നിൻ്റെ മാത്രം ~ ഭാഗം-04 , എഴുത്ത്: ആനി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അച്ഛന്റെ ചിതയിലേക്ക് വെറുതെ ഹരി നോക്കി നിന്നു…. രാവിലെ കൂടി പുഞ്ചിരിച്ചു കൊണ്ടു യാത്രയാക്കിയ ആൾ.. തളർന്നു പോയ കാലിൽ കൈ ചേർത്ത് വെച്ചു അനുഗ്രഹം മേടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു…. അപ്പോൾ തൊണ്ട ഇടറി വാക്ക് മുറിഞ്ഞു വിറയ്ക്കുന്ന കൈകളോട് അനുഗ്രഹിച്ചപ്പോ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു…

അമ്മ ഇറങ്ങിപോയൊരു രാത്രി ഉണ്ട്…. പാല് കിട്ടാതെ ഉറക്കെ ഉറക്കെ കരയുന്ന അനിയനെ നെഞ്ചോട് ചേർത്ത് വിതുമ്പുന്ന എന്നെ ആശ്വസിപ്പിക്കാനാവാതെ നെഞ്ച് കലങ്ങി നിന്നൊരു മനുഷ്യൻ…. അന്ന് എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞൊരു വാചകം ഉണ്ട്…

“കരയരുത്… തോറ്റാലും തളർന്നാലും കരയരുത്…. കരഞ്ഞു പോയാൽ.. പിന്നെ എഴുന്നേറ്റ് നില്കാൻ പ്രയാസം ആണ്… എത്ര പ്രതികൂല സാഹചര്യം വന്നാലൂം.. തല ഉയർത്തി നിൽക്കണം… അന്ന് കരച്ചിൽ നിർത്തിയതാണ് അമ്മയെ ഓർത്തു… പിന്നീട്.. കൂട്ടുകാരുടെ കളിയാക്കലുകളിൽ… അർഥം വെച്ചുള്ള നോട്ടങ്ങളിൽ എല്ലാം തല ഉയർടത്തി തന്നെ നിന്നത് അച്ഛൻ ചേർത്ത് നിർത്തി പറഞ്ഞ വാചകങ്ങൾ ആണ്… “

കരയാതെ ഉള്ളിൽ നോവ് പിളരുമ്പോൾ പറയാതെ അറിയാതെ വന്നൊരു നിൽപ്പുണ്ട്… പോട്ടെടാ എന്നൊരു ഒറ്റ വാക്കിൽ… നോവ് മാഞ്ഞു പോകുന്ന മായാജാലം കാണിക്കുന്ന അച്ഛൻ.. ആ തണൽ പോയിരിക്കുന്നു …..

ഹരി വീട്ടിലേക്ക് മടങ്ങുമ്പോഴും അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവിടെ… അനിയനെ കഴിക്കാൻ നിർബന്ധിച്ചപ്പോഴല്ലാം അവൻ നിരസിച്ചതെ ഉള്ളു..

കൂടുതൽ നിർബന്ധിക്കാൻ നിൽക്കാതെ ഹരി അച്ഛൻ കിടന്ന മുറിയിലേക്ക് പോയി … അച്ഛൻ കിടന്നിരുന്ന സ്ഥലം..ഇപ്പോൾ ഇവിടെ മൂത്രത്തിന്റെ ഗന്ധം ഇല്ലാ…ഹരി ജനാലക്കരികിൽ വെറുതെ ഇരുന്നു… പഴയ അച്ഛന്റെ ഓർമ്മകൾ വീർപ്പുമുട്ടിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്… പത്മിനിയാണ് വിളിക്കുന്നത് എന്ന് കണ്ടു ഹരി ഫോൺ ചെവിയോട് ചേർത്ത് വെച്ചു…

“കഴിച്ചോ “എന്നവളുടെ ചോദ്യത്തിൽ ഹരി “ഇല്ലാ” എന്ന് പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അല്പം നേരം അവൾ ഇരുന്ന ശേഷം പറഞ്ഞു…

“കഴിക്കാതെ ഇരിക്കേണ്ട… ആരോഗ്യം കൂടെ ശ്രെദ്ധിക്കണം… അവൾ പറഞ്ഞു തുടങ്ങുമ്പോൾ ഹരി പറഞ്ഞു….”അല്പനേരം ഒന്ന് ഒറ്റയക്ക് ഇരിക്കണം എന്നുണ്ട് “ഹരിയുടെ ന്യായമായ സ്വകാര്യതയെ മാനിച്ചു കൊണ്ടു അവൾ ഫോൺ വെച്ചു…

അന്ന് രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല.. അത്രമേൽ പ്രിയപ്പെട്ട ഒരാൾ വിങ്ങിപോട്ടി നെഞ്ച് തകർന്നു നിൽക്കുന്നത് അവൾക്ക് കാണാൻ തോന്നിയില്ല…ശരിക്കും അവൻ അടുത്തുണ്ടാരുന്നു എങ്കിൽ താൻ ആശ്വസിപ്പിച്ചേനെ എന്ന് അവൾ മനസ്സിൽ ഓർത്തു…

മരണം കഴിഞ്ഞു 12 ദിവസങ്ങൾ കഴിഞ്ഞിട്ടും ഹരി പഴയ പോലെ ആവാതെ അച്ഛന്റെ ഓർമ്മകളിൽ നിന്നും പുറത്തു വരാതെ ഇരിക്കുന്നത് കണ്ടാണ് പത്മിനി ഹരിയുടെ വീട്ടിലേക്ക് ചെന്നത്…

ഓട് മേഞ്ഞ കുഞ്ഞ് വീട്… ഒരു ചെറിയ ഹാളും രണ്ട് മുറിയും അടുക്കളയും ചേർന്ന ഒരു കുഞ്ഞ് വീട്… അവൾ അവിടെ ചെന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് വീടിനുള്ളിൽ കടക്കുന്നത്… മുൻവശത്തെ വാതിൽ തുറന്നിട്ട്‌ വീട്ടിൽ ആരെയും കാണാഞ്ഞിട്ട് ആണ് അവൾ മുറിയിലേക്ക് ചെന്നത്.. അച്ഛൻ കിടന്നിടത് ഹരി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടാണ് പത്മിനി വേദനയോടെ അവന്റെ അരികിലേക്ക് ചെന്നത്…

മാർദ്ദവമായ കൈത്തലം ആരുടെ ആണെന്ന് കരുതി ഞെട്ടി നോക്കുമ്പോഴാണ് പത്മിനിയെ കണ്ടു ഞെട്ടി എണീറ്റത്…അവനെ നോക്കി അവൾ ദയയോടെ പറഞ്ഞു

“ഏയ്‌ മെല്ലെ എണീറ്റാൽ മതി.. പതിയെ….

അടുത്ത് കിടന്ന കസേര നീക്കിയിട്ട് പത്മിനി പറഞ്ഞു…

“അനിയൻ ” ചുറ്റും നോക്കി ആരുമില്ല എന്ന് കണ്ടാണ് അവൾ അന്വേഷിച്ചത്…പതിഞ്ഞ ശബ്ദത്തിൽ.. അവന് പരീക്ഷ ആയതിനാൽ സ്കൂളിൽ പോയ്‌ എന്ന് പറഞ്ഞപ്പോഴാണ് ഹരിയുടെ ശബ്ദം പത്മിനി ശ്രെദ്ധിച്ചത്.

അത് വല്ലാതെ കുഴഞ്ഞിരുന്നു… ഒരല്പം ഞെട്ടലോടെ ഹരിയുടെ നെറ്റിയിൽ ചെറുകെ കൈ ചേർത്ത് വെച്ചപ്പോഴാണ് ചുട്ട് പൊള്ളുന്ന ചൂട് ഉണ്ടെന്ന് അവനു മനസ്സിലായത്…”വരൂ ഹോസ്പിറ്റലിൽ പോകാം” എന്ന് എത്ര നിർബന്ധിച്ചിട്ടിട്ടും അവൻ വരാൻ കൂട്ടാക്കാത്തത് കണ്ടാണ് അവൾ ദേഷ്യത്തോടെ പിറുപിറുത്തത്… ആരോട് എന്നില്ലാതെ അവൾ പുലമ്പി…

“അതങ്ങനെ ആണ്… എത്ര പറഞ്ഞാലും കേൾക്കില്ല… എത്ര തവണ ഞാൻ ഫോൺ വിളിച്ചു.. അറ്റ്ലീസ്റ്റ് ഒന്ന് ഫോൺ എടുത്തൂടെ.. അച്ഛനെ ഞാൻ എത്ര തവണ ഇങ്ങോട്ട് വിട്ടു അച്ഛനോട് ആവിശ്യം ഉള്ളതെല്ലാം പറഞ്ഞൂടെ.. “ഹരി നിശബ്ദനായി ഇരിക്കുമ്പോഴെല്ലാം പത്മിനി പുലമ്പികൊണ്ടേ ഇരുന്നു…

അവൾ അടുക്കളലേക്ക് ഒരു ചെറിയ പത്രം കഴുകി ചൂട് വെള്ളം വെച്ചു.. വെള്ളത്തിൽ തിള പൊട്ടിയപ്പോഴാണ് ചെന്നു ചൂട് വെള്ളം വാങ്ങി വെച്ചത്.. ശേഷം ചെറിയ ഒരു കോട്ടൺ തുണി നീളത്തിൽ കീറി ഹരിയുടെ നെറ്റിയിൽ വെച്ചു… ഒന്നും കഴിച്ചു കാണില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവൾ അടുക്കളയിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയത്…

നിരാശ ആയിരുന്നു ഫലം… പെണ്ണുങ്ങൾ ഇല്ലാത്ത വീട്..ഒരല്പം കഞ്ഞിപ്പോലും വെക്കാൻ ആരുമില്ലാത്ത അവസ്ഥ… പെട്ടന്നാണ് ഒരു പാത്രത്തിൽ പൊടിയരി ഇരിക്കുന്നതു അവൾ കണ്ടത്…

ഒരു ചെറിയ കലത്തിൽ കഞ്ഞിക്കു അരി വെക്കുന്ന സമയത്താണ്.. അടുക്കളയുടെ തെക്കേ വശത്തു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഇരിക്കുന്നത് അവൾ കണ്ടത്.. അടുത്തേക്ക് ചെന്നു നോക്കി… നടുവേ മുടി മുടി ചീകി ചിരിച്ചുകൊണ്ട് നില്ക്കുന്ന ഒരു പെണ്ണ്.. ഹരിയുടെ അതെ മുഖഛായ… ഹരിയുടെ അമ്മയുടെ ഫോട്ടോയിലേക്ക് അവൾ അല്പനേരം നോക്കി നിന്നു…

“അമ്മ നല്ല വെളുത്തിട്ടാ… അമ്മയുടെ നിറം ഞങ്ങൾക്ക് ആർക്കും കിട്ടിയില്ല… ” പിന്നിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ഹരി അത് പറയുമ്പോൾ പത്മിനി പെട്ടന്ന് തിരിഞ്ഞു നോക്കിയത്…

“അനിയന് അവനു അമ്മയെ അത്ര ഓർമ്മ കാണില്ല… ശരിക്കും പറഞ്ഞാൽ അവനു അറിവാവുന്ന പ്രായം മുതല് ഞങ്ങൾ അമ്മയെ പറ്റി സംസാരിച്ചിട്ടില്ല… ” കണ്ണ് കുഴിഞ്ഞു കണ്ണിനു ചുറ്റും കറുപ്പ് നിറം പടർന്നത് കണ്ടു.. ഒരു ചെറിയ സ്റ്റൂൾ അവന്റെ നേർക്ക് ഇട്ടു കൊടുത്തു കൗതുകത്തോടെ പത്മിനി ചോദിച്ചു..

“എന്നിട്ട് “…

ഹരി പറഞ്ഞു

“അമ്മയും ഞാനും അച്ഛനും അടങ്ങുന്ന ഏറ്റവും ചെറിയ കുടുംബം.. സന്തോഷം എന്നൊക്കെ പറഞ്ഞാൽ ഞാൻ അത് അന്നാണ് ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത്… അനിയനും കൂടെ വന്നതോടെ ആ സന്തോഷം ഇരട്ടിയായി…ഞങ്ങൾ മാത്രം ഉള്ള ലോകം.. ഞാൻ അമ്മയുടെ കൂട്ടാണ് മുഖം എന്ന് ചെറുപ്പത്തിലേ കേൾക്കുന്നതാണ്.. സ്കൂൾ വിട്ട് വരുമ്പോൾ എനിക്ക് അമ്മയെ കാണണം..അല്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ്… ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ.. അമ്മ എന്തെങ്കിലും പലഹാരം ഉണ്ടാക്കി വെക്കും… ഞാൻ റോഡിൽ നിന്നു അമ്മേ.. എന്ന് വിളിച്ചാവും ഓടി വരുക…. അമ്മയ്ക്ക് വയറ്റിൽ ഉണ്ടെന്നും ഇനി അമ്മയുടെ ദേഹത്തു ചാടി കയറെല്ലന്നും അച്ഛൻ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രെദ്ധിക്കാൻ തുടങ്ങിയത്… അമ്മയുടെ വയർ വീർത്തു വരുന്നു.. കുഞ്ഞല്ലേ ഞാൻ.. ഞാൻ അതിൽ നൂറുമ്മകൾ കൊടുക്കും… അങ്ങനെ അനിയൻ വന്നു.. ഞങ്ങൾ മൂന്നിൽ നിന്നും നാലായി…

ആ ഇടയ്ക്ക് ആണ് നാട്ടിൽ നിന്നും അച്ഛന്റെ ഒരു കൂട്ടുകാരൻ തൊഴിൽ അന്വേഷിച്ചു ഇവിടെ വന്നത്… കുശലം പറഞ്ഞും വിശ്വാസം കൊണ്ടും ഞങ്ങൾ അയാളെ ചേർത്ത് പിടിച്ചു…. ഏതോ ഒരു നിമിഷത്തിൽ അമ്മയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടാകും.. അറിയില്ല.. ഒരിക്കൽ ഞാൻ സ്കൂൾ വിട്ടു വന്നപ്പോൾ അമ്മയെ കണ്ടില്ല… ഉറക്കെ വിളിച്ചു കേട്ടില്ല… അനുജന്റെ അടുത്ത് പോയ്‌ അവിടെ ഇല്ലാ.. അവൻ അലറി വിളിച്ചു പാലിന് വേണ്ടി കരയുന്ന കേട്ടിട്ടും.. അമ്മ വരാത്തത് എന്താണ് എന്ന് അന്ന് വൈകുന്നേരം മുഴുവൻ ആലോചിച്ചു…. പിന്നീട് അറിഞ്ഞേ അമ്മ ഞങ്ങളെ എല്ലാം ഒറ്റയ്ക്കായി പോയി എന്ന്…

അന്ന് മുഴുവൻ കരഞ്ഞു… അച്ഛൻ തകർന്നു പക്ഷെ പുറമെ കാണിച്ചില്ല… പിന്നീട് ഉള്ള ദിവസം മുഴുവൻ ചിലർ സഹതാപത്തോടെ നോക്കി.. ചിലർ പരിഹസിച്ചു… ചിലർ അർഥം വെച്ചു സംസാരിച്ചു… അന്നൊക്കെ രാത്രിയിൽ തലയണയിൽ മുഖം ചേർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്…

നിന്റെ അനിയൻ നിന്റെ അച്ഛന്റെ തന്നെ ആണോടാ എന്ന് കൂട്ടത്തിൽ ഒരുത്തൻ കേറി ചോദിച്ചപ്പോൾ. അവന്റെ മൂക്കിന്റെ പാലം ഇടിച്ചു തകർത്താണ് ഉത്തരം പറഞ്ഞത്… അന്ന് വെറുത്തു പോയതാണ്.. പക്ഷെ ഇടയ്ക്ക് ഇത്പോലെ ഒരു പനി വന്നാൽ.. ഇഷ്ടമുള്ളത് എന്തേലും ചൂടോടെ കഴിക്കാൻ തോന്നിയാൽ ഉണ്ടാക്കി തരുവാൻ ആരും ഇല്ലാതെ വരുന്ന അവസ്ഥ….

അവിടെ നിന്നും ഒറ്റയ്ക്ക് തുഴഞ്ഞു ഇവിടെ വരെയും വന്നു നിൽക്കുന്നു.. ആ ഒരു താങ്ങ് ആണ് നഷ്ടമായത്… എല്ലാം ഇട്ടെറിഞ്ഞു ഒരു ദിവസം പോകുന്നവര്ക്ക് അറിയില്ലല്ലോ ഒറ്റയ്ക്കായി പോകുന്നവരുടെ നോവ്… ഹരി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞു തൂവിയിരുന്നു…

പത്മിനി അടുത്തേക്ക് ചെന്നു ഹരിയുടെ തല ഉയർത്തി പിടിച്ചു…. വിതുമ്പി നിൽക്കുന്ന ഒരാണിനെ കരുണയോടെ ചേർത്ത് പിടിക്കുന്ന പെണ്ണ്…. പെട്ടന്ന് അവൾ ഇരു കൈകൾ ചേർത്ത് പിടിച്ചു അവന്റെ തല ഉയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു…അവൻ ഞെട്ടി തരിച്ചു നിൽക്കുമ്പോൾ അവൾ അവനെ അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…. പെട്ടന്ന് പിന്നിൽ നിന്നും ഒരു അലറച്ച കേട്ടു…

“പത്മിനി……… “

പത്മിനി…..അലർച്ച കേട്ടു ഹരിയും പത്മിനിയും ഞെട്ടിതരിച്ചു നിന്നു… കത്തുന്ന കണ്ണുകളോടെ പത്മിനിയുടെ അച്ഛൻ നിന്നു നിൽപ്പിൽ വിറച്ചുകൊണ്ടു നോക്കി നിൽക്കുന്നു… ഒരച്ഛന്റെ ഏറ്റവും ന്യായമായ വികാരത്തിൽ ഹരിക്കും പത്മിനിയ്കും ഉത്തരം ഇല്ലാരുന്നു… മുന്നോട്ട് ആഞ്ഞു വന്ന അച്ഛന്റെ കാൽക്കൽ പത്മിനി ചേർത്ത് പിടിച്ചു… ഒന്നും മിണ്ടാനാവാതെ അച്ഛൻ ഇറങ്ങി പോകുമ്പോൾ ഹരിക്കും പത്മിനിയ്ക്കും ഇടയിൽ നിശബ്ദത കനത്തിരുന്നു….പോകുന്നതിനു മുൻപായി ഹരിക്ക് മുന്നിലേക്ക് ചെന്നു കണ്ണുകളിൽ നോക്കി പത്മിനി പറഞ്ഞു…

“നിങ്ങളോട് തോന്നിയ സ്നേഹം അത് പ്രണയം ആണോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷെ എന്റെ മുന്നിൽ ഇപ്പോ… എന്റെ ഹൃദയത്തിൽ ഇപ്പോ നിങ്ങൾ മാത്രമേ ഉള്ളു.. പത്മിനിയുടെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ട് എങ്കിൽ അത് നിങ്ങളുടേത് ആവും… പറഞ്ഞു അവസാനിച്ചു പോകുമ്പോ ഏറ്റവും ദുർബലമായ വാദങ്ങളിൽ ഹരി എതിർക്കുന്നുണ്ടായിരുന്നു…

ഒന്നും മിണ്ടാതെ മൗനമായി ഇരിക്കുന്ന അച്ഛന്റെ അരികിലേക്ക് പത്മിനി ചെല്ലുമ്പോൾ കുറ്റബോധം കൊണ്ടു അവളുടെ തല താഴ്ന്നിരുന്നു… മിണ്ടാതെ പരിഭവിച്ചിരിക്കുന്ന അച്ഛന്റെ അരികിലേക്ക് അവൾ ചേർന്നിരുന്നു…

“അച്ഛാ… “

അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു…അയാൾ അല്പസമയത്തിനു ശേഷം മൂളി…അവൾ എഴുനേറ്റു അയാൾക്ക് മുന്നിലായി മുട്ട് മടക്കി മുഖത്തേക്ക് നോക്കിയിരുന്നു.. നിയന്ത്രിക്കാൻ കഴിയാത്ത വിധം കണ്ണുകൾ നിറഞ്ഞൊഴുകി… അവളുടെ കണ്ണൊന്നു നിറഞ്ഞാൽ ചങ്ക് പൊട്ടുന്ന അയാൾ അന്ന് അവളെ ആശ്വസിപ്പിച്ചില്ല…അവൾ വിങ്ങി വിറച്ചു പറഞ്ഞു…

“അച്ഛാ.. വിവാഹം എന്നത്.. ഞാൻ സ്നേഹിക്ക പെടുന്ന ആളുടെ കൂടെ ആവുന്നത് അല്ലെ ഭംഗി..ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അറിയില്ലാത്ത ഒരാളെ അഞ്ചു മിനിറ്റ് കണ്ടു ഒരു ചായ കുടിക്കുന്ന സമയത്ത് കണ്ടു ഇഷ്ടപ്പെട്ടു വിവാഹം ചെയ്യേണ്ടി വരിക.. ഒന്നാലോചിച്ചു നോക്കു.. ആ അഞ്ചു മിനിറ്റ് പരിചയം ഉള്ള വ്യക്തിയാണ് ജീവിതകാലം മുഴുവൻ നമ്മൾ സ്നേഹിക്കേണ്ടി വരുന്നത്… കൂടെ കഴിയേണ്ടി വരുന്നത്…. അതിലും എത്ര നല്ലതാണ് അച്ഛാ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നത്.. പരസ്പരം സ്നേഹിക്കുന്നത്.. മനസ്സിലാക്കുന്നത്… താങ്ങാവുന്നത് തണലാകുന്നത്… അതിലും മനോഹരം ആയി മറ്റെന്താണ് ഉള്ളത്…

ഇനി അച്ഛന്റെ പ്രശ്നം ഹരിക്ക് നമ്മളുടെ അത്രേം സാമ്പത്തികം ഇല്ലാ എന്നതാണ് എങ്കിൽ… അതൊരു കാരണം ആണോ??.. പൈസക്ക് അപ്പുറം അല്ലെ ചില ബന്ധങ്ങൾ.. സ്നേഹങ്ങൾ.. ഇനി ഹരിക്ക് ഉള്ളത് എടുത്ത് പറയാൻ നല്ല കുടുംബമഹിമ ഇല്ലാത്തതോ… ഒരാളുടെ കഴിഞ്ഞു പോയ കാര്യങ്ങളെ ചികയാൻ നിന്നാൽ ചിലപ്പോൾ അതിനു മാത്രമേ സമയം കാണുള്ളൂ… ഒരാളുടെ അച്ഛനോ അമ്മയോ ചെയ്തു പോയൊരു തെറ്റിന് മൂന്നാമത് ഒരാൾ കുറ്റകാരൻ ആകുന്നത് എന്തിന്???..ഞാൻ സ്നേഹിച്ചത് ഹരിയെ എന്ന് പറയുന്ന ഒരു വ്യക്തിയെ മാത്രമാണച്ചാ..

അദ്ദേഹത്തിനു വിദ്യഭ്യാസം ഉണ്ട്.. ഏറ്റവും ചെറിയ പ്രായത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത ഒരു മനസ്സുണ്ട്… വളർന്നു വന്ന സാഹചര്യം മൂലം ചില വാശികൾ ഉണ്ടാവാം… അതൊക്കെ തണലായി വരുന്ന ആളുടെ സ്നേഹത്തിനു മുന്നിൽ ഇല്ലാതെ ആകും. എനിക്ക് ഉറപ്പുണ്ട്… എന്റെ സന്തോഷം ആണ് അച്ഛന് വലുത് എങ്കിൽ… എനിക്ക് വേണ്ടി അച്ഛൻ വേറെ ഒരാളെ നോക്കേണ്ട ആവിശ്യം ഇല്ലാ. അതല്ല… അച്ഛൻ ചൂണ്ടി കാണിക്കുന്ന ഒരാളെ ഞാൻ വിവാഹം ചെയ്യാം പക്ഷെ… പക്ഷെ ഞാൻ സന്തോഷത്തോടെ ആണോ ആ ബന്ധം സ്വീകരിക്കുന്നത് എന്ന് ചോദിച്ചാൽ എന്റെ ഉത്തരം അല്ല എന്നാവും….

അവൾ പറഞ്ഞു കഴിഞ്ഞപ്പോ അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി…അയാൾക്ക് അറിയാം ഹരി വിശ്വസ്തനായ ഒരു വ്യക്തി ആണെന്ന്.. പക്ഷെ മനസ്സുകൊണ്ട് അയാൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല… മകൾ ഒരുപാട് വളരെന്നിരിക്കുന്നു.. ചിന്തകൾ കൊണ്ടും പക്വതകൊണ്ടും… അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ അവൾ പഠിച്ചിരിക്കുന്നു.. നെഞ്ചിൽ കിടന്നു പരിഭവം പറഞ്ഞവളിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു… അയാൾ ഒന്നും മിണ്ടാനാവാതെ കുറച്ചു നേരം നിശബ്ദമായ്‌ ഇരുന്നു എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി 25വയസ്സുകാരിയെ കാണാൻ അയാൾക്ക് കഴിയുന്നില്ല… അയാൾക്ക് ഇപ്പോഴും അവൾ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന കുഞ്ഞ് പെണ്ണാണ്.. അയാൾ മെല്ലെ പറഞ്ഞു..

“നിന്റെ ഇഷ്ടം… “

അവൾ വിശ്വാസം വരാതെ അയാളെ നോക്കി… എന്നിട്ട് ചോദിച്ചു.. m”അച്ഛന് എന്നോട് ദേഷ്യം ഉണ്ടോ?? അയാൾ തല വെട്ടിച്ചു മെല്ലെ പറഞ്ഞു…” ഇല്ലാ “

അവൾ മനസ്സ് നിറഞ്ഞു.. കണ്ണ് നിറഞ്ഞു അയാളുടെ മടിയിൽ മുഖം ചേർത്ത് വെച്ചു…അയാൾ അവളുടെ മുടിയിൽ തലോടി. എന്തിനാണ് എന്ന് അറിയാതെ അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു…

ദിവസങ്ങളും മാസങ്ങളും കടന്നുപോയി… അച്ഛന്റെ മരണത്തിന്റെ ആഘാത്തിൽ നിന്നും ഹരി ഏറെ കുറേ മാറി കഴിഞ്ഞിരുന്നു… വേർപാടുകൾ ഏറ്റവും നനുത്ത ഓർമ്മകൾ ആയി മാറി കഴിഞ്ഞിരുന്നു… ഹരിയുടെയും പത്മിനിയുടെയും വിവാഹം ഉറപ്പിച്ചിരുന്നു… വിവാഹത്തിനു ക്ഷണക്കത്തു പഴയ ചുരുളൻ മുടിക്കാരിക്കായി നീട്ടുമ്പോൾ അവൾ മുഖത്തു നോക്കാതെ വിളറി വെളുത്തു കത്ത് വാങ്ങിച്ചു.. അന്ന് പത്മിനിയെ ചേർത്ത് പിടിച്ചു തലയുയർത്തി അവൻ നടന്നു പോകുമ്പോൾ.. അവൾ നോവോടെ നോക്കി നിന്നു…

അധികം ആളുകൾ ഇല്ലാതെ അടുത്ത ബന്ധുക്കൾ മാത്രം ഉള്ള ഒരുപാട് ആർഭാടങ്ങൾ ഇല്ലാതെ വിവാഹം തീരുമാനിക്കപെട്ടു … വിവാഹത്തിന്റെ തലേദിവസം അത്യാവശ്യമായി ഒന്ന് കാണണമെന്നു പറഞ്ഞ് പത്മിനി വിളിക്കുന്നത് കണ്ട്
” പെട്ടെന്ന് ആവശ്യംഎന്താണ് “??? എന്ന് അവൻ ചോദിച്ചപ്പോൾ ” ഒരു സ്ഥലം വരെ പോകണം”

എന്നായിരുന്നു അവളുടെ ഉത്തരം അവളുടെ കൂടെ കാറിൽ പോകുമ്പോഴും ഹരിക്ക് അറിയില്ലായിരുന്നു എവിടെയാണ് പോകുന്നത് എന്ന് കുന്നിൻചെരുവിലെ ഒരു ചെറിയ വീടിന് മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ഹരി സംശയത്തോടെ ചോദിച്ചു ഇത് ആരുടെ വീടാണ് എന്ന് പത്മിനി അവന്റെ കൈകൾ ചേർത്തുപിടിച്ച് ചെറിയ വീടിന്റെ ഉള്ളിലേക്ക് കയറി ചെന്നു ആരും ഇല്ലാഞ്ഞിട്ടാണ് പത്മിനി ഡോറിൽ ചെറുതായി ഒന്ന് മുട്ടിയത്….

അപ്പോൾ മെലിഞ്ഞ തലയിൽ നിറയെ നര ബാധിച്ച ഒരു സ്ത്രീ ഇറങ്ങി വന്നത് കണ്ടു ഹരി ഒരു നിമിഷം സ്തബ്ദനായി പോയി….

വർഷങ്ങൾക്ക് ശേഷം തന്റെ അതേ മുഖച്ഛായ ഉള്ള സ്ത്രീയെ വീണ്ടും കാണേണ്ടി വന്നു…. ഒരിക്കൽ ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞുപോയ പെണ്ണൊരുത്തി… അവർ സംശയത്തോടെ ദയനീയമായി.ഹരിയെ നോക്കിനിന്നു ഹരി ദേഷ്യം കൊണ്ട് വിറങ്ങലിച്ചു നിന്നു.. പത്മിനി മുന്നിലേക്ക് ചെന്നു അവരോട് പറഞ്ഞൂ..

“അമ്മയുടെ മകൻ ആണ് ഹരി….”

അവർ ഞെട്ടി വിറച്ചു പിന്നോട്ട് പോയി… അവർ അലറി കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി ഹരിയെ നോക്കി… ഒരിക്കൽ ഇട്ടെറിഞ്ഞു പോയ അമ്മയും… അമ്മയുടെ എല്ലാ സ്നേഹങ്ങളും നിഷേധിക്കപ്പെട്ടു വർഷങ്ങളാളം അപമാനത്താൽ തല കുനിക്കേണ്ടി വന്ന മകനും… ഹൃദയം കീറി മുറിഞ്ഞു അവൻ നിന്നപ്പോഴാണ് പത്മിനി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു പറഞ്ഞത്…

“എങ്ങനെയോ ആയിക്കോട്ടെ… നിന്റെ അമ്മയാണ് ചോരയാണ്.. പഴയത് പോലെ കാണാൻ പെട്ടന്ന് കഴിയില്ല എന്നറിയാം ഞാൻ ഇങ്ങോട്ട് കൂട്ടി വന്നത് ചെയ്തത് തെറ്റോ ശരിയോ അറിയില്ല… പക്ഷെ എനിക്ക് ഇവരെ ഒന്ന് കാണണം എന്ന് തോന്നി.. നമ്മുടെ വിവാഹം അറിയിക്കണം എന്നും അനുഗ്രഹിക്കണം എന്നും.. ജീവിച്ചിരിക്കുന്ന ഒരമ്മയുടെ അവകാശം ആണത്… തെറ്റോ ശരിയോ ചികയണ്ട….

നിറഞ്ഞ മനസ്സോടെ അവർ അനുഗ്രഹിക്കുമ്പോൾ ഹരിയുടെ മനസ്സും നിറഞ്ഞിരുന്നു… കഷ്ടപാടുകൾ നിറഞ്ഞു നിന്നിരുന്ന അവരുടെ മുഖത്തേക്ക് നോവോടെ നോക്കുമ്പോൾ അവർ മുഖം പൊത്തി കരയുകയായിരുന്നു…തിരിച്ചുള്ള യാത്രയിൽ ഒന്നും മിണ്ടാതെ ഹരി ഇരിക്കുമ്പോൾ പത്മിനി അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു… അവളുടെ വിരലുകൾ ചേർത്ത് വെച്ച് ഹരി ചുംബിക്കുമ്പോൾ അവളുടെ കൈകളിൽ അവന്റെ കണ്ണീരിന്റെ ഉപ്പു പുരണ്ടിരുന്നു…

വിവാഹമണ്ഡപത്തിൽ ഹരിയോട് ചേർന്ന് അവളിരുന്നു.. താലി കഴുത്തിൽ ചേർത്ത് കെട്ടുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാടിയിരുന്നു…

പ്രിയപ്പെട്ട അച്ഛന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു അവൾ നെഞ്ച് നീറി കരഞ്ഞപ്പോൾ അയാളും വിങ്ങിപൊട്ടി… വളർത്തി വലുതാക്കിയ മകൾ പടിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഹൃദയവേദന അയാളെ വരിഞ്ഞു മുറുക്കി…

ആദ്യരാത്രിയിൽ ഹരിയെ ചേർത്ത് പിടിച്ചു അവൾ കിടന്നു… നെറ്റിയിൽ, കവിളിൽ നേർത്ത ചുംബനം ഹരി നൽകുമ്പോൾ അവൾക്ക് പണ്ടൊരു ദിവസം അവളെ ചേർത്ത് പിടിച്ചൊരു മെലിഞ്ഞ പയ്യനെ ഓർമ്മ വന്നു.. അവന്റെ കൈകളിൽ നിന്നും ജീവനെ തിരികെ കിട്ടിയപ്പോൾ കിട്ടിയ അതെ സന്തോഷം….

അവസാനിച്ചു

പ്രിയപ്പെട്ട വായനക്കാരോട്….

ആദ്യ എഴുത്തിൽ നിങ്ങൾ തന്ന പ്രോത്സാഹനത്തിൽ എത്ര നന്ദി പറഞ്ഞാലും തീരില്ല…. ഇവിടെ വരെയും എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഉണ്ടായത് കൊണ്ടു മാത്രം ആണ്…. നിങ്ങളുടെ സ്നേഹത്തിനു പകരം നൽകാൻ ഒന്നും എന്റെ കയ്യിൽ ഇല്ലാ… എല്ലാവരോടും സ്നേഹം നന്ദി…. എല്ലാവരും സേഫ് ആയിട്ട് ഇരിക്കു… ഹൃദയത്തിന്റെ ഭാഷയിൽ ഒരിക്കൽ കൂടെ നന്ദി… നന്ദി… നന്ദി..