വെളിച്ചപ്പാട് ~ ഭാഗം 02 ~ എഴുത്ത്: നിധാന എസ് ദിലീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഞങ്ങൾ നേരെ പോയത് വായനശാലയിലേക്കായിരുന്നു.പത്രം വായിച്ചു കൊണ്ടിരുന്നു ലൈബ്രേറിയൻ ദാസേട്ടൻ ഞങ്ങളെ കണ്ടപ്പോൾ തന്നെ തന്നെ ഒരു ആക്കിയൊരു ചിരി.അങ്ങേർക്കറിയാം വെളിച്ചപ്പാടിന്റെ ചൂരലിൽ നിന്നും രക്ഷപ്പെട്ട് ഓടി വരണത് ഇവിടേക്കാണെന്നു.ഉണ്ണിയേട്ടൻ ഇവിടെ വന്ന് പ്രശ്നമാക്കൂല കാരണം കിട്ടുന്ന ഞങ്ങൾക്കില്ലേലും തരുന്ന അങ്ങേർക്ക് നാണം ഉണ്ട്.അവിടെ ഇരുന്ന് സ്വസ്തമായി വായിക്കാനും വെറുതേ ഇരിക്കാൻ വന്നവരുടേയും സ്വസ്ഥത കളഞ്ഞും ഏട്ടൻമാരുടെ കൂടെ കാരംമ്സു കളിച്ച് അന്തസായി തോറ്റും സമയം കളഞ്ഞു. ഉണ്ണിയേട്ടന്റെ ദേഷ്യം കുറഞ്ഞു കാണുംന്നു തോന്നിയപ്പോൾ കള്ളക്കളി കളിച്ചൂന്നു പറഞ്ഞ് ഏട്ടൻമാരോട് അടിയുണ്ടാക്കീട്ട് കളിയും ബഹിഷ്കരിച്ച് ഞങ്ങൾ വീട്ടിലേക്ക് നടന്നു നടന്നു

അപ്പൂട്ടൻ മുറ്റത്തെ സ്റ്റെപ്പിൽ താടിക്ക് കൈയും കൊടുത്ത് ഇരിക്കുന്നു.

ശ്ശ്…ശ്ശ്

ഞങ്ങൾ മതിലൂടെ ഏന്തി വലിഞ്ഞ് നോക്കി അവനെ വിളിച്ചപ്പോൾ ഞങ്ങളെ നോക്കി മുഖം തിരിച്ചു.വീടിനു പുറത്ത് ആരും ഇല്ലാന്നു ഉറപ്പിച്ച് അവന്റെ അടുത്ത് പോയിരുന്നു

അപ്പൂട്ടൻ ഞങ്ങളോട് പിണങ്ങിയോ

അമ്മു അവന്റെ താടി പിടിച്ച് ഞങ്ങളുടെ നേരെ മുഖം തിരിപ്പിച്ചു

നീ ഞങ്ങളുടെ പൊന്നാങ്ങളയെല്ലേടാ

അവനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു

പൊന്നാങ്ങള..നിങ്ങൾക്ക് രണ്ടിനും അടി ഷെയർ ചെയ്യാനല്ലേ എന്നെ വേണ്ടൂ.രണ്ടിന്റെയും പ്രേമത്തെ പറ്റി എന്നോട് പറഞ്ഞോ.

നിന്നോട് ഞങ്ങൾ പറയാണ്ടിരിക്കോ.ആദ്യം നീ ഇത് പറ ഉണ്ണിയേട്ടൻ എന്ത്യേ

ഏച്ചി റൂമീന്നു ഓടി പോയില്ലേ കൊറച്ച് കഴിഞ്ഞ് ഉണ്ണിയേട്ടൻ ഏട്ടന്റെ റൂമിൽ പോയി.എന്താ കാര്യംന്നു ആരു ചോദിച്ചിട്ടും പറഞ്ഞില്ല.നിങ്ങൾക്ക് വെച്ച അടി എനിക്ക് തന്നാലോന്നു പേടിച്ച് ഞാൻ പോയി നോക്കീല

അതു കേട്ടതും അമ്മു എന്നെ നോക്കി ചിരിച്ചു.കവിളിൽ കുങ്കുമം വിതറിയ പോലെ ചുവന്ന് തുടുത്ത് ഞാനും ചിരിച്ചു.

ഞങ്ങൾ ഇപ്പോ വരേ…

അതും പറഞ്ഞ് വീടിനകത്തേക്ക് നടന്നു.

റൂമിൽ ഒളിഞ്ഞു നോക്കുമ്പോൽ ആള് ഒരു കൈ തലയ്ക് താഴെ വച്ച് മലർന്ന് കിടക്കുന്നു.അമ്മുവിനെ തള്ളി റൂമിനുള്ളിലേക്ക് നടന്നുപിറകെ ഞാനും.

ഏട്ടാ…

മമ്‌….

അമ്മു മടിച്ച് മടിച്ച് വിളിച്ചപ്പോൾ കണ്ണു പോലും തുറക്കാതെ മൂളി

സോറീ….വിപിയേട്ടനു സമ്മതാണേൽ മാത്രം ഏട്ടനോട് പറഞ്ഞാ പോരേന്നു വെച്ചാ

ഇടറുന്ന ശബ്ദത്തോടെ അമ്മു പറഞ്ഞപ്പോൾ ഉണ്ണിയേട്ടൻ എഴുന്നേറ്റിരുന്നു.

സാരല്ല..വിപി വിളിക്കട്ടെ.നമുക്ക് നോക്കാം

അങ്ങനയ എന്തൊക്കെയോ അമ്മുവിനോട് ഉണ്ണിയേട്ടൻ സംസാരിക്കുമ്പോൾ ഞാൻ നോക്കിയത് ഞാൻ ഉമ്മ വച്ച ആ ചുണ്ടുകളിലേക്കായിരുന്നു.എന്റെ ഭാഗത്തേക്ക് നോക്കുന്നില്ലേലും ഞാൻ നോക്കുന്നതെവിടേയാന്ന് മനസിലായത് കൊണ്ടാവണം ഇടക്ക് മീശയുടെ രോമങ്ങൾ താഴോട്ടാക്കി ചുണ്ടു മറയ്ക്കുന്ന പോലാക്കുന്നു.ഇടക്ക് താടി രോമവും തടവി ശരിയാക്കുന്നു.ചെറിയ വിറയൽ ഉണ്ടോന്നൊരു സംശയം. ഉണ്ണിയേട്ടന്റെ ഓരോ വാക്കും പ്രവർത്തിയും ഞാൻ കണ്ട് ആസ്വദിച്ചു നിന്നു

അമ്മു പറഞ്ഞ് അവസാനിപ്പിച്ചതും ആള് പിന്നെയും കണ്ണടച്ച് കിടന്നു.അമ്മു പോയിട്ടും ഞാൻ അവിടെ തന്നെ താളം ചവിട്ടി നിന്നു.

ദുഷ്ടൻ…അറിയാം ഞാൻ ഇവിടെ നിക്കുന്നത്.

ഞാൻ വലത്തെ കാലിലെ പെരുവിരൽ നിലത്ത് അടിച്ച് പാദസര കിലുക്കം കേൾപ്പിച്ചു.

എന്താ…

ദുഷ്ടൻ കണ്ണു പോലും തൊറാക്കാതെ ചോദിച്ചു.ഞാൻ വിടുമോ??വീണ്ടും പാദസരം കിലുക്കി

എന്താടീ നിനക്ക് വേണ്ടേ..

വെളിച്ചപ്പാട് എഴുന്നേറ്റ് ഇരുന്ന് അലറി.

മ്ച്ച്…ഞാൻ ചുമൽ ഉയർത്തി ഒന്നൂല്ല ന്നു പറഞ്ഞു.

ഇറങ്ങിപ്പോടീ….

ആ അലർച്ച കേട്ടതോടെ അവിടുന്നു ഇറങ്ങി ഓടി.

************************

അമ്മൂ…..മാളൂ……

അടുത്ത അടിക്കുള്ള ടു ഡു ലിസ്റ്റ് തയ്യാറാക്കികൊണ്ടിരിക്കുമ്പോഴാണ് വെളിച്ചപ്പാടിന്റെ അലർച്ച.മുന്നിൽ പോയി തലതാഴ്ത്തി ഞങ്ങൾ ഹാജറായി.

നിങ്ങൾ എന്താ വിപിയോട് പറഞ്ഞത്

വെളിച്ചപ്പാട് ഒരു കൈയിൽ ഫോണും മറ്റേ കൈയിൽ ചൂരലുമായി ഉറഞ്ഞ് തുള്ളി.

നിങ്ങളോടാ ചോദിച്ചത് എന്ത് പറഞ്ഞാ വിപിയെ കൊണ്ട് കല്യാണത്തിനു സമ്മതപ്പിച്ചേന്നു

ഞങ്ങൾ മിണ്ടാത്തതു കൊണ്ട് ചൂരൽ ആഞ്ഞു വീശി.എന്റെ ഇടത്തേക്കാലിനും അമ്മുവിന്റെ വലത്തേക്കാലിനും ഒരോന്നു വീതം കിട്ടി.ഞങ്ങൾ കാല് തടവികൊണ്ട് തുള്ളിപ്പോയി.

എന്താടാ…എന്താ പ്രശ്നം

അലർച്ച കേട്ട് വന്ന മാമൻ ചോദിച്ചു

അച്ഛന്റെ മോൾക്ക് വിപിയോട് പ്രേമം. ഇവളെ കെട്ടിയില്ലേൽ അവന്റെ പേരെഴുതി വെച്ച് അവന്റെ വീട്ടിലെ കിണറിൽ ചാടിച്ചാവുംന്നു പോയി അവനെ ഭീഷണിപ്പെടുത്തി.

ഇവ്റ്റകളെ കൊണ്ട് ഒരു രക്ഷയുമില്ലലോ…ഇനി എങ്ങനെ അവന്റെ മുഖത്ത് നോക്കും

മാമൻ തലയിൽ കൈ വച്ച് പറഞ്ഞു.

നിങ്ങളുടെ ഈ തലതെറിച്ച സ്വഭാവം നന്നാക്കേണ്ട …ബാക്കിയുള്ളവരുടെ നെഞ്ചത്ത് കേറാതിരുന്നൂടെ

അമ്മായി അപേക്ഷിക്കുന്ന പോലെ പറഞ്ഞു

നോക്കിയേ…എല്ലാം ചെയ്ത് വെച്ചിട്ട് ഞാനൊന്നുമറിയില്ലേ അപ്പാന്നു പോലെ നിക്കുന്നത്

അമ്മ ദേഷ്യത്തിൽ പറഞ്ഞു.

നിർത്തി ഞാൻ ഇവരുടെ കാര്യത്തിൽ ഇടപെടുന്നത്. എത്ര കിട്ടിയാലും നന്നാവൂല രണ്ടും.ആ ബ്രോക്കറെ വിളിച്ച് പറഞ്ഞേക്ക് അന്നു പറഞ്ഞ പെണ്ണിനെ കാണാൻ നാളെ തന്നെ പോവാംന്നു.

അതും പറഞ്ഞ് ചൂരലും വലിച്ചെറിഞ്ഞ് ഉണ്ണിയേട്ടൻ റൂമിലേക്ക് പോയി.

അമ്മു എന്റെ കൈയിൽ പിടിച്ചു .അവളെ നോക്കി കണ്ണുചിമ്മി സാരമില്ലാന്നു പറഞ്ഞു

കുറച്ച് കഴിഞ്ഞ് വിപിയേട്ടൻ വീട്ടിൽ വന്നപ്പോഴാണ് ഉണ്ണിയേട്ടൻ മുറിക്ക് പുറത്തേക്ക് വന്നത്.

ഉണ്ണീ…എനിക്ക് ഒന്നു അമ്മൂനോട് സംസാരിക്കണം.

വിപിയേട്ടൻ പറഞ്ഞപ്പോൾ ടെൻഷൻ കാരണം അമ്മു എന്റെ കൈയിൽ പിടിച്ചമർത്തി.

സംസാരിച്ചിട്ട് വാ

എന്നെയും പിടിച്ച് വലിച്ച് വിപിയേട്ടനോട് സംസാരിക്കാൻ പോകാൻ നോക്കവേ കൈ വിടിവിച്ച് അമ്മുവോട് പറഞ്ഞു.

*******************

അമ്മൂ…കല്യാണംന്നൊക്കെ പറയുന്നത് കുട്ടിക്കളിയല്ല…ആത്മഹത്യ ചെയ്യുംന്നു ഭീഷണിപെടുത്തി ആണോ ഒരാളെ കൊണ്ട് കല്യാണത്തിനു സമ്മതിപ്പിക്കേണ്ടത്. അങ്ങനെ കിട്ടുന്ന ലൈഫിൽ നീ ഹാപ്പിയായിരിക്കുംന്നു തോന്നുന്നുണ്ടോ..

വിപിയേട്ടനത് പറയുമ്പോൾ അമ്മു തല താഴ്ത്തി നിന്നു

എന്നെ ഇഷ്ടാന്നും ഏട്ടനെ ഓർത്താ ഇഷ്ടല്ലാന്നു പറഞ്ഞേന്നു അറിയുന്നോണ്ടാ അങ്ങനെ പറഞ്ഞേ…

ഞാനെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഇഷ്ടാന്നു…

വിപിയേട്ടനത് പറഞ്ഞു തീരും മുൻപ് അമ്മുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീഴാൻ തുടങ്ങിയിരുന്നു.

ചോദിച്ചത് കേട്ടില്ലേ…എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോന്നു..

ഇല്ലാന്നു അമ്മു തല ഉയർത്താതെ തന്നെ തലയാട്ടി.

ആ…എന്തായാലും ഉണ്ണിയോട് ഞാൻ ഒരു ചൂരൽ സ്തീധനായിട്ട് തരാൻ പറഞ്ഞിട്ടുണ്ട്.

കേട്ടത് തെറ്റിയതാണോന്നറിയാൻ അവൾ തല ഉയർത്തി നോക്കിയപ്പോൾ കൈ കെട്ടികൊണ്ട് അവളെ തന്നെ നോക്കി ചിരിച്ച് കൊണ്ട് നിൽക്കുന്ന വിപിയേട്ടനെയാണ്.

എന്താ പറഞ്ഞേ…

അവൾ കണ്ണു മിഴിച്ച് കൊണ്ട് ചോദിച്ചു.

ഒരു പ്രാവിശ്യമേ പറയൂ.ഇനി പറയില്ല

പ്ലീസ്…പ്ലീസ് ഒരു പ്രാവിശ്യം കൂടി

അവൾ കുഞ്ഞുങ്ങളെ പോലെ വാശി പിടിച്ചു.

ശ്രദ്ധിച്ച് കേൾക്കണം.ഇനി ഒരിക്കൽ കൂടി പറയില്ല

അമ്മു പറയുന്നത് കേൾക്കാനായി ചെവി കൂർപ്പിച്ചു

ഉണ്ണിയുടെ കാന്താരിചെടികളിലൊന്നിനെ ഞാൻ എന്റെ വീട്ടിലേക്ക് മാറ്റി നടാൻ തീരുമാനിച്ചുന്ന്

അമ്മുവിന്റെ മൂക്ക് പിടിച്ച് ചുഴറ്റി കൊണ്ട് പറഞ്ഞു.

സത്യം…

അവളത് ചോദിച്ചപ്പോൾ അതെയെന്ന് ചിരിച്ചു കൊണ്ട് വിപിയേട്ടൻ തലയാട്ടി.

അമ്മു രണ്ടടി പിറകിലോട്ട് മാറി.എന്നിട്ട് അവന്റെ നെറ്റിയിൽ അവളുടെ നെറ്റി കൊണ്ട് ഇടിച്ചിട്ട് ഓടി പോയി.

ഇപ്പോ എന്നെ കരയിച്ചില്ലേ.അതിനാ ഇത്.

അഊ….വിപിയേട്ടൻ നെറ്റി തടവി കൊണ്ട് അവൾ ഓടി പോവുന്നത് നോക്കി നിന്നു.

××××××××××××××××××××××××××××

ദുഷ്ടൻ എന്നാലും പെണ്ണു കാണാൻ പോവുംന്നു പറഞ്ഞല്ലോ.

പാവാട മുട്ടുവരെ കയറ്റി.ചൂരലിന്റെ പാട് മുട്ടിനു താഴെയായി തിണർത്ത് കിടക്കുന്നു. മെല്ലെ തൊട്ടു നോക്കി.ശ്ശ്…എന്തൊരു വേദന.കുറച്ച് വെള്ളം കൈയിലെടുത്ത് പാടിൽ ഉറ്റിച്ചു.ഭയങ്കര നീറ്റൽ.

നിങ്ങൾക്ക് പെണ്ണ് കാണാൻ പോവണമല്ലേ…നിങ്ങളെ ഞാൻ പെണ്ണ് കാണിക്കാം. ഇതിനുള്ള പണി ഈ മാളു തന്നിരിക്കും

നീ ആർക്ക് പണി കൊടുക്കുന്ന കാര്യമാടി ഒറ്റക്ക് ഇരുന്നു പറയുന്നത്.

ഉണ്ണിയേട്ടൻ വാതിലിൽ ചാരി നിൽക്കുന്നത് കണ്ടതും മുഖം വീർപ്പിച്ചു.

വേദനിച്ചോടീ…

അടുത്ത് വരുന്നിരുന്നു നേർത്ത സ്വരത്തിൽ ചോദിച്ചു.

കാന്താരി തേച്ച ചൂരലോണ്ട് അടിച്ചിട്ട് വന്ന് ചോദിക്കുന്നത് കേട്ടില്ലേ.ഈ ചോദ്യത്തിലുള്ള മയമൊന്നും ആ അടിയിൽ കണ്ടില്ലല്ലോ.അതോണ്ട് ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തുറിച്ച് നോക്കി.കുറച്ച് നീങ്ങിയിരുന്നു.

നിങ്ങൾ രണ്ടും എന്റെ ക്ഷമയേ പരീക്ഷിച്ചിട്ടല്ലേ..എന്തൊക്കെയാ ചെയ്ത് കൂട്ടുന്നത് രണ്ടും .എവ്ടെ പോയാലും നിങ്ങൾ രണ്ടിനെ പറ്റിയും പരാതി മാത്രേ ഉള്ളൂ.
കൂടി

വീണ്ടും അടുത്തേക്ക് നീങ്ങിയിരുന്ന് കൊണ്ട് ഉണ്ണിയേട്ടൻ പറഞ്ഞതും വീണ്ടും ദേഷ്യത്തോടെ നോക്കി വീണ്ടും മുഖം തിരിച്ചു.

എന്തായാലും ഞാനും വിപിയും കൂടി ഒരുകൈ നോക്കാൻ തീരുമാനിച്ചു.നിങ്ങളെ നന്നാക്കാൻ പറ്റ്വോന്ന് ഞങ്ങളൊന്നു നോക്കട്ടെ.

അത് കേട്ട് ഞെട്ടാലോടേ നോക്കിയതും ഉണ്ണിയേട്ടന്റെ മുഖത്ത് കള്ളചിരി.

ബ്രോക്കറ് പറഞ്ഞപ്പെണ്ണിനെ പോയി നന്നാക്ക് എന്നെ നന്നാക്കാൻ ആരും വരണ്ട.ഞാൻ നന്നാവാൻ ഉദ്ധേശിക്കുന്നുല്ല

കീഴ്ചുണ്ട് ഉന്തി കൊറുവിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് എഴുന്നേറ്റു

അങ്ങനെയാണേ ഇനിയും എന്റെ ചൂരലിനു പണിയാവും.

അത് പറഞ്ഞതും വലിച്ച് ആ നെഞ്ചോട് ചേർത്തു.

നിനക്ക് അമ്മൂന് പണ്ടേക്ക് പണ്ടെ കൊടുത്ത വാക്ക് പാലിക്കണ്ടേ.എന്നെ പൊന്നു പോലെ നോക്കിക്കോളാംന്നു വാക്ക് കൊടുത്തതല്ലേ.

വേണ്ടാ….

പിണക്കോത്തോടെ പറഞ്ഞതും പിന്നെയും പിടിമുറിക്കി.

ഈ മാളു ഉണ്ണിടേ അല്ലേ…

അല്ലാ…

അപ്പോ എങ്ങനെയാടീ…നിന്നെ പോലെ തലതിരിഞ്ഞ നമ്മള്ടെ കുട്ടികളെ ചൂരലോണ്ട് വീക്കുവാ…

ഒന്നും മിണ്ടാതെ ..മുഖത്ത് നോക്കാതെ നിന്നു.

നിനിക്കെന്റെ തയമ്പിച്ച കൈയുടെ ചൂടറിയേണ്ടേ…എന്നാലേ നീ നന്നാവൂന്നല്ലേ പറഞ്ഞേ..

പിന്നെയും മിണ്ടാതെ നിന്നു.

പറയെടീ…അപ്പോ നിനിക്ക് നെഞ്ചിലെ പ്രണയ ചൂടറിയേണ്ടേ

ആ കണ്ണിൽ വിരിഞ്ഞ ഭാവമെന്തെന്നറിയാൻ നോക്കിയപ്പോൾ കണ്ടു ഇത്രയും വർഷം ഒളിപ്പിച്ചു വെച്ച പ്രണയം തെളിമയോടെ കത്തി നിൽക്കുന്നത്.അത് മതിയായിരുന്നു എന്നിൽ നാണത്തിന്റെ പൂക്കൾ വിരിയിക്കാൻ.

×××××××××××××××××××××××××××

അങ്ങനെ ഞങ്ങളെ നന്നാക്കാനുള്ള അവസാന ശ്രമമെന്ന പോലെ ഉണ്ണിയേട്ടൻ എന്റെ കഴുത്തിലും വിപിയേട്ടൻ അമ്മുവിന്റെ കഴുത്തിലും താലികെട്ടി.രണ്ട് വീട് അപ്പുറത്ത് പോവുന്ന അമ്മുവിനെ കെട്ടിപ്പിടിച്ച് കരയുന്ന എന്നെ കളിയാക്കിയെങ്കിലും എല്ലാർക്കും മനസിലാവുന്നുണ്ടായിരുന്നു ഒരു ഏട്ടന്റെ മനസ് ഉരുകുന്നത്.അപ്പൂട്ടനു ആകെയുള്ള വിഷമംന്താന്നു വെച്ചാൽ അടുത്ത് തന്നെ ഞങ്ങൾ രണ്ടും ഉള്ളത് കൊണ്ട് ഇനിയും അടി ഷയർ ചെയ്യണമല്ലോന്നു.

രാത്രി അമ്മായി തന്ന പാൽ ഗ്ലാസുമായ് ഉണ്ണിയേട്ടന്റെ റൂമിലേക്ക് പോവുമ്പോൾ ഞാനായിരുന്നു വെളിച്ചപ്പാടിനെ പോലെ വിറച്ചത്.പേടിച്ചിട്ട്…..

അവസാനിച്ചു…