നിൻ്റെ മാത്രം ~ ഭാഗം-03 , എഴുത്ത്: ആനി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒന്നും മിണ്ടാതെ വണ്ടിയൊടിച്ചു പോകുന്ന മനുഷ്യനെ കണ്ടവൾക്ക് വല്ലായ്ക തോന്നി… വീട്ടിലേക്ക് ചെന്നു ഡോർ തുറന്നു കൊടുക്കുമ്പോഴും മുഖത്തേക്ക് നോക്കുന്നില്ല വന്നു കണ്ടവൾക്ക് സങ്കടം തോന്നി…ഹരി വണ്ടിയൊതുക്കി ഇടുമ്പോൾ അവൾ പിന്നിൽ നിന്നായി ഉറക്കെ വിളിച്ചു പറഞ്ഞു.. ഓഫീസിലേക്ക് വരാൻ.. തുടർന്ന്… ഓഫീസിൽ ചെന്നപ്പോ പകുതി ശബളത്തിൽ നിന്നും അല്പം കൂടെ ചേർത്ത് നൽകി കൊണ്ടു അവൾ പറഞ്ഞു..

” പലിശയുടെ കാര്യം ഞാൻ പറഞ്ഞിരുന്നു.. പക്ഷെ ഉടനെ വേണ്ടാ പതിയെ മതി… “

പറയുമ്പോൾ ഹരി അവളെ ആശ്വാസത്തോടെ നോക്കി… കൈകൾ കൂപ്പി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് അവൾ വീണ്ടും വിളിച്ചത്… എന്നിട്ട് അവന്റെ അരികിലേക്ക് നീങ്ങി നിന്നു പറഞ്ഞു..

“നാളെ പിറന്നാൾ ആണ് വലിയ ആഘോഷം ഒന്നുമില്ല എങ്കിലും ഹരി വരണം.. “

അത് പറഞ്ഞപ്പോ ഹരി ചെറുതായിപുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു…

“വരാം “

പൈസയുമായി തിരികെ നടന്നുപോകുന്ന ഹരിയെ അവൾനോക്കി നിന്നു… വെള്ളത്തിൽ വീണു പാതിബോധം മറയുന്നതിനു മുൻപ് ചേർത്ത് പിടിച്ച മെല്ലിച്ച കൈകളെ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….

ഹരി വീട്ടിലേയ്ക്ക് വന്നു കയറിയപ്പോഴേ കണ്ടത് അച്ഛന്റെ മൂത്രതുണിയെല്ലാം ഒതുക്കി വാരി അലക്കിയിടുന്ന അനുജനെ ആണ്… ഹരി പേരെടുത്തു അവനെ വിളക്കുമ്പോൾ കൈ ഒന്ന് ഉയർത്തി കാണിച്ചു കൊണ്ടു അവൻ ജോലി തുടർന്ന്…

അച്ഛന്റെ അരികിലേക്ക് ചെല്ലുമ്പോൾ അയാൾ അവനെ പുഞ്ചിരിച്ചു കൊണ്ടു നോക്കി.. ഹരിക്കു ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് അത്… അയാളുടെ ഏറ്റവും മോശം അവസ്ഥയിൽ കൂടെ കടന്നുപോകുമ്പോഴും പുഞ്ചിരിയോടെ നിൽക്കുന്ന ഒരു മനുഷ്യൻ..

അത് കാണുമ്പോൾ ഹരിയുടെ മനസ്സ്‌ നിറയും.. ഒറ്റ മുറിയിൽ നടു തളർന്നു കിടക്കുന്ന മനുഷ്യന് ഇനി സ്വപ്നങ്ങൾ ഒന്നും ഇല്ലന്ന് അറിയുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ വീണുപോകാതെ… ഏറ്റവും മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന മനുഷ്യനെ ഹരി ഇടയ്ക്കൊന്നു നോക്കും… ചായ ഇട്ടു കൊണ്ടു വന്നു വെയിലത്തു രാവിലെ ഉണക്കാൻ ഇരുന്ന ബെഡ്ഷീറ്റു മാറ്റി വിരിച്ചു.. ഹരി അയാളുടെ അരികിലേക്ക് ചെന്നിരിന്നു…

പതിഞ്ഞ ശബ്ദത്തിൽ അച്ഛൻ അവനോട് ചോദിച്ചു

“ഞാനൊരു ബുദ്ധിമുട്ട് ആവുന്നുണ്ടോ കുട്ടിയെ… “

ആ ഒറ്റ ചോദ്യത്തിൽ ഹരി വല്ലാതെ ആയിപോയി… അച്ഛന്റെ മുഖം കൈകളിൽ എടുത്തു കണ്ണ് നീറി അവൻ പറഞ്ഞു..” എങ്ങനെ അച്ഛാ…. ഇങ്ങള് ഞങ്ങൾക്ക് വേണ്ടി ജീവിച്ചതിന്റെ അല്പം പോലും തിരിച്ചു തരാൻ പറ്റണില്ല എന്ന വിഷമം മാത്രേ ഉള്ളു… അവൻ അത് പറഞ്ഞപ്പോ ആ മനുഷ്യൻ വീണ്ടും പുഞ്ചിരിച്ചു… ചായ ഊതി അച്ഛന്റെ വായിൽ കോരി കൊടുത്ത ശേഷം അല്പം ബ്രെഡ്‌ ഉം മുറിച്ചു കൊടുത്തു..

അവസാനം തോർത്ത്‌ മുണ്ടിന്റെ അറ്റം വെച്ചു അച്ഛന്റെ വായും മുഖവും തുടച്ചു കൊടുത്തു മാറാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ വീണ്ടും പിറകിൽ നിന്നു വിളിച്ചത്…എന്താണ് അച്ഛാ എന്ന് തിരിച്ചു ചോദിക്കുമ്പോൾ.. അച്ഛൻ തുറന്നിട്ട ജനാലക്കരികിൽ നിന്നും പുറത്തേക് നോക്കി പറഞ്ഞു….

“ജീവിതം ഒന്നേ ഉള്ളു… ആസ്വദിക്കുക…നിന്റെ .ജീവിതത്തിലെ ഏറ്റവും നല്ല സമയം ആണ് കടന്നുപോകുന്നത്.. നമ്മളെ വേണ്ട എന്ന് പറഞ്ഞു പോയ ഒരാളുടെ ഓർമ്മകൾ കരണം അത് ഇല്ലാതെയാക്കരുത്…. ഓരോ നിമിഷവും സന്തോഷത്തോടെ ഇരിക്കുക… ആവിശ്യമില്ലാത്ത ആളുകളെ മനസ്സിൽ നിന്നും മായിച്ചു കളയുക….

അച്ഛൻ അത് പറഞ്ഞപ്പോ വീണ്ടും ഒരു ചുരുണ്ട മുടിക്കാരിയെ ഓർമ്മ വന്നു എങ്കിലും മനഃപൂർവം മറന്നുകൊണ്ട് അവൻ അടുക്കളയിലേക്ക് പോയ്‌.

പിറന്നാളിന്റെ അന്ന് രാഘവേട്ടന്റെയും മനുചേട്ടന്റെയും കൂടെ ഹരി നിന്നപ്പോഴാണ് അവിടേക്ക് ഒരു അപ്സരസ്സിനെ പോലെ അവൾ കടന്നു വന്നത്… നടന്നു വരുമ്പോഴോ കേക്ക് മുറിച്ചുപ്പോഴോ തന്നെ നോക്കുന്ന പത്മിനിയെ ഹരിയും ശ്രെദ്ധിച്ചിരുന്നു… അവൾ എന്തിനാണ് ഇങ്ങനെ നോക്കുന്നത് എന്നൊരു ചിന്ത മനസ്സിൽ വന്നെങ്കിലും വെറും തോന്നാലുകൾ മാത്രം ആണ് അതൊക്കെ എന്ന് പറഞ്ഞു അവൻ ആശ്വസിച്ചു…

പിറന്നാൾ ബഹളങ്ങൾ ഒഴിഞ്ഞപ്പോഴാണ്… അവൻ അവളുടെ അരികിലേക്ക് ചെന്നത്… ചെറു പുഞ്ചിരിയോടെ അവൾക്കരികിലേക്ക് ചെന്നിട്ട് അവൻ കൈ നീട്ടി ഒരു ചെറിയ പൊതി നൽകി….ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു…

“പിറന്നാൾ ആശംസകൾ ഇത് ചെറിയൊരു സമ്മാനം ആണ് … അവൾ അടങ്ങാനാവാത്ത സന്തോഷത്തോടെ അവനെ നോക്കി… അല്പനേരത്തേ മൗനത്തിനു ശേഷം അവൻ പറഞ്ഞു…

” ക്ഷമിക്കണം…. അന്ന് അങ്ങനെയൊകെ പറ്റിപ്പോയി… മനസ്സിൽ വെച്ചേക്കണ്ട… ഒരല്പം എടുത്തുചാട്ടം ഉണ്ട്.. മോശം ആണെന്ന് അറിയാം എങ്കിലും മനസ്സുകൊണ്ട് കുട്ടിയോട് ഒരുപാട് തവണ ക്ഷമ ചോദിച്ചിരിക്കുന്നു…

അവൻ പറഞ്ഞു കഴിഞ്ഞപ്പോ അവൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞിരുന്നു.. കൈകൾ കൂപ്പി നടന്നുപോകുന്ന മനുഷ്യനെ കണ്ടു അവളുടെ ഹൃദയവും മനസ്സും നിറഞ്ഞു കവിഞ്ഞു….

എല്ലാ ബഹളങ്ങളിൽ നിന്നും അവൾ ഓടി മുറിക്കകത്തേക്ക് ചെന്നു വാതിൽ അടച്ചു… വർണ്ണ കടലാസ്സിലെ പൊതിയഴിച്ചു നോക്കി….

അതിൽ കുറേ കരിവളകൾ,എന്തുകൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞു വന്നു വിലകൂടിയ സമ്മാനങ്ങൾ ഒക്കെയും അവളെ നോക്കി പരിഹസിച്ചു ചിരിക്കുന്ന പോലെ തോന്നി.. എന്താണ് എന്നറിയാത്ത ഒരു വികാരത്തോടെ അവൾ കരിവളകൾ ചേർത്ത് പിടിച്ചു ചുംബിച്ചു…

പിറ്റേന്ന് വീടിന്റെ ഷെഡിൽ നിന്നും ബസ് എടുക്കാൻ വന്ന സമയത്താണ് ഹരി പത്മിനിയെ വീണ്ടും കണ്ടത്…. അവൾ അവനെ കാത്തു നിന്നപോലെ ചിരിച്ചു കാണിച്ചു…. തിരിച്ചു അവനും…

പോകാൻ നേരം ആണ് മുതലാളി അങ്ങോട്ട് വന്നത്..

“ഹരിക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് മുതലാളി പറഞ്ഞു… നാളെ അവളുടെ കോളജിൽ നിന്നും അവൾക്ക് കിട്ടാൻ ഉള്ള സർട്ടിഫിക്കറ്റ് കിട്ടും.. ഇത്രയും ദൂരം പോവാൻ എനിക്കും വയ്യ…അതുകൊണ്ട് ഹരി അവളുടെ കൂടെ ഒന്നുപോയി വരുമോ..വെളുപ്പിനെ പോയാൽ ഉച്ച കഴിയുമ്പോൾ തിരിച്ചു വരാം അവളുടെ കൂടെ വിടാൻ നിന്നോളം വിശ്വസ്ഥൻ ആരുമില്ല അതുകൊണ്ടാണ്…”

പറഞ്ഞു തീർന്നപ്പോ അവൻ സമ്മതം മൂളുമ്പോൾ … അവളുടെ മനസ്സ് ഏറ്റവും മനോഹരമായ ഒരു ചാറ്റൽ മഴയിൽ നനയുകയായിരുന്നു…അച്ഛൻ ഉള്ള കാര്യങ്ങൾ എല്ലാം എടുത്തു വെച്ച് മുതലാളിയുടെ വീട്ടിൽ നിന്നും അവളുമായി കാർ എടുക്കുമ്പോൾ സമയം ഒരല്പം മുന്നോട്ട് പോയിരുന്നു…. കാറിന്റെ ഇരുവശത്തും അപരിചിതരെ പോലെ രണ്ട് പേര് ..ഒന്നും മിണ്ടാതെ… പറയാതെ എങ്കിൽ പരസ്പരം ശ്രെദ്ധിച്ചുകൊണ്ട് അവർ ഇരുന്നു… അല്പനേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു..

“വേണമെങ്കിൽ ഒന്ന് ഉറങ്ങിക്കോ.. എത്തുമ്പോൾ വിളിക്കാം…

പതിയെ പുറത്തേക്ക് നോക്കി അവൾ പറഞ്ഞു..

“വേണ്ട… ഉറക്കം വരുന്നില്ല… ഞാൻ ഉറങ്ങിയാൽ ചിലപ്പോൾ നിങ്ങൾക്കും ബോർ അടിക്കും അത് വേണ്ട.. എന്തെങ്കിലും പറയു…കുട്ടിക്ക് എന്നോട് ദേഷ്യം ഉണ്ടോ… ഒരല്പം ചമ്മലോടെ അവൻ അത് ചോദിക്കുമ്പോൾ അവൾ ദേഷ്യം അഭിനയിച്ചു തിരിഞ്ഞു നോക്കിയിരുന്നു…

എന്നിട്ട് പറഞ്ഞു… “സത്യം പറഞ്ഞാൽ അന്ന് കുറച്ചു ദേഷ്യം തോന്നിയിരുന്നു.. പിന്നീട് മാറി.. അത് മനസ്സിൽ വെച്ചോണ്ട് ഇരിക്കേണ്ട…. അല്ല ചെറിയ ഒരു നിസാര കാര്യത്തിന് ഇത്രേം ദേഷ്യപ്പെട്ടത് എന്താണ്,?? ഞാൻ കുറേ ആലോചിച്ചു…

അവൾ ആശ്ചര്യത്തോടെ ചോദിക്കുമ്പോൾ.. ഒന്നും മിണ്ടാതെ ചെറുകെ ചിരിച്ചുകൊണ്ട് അവൻ പുറത്തേക്ക് നോക്കി… തണുത്ത കാറ്റ് ചുറ്റും വീശുന്നുണ്ട്.. ചെറിയ മൂടൽ മഞ്ഞിനെ വകഞ്ഞ് മാറ്റി കാർ മുന്നിലേക്ക് കുതിച്ചു… അവൻ വീണ്ടും പറഞ്ഞു..

“അത്.. എനിക്ക് കുട്ടിയെ കണ്ടപ്പോ പണ്ടെപ്പോഴോ അത്രമേൽ സ്നേഹിച്ച ഒരാളെ ഓർത്തു പോയ്‌… അപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല… അവൻ പെട്ടന്ന് നിശബ്ദനായി…ശരിക്കും നിങ്ങൾ എന്തിനാ പിരിഞ്ഞത്” കൊച്ചു കുട്ടിയെന്നൊണം അവൾ ചോദിക്കുമ്പോൾ അവൻ ഒന്നും മിണ്ടാതെ അല്പം നേരം ഇരുന്നു എന്നിട്ട് അലസമായി പറഞ്ഞു …

“അത് ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു.. ഒരുപാട് എന്നുപറഞ്ഞാൽ വാക്കുകൾക്കും അപ്പുറം… ഒരിക്കൽ ഒരു ദിവസം.. അവൾ എന്നോട് എന്റെ അമ്മയെ പറ്റി ചോദിച്ചു…എന്റെ ഏറ്റവും നിശബ്ദമായ ഉത്തരം അവളെ ചൊടിപ്പിച്ചു… അച്ഛന്റെ കൂട്ടുകാരന്റെ കൂടെ ഇറങ്ങിപോയ അമ്മയെ പറ്റി ഞാൻ എന്ത് പറയാൻ ആണ്…

എന്റെ അച്ഛനെയും പൊടികുഞ്ഞായ എന്റെ അനിയനെയും ഇട്ടു പോയവരുടെ എന്ത് മഹത്തായ കാര്യമാണ് ഞാൻ പറയേണ്ടത്… അന്ന് ഒന്നും മിണ്ടിയില്ല… എല്ലാം അറിഞ്ഞിട്ടു ആണ് ഞാൻ വന്നത് എന്നും ഇങ്ങനെ ചീത്തപേരുള്ള ഒരു കുടുംബത്തിൽ ഞാൻ ഇങ്ങനെ വരും എന്നാ അവളുടെ ചോദ്യത്തിൽ എനിക്ക് ഉത്തരം ഇല്ലാരുന്നു..ഞാൻ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക…

എന്റെ അമ്മ ചെയ്തു പോയൊരു തെറ്റിന്.. എന്റെ സ്നേഹത്തെ പോലും മറന്നുപോയവളോട് ഞാൻ എന്ത് പറയാൻ ആണ്… അല്ലെങ്കിൽ കല്യാണം കഴിഞ്ഞു അവളുടെ വീട്ടില് താമസിക്കണം സ്വന്തം വീട്ടുകാരെ മനഃപൂർവം മറക്കണം എന്ന് ഉപാധി വെച്ചവളോട്.. എന്റെ അച്ഛന്റെ സ്നേഹത്തെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്.. എന്റെ അമ്മ പ്രസവിച്ചു പോയെങ്കിലും ഞാൻ വളർത്തിയ എന്റെ അനിയന് എന്നെ കാണാതെ ഇങ്ങനെ ഇരിക്കാൻ കഴിയും എന്ന് ഞാൻ അവളോട് എങ്ങനെ പറയാൻ ആണ്… അങ്ങനെ ഒത്തുപോവില്ല എന്ന് തോന്നിയപ്പോൾ ഞങ്ങൾ പിരിഞ്ഞു… സങ്കടം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ലാ.

പക്ഷെ വിട്ടു കളഞ്ഞതിൽ കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്നാണ് ഉത്തരം.. കാരണം എന്റെ സ്നേഹം എനിക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയില്ല.. അനുഭവിക്കുമ്പോൾ ആണ് അതിനു ഭംഗിയെറുന്നത്… അത് മനസ്സിൽ ആക്കാൻ അവൾക്ക് കഴിയാതെ പോയ്‌… ” അവസാനവാക്കുകളിൽ ഹരിയുടെ ശബ്ദം ഇടറിയത് കണ്ടു പിന്നീട് ഒന്നും പറയാതെ അവൾ പുറത്തെ കാഴ്ചകളിലേക്കു നോക്കിയിരുന്നു.. മനസ്സിൽ അപ്പോൾ ഭംഗിയെറിയ ഒരു മുഖം തെളിഞ്ഞു വന്നു അതിനു ഹരിയുടെ മുഖം ആയിരുന്നു….

ഇടയ്ക്ക് ഓരോ ചായ കുടിച്ചും.. കാഴ്ച കണ്ടും അവർ മുന്നിലേക്ക് പോയ്‌..കോളജിൽ ചെന്നു.. സർട്ടിഫിക്കറ്റ് വാങ്ങി…കോളേജിലെ പ്രിയപ്പെട്ട ഇടങ്ങൾ ഹരിയെ ചെന്നു കാണിച്ചു.. കോളേജിലെ വാക മരത്തിന്റെ ചോട്ടിൽ വെറുതെ ഒന്ന് ഇരുന്നു.. കോളേജ് ക്യാന്റീൻ നിന്നും ഉച്ചയ്ക്ക് കഴിക്കാൻ ഉള്ള ആഹാരവും കഴിച്ചു… വെയിൽ താഴുന്നതിന് മുൻപ് അവർ ഇറങ്ങി… സൂര്യൻ ചുട്ടു പൊള്ളിച്ചു എങ്കിലും ഈ വെയിലിനു പോലും വല്ലാത്തോരു ചേല് ഉണ്ടെന്ന് അവൾക്ക് തോന്നി..

ഇടയ്ക്ക് തമാശകൾ പറഞ്ഞും… പൊട്ടിച്ചിരിച്ചും സമയങ്ങൾ കടന്നു പോയ്‌.. കണ്ടാൽ പുച്ഛത്തോടെ ദേഷ്യത്തോടെ സംസാരിച്ചവരുടെ ഇടയിൽ നിന്നും മഞ്ഞുരുകുന്നു…അവൾ അപ്പോൾ അവളെ ഒരു രാത്രി നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തു…

“ഒരു രാത്രിക്കു അപ്പുറം പിറ്റേ ദിവസം കൂടെ ഉള്ള മനുഷ്യർ ഉണ്ടാവുമോ എന്നറിയില്ല.. പെട്ടന്ന് ഒരു നിമിഷം ശ്വാസം നിലച്ചാൽ.. പിണക്കംങ്ങൾ വാശികൾ എല്ലാം പിന്നീട് ഒരു നോവായി മാറുമെന്നും.. കഴിവതും ഏറ്റവും നന്നായി സ്നേഹിക്കുക “എന്ന് അയാൾ പറഞ്ഞത് പത്മിനി വെറുതെ ആലോചിച്ചു..

ഇടയ്ക്ക് എപ്പോഴോ തമാശ പറയുന്നതിന്റെ കൂട്ടത്തിൽ പത്മിനിയുടെ മുഖത്തേക്ക് ഇടം കണ്ണിട്ട് ഹരി നോക്കുന്നിതിനിടയിൽ ആണ് അവളും നോക്കിയത്… പെട്ടന്ന് പൊട്ടിച്ചിരികൾ നിന്നു.. ഒന്നും മിണ്ടാനാവാതെ പേര് അറിയാത്ത ഒരു വികാരത്തോടെ അവർ ഒന്നും മിണ്ടാതെ ഇരുന്നു….കാറിന്റെ ഗ്ലാസിൽ കൂടി വെയിൽ അരിച്ചു ഇറങ്ങുന്നുണ്ട്.. വെയിൽ ചുവപ്പിച്ച അവളുടെ മുഖം അത്രമേൽ സുന്ദരമായിരുന്നു…

വീടെത്തുന്നതിനു തൊട്ട് മുൻപ് ആണ് ആ മൗനത്തെ കീറി മുറിച്ചവൾ ചോദിച്ചത്…

“ഹരിക്ക് എന്നെ ഓർമ്മയുണ്ടോ..പണ്ടൊരിക്കൽ.. ഒരു വൈകുന്നേരം ജീവിതത്തിനും മരണത്തിനും ഇടയിൽ പിടഞ്ഞു പോയൊരു പെൺകുട്ടിയെ കൈ നീട്ടി പിടിച്ചു ജീവിതത്തിലേക്ക് കൊണ്ടു വന്നത് ??? അവൾക്ക് പിന്നീട് അതൊരു പുതുജീവിതം തന്നെയായിരുന്നു…. അന്ന് ഒരു മിന്നായം പോലെ ബോധം മറയുന്നതിനു മുൻപ് നിങ്ങളെ കണ്ടിരുന്നു.. കൈ എത്തിച്ചു മുടിയിൽ പിടിച്ചു വലിച്ചു കരയിലേക്ക് ന്നത് കൊണ്ടു മാത്രം രക്ഷപെട്ടുപോയ ഒരു പെണ്ണ്… പിന്നീട് കുറേ കണ്ടിട്ടുണ്ട്.. മിണ്ടാനോ അടുത്തുവരാനോ ഒക്കെ പേടി ആയിരുന്നു…ഒരിക്കൽ ഒരു ദിവസം വന്നു നന്ദി പറയണം എന്നുണ്ടായിരുന്നു പക്ഷെ ഒരിക്കൽ പോലും ഗൗനിക്കാത്ത ഒരാളോട് വേറെ എന്ത് മിണ്ടാൻ ആണ്… ചിലപ്പോൾ ഹരിക്ക് ഓർമ്മ പോലും കാണില്ല.. പക്ഷെ നിങ്ങൾ ഉണ്ടായത് കൊണ്ടു മാത്രം ആണ് ഇപ്പോ നിങ്ങളുടെ മുന്നിൽ വന്നു ഞാൻ സംസാരിക്കാൻ കാരണം.. നന്ദി… “

അവൾ പറഞ്ഞു അവസാനിക്കുമ്പോൾ അവൻ ആശ്ചര്യത്തോടെ നോക്കി…ഓർമ്മയിൽ ക്രിക്കറ്റ് കളിച്ചു വരുന്ന വഴി പട്ടുപാവാട ഇട്ടൊരു പെണ്ണ് വെള്ളത്തിൽ വീഴുന്നുണ്ട്.. കൈകാൽ ഇട്ടടിച്ചു മുങ്ങി തഴുന്നവളെ മുന്നിൽ കണ്ടു വെള്ളത്തിലേക്ക് ചാടിയത് ഓർമ്മ ഉണ്ട്…

അവൾ ഒരുപാട് വളരെന്നിരിക്കുന്നു.. അന്ന് കണ്ട പാട്ടുപാവാട കുട്ടിയിൽ നിന്നും.. നന്നായി ചിന്തിക്കുന്ന പക്വതയുള്ള ഒരു പെണ്ണായി വളർന്നിരിക്കുന്നു…. മഞ്ഞുരുകിയ നെഞ്ചിൽ.. നാമ്പ് മുളച്ചിരിക്കുന്നു. അത് ഉള്ളിൽ പടർന്നു കയറി പൂത്തുലഞ്ഞു നിൽപ്പുണ്ട് ഹരിയൊരു പുഞ്ചിരിയോടെ വീട്ടിലേക്ക് പോയ്‌…

മാനത്തു ചന്ദ്രൻ തെളിഞ്ഞു നിന്നു… അനിയന്റെ പുസ്തകങ്ങൾ ചാര നിറത്തിലെ പേപ്പർ കൊണ്ടു പൊതിഞ്ഞു കൊടുത്ത ശേഷം.. അച്ഛന് വേണ്ടിയുള്ള പൊടിയരി കഞ്ഞി വിളമ്പി അരികിൽ വെച്ചു . അടുക്കളയിൽ ബാക്കി വന്ന പത്രങ്ങൾ കഴുകി ഒതുക്കി വെച്ച ശേഷം…അടുക്കളയുടെ പിൻവാതിലിന്റെ പിറകു വശത്തായി വന്നിരുന്നു…

തണുത്ത കാറ്റ് വീശുന്നുണ്ട്…. ചന്ദ്രന്റെ നിലാവ് ചുറ്റും പടർന്നു നിലൽപ്പുണ്ട്…പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത് കണ്ടാണ് ഹരി ഫോൺ ചെവിയോട് ചേർത്ത് വെച്ചു… ഫോണിനപ്പുറം ഒരു സ്ത്രീ ശബ്ദം കേട്ട് ഹരി തേല്ലോന്ന് അമ്പരന്നു…

“ഹെലോ… “

“ഹെലോ പറയു “

“ഞാൻ ആണ് പത്മിനി… “

അവളുടെ നേർത്ത ശബ്ദം കേട്ട് അവൻ തൂണിന്റെ ഒരു വശത്തേക്ക് ചാരി ഇരുന്നു…

“എന്തോ കിടക്കാൻ നേരം ഇങ്ങളോട് ഒന്ന് സംസാരിക്കാൻ തോന്നി… എനിക്ക് വേണ്ടി സമയം മാറ്റി വെച്ചു വന്നതിനു നന്ദി… അവൾ പറഞ്ഞപ്പോ ഹരി നിറഞ്ഞ മനസ്സോടെ ചോദിച്ചു…

“എന്തിന് നന്ദി.. ശരിക്കും ഇയാൾ പറഞ്ഞപ്പോ ആണ് പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചത്… ഒരു നിമിത്തം പോലെ പിന്നീട് കാണേണ്ടി വരുക.. അവൻ പറഞ്ഞു അവസാനിപ്പിച്ചോൾ ഫോണിന്റെ അങ്ങേ തലത്തിൽ ഏറ്റവും മനോഹരമായ ഒരു ചിരി ചിരിച്ചു

ആ സംസാരം തീരുന്നതിനു തൊട്ടു മുൻപായി അവൾ പറഞ്ഞു

“അന്നത്തെ ദേഷ്യത്തിൽ ആണ് കണ്ടക്ടർ പണി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞത്.. നാളെ ഓഫീസിൽ വരൂ.. അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്… ജോലിയിൽ അല്പം ഒരു മാറ്റം വരും കേട്ടോ.. ഇത്രയും പഠിപ്പുള്ള ആളല്ലേ. ഇനി കണ്ടക്ടർ പണി ചെയ്യണ്ട…. “

പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ഹരിയുടെ ഹൃദയത്തിൽ അത് വരെയും ഇല്ലാത്ത ഒരു തണുപ്പ് അരിച്ചിറങ്ങി… അത് മനസ്സു തണുപ്പിച്ചു.. ഉടലു തണുപ്പിച്ചു ചൂഴ്ന്നിറങ്ങന്നുണ്ട്…..ആ തണുപ്പിൽ ജോലികയറ്റത്തിൽ നിന്നും കിട്ടുന്ന പൈസക് അച്ഛന്റെ അസുഖം സൗഖ്യമാകുന്നത്…അനിയന്റെ ഫീസ് അടയ്ക്കാൻ വിളിച്ചു പറയാത്ത ദിവസങ്ങളെ പറ്റി.. അടവുകൾ, ലോണുകൾ കൃത്യമായി അടയുന്ന മാസങ്ങളെ പറ്റി ഹരി വെറുതെ സ്വപ്നം കണ്ടു…

ഉമ്മറത്തെ തിണ്ണയിൽ മാനത്തെ ചന്ദ്രനെ കണ്ണ് നിറച്ചുകാണുമ്പോ അസ്വസ്ഥത സൃഷ്ടിക്കുന്ന ചുരുണ്ട മുടിക്കാരിയെ ഓർമ്മകളിൽ വന്നില്ല.. പകരം.. ചെവിയുടെ താഴെ കാക്കപുള്ളിയുള്ള ഒരു പെണ്ണിന്റെ നനുത്ത ചിരി ഓർമ്മ വന്നു.. ആ മുഖത്തിന്‌ പത്മിനിയുടെ മുഖമായിരുന്നു…

അവൻ ചിന്തകൾ കാട് കയറുന്നത് കണ്ട് ഭീതിയോടെ മുഖം പൊത്തി..അർഹമില്ലാത്ത സ്വപ്നങ്ങളെ എന്തിനു ആഗ്രഹിക്കണം എന്ന് അവൻ വെറുതെ ചോദിക്കാൻ തുടങ്ങി… ആ സമയം മറ്റൊരിടത്തു തലയണയെ മുറുകെ പിടിച്ചു കൊണ്ടു ഒരു പെണ്ണ് നിൽപ്പുണ്ട്… ചെവിയുടെ താഴെ കാക്കപ്പുള്ളി ഉള്ള ഒരു പെണ്ണ്….

കണ്ടക്ടർ പണിയിൽ നിന്നും അക്കൗണ്ട് സെക്ഷനിലെ ജോലി ഹരി സന്തോഷത്തോടെ ഏറ്റെടുത്തു… പുതിയ കൈതാങ്ങ് തന്ന മുതലാളിയെ ഹരി കൈകൾ കൂപ്പി നോക്കി..

all d best പത്മിനി പറയുമ്പോഴും നന്ദി വാക്കുകൾ കിട്ടാതെ ഹരിയുടെ കണ്ണുകൾ നിറയുന്നുടാരുന്നു…

പക്ഷെ ആ സന്തോഷം.. പേര് കാണിക്കാതെ വന്നൊരു നമ്പറിൽ അവസാനിക്കും എന്നു പത്മിനിയോ ഹരിയോ ആരും അറിഞ്ഞില്ല… ഫോണിന്റെ അങ്ങേതലയ്ക്കളെ സംസാരത്തി.ൽ ഹരി പെട്ടന്ന് സബ്ധനായി നിന്നു..ഹരി വിശ്വാസം വരാതെ ഫോൺ ചെവിയോട് ചേർത്ത് നിൽക്കുന്ന കണ്ടാണ് ഹരിയുടെ അടുത്തേക്ക് പത്മിനി ചെന്നത്… വാർത്ത അറിഞ്ഞു അവളുടെ ഹൃദ്യം ചീളുകൾ പോലെ പോട്ടുന്ന പോലെ തോന്നിയവൾക്ക്…

ഓടി പിടഞ്ഞു വീട്ടിലേക്ക് ചെല്ലുമ്പോൾ ഹരിയുടെ ഹൃദയം പൊടിഞ്ഞു പോകുന്ന പോലെ തോന്നി.. അച്ഛന്റെ നെഞ്ചിൽ തല വെച്ചു ഉറക്കെ കരയുന്ന അനുജനെ കണ്ടു ഹരിക്ക് തല കറങ്ങുന്ന പോലെ തോന്നി…. നിശ്ചലമായ അച്ഛന്റെ ശരീരത്തിലേക്ക് വിശ്വാസം വരാതെ അവൻ തൊട്ട് നോക്കി…

അമ്മ എപ്പോഴോ ഒന്നും ആലോചിക്കാതെ ഇട്ട് പോയപ്പോ ഒരു പ്രാരാബ്ദങ്ങളും അറിയിക്കാതെ നെഞ്ചിൽ ഇട്ട് വളർത്തിയ മനുഷ്യൻ…സ്വന്തം കാര്യം മാറ്റി വെച്ചു മക്കൾക്കുവേണ്ടി ജീവിച്ചു തീർത്തൊരു മനുഷ്യൻ….ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നു പോയൊരു മനുഷ്യൻ. ഒരിക്കൽ ഒരു ദിവസം അച്ഛൻ വീണു പോയപ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ് ആണ്

ഹൃദയം തകരുന്ന പോലെ തോന്നി ഹരിക്കു അന്ന് മുതൽ എല്ലാ പ്രാരാബ്ധങ്ങളും അച്ഛന്റെ ചുമമലിൽ നിന്നു വാങ്ങുമ്പോൾ ആ മനുഷ്യൻ വെറുതെ വിതുമ്പുന്നുണ്ടാരുന്നു….

“നമ്മുടെ കഷ്ടാപ്പാട് ഒക്കെ മാറുമോ അച്ഛാ” എന്നൊരിക്കൽ ചോദിച്ച ചോദ്യത്തിനു..”ഒക്കെ ശരിയാവും” എന്ന് പറയുന്ന ഒരു സാധു മനുഷ്യൻ…

മരഅനിയൻ അലമുറഇട്ട് കരയുന്നുണ്ട്… അവനെ വാരി എടുത്തു നെഞ്ചോട് ചേർക്കുമ്പോൾ ഹരിയുടെ നെഞ്ചിൽ ഏറ്റവും വലിയ ഒരു ശൂന്യത വന്നു മൂടി….ഹരിക്ക് കരച്ചിൽ വരുന്നില്ല.. കണ്ണീർ പിണങ്ങി വരാതെ ഇരിക്കുന്നു.. ഒന്ന് കരഞ്ഞിരുന്നു എങ്കിൽ അല്പം ആശ്വാസം ആയേനെ എന്ന് ഹരി ഓർത്തു…

വിറയ്ക്കുന്ന കൈകളോടെ ഹരി അച്ഛന്റെ ദേഹത്തേക്ക് കൈ വെക്കുമ്പോൾ നെറ്റിയിൽ വിയർപ്പ് പടരുന്നുണ്ടാരുന്നു… ശബ്ദം പുറത്തു വരാതെ നെഞ്ച് കലങ്ങി ഹരി പറഞ്ഞു…

“അച്ഛാ.. അച്ഛൻ പറഞ്ഞപോലെ മ്മടെ കഷ്ടപ്പാട് ഒക്കെ മാറി… ഇങ്ങള് എന്താണ് എഴുന്നേൽക്കാതെ..

നൂറു തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണ് പൂട്ടി കിടക്കുന്നത് കണ്ടപ്പോ ഹരിക്ക് വാശി തോന്നി.. വല്ലാത്തൊരു അവസ്ഥയിൽ ഉറക്കെ അലറി വിളിച്ചു… എന്നിട്ടും വിളി കേൾക്കാത്ത അച്ഛനോട് ജീവിതത്തിൽ ആദ്യമായി ഹരിക്ക് ദേഷ്യം തോന്നി…അനിയനെ വാരി പിടിച്ചു പരിഭവിക്കുന്ന ഹരിയുടെ തോളിൽ ഒരു തണുത്ത കരസ്പർശം കണ്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.. ഉള്ളിൽ ഒരു സങ്കടകടൽ ആർത്തിരമ്പിയിട്ടും വിതുമ്പൽ ഒതുക്കി അവനെ ഏറ്റവും ദയയോടെ നോക്കുന്ന ഒരു പെണ്ണ്… പത്മിനി…

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….