എന്നെ കണ്ടപ്പോൾ അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു പറഞ്ഞതൊക്കെ എന്നെ ഞെട്ടിക്കാൻ പോന്നവയായിരുന്നു…

മനസിന്റെ കാണാക്കയങ്ങൾ

Story written by JAINY TIJU

കാരുണ്യ മെന്റൽ ഹെൽത്ത് സെന്ററിന്റെ വിസിറ്റേഴ്സ് റൂമിൽ ഉയർന്ന നെഞ്ചിടിപ്പോടെ ഞാൻ കാത്തിരുന്നു. ഒരു ചില്ലു വാതിലിനപ്പുറം എന്റെ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് ശ്രുതിയുടെ അമ്മയും.

ഇന്ന് കുഞ്ഞുമായി വരണമെന്ന് ഡോക്ടർ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഭയമായിരുന്നു. എന്താണ് സംഭവിക്കുക എന്നറിയാത്ത ഒരു വെപ്രാളം. ഒരിക്കലും ചിന്തിച്ചിട്ടുകൂടിയില്ലാത്ത സംഭവങ്ങളാണല്ലോ കുറച്ചു നാളുകളായി തന്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വളരെ സന്തോഷത്തോടെയായിരുന്നു ഞാനും ശ്രുതിയും ജീവിച്ചിരുന്നത്. ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടെ വരാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ആ സന്തോഷം ഇരട്ടിയായി. പിന്നെ തയ്യാറെടുപ്പുകൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ…ഒൻപത് മാസം കടന്നുപോയതറിഞ്ഞില്ല. ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന ഞാൻഅവളുടെ പ്രസവത്തീയതി അനുബന്ധിച്ചു ലീവ് ശരിയാക്കി വരാനിരിക്കുകയായിരുന്നു. പക്ഷെ, ഡേറ്റിനും ഒരാഴ്ച മുൻപ് അവൾക്ക് ഫ്ലൂയിഡ് ലീക്കിങ് ആയി. വേദനയും തുടങ്ങി. കഷ്ടകാലമെന്നു പറയട്ടെ, അന്നൊരു ഹർത്താൽ ദിവസമായിരുന്നു.. ഒരു വാഹനത്തിനു വേണ്ടി അമ്മ കുറെ കഷ്ടപ്പെട്ടു. അക്രമരാഷ്ട്രീയത്തോടനുബന്ധിച്ചുള്ള ഹർത്താൽ ആയതിനാൽ ആരും വണ്ടിയെടുക്കാൻ തയ്യാറായില്ല. എനിക്ക് ഓടിയെത്താനും കഴിയുമായിരുന്നില്ല.

അവസാനം ശ്രുതിയുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞ ഒരു ടാക്സിക്കാരൻ വരാൻ തയ്യാറായി. അപ്പോഴേക്കും വേദനകൊണ്ടും പേടികൊണ്ടും അവൾ തളർന്നു പോയിരുന്നു. പോകുന്ന വഴിയിൽ ഹർത്താലനുകൂലികൾ വണ്ടി തടഞ്ഞു. അവരുടെ ബഹളവും ആക്രോശങ്ങളും അവളെ ഭയപ്പെടുത്തി. ഒരുവിധം അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി വണ്ടി കടത്തിവിട്ടെങ്കിലും അവൾ കാറിനുള്ളിൽ വെച്ചു തന്നെ പ്രസവിക്കുകയായിരുന്നു.

ശരിയായ ശ്രദ്ധകിട്ടാതെയുള്ള പ്രസവമായതിനാൽ അവൾക്ക് ബ്ലീ ഡിങ് നിൽക്കാതെയായി. അവൾ ഐസിയുവിലായിരുന്നു നാലുദിവസം.ഇന്ഫെക്ഷന് സാധ്യതയുള്ളതിനാൽ കുഞ്ഞു ഒബ്സെർവഷനിലും. ആ സമയങ്ങളിലെല്ലാം മു ലപ്പാൽ പിഴിഞ്ഞാണ് കൊടുത്തിരുന്നത്. ഒരാഴ്ചക്ക് ശേഷമാണ് രണ്ടുപേരെയും ഡിസ്ചാർജ് ചെയ്തത്.

ലീവ് ഇല്ലാത്തതിനാൽ അവരെ ഡിസ്ചാർജ് ചെയ്തതിനു പിറ്റേദിവസം തന്നെ എനിക്ക് തിരിച്ചു പോകേണ്ടിവന്നു. അവളുടെ മുഖത്തുണ്ടായിരുന്ന വിഷാദഭാവം ശാരീരിക അവശതയുടെ ആണെന്നാണ് കരുതിയത്. അത്രക്ക് മുറിവുകൾ ഉണ്ടായിരുന്നു അവൾക്ക്. ഒരുപാട് സ്റ്റിച്ചുകളുമുണ്ടായിരുന്നു. പക്ഷെ, കുഞ്ഞിനെ മുലയൂട്ടാനോ ലാളിക്കാനോ അവൾ താല്പര്യം കാണിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അവളുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികത തിരിച്ചറിഞ്ഞു എന്നെ വിവരം അറിയിച്ചപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു.

ഞാൻ എത്തുമ്പോൾ അമ്മ പറഞ്ഞതിലും ഒരുപാട് മോശം അവസ്ഥയായിരുന്നു അവളുടേത്. അതും കുഞ്ഞിന് നേർക്കായിരുന്നു അവളുടെ ദേഷ്യം മുഴുവൻ. എന്നെ കണ്ടപ്പോൾ അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു പറഞ്ഞതൊക്കെ എന്നെ ഞെട്ടിക്കാൻ പോന്നവയായിരുന്നു..

കുഞ്ഞിനെ എടുക്കാൻ കഴിയില്ലെന്നും അതിനു താങ്ങാനാവാത്ത ഭാരമാണെന്നുമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത് . കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ അസ്വസ്ഥയായി തുടങ്ങി. നമ്മുടെ കുഞ്ഞു ഒരു അസുരനാണെന്നും അത് നമ്മുടെ കുടുംബവും നാടുമുഴുവൻതന്നെയും നശിപ്പിക്കാനാണ് പിറന്നതെന്നുമായിരുന്നു അവളുടെ വാദം. ആ കുഞ്ഞു ജീവിച്ചിരിക്കാൻ പാടില്ല എന്ന വാക്കുകളിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ തകർന്നിരുന്നു.

ഒടുവിൽ ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് അവളെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചത്.” പോസ്റ്റുപാർട്ടം സൈക്കോസിസ് ” എന്നതായിരുന്നു അവളുടെ അവസ്ഥയുടെ പേര്. പ്രസവത്തോടനുബന്ധിച്ചു സഹിക്കാനാവാത്ത മാനസികസംഘർഷമോ അസാധാരണ വേദനയോ അനുഭവിക്കേണ്ടി വന്ന സ്ത്രീകളിൽ ചിലർക്ക് കണ്ടുവരുന്ന ഒരു മാനസിക പ്രശ്നമാണത്രെ ഇത്. പലരിലും ഇതിന്റെ തീവ്രത പലരീതിയിലാവാം. ആദ്യമേ മനസ്സിലാക്കി വേണ്ട ചികിത്സ കൊടുത്താൽ പെട്ടെന്ന് നോര്മലാക്കാവുന്നതെ ഉള്ളു. പക്ഷെ, പല കാരണങ്ങളാലും ചികിത്സ വൈകുന്ന കേസുകളിൽ കുഞ്ഞിനെ അപായപ്പെടുത്താൻ വരെ സാധ്യതയുണ്ടത്രേ. ഇല്ലാത്തത് അവർ കാണുകയും കേൾക്കുകയും ചെയ്യുന്നു. അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.

ഡോക്ടറുടെ വിശദീകരണങ്ങൾ ഭയത്തോടെയാണ് കേട്ടത്. കാരണം എന്റെ ശ്രുതി ഏകദേശം സീരിയസ് സ്ഥിതിയിലേക്ക് എത്തിയിരുന്നു. അൽപ്പം അശ്രദ്ധപോലും ചിലപ്പോൾ ഞങ്ങളുടെ കുഞ്ഞിന്റെ മരണത്തിൽ കലാശിച്ചേനെ. ഡോക്ടർ ഒരു പ്രധാനകാര്യം കൂടെ കൂട്ടിച്ചേർത്തു. ഏത് മരുന്നിനെക്കാളും കൗണ്സിലിംഗിനെക്കാളും ഗുണം ചെയ്യുന്നത് ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്നേഹവും സപ്പോർട്ടുമാണെന്നു.

ഉടനെ തന്നെ അവളെ അഡ്മിറ്റ് ചെയ്തു. ട്രീറ്റ്മെന്റ് തുടങ്ങി.. അവിടെ രോഗിയുടെ കൂടെ ആരും നിൽക്കേണ്ടതില്ല. ഇടയ്ക്ക് ചെന്നുകാണാം. വല്ലാത്തൊരു വയലെന്റ് സ്റ്റേജിൽ നിന്നുള്ള അവളുടെ മാറ്റം ഓരോ തവണയും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.

അതിനിടയിൽ എന്തെല്ലാം വേദനകൾ, പരിഹാസങ്ങൾ, കുറ്റപ്പെടുത്തലുകൾ. അവൾക്ക് മുൻപ് തന്നെ അസുഖം ഉള്ളതായിരിക്കാം. അത് മറച്ചുവെച്ചു അവളുടെ വീട്ടുകാർ ചതിച്ചതാവും. ഒരിക്കൽ ഭ്രാന്തു വന്നവൾക്ക് പൂർണവിടുതലുണ്ടാവില്ല, ഇനിയും അവൾ കുഞ്ഞിനെ കൊല്ലാൻ ശ്രമിക്കും. അവളെ ഉപേക്ഷിക്കുകയാണ് നല്ലത്…… തുടങ്ങി എന്തെല്ലാം ന്യായങ്ങൾ, ഉപദേശങ്ങൾ.. പക്ഷെ, അവൾ എന്റെ ഭാര്യയാണെങ്കിൽ, എന്റെ കുഞ്ഞിന്റെ അമ്മയാണെങ്കിൽ അവളുടെ ഏത് അവസ്ഥയിലും ഞാനുണ്ടാകും കൂടെ എന്ന എന്റെ ഉറച്ച മറുപടിക്ക് മുന്നിൽ അവയെല്ലാം പരാജയപ്പെട്ടു.

കഴിഞ്ഞ ആഴ്ച വന്നപ്പോഴാണ് ഡോക്ടർ പറഞ്ഞത് ഒരു പരീക്ഷണമെന്ന നിലയിൽ കുഞ്ഞിനെ കൊണ്ട് ഇന്ന് വരാൻ.

വരാന്തയുടെ അങ്ങേയറ്റത്ത് അവൾ നടന്നു വരുന്നത് കണ്ട് ഞാനെണീറ്റു നിന്നു. അവൾ അടുത്തെത്തുംതോറും നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നത് ഞാനറിഞ്ഞു.

” സന്ദീപേട്ടാ “, ഒരു വിളിയോടെ അവളെന്റെ നെഞ്ചിലേക്ക് വീണു. ചേർത്ത്‌ പിടിച്ചു മുടിയിൽ തലോടുന്നതിനിടെ വിറയ്ക്കുന്ന വിരലുകൾ ഞാൻ പുറത്തേക്ക് ചൂണ്ടി,കുഞ്ഞുമായി അവളുടെ ‘അമ്മ ഇരിക്കുന്ന ഇടത്തേക്ക് . അവരെ കണ്ടതും അവളുടെ മുഖത്തെ ചിരി മാഞ്ഞു.

” എന്താ മോളെ, നിനക്ക് നമ്മുടെ മോനെ കാണണ്ടേ? ” എന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു.

“വേണം സന്ദീപേട്ടാ, പക്ഷെ, സുബോധത്തോടെ അല്ലെങ്കിലും അവനെ കൊല്ലാൻ ശ്രമിച്ച ഒരമ്മയല്ലേ ഞാൻ? പൊറുക്കുമോ ദൈവങ്ങളെന്നോട്? വലുതാകുമ്പോൾ അവനെ കൊല്ലാൻ ശ്രമിച്ച ഭ്രാന്തിയായിരുന്നു അവന്റെ അമ്മ എന്ന് എന്നെങ്കിലും അവനറിഞ്ഞാൽ വെറുപ്പ് തോന്നില്ലേ അവനെന്നോട്? “

പൊട്ടിക്കരയുന്ന അവളെ നെഞ്ചോട് ചേർത്തുപിടിച്ചു കുഞ്ഞിനരികിലേക്ക് നടക്കുമ്പോൾ ഞാൻ പറഞ്ഞു….

“എല്ലാം മനസ്സിലാക്കുന്ന പ്രായത്തിൽ അവനിതറിഞ്ഞാലും അവനു നിന്നെ വെറുക്കാൻ കഴിയില്ല മോളെ. അവനു ജന്മം നൽകിയത് കൊണ്ട് നീ അനുഭവിച്ച വേദനകളോർത്ത് നിന്നോട് അവനു സ്നേഹക്കൂടുതലേ ഉണ്ടാവൂ. “

” ഇതെന്താ സന്തോഷിക്കേണ്ട അവസരത്തിൽ രണ്ടുപേരും കൂടെ കരയുവാണോ?” ഡോക്ടറാണ്.

” നന്ദിയുണ്ട് സർ, എനിക്കെന്റെ ജീവനെ തിരിച്ചു തന്നതിന്.. ” ഞാൻ കൈകൾ കൂപ്പി.

” എടോ, തന്നെപ്പോലെ ജീവൻ കൊടുത്തു സ്നേഹിക്കാനും ഏതവസ്ഥയിലും കൂടെ നിൽക്കാനും പറ്റിയ ഒരു പുരുഷൻ ജീവിതത്തിലുണ്ടെങ്കിൽ ഏത് ദുരന്തവും പെണ്ണ് അതിജീവിക്കും. ഈയൊരവസ്ഥയിൽ താൻ കൈവിട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഏതെങ്കിലും ഇരുട്ടുമുറിയിൽ ഒതുങ്ങിയേനെ ശ്രുതിയുടെ ജീവിതം. ” പറഞ്ഞിട്ട് അദ്ദേഹം അവളുടെ നേരെ തിരിഞ്ഞു.

” മോനെ കാണണ്ടേ തനിക്ക്? ചെല്ലെടോ ചെന്ന് വാരിയെടുത്ത് രണ്ടുമ്മ കൊടുക്ക് തന്റെ പൊന്നുമോന്. “

ഓടിയാണ് അവൾ കുഞ്ഞിനരികിലെത്തിയത്. വിറയാർന്ന കൈകളോടെ കുഞ്ഞിനെ വാങ്ങിയപ്പോൾ ഒരു കരച്ചിലോടെ അവൻ അവളോട് പ്രതിഷേധിച്ചു. പിന്നെ ചെറിയ ചിണുങ്ങളോടെ അവന്റെ പരാതിയറിയിച്ചു. പതിയെ പതിയെ അവളോടിണങ്ങി, ആ മാറോടു പറ്റിച്ചേർന്നു. അവളുടെ വിതുമ്പുന്ന ചുണ്ടുകൾ അവന്റെ നെറ്റിയിൽ ചുംബനമായി പൊതിയുമ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.