അത്രയും മധുരമായി ആദ്യമായാണ് ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത്. മോന്റെ അമ്മയെ പറ്റി കൂടുതൽ അറിയാനായി…

ഇനിയെന്നും കൂടെ?

Story written by Athira Sivadas

എവിടെനിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് കാലത്ത് തന്നെ ഉറക്കം ഉണരുന്നത്. അത് ശെരിക്കും കരയുകയായിരുന്നില്ല… അലറി വിളിക്കുകയായിരുന്നു എന്തിനോ വേണ്ടി…ആരാണിത്ര കാലത്തെ കൊച്ചു കുട്ടിയുമായി ഇവിടേക്ക് വന്നതെന്ന് ഓർത്തു ബുദ്ധിമുട്ടി കട്ടിലിൽ നിന്നെഴുന്നേറ്റു…എന്തോ ആ ശബ്ദം കേട്ടിട്ട് വീണ്ടും കിടന്നുറങ്ങാൻ കഴിഞ്ഞില്ല… എന്താണെന്ന് നോക്കാൻ ഹാളിലേക്ക് വരുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. ശബ്ദം വന്നത് ഇവിടുന്നല്ലെന്ന് മനസ്സിലായി വെളിയിലേക്ക് ഇറങ്ങി നോക്കാൻ തുടങ്ങിയതും അമ്മ അകത്തേക്ക് കയറി വരുന്നു.

“എന്താ അമ്മേ… ഏതാ ഒരു കുഞ്ഞു കരയുന്ന ശബ്ദം”

“അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരാ മധു…പതിനെട്ടു ദിവസം മാത്രം പ്രായമായ ഒരു പൊടിക്കുഞ്ഞുണ്ട്… അതാ ഈ കരെണെ. യാത്ര ഒക്കെ കഴിഞ്ഞു വന്നതല്ലേ അത്കൊണ്ട് ആവും… കുറേ നേരയി കരച്ചിൽ തുടങ്ങിയിട്ട്.” അത് പറയുമ്പോൾ അമ്മയുടെ മുഖത്തൊരു വാത്സല്യം ഉണ്ടായിരുന്നു.

“എന്നാൽ പിന്നെ കുഞ്ഞിന് പാല് കൊടുത്തു ഉറക്കിക്കൂടെ അതിന്റെ അമ്മയ്ക്ക്…വെറുതെ മനുഷ്യന്റെ ഉറക്കം കളയാൻ” കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി ഞാനത് പറയുമ്പോൾ അമ്മയുടെ നെറ്റി ചുളിഞ്ഞു.

“അഹ്… പിന്നെ പെൺപിള്ളേർ എണീറ്റ് വരുന്ന സമയം കണ്ടില്ലേ…” അതും പറഞ്ഞു എന്റെ തലയ്ക്കു ഒരു കൊട്ട് തന്നിട്ട് അമ്മ അടുക്കളയിലേക്ക് പോയി.

ആ കുഞ്ഞു കരച്ചിൽ നിർത്തുന്ന ലക്ഷണം ഇല്ല… നിലവിളിക്കും പോലെയാണ് തോന്നുന്നത്. എന്തോ ആ ശബ്ദം എന്നെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടായിരുന്നു.
വെളിയിലിറങ്ങി നോക്കുമ്പോൾ ആരോ അതിനെ എടുത്ത് സിറ്റ്ഔട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.കുഞ്ഞിന്റെ അമ്മ ആയിരിക്കണം എന്ന് ഞാനൂഹിച്ചു.

കരയല്ലേടാ ചക്കരെ… നല്ല വാവ അല്ലേ… എന്നൊക്കെ പറഞ്ഞ് കൊണ്ടാണ് നടത്തം. ഇത്തിരി ഇല്ലാത്ത കൊച്ചിനോട് കരയല്ലെന്ന് പറഞ്ഞാൽ അതിനു വല്ലതും മനസ്സിലാകുവോ… അതിനു കുറച്ച് പാല് കൊടുത്തു ഉറക്കിക്കൂടെ… ഇത് ചുമ്മാ ബാക്കി ഉള്ളവരടെ കൂടി ഉറക്കം കളയാനായിട്ട്…അവർ ആ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… എവടെ… ആര് കേൾക്കാൻ… ആ കുഞ്ഞു വീണ്ടും ഉറക്കെ കരയാണ്‌.

പെട്ടന്ന് അകത്തു നിന്നൊരാൾ വന്നു കുഞ്ഞിനെ വാങ്ങി… അതിന്റെ അച്ഛൻ ആണെന്ന് തോന്നുന്നു.മുഖം കാണാൻ കഴിയാത്ത വിധം തിരിഞ്ഞാന് നിൽക്കുന്നത്.

“അച്ചേടെ മോൻ കരയല്ലേ… നമ്മക്ക് പാല് കുടിക്കണ്ടേ…” എന്നൊക്കെ പറഞ്ഞു അയാൾ ഫീഡിങ് ബോട്ടിൽ അതിന്റെ വായിലേക്ക് വച്ചു കൊടുത്തു. പിന്നെ മെല്ലെ മെല്ലെ കരച്ചിലിന്റെ ശക്തി കുറഞ്ഞു വന്ന് ആ കുഞ്ഞു കരച്ചിൽ പൂർണ്ണമായും നിന്നു. പാല് കുടിച്ചു ഉറങ്ങിയിട്ടുണ്ടാവണം…അപ്പോഴാണ് എനിക്കും ഒരു ആശ്വാസം ആയത്…

അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടാണ് കുളി ഒക്കെ കഴിഞ്ഞു ഒന്ന് ഫ്രഷ് ആയി ഇറങ്ങി വന്നത്. വെളിയിലേക്ക് ഇറങ്ങി ചെന്നു നോക്കുമ്പോൾ പുതിയ അയൽക്കാരാണ്…അമ്മ ഇങ്ങനെയാണ് അയലത്ത് ഉള്ളവരോടൊക്കെ നല്ല കമ്പനി ആണ്.

ഞാൻ നോക്കുമ്പോൾ ഒരമ്മയും മകളും മതിലിനപ്പുറം നിന്ന് അമ്മയോട് സംസാരിക്കുന്നു. എന്നെ കണ്ടപ്പോൾ കാഴ്ചയിൽ തന്നെ കുലീനയെന്ന് തോന്നിക്കുന്ന ആ സ്ത്രീ ഭംഗിയായി ചിരിച്ചു. പിന്നെ എന്റെ നോട്ടം ചെന്നു നിന്നത് കുറച്ചു മുൻപേ കുഞ്ഞിനെ എടുത്ത് കൊണ്ട് നിന്ന പെൺകുട്ടിയിലേക്കാണ്. വെളുത്ത വട്ടമുഖത്ത് ഭംഗിക്കായി ഒരു ചെറിയ വട്ടപ്പൊട്ട് മാത്രം ഉണ്ടായിരുന്നു. അവൾ കുഞ്ഞിന്റെ അമ്മ ആയിരുന്നില്ല അപ്പച്ചി ആണ് അനുരാധ.അവൾക്കും ഇവിടെ എനിക്ക് അഡ്മിഷൻ കിട്ടിയ കോളേജിൽ തന്നെയാണ് അഡ്മിഷൻ ശെരിയാക്കിയത്. കാലത്ത് എന്നെ ഉറക്കുമുണർത്തിയ കുറുമ്പൻ അവളുടെ ഏട്ടൻ അനന്ദകൃഷ്ണന്റെ കുഞ്ഞായിരുന്നു.. അവളുടെ നന്ദേട്ടൻ ആ അമ്മയുടെ നന്ദു. പുള്ളിക്കാരൻ കോളേജ് പ്രൊഫസർ ആണ്.അച്ഛൻ അവരുടെ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ് പിന്നെ ആ അമ്മയാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും എല്ലാം.

ഇടയ്ക്കെപ്പോഴോ നന്ദേട്ടന്റെ ഭാര്യ എവിടെ എന്ന് അമ്മ ചോദിച്ചതും കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ അനു ദയനീയമായി അവളുടെ അമ്മയെ ഒന്ന് നോക്കുന്നത് കണ്ടു. അവരുടെ മുഖം അപ്പോഴേക്കും വലിഞ്ഞു മുറുകിയിരിന്നു. എന്തോ ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ടവർ തിരികെ നടന്നു. അവരെയും ഞങ്ങളെയും അനു മാറി മാറി നോക്കുന്നത് കണ്ടപ്പോൾ നന്ദേട്ടന്റെ ഭാര്യയുടെ കാര്യത്തിൽ എന്തോ പന്തികേട് ഉണ്ടെന്ന് എനിക്ക് തോന്നി.

“അബദ്ധം ആയോ മോളെ. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ” പരിഭ്രമത്തോടെയാണ് അമ്മ ചോദിച്ചത്.

“എയ് ഒന്നുമില്ല ആന്റി… സാരമില്ല…” അതും പറഞ്ഞു മതിലിനു മുകളിൽ ഇരുന്ന അമ്മയുടെ കയ്യിൽ ഒന്ന് കൈ വച്ചിട്ട് അനുവും തിരികെ അകത്തേക്ക് കയറി പോയി.

“അമ്മയ്ക്ക് വല്ല ആവശ്യവും ഉണ്ടോ… എന്തിനാ ആവശ്യമില്ലാത്തതൊക്കെ ചോദിക്കുന്നെ.അവര് പറയുന്നത് മാത്രം കേട്ടാൽ പോരെ” ഞാൻ അമ്മയെ ശകാരിച്ചു.

“അതിനു മാത്രം ഞാൻ തെറ്റായെന്തെങ്കിലും ചോദിച്ചോ മധു. കുഞ്ഞിന്റെ അമ്മ എവിടെ എന്നല്ലേ ചോദിച്ചുള്ളൂ”

“ഇത്രേം നേരം വീട്ടിലുള്ളവരുടെ കാര്യം പറഞ്ഞിട്ടും അവരെ പറ്റി മാത്രം പറയാതിരിക്കുമ്പോൾ അമ്മയ്ക്ക് ഊഹിച്ചുടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന്… ആ സ്ത്രീയുമായി ഇവരാരും അത്ര രസത്തിലാവില്ല… അതാവും കാര്യം” തെറ്റ് പറ്റിയ കുട്ടിയെ പോലെ അമ്മ അകത്തേക്ക് കയറി പോകുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സങ്കടം തോന്നി.

അമ്മ ചോദിച്ചതിൽ എന്താണ് തെറ്റ്. സ്വാഭാവികമായി ആർക്കും ഉണ്ടാവുന്ന സംശയം അല്ലേ…പിന്നെ എന്തായാലും അമ്മ പുള്ളിക്കാരന്റെ ഭാര്യയെ പറ്റി ഒന്നും ചോദിക്കാൻ പോയില്ല.

പക്ഷേ സംസാരിച്ചു സംസാരിച്ചു എപ്പോഴെങ്കിലും കുഞ്ഞിന്റെ കാര്യം പറയുമ്പോൾ ദേവി ആന്റി തന്നെ കുഞ്ഞിന്റെ അമ്മയുടെ കാര്യം പറഞ്ഞു പിറുപിറുക്കും. അപ്പോഴൊക്കെ അനുവിന്റെ മുഖത്തൊരു ദയനീയഭാവമാണ്. അവളുടെ അവസ്ഥ കണ്ട് പലപ്പോഴും ഞാനായി തന്നെ വിഷയം മാറ്റാറുണ്ട്.

നന്ദേട്ടന്റെ മുൻപിൽ വച്ചു ദേവി ആന്റി ഒന്നും പറയാറില്ല. എന്തെങ്കിലും പറയാനായി അവർ നാവെടുക്കുമ്പോഴേ അങ്ങേരു ഒരു കത്തുന്ന നോട്ടം നോക്കും.പിന്നെ ദേവി ആന്റി നല്ല കുട്ടിയാ… നന്ദേട്ടൻ ഒരു മുരടനാണ്…മുഖം തെളിയാറെ ഇല്ല. ഇടക്കൊക്കെ ഒന്ന് ചിരിക്കുന്നത് അനുവിനോടൊപ്പം ഇരുന്ന് വാവയെ കളിപ്പിക്കുമ്പോഴാ…

തൊട്ടയല്പക്കം ആയിട്ട് കൂടി എന്നോട് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല…ഇനി ഭാര്യ പോയത് കൊണ്ടാണോ ഇയാൾ ഇങ്ങിനെ മസിൽ പിടിച്ചു നടക്കുന്നത് എന്നായിരുന്നു എന്റെ സംശയം.

എന്നാലും അവർ എന്താ കുഞ്ഞിനെ കൊണ്ട് പോകാതെ ഇരുന്നത്… നന്ദേട്ടന്റെ ഭാര്യയെ പറ്റി ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു എനിക്ക്… ഒപ്പം അറിയാനൊരു ത്വരയും. അവർക്ക് അതിനെ പറ്റി പറയാൻ താല്പര്യം ഇല്ലെന്ന് കണ്ടത് കൊണ്ട് അനുവിനോട് ചോദിക്കാനുള്ള ധൈര്യവും വന്നില്ല.

ഞങ്ങൾ രണ്ടാളും ജോയിൻ ചെയ്ത കോളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സർ ആയിരുന്നു നന്ദേട്ടനും.അത്കൊണ്ട് തന്നെ ഞാനും അനുവും ദിവസവും കോളേജിലേക്ക് പോകുന്നതും വരുന്നതും ഒക്കെ നന്ദേട്ടന്റെ കാറിൽ തന്നെയായിരുന്നു. ക്ലാസ്സ് ടൈമിൽ മിക്കപ്പോഴും നന്ദേട്ടൻ നല്ല പ്ലസന്റ് ആണ്. സ്റ്റുഡന്റ്സിനോട് ഒക്കെ അടുത്ത് ഇടപെഴകാറുണ്ട്. എല്ലാവർക്കും നന്ദേട്ടനെ വല്യ കാര്യമാണ്, പ്രേത്യേകിച്ചു പെൺകുട്ടികൾക്ക്.നന്ദേട്ടൻ മാരീഡ് ആണെന്ന വിവരം അറിയാതെ കോളേജിലെ പല പിടക്കോഴികളും നന്ദേട്ടനെ ആരാധനാപാത്രമായി കണ്ട് തുടങ്ങിയിരുന്നു.

കോളേജ് വിട്ടാൽ നന്ദേട്ടൻ ഓടി ചെല്ലുന്നത് കുഞ്ഞിനെ കാണാനാണ്. അമ്മയുടെ ചൂട് കിട്ടാത്തത് കൊണ്ടാവും അവൻ എപ്പോഴും കരച്ചിൽ തന്നെ. അത് കേൾക്കുമ്പോൾ സങ്കടം വരും. ഞങ്ങൾ മൂന്ന് പേരും കോളേജിൽ പോയി കഴിഞ്ഞാൽ പിന്നെ അമ്മയും ദേവി ആന്റിയും കൂടിയാ അവനെ നോക്കാറ്. പകലൊക്കെ കരഞ്ഞു തളർന്നു ഉറങ്ങും. രാത്രിയും അത് തന്നെ. ഉറങ്ങുന്നത് വരെ അവനെയും കൊണ്ട് നന്ദേട്ടൻ ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. അവൻ ഉറങ്ങുന്നത് വരെ ഞാനും ഉറങ്ങില്ല. എന്തോ ആ കുഞ്ഞ് അങ്ങനെ കരയുന്നത് കേൾക്കുമ്പോൾ ഒരു മനസ്സമാധാനവും കിട്ടില്ല. ഇടക്കൊക്കെ അവന്റെ അമ്മയോട് ദേഷ്യം തോന്നും. എന്ത് ക്രൂരയാണാ സ്ത്രീ. ഇത്ര ചെറിയ കുഞ്ഞിനെ എങ്ങനെ ഉപേക്ഷിച്ചു പോകാൻ തോന്നി.

നന്ദേട്ടന്റെ കയ്യിലിരുന്ന് അവൻ ഉറക്കെ കരയുമ്പോൾ കുഞ്ഞു നിറുകയിൽ നിസ്സഹായനായി നിറമിഴികളോടെ ആ മനുഷ്യൻ ചുണ്ട് ചേർക്കുന്നത് കാണുമ്പോൾ എന്തോ നെഞ്ചിലൊരു വിങ്ങലാ. അവന് അച്ഛനും അമ്മയും എല്ലാമാവാൻ ശ്രമിച്ചു പലപ്പോഴും പരാജയപ്പെടുകയാണ് നന്ദേട്ടൻ.

കൊച്ചുകുട്ടി ആയത്കൊണ്ട് ഞാനവനെ അങ്ങനെ എടുക്കാൻ ശ്രമിച്ചിട്ടില്ല. തീരെ കുഞ്ഞാണവൻ. തലയും കയ്യും ഒക്കെ ഉറച്ചു വരുന്നതേയുള്ളൂ നല്ലപോലെ സൂക്ഷിക്കണം എന്ന് അമ്മ എപ്പോഴും പറയും.

ചിലപ്പോൾ ഒക്കെ അനുവിന്റെ കയ്യിലിരുന്ന് എന്റെ ചൂണ്ട് വിരലിൽ ചുറ്റി പിടിച്ചവൻ എന്നെ നോക്കി ചിരിക്കും. കരയുമ്പോൾ ഞാനവന്റെ അടുത്തേക്ക് ചെല്ലാറേയില്ല. കൈകൾ രണ്ടും ചുരുട്ടി കണ്ണുകൾ അടച്ചു കരയുന്ന ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ എന്റെ കണ്ണുകളും നിറയും… ആ കുഞ്ഞ് എന്ത് ചെയ്തിട്ടാണ് അവൻ ഇങ്ങനെയൊരു വിധി.വല്ലാത്തൊരു കാഴ്ചയാണത്. അത്രയും ചെറിയൊരു കുഞ്ഞ് അമ്മയുടെ ചൂടിനും മു ലപ്പാലിനും വേണ്ടി യാചിക്കും പോലെ…

ഒരു ദിവസം ഞങ്ങൾ കോളേജ് വിട്ട് വരുമ്പോഴേക്കും കുഞ്ഞിന് നന്നായി പനിച്ചിരുന്നു. ഞങ്ങൾ എത്തുമ്പോൾ ദേവി ആന്റിയുടെ കയ്യിലിരുന്ന് അവൻ ഉറക്കെ കരയുകയായിരുന്നു.

എന്താ അമ്മെന്നും വിളിച്ചു കാറിൽ നിന്നിറങ്ങുമ്പോൾ നന്ദേട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. തൊട്ട് നോക്കുമ്പോൾ നല്ല ചൂടുണ്ടായിരുന്നു. മറ്റെന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിൽ കൂടി ആ കുഞ്ഞ് അതൊക്കെ എങ്ങനെ പറയാനാണ്.

നന്ദേട്ടനും അനുവിനുമൊപ്പം ഞാനും പോയിരുന്നു ഹോസ്പിറ്റലിലേക്ക്. ഹോസ്പിറ്റൽ എത്തുന്നത് വരെ കാറിലിരുന്ന് അവൻ കരച്ചിൽ തന്നെയായിരുന്നു. ഇൻജെക്ഷൻ എടുക്കുമ്പോൾ വാവിട്ട് കരഞ്ഞുകൊണ്ട് ആ കുഞ്ഞി കൈകൾ വായുവിൽ ആരെയോ തിരയുന്നുണ്ടായിരുന്നു. ആ കൈകളിൽ ചേർത്ത് പിടിക്കാൻ നന്ദേട്ടൻ എത്തും മുൻപേ ആ കുഞ്ഞികൈകളിൽ ഞാൻ ചുണ്ട് ചേർത്തിരുന്നു.

ഹോസ്പിറ്റലിൽ നിന്ന് തിരിച്ചെത്തുമ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു. വീട്ടിലേക്ക് പോകും മുൻപ് കരഞ്ഞു വീർത്ത എന്റെ കണ്ണുകളിലേക്ക് നോക്കിയ നന്ദേട്ടന്റെ കണ്ണുകളും കലങ്ങിയിരുന്നു.അന്ന് രാത്രി പിന്നെ കുഞ്ഞിന്റെ കരച്ചിൽ കേട്ടതേയില്ല. ഇൻജെക്ഷന്റെയും മരുന്നിന്റെയും തളർച്ചയിൽ അവൻ പതിവിലും നേരത്തെ ഉറങ്ങിയിരിക്കണം.

അടുത്ത ദിവസം കോളേജിലേക്ക് വരാതെ നന്ദേട്ടൻ കുഞ്ഞന്റെ കൂടെ തന്നെയായിരുന്നു. കോളേജിൽ നിന്നും തിരികെ എത്തി അവനെ കാണാൻ ഞാനോടി ചെല്ലുമ്പോൾ കാണുന്നത് നന്ദേട്ടന്റെ കയ്യിലിരുന്ന് ചുണ്ട് കൂർപ്പിച്ചു ഉറക്കെ കരയുന്ന ഞങ്ങളുടെ കുഞ്ഞനെയാണ്. നന്ദേട്ടൻ പാല് കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അവൻ കുടിക്കാൻ കൂട്ടാക്കുന്നതേയില്ല. ദേവി ആന്റിയും അനുവും നന്ദേട്ടനെ നോക്കി നിസ്സഹായരായി നിൽക്കാണ്.

ഞാനടുത്തേക്ക് ചെന്നു കൈ നീട്ടുമ്പോൾ ശ്രദ്ധയോടെ നന്ദേട്ടൻ അവനെ എന്റെ കൈകളിലേക്ക് വച്ചു തന്നു. കുറച്ചു നേരം നെഞ്ചോടടക്കി പിടിച്ചപ്പോഴേക്കും കരച്ചില് നിർത്തി ആ കുഞ്ഞി ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു.ആ സമയം നന്ദേട്ടൻ പാല് കൊടുത്തപ്പോൾ അത് കുടിക്കുകയും ചെയ്തു. പിന്നെ എന്റെ കയ്യിലിരുന്ന് കയ്യും കാലുമിട്ടടിച്ചു കളിയും ചിരിയുമൊക്കെയായിരുന്നു. അവന്റെ ചുണ്ടിലെ ചിരി നന്ദേട്ടന്റെ ചുണ്ടിലേക്കും പകരുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി എനിക്ക് . ആ മനുഷ്യനെ അത്രയും സന്തോഷത്തോടെ ഞാനതിനു മുൻപ് കണ്ടിട്ടേയില്ല. ആ സന്തോഷത്തിനു കാരണം ഞാനാണെന്ന് കൂടി ഓർക്കുമ്പോൾ നാണത്താൽ എന്റെ കവിളും ചുവക്കുന്നുണ്ടായിരുന്നു.

അന്ന് മുഴുവൻ ഞാൻ കുഞ്ഞിന്റെ കൂടെയായിരുന്നു. അവനെ ഉറക്കി നന്ദേട്ടന്റെ മുറിയിൽ കൊണ്ട് കിടത്തി തിരികെ ഇറങ്ങുമ്പോൾ മോനെയും എന്നെയും മാറി മാറി നോക്കി ആ മനുഷ്യൻ ചിരിക്കുന്നത് കണ്ടു. ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്കപ്പോൾ.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പതിവില്ലാത്ത വഴികളിലൂടെ ഒക്കെ മനസ്സ് സഞ്ചരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. മോന്റെ അമ്മയെ ഓർമ്മ വന്നപ്പോൾ അത്രയും നേരം ഉണ്ടായിരുന്ന സന്തോഷം ഒക്കെ കെട്ടടങ്ങി. എന്റെ അനുവാദം ഇല്ലാതെ മനസ്സ് നന്ദേട്ടനെയും മോനെയും മോഹിക്കുന്നുണ്ടോ… പാടില്ല… ഒരുപക്ഷെ ദൂരെ എവിടെ എങ്കിലും മറ്റൊരു അവകാശി അവരെ കാത്തിരിക്കുന്നുണ്ടാകാം…ഞാനത് ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്തതാണ് എന്നൊക്കെ ചിന്തിച്ചു മനസ്സിനെ ചങ്ങലക്കിടാൻ ശ്രമിക്കുമ്പോഴും കെട്ട് പൊട്ടിച്ചു ആ അച്ഛന്റെയും മകന്റെയും സാമിപ്യത്തിനായി വെമ്പുകയായിരുന്നു എന്റെയുള്ളിലെ സ്ത്രീയും അമ്മയും. എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സ് കൈപിടിയിൽ ഒതുങ്ങുന്നുണ്ടായിരുന്നില്ല.

കുഞ്ഞിനെ ഉറക്കാനും സംശയങ്ങൾ ചോദിക്കാനുമൊക്കെ നന്ദേട്ടനും മോനും മാത്രമുള്ളപ്പോൾ ആ മുറിയിലേക്ക് പോകുന്നത് ഞാനൊരു പതിവാക്കിയിരുന്നു . കുഞ്ഞാണെങ്കിൽ ഞാൻ എടുത്താൽ കരച്ചിൽ നിർത്തും.എന്റെ നെഞ്ചിൽ കിടന്നുറങ്ങും. അതൊക്കെ അവനൊരു ശീലമാക്കിയതിൽ പിന്നെ എന്നെ കാണുമ്പോൾ നന്ദേട്ടനും ചുണ്ടിൽ ഒരു ചിരി കരുതാറുണ്ട്.

പുറത്തെവിടെ എങ്കിലും പോകുമ്പോൾ നന്ദേട്ടൻ കുഞ്ഞിനെ എന്നെ ഏൽപ്പിച്ചാണ് പോകുക. ആ മനുഷ്യനെ ഞാൻ പ്രണയിക്കുന്നു എന്ന തിരിച്ചറിവ് പിന്നീട് ഉള്ള ദിവസങ്ങളിൽ പേരറിയാത്തൊരു വികാരത്തിൽ എന്നെ തളച്ചിടുക പതിവായിരുന്നു.

“മധു” അമ്മയുടെ വിളിയാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്.

“എന്താ… അമ്മേ” മുഖമുയർത്തി നോക്കുമ്പോഴേ ഉറപ്പായിരുന്നു അമ്മ പറയാൻ വരുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്ന്.

“അച്ഛൻ വിളിച്ചിരുന്നോ മോളെ”

“ഇല്ല…” എന്താ അമ്മേ…”

“നാളെ അച്ഛന്റെ ഒരു സുഹൃത്തും കുടുംബവും വരുന്നുണ്ട് ഇവിടേക്ക്”

“അതിനെന്താ വരട്ടെ”

“അവര് മോളെ കാണാനാണ് വരുന്നത്.. കാണാനെന്ന് പറഞ്ഞാൽ പെണ്ണ് കാണാൻ “

“അത്… അമ്മേ”

“നന്ദൻ വിവാഹിതനാണ് മോളെ… ഒരു കുഞ്ഞുമുണ്ട്… അവന്റെ ഭാര്യ നാളെ ഒരുപക്ഷെ അവരുടെ ജീവിതത്തിലേക്ക് തിരികെ വന്നേക്കാം.. ഇനി വന്നില്ലെങ്കിൽ കൂടി എന്റെ മകൾക്ക് അങ്ങനെയൊരു ബന്ധമല്ല വേണ്ടത്. ഇപ്പോൾ പക്വത ഇല്ലായ്മ കൊണ്ട് മോൾക്ക് ഓരോന്നൊക്കെ വെറുതെ തോന്നുന്നതാ… ഒക്കെ മറന്നേക്ക്…അങ്ങോട്ടുള്ള പോക്കും കുറച്ചേക്ക്… അല്ലെങ്കിൽ പിന്നീട് മനസ്സിൽ നിന്ന് പറിച്ചു മാറ്റാൻ ബുദ്ധിമുട്ടാവും ” ഞാനെന്തെങ്കിലും പറയും മുൻപേ എന്റെ തോളിലൊന്ന് തട്ടി അമ്മ മുറി വിട്ട് പോയിരുന്നു.

എത്ര പെട്ടന്നാണ് അമ്മ എന്റെ മനസ്സ് വായിക്കുന്നത് എന്ന ചിന്ത അമ്മ എന്ന അത്ഭുതത്തോടുള്ള ഇഷ്ടം കൂട്ടുന്നതിനൊപ്പം ആ വാക്കുകൾ എന്നെ ചുട്ടുപൊള്ളിക്കുന്നുമുണ്ടായിരുന്നു.

ഞാൻ പോലും അറിയാതെ എപ്പോഴോ മനസ്സിൽ വേരൂന്നിയ ഇഷ്ടമാണ് നന്ദേട്ടൻ … ഞാൻ പോലുമറിയാതെ ഒരമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും എല്ലാ ഭാവഭേതങ്ങളോടും കൂടിയ ഒരമ്മ എന്നിൽ ഉടലെടുക്കുമ്പോൾ ഞങ്ങളുടെ കുഞ്ഞന് ഞാൻ അവന്റെ സ്വന്തം അമ്മയാകുകയായിരുന്നു.

വൈകുന്നേരം നന്ദേട്ടനും അനുവിനുമൊപ്പം മോനെയും കളിപ്പിചിരിക്കുമ്പോഴാണ് ദേവി ആന്റി നാളെ എന്നെ കാണാനൊരു കൂട്ടർ വരുന്നുണ്ടെന്ന വിഷയം അവതരിപ്പിച്ചത്.

“നീ ഇതുവരെ പറഞ്ഞില്ലല്ലോഡി” അനു പരിഭവം പറയുന്നുണ്ടായിരുന്നു. പക്ഷേ എന്റെ കണ്ണുകൾ എന്നെ നോക്കി നെറ്റി ചുളിചിരിക്കുന്ന നന്ദേട്ടനിൽ തന്നെ ആയിരുന്നു.

“അനുവിനും ആലോചന നോക്കാം അല്ലേ നന്ദു… പ്രായമായി വരുവല്ലേ” ദേവി ആന്റിയാണ്.

“എന്ത് പ്രായമായെന്നാ… ഒരു ആലോചനയും വേണ്ട… ആദ്യം അവൾ പേടിച്ചൊരു ജോലി വാങ്ങട്ടെ… സ്വന്തം കാലിൽ നിന്നിട്ട് അവള് പറയട്ടെ… അപ്പോൾ ആലോചിക്കാം”

ഒരു അലർച്ചയോടെ അതും പറഞ്ഞു എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്ത് കൊണ്ട് പോകുന്ന നന്ദേട്ടനെ നോക്കി ഞങ്ങൾ മൂന്ന് പേരും ഒന്നും മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി നിന്നു.

“”അല്ല ഇവിടിപ്പോ എന്താ സംഭവിച്ചേ.” നന്ദേട്ടൻ നടന്ന് പോയ ഭാഗത്തേക്ക് നോക്കി അനു പറയുമ്പോൾ എനിക്ക് ചിരിയാണ് വന്നത്.

ആ മനുഷ്യൻ എന്നോട് പരിഭവിച്ചതാണോ അതോ എവിടെയും പോകണ്ടാന്നു പറയാതെ പറഞ്ഞതാണോ. പിന്നെ അധികം ഒന്നും ആലോചിച്ചില്ല… ജോലി ആവാതെ എന്നെ കാണാൻ ആരും വരണ്ടാന്നു തറപ്പിച്ചു പറഞ്ഞു. അമ്മ സമ്മതിക്കാതെ വന്നപ്പോൾ അച്ഛനെ ചാക്കിലാക്കേണ്ടി വന്നു. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും അച്ഛൻ ഇതുവരെ നടത്തി തരാതെ ഇരുന്നിട്ടില്ല. ഒടുവിൽ എനിക്കൊപ്പം നിൽക്കുമ്പോഴും അച്ഛനെയും അമ്മയെയും സങ്കടപ്പെടുത്തരുതെന്നൊരു വാക്ക് അച്ഛൻ എന്റടുത്തു നിന്നും വാങ്ങിയിരുന്നു.

പക്ഷേ നന്ദേട്ടന്റെ കണ്ണിൽ ഞാൻ കണ്ട സ്വാർത്ഥത അത് എനിക്ക് വേണ്ടി ആയിരുന്നോ എന്നെനിക്ക് അറിയണമായിരുന്നു… ആ മനുഷ്യൻ എന്നെയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ അച്ഛന്റെയും മകന്റെയും ജീവിതത്തിലേക്ക് ചെല്ലണമെന്ന് ഞാൻ പോലും അറിയാതെ എപ്പോഴോ മനസ്സ് ആഗ്രഹിച്ചു തുടങ്ങിയതാണ്.

സന്ധ്യക്ക്‌ ഞാനവിടേക്ക് ചെല്ലുമ്പോൾ ദേവി ആന്റി അടുക്കളയിലും അനു പൂജമുറിയിലുമായിരുന്നു. കുഞ്ഞിന്റെ കാണാനെന്നുള്ള ഭാവത്തിൽ മുറിയിലേക്ക് ചെല്ലുമ്പോൾ പ്രൊഫസർ എന്തോ കാര്യമായ വായനയിലായിരുന്നു. ഞാൻ ചെല്ലുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ തന്നെയിരിക്കുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത്. ഇടയ്ക്കിടെ നോക്കുമ്പോൾ ചുണ്ട് കൂർപ്പിച്ചു എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

മോനാണെങ്കിൽ എന്റെ കയ്യിലിരുന്ന് ചിരിയും കളിയുമൊക്കെയാണ്..

“മോന്റെ അമ്മയുടെ പേരെന്താ” കുഞ്ഞിനെ തന്നെ നോക്കി കൊണ്ടാണ് ഞാൻ ചോദിച്ചത്.

“പ്രിയ… പ്രിയദർശിനി” പെട്ടന്നായിരുന്നു മറുപടി. ആ പേര് പറയുമ്പോൾ നന്ദേട്ടന്റെ ശബ്ദത്തിലുണ്ടായിരുന്ന മാറ്റം എന്നെ വേദനിപ്പിച്ചിരുന്നു… ആ പേരിനോട് പോലും നന്ദേട്ടന് പ്രണയമാണെന്ന് എനിക്കു തോന്നി.

“അവരെവിടെ”ഉള്ളിലെ വേദന കടിച്ചമർത്തി ഞാൻ ചോദിക്കുമ്പോൾ നന്ദേട്ടൻ നിശബ്ദനായി തന്നെയിരുന്നു. മെല്ലെ എണീറ്റ് വന്നു കട്ടിലിൽ കിടന്നു കളിക്കുന്ന മോന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

“എന്റെ മോന് ജന്മം നൽകി അവൾ പോയി.” നിഷ്കളങ്കമായൊരു ചിരിയോടെ ഞങ്ങളിരുവരെയും നോക്കി കിടക്കുന്ന കുഞ്ഞിനെ നോക്കി അത് പറയുമ്പോൾ നന്ദേട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പിന്നീട് എനിക്കവിടെ ഇരിക്കാൻ കഴിഞ്ഞില്ല… ദേഹമാകെ തളരും പോലെ തോന്നി. നന്ദേട്ടനെ അഭിമുകീകരിക്കാനോ അശ്വസിപ്പിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. കട്ടിലിൽ നിന്ന് എഴുന്നേറ്റ് തിരികെ പോകാൻ തുടങ്ങിയതും നന്ദേട്ടൻ എന്റെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു.

“മധു” എപ്പോഴും മധുബാല എന്ന് എന്റെ മുഴുവൻ പേരും വിളിക്കുന്ന നന്ദേട്ടൻ അന്നാദ്യമായി മധു എന്ന് വിളിച്ചപ്പോൾ യാന്ത്രികമായി ഞാൻ അവിടെ തന്നെ നിന്ന് പോയി. അത്രയും മധുരമായി ആദ്യമായാണ് ആ മനുഷ്യൻ എന്റെ പേര് വിളിക്കുന്നത്. മോന്റെ അമ്മയെ പറ്റി കൂടുതൽ അറിയാനായി ഞാൻ വീണ്ടും ആ കട്ടിലിലേക്ക് ഇരിക്കുമ്പോൾ കട്ടിലിൽ കിടക്കുന്ന കുഞ്ഞൻ അപ്പോഴും ഞങ്ങളെ രണ്ടാളെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

“ഇവൻ എന്റെ മകനല്ല മധു” അത് കേട്ടതും പെട്ടന്നെന്റെ അടിവയറ്റിൽ നിന്നുമെന്തോ വന്ന് നെഞ്ചിൽ തട്ടി നിൽക്കുന്നത് ഞാനറിഞ്ഞു. ഉള്ളിലെ സങ്കടം കടിച്ചമർത്താൻ വേണ്ടിയോ ഒരാശ്വാസവാക്കിനു വേണ്ടിയോ എന്റെ കയ്യിലുള്ള നന്ദേട്ടന്റെ പിടുത്തം മുറുകുന്നുണ്ടായിരുന്നു…..

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…