ഞാനെൻ്റെ സ്വന്തം വീട്ടിൽ, കാലിൻ്റെ മുട്ട് താടിമ്മല് തട്ടിച്ച് ഒന്നൂടി ചുരുണ്ട് കൂടി മൂടി പുതച്ച് കിടന്നുറങ്ങും…

ഞാനെന്നെ രാജാവ്…

Story written by Shabna Shamsu

സുബ്ഹ് ബാങ്ക് കൊടുക്കാൻ ഇനിയും രണ്ട് മണിക്കൂറുണ്ട്…പിന്നെന്തിനാപ്പോ ഞാൻ ഇത്ര നേരത്തെ ഉണർന്നത്….

സാധാരണ എഴുന്നേക്കുമ്പോ ഉള്ള എടങ്ങേറൊന്നും ഇന്നില്ലാല്ലോ….എന്നും ബാങ്ക് കൊടുക്കുന്നതിൻ്റെ കുറച്ച് മുമ്പ് എണീക്കും…

മാന്തള് മീനിൻ്റെ മേല്ന്ന് തോല് പൊളിച്ചെട്ക്ക്ന്ന മാതിരി പുതപ്പ് വലിച്ചിടും….മുടി വാരിക്കെട്ടി മേലോട്ട് നോക്കും….എന്നും കാണാറുള്ള അട്ടത്തെ ഫാൻ… ജനലിലെ കർട്ടൻ…ബാത്റൂമിൻ്റെ വാതില്…വല്ലാത്തൊരു ചടപ്പോടെ കട്ടിലീന്ന് എറങ്ങുമ്പോ ഒറ്റക്കൊരു വല്യ കമ്പിളി പുതപ്പ് ഒരറ്റം തലയടക്കം പൊതിഞ്ഞ് മറ്റേ അറ്റം കാലിലെ പെരുവിരൽ കൊണ്ട് ലോക്കിട്ട് കുംഭകർണനായി ഉറങ്ങുന്ന കെട്ടിയോനെ നോക്കി നെടുവീർപ്പിടും…

ങ്ങളെന്നെ രാജാവ്…ങ്ങളെ പൊര… ങ്ങളെ ഉമ്മ …വാപ്പ … ങ്ങളെ ഭാര്യ..മക്കള്..ഇഷ്ടള്ളപ്പം ഒറങ്ങാ…ഇഷsള്ളപ്പം എണീക്കാ….ഔ….. ആണായോണ്ട്ളള യോഗം…..

എന്തിനാപ്പോ അധികം പറീന്നത്….ഉടുത്ത പാവാട സ്ഥാനം തെറ്റി ഷ ഡ്ഡിം കാണിച്ച് തൊള്ളേന്ന് തുപ്പലും ഒലിപ്പിച്ച് കിടന്നുറങ്ങുന്ന മക്കളെ നോക്കി വരെ ഇനിക്ക് അസൂയ ആവല്ണ്ട്….ഭാഗ്യവതികള്… പത്തിരി പരത്തണ്ട…. ചോറും കൂട്ടാനും വെക്കണ്ട…തിരുമ്പണ്ട…വെയില് ചൂടാവുമ്പോ മ്മച്ചിയേന്നും വിളിച്ച് വന്നാ മതി……

ഇങ്ങനൊക്കെ ആണേലും ഇന്നെനിക്ക് ഭയങ്കര സന്തോഷാണ് ട്ടോ….

കുറേ കാലത്തിന് ശേഷം ഇന്ന് ഞാൻ എൻ്റെ വീട്ടിൽ പോവാ….അതാണ് കോഴി ഉണരുന്ന മുമ്പേ ഞാൻ ഉണർന്നത്…..

അട്ടത്തേക്ക് നോക്കീല.. കർട്ടൻ ഞാൻ കണ്ടില്ല…ഉറങ്ങുന്ന മഹാനെയും മഹതികളെയും നോക്കി വെള്ളമിറക്കീല….

അടുക്കളേൽ ചെന്ന് എൻ്റെ പണികള് തുടങ്ങി…സാധാരണ 10 ചക്രള്ള ഷൂ കാലില് ഇട്ട പോലെ നടക്കണം….ന്നാലേ ഡ്യൂട്ടിക്ക് സമയത്തിന് എത്തുള്ളൂ…

ഇന്നെനിക്ക് വല്ലാത്തൊരു എനർജി…

പത്തിരി പരത്തലും ചുടലും ഒക്കെ പൂവൻ പഴം ഇരിയുന്ന പോലെ സിംപിൾ….

എല്ലാ പണികളും തീർത്ത് വെച്ചിട്ട് വേണം പോവാൻ…ഇക്കാക്ക് പോവാനായപ്പോ വണ്ടിക്കൂലി തന്നു….ഓട്ടോ വിളിച്ച് പൊയ്ക്കോളീ…. കൊണ്ടാക്കി തരാൻ നേരല്ല…..

ഓട്ടോ അല്ല… ലോറീല് വേണേലും പോവാ…സമ്മതം…. അവിടൊന്ന് എത്തി കിട്ടിയാ മതി….

രാത്രിയേക്കുള്ള ചോറും കറിയൊക്കെ ഉണ്ടാക്കി പിറ്റേന്നെക്ക് മാവരച്ച് ഫ്രിഡ്ജില് വെച്ചു….മീൻ മസാല തേച്ച് അതും ഫ്രിഡ്ജീ കേറ്റി…ചോറ് തിന്ന് മക്കളെ കുളിപ്പിച്ച് മാറ്റിച്ച് ഞാനൊരു പർദേം ഇട്ട് ഓട്ടോക്ക് വിളിച്ചു….

ഉമ്മാനോടും ഉപ്പാനോടും സലാം പറഞ്ഞ് ഇറങ്ങി….

35 Km ദൂരമുണ്ട് എൻ്റെ വീട്ടിലേക്ക്….ഓട്ടോയിലിരുന്നപ്പോ വല്ലാത്തൊരു സുഖം…കെട്ടിച്ച വീട്ടില് കഷ്ടപ്പാടായോണ്ടല്ല…ഉമ്മയും ഉപ്പയും ഉള്ള വീട്…നമ്മള് ജനിച്ച് വളർന്ന നാട്…

അതിനോടുള്ള പിരിശം തൊണ്ടക്കുഴീന്ന് റൂഹ് പോവുന്ന വരെ പെണ്ണിൻ്റെ മനസ്സില് അടങ്ങി ഒതുങ്ങി കിടന്നോളും…അപ്പളാണ് ഓള് നല്ലൊരു ഭാര്യയാവുന്നത്…നല്ലൊരു ഉമ്മച്ചി ആവുന്നത്…നല്ലൊരു മരുമകളാവുന്നത്… (എൻ്റെ കാഴ്ചപ്പാടാണ് ട്ടോ)

ഓട്ടോന്ന് പുറത്തേക്ക് നോക്കി ഇരുന്നു….മരങ്ങൾക്കൊക്കെ എന്തൊരു ഭംഗ്യാ….സന്തൂർ സോപ്പ് തേച്ച് കുളിച്ച പോലെ…ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു….

മക്കള് വയങ്കര സന്തോഷത്തിലാ….കലപിലാന്ന് പറഞ്ഞോണ്ടിരിക്കുന്നു…..

സ്വന്തം വീട്ടിലേക്കാന്ന് ഓട്ടോക്കാരനും അറിഞ്ഞൂന്ന് തോന്നുന്നു ..

“ഓണവില്ലിൻ തംബുരു മീട്ടും വീടാണീ വീട്….. “

ഈ പാട്ടാണ് വെച്ചത്…വല്ലാത്തൊരു ഫീൽ….മക്കൾക്ക് വണ്ടീന്ന് കഴിക്കാൻ ബിങ്കോയും അങ്ങളെൻ്റെ മക്കൾക്ക് കിൻ്റർ ജോയീം വീട്ടിലേക്ക് ബേക്കറീം ഒക്കെ വാങ്ങി….

എൻ്റെ അങ്ങാടി എത്താറായി….ഇനി വീടെത്തുന്ന വരെ തെരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പോലെ ചിരിച്ചോണ്ട് കൈ വീശി കാണിക്കണം….

പണ്ട് ഉപ്പും ചാക്കില് ഇരുന്ന് വെടി പറയുന്ന കാക്കമാരൊക്കെ ഇപ്പോ വയസായിക്കണ്….സെറ്ററും തൊപ്പിയും ഇട്ട് വടീം കുത്തി പിടിച്ച് നടക്കുന്നു….കുടുക്കില്ലാത്ത ടൗസറിട്ട് മൂക്കാട്ട കൈയിൻ്റെ മുട്ട് കൊണ്ട് തുടച്ച് നടന്ന ചെക്കൻമാരൊക്കെ മൈതാനി നേർച്ചക്ക് വെളിച്ചം കത്തിച്ച മാതിരി മൊത്തം ലൈറ്റൊക്കെ വെച്ച വല്യ മണി മാളികൻ്റെ മുമ്പില് ബർമുഡേം ഇട്ട് കുംഭപള്ളേം തടവി ഫോൺ വിളിക്കുന്നു…

പശൂന് കഞ്ഞി വെള്ളം എടുക്കാൻ വരുന്ന സുജാത ചേച്ചിക്ക് മാത്രം ഒരു മാറ്റോം ഇല്ല..

അങ്ങനെ വീടെത്തി…ഗെയ്റ്റില് തന്നെ ആങ്ങളെൻ്റെ മക്കളും ഉപ്പയും കാത്ത് നിക്കുന്നുണ്ട്…

വണ്ടീടെ ഒച്ച കേട്ട് ഉമ്മയും നാത്തൂനും വന്നു…പിന്നെ ഒരു ചുംബന സമരം…ചെറിയ മോളെ തോളിലിരുത്തി ഉപ്പയും എൻ്റെ ലെഗേജ് വാങ്ങി ഉമ്മയും അകത്തോട്ട് കയറി….

പിന്നെ കലപില കലപില…അപ്പളേക്കും അടുക്കളേന്ന് നല്ല കട്ടൻ കാപ്പിൻ്റെ മണം..

കഴിക്കാൻ നേന്ത്രക്കായും കടലയും കറിവേപ്പിലയും ഉണക്കമുളകും ഇട്ട് വറവിട്ട പുഴുക്ക് റെഡി…

പണ്ട് ചെർപ്പത്തില് ഉമ്മ എപ്പളും ഉണ്ടാക്കും ഇത്…ഉപ്പാക്ക് വാഴക്കുല കച്ചോടം ആയതോണ്ട് നേന്ത്രക്കായ് കൊണ്ട് ചോറല്ലാത്തതൊക്കെ ഉമ്മ വെക്കും…

അത് കഴിച്ച് അടുക്കളേല് ഇരുന്ന് കഥ പറച്ചില് തുടങ്ങും…

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്..

മക്കള് ഒരു സെറ്റായി നല്ല കളീലായ്ക്കും…

അത് കഴിഞ്ഞ് ചോറ് തിന്ന് മക്കളൊക്കെ ഉപ്പാൻ്റെ കൂടെ കിടക്കും…

ഞാൻ ഉമ്മാൻ്റെ കൂടെ…കണ്ണ് പൂടി പോവുന്ന വരെ വർത്താനം പറയും…

പിറ്റേന്ന് രാവിലെ അള്ളാഹുവേ…. എണീക്കാൻ നേരം വൈകിയല്ലോന്ന് ഓർത്ത് ഞെട്ടി ഉണരും…

മേലോട്ട് നോക്കുമ്പോ എന്നും കാണുന്ന അട്ടത്തെ ഫാൻ ഇല്ല….കർട്ടൻ ഇല്ല….ബാത്റൂമില്ല…

അയ്ശ്…… വല്ലാത്തൊരു കുളിരായ്ക്കും അപ്പോ….

ഞാനെൻ്റെ സ്വന്തം വീട്ടിൽ……

കാലിൻ്റെ മുട്ട് താടിമ്മല് തട്ടിച്ച് ഒന്നൂടി ചുരുണ്ട് കൂടി മൂടി പുതച്ച് കിടന്നുറങ്ങും…

വെയില് ചൂടാവുമ്പോ ഉമ്മ വിളിക്കും….

ചായ എട്ത്ത് വെച്ച് ക്ക്ന്ന് …. ണീച്ചൂട്….

നോക്കുമ്പോ മേശപ്പുറത്ത് എല്ലാം നിരത്തി വെച്ചീണ്ടാവും…

അയ്ശ് … ൻ്റെ പൊര…ഞാനെന്നെ രാജാവ്….

ചായ കുടി കയിഞ്ഞ് വീടിൻ്റെ പുറകിലുള്ള തറവാട്ടിലേക്ക് പോവും..

ആപ്പമാരും മേമമാരും ഉമ്മച്ചീം യ്യി ക്ഷീണിച്ച് പോയല്ലോന്ന് പറയും..

കെട്ടിക്കുമ്പോ 45 കിലോ അയ്നും..ഇപ്പോ 60 ണ്ട്… ന്നാലും പറയും.. യ്യി നല്ലോം ക്ഷീണിച്ച് ന്ന്….

ഉമ്മച്ചി അരിച്ചെമ്പില് കുഴിച്ചിട്ട ബേക്കറി കവറെട്ത്ത് വരും… മേമ ചായ തരും….കൊറേ വർത്താനം പറഞ്ഞിരിക്കും…

അവ്ടള്ള മക്കളേം കൂട്ടി താഴെ അമ്മായിൻ്റ ട്ത്ത് പോവും…ഡോറ് ഇല്ലാത്ത അലമാ രേല് നിരത്തി വെച്ച അച്ചാറ് കുപ്പീന്ന് ഇഷ്ടള്ളത് തോണ്ടി തിന്നും..

അപ്പോ അടുപ്പത്ത്ന്ന് വെന്തോണ്ടിരിക്കുന്ന ചോറ് ലേശം എടുത്ത് ഇത്തിരി കറുമൂസ ഉപ്പേരീം ഇട്ട് പപ്പടോം പൊരിച്ച് അമ്മായി കയ്യിൽ തരും…

“അച്ചാറ് മാത്രം തിന്നാ പള്ളേ കാളും… ചോറും കൂട്ടി തിന്ന്…. “അടുത്തിരുന്ന് തീറ്റിക്കും…

അയ്ശ്… ഞാനെന്നെ രാജാവ്….

മുറ്റത്ത്ന്ന് പേരക്ക പറിച്ച് അതും തിന്നോണ്ട് പണ്ട് പാല് വാങ്ങാൻ പോയ സൈനാത്താൻ്റെ വീട്ടിൽ പോവും…സൈനാത്ത കിടപ്പിലാണ്….

കൈ പിടിച്ച് ഉമ്മ തരും…സലാം പറയും…ഇനി വരുമ്പോ ന്നെ കാണൂല ട്ടോ ന്ന് പറയും…

ങ്ങളിതെന്നല്ലേ ഞാൻ കയിഞ്ഞ പ്രാശ്യം വന്നപ്പളും പറഞ്ഞതെന്ന് ചോയ്ക്കുമ്പോ ചമ്മിയാലും തോൽക്കാത്തൊരു ചിരി തരും….

അപ്പൾത്തേക്കും ഉമ്മ വിളി തുടങ്ങും….മക്കൾക്ക് കഞ്ഞി കൊടുക്ക്…. ങ്ങോട്ട് വാ….

നല്ല തേങ്ങാപാലൊയിച്ച കഞ്ഞിയും ചീര ഉപ്പേരിയും…..

അതൊക്കെ കഴിഞ്ഞ് കുളിക്കാൻ നോക്കുമ്പോ ഉമ്മാൻ്റെ ഒരു ഡയലോഗ്ണ്ട്..

തല നനക്കണ്ട… അനക്ക് ജലദോഷം പിടിക്കും….

അയ് … ആരാ ഈ പറീണത്..മൻഷന്മാര് മാസത്തില് രണ്ട് വട്ടെങ്കിലും കുളിക്കണംന്ന് പറഞ്ഞ് ചെർപ്പത്തില് എൻ്റെ തലേക്കൂടി ചളി കലക്കിയ വെള്ളം ഒയിക്കാറുള്ള മൊതലാണിത്…

കല്യാണത്തിന് മുമ്പ് ആരാൻ്റെ പൊരേൽ പോവാനുള്ളതാന്ന് പറഞ്ഞ് ഉള്ള പണി മുയുവനും എടുപ്പിക്കും…

ന്നിട്ടിപ്പോ വിരുന്ന് വരുമ്പോ തിന്ന പാത്രം വരെ മോറാൻ സമ്മയ്ക്കൂല…

അങ്ങനെ ചോറ് വെയ് പൊക്കെ കയിഞ്ഞ് നല്ലൊരു ഉച്ച മയക്കം…..ആരും വിളിക്കൂല….മ്മച്ചിയേന്ന് പറഞ്ഞ് വാതില് മുട്ടൂല..

അയ്ശ്….. ഞാനെന്നെ രാജാവ്…

അങ്ങനെ അന്നത്തെ ദിവസവും കയിഞ്ഞു…

പിറ്റേന്ന് തിരിച്ച് പോരുന്ന ദിവസമാണ്…

തണുപ്പോട് തണുപ്പ്…ഒന്നിനും വയ്യ…മണി മാരൻ കൂട്ടാൻ വരും….ഉപ്പ പോവുമ്പോ കൊണ്ടാവാനുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്യുന്നു…

ഉമ്മ മരുമോൻ വരുമ്പളത്തേക്കും തക്കേരിക്കാനുള്ള ഐറ്റംസ് ഉണ്ടാക്കുന്നു…

അങ്ങനെ മണിമാരനെത്തി….

ഉമ്മേം ഉപ്പേം മൂപ്പരെ പേര് വിളിക്കൂല…പുയ്യാപ്ല…ങ്ങള്… കുത്തിരിക്കീ…. ഇങ്ങനൊക്കാ പറയാ….

പതിനാല് കൊല്ലായി കല്യാണം കയിഞ്ഞിട്ട്..ന്നിട്ടും മേശപ്പുറം നെറച്ചും നെയ്ച്ചോറും ബിരിയാണീം കോയി പൊരിച്ചതും…..

അയ്ശ്….. ങ്ങളെന്നെ… ങ്ങളെന്നെ രാജാവ്….

ഞാൻ വെറും രതീഷ്…എഴുന്നേൽക്ക് രതീഷ് ന്ന് പറയുമ്പം മാത്രം എഴുന്നേൽക്ക്ന്ന വെറും രതീഷ്,……

അങ്ങനെ തീറ്റയൊക്കെ കഴിഞ്ഞ് പോവാനിറങ്ങും…

വീണ്ടും ചുംബന സമരം…

ഉമ്മാൻ്റെം ഉപ്പാൻ്റേം സങ്കടം കണ്ടാ ഞാൻ ൻ്റെ ഇഷ്ടത്തിന് ന്നെ തന്നെ കെട്ടിച്ചതാന്ന് തോന്നും…

നാത്തൂൻ്റെ ഒക്കത്തിരുന്ന് അങ്ങളെ ൻ്റെ മക്കള് അമ്മായി പോണ്ടാന്നും പറഞ്ഞ് കാറിക്കൂവും…

അത് കാണുമ്പോ എൻ്റെ മക്കളും കരയും…

പിന്നെ വണ്ടീ കയറും…ഷംസുക്ക മാത്രം മുണ്ടും…അത് വരെ ഒരു മൂളിപ്പാട്ട് പോലും പാടാത്ത മൻഷൻ സ്റ്റിയറിംഗിൽ താളം പിടിച്ച് ചന്ദനക്കാറ്റേ… കുളിർ കൊണ്ട് വാന്ന്
തൊള്ള തൊറക്കും…

ഞാൻ പുറത്തോട്ട് നോക്കി ഇരിക്കും…തിരുമ്പ്ന്ന സോപ്പ് തേച്ച് കുളിച്ച പോലെ മരങ്ങളൊക്കെ വിറങ്ങലിച്ച് നിക്കുന്നത് നോക്കി ഉള്ളില് ഏങ്ങലടിക്കും…

അങ്ങനെ വീടെത്തി…ഡ്രസ് മാറി തട്ടം കൊണ്ട് മുടി ചുറ്റി കെട്ടി അഴിച്ച് വെച്ച ചക്രള്ള ഷൂ എടുത്ത് കാലിലിട്ട് അടുക്കളേക്ക് പോവും…

അപ്പോ എൻ്റെ മീൻ ചട്ടീം പത്തിരിക്കല്ലും ചിതല് പിടിച്ച വിറകും ഈർക്കിളി ചൂലും എന്നെ നോക്കി കളിയാക്കി ചിരിക്കും…

യേ…. പുയ്യോട്ടി സർക്കീറ്റൊക്കെ കയിഞ്ഞ് വന്നോന്ന് ചോയ്ക്കും….

അപ്പോ ഞാനൊരു രണ്ട് മിനിറ്റ് മിണ്ടാതെ നിക്കും…ശ്വാസം മേലോട്ട് വലിച്ച് കേറ്റും….എന്നിട്ട് നല്ല ശക്തീല് പുറത്തോട്ട് വിടും…. ഫൂ………..

അതില് ആദ്യം എൻ്റെ അമ്മായിൻ്റെ അച്ചാർ കുപ്പി വീണോവും… പിന്നെ ഉമ്മാൻ്റെ പുഴുക്ക്… ഉമ്മച്ചീൻ്റെ പലഹാരം…സൈനാത്താൻ്റെ ചിരി…

എല്ലാം ചിതറി തെറിക്കും….

പിന്നെ ഞാനതെല്ലാം അടിച്ച് വാരി പുറകിലെ വാഴൻ്റെ ചോട്ടില് ഇടും….എന്നിട്ട് പറയും….മിണ്ടരുത്… അടങ്ങി ഒതുങ്ങി ഇവിടിരുന്നോണം….ഞാൻ രാജാവാ…. വാഴൻ്റെ ചോട്ടിലെ രാജാവ്……

Shabna shamsu❤️