എന്നിൽ ഒരു കാമുകൻ അന്നാദ്യമായി ജനിച്ചു.പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി.

ഒരു ഏഴാം ക്ലാസുകാരന്റെ പ്രണയലേഖനം – എഴുത്ത്: സമീർ ചെങ്ങമ്പള്ളി

14 വർഷങ്ങൾക്ക് മുമ്പുള്ള ആ ഏഴാം ക്ലാസ്.ഉച്ചയൂണിന് ശേഷം ഒരു അർദ്ധമയക്കത്തിലായിരുന്ന എന്നെ ഞെട്ടിയുണർത്തിക്കൊണ്ട്

”ഗുഡ്..ആഫ്റ്റർ നൂൺ”

ഞങ്ങളുടെ ഹിന്ദി അദ്ധ്യാപിക ആനി ടീച്ചർ .ടീച്ചറെ മനസ്സിൽ നൂറു വട്ടം പ്രാകി കൊണ്ട് എന്റെ മയക്കത്തിന് ഞാൻ സഡ്ഡൻ ബ്രേക്കിട്ടു.അഴയിൽ കൊളുത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങളെ പോലെ തൂങ്ങിയാടുന്ന ഹിന്ദി അക്ഷരങ്ങളെ ഞാൻ പണ്ടേ വെറുത്തിരുന്നു.

”എല്ലാരും നോട്ട് ബുക്ക് എടുത്തേ …കുറച് എഴുതാനുണ്ട് ”

മനസ്സില്ല മനസ്സോടെ നോട്ടുബുക് എടുത്ത് മുന്നിൽ വെച്ച ഞാൻ പേനയെടുക്കാൻ പോക്കറ്റിൽ തപ്പി.പക്ഷെ,ലഞ്ച് സമയത്ത് നടന്ന ക്രിക്കറ്റ് കളിക്കിടെ പേന സലാം പോലും പറയാതെ മൂപ്പരെ പാട്ടിനു പോയിരുന്നു.ഞാൻ ആകെ അസ്വസ്ഥനായി .പേനയില്ലാതെ ക്ലാസ്സിലിരുക്കുന്ന എന്നെ കണ്ടാൽ ടീച്ചർ വഴക്ക് പറയും .പിന്നെ പോരാത്തതിന് സ്കൂൾ വിട്ട് പോകുന്ന വഴിക്ക് ബാപ്പാന്റെ കടയിൽ കയറി സംഭവത്തിന്റെ വിശദ റിപ്പോർട് അവതരിപ്പിക്കും .എങ്ങനെയെങ്കിലും ഒരു പേന സങ്കടിപ്പിച്ചേ മതിയാകൂ.ഞാൻ തൊട്ടടുത്തിരിക്കുന്ന നന്പൻമാരോടെല്ലാം ഒരു പേനയ്ക്ക് വേണ്ടി കെഞ്ചി.പക്ഷെ,ചോദിക്കേണ്ട താമസം ആ ദുഷ്ടന്മാരെല്ലാം കൈ മലർത്തി കാണിച്ചു.അങ്ങനെ യാതൊരു പ്രതീക്ഷയുമില്ലാതെയാണ് ഞാൻ സ്കൂളിലെ തന്നെ അറുപിശുക്കിയെന്ന ഖ്യാതിയുള്ള ഷഹാനയോട് ചോദിച്ചത്.

”രണ്ട് പേന ഇണ്ടാ ”

എന്റെ മുഖത്തെ ദയനീയ ഭാവം കണ്ട് മനസ്സലിഞ്ഞാവണം അവൾ തന്റെ ബാഗിലുണ്ടായിരുന്ന ഒരു നീല സ്റ്റിക് പേന എന്റെ നേരെ നീട്ടിയത്.ഇത്രയും ഉദാരമതിയായ ഈ കുട്ടിയെ കുറിച്ചാണല്ലോ പടച്ചോനെ ഇവരെല്ലാം ഇങ്ങനെ ഏഷണി പറയുന്നത്.മനസ്സിൽ അവളോട് നൂറ് തവണ നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആ പേന വാങ്ങി.ഒടുവിൽ ഒരു നീണ്ട ബെല്ലിന്റെ അകമ്പടിയോടെ അന്നത്തെ ദിവസം അവസാനിച്ചപ്പോൾ ആ പേന തിരികെ കൊടുത്ത് അവളോട് ഒരു നന്ദി പോലും പറയാതെ ഞാൻ പുറത്തേക്കോടി.

”ഓൾക്കന്നൊട് ലൈനുണ്ടോ…?” എന്റെ സ്‌ഥിരം വാലായിരുന്ന നൗഫലിന്റെ ആ ചോദ്യം എന്നിൽ കൗതുകം ഉണ്ടാക്കി.

”ലൈനോ”?

”പിന്നെ എന്തിനാ ഇത്രയും അറുക്കീസായ ഓള് അനക്ക് പേന തന്നത് ..??”

”ഇനിക്കറിഞ്ഞൂടാ ”

”എന്നാ ചോയിച്ചു നോക്ക് ”

”എങ്ങനെ…??”

”ഇയ്യ്‌ ..അനിയത്തിപ്രാവ് കണ്ടിട്ടില്ലേ ???….അതില് കുഞ്ചാക്കോ ബോബൻ ശാലിനിയ്ക്ക് കത്ത് കൊടുക്കുന്നത് പോലെ കൊടുക്കണം ”

എന്നിൽ ഒരു കാമുകൻ അന്നാദ്യമായി ജനിച്ചു.പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. ലഞ്ച് സമയത്ത് കളിക്കാൻ പോകാതെ അസുഖം അഭിനയിച്ചു ഡെസ്കിൽ തലവെച്ചു കിടക്കുമ്പോഴും ഇടം കണ്ണിട്ട് ഞാൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.

ഒടുവിൽ ഞാൻ എന്റെ ആഗ്രഹം അവളെ അറിയിക്കാൻ തന്നെ തീരുമാനിച്ചു. നൗഫലിന്റെ ഉപദേശവും എന്റെ ഭാവനയും ചേർത്ത് കൊണ്ട് ഒരു പ്രണയ ലേഖനം ഞാൻ തയ്യാറാക്കി കവറിലിട്ടു.തൊട്ടടുത്ത ദിവസം എല്ലാരും ലഞ്ച് കഴിക്കാൻ പുറത്തു പോയപ്പോൾ ആരും കാണാതെ ഞാൻ അവൾക്ക് എന്റെ കത്ത് സമ്മാനിച്ചു.

”എന്താ ഇത്…??”

”ഇത് ആരും കാണേണ്ട …വായിച്ചു നോക്കി നാളെ പറഞ്ഞാൽ മതി.”

ഒരു അമൂല്യ സമ്മാനം കിട്ടിയ ഭാവത്തോടെ അവൾ അത് ബാഗിനുള്ളിൽ ഒളിപ്പിച്ചു.അതിനുള്ളിൽ എന്റെ കുഞ്ഞു പ്രണയം ഒളിപ്പിച്ചു വെച്ചത് നിഷ്കളങ്കയായ അവൾ അറിഞ്ഞതേ ഇല്ല. അന്ന് ഉച്ചക്ക് ശേഷം ഞാനും നൗഫലും തമ്മിൽ ഒരു വാക് തർക്കം ഉണ്ടായി. അവസാനം അത് കയ്യാങ്കളിയിലെത്തി.പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ അവൻ ആ അറ്റ കൈ തന്നെ പ്രയോഗിച്ചു.

”ഫൈസൽ ഷഹാനക്ക് ലവ് ലെറ്റർ കൊടുത്തേ…”

കേട്ടപാതി കേൾക്കാത്ത പാതി ക്ലാസ് മുഴുവൻ കൂട്ടചിരിമുഴങ്ങി. പരിഹാസഭാരം താങ്ങാനാവാതെ അവൾ കരയാൻ തുടങ്ങി.അവളുടെ മുഖത്തു നോക്കാനാവാതെ ഞാനും കുഴങ്ങി. അന്ന് ആ നീണ്ട ബെല്ലിനെ കുട്ടികൾ കരഘോഷത്തോടെ സ്വീകരിച്ചത് അടുത്ത പത്ത് ദിവസത്തേക്കുള്ള ഓണാവധിയെ വരവേറ്റയിരുന്നു.

പത്ത് ദിവസത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ അവളെ മാത്രം ക്ലാസ്സിൽ കണ്ടില്ല.അവൾ ടി സി വാങ്ങി മറ്റൊരു സ്കൂളിൽ പോയി എന്ന് എന്നോട് പറഞ്ഞത് നൗഫലാണ്.പ്രണയം,കുറ്റബോധം,വിരഹം എല്ലാ വികാരങ്ങളും ഒരേ സമയം എന്റെ കുഞ്ഞു മനസ്സിൽ .അപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു.

പിന്നീട് 15 വർഷങ്ങൾക്ക് ശേഷം, പ്രവാസ ജീവിതത്തിന്റെ ഇടവേളയിൽ നാട്ടിലെത്തിയ ഞാൻ അനിയത്തിയെ കൊണ്ടാക്കാൻ അവളുടെ കോളേജിൽ എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്.സ്റ്റാഫ് റൂമിൽ നിന്ന് ഒരു പുസ്തകവും കയ്യിൽ പിടിച്ച് വേഗത്തിൽ നടക്കുന്ന ആ ടീച്ചർക്ക് എന്റെ ഷഹാനയുടെ മുഖം.ഞാൻ ഉടനെത്തന്നെ നൗഫലിനെ കണ്ട് എന്റെ സംശയങ്ങൾ അവനോട് പങ്കു വെച്ചു. അവൻ പറഞ്ഞു:

”അത് ഷഹാന തന്നെയാണ്….അവളിപ്പോൾ ആ കോളേജിലെ ഗസ്റ്റ് ലെക്ച്ചറാണ്.”

”അവളെ ഇങ്ങോട്ടാണോ കെട്ടിച്ചത്..??” എന്റെ ചോദ്യത്തിന് മുന്നിൽ അവനൊരു ദാര്ശനികനെപ്പോലെ മറുപടി നൽകി.

”ഫൈസലെ, അവളെ കാര്യം വളരെ കഷ്ടത്തിലാണ്. ദരിദ്രനായിരുന്നു അവളുടെ ഉപ്പ.അങ്ങനെയിരിക്കെയാണ് അവൾക്കൊരു പണക്കാരന്റെ ആലോചന വന്നത്.അവനാണെങ്കിൽ സ്ത്രീ ധനമൊന്നും വേണ്ട. പെണ്ണിനെ മാത്രം മതി.കൂടുതലൊന്നും ആലോചിക്കാതെ അവർ അവളുടെ കല്യാണം നടത്തി.അന്ന് രാത്രി തന്നെ അറിഞ്ഞു .അയാളൊരു മാനസിക രോഗിയാണെന്ന്.അവളുടെ ഉപ്പ അപ്പോൾ തന്നെ അവളെ വീട്ടിലേക്കു കൊണ്ട് വന്നു.മൂന്നാം ദിവസം പള്ളി കമ്മിറ്റി കൂടി..തലാക്ക് നടത്തി.”

”പിന്നെ വേറെ ആലോചനകൾ വന്നില്ലേ.??”

”വന്നു..പക്ഷെ,എല്ലാവർക്കും നല്ല സ്ത്രീധനം വേണം..പോരാത്തതിന് അവൾ രണ്ടാം കെട്ടുകാരിയുമാണല്ലോ…”

ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. ”നൗഫലെ..നാളെ ഞായറാഴ്ചയല്ലേ..നമുക്ക് അവളുടെ വീട് വരെ പോയാലോ..??”

”നീ ഉദ്ദേശിച്ചത്..???”

”അതെ..അത് തന്നെ..”

അവൻ സന്തോഷത്തോടെ പുഞ്ചിരിച്ചു . ”നന്നായി..അവളെ ഉപ്പാക്ക് സന്തോഷമാകും…ഞാൻ വരാം” അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല. അവളുമായുള്ള കൂടിക്കാഴ്ചയെ മനസ്സിൽ താലോലിച്ച് ഞാൻ നേരം വെളുപ്പിച്ചു.പിറ്റേന്ന് രാവിലെ തന്നെ ഞാനും നൗഫലും അവളുടെ വീട്ടിലേക്കു പോയി.ഞങ്ങളുടെ വരവിനെ പ്രതീക്ഷിച്ചപ്പോലെ അവളുടെ ഉമ്മയും ഉപ്പയും ഞങ്ങളെയും കാത്ത് മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു.

പൊളിഞ്ഞു വീഴാറായ ആ പഴയ വീടിന്റെ ഉമ്മറക്കോലായിലെ ചാരു കസേരയിൽ അവർ എന്നെ കൊണ്ട് ഇരുത്തി.ഇതിനിടയിൽ കയ്യിലൊരു ചായ പാത്രവുമായി അവൾ കടന്നു വന്നു.അവളുടെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല.കയ്പ്പേറിയ ഒരുപാട് പെണ്ണ് കാണൽ ചടങ്ങിന്റെ മുൻ അനുഭവങ്ങൾ ഉണ്ടായത് കൊണ്ടാകാം അവളെന്റെ മുഖത്ത് പോലും നോക്കാതെ അകത്തേക്ക് നടന്നു.

”എനിക്കവളോടൊന്നു സംസാരിക്കണം”ഞാൻ അവരെ അറിയിച്ചു.

ദാരിദ്ര്യം താളം കെട്ടിയ ആ കൊച്ചു വീടിന്റെ ഏറ്റവും നല്ല മുറിയിൽ ചിതലരിച്ച് ദ്രവിച്ച ഒരു ജനാലയിലൂടെ അവൾ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.

”എന്റെ മുഖത്തേക്കൊന്നു നോക്കിക്കൂടെ…” അവളിൽ ഒരു മാറ്റവും കണ്ടില്ല.

”പണ്ട് ഏഴാം ക്ലാസ്സിൽ പഠിച്ചപ്പോൾ നിനക്ക് ലവ് ലെറ്റർ തന്ന ഒരു ഫൈസലിനെ ഓർമ്മയുണ്ടോ..?”

സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നപോലെ അവളെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.പിന്നെ,ചെറിയ ശബ്ദത്തിൽ ചിരിക്കാൻ തുടങ്ങി.

”എന്തിനാ ചിരിക്കൂന്നേ..”

”ഒന്നൂല്ല..എന്റെ ജീവിതത്തിൽ സങ്കടങ്ങൾ നിറഞ്ഞ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.അപ്പോഴെല്ലാം ആ കത്ത് ഞാൻ വായിക്കും .എന്റെ മനസ്സിന് സ്വയം ആശ്വാസം കണ്ടെത്തും.”

”അതെങ്ങനെ ..??”

”നിങ്ങളുടെ കത്തിൽ മൊത്തം അക്ഷരത്തെറ്റുകളായിരുന്നു…ആ കത്ത് നിങ്ങൾ എഴുതിയതാണോ അതോ കൂട്ടുകാരനോ …???”

ചമ്മി വിളറിയ മുഖവുമായി ഞാൻ അവളുടെ മുൻപിൽ നിന്ന് വിയർത്തു.പിന്നെ ചോദിച്ചു:

”എന്നെ ഇഷ്ടമാണോ???”

എന്റെ ചോദ്യത്തിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ, അവളുടെ മുഖം നാണം കൊണ്ട് ചുവക്കുന്നത് ഞാൻ കണ്ടു.

”മതി..ഇത് മതി..നിഷ്കളങ്കയായ നിനക്ക് ഇതിനേക്കാൾ നന്നായി മറുപടി പറയാൻ കഴിയില്ല .”

ഞാൻ പുറത്തേക്ക് നടന്നു.അക്ഷമയോടെ എന്നെ കാത്തിരിക്കുന്ന അവളുടെ ഉപ്പയോട് ഞാൻ പറഞ്ഞു.

“എനിക്ക് നിങ്ങളുടെ സ്വത്തും പണവുമൊന്നും വേണ്ട…ആ റൂമിനുള്ളിൽ ഒരു നിധിയുണ്ട് അത് മാത്രം മതി.”

(inspired from a true story)