ശ്രീയേട്ടന്റെ കൂടെ സന്തോഷം തന്നെ ആയിരുന്നു. വിവാഹം കഴിഞ്ഞു മൂന്നുമാസത്തിനുള്ളിൽ തന്നെ വിശേഷമായി. ജീവിതം ഇങ്ങനെയും…

Story written by NITYA DILSHE

“”കുട്ടിയെ കൂടി അവൾടെ കൂടെ വിടണ് ണ്ടോ..?? ഒരു പെണ്കുട്ടി അല്ലെ..അല്ല ഇന്നത്തെ കാലല്ലേ…സ്വന്തം അച്ഛന്മാരെ കൂടി വിശ്വസിക്കാൻ പറ്റ് ണില്ലേ..?? പേപ്പറു തുറന്നാ ഇതൊക്കെന്നെയെ ഉള്ളു..””

പുറത്തു നിന്നും അമ്മായിയുടെ അടക്കിയുള്ള സംസാരം കേട്ടതും ഉള്ളിൽ നിന്നും ഒരാന്തലുണ്ടായി..സ്വന്തം വിധിയെ ഒന്നുകൂടി ശപിച്ചു..

“”അമ്മേ..ഇതൂടി കൊണ്ടോവാൻ എടുത്തു വക്കട്ടെ..”” ഹരിക്കുട്ടിയാണ്..അവളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുമായി നിൽക്കുന്നു..അച്ഛനെ കിട്ടുന്ന സന്തോഷത്തിലാണ്. അറിഞ്ഞപ്പോൾ തൊട്ടു തുടങ്ങിയതാ..ഓരോ ചോദ്യങ്ങൾ.. ഒരുക്കങ്ങൾ..

അച്ഛനെ അവൾ കണ്ടിട്ടില്ല..ശ്രീയേട്ടൻ മരിക്കുമ്പോൾ 7 മാസം ഗർഭിണിയായിരുന്നു.. പത്തൊമ്പതാം വയസ്സിൽ വിവാഹം..യോഗം അപ്പോഴായിരുന്നത്രെ..എതിർത്ത് ശബ്ദിക്കാൻ കഴിയുമായിരുന്നില്ല…അന്നും ഇന്നും….പഠനം അതോടെ നിന്നു…

ശ്രീയേട്ടന്റെ കൂടെ സന്തോഷം തന്നെ ആയിരുന്നു.. വിവാഹം കഴിഞ്ഞു മൂന്നുമാസത്തിനുള്ളിൽ തന്നെ വിശേഷമായി..ജീവിതം ഇങ്ങനെയും..

അമ്മായി പറഞ്ഞതിൽ തന്നെ കുരുങ്ങിക്കിടക്കുകയായിരുന്നു മനസ്സ്‌..അയാൾ കാണാൻ വന്നപ്പോൾ ശിലപോലെ നിന്നുകൊടുക്കുകയായിരുന്നു..ആരാന്നോ എന്താന്നോ അറിയില്ല…മോളെക്കൂടി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാണെന്ന് ഏട്ടൻ പറയുന്നത് കേട്ടു..

അമ്മായി പറഞ്ഞപോലെ അയാൾ ഇനി മോളെ ഉപദ്രവിക്കോ.. ഈ വിവാഹം വേണ്ടെന്നു പറഞ്ഞാലോ..?? പിന്നെ ..പിന്നെ ഇവിടെ നിൽക്കാൻ കഴിയോ..

ഏട്ടത്തിമാരുടെ മുറുമുറുപ്പുകൾ ഇതുവരെ കണ്ടില്ലെന്നു നടിച്ചു …മോളെയും കൊണ്ടു എങ്ങോട്ടെങ്കിലും പോയാലോ.??..എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. പക്ഷെ..സുരക്ഷിതയായി അവളെ നോക്കാൻ കഴിയോ..?? മോൾടെ ദോഷമാണെന്നു പറഞ്ഞു ശ്രീയേട്ടന്റെ വീട്ടുകാർ അന്നേ ഉപേക്ഷിച്ചതാണ്‌….ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കുമെന്നു തോന്നി….

കളിപ്പാവപോലെ താലികെട്ടാൻ നിന്നു കൊടുത്തു. താലി കെട്ടുമ്പോൾ കണ്ടതാണ് മോളെ..അപ്പോൾ അടുത്തുണ്ടായിരുന്നു.. പിന്നെ കണ്ടില്ല..

കഴിക്കാൻ നേരത്തും നോക്കിയതാണ്..തന്റെ നോട്ടം കണ്ട് അമ്മായി പറഞ്ഞു അവൾ കുട്ട്യോൾടെ കൂടെ കഴിച്ചെന്നു തോന്നുന്നു..ഇല്ലെങ്കിൽ അമ്മായി കൊടുക്കാമെന്ന്.. അത് കേട്ടത് കൊണ്ടാണ് മനസ്സില്ലാമനസ്സോടെ കഴിക്കാനായി ഇരുന്നത്..അവൾ വല്ലതും കഴിച്ചോ ആവോ..??

ഇറങ്ങാൻ സമയമായി..ആരോ പറയുന്നത് കേട്ടു..മോളെവിടെ എന്നുറക്കെ ചോദിക്കണമെന്നു തോന്നി..കണ്ണുകൾ കൊണ്ടു ചുറ്റും പരതി..പാറിപ്പറന്ന മുടിയുമായി ഓടിവരുന്നത് കണ്ടു..കളിയിലായിരുന്നെന്നു തോന്നുന്നു.ഉടുപ്പിലൊക്കെ പൊടി പറ്റിയിരിക്കുന്നു…അല്പം മണിക്കൂറുകളെ കാണാതിരുന്നുള്ളൂ.. എന്നിട്ടും ദിവസങ്ങളായി കണ്ടിട്ടെന്നു തോന്നി..വാരിച്ചെന്നെടുത്തു…

കാറിൽ അവളെ മാറോടടക്കി പിടിച്ചിരുന്നു…അവളുടെ കണ്ണുകൾ ഇടക്കിടെ അടുത്തിരിക്കുന്ന ആൾക്ക് നേരെ പാറുന്നത് കണ്ടു..അല്പം കഴിഞ്ഞതും അവളുറങ്ങി.. വീട്ടിലെത്തിയതും ആരോ വന്നവളെ എടുത്തു കൊണ്ട് പോയി..വലതുകാൽ വച്ചു തന്നെ പുതിയ വീട്ടിലേക്കു കയറി..

ആകെയൊരു വീർപ്പുമുട്ടൽ.. മോളെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു.. കിടപ്പ് മുറിയിൽ വലിയ ഫാമിലി ഫോട്ടോ കണ്ടു.. അതിലേക്കു ഞാൻ നോക്കി നിൽക്കുന്നത് കണ്ടാവാം അടുത്തു നിന്ന മൂത്ത സഹോദരി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു….

“” ഏട്ടൻ ഏട്ടത്തി കല്ലുമോൾ.. ആക്സിഡന്റ് ആയിരുന്നു..ഹരിക്കുട്ടീടെ പ്രായായിരുന്നു മോൾക്ക്‌…ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു..ഏട്ടൻ ആകെ മാറി ഇപ്പോൾ ..രൂപത്തിലും ഭാവത്തിലും..””

കിടക്കാൻ നേരം അയാളുടെ ഇളയ അനിയത്തി പറഞ്ഞു.

“”മോളിന്നു ഞങ്ങൾടെ കൂടെയാട്ടോ..ഏട്ടത്തി പോയി കിടന്നോളൂ..””

കേട്ടതും ഒന്നു വിറച്ചു..

“”ഇല്ല..അവൾക്കു ഞാനില്ലാതെ പറ്റില്ല..””ഒരുവിധം പറഞ്ഞൊപ്പിച്ചു..

“”അമ്മേ ഞാനിന്നു ഇവിടെ പൊന്നുന്റെ കൂടെയാ..”‘

അവളെ വലിച്ചെടുത്തു കൊണ്ടു പോകണമെന്നുണ്ടായിരുന്നു….എല്ലാവരുടെയും മുഖം കണ്ടപ്പോൾ വേണ്ടെന്നു തോന്നി..കുറച്ചുനേരം അവിടെ തന്നെ ചുറ്റിപ്പിടിച്ചു നിന്നു…മോൾ കളിയിലാണ്..വരാനുള്ള ലക്ഷണമില്ല..വീണ്ടും കിടക്കാൻ നിർബന്ധിച്ചപ്പോൾ പതിയെ മുറിയിലേക്ക് വന്നു…വാതിൽ തുറക്കുമ്പോൾ നെഞ്ചു പൊളിഞ്ഞു ഹൃദയം പുറത്തു ചാടുമെന്നുതോന്നി..

ഭാഗ്യം..അകത്ത് ആരുമുണ്ടായിരുന്നില്ല…കിടക്കാൻ തോന്നിയില്ല..കട്ടിലിന്റെ ഒരറ്റത്തിരുന്നു..മനസ്സ് ഹരിക്കുട്ടീടെ അടുത്തായിരുന്നു..പിരിഞ്ഞു കിടന്നിട്ടില്ല ഇതേവരെ.. ഒന്നുകൂടി പോയി വിളിച്ചാലോ….

കുറച്ചുകഴിഞ്ഞതും ആരോ വാതിൽ തുറക്കുന്നത് കണ്ടു..നെഞ്ചിടിപ്പോടെ എഴുന്നേറ്റു..അദ്ദേഹം അകത്തു കയറിയതും കട്ടിലിലേക്ക് നോക്കുന്നത് കണ്ടു…പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി..

വീണ്ടും വരുമ്പോൾ തോളിൽ കിടന്നുറങ്ങുന്ന ഹരിക്കുട്ടിയെ കണ്ടു..

“കല്ലുമോൾ നമ്മുടെ കൂടെ ഉറങ്ങിയാൽ മതി..”

ആജ്ഞ പോലെ എന്നെ നോക്കി പറഞ്ഞ് മോളെ കട്ടിലിലേക്ക് കിടത്തി..

‘കല്ലുമോൾ ‘ആ വാക്കിന് എന്റെ മനസ്സിലെ കനലിനെ കെടുത്താനുള്ള ശക്തിയുണ്ടായിരുന്നു… ഇതുവരെ ഞാൻ എന്നോട് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരവും അതിലുണ്ടായിരുന്നു…

സ്നേഹത്തോടെ….Nitya Dilshe