ഇനിയെന്നും കൂടെ ~‌ അവസാന ഭാഗം, എഴുത്ത്: ആതിര

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

“പ്രിയദർശിനി…. എന്റെ പ്രിയ… അവളെന്റെ പ്രണയമായിരുന്നു… മറ്റെന്തിനെക്കാളും ഞാൻ സ്നേഹിച്ച ചേർത്ത് പിടിക്കാനാഗ്രഹിച്ച പ്രണയം. പക്ഷേ വിധി ആയിരുന്നു വില്ലൻ… അല്ല അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.

ഡിഗ്രി പഠിക്കുന്ന കാലത്താണ് ഞാനവളെ ആദ്യമായി കാണുന്നത്. ഒരു പൊട്ടി പെണ്ണ്. കണ്ടപ്പോൾ ഒരിഷ്ടം തോന്നി റാഗ് ചെയ്യാൻ പിടിച്ചു നിർത്തിയതാണ്. മുന്നിൽ വന്നു നിൽക്കുന്ന ജൂനിയർസ് ഒക്കെ പേടിയോടെയും പകപ്പോടെയും നിൽക്കുമ്പോൾ അവള് മാത്രം ചുണ്ട് കൂർപ്പിച്ചു കണ്ണുകളുരുട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നു. കൗതുകമായിരുന്നു ആദ്യം ആ പെണ്ണിനോട്. പിന്നീട് എപ്പോഴോ പ്രണയം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോളേജ് ഇടനാഴിയിൽ പിടിച്ചു നിർത്തി ആ കണ്ണുകളിൽ നോക്കി ഞാനത് പറയുകയും ചെയ്തു. ഞാനത് തുറന്നു പറയുമ്പോൾ അവളുറക്കെ ചിരിച്ചു അയ്യടാ മനസ്സിലിരുപ്പ് കൊള്ളാല്ലോന്ന് പറഞ്ഞു തലക്കൊരു തട്ട് തന്നു. കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ചു എനിക്കങ്ങനെയൊന്നും ഇല്ല നന്ദേട്ടാ എന്ന് പറയുന്ന പെണ്ണ് അന്നെനിക്കൊരു വേദനയായിരുന്നു.

ഇഷ്ടമില്ലാത്തൊരു വിവാഹാലോചനയ്ക്ക് വീട്ടിൽ നിർബന്ധിച്ചു തുടങ്ങിയപ്പോഴാണ് നഷ്ടമാകുന്ന ഭയം മൂലം എന്റെ നെഞ്ചിലേക്ക് വീണ് ഇഷ്ടമാണെന്ന് നിറമിഴികളോടെയവൾ പറഞ്ഞത്. ലോകം കീഴടക്കിയ സന്തോഷമായിരുന്നെനിക്ക്. പക്ഷേ വിധിയോ ഭാഗ്യദോഷമോ എന്തോ അധികനാൾ ആ സന്തോഷം അനുഭവിക്കാൻ…അവളെ ചേർത്ത് നിർത്താൻ എനിക്ക് ഭാഗ്യമുണ്ടായില്ല.

പെട്ടന്നായിരുന്നു ഒരു ദിവസം ഒന്ന് കോൺടാക്ട് ചെയ്യാൻ കൂടി കഴിയാതെ പ്രിയയുടെ ഒരു വിവരവും ഇല്ലാതെയായത്. ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.

പിന്നീട് അറിയുന്നത് പ്രിയയുടെ വിവാഹമാണെന്നാണ്. വിളിച്ചിറക്കാൻ ചെന്ന എന്റെ മുഖത്ത് നോക്കി തൊഴുതു പിടിച്ചു കൊണ്ട് അവൾ ചോദിച്ചു ഒന്നിറങ്ങി പോകുവോന്ന്. തകർന്ന് നിന്ന എന്നെ അവളുടെ അച്ഛനും ആങ്ങളയും ചേർന്നു ആ പടിയിറക്കി വിട്ടു. തിരിഞ്ഞു നോക്കുമ്പോൾ അങ്ങകലെ ആ വീട് മറയും വരെ പ്രതീക്ഷ ഉണ്ടായിരുന്നു നന്ദേട്ടാ എന്ന് വിളിച്ചവൾ ഓടി വരുമെന്ന്. പക്ഷേ വന്നില്ല.

പിന്നീട് ശെരിക്കും ഒരു ഭ്രാന്തൻ ജീവിതം തന്നെയായിരുന്നു എന്റേത്. അമ്മയെയും അനുവിനെയും ഓർമ്മ ഉണ്ടായിരുന്നത് കൊണ്ട് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ല. എങ്ങനെയൊക്കെയോ ഒരു മൂന്നു വർഷം കടന്നു പോയി. ഇതിനിടയിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ സ്വയം വിശ്വസിപ്പിക്കാനോ അവളെ മറന്നുവെന്ന് നടിക്കാൻ തുടങ്ങി.

എന്നേക്കാൾ നല്ലൊരുത്തനെ കണ്ടപ്പോൾ എന്നെ ചതിച്ചവളെന്ന് സുഹൃത്തുക്കളും അമ്മയും അനുവും ഒക്കെ അവളെ മുദ്ര കുത്തിയിട്ടും വെറുക്കാൻ മാത്രം കഴിഞ്ഞില്ലെനിക്ക്. ഒരു കാലത്ത് അവളെ അത്രയും സ്നേഹിച്ചിരുന്നത് കൊണ്ടാവാം. ആ സ്നേഹം അനുഭവിച്ചിരുന്നത് കൊണ്ടാവാം. ഞാനറിയുന്ന പ്രിയ ആരെയും ചതിക്കില്ല. എന്നോടു മാത്രം കാണിക്കുന്ന കുറുമ്പും ദേഷ്യവും വാശിയും ഒക്കെ മാത്രമേ ഉണ്ടായിരിന്നുള്ളു ആ പെണ്ണിന്. അതിനപ്പുറം എത്ര ചികിഞ്ഞു നോക്കിയാലും ഒന്നുമുണ്ടാകില്ല. അത്രത്തോളം ഞാൻ അടുത്ത് അറിഞ്ഞിട്ടുണ്ടവളെ.

പക്ഷേ പിന്നീട് അവളെയോർത്തു ജീവിതം നശിപ്പിക്കാൻ തോന്നിയില്ല. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കാൻ തുടങ്ങി. എല്ലാവർക്കും മുൻപിൽ ദേഷ്യക്കാരാനും കർക്കശക്കാരനുമൊക്കെയായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർക്കുകയായിരുന്നു.

അങ്ങനെ ഇരിക്കെയാണ് ആട്ടി പുറത്താക്കിയ പ്രിയയുടെ അച്ഛൻ വീട്ടിൽ വന്നു കാൽക്കൽ വീണു ചെയ്തുപോയതിനൊക്കെ എന്നോട് മാപ്പ് അപേക്ഷിച്ചത്. എന്നെക്കാൾ നല്ലൊരു പയ്യന്റെ ആലോചന വന്നപ്പോൾ പ്രിയ എന്നെ ചതിച്ചതായിരുന്നില്ലെന്നും അച്ഛന്റെ ആത്മഹത്യ ഭീഷണി ഭയന്നുമാണ് ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിലേക്ക് അവൾ കാലെടുത്തു വച്ചതെന്നും നിറമിഴികളോടെ കൈകൾ കൂപ്പി മാപ്പപേക്ഷിച്ചുകൊണ്ടായാൾ പറഞ്ഞു. പക്ഷേ വിവാഹത്തിന് ശേഷമാണ് അറിഞ്ഞത് അയാൾക്ക്‌ മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന്. ശാരീരികമായും മാനസികമായും അയാൾ ഒരുപാട് ഉപദ്രവിച്ചിട്ടും ഒക്കെ മനസ്സിൽ വച്ചു ജീവിക്കുകയായിരുന്നു അവൾ. ഒരിക്കൽ അവളെ കാണാൻ ചെന്ന അച്ഛനും അമ്മയും കാണുന്നത് ഭിത്തിയിൽ ചേർത്ത് നിർത്തി അവളുടെ കഴുത്തിൽ പിടി മുറുക്കുന്ന അയാളെയാണ്. എല്ലാവരുടെയും മുൻപിൽ അയാളൊരു മാന്യനായിരുന്നു.പക്ഷേ അവളോട്‌ മാത്രം…

അമ്മയുടെ എതിർപ്പിനെ മറികടന്നു അയാൾക്കൊപ്പം പോകുമ്പോൾ പ്രിയയെ എത്രയും വേഗം കാണണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. പോകും വഴിയാണ് അവളുടെ അച്ഛൻ പറഞ്ഞറിഞ്ഞത് അവൾ ഗർഭിണി ആയിരുന്നെന്നും ഡെലിവറി കുറച്ചു കോംപ്ലിക്കേറ്റഡ് ആണെന്നും എന്നെ കാണണം എന്ന് അവളായി തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് എന്നെ കാണാൻ അയാൾ വന്നതെന്നും. അവൾ സമ്മതിച്ചാൽ കൂടെ കൂട്ടിക്കൊണ്ട് വരണം എന്ന് തന്നെയാണ് കരുതിയത്. പക്ഷേ ഞാൻ ചെല്ലുമ്പോഴേക്കും എന്റെ മോന് ജന്മം നൽകി അവള് പോയിരുന്നു.

ആക്കാലമത്രയും അവൾ വേദനിച്ചത് എന്നെ ഓർത്ത് ആയിരുന്നു… അവസാനമായി കാണാൻ ആഗ്രഹിച്ചതും എന്നെ ആയിരുന്നു പക്ഷേ എല്ലാം ബാക്കി വച്ചവൾ പോയി…

ജീവൻ ഇല്ലാത്ത പ്രിയയുടെ ശരീരത്തിന് മുൻപിൽ വച്ചു ചെയ്ത് പോയ തെറ്റൊക്കെ ഏറ്റു പറഞ്ഞാണ് അയാൾ ഈ കുഞ്ഞിനെ എന്റെ കയ്യിൽ വച്ചു തന്നത്. പൊന്നു പോലെ നോക്കണെന്ന് യാചിച്ചു. പ്രസവത്തോടെ കുഞ്ഞു മരിച്ചു എന്നാണ് അവളുടെ ഭർത്താവിനെ അറിയിച്ചത്. അല്ലെങ്കിൽ അയാൾ ആ കുഞ്ഞിനെ കൂടെ ഇല്ലാതാക്കുമോ എന്ന ഭയം ആയിരുന്നു എല്ലാവർക്കും.

പാതി മരിച്ച അവസ്ഥയിലായിരുന്നു പ്രിയയുടെ അച്ഛൻ. അവൾ മരിക്കാൻ പോലും കാരണക്കാരൻ അയാളാണെന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു. ഒരുതരത്തിൽ അത് തന്നെയായിരുന്നില്ലേ സത്യം… ജീവിച്ചിരുന്ന കാലമത്രയും സന്തോഷമായിരിക്കാൻ അവൾക്ക് കഴിഞ്ഞോ. ആഗ്രഹിച്ച ജീവിതം നിഷേധിച്ചു കൊണ്ട് ഇഷ്ടമല്ലാത്ത ഒരുത്തനു കൈ പിടിച്ചു കൊടുത്ത ആ അച്ഛൻ ഒടുവിൽ എന്ത് നേടി. അയാളുടെ വാശിയ്ക്കു മുൻപിൽ ബലിയാടായത് അവളായിരുന്നു പ്രിയ. അയാൾ കാരണമല്ലേ എന്റെ കുഞ്ഞ് അമ്മയുടെ ചൂട് കിട്ടാതെ സ്നേഹം കിട്ടാതെ ഇങ്ങനെ വളരേണ്ടി വന്നത്.

ഒരുപക്ഷെ അന്ന് അവളും എന്നെ കാണാൻ ആഗ്രഹിച്ചത് ഈ കുഞ്ഞിനെ എന്റെ കയ്യിൽ വച്ചു തരാനാണെന്ന് ഞാനും വിശ്വസിച്ചു. ജീവന്റെ ഒരു കണിക എങ്കിലും നിലനിന്നിരുന്നെങ്കിൽ കൊണ്ടുപോയേനെ ഞാൻ ഈ ലോകത്തിന്റെ ഏതെറ്റത്തേക്കും… കൊടുക്കാവുന്ന ചികിത്സ മുഴുവൻ കൊടുത്തനേം…എന്റേതായിട്ട് ഇനിയുള്ള കാലമത്രയും ചേർത്ത് പിടിച്ചേനേം. ചിലപ്പോഴൊക്കെ അവളോട്‌ ദേഷ്യം തോന്നും… ഒരിത്തിരി ധൈര്യം കാണിച്ചിരുന്നെങ്കിൽ താലികെട്ടി കൈ പിടിക്കില്ലാരുന്നോ ഞാൻ…” കരച്ചിലടക്കി നിർത്താൻ പാട് പെട്ടാണ് നന്ദേട്ടൻ അത്രയും പറഞ്ഞത്. ഒക്കെ കേട്ട് കഴിഞ്ഞു നന്ദേട്ടന് സാന്ത്വനമേകാൻ ഒരാശ്വാസവാക്ക് പോലും എന്റെ പക്കൽ ഉണ്ടായിരുന്നില്ല.

‘അമ്മയ്ക്കിപ്പോഴും ഇത് എന്നെ ചതിച്ചവളുടെ മകനാണ്… എങ്കിലും കുഞ്ഞിനോട് സ്നേഹം ഉണ്ട്… എന്റെ പ്രിയയുടെ രക്തമല്ലേ ഇവൻ… പൊന്നു പോലെ നോക്കും ഞാൻ എന്റെ സ്വന്തം മകനായി… അവള് പോയതുപോലും കണ്ടില്ലേ പറിച്ചു മാറ്റാൻ കഴിയാത്ത വിധം ഒരാത്മബന്ധം വീണ്ടും അവശേഷിപ്പിച്ചു.” ആ മനുഷ്യന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ് സൃഷ്ടിക്കാൻ കഴിവുള്ളതായിരുന്നു. കരയാനോ നന്ദേട്ടനെ ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം ആ മനുഷ്യന്റെ വേദന എന്നെയും ബാധിച്ചിരുന്നു.

“നന്ദേട്ടാ” ഒരാശ്വാസമെന്നോണം ആ കയ്യിൽ മുറുകെ പിടിച്ചു അത്രയും നേർമ്മയോടെയാണ് വിളിച്ചത്. എന്റെ പ്രവൃത്തിയിൽ വിശ്വാസം വരാതെ നന്ദേട്ടൻ കയ്യിലും മുഖത്തുമായി മാറി മാറി നോക്കുമ്പോഴും ഞാനെന്താ ചെയ്യുന്നതെന്ന് ഞാൻ പോലും ചിന്തിച്ചിരുന്നില്ല.

“ഞാൻ വന്നോട്ടെ നന്ദേട്ടാ… നന്ദേട്ടന്റെയും മോന്റെയും ജീവിതത്തിലേക്ക്” പെട്ടന്നുള്ള എന്റെ ചോദ്യം കേട്ട് നന്ദേട്ടൻ ഒന്ന് പതറി.

“മധു… നിനക്ക് വിവാഹം നോക്കുന്നു എന്ന് കേട്ടപ്പോൾ ഞാനൊന്ന് വേദനിച്ചു. അത് നിന്നിൽ നിന്ന് കിട്ടുന്ന സ്നേഹവും പരിചരണവും എന്റെ മോന് നഷ്ടപ്പെടുമോ എന്നോർത്താ…അല്ലാതെ എനിക്ക് ഒരിക്കലും നീ ആഗ്രഹിക്കുന്നത് പോലെ നിന്നെ” പാതിയിൽ നിർത്തി നന്ദേട്ടൻ. നിസ്സഹായതയോടെ ആ മനുഷ്യനെ നോക്കി നിന്നതേയുള്ളൂ ഞാൻ…

ഇനിയൊരു മടക്കയാത്ര ആസ്സാധ്യമാണെന്നും അത്രമേൽ എപ്പോഴോ എന്റെ ലോകം നിങ്ങളിലേക്ക് ചുരുങ്ങി പോയി എന്നും പറയണം എന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. കലങ്ങിയ കണ്ണുകൾ തുടച്ചു എഴുനേൽക്കാൻ തുടങ്ങവേ വീണ്ടും നന്ദേട്ടൻ എന്റെ കയ്യിൽ പിടി മുറുക്കി. നന്ദേട്ടന്റെ കൈ വിടുവിച്ചു ആ മുറി വിട്ടിറങ്ങുമ്പോൾ വല്ലത്തൊരു മനസ്സികാവസ്ഥയിലായിരുന്നു ഞാൻ.

മോന് ഞാൻ ഇല്ലാതെ വയ്യ എന്ന അവസ്ഥ ആയിരുന്നു. അനുവിനോടും ദേവി ആന്റിയോടും ഇല്ലാത്ത അടുപ്പം അവനു എങ്ങനെ എന്നോട് തോന്നി എന്നായിരുന്നു എല്ലാവരുടെയും സംശയം. ഞാൻ എവിടേലും പോയി കഴിഞ്ഞാൽ കുഞ്ഞിന്റെ കാര്യമാണ് കഷ്ടം എന്ന് ദേവി ആന്റി എപ്പോഴും പറയുമായിരുന്നു. അപ്പോഴൊക്കെ നന്ദേട്ടനെ ഞാൻ ഇടം കണ്ണിട്ട് നോക്കും. എന്റെ നോട്ടം എത്തുമ്പോഴേക്കും പെട്ടന്ന് ആ മനുഷ്യൻ നോട്ടം മാറ്റും… ഇടക്കൊക്കെ ഞാൻ മോനെ കളിപ്പിക്കുന്നത് ഒരു പുഞ്ചിരിയോടെ നോക്കി ഇരിക്കുന്നത് കാണാം… എന്തോ കള്ളത്തരം ചെയ്യും പോലെ ഞാൻ നോക്കുമ്പോൾ ഒന്നും അറിയാത്തത് പോലെ ഇരിക്കുകയും ചെയ്യും..ആ നെഞ്ചിലെ ഏതോ ഒരു കോണിൽ ഞാനുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് അതൊക്കെ തന്നെ ധാരാളമായിരിന്നു.

“എനിക്ക് സംസാരിക്കണം മധു”

കുഞ്ഞിനെ കട്ടിലിൽ കിടത്തി മുറി വിട്ടിറങ്ങുന്ന എനിക്ക് അഭിമുഖമായി വന്നു നിന്ന് കൊണ്ട് നന്ദേട്ടൻ പറയുമ്പോൾ ആ ജീവിതത്തിലേക്കുള്ള ക്ഷണവും കാത്തിരിക്കുന്ന ഞാൻ ആ നെഞ്ചിലേക്ക് വീണു സമ്മതം അറിയിക്കാൻ തയ്യാറെടുക്കുകയായിരുന്നു.

“ഇനി എന്റെ മോനോട് നീ ഇത്ര അടുപ്പം കാണിക്കേണ്ട മധു. നീ പോയി കഴിഞ്ഞാൽ പിന്നെ അവനത് ബുദ്ധിമുട്ട് ആകും… ഈ ചെറു പ്രായത്തിൽ തന്നെ എന്റെ കുഞ്ഞിന് എന്തൊക്കെ ദുരിതങ്ങളാണ്… ഇനി നീ കൂടി അവനൊരു നോവാകേണ്ട…” എന്റെ മുഖത്ത് നോക്കാതെ കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി നന്ദേട്ടൻ അത് പറയുമ്പോൾ നിറഞ്ഞു വന്ന എന്റെ കണ്ണുകൾ ആ മനുഷ്യന്റെ മേലേ തന്നെ ആയിരുന്നു.

ഞാൻ നോക്കി നിൽക്കുകയാണെന്ന് മനസ്സിലായിട്ടാവണം പെട്ടന്ന് പുറത്തേക്ക് നടന്നു. തിരിഞ്ഞു നടന്ന നന്ദേട്ടന് മുൻപിൽ ചെന്നു നിന്ന് വാതിൽ കുറ്റിയിട്ട് ആ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു മനസ്സോടെ അല്ല ആ മനുഷ്യൻ അത്രയും പറഞ്ഞതെന്ന്.

“എന്താ നന്ദേട്ടാ.. നമ്മുടെ മോന് ഒരു നല്ല അമ്മ ആകാൻ എനിക്ക് കഴിയില്ലേ…നന്ദേട്ടന് ഒരു ഭാര്യ ആവാൻ കഴിയില്ലേ… ഉപേക്ഷിക്കരുതേ നന്ദേട്ടാ… എനിക്ക് പോകാൻ പറ്റുന്നില്ല നിങ്ങളിൽ നിന്ന്” ആ കണ്ണുകളിലും അപ്പോൾ നിസ്സഹായതയായിരുന്നു.

“മധു… എനിക്കൊരിക്കലും കഴിയില്ല നിനക്കൊരു നല്ല ഭർത്താവാകാൻ.. പ്രിയയെ ഒരുപക്ഷെ വീണ്ടും കണ്ടു മുട്ടി ഇല്ലായിരുന്നുവെങ്കിൽ…. കുഞ്ഞിന് വേണ്ടി ഇനി നിന്നെ ഞാൻ തട്ടി എടുത്താൽ അതെന്റെ സ്വാർത്ഥത ആയി പോകും”

“ഞാനും ആഗ്രഹിക്കുന്നു നന്ദേട്ടാ… ഇവനൊരു അമ്മയുടെ സ്നേഹം നൽകാൻ.. എത്രയൊക്കെ ശ്രമിച്ചാലും നന്ദേട്ടന് അതിനു കഴിയുമോ… എനിക്ക് വിശ്വാസമുണ്ട്…നന്ദേട്ടന്റെ സ്നേഹം അനുഭവിക്കാൻ കഴിയുമെന്ന്… അതിനു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരുന്നോളാം ഞാൻ…ആ കൈ കൊണ്ടൊരു താലി കെട്ടി തന്നാൽ മാത്രം മതി.” തൊഴുകൈകളോടെ നിന്ന എനിക്ക് മുൻപിൽ നിശബ്ദനായി നിൽക്കുകയായിരുന്നു നന്ദേട്ടൻ.

കണ്ണുകൾ തുടച്ചു വാതിൽ തുറന്നു ഇറങ്ങുമ്പോൾ ഞാൻ കണ്ടിരുന്നു നിറ കണ്ണുകളോടെ നിൽക്കുന്ന ദേവി ആന്റിയെയും അനുവിനെയും…പിന്നീടുള്ള അവരുടെ പെരുമാറ്റത്തിൽ നിന്നും അവരുടെ സമ്മതം അറിഞ്ഞിരുന്നെങ്കിലും നന്ദേട്ടന്റെ മൗനം വേദന തന്നെയായിരുന്നു.

ഇടയ്ക്കിടെ വരുന്ന നോട്ടങ്ങളിലൂടെ ചിരിയിലൂടെ എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു ആ നെഞ്ചിൽ എന്താണെന്ന്… പക്ഷേ അത് മറച്ചു പിടിക്കാൻ ശ്രമിക്കുന്ന നന്ദേട്ടൻ എന്നെ നോവിച്ചുകൊണ്ടിരുന്നു.

“കൊണ്ട് വരാമോ എന്നെ ഇവിടേക്ക്” കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് ബാൽക്കണിയിൽ ഇരുന്ന നന്ദേട്ടന്റെ പിന്നിൽ നിന്ന് കൊണ്ട് ഞാൻ ചോദിക്കുമ്പോൾ ഒരു പുഞ്ചിരി ആയിരുന്നു മറുപടി.

“കൊണ്ട് വരാം. പക്ഷേ എന്റെ വലതുകയ്യിൽ കൈയിൽ നിന്റെ ഇടത് കൈ ചേർത്ത് വെക്കുന്ന കരങ്ങൾ പൂർണ്ണസമ്മതത്തോടെ ആവണം അത് ചെയ്യുന്നത്.” അത്രയും നാൾ ആ മനുഷ്യനെ എന്നിൽ നിന്നും അകറ്റി നിർത്തിയതിനു കാരണം എനിക്കപ്പോഴാണ് മനസ്സിലായത്.

“ഇതൊരു പക്ഷേ.. എന്റെ സ്വാർത്ഥത ആകാം. പക്ഷേ എന്റെ മോന് നിന്നെ വേണം മധു” സന്തോഷം കൊണ്ട് സ്തംഭിച്ചു നിന്ന എന്റെ കണ്ണുകളിലേക്ക് നോക്കി നന്ദേട്ടൻ അത് പറഞ്ഞത് ഒരുപക്ഷെ മോന്റെ ജീവിതത്തിലേക്ക് മാത്രമാണ് ക്ഷണിച്ചതെന്ന് ഓർമ്മിപ്പിക്കാൻ ആകാം…

പിന്നെ ഒക്കെ വളരെ വേഗം ആയിരുന്നു.അച്ഛനും അമ്മയും ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഏക മകളായ എന്റെ ഇഷ്ടത്തിനപ്പുറം അവർക്കൊരു ഇഷ്ടം ഉണ്ടായിരിന്നില്ല.

വളരെ ചെറിയ ചടങ്ങുകളോടെ ഞാൻ നന്ദേട്ടന്റെ ഭാര്യയായി… ഒരുപാട് സന്തോഷത്തോടെ ഞങ്ങളുടെ കുഞ്ഞ് ജീവിതത്തിനു സാക്ഷിയാകാൻ പോകുന്ന സ്വർഗത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്ന് തോന്നി എനിക്ക്.

സന്തോഷം ഇല്ലാഞ്ഞിട്ടാണോ അതോ പ്രകടിപ്പിക്കാത്തതാണോ നന്ദേട്ടന്റെ മുഖത്ത് സ്ഥായിയായ ഗൗരവം മാത്രമായിരുന്നു. ആദ്യരാത്രിയുടെ മോടിയൊന്നും ഇല്ലാത്ത ആ മുറിയിൽ കുഞ്ഞിനെയും കളിപ്പിച്ചു ഏറെ നേരം ഞാൻ നന്ദേട്ടനെ കാത്തിരുന്നു. വളരെ വൈകി മുറിയിലേക്ക് കയറിവന്ന നന്ദേട്ടൻ എന്നെയൊന്നു നോക്കുക കൂടി ചെയ്യാതെ ബെഡ്ഷീറ്റും തലയിണയും എടുത്ത് മുറിയിലുണ്ടായിരുന്ന സോഫയിൽ ചെന്നു കിടന്നു.

നന്ദേട്ടന്റെ ആ പ്രവൃത്തി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഒക്കെ മറന്നു എന്നോടൊപ്പം നല്ലൊരു ജീവിതം തുടങ്ങാൻ ആ മനസ്സ് പാകപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്… പക്ഷേ എന്റെ സ്വാർത്ഥതയായിരുന്നോ എല്ലാം… ഒന്നും മിണ്ടിയത് പോലുമില്ലല്ലോ എന്നോട്. അത്രയേറെ ഞാൻ വേദനിപ്പിച്ചോ ആ മനുഷ്യനെ. ഒക്കെ ശെരിയാകുമെന്ന് സ്വയം പറഞ്ഞ് ആശ്വസിപ്പിച്ചു ഉറങ്ങാൻ കിടക്കുമ്പോഴും ഉള്ളിൽ ഒരു കടലിരമ്പുകയായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലും മാറ്റമൊന്നുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുകയല്ലാതെ മുറിയിലെത്തിയാൽ നന്ദേട്ടന്റെ ഭാര്യ എന്ന പേരല്ലാതെ പദവി എനിക്കുണ്ടായിരുന്നില്ല. പക്ഷേ എന്റെ കാര്യങ്ങളൊക്കെ ഞാൻ ചോദിക്കാതെ തന്നെ അറിഞ്ഞു നിറവേറ്റി തരുന്നുണ്ടായിരുന്നു.

സോഫയിൽ നന്ദേട്ടൻ അഡ്ജസ്റ്റ് ചെയ്ത് കിടക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാണ് കുഞ്ഞിനെ നേരത്തെ ഉറക്കി നന്ദേട്ടൻ വരും മുൻപേ അവിടെ കയറി കിടന്നത്. പക്ഷേ രാവിലെ അലാറം കേട്ട് ഉണരുമ്പോൾ നന്ദേട്ടനോടൊപ്പം കട്ടിലിലായിരുന്നു ഞാൻ.

ഞെട്ടി പിടഞ്ഞെഴുന്നേറ്റ് കണ്ണുകൾ ഒന്നുകൂടി തിരുമ്മി നോക്കി. സ്വപ്‌നമല്ല… സോഫ ഇരുന്നിടത്ത് അതില്ല.. കുഞ്ഞ് തൊട്ടിലിൽ കിടക്കുന്നു.അതിലേറെ നിഷ്കളങ്കതയോടെ നന്ദേട്ടൻ എനിക്ക്നേരെ തല ചരിച്ചു വച്ചു കിടന്നുറങ്ങുന്നു… ആ നെറുകയിലൊന്ന് ചുംബിക്കണമെന്നും നെറ്റിയിലേക്ക് വീണു കിടന്ന മുടികൾ ഒതുക്കി വെക്കണമെന്നും തോന്നി. ഉണരുമോ എന്ന ഭയം മൂലം ശബ്ദമുണ്ടാക്കാതെ ആ മുഖത്തേക്ക് നോക്കി കിടന്നതേയുള്ളു.

കട്ടിലിൽ നിന്നെണീറ്റ് പതിവിലും സന്തോഷത്തോടെയാണ് കുളി കഴിഞ്ഞു ഇറങ്ങി വന്നത്. അപ്പോഴും ഞാൻ കിടന്നിരുന്നിടത്തേക്ക് ഇടത് കൈ നീട്ടി വച്ചു കമഴ്ന്നു തന്നെ കിടക്കുകയായിരുന്നു നന്ദേട്ടൻ. ഒരു നിമിഷം ആ കൈക്കുള്ളിൽ അമരാൻ വല്ലാത്തൊരു കൊതി തോന്നി. എന്തെന്നില്ലാത്തൊരു ഉത്സാഹമായിരുന്നു ഓരോ ജോലിയും ചെയ്യാൻ… അലമാരിയിൽ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ട നന്ദേട്ടന്റെ ഷർട്ട്‌ എടുത്ത് വച്ചു അയൺ ചെയ്യുമ്പോഴാണ് നന്ദേട്ടൻ ബാത്‌റൂമിലേക്ക് കയറി പോകുന്നത് കണ്ടത്.

ഷർട്ട്‌ എടുക്കാനായി ടേബിളിലേക്ക് കയ്യെത്തിക്കുമ്പോൾ നന്ദേട്ടൻ പതിവിലും എന്നോട് ചേർന്നു നിന്നിരുന്നു. കണ്ണാടിയിൽ നോക്കി നിന്ന് സിന്ദൂരരേഖ ചുവപ്പിക്കുമ്പോൾ ഷർട്ടിന്റെ സ്ലീവ്സ് ഫോൾഡ് ചെയ്യുന്ന നന്ദേട്ടന്റെ നോട്ടം എന്നിലേക്കും പാളി വീണിരുന്നു.

ക്ലാസ്സിൽ സെമിനാർ എടുത്ത് കൊണ്ട് നിൽക്കുമ്പോൾ അൽപ്പം മാറി ഒരു ടേബിളിൽ ചാരി കൈകൾ കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്ന നന്ദേട്ടന്റെ മുഖത്ത് ഇടയ്ക്കിടെ ഒരു ചിരി മിന്നിമറഞ്ഞിരുന്നോ…

ആ മനുഷ്യന്റെ പ്രണയം ഇതാണ്… ഇങ്ങനെയാണാ മനുഷ്യൻ പ്രണയിക്കുന്നതെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഞാനറിയുകയായിരുന്നു…മൗനമായ ആ പ്രണയത്തെ ഞാനും ആസ്വദിച്ചു തുടങ്ങിയിരുന്നു. പ്രണയം നിറഞ്ഞ നോട്ടങ്ങളിലൂടെയും ചിരിയിലൂടെയും ഞങ്ങൾ പ്രണയിച്ചു തുടങ്ങുമ്പോൾ ഞങ്ങൾക്കിടയിലെ മതിൽ നന്ദേട്ടൻ തന്നെ പൊളിച്ചു മാറ്റിയിരുന്നു…

നെറ്റിയിലെ സിന്ദൂരരേഖയ്ക്ക് താഴെയായി ചുണ്ടമർത്തിക്കൊണ്ട് അത്രയും കാലം പിടിച്ചുകെട്ടിയ പ്രണയത്തെ എനിക്ക് മുൻപിൽ മറകളില്ലാതെ തുറന്നു കാട്ടുകയായിരുന്നു നന്ദേട്ടൻ. ആ വിരിഞ്ഞ നെഞ്ചിൽ മുഖമമർത്തി കിടക്കുമ്പോൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു ആ നെഞ്ചിലും ഇന്ന് ഞാൻ മാത്രേ ഉള്ളുവെന്ന്…

പിന്നീടൊരു പ്രണയകാലമായിരുന്നു… മറകളില്ലാതെ ഞങ്ങളിരുവരും പ്രണയം പങ്കുവെച്ച ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും മനോഹരമായൊരു പ്രണയകാലം…

ഞങ്ങളുടെ വാവ നന്ദേട്ടന് ആദ്യഭാര്യയിൽ ഉണ്ടായ മകനാണെന്ന് കരുതി ഈ ബന്ധം വേണ്ടെന്ന് പറഞ്ഞവരുടെയൊക്കെ മുൻപിൽ കൂടി ഞാനാ മനുഷ്യന്റെ കയ്യിൽ മുറുകെ പിടിച്ചു നടന്നു. ഞങ്ങളുടെ മകനെന്ന് പറഞ്ഞു നെഞ്ചോട് ചേർക്കുമ്പോൾ ആ കുഞ്ഞിനും ഞാനവന്റെ സ്വന്തം അമ്മ തന്നെ ആയിരുന്നു.

ഗർഭം ധരിക്കാതെ ഞാനൊരമ്മയും ഗർഭപാത്രത്തിൽ ഭീജം നിക്ഷേപിക്കാതെ നന്ദേട്ടൻ ഒരച്ഛനും ആകുകയായിരുന്നു ഞങ്ങളുടെ മോന് വേണ്ടി.

കുഞ്ഞനെയും എടുത്ത് നന്ദേട്ടന്റെ നെഞ്ചിൽ ചേർന്നിരിക്കുമ്പോൾ ഞാനവളോട് നന്ദി പറയുകയായിരുന്നു ഈ ജന്മം ഇവരെ എനിക്കു തന്നതിന്. ഈ ജന്മം നന്ദേട്ടനും ഞങ്ങളുടെ വാവയും എന്റേതാണ് എന്റേത് മാത്രം. അടുത്ത ജന്മത്തിൽ അവർക്കായി മറ്റൊരു ലോകത്തവൾ കാത്തിരിക്കുന്നുണ്ടാവും ആ മനുഷ്യന്റെ രോമാവൃതമായ നെഞ്ചിൽ ഇടം പിടിക്കാനും ഒന്ന് ചേർത്ത് പിടിക്കാൻ കൂടി കഴിയാഞ്ഞ അവളുടെ പൊന്നോമനയ്ക്കായി മാറ് ചുരക്കാനും.വരും ജന്മമെന്നത് ഒരു മിഥ്യയല്ലെങ്കിൽ അവൾക്കത്തിനു കഴിയട്ടെ. അപ്പോൾ വീശിയ കാറ്റിൽ മു ലപ്പാലിന്റെ ഗന്ധം അവിടമാകെ പരന്നിരുന്നു. അതവളായിരുന്നിരിക്കാം. മൗനമായി തനിക്ക് പ്രിയപ്പെട്ടവരെ അവൾ തഴുകിയതായിരുന്നിരിക്കാം.

അവസാനിച്ചു…

ഒത്തിരി സ്നേഹത്തോടെ ആതിര?