ മങ്ങിയ ചിരി ചിരിച്ചു…ക്ലാസ്സിലേക്ക് കയറിയപ്പോൾ സഹതാപത്തോടെ എന്നെ നോക്കിയ കണ്ണുകളോട് എനിക്ക് വെറുപ്പ് തോന്നി…

ഇടയ്ക്കൊക്കെ എനിയ്ക്കൊരാശ്വാസം എന്നപോലെ കാവേരിച്ചേച്ചി ക്ലാസ്സിലേക്ക് വരുമായിരുന്നു…ആള് രസികത്തിയാണ് തമാശ പറയും കളിയാക്കും…ജെനിയെയും വലിയ ഇഷ്ടമായിരുന്നു പുള്ളികാരിക്ക്….

അലോഷി ചേട്ടനും അനുരാധാമാമിന്റെ പ്രിയ ശിഷ്യനാണെന്നും ഇതേ കോളേജിൽ യൂണിവേഴ്സിറ്റിയിൽ റാങ്കോടെ പി ജി പാസ്സായി കോളേജിന്റെ അഭിമാനമായ ആളാണെന്നും കാവേരിചേച്ചി പറഞ്ഞപ്പോൾ ഞാൻ കേട്ടിരുന്നു…വർക്ഷോപ്പിൽ പോയി കഷ്ടപ്പെട്ട് ജോലി ചെയ്തു പഠിച്ച്‌ ഒന്നാമനായ മാതൃക വിദ്യാർത്ഥി… കാവേരിച്ചേച്ചി അത് പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ കണ്ണുമിഴിച്ചു…

“”നീയെന്നോട് പറഞ്ഞില്ലല്ലോ പെണ്ണെ””എന്ന് ജെനിയോട് ഞാൻ ചോദിച്ചപ്പോൾ അവൾ ചിരിയോടെ എന്നെ നോക്കിയിരിക്കുന്നു…

സിദ്ധുഏട്ടനെ ഇടയ്ക്കൊരിക്കൽ ക്യാമ്പസിൽ വച്ചു കണ്ടു….

”'”നന്നായി പഠിക്കണം കേട്ടോ പല്ലവി….ഇനി നീ ഉഴപ്പരുത്….””

ഞാൻ സമ്മതത്തോടെ തലയാട്ടിയപ്പോൾ ഒരു ചിരിയോടെ ആള് ജെനിക്കടുത്തേക്ക് വന്നു…

“”എന്താ ജെനിയേ ഈയിടെയായി നമ്മളെ മൈൻഡ് ഇല്ലല്ലോ നിനക്ക്….””

അവൾ നാണത്തോടെ മറ്റെങ്ങോ നോക്കിക്കൊണ്ട് എന്റെ കൈവലിച്ചു ഓടി.. ഒരു കള്ളച്ചിരിയോടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണിൽ സ്നേഹം നിറച്ചു സിദ്ധുഏട്ടൻ അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…

എന്റെ ഉള്ളിന്റെ ഉള്ളിൽ വിങ്ങൽ ആണെങ്കിലും മറവി എന്ന മരുന്നിൽ എല്ലാം മെല്ലെ അലിഞ്ഞു പോയിത്തുടങ്ങി…ക്ലാസ്സിൽ ശ്രദ്ധയോടെ ഇരിക്കാൻ ശ്രമിച്ചു…

ഇടയ്ക്കെപ്പോളോ ഒഴിഞ്ഞ ബഞ്ചിന്റെ ശൂന്യതയിൽ ഞാൻ സൂരജിന്റെ ആ കുസൃതി കണ്ണുകളെ തിരയും….

ചിലപ്പോൾ ഞാൻ ഒരു നേരം പോക്ക് ആയിരുന്നിരിക്കണം അവന്….അവസാനം എന്റെ മാനസ്സിനെ ഞാൻ ബോധിപ്പിക്കും വിധം ഊട്ടിയുറപ്പിച്ചു….അവനെ മറക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മകൾ വീണ്ടും പാഞ്ഞിരച്ചു വന്നു കരളിൽ കൊണ്ട് കയറും …

കോളേജ് കഴിഞ്ഞ് സുപ്പർമാർക്കറ്റിൽ ഞാൻ പോയി തുടങ്ങി….വീടിന്റെ ലോൺ രണ്ട് തവണകൾ ആയി മുടങ്ങിക്കിടക്കുന്ന കാര്യം അപ്പോളാണ് ഞാനോർത്തത്..വൈകിയാൽ കിടപ്പാടം പോലും നഷ്ട്ടപ്പെട്ട് ഞങ്ങൾ രണ്ട് പേരും തെരുവിലേക്ക് ഇറങ്ങേണ്ടിവരും എന്നാലോചിച്ചപ്പോൾ മനസ്സിൽ ആധി കയറി….

ഒരാണ്ടാഴ്ചക്ക് ശേഷം ക്ലാസ്സിലേക്ക് തിരികെയെത്തിയ സൂരജിനെ കാൺകെ ശ്വാസം പോലും എടുക്കാനാകാതെ ഞാൻ താഴേക്ക് മിഴിനട്ടിരുന്നു…വയ്യ ഇനിയും പ്രതീക്ഷകൾ വയ്ക്കില്ല ഞാൻ…എങ്കിലും ദിവസങ്ങളോളമുള്ള ശൂന്യതയിലേക്ക് നിറച്ച ശുദ്ധവായുപോലെ ഒരു ഉണർവ്വ് എന്നിലേക്ക് പടരുന്നത് ഞാനറിഞ്ഞു…

ഒരിയ്ക്കൽ തനിക്ക്നേരെ വെറുപ്പോടെ മുഖം തിരിച്ചവർ പോലും, തന്നെ ആശ്വസിപ്പിച്ച അച്ഛന്റെ വേർപാടിൽ അവൻ മാത്രം എന്നെ അന്ന്യയായി കണ്ടപോലെ എനിക്ക് തോന്നിത്തുടങ്ങി…

പരിഭവമാണോ അവനോടെനിക്ക്…എന്തിന്….???…

ആരാണ് അവനെനിക്ക്… കരുതലോടെ എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചപ്പോളേക്കും സമ്മാനങ്ങൾ നൽകിയപ്പോളേക്കും ഞാൻ അവനെ മറ്റൊരർഥത്തിൽ കാണേണ്ടതുണ്ടോ….

ചോദ്യങ്ങൾ വീണ്ടും എനിക്ക് നേരെ ആയുധമെടുത്തു…അപ്പോൾ എന്റെ നെറുകയിൽ പതിഞ്ഞ ആ അധരങ്ങൾ നിശ്ശബ്ദമായി പറഞ്ഞ കഥകൾ നുണ ആയിരുന്നുവോ…

ചോദ്യങ്ങൾ അക്കമിട്ടു നിരത്തിയപ്പോൾ ഉത്തരമറിയാത്തൊരു സമസ്യയായി മാറി അവനെനിക്ക്…ഇടയ്ക്കെപ്പൊഴോ ബഞ്ചിന്റെ ഒരറ്റത്ത് കണ്ണിൽ ഒളിപ്പിച്ച ചിരിയോടെ എന്നിലേക്ക് നോക്കിയിരിക്കുന്ന സൂരജിനെ ഞാൻ കണ്ടുവെങ്കിലും അവനെ നോക്കാതെ ഞാനിരുന്നു…പക്ഷേ ആ സാന്നിധ്യം കൂടെയുള്ളതുകൊണ്ടാകാം ഉള്ളിൽ ഒരു മഞ്ഞുവീണ സുഖം എന്നിൽ അലിഞ്ഞു ചേരുന്നത് ഞാനറിഞ്ഞു…

ഉച്ചകഴിഞ്ഞ് കാവേരിചേച്ചിയെ കാണാൻ പോയിവരുന്ന വഴിയിൽ എന്നെ കാത്തെന്നോണം ക്ലാസിന് വെളിയിലെ വരാന്തയിൽ സൂരജ് നിൽപ്പുണ്ടായിരുന്നു….

അവനെ മറികടന്നു പോകാനൊരുങ്ങിയതും എനിക്ക് കുറുകെ ആ കൈകൾ നീണ്ടുവന്നു തടസ്സം സൃഷ്ടിച്ചു…

എന്നിലേക്ക് തന്നെ കണ്ണുകൾ തറപ്പിച്ചിരിക്കുന്നു…. കൺകോണിൽ കറുപ്പ് ചുറ്റിയ എന്റെ വാടിയ കണ്ണുകളും, പാറിപ്പറക്കുന്ന മുടിയുമായി ക്ഷീണിച്ച എന്നെ അവൻ ആശങ്കയോടെ നോക്കുന്നത് ഞാനറിഞ്ഞു…

കൈപിടിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് എന്നെ അവൻ കൊണ്ടുപോയി…

“”എന്താ പറ്റിയെ നിനക്ക്….വയ്യേ…സുഖമില്ലേ…””

സ്വരത്തിലെ വെപ്രാളം കണ്ടപ്പോൾ ഞാൻ പുശ്ചത്തോടെ ചിരിച്ചുകൊണ്ട് മറ്റെവിടേക്കോ ശ്രദ്ധിച്ചു നിന്നു…. എന്റെ മൗനം ആ കണ്ണുകളിൽ ദേഷ്യം ജ്വലിപ്പിക്കുന്നത് ഞാനറിഞ്ഞു…

ഓർമ്മകൾ പിഴുതെറിയാൻ ശ്രമിക്കുന്നെങ്കിലും കണ്ണുകൾ നിറയുന്നു….ഞങ്ങളുടെ നിൽപ്പ് കണ്ടു പലരും ശ്രദ്ധിക്കുന്നെങ്കിലും കൂസലില്ലാതെ എന്നോട് ചേർന്നു നിൽക്കാൻ ശ്രമിക്കുകയാണ് സൂരജ്….

“”പറ എന്താ പറ്റിയെ എന്റെ പവിയ്ക്ക്…ഏഹ്…””

എന്റെ പവി…ഞാൻ നിശബ്ദമായി അവന്റെ വാക്കുകൾ ഒരിക്കൽ കൂടി ഉരുവിട്ടു…

“”ഹേയ് ഒന്നുമില്ലടോ….വെറുതെ…””

അവൻ കാണാതെ കണ്ണുതുടച്ചു ഞാൻ നീങ്ങി നിന്നു….കാര്യമില്ല പഴയതിലും കൂടുതൽ എന്നിലേക്ക് അടുത്ത് വന്നു എന്റെ തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചപ്പോൾ എനിക്ക് ജാള്യത തോന്നി…ശരീരം വിറയ്ക്കുന്നു…ആ നെഞ്ചിലെ ചൂടിൽ ദേഹമാകെ കുളിരുന്ന പോലെ….

“” അല്ല….ഞാൻ പോയപ്പോൾ കണ്ട രൂപമല്ല പവി നിനക്കിപ്പോൾ….”” അവന്റെ ഒച്ച ഉയർന്നപ്പോൾ ഞാൻ ബലമായി അടർന്നു മാറി അവനടുത്ത് നിന്നും നീങ്ങിനിന്നു….

എന്നാൽ അച്ഛന്റെ വേർപാടിന്റെ വേദനയിൽ എന്റെ കണ്ണിൽ ഒളിപ്പിച്ചിരുന്ന ആ സാഗരം അവൻ കാണാതെ ഞാൻ മറച്ചു പിടിച്ചു…

എന്തിനവനോട് ഞാൻ പറയണം എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയീന്നു…വേണ്ടാ ഇനി ആ സഹതാപം എനിക്കെന്തിന്…ഞാൻ ആലോചനയുടെ ദൂരേക്ക് നോക്കി നിൽക്കുന്നപ്പോൾ അവൻ എന്നെ ശ്രദ്ധിക്കുന്നത് ഞാനറിഞ്ഞിഞ്ഞു…

“”എന്റെ മുറപ്പെണ്ണിന്റെ അച്ഛനും അമ്മയും മുംബൈയിൽ വച്ചു ഒരു ആക്‌സിഡന്റിൽ മരിച്ചു…അതാണ്‌ ഇത്രയും ദിവസം വരാതിരുന്നത്…പറഞ്ഞിട്ട് പോകാൻ പറ്റിയില്ല..””

കേട്ടകാര്യത്തിൽ ഞാൻ അസ്വസ്ഥതയോടെ മുഖമുയർത്തി അവനെ നോക്കിയപ്പോൾ ഗൗരവത്തോടെ എന്നെ തന്നെ സൂക്ഷിച്ചുനോക്കുകയാണ്…എങ്കിലും വേണ്ടപ്പെട്ടവരുടെ വേർപാടിന്റെ വേദന അവന്റെ കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു…

“”മുറപ്പെണ്ണോ….”” അറിയാതെ വായിൽ നിന്നും വീണ എന്റെ വാക്കുകൾ പതർച്ചയോടെ ചിന്നിത്തെറിച്ചു….

“”ഹ്മ്മ്… യമുന…അതാ അവളുടെ പേര്…””

എന്റെ നെഞ്ചിൻകൂടിൽ ഒരു കനൽച്ചൂട് പുകഞ്ഞപ്പോൾ നിറം മങ്ങിയ ചിരിയോടെ ഞാൻ തലയാട്ടി…

അല്ലേലും ഈ ദാരിദ്രവാസിപെണ്ണ് ആഗ്രഹിക്കാൻ പോലും പാടില്ലാരുന്നു…പകൽസ്വപ്നങ്ങളിൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ഒരു പൊട്ടിയായിരുന്നോ ഞാൻ…ഞാനവനൊരു നേരം പോക്കിന് വേണ്ടിയായിരുന്നോ…ഒന്നുമറിയാതെ കോമാളിയെ ഒരു പോലെ ഞാൻ ….ചിന്തകൾ നെഞ്ചിൽ തീകൂട്ടിത്തുടങ്ങി…

ഹൃദയം അടർന്നു മാറുന്ന നോവിൽ ഏങ്ങി കരഞ്ഞുപോകുമെന്ന് ഞാനറിഞ്ഞു…തിരികെ പോകാൻ ഒരുങ്ങിയതും എന്റെ കൈത്തണ്ടയിൽ ആ കരങ്ങൾ അമർത്തി കുരുക്കിട്ടത് ഞാനറിഞ്ഞു….

ഞാൻ തിരിഞ്ഞു നോക്കിയില്ല…

“”ഇങ്ങോട്ട് നോക്കടീ…””

ശബ്ദം കനത്തപ്പോൾ പ്രതികരിച്ചില്ല ഞാൻ…എന്തിന് നോക്കണം…ശക്തിയോടെ എന്നെ തിരിച്ചു നിർത്തിയപ്പോൾ ഞാൻ തലകുനിച്ചു….

“”എന്നെ കാണാഞ്ഞപ്പോൾ വിഷമിച്ചോടീ പവിയേ നീയ്…””

ചുണ്ടിന്റെ കോണിൽ കള്ളച്ചിരിയോടെ കണ്ണിൽ കുസൃതി ഒളിപ്പിച്ചു അവൻ…

“”എന്തിന്….”” എന്റെ മറുപടിയിൽ അവന്റെ മുഖം ചുളിഞ്ഞു…അതിലും വലിയ തീരാദുഃഖം പേറി ഞാൻ ജീവിച്ചതാണ് ആ നാളുകളിലെന്ന് ഞാൻ പറഞ്ഞില്ല….

“”വിട് പോകണം എനിക്ക്….””

അടുത്ത നിമിഷം ദൂരെനിന്നും നടന്നു വന്ന കാവേരിച്ചേച്ചിയെ കണ്ടതും ഞാൻ സൂരജിന്റെ കൈകൾ വിടുവിച്ചു മാറി നിന്നു…

“”പല്ലവി വാ നമ്മളിന്ന് ഒരിടത്തു പോകുവാ… ജെനിയെയും കൂട്ടിക്കോ….””

ദേഷ്യത്തോടെ എന്നെ നോക്കി ദൂരേക്ക് നടന്നകന്ന സൂരജിനെ കാവേരിചേച്ചി ശ്രദ്ധിച്ചു..പെട്ടന്ന് ഞെട്ടലോടെ ഞാൻ നോക്കിയതും ചേച്ചി എന്നെ അർത്ഥം വച്ചു നോക്കുന്നു…

“” എന്താ…രണ്ടും കൂടി ഒരു ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ….”” ചിരിയോടെ കാവേരിച്ചേച്ചി അത് പറഞ്ഞപ്പോളെക്കും എന്നെ തിരക്കി ജെനിയും അവിടേക്കെത്തി…ജെനി കേട്ടെന്ന് തോന്നുന്നു എന്നെ നോക്കി ചിരിയോടെ നിൽക്കുന്നു…ഞാൻ കണ്ണുകൾകൊണ്ട് ആംഗ്യം കാട്ടി മിണ്ടരുത് എന്നർത്ഥത്തിൽ…

“”എന്താടീ നീയൊക്കെ കഥകളി കാണിക്കുവാണോ…ഇത് നല്ല കൂത്ത്..””

കാവേരിച്ചേച്ചിയുടെ വർത്തമാനം കേട്ട് ഞാനും ജെനിയും പൊട്ടിച്ചിരിച്ചു പോയി….

സിദ്ധുവേട്ടന്റെ അച്ഛന്റേം അമ്മേടേം വെഡിങ്ങ് ആനിവേഴ്സറി ആണെന്ന്…മറ്റാരുമില്ല ഞാനും ജെനിയും കാവേരിച്ചേച്ചിയും മാത്രമായി ഒരു ചെറിയ ആഘോഷം…ഞാൻ മടിച്ചു നിന്നപ്പോൾ സിദ്ധുവേട്ടനും അടുത്തേക്ക് വന്നു നിർബന്ധിച്ചപ്പോൾ സമ്മതിക്കാതെ വയ്യായിരുന്നു…എന്തുകൊണ്ടോ ജെനി തെളിഞ്ഞചിരിയോടെ നിൽക്കുന്നത് ഞാനറിഞ്ഞു…

കോളേജിന് വളരെ അടുത്തുള്ള ആ വീട്ടിലേക്ക് പോകാൻ സിദ്ധുഏട്ടന്റെ കാറിൽ കയറാൻ ഒരുങ്ങിയപ്പോൾ ദൂരെ നിന്നും എന്നെ മാത്രം നോക്കി നിൽക്കുന്ന സൂരജിന്റെ കണ്ണുകളെ ഞാൻ അവഗണിച്ചു കാറിലേക് കയറി ഡോർ വലിച്ചടച്ചു…

ഒരു വലിയ ഇരുനില വീടിനു മുന്നിലേക്ക് കാർ നിർത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി…ജെനി എനിക്കടുത്തേക്ക് വന്നു എന്റെ കൈകൾ ചേർത്തു പിടിച്ചു നിന്നു…. എനിക്കെന്തോ വല്ലായ്മ തോന്നി… ആദ്യമായി ഒരു അന്ന്യ വീട്ടിൽ…തലപൊക്കിയ അപകർഷതാ ബോധം ഞാൻ അടക്കി നിർത്തി….എന്തോ ആകെ കോലം കെട്ട എന്റെ രൂപം കാറിന്റെ ഡോർ ഗ്ലാസ്സിലൂടെ ഞാൻ കണ്ടു….നിറം മങ്ങിയ ചുരിദാറും കയ്യിൽ നിറയെ കുപ്പിവളകളും കഴുത്തിൽ കറുത്ത ചരടിൽ കോർത്തു കെട്ടിട ഏലസ്സും…

പൈസ കിട്ടുമ്പോൾ പുതിയ രണ്ട് ചുരിദാർ എങ്കിലും വാങ്ങണം…പെട്ടന്ന് ചിരി വന്നു എനിക്ക്…കഴിഞ്ഞ നാല് മാസമായി ഇതേ ചിന്ത എന്റെ കോലം കണ്ണാടിയിൽ കാണുമ്പോൾ വരുന്നതാണ്…. ജാള്യതയോടെ ഞാൻ നിന്നതും കാവേരിച്ചേച്ചി ഞങ്ങളെ വിളിച്ചിട്ട് സ്വന്തം വീട്ടിലെ പോലെ അകത്തേക്ക് ഓടുന്നു…

“””കയറി വാടോ പല്ലവി….ജെനിക്കെന്താ വരാൻ പേടിയാണോ….എല്ലാരും ഉണ്ടടോ അകത്ത്… സ്വന്തം വീടാണെന്ന് കൂട്ടിക്കോന്നേ…വാ..””‘

അധികാരത്തോടെ ജെനിയുടെ കയ്യിൽ മെല്ലെ പിടിച്ചു സിദ്ധുഏട്ടൻ…അവൾ അനുസരണയോടെ കൂടെ ചെന്നപ്പോൾ അവളുടെ മറുകൈ എന്റെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചിരുന്നു….

അകത്തേക്ക് കയറും മുന്നേ ചിരിയോടെ പുറത്തേക്ക് വന്ന പ്രായം ചെന്ന അച്ഛനേയും അമ്മയയെയും ഞാൻ നോക്കി നിന്നു….

“””കയറി വാ മക്കളെ…””

സിദ്ധു ഏട്ടന്റെ അച്ഛനാണ്…അമ്മ ഞങ്ങളെ ചേർത്തു പിടിച്ചു അകത്തേക്ക് കൊണ്ടുപോയി..

അധ്യാപകരായ ആ അച്ഛനും അമ്മയ്ക്കും കാത്തു കാത്തിരുന്നു ഏറെ വൈകി ജനിച്ച മകനാണ് സിദ്ധുവേട്ടൻ…സുഹൃത്തുക്കളെ പോലെ മൂവരും കളിച്ചും ചിരിച്ചും ഇടപെടുന്നത് ഞാൻ നോക്കി നിന്നുപോയി….അവർക്കിടയിൽ കാവേരിചേച്ചിയും ഒരു അംഗത്തെ പോലെയാണെന്ന് ഞാനറിഞ്ഞു….അവരും ചെറുപ്പം മുതലേ ഒരുമിച്ചു പഠിച്ചവർ ആണെന്ന്…

ഒരു സ്വർഗത്തിൽ എത്തപ്പെട്ട പോലെയായി എനിക്ക്…ജെനിയെ മകളെ പോലെ കൈപിടിച്ചു കൂടെ നടത്തുകയാണ് ആ അമ്മ…അല്ലെങ്കിലും ആരും ഇഷ്ട്ടപ്പെട്ടു പോകും ആ മിണ്ടാപ്പൂച്ചയെ…ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്കളങ്കയാണവൾ രൂപത്തിലും ഭാവത്തിലും….

എന്തോ എനിക്കെന്റെ അമ്മയെ ഓർമ്മവന്നു….ദേവർമഠത്തിന്റെ അടുക്കളയിൽ വിയർപ്പിൽ കുളിച്ച് നിൽക്കുകയാകും ആ പാവം…ഹൃദയത്തിൽ വല്ലാത്ത നീറ്റൽ…കാവേരിച്ചേച്ചി പെട്ടന്ന് എന്നെ വന്നു കൈ പിടിച്ചു അടുക്കളയിലേക്ക് കൊണ്ടുപോയി…

“”ദേ പെണ്ണെ നിന്നെയൊന്ന് ഹാപ്പിയാക്കാനാ ഞങ്ങൾ ഇതൊക്കെ ചെയ്യുന്നേ…നീ വിഷമിച്ചിങ്ങനെ നിക്കല്ലേ മോളെ…””

നടക്കും വഴി എന്നെ പിടിച്ചു നിർത്തി കാവേരിച്ചേച്ചി അത് പറഞ്ഞതും ഞാൻ ആ കൈകൾ ചേർത്തു പിടിച്ചു…ഒന്നും പകരം പ്രതീക്ഷിക്കാതെ എന്നെ ഇവർ എന്തിന് ഇത്രയും സ്നേഹിക്കുന്നു എന്നോർക്കേ എന്നെനിക്ക് അത്ഭുതം തോന്നിപ്പോയി…എന്റെ നിറഞ്ഞ കണ്ണുകൾ ആ കൈകൾ കൊണ്ട് തുടച്ചു തന്നു കാവേരിച്ചേച്ചി…

ഒരു ഗ്ലാസ്‌ നിറച്ചു പായസം എനിക്ക്നേരെ അമ്മ നീട്ടി…കുറേ കാര്യങ്ങൾ സംസാരിച്ചു അമ്മയുമായി…പുറത്ത് അച്ഛനുമായി കാവേരിച്ചേച്ചിയുടെ കത്തി കേൾക്കാം…അച്ഛൻ ഉറക്കെ ചിരിക്കുന്നുണ്ട്….

ജെനിയെ കാണുന്നില്ലല്ലോ എന്ന് ആലോചിച്ചപ്പോളാണ് അമ്മ പറഞ്ഞത്….

“”മോള് മുകളിലൊക്കെ പോയി കണ്ടിട്ട് വാ…. സിദ്ധുന്റെ റൂം അവിടാ …”””

ഞാൻ തലയാട്ടി ചിരിച്ചുകൊണ്ട് മുകളിലേക്കുന്ന പടികൾ കയറി….വളരെ വലിയ വീടാണ്…. എന്നാൽ അതിന്റെ യാതൊരു പെരുമയും ഇല്ലാത്ത അച്ഛനും അമ്മയും സിദ്ധുഏട്ടനും…എന്തോ മനസ്സ് നിറയുന്ന സന്തോഷം…

തുറന്ന് കിടക്കുന്ന റൂമിനുള്ളിൽ മേശയ്ക്കു മുകളിൽ കയറി ഇരിക്കുന്ന സിദ്ധു ഏട്ടനെയും ജനൽ പടിയിൽ ചാരി നിൽക്കുന്ന ജെനിയെയും ഞാൻ കണ്ടു…

ജെനിയെ കണ്ണെടുക്കാതെ നോക്കി ചിരിയോടെ എന്തൊക്കെയോ പറയുകയാണ് ആള് …
അവൾ ചിരിയോടെ എല്ലാത്തിനും മൂളുകയും തലയാട്ടുകയും കൈകൾ ഉയർത്തി ആവേശത്തോടെ എന്തൊക്കെയോ ആംഗ്യം കാട്ടുകയും ചെയ്യുന്നുണ്ട്….

ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിൽ അവർ ഭ്രാന്തമായി പ്രണയസ്വപ്നങ്ങൾ നെയ്തെടുക്കുന്നത് ഞാനറിഞ്ഞു…ചില മൗനങ്ങൾക്ക് ഇത്രയും ശക്തമായി വികാരങ്ങൾ കൈമാറാൻ സാധിക്കുമോ…

എന്നെ കണ്ടതും സിദ്ധുഏട്ടൻ എണീറ്റു നിന്നു….ജെനി എന്തോ പരുങ്ങലോടെ എനിക്കടുത്തു വന്നു…ഒരു കള്ളച്ചിരി ഉണ്ട് രണ്ടിന്റേം മുഖത്ത്…ആവട്ടെ പിന്നീട് കയ്യോടെ പിടിക്കും ഞാൻ..സിദ്ധുഏട്ടനെ നോക്കി ഞാൻ കണ്ണുരുട്ടി….ആള് ഒറ്റ മുങ്ങൽ…

കേക്ക് മുറിച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെയെല്ലാം വയർ നിറച്ചു ഊണും തീറ്റിച്ചു അച്ഛനും അമ്മയും..തൂശനിലയിൽ ഞങ്ങൾക്കൊക്കെ വിളമ്പി ഊട്ടിയത് അച്ഛനും അമ്മയും ഒരുമിച്ചാണ്…കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അവർക്കും വിളമ്പികൊടുത്തു…ഈ അച്ഛനും അമ്മയും ഒരു നൂറു വർഷം ഇനിയും ഇതുപോലെ ജീവിക്കാൻ മനസ്സുനിറഞ്ഞു ദൈവത്തോട് ഞാൻ പ്രാർത്ഥിച്ചുപോയി…മനസ്സിൽ വല്ലാത്ത കുളിരുകോരിയിട്ട സുഖവും ഏറെ നാളുകൾക്കൊടുവിൽ വല്ലാത്തൊരു സന്തോവും…

ഇടയ്ക്കെപ്പോഴോ സൂരജിന്റെ ഓർമ്മകൾ എന്നെ പൊതിഞ്ഞു…എന്നെ കാണാതെ പാഞ്ഞു നടപ്പുണ്ടാകും ആള്..സിദ്ധുഏട്ടനൊപ്പം വന്നതിന്റെ അസൂയ വേറെയും കാണും…ചിന്തയോടെ എന്റെ ചുണ്ടിൽ ഊറിക്കൂടിയ ചിരിയുടെ അർത്ഥം അറിഞ്ഞപോലെ ജെനി എന്നെ നോക്കി ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു….

സിദ്ധുവേട്ടന്റെ അമ്മ കെട്ടിപ്പിടിച്ചു ഉമ്മവച്ചു ഇനിയും വരണമെന്നും പറഞ്ഞു….ജെനിയെ അമ്മ വിടുന്നില്ല….എന്തോ ഒരു പാവയെ പോലെ ആ അമ്മയവളെ ചേർത്തു പിടിച്ചു നിർത്തുന്നത് ഞാൻ നോക്കി നിന്നു…അവളിലേക്ക് നിറഞ്ഞ വാത്സല്യത്തോടെ നോക്കി നിൽക്കുകയാണ് സിദ്ധുഏട്ടനും…എല്ലാവരോടും യാത്രപറഞ്ഞിറങ്ങിയപ്പോൾ ആനന്ദത്താൽ എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു…

തിരികെ വീട്ടിലേക്ക് പോകാനായി ഇടവഴിലൂടെ ഞാൻ നടന്നു…നേരം വൈകുമെന്ന് അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു…കാറ്റിൽ പിന്നിലേക്ക് പറന്നു പോകുന്ന മുടിയിഴകൾ ഞാൻ ഒതുക്കിവച്ചു…ദേവർമടത്തിന്റെ വലിയ പടിപ്പുരയിലേക്ക് എന്റെ കണ്ണുകൾ നീണ്ടു…ഇരുട്ട് മൂടിത്തുടങ്ങിയെങ്കിലും മങ്ങിയ പ്രകാശം ഇനിയും മാറിയിട്ടില്ല…

സൂരജ് ഉണ്ടാകുമോ അവിടെ എന്നോർത്തുകൊണ്ടു ഞാൻ രണ്ടടി മുന്നോട്ടു വച്ചതും ഇടവഴിയിലെ വലിയ മാവിന്റെ തണലിൽ എന്നെയും കാത്തെന്നോണം ബുള്ളറ്റിൽ ചാരിയിരിക്കുന്ന സൂരജിനെ കണ്ട് ഞാൻ ആശ്ചര്യപ്പെട്ടുപോയി….

ആളനക്കമില്ലാതെ ഇടവഴി ശാന്തമായിരുന്നു….വീട്ടിൽ നിന്നും ഉറക്കെ വിളിച്ചാൽ ഇവിടേക്ക് കേൾക്കാം…ആള് എന്നെ കണ്ട വെപ്രാളത്തിൽ ചുണ്ടിൽ എരിഞ്ഞുപുകയുന്ന സിഗരറ്റ്‌ കുറ്റി നിലത്തേക്കിട്ട് ചവിട്ടി ഞെരിച്ചു…

മൂടിക്കെട്ടിയ മുഖവുമായി എന്നിലേക്ക് നോക്കി നിൽക്കുന്ന സൂരജിനെ കാൺകെ ഞാൻ ഇടവഴിയുടെ ഓരം ചേർന്നു നിന്നു…ആ കണ്ണുകൾ എന്നിൽ എന്തോ ഭ്രാന്തമായി തിരയുന്നത് ഞാനറിഞ്ഞപ്പോൾ അലക്ഷ്യമായി ഇരുട്ട് മൂടിത്തുടങ്ങിയ നെൽപ്പാടങ്ങളിലേക്ക് ഞാൻ എന്റെ നോട്ടത്തെ തിരിച്ചുവിട്ടു…

“”അച്ഛന്റെ കാര്യം സത്യത്തിൽ ഞാൻ അറിഞ്ഞില്ല പവി…””

അലിവോടെ അവന്റെ ശബ്ദം എന്റെ കാതിനടുത്തേക്ക് കേൾക്കുന്നത് ഞാനറിഞ്ഞപ്പോൾ അവനിലേക്ക് നോക്കി ഒരു മങ്ങിയ ചിരിയോടെ ഞാനൊന്ന് മൂളി…

എന്തോ അശ്വസ്ഥതയോടെ എന്റെ കണ്ണുകൾ കലങ്ങിയത് കണ്ടിട്ടാകാം അവൻ ചേർത്തു പിടിക്കാൻ ഒരുങ്ങും മുൻപേ ഞാൻ നീങ്ങി നിന്നു…എങ്കിലും അവൻ പിന്മാറിയില്ല…കയ്യുയർത്തി എന്റെ നെറുകയിൽ മെല്ലെ തലോടി…

“”പോട്ടെ ഇനീം സങ്കടപ്പെടണ്ട …””

ഇത്രമേൽ കരുതലും സ്നേഹവും ഭ്രാന്തും നിറഞ്ഞൊരുത്തൻ…പേരറിയായാതൊരു വികാരം എന്നിലേക്ക് മൂടി ഹൃദയം പൊട്ടുമെന്ന് തോന്നിപ്പോയെനിക്ക്…

ഇടവഴിയാണെന്ന ബോധ്യം അവനിൽ ഉണർന്നതുകൊണ്ടാകാം എന്നിൽ നിന്നും അകന്നു മാറി….

“”കൂട്ടുകാര് ഒരുപാട് ഉണ്ടല്ലേ ഇപ്പോൾ…നിനക്ക് സ്നേഹിക്കാനും നിന്നെ സ്നേഹിക്കാനുമൊക്കെ….എനിക്കാരും ഇല്ല….എന്നെ മാത്രമാണ് നിനക്ക്…””

പൂർത്തിയാക്കാതെ ഇടറിയ ശബ്ദത്തോടെ അവനതും പറഞ്ഞു തിരിഞ്ഞു നടക്കും മുൻപേ ആ കൈകളിലേക്ക് അറിയാതെ ഞാൻ കോർത്തു പിടിച്ചുപോയി…ആ കണ്ണുകളിൽ പരിഭവം നിറയുന്നത് ഞാനറിഞ്ഞു…

അടുത്ത നിമിഷം തിരിഞ്ഞു നിന്ന് എന്റെ കൈകളെ അവൻ കൂട്ടിപ്പിടിച്ചു ആ നെഞ്ചിലേക്ക് ചേർത്തു വച്ചു….ആ ഹൃദയം എനിക്ക് വേണ്ടിയാണോ മിടിക്കുന്നത്..
ആ നെഞ്ചിലെ ചൂടുപറ്റി എന്റെ കൈവിരലുകൾ ചേർന്നിരിക്കുന്നത് ഞാനറിഞ്ഞു….

കണ്ണുകൾ കൊണ്ട് യാത്രപറഞ്ഞവൻ ബുള്ളറ്റിലേക്ക് കയറി ദൂരേക്ക് മറയുമ്പോൾ
ഇരുട്ടിൽ തെളിഞ്ഞ നിലാവുപോലെ ഒരു നേരിയ പ്രകാശം എന്റെ മനസ്സിലേക്കും പരക്കുന്നത് ഞാനറിഞ്ഞു…

വളരെ ഉന്മേഷത്തോടെ പിന്നീടുള്ള ദിവസങ്ങൾ പോയ്മറയുന്നുണ്ടായിരുന്നു…കുസൃതി നിറഞ്ഞ ആ കണ്ണുകൾ ഇടയ്ക്കെല്ലാം എന്നെ തേടി വരുന്നതും ആ ചുണ്ടിൽ എനിക്കായി ചിരികൾ വിടരുന്നതും ഞാനറിഞ്ഞു…ആ വേളകളിൽ ഒരു ബഞ്ചിന്റെ രണ്ടറ്റങ്ങൾ നിശ്ശബ്ദമായൊരു കാവ്യം രചിക്കുകയയിരുന്നു…

ഒരിയ്ക്കൽ ക്യാന്റീനിന്റെ ഒരു ഒഴിഞ്ഞ മൂലയിലിരുന്ന് ഞാനും ജെനിയും ഉച്ചഭക്ഷണം കഴിക്കുകയാണ്…പതിവ് പോലെ ഇലയിൽ പൊതിഞ്ഞ ചോറും കറികളും എല്ലാം സ്വാദോടെ കഴിക്കുന്ന ജെനിയെ ഞാൻ നോക്കിയിരുന്നു….ഇടയ്ക്കിടയ്ക്ക് ഞാൻ ഉരുള ഉരുട്ടുമ്പോൾ അവൾ വാ തുറക്കും…ഞാൻ ഉരുട്ടുന്ന ഉരുളയ്ക്ക് നല്ല രുചിയാണെന്ന്…ഈ പെണ്ണിന്റെ ഒരു കാര്യം…ചിരിയോടെ അവളെ ഞാൻ ഊട്ടും..

ഇടയ്ക്കെപ്പോഴോ എനിക്കടുത്തേക്ക് അപ്രതീക്ഷിതമായി ഒരാൾ വന്നിരുന്നപ്പോൾ വായിൽ ഇരിക്കുന്ന ചോറ് പോലും ഇറക്കാൻ കഴിയാതെ സ്തംഭിച്ചിരിക്കുകയാണ് ജെനി…അല്ലേലും സൂരജിനെ അവൾക്ക് പേടിയാണ്….ചിരിക്കാത്ത മുഖവും ഗൗരവവും എപ്പോളുമുള്ള ദേഷ്യവുമൊക്കെ അവനോടവൾക്ക് ഭയമാണ്…

എനിക്ക് അറിയും പോലെ ആ മനസ്സ് മറ്റാർക്കും അറിയില്ലല്ലോ…എന്നാൽ അറിയാൻ ശ്രമിക്കാൻ മറ്റൊരെയും അവൻ അനുവദിക്കുകയുമില്ലെന്ന് ഞാനോർത്തു…ഒന്നുമില്ലെന്ന് ഞാൻ ജെനിയെ കണ്ണടച്ച് കാട്ടി….

മിണ്ടാതെ തല കുനിച്ചു പിടിച്ചിരിക്കുന്ന ജെനിയെ നോക്കിയ സൂരജ് ഡെസ്കിൽ മെല്ലെ തട്ടി ശബ്ദം ഉണ്ടാക്കിയപ്പോൾ അവൾ തല ഉയർത്തി….

ഗൗരവം അഴിച്ചുവച്ച് നിറഞ്ഞ ചിരിയോടെ അവളെ നോക്കി അവൻ സ്നേഹത്തോടെ കണ്ണടച്ച് കാട്ടിയപ്പോൾ ആ ചിരി അവളുടെ ചുണ്ടിലേക്കും പകരുന്നത് ഞാനറിഞ്ഞു…

“”പവിയേ…ഞാനും കഴിക്കട്ടെ നിന്റെ കൂടെ…””

ഞാനും ജെനിയും അവനെ തന്നെ നോക്കിയിരുന്നുപോയി…എന്തോ വല്ലാത്ത സ്നേഹം തോന്നിപ്പോകും ചിലപ്പോളൊക്കെ സൂരജിന്റെ പെരുമാറ്റം കാണുമ്പോൾ…

മനസ്സിൽ ഒരു വിങ്ങൽ… പാവം…ഇനിയൊരിക്കലും നിന്നെ നിഷേധിക്കാൻ എനിക്കാകുമോ സൂരജെ…അനുവാദം പോലും ചോദിക്കാതെ നിനക്ക് ഇഷ്ടമാണെങ്കിൽ കഴിച്ചൂടെ എനിക്കൊപ്പം ഒരിലയിൽ തന്നെ…

ചിരിയോടെയുള്ള എന്റെ നോട്ടം കണ്ടിട്ടാകും അവൻ എനിക്കടുത്തേക്ക് നീങ്ങിയിരുന്നു…ജെനി അന്തം വിട്ട് നോക്കുന്നത് കണ്ട് എനിക്ക് ചിരിപൊട്ടി..ഞങ്ങൾ രണ്ടാൾക്കും കഴിക്കാൻ പാകത്തിൽ ഞാൻ ഇല അവനടുത്തേക്ക് നീക്കിവച്ചു…

“”ജെനിക്ക് കൊടുത്തപോലെ ഒരൊറ്റ ഉരുള നീയെനിക്ക് വാരി തരാമോ പവി…ഏഹ്..””

എന്റെ കണ്ണിലേക്ക് നോക്കി അവനതു ചോദിച്ചപ്പോൾ മനസ്സ് ഒന്നുലഞ്ഞു പോയി…അപേക്ഷയോ അധികാരമോ സൗഹൃദമോ പ്രണയമോ ആയിരുന്നില്ല ആ ധ്വനിയിൽ എന്ന് ഞാനറിഞ്ഞു….

ഒരു മകൻ അമ്മയോട് ചോദിക്കും പോലെ നിഷ്കളങ്കമായ ആ ചോദ്യത്തിന് മുന്നിൽ ഞാനെങ്ങനെ കണ്ണടയ്ക്കും….ഒരിക്കൽ ചെയ്ത തെറ്റിന് ഞാനെങ്ങനെ അവനോട് ഇന്നും പൊറുക്കാതെ പകവീട്ടും…..ഇല്ല കഴിയില്ലെനിക്ക്.

പ്രതീക്ഷയോടെ എന്നെ നോക്കിയിരിക്കുന്ന അവന്റെ ആവശ്യത്തെ നിഷേധിക്കാൻ കഴിയുമായിരുന്നില്ല എനിക്ക് ..ഒരു ഉരുള ചോറുരുട്ടി അവന് നേരെ ഞാൻ നീട്ടിയപ്പോൾ കുസൃതിയോടെ അവൻ വാതുറന്നു..ആ നനഞ്ഞ ചുണ്ടുകൾ എന്റെ വിരലുകളിൽ സ്പർശിച്ചപ്പോൾ ഒരു പിടച്ചിലോടെ ഞാൻ കൈ വലിച്ചുപോയി….

അവന്റെ താടിരോമങ്ങളിൽ പറ്റിയിരുന്ന ചോറിന്റെ അംശം ഞാൻ ഷാളിന്റെ തുമ്പാൽ തുടച്ചു കൊടുത്തപ്പോൾ സൂരജിന്റെ കണ്ണുകൾ കലങ്ങുകയും പെട്ടന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു പോകുന്നതും ഞാൻ നോക്കിയിരുന്നു..

സ്വപ്നലോകത്തു നിന്നും ഞെട്ടിയുണർന്നപോലെ ഞാൻ ജെനിയെ നോക്കിയപ്പോൾ ഇതൊക്കെ എന്താണ് എന്ന രീതിയിൽ സകലബോധവും നഷ്ട്ടപ്പെട്ട് കണ്ണും തള്ളി ഇരിക്കുന്ന അവളെ ജാള്യതയോടെ നോക്കി ഞാൻ വളിച്ചചിരി ചിരിച്ചു…

ഒരു ദിവസം ജെനിയുടെ ഒപ്പം ക്ലാസ്സിൽ ഇരുന്നു പടം വരയ്ക്കുന്ന സൂരജിനെ, ഞാൻ മാത്രമല്ല ക്ലാസ്സിലെ എല്ലാ കുട്ടികളും നോക്കിയിരുന്നു പോയി…ആൺകുട്ടികളോട് പോലും അടുപ്പമില്ലാത്ത സൂരജിനെ ജെനിയുടെ ഒപ്പം കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതമായി…

അവനാണെങ്കിൽ ഇതൊന്നും കണ്ട ഭാവം പോലുമില്ലെന്ന് ഞാനറിഞ്ഞു..
അഹങ്കാരത്തോടെ ഇരിയ്ക്കുന്ന ജെനി എന്നെ നോക്കി കണ്ടോടീ എന്ന് ആംഗ്യത്തോടെ ചിറി കോട്ടിയപ്പോൾ ഞാൻ ആകാംഷയോടെ അവർക്കടുത്തേക്ക് ചെന്നതും ജെനിയുടെ മുഖം പെൻസിൽ കൊണ്ട് വരച്ചവൻ അതുപോലെ ഒപ്പിവച്ചിരിക്കുന്നു..

ഇത്രയും നന്നായി സൂരജ് വരയ്ക്കും എന്നത് എനിക്ക് പുതിയ അറിവായിരുന്നു..ആള് ഗൗരവത്തോടെ എന്നെ നോക്കാതെ ഇരിക്കുകയാണ്..ജെനിക്ക് സൂരജിനോടുള്ള പേടിയൊക്കെ പോയി എന്ന് എനിക്ക് മനസ്സിലായി..ഞാൻ ചിരിയോടെ അവരെ നോക്കി നിന്നപ്പോൾ വരച്ചു കഴിഞ്ഞ പേപ്പർ ജെനിക്ക് കൊടുത്ത് അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി..പോകും വഴി എന്നെ തേടിയെത്തിയ ആ കണ്ണുകളിൽ എനിക്ക് മാത്രം കാണാൻ കഴിയുന്ന ഒരു ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ഒരിക്കൽ ബുള്ളറ്റിൽ കയറാൻ ജെനിക്ക് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ക്യാമ്പസിനുള്ളിലെ റോഡിലൂടെ ജെനിയെ പിറകിലിരുത്തി ചുറ്റിക്കുന്ന സൂരജ് മറ്റൊരു അത്ഭുതമായി മാറി….

രണ്ടും ചേരും, അവനാണെങ്കിൽ പേരിന് പോലും സംസാരിക്കില്ല…ജെനിക്കാണെങ്കിൽ സംസാരിക്കാനും പറ്റില്ല..എന്തോ ചിരിയോടെ ഞാനത് നോക്കി നിന്നുപോയി.. എനിക്കടുത്തേക്ക് ജെനിയെ ഇറക്കി നിർത്തിയിട്ട് എന്നെ കണ്ണിറുക്കി കാട്ടി ബുള്ളറ്റുമായി പുറത്തേക്ക് പായുന്ന സൂരജിന്റെ കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നുപോയി..ജെനിയാണെങ്കിൽ ലോകം കീഴടക്കിയ പോലെയും..

ഉച്ചകഴിഞ്ഞ് ലൈബ്രറിയിലേക്ക് പോകാനായി ഞാൻ നടന്നു…നീണ്ടുകിടക്കുന്ന റാക്കുകളിൽ തിങ്ങി നിറഞ്ഞ പുസ്തകങ്ങളിൽ ഓരോന്നിലും ഞാൻ വെറുതെ വിരൽ തൊട്ടു…

“”പല്ലവി ഒറ്റയ്ക്കാണോ…””

എതിരെയുള്ള റാക്കിനടുത്തു നിന്നും എനിക്കടുത്തേക്ക് വന്ന സിദ്ധുവേട്ടൻ ചോദിച്ചതും ഞാൻ ചിരിയോടെ തലയാട്ടി…

“”ജെനി ക്ലാസ്സിലാണല്ലേ….””

“”അതേല്ലോ സിദ്ധുഏട്ടാ…”” മുനവച്ചു ഞാനതു ചോദിച്ചതും സിദ്ധുഏട്ടൻ ഒന്ന് പരുങ്ങിക്കൊണ്ട് പോകാനൊരുങ്ങിയപ്പോൾ ഞാൻ വീണ്ടും പിന്നിൽ നിന്നും വിളിച്ചു…

“”വെറുതെ ആണെങ്കിൽ ആശ കൊടുക്കല്ലേ സിദ്ധുഏട്ടാ ആ മിണ്ടാപ്രാണിക്ക്…തകർന്നു പോകും അത്..അത്രയ്ക്കും പാവമാ അവൾ…ഒരിക്കൽ കൊടുത്തത് തിരികെ പറിച്ചെടുത്താൽ താങ്ങാനാകാതെ അവള് ചിലപ്പോൾ..””

എന്തോ എന്റെ ശബ്ദം ഇടറിപ്പോയി….

“”പല്ലവി….”” സിദ്ധുഏട്ടന്റെ ശബ്ദം കോപത്താൽ മുഴങ്ങുന്നത് ഞാനറിഞ്ഞു..കണ്ണുകൾ ഇതുവരെ കാണാത്ത വിധം ദേഷ്യത്താൽ തിളച്ചു പൊന്തുന്നത് കാൺകെ ഞാൻ പിന്നിലേക്ക് മാറി…

ആ നിമിഷം പ്രതീക്ഷിതമായി ലൈബ്രറിയിലേക്ക് കയറിവന്ന സൂരജ് ഞങ്ങൾ നിൽക്കുന്ന റാക്കിന് എതിർവശത്തത്തേക്ക് വന്നു നിന്നത് ഞാനറിഞ്ഞില്ല…

“””ഇഷ്ടമാ എനിക്ക്…ഈ ചങ്കിനുള്ളിൽ കൊണ്ട്‌ നടക്കുവാ കണ്ട അന്ന് മുതൽ…അല്ലാതെ സ്നേഹിച്ചു വഞ്ചിച്ചു വലിച്ചെറിയുന്നവനല്ല ഈ സിദ്ധു…””

ഒരു കിതപ്പോടെ സിദ്ധുഏട്ടൻ പറഞ്ഞു നിർത്തിയപ്പോളേക്കും ആ കണ്ണുകൾ ചുവന്നിരുന്നു…എന്റെ ചിന്തകൾ എനിക്ക് നേരെ ഫണം വിടർത്തുന്നത് ഞാനറിഞ്ഞു….

“”ഇത്രയൊക്കെ അടുത്ത് ഇടപെട്ടിട്ടും ഒരൽപ്പം പോലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ പവി നിനക്ക്…””

അത്രയും പറഞ്ഞു എനിക്ക് മുഖം തരാതെ പുറത്തേക്ക് ഇറങ്ങിപ്പോയ സിദ്ധുവേട്ടനെ നോക്കി ഞാൻ തറഞ്ഞു നിന്നു….

ആ വാക്കുകൾ തന്ന ആഘാദത്തിൽ സുഖമുള്ള ഒരു നോവ് എന്നിലേക്ക് പടർന്നപ്പോൾ ജെനിയുടെ ചിരിക്കുന്ന മുഖം ഓർമ്മയിലേക്ക് ഒഴുകിവന്നു…

എന്നാൽ ഒരു റാക്കിനപ്പുറം തെറ്റിദ്ധാരണയോടെ ചൂളയിൽ വെന്തെരിയുന്ന മനസ്സുമായി സൂരജ് നിന്നിരുന്നത് ഞാനറിഞ്ഞില്ല…അവന്റെ നെഞ്ചിന്റെ പിടച്ചിലും കോപത്താൽ കലങ്ങി നിറഞ്ഞ കണ്ണുകളും ഞാൻ കണ്ടിരുന്നുമില്ല..

ലൈബ്രറിയിൽ നിന്നും ഇറങ്ങി നീണ്ടു കിടക്കുന്ന വരാന്തയിലൂടെ വേഗത്തിൽ നടന്ന എന്റെ കൈകളിൽ ബലമായി പിടുത്തമിട്ട്, ആരോ ഇരുട്ടു നിറഞ്ഞൊരു ക്ലാസ്സ്‌ മുറിയിലേക്ക് വലിച്ചിട്ടു…

അകത്തുനിന്നും വാതിലടയ്ക്കുന്ന ശബ്ദത്താൽ ഭയന്ന് വിറച്ചു നിലത്തു നിന്നും ഞാൻ പിടഞ്ഞെഴുനേറ്റു ലക്ഷ്യമില്ലാതെ കുതറി..

നെഞ്ചിൽ അടിഞ്ഞു കൂടിയ ഭയവും ഇരുട്ടു മൂടിയ കാഴ്ചകളും എന്റെ നാവിനെ കുരുക്കിട്ട് നിർത്തി…നൊടിയിടയിൽ എന്നെ പൊതിഞ്ഞ ബലിഷ്ഠമായ കരങ്ങളാൽ ആരുടെയോ കരുത്തുറ്റ നെഞ്ചിലേക്ക് അമർത്തി ചേർത്തു.

നാസികയിൽ തനിക്ക് പരിചിതമായ പുരുഷഗന്ധം നിറയുന്നു…സൂരജ്!!!

നീ എന്തിന് എന്നെ ഇങ്ങനെ…മനസ്സിൽ അവനായി കെട്ടിവാർത്ത സ്വപ്നക്കൂടുകൾ മറിഞ്ഞു വീഴുന്നത് ഞാനറിഞ്ഞു…കുതറിയകലാൻ ശ്രമിക്കും മുന്നേ അവന്റെ അധരങ്ങൾ എന്റെ കീഴ്ച്ചുണ്ടുകളെ ഗാഢമായി കവർന്നെടുർത്തു…

പൊള്ളുന്ന ഭ്രാന്തമായ ചുംബനത്തിന്റെ ചൂടിൽ ഉടലാകെ ഉരുകിയടരുന്നു…ചെറുത്തു നിൽക്കാനാകാത്ത വിധം എന്റെ ശരീരം തളർന്നു വാടി വീഴാൻ ഒരുങ്ങിയപ്പോൾ വരിഞ്ഞു മുറുക്കിയ അവന്റെ കൈകൾ കൂടുതൽ താങ്ങായി എന്നെ ആ നെഞ്ചിലേക്ക് ചേർത്തു പിടിക്കുന്നുണ്ടായിരുന്നു…

ദീർഘമായ ചുംബനത്തിന്റെ കുളിരിൽ നിന്നും മുക്തമാക്കിയ ചുണ്ടുകളിൽ രക്തം പൊടിഞ്ഞത് ഞാനറിഞ്ഞു…എതിർക്കാനാകാത്ത വിധം ദുർബലമായിപ്പോയ എന്റെ മനസ്സിനെ ഞാൻ സ്വയം പഴിച്ചു…

“”നീ എന്റെയാ..എന്റെ മാത്രം…വിട്ടുകൊടുക്കില്ല ഒരുത്തനും നിന്നെ …എന്നെ വിട്ട് പോകുവോ പവി നീ..പറ…”””

വീണ്ടും നെറുകയിൽ മുദ്രണം ചെയ്ത അവന്റെ ചുണ്ടുകൾ ഉരുവിട്ട വാക്കുകൾ എന്നിൽ എന്തെന്നില്ലാത്ത വികാരങ്ങൾക്ക് വഴിമാറി…ആ നെഞ്ചിലേക്ക് ചേർത്തു പിടിച്ച എന്റെ വിറയ്ക്കുന്ന ശരീരത്തെ അവൻ തലോടുന്നുണ്ടായിരുന്നു…

“”ഈ ഒരു നിമിഷത്തിനായി നീയും ആഗ്രഹിച്ചിരുന്നില്ലേ…ഈ ഉടലിന്റെ ചൂടിൽ ചേർന്നു നിൽക്കാൻ കൊതിച്ചിരുന്നില്ലേ…നിന്റെ അധരങ്ങൾ അവന്റെ ചുംബനം കൊതിച്ചിരുന്നില്ലേ…””

കരളിൽ ആർത്തിരമ്പുന്ന ചോദ്യങ്ങൾ എനിക്ക് ചുറ്റും വലയം തീർത്തു….

കാത്തിരിക്കണേ….