അപ്പോള്‍ ഇവളുടെ കണ്ണുകളും സൂര്യേട്ടനെ തേടിയിരുന്നത് പ്രണയഭാവത്തിലായിരുന്നോ. അതായിരുന്നോ ലൈബ്രറിയില്‍ വെച്ച്…

ഒരു പക്ഷേ…

Story written by DEEPTHY PRAVEEN

” എടീ ആമി ആത്മഹത്യ ചെയ്തു.. നീയറിഞ്ഞോ… ”

മീനു ചെവിയരുകില്‍ വന്ന് അത് പറയുമ്പോള്‍ കണ്ണില്‍ ഇരുട്ടു കയറിയതു പോലെ.. ചുറ്റുപാടും വിസ്മരിച്ച ഒരു നിമിഷം നിന്നു പോയി. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്തു..തന്റെ കല്യാണമാണ് ഇന്ന്… സൂര്യേട്ടന് അരുകില്‍ ഫോട്ടോ ഷൂട്ടിലാണ്… മുഖത്തെ പതര്‍ച്ച മനസ്സിലാക്കിയിട്ടെന്ന പോലെ പുരുകി ചുളിച്ച് എന്തു പറ്റിയെന്ന് ചോദിക്കുന്ന ഭാവം… ചെറുതായി ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് കണ്ണുകള്‍ അടച്ചു കാട്ടിയപ്പോള്‍ അറിയാതെ ഉറഞ്ഞു പോയ കണ്ണുനീര്‍തുള്ളികള്‍ കവിളിലൂടെ യാത്ര തുടങ്ങി..

” അയ്യേ…നീ കണ്ണ് തുടയ്ക്ക്… ആരെങ്കിലും കാണും..നിന്റെ അടുത്ത കൂട്ടുകാരി ആയിരുന്നില്ലെ അവള്‍.. അതിന്റെ സങ്കടം കാണുമെന്ന് അറിയാം.. എങ്കിലും ഇന്ന് ഇങ്ങനെ കരയരുത്‌.. ” കൈയ്യിലിരുന്ന തൂവാല വാങ്ങി കണ്ണീരൊപ്പി കൊണ്ട് നീതു പറഞ്ഞു… മുഖത്തെ ഭാവവ്യത്യാസം അവള്‍ അറിയാതെ ഇരിക്കാന്‍ തൂവാല വാങ്ങി മുഖം അമര്‍ത്തി തുടച്ചു കൊണ്ട് അവള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സൂര്യനാരായണന് അരുകിലേക്ക് നടന്നു…

” ആത്മാര്‍ത്ഥ കൂട്ടുകാരിയായിട്ടും എന്തിനായിരിക്കും അവള്‍ ഇന്ന് തന്നെ ഈ കടുംകൈ ചെയ്തത്… ” സൂര്യന്റെ അടുത്തേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നും നീതുവിന്റെ പതിഞ്ഞ സ്വരം കാതുകളെ പൊള്ളിച്ചു…

നെഞ്ചിനുള്ളില്‍ സങ്കടത്തിന്റെയും കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും കടല്‍ അലയടിക്കാന്‍ തുടങ്ങി…വല്ലാത്ത ശ്വാസം മുട്ടല്‍… സൂര്യേട്ടന്‍ ഇടയ്ക്കിടെ സംശയത്തോടെ തന്നെ നോക്കുന്നത് കൂടി കണ്ടതോടെ വേവലാതി കൂടി…

അല്‍പം മുന്‍പ് വരെ ലോകം കീഴടക്കിയ സന്തോഷത്തോടെയും അഹങ്കാരത്തോടെയും സൂര്യേട്ടനോട് ചേര്‍ന്നു നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്‌… പക്ഷെ ഇപ്പോള്‍ ആരോ വിലക്കുന്നത് പോലെ…കുറ്റബോധത്താല്‍ തലയുയര്‍ത്തി സൂര്യേട്ടനെ നോക്കാന്‍ പോലും തോന്നുന്നില്ല..

തന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ കുറച്ചു നേരം റെസ്റ്റ് വേണമെന്നു പറഞ്ഞു ക്യാമറാമാന്‍മാരെ പറഞ്ഞു വിട്ട ശേഷം എന്നോടൊപ്പം ഒഴിഞ്ഞ കോണിലേക്ക് മാറിയിരിക്കുമ്പോള്‍ നെഞ്ച് പടാപടാ മിടിക്കാന്‍ തുടങ്ങി.. തെറ്റു ചെയ്ത ഭാവം…സൂര്യേട്ടനോട് എങ്ങനെ പറയും.. കൈകാലുകള്‍ തണുത്ത് വിറങ്ങലിച്ചു താനും ഒരു ശവമായി മാറുമോന്ന് ഭയന്നു…

” ഈ തിരക്കും കാര്യവും എല്ലാമായിട്ട് താന്‍ ടൈയേഡാണ്… താനൊന്ന് റിലാക്സാവൂ… ഞാന്‍ എന്റെ ഫ്രണ്ട്സിനെ ഒന്നു കണ്ടിട്ടു വരാം..” ഒറ്റയ്ക്ക് ഒന്ന് ഇരുന്നാല്‍ മതിയെന്ന ആഗ്രഹിച്ചതെ ഉണ്ടായിരുന്നുള്ളു.. തലയാട്ടി സമ്മതം പറയുമ്പോള്‍ മിഴികള്‍ താഴേക്ക് പതിഞ്ഞിരുന്നു. മിഴികള്‍ ഉയര്‍ത്തിയാല്‍ പിടിക്കപെടുമോ എന്ന ഭയം.

ഇനിയും രണ്ടു മണിക്കൂര്‍ കഴിഞ്ഞാലേ സൂര്യേട്ടന്റെ വീട്ടിലേക്ക് പോകാന്‍ പറ്റൂ… ഉമിത്തീയില്‍ ഉരുകുന്നത് പോലെ ശരീരമൊക്കെ പൊള്ളിത്തുടങ്ങി…

അവള്‍…. ആമി… അവള്‍ ഇങ്ങനെ ചെയ്തോ… പറഞ്ഞതു പോലെ തന്നെ… ഇതറിയുമ്പോള്‍ സൂര്യേട്ടന്റെ പ്രതികരണം എന്തായിരിക്കും… നൂറായിരം ചോദ്യങ്ങളുടെ അമ്പേറ്റ് മനസ്സ് പിടയാന്‍ തുടങ്ങി…

ഓര്‍മ്മ വെച്ച കാലം മുതല്‍ വലം കൈയ്യില്‍ അവളുടെ ഇടം കൈ ഉണ്ടായിരുന്നു… പൊതുവായ തൊട്ടാവാടിയായിരുന്ന തന്റെ ബോഡി ഗാര്‍ഡ് കൂടിയായിരുന്നു അവള്‍… ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ കണ്ണു നിറയുന്ന തന്റെ കൈകള്‍ മുറുകെ പിടിച്ചു കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ അവള്‍ പോയിരുന്ന പോക്ക്.. നിഴല് പോലെ അവള്‍ കൂടെ ഉണ്ടായിരുന്നു.. കൂട്ടുകാരിയേക്കാള്‍ ഉപരി ഒരു കൂടപ്പിറപ്പിനെ പോലെ… ആതൂന്ന് മുഴുവനും വിളിക്കില്ലായിരുന്നു…. കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധത്തിലായിരുന്നു…

തൊട്ടാവാടിയായ തന്നെ ദൂരേയ്ക്ക് പഠിക്കാന്‍ വിട്ടത് തന്നെ ആമിയുടെ ബലത്തിലാണ്.. പിന്നെ എപ്പോഴാണ് എല്ലാവരും അകലങ്ങളിലേക്ക് മാറിയത്‌….

തൊട്ടാവാടിയായ തന്നെ ദൂരേയ്ക്ക് പഠിക്കാന്‍ വിട്ടത് തന്നെ ആമിയുടെ ബലത്തിലാണ്.. പിന്നെ എപ്പോഴാണ് എല്ലാവരും അകലങ്ങളിലേക്ക് മാറിയത്‌….

കോളേജിലെ സീനിയര്‍ ആയിരുന്ന സൂര്യേട്ടന്റെ കണ്ണുകള്‍ പലപ്പോഴും തന്നെ തേടി വന്നപ്പോള്‍ ആമിയിലേക്ക് ഒതുങ്ങി കൂടിയിരുന്നു… അറിയാത്ത നാട്ടിലെ അത്രയും വലിയ കോളേജില്‍ ആകെയൊരു ധൈര്യം ആമി മാത്രമായിരുന്നു. താന്‍ കൈകളില്‍ പിടിച്ചു പിന്നോക്കം മാറുമ്പോഴേല്ലാം ആമി താക്കീത് ചെയ്യുന്ന ഭാവത്തില്‍ സൂര്യേട്ടനെ നോക്കിയിരുന്നു. പക്ഷേ സൂര്യേട്ടന് വിടാനുള്ള ഭാവമില്ലായിരുന്നു. പിന്നീട് എപ്പോഴൊക്കെയോ തന്റെ മിഴികളും സൂര്യേട്ടനെ തേടാന്‍ തുടങ്ങിയിരുന്നു .. അപ്പോഴൊക്കെയും ആമിയുടെ കണ്ണുകളും സൂര്യേട്ടനില്‍ ആയിരിക്കും.. ദിവസങ്ങള്‍ മുന്നോട്ട് പോകും തോറും കണ്ണുകളുടെ കഥപറച്ചില്‍ ചുണ്ടിലെ പുഞ്ചിരിയിലെത്തിയിരുന്നു. ആമിയുടെ നിഴലായി നടന്നിരുന്ന താന്‍ പതിയെ പതിയെ ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങി. ലൈബ്രറിയില്‍ പോകണമെന്നു പറഞ്ഞാല്‍ ആമി ഒപ്പം വരില്ല.. വായന അവള്‍ക്ക് അത്ര അലര്‍ജി ആയിരുന്നു . മുന്‍പൊക്കെ അവളുടെ സൗകര്യം നോക്കി ലൈബ്രറിയില്‍ പോയിരുന്ന താന്‍ അവിടേയ്ക്കുള്ള പോക്ക് സ്ഥിരമാക്കിയത് സൂര്യേട്ടനോട് ആമി അറിയാതെ മിണ്ടാന്‍ ആയിരുന്നു . പലതവണ സൂര്യേട്ടനെ പറ്റി ആമിയോട് പറയാന്‍ തുനിഞ്ഞെങ്കിലും അവള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയം പുറകിലേക്ക് വലിച്ചു. അവള്‍ എടുത്തു ചാടി വീട്ടില്‍ അറിയിച്ചാല്‍ സൂര്യേട്ടനെ ഒരിക്കലും കാണാന്‍ സാധിച്ചില്ലെങ്കിലോയെന്നു ഭയന്നു. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ഒരിക്കല്‍ പോലൂം ആമി തന്റെ കള്ളം പിടിച്ചില്ലല്ലോന്ന ധൈര്യത്താല്‍ ലൈബ്രറിയില്‍ പോക്കു തുടരുകയും ആ ബന്ധം കൂടുതല്‍ ദൃഢമാകുകയും ചെയ്തു.

ഒരു ദിവസം തന്റെ ബാഗിലിരുന്ന ,ആമിയുടെ ബുക്ക് വാങ്ങാന്‍ ആണ് അവള്‍ തിടുക്കത്തില്‍ ലൈബ്രറിയിലേക്ക് വന്നത്. അവസാനവര്‍ഷ പരീക്ഷയുടെ ചൂടിലായിരുന്നു എല്ലാവരും.. സൂര്യേട്ടനൊക്കെ ക്ലാസ് കഴിഞ്ഞിരുന്നെങ്കിലും ഇടയ്ക്കിടെ കോളേജില്‍ എത്തിയിരുന്നു. അപ്രതീക്ഷിതമായി സൂര്യേട്ടനോട് ഒപ്പം തന്നെ കണ്ട ആമി ആദ്യം ഒന്നു പകച്ചു പോയി. പിന്നീട് പൊട്ടിക്കരഞ്ഞു കൊണ്ട് തിരിഞ്ഞോടി. ആമിയുടെ പ്രതികരണം കണ്ട താനും സൂര്യേട്ടനും പരസ്പരം നോക്കി. ആമിയില്‍ നിന്നും ഒരു പൊട്ടിത്തെറിയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

അന്ന് ഏറെ ഭയത്തോടെയാണ് ഹോസ്റ്റലിലേക്ക് മടങ്ങിയത്‌. ആമി അപ്പോള്‍ തന്നെ കോളേജില്‍ നിന്നും മടങ്ങിയിരുന്നു. റൂമിലെത്തിയിട്ടും അവളോട് മിണ്ടാന്‍ പേടിയായിരുന്നു. അവളും തന്നെ അവഗണിച്ചു. അവളോട് മറച്ചു വെച്ചത് തെറ്റായി പോയി എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. പക്ഷേ എന്തു പറഞ്ഞു സംസാരിച്ച് തുടങ്ങും. നിഴലായി നടന്നിരുന്ന അവളും എന്നില്‍ നിന്നൂം അകലം പാലിച്ചപ്പോള്‍ വല്ലാതെ നൊന്തു.. ഞാന്‍ അവള്‍ക്ക് നല്‍കിയത് അത്രയും വലീയ വേദനയാണെന്ന തിരിച്ചറിവോടെയാണ് മാപ്പ് പറയാന്‍ അവളുടെ മുന്നില്‍ ചെന്നു നിന്നത്..

” ആമി.. നീ എന്നോട് ക്ഷമിക്ക്. നിന്നോട് മറച്ചു വെച്ചത് തെറ്റാണ്.. പക്ഷേ നിന്റെ പ്രതികരണത്തെ ഭയന്നാണ്… ‘ രൂക്ഷമായിട്ടൊരു നോട്ടമായിരുന്നു മറുപടി ..

പിന്നിലൂടെ ചെന്നു അവളെ ചേര്‍ത്തു പിടിച്ചു സോറി പറഞ്ഞു..

കുറച്ചു സമയം ഒന്നും മിണ്ടിയില്ല…

” ആതൂ…അതൊന്നും ശരിയാവില്ല.. എല്ലാ ക്യാംപസ് പ്രണയങ്ങളെയും പോലെയുള്ളു ഇതും.. അവസാനം നീ കരയുന്നത് കാണാന്‍ വയ്യെടാ. നീ അത് ഒഴിവാക്ക്.. ”

” ആമി..അങ്ങനെയല്ല. സൂര്യേട്ടന് ക്യാംപസ് ഇന്‍റര്‍വ്യൂയില്‍ ജോലി ശരിയായിട്ടുണ്ട്. വീട്ടിലെത്തി സംസാരിക്കും. ” അവളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു

” ആതു നീ വെറും പൊട്ടിയാകരുത്.. ഇത് നമുക്ക് ശരിയാവില്ല.നിര്‍ത്തിയേക്ക് ” അവസാന വാക്ക് പോലെ പറഞ്ഞു നിര്‍ത്തി.

അവളോട് തര്‍ക്കത്തിന് നില്‍ക്കാതെ ആ സംസാരം അവിടെ അവസാനിപ്പിച്ചു . സൂര്യേട്ടനോട് ഈ കാര്യം പറഞ്ഞപ്പോഴും പ്രതികരിക്കാതെ അനുസരിക്കുന്നത് പോലെ ഭാവിക്കു എന്നാണ് പറഞ്ഞത്.

ആ സംഭവത്തിന് ശേഷം ആമി കൂടുതലായി കെയറ് ചെയ്യാനും സ്നേഹിക്കാനും തുടങ്ങി. അവള്‍ പറഞ്ഞപ്പോള്‍ സൂര്യേട്ടനെ പുല്ല് പോലെ വേണ്ടെന്നു വെച്ചെല്ലോന്ന സന്തോഷം പലതവണ പറഞ്ഞു . കോളേജില്‍ നിന്നും ഇറങ്ങിയ സൂര്യേട്ടന്‍ ജോലിയില്‍ പ്രവേശിച്ചു. എന്റെ പഠനം കഴിഞ്ഞ് പെണ്ണു ചോദിക്കാന്‍ വരാമെന്ന് തീരുമാനിച്ചു. ആമി അറിയാതെ രഹസ്യമായി ബന്ധം തുടര്‍ന്നു. ആമിയുടെ ഓവര്‍ സ്നേഹം പലപ്പോഴും ഇറിറ്റേറ്റ് ചെയ്തെങ്കിലും അവള്‍ക്ക് സങ്കടം ആവേണ്ടെന്നു കരുതി ഒന്നും കണ്ടില്ലെന്ന് നടിച്ചു.

പരീക്ഷ കഴിഞ്ഞു അടുത്താഴ്ച സൂര്യേട്ടന്റെ വീട്ടില്‍ നിന്നും കല്യാണം ആലോചിച്ചു വന്നു.. കുടുംബങ്ങള്‍ തമ്മിലും ജാതകങ്ങള്‍ തമ്മിലും പൊരുത്തമുള്ളത് കൊണ്ട് ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു.

ആമിയുടെ അച്ഛനെയും അമ്മയെയും അറിയിച്ചു അവര്‍ക്കും സന്തോഷമായി. വൈകുന്നേരം ആമി വീട്ടിലേക്ക് പാഞ്ഞുവന്നു. തന്റെ കൈ പിടിച്ചൂ വീടിന് പുറകിലെ പാടത്തേക്ക് പിടിച്ചു കൊണ്ടു പോയി…

പെട്ടെന്ന് ഉള്ള അവളുടെ ഭാവം കണ്ടൊന്നു ഭയന്നു മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

” നിനക്ക് അവനെ കെട്ടണോ. ” ദേഷ്യത്താല്‍ വക്രിച്ച മുഖത്തോടെ അവള്‍ ചോദിച്ചു.

” അത്. നിന്നോട് ഞാന്‍ പറഞ്ഞതല്ലേ സൂര്യേട്ടന്‍ വന്ന് ചോദിക്കുമെന്ന്. ഇപ്പോള്‍ നിനക്ക് വിശ്വാസമായില്ലേ. ”

” അപ്പോള്‍ ഞാന്‍… ഞാന്‍ എന്ത് ചെയ്യും.. ”

അവളുടെ ചോദ്യം എന്റെ നെഞ്ചില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു..

അപ്പോള്‍ ഇവളുടെ കണ്ണുകളും സൂര്യേട്ടനെ തേടിയിരുന്നത് പ്രണയഭാവത്തിലായിരുന്നോ. അതായിരുന്നോ ലൈബ്രറിയില്‍ വെച്ച് പൊട്ടിക്കരഞ്ഞത്.

ആ ചിന്ത പോലും എന്നില്‍ വല്ലാത്ത വെറുപ്പും ദേഷ്യവും ഉണ്ടാക്കി.. അവളോട് മറുപടി പറയാതെ വീട്ടിലേക്ക് ഓടി. അവള്‍ തന്നെ അപായപെടുത്തുമോ എന്നു പോലും ഭയന്നു.

ആമി പുറകെ വിളിച്ചു വന്നെങ്കില്‍ തിരിഞ്ഞു നിന്നില്ല.ഓടി വീട്ടിലെത്തി മുറിയില്‍ കയറി വാതലടച്ചു. കുറച്ചു മുന്‍പ് നടന്നതൊക്കെ ഒന്നു കൂടി മനസ്സില്‍ കണ്ടു. ആ ഓര്‍മ്മയില്‍ നടുങ്ങി പോയി. ആമിയും സൂര്യേട്ടനെ സ്നേഹിച്ചിരുന്നു. താന്‍ എന്തെ അത് മനസ്സിലാക്കാതെ പോയി. അന്ന് സൂര്യേട്ടനെ വേണ്ടെന്നു പറഞ്ഞത് അവള്‍ക്ക് സ്വന്തമാക്കാന്‍ ആയിരുന്നോ. എന്തു ചെയ്യണമെന്ന് അറിയാതെ മനസ്സുഴറി.

സൂര്യേട്ടനെ വിട്ടു കൊടുക്കാന്‍ തനിക്ക് കഴിയുമോ.? തിരിച്ചും മറിച്ചും ചിന്തിച്ചു. താന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ. അവളുടെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതൊന്നും അല്ലല്ലോ. സൂര്യേട്ടന് തന്നെയല്ലേ ഇഷ്ടം.. അന്നൂ രാത്രിയില്‍ മുഴുവന്‍ ആലോചിച്ചു . ഒടുവില്‍ സൂര്യേട്ടനോട് കാര്യം പറയാമെന്നു തീരുമാനിച്ചു. ബാക്കി സൂര്യേട്ടന്‍ തീരുമാനിക്കട്ടെ.

അടുത്ത ദിവസം അമ്പലത്തില്‍ വെച്ചു കാണണമെന്ന് മെസേജ് അയച്ച ശേഷം ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം വന്നതേയില്ല. സൂര്യേട്ടന്‍ എന്തു തീരുമാനിക്കുമെന്ന ആശങ്ക അലട്ടികൊണ്ടിരുന്നു.

രാവിലെ തന്നെ അമ്പലത്തിലേക്ക് പോയി . സാധാരണ ആമിയും ആയിട്ടാണ് പോകുന്നത്.. തിടുക്കത്തില്‍ അമ്പലത്തിലേക്ക് നടന്നു. ദൂരേന്നേ കണ്ടു തന്നെ കാത്ത് ആല്‍മരച്ചുവട്ടില്‍ സൂര്യേട്ടന്‍ നില്‍ക്കുന്നത്. രണ്ടൂപേരും ഒരുമിച്ച് അമ്പലത്തില്‍ കയറി തൊഴുതു..ഒരു പരിഹാരമാര്‍ഗം കാട്ടിത്തരണേന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു.

തിരികെ ആല്‍മരച്ചുവട്ടിലെത്തി. സൂര്യേട്ടനോട് കാര്യങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും പതറിപ്പോയിരുന്നു. എല്ലാം കേട്ട ശേഷവും പ്രത്യേകിച്ചും ഭാവവ്യത്യാസം ഒന്നും ആ മുഖത്ത് ഉണ്ടായില്ല.

” ആതിരേ. ഇതില്‍ നമ്മള്‍ എന്തു ചെയ്യാനാണ്. താന്‍ കാര്യം പറഞ്ഞു കൂട്ടുകാരിയെ മനസ്സിലാക്കു. ഞാന്‍ ആ കുട്ടിയെ അങ്ങനെയൊന്നും കണ്ടിട്ടില്ല. എനിക്ക് തന്നെയാണ് വേണ്ടത്. പകരം കൂട്ടുകാരിയെ നീട്ടി താന്‍ എവിടെ പോകുന്നു. ” സ്വരത്തില്‍ ലേശം നീരസം..

” സൂര്യേട്ടാ. ഞാന്‍ കാര്യങ്ങള്‍ അറിയിച്ചതാണ്.അല്ലാതെ ആമിയെ ഏറ്റെടുക്കാനല്ല പറഞ്ഞത്. ” ഞാനും വിട്ടു കൊടുത്തില്ല.

” എങ്കില്‍ കൂടൂതല്‍ കാര്യമൊന്നും പറയേണ്ട.. നമ്മള്‍ തമ്മിലുള്ള കല്യാണമെ നടക്കു.. ” ഇതും പറഞ്ഞു സൂര്യേട്ടന്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ ചിരിക്കണോ കരയണോന്ന് അറിയാതെ നിന്നു..

വീട്ടിലെത്തി കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു. അപ്പോഴേക്കും ആമി അവളുടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി തുടങ്ങിയിരുന്നു. ഈ കല്യാണം നടത്തരുതെന്ന് അവള്‍ അച്ഛനെ വിളിച്ചു പറഞ്ഞു.. പ്രശ്നങ്ങള്‍ വഷളായി.

സൂര്യേട്ടന്‍ അവളെ സ്നേഹിച്ചു വഞ്ചിച്ചൂന്ന് അവളുടെ അച്ഛനൂം അമ്മയും തെറ്റിദ്ധരിച്ചു.

ഞങ്ങളുടെ കല്യാണം ഉറപ്പിച്ചെന്ന് അറിഞ്ഞതോടെ ആമി ഭ്രാന്തിന്റേ വക്കിലെത്തി. ഞാനും അവളെ പാടെ അവഗണിച്ചിരുന്നു.

ഒരു തവണ അവള്‍ എന്നെ ഫോണ്‍ വിളിച്ചു എന്നോടൊപ്പം അവളെയും കൂടി വിവാഹം കഴിക്കാന്‍ സൂര്യേട്ടനോട് പറയുമോന്ന് ചോദിച്ചപ്പോള്‍ വല്ലാത്ത വെറുപ്പ് തോന്നി.. അതോടു കൂടി ഫോണില്‍ കൂടി പോലും സംസാരിക്കാന്‍ നിന്നിട്ടില്ല. അവളുടെ കുടുംബവും ഞങ്ങളോട് അകന്നു.

ആമി എപ്പോഴും ഒരു മുറിയില്‍ അടച്ചിരിപ്പാണെന്ന് അമ്മയോട് ആരോ പറഞ്ഞൂന്ന് പറയുന്നത് കേട്ടപ്പോഴും ഒട്ടും അനുകമ്പ തോന്നിയില്ല. സൂര്യേട്ടനെ പങ്കുപറ്റാന്‍ വന്നവള്‍ എന്ന അരിശവും ഉണ്ടായിരുന്നു .

കല്യാണ ഒരുക്കങ്ങള്‍ തിടുക്കത്തില്‍ നടന്നു.

കല്യാണത്തലേന്ന് സന്തോഷത്തിന്റെ കൊടുമുടിയിലേറി നില്‍ക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.. അവള്‍ ആമി.. ആ കോലം കണ്ട് ഞാന്‍ തന്നെ പതറി പോയി.. എണ്ണമയം ഇല്ലാത്ത മുടി അലക്ഷ്യമായി വാരി കെട്ടിയിരിക്കുന്നു ചുരിദാറിന്റെ ഷാള് വാരി ചുറ്റി മെലിഞ്ഞ നിര്‍ജീവമായ മുഖമുള്ള ആമി പഴയ ആമിയുടെ പ്രേതം പോലെ തോന്നി. അവളോടുള്ള എല്ലാ വൈരാഗ്യവും മറന്നു ഓടി ചെന്ന് അവളെ ചേര്‍ത്തു പിടിച്ചു. പണ്ട് കുസൃതി തുളുമ്പിയിരുന്ന അവളുടെ കണ്ണുകള്‍ ജീവനറ്റ മീനിനെ ഓര്‍മ്മിപ്പിച്ചു. എന്റെ മുഖത്തു നോക്കി ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തിയിട്ട് കൈകള്‍ കൂട്ടിപിടിച്ചു ആ കൈകള്‍ അഴിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കൈയ്യില്‍ ഒരു കവര്‍ അവശേഷിച്ചിരുന്നു. വേച്ചു വേച്ചു നടന്നകന്ന അവളെ അവളുടെ അമ്മ വന്നു ചേര്‍ത്തു പിടിച്ചു കൊണ്ട് പോയപ്പോള്‍ ഒരു വേദന തോന്നി.

രാത്രിയില്‍ തിരക്ക് ഒഴിഞ്ഞപ്പോഴാണ് ആ കവര്‍ തുറക്കാന്‍ സാധിച്ചത്. അതില്‍ ഒരു എഴുത്ത് ഉണ്ടായിരുന്നു .

എന്റെ ആതുവിന്,

നിനക്ക് എന്നെ വിട്ടു പോകാന്‍ എങ്ങനെ തോന്നി മോളേ..എന്നേക്കാള്‍ അധികം നിന്നെ ഞാന്‍ സ്നേഹിച്ചതല്ലേ..എന്താ എന്നെ മനസ്സിലാക്കാതെ പോയത്. നിന്റെ സൂര്യേട്ടനെ പങ്കുവെയ്ക്കാനല്ല എന്നെ കൂടി കല്യാണം കഴിക്കാന്‍ പറഞ്ഞത്.നിന്നെ ഒരിക്കലും നഷ്ടപെടാന്‍ വയ്യാത്തത് കൊണ്ടാണ്. നിന്നെ പതിയെ പറഞ്ഞു മനസ്സിലാക്കി എന്റേത് മാത്രമാക്കാമെന്നു പ്രതീക്ഷിച്ചിട്ടാണ്..

പക്ഷേ നീ എന്നില്‍ നിന്നും അകന്നപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി മോളേ. നിന്നെ പൂര്‍ണ്ണമായും നഷ്ടപെടുന്ന നിമിഷം ഞാന്‍ ഈ ലോകത്തു നിന്നും വിട പറയും..

എന്ന്

എന്നും നിന്റെ മാത്രമായ ആമി….

വായിച്ചു തീര്‍ന്നതും കണ്ണില്‍ ഇരുട്ടു കയറി.. ആമി.. അവള്‍ എന്താണ് പറഞ്ഞത്. തന്നെ സ്നേഹിച്ചെന്നോ. തന്നെ നഷ്ടപെടാന്‍ വയ്യെന്നോ.

ഏറെനാളുകള്‍ക്ക് ശേഷം അവളുടെ നമ്പര്‍ ഡയല്‍ ചെയ്ത് കാതോട് ചേര്‍ക്കുമ്പോള്‍ നെഞ്ചിടിക്കാന്‍ തുടങ്ങിയിരുന്നു . ആദ്യബെല്ല് അടിച്ചു നിന്നപ്പോള്‍ ഭയം തോന്നി തുടങ്ങി. ഒന്നു കൂടി ഡയല്‍ ചെയ്തു..

” ആതൂ.. ” തണുത്തുവിറങ്ങലിച്ച അവളുടെ ശബ്ദം..

ഏറേനേരം അവളോട് സംസാരിച്ചു.ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു..പറഞ്ഞു മനസ്സിലാക്കാനും ശ്രമിച്ചു. അവളിലേക്ക് മടങ്ങി ചെല്ലാനല്ലാതെ മറ്റൊന്നും അവള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നില്ല . ഒടുവില്‍ പിന്നെ ,വിളിക്കാം ..കടുംക്കൈ ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചത് ആശ്വാസത്തിന് വക നല്‍കിയിരുന്നു..

പക്ഷേ..അവള്‍…..

ഇത്രയേറേ തന്നെ സ്നേഹിച്ചിരുന്നോ….

” ആതിരേ….”

തിടുക്കത്തില്‍ തന്നിലേക്ക് നടന്നടുക്കുന്ന സൂര്യേട്ടനെ കണ്ടപ്പോഴെ കാര്യങ്ങള്‍ അറിഞ്ഞൂന്ന് മനസ്സിലായി..എന്തു പറയണമെന്ന് അറിയാതെ ഇരുന്നു..

” താന്‍ അറിഞ്ഞോ… ആമി.. ”

പകുതിക്ക് നിര്‍ത്തി..

താഴേക്ക് നോക്കി തലയാട്ടുമ്പോള്‍ മിഴികള്‍ പെയ്തുതുടങ്ങിയിരുന്നു..

” ആ കുട്ടി ഇത്ര വിഡ്ഢിയാണോ..ഞാന്‍ അങ്ങനെയൊന്നും ആ കുട്ടിയെ കരുതിയിട്ടെയില്ല. ഇന്നലെ ,രാത്രി അവളുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആ കുട്ടിയെ സ്നേഹിച്ചിരുന്നില്ലെന്ന് അവള്‍ തുറന്നു പറഞ്ഞൂന്ന്. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ എന്നും അവരുടെ മുന്നില്‍ ചതിയന്‍ ആയിരുന്നേനേ. .

എന്നാലും ആ കുട്ടിക്ക് എന്തു പറ്റിയതാണ്.. ”

ഒന്നിനും മറുപടി ഇല്ലാതെ തലകുനിച്ച് ഇരിക്കുമ്പോള്‍ ആമിയുടെ തലേന്നത്തെ രൂപമായിരുന്നു മനസ്സില്‍..

സൂര്യേട്ടന്റെ വീട്ടിലേക്ക് പോകാന്‍ ഡ്രസ് മാറാന്‍ ചെന്നപ്പോള്‍ ആ സ്യൂട്ട്കേസില്‍ ഭദ്രമായിവെച്ചിരുന്ന ആമിയുടെ കത്ത് എടുത്തു ഡ്രസ് മാറി വെളിയില്‍ ഇറങ്ങിയതും ഓഡിറ്റോറിയത്തിന്റെ അടുക്കള ഭാഗത്തേക്ക് നടന്നു ..ജോലിക്കാര്‍ പാത്രങ്ങള്‍ കഴുകിവെയ്ക്കുന്ന തിരക്കിലായിരുന്നു..

കൈയ്യിലുന്ന കവര്‍ ചുരുട്ടി അപ്പോഴും പുകഞ്ഞു കൊണ്ടിരുന്ന ഒരു അടുപ്പിലേക്ക് എറിഞ്ഞു.. അത് പുകഞ്ഞു പുകഞ്ഞു ആളിക്കത്തുന്ന കനലിനെ നെഞ്ചിലേറ്റി തിരിഞ്ഞു നടക്കുമ്പോള്‍ ആമിയോട് ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷയായി , ആരോടും പങ്കുവെയ്ക്കാനാവാതെ ആ കനലിനെ നെഞ്ചിലടക്കം ചെയ്യുകയായിരുന്നു.. ഒരു ജന്മം നീറീപുകയുവാന്‍…

മരണത്തിലും അവള്‍ പരിഹസിക്കപെടാതെ ഇരിക്കാന്‍ …