ചില സമയത്തു എല്ലാ കാര്യങ്ങളും ആഗ്രഹത്തിന് വിപരീതമായേ നടക്കുള്ളൂ, കുറെ സമയം ആ റിസൾട്ടിൽ…

മീര

Story written by Aruna Rs

സിസ്റ്റർ ,രണ്ട് ദിവസമായി പനി ആണ് …..

തിരക്കിട്ടു ക്ലിനിക്കിൽ നിന്നും വാർഡിലേക്ക് നടക്കുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി .

സുന്ദരനായ ചെറുപ്പക്കാരൻ ….

ഇരിക്കൂ ,കൊറോണ ടെസ്റ്റ് ചെയ്യണം .

വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മരുന്നും കൊടുത്തു അവൾ അവനെ തിരികെ അയച്ചു .

നല്ല പയ്യൻ ..പോരാത്തതിന് മലയാളിയും .മുഖം എവിടെയോ കണ്ട് മറന്നത് പോലെ .ചിലപ്പോൾ തോന്നുന്നതാകും .

അന്നത്തെ ഡ്യൂട്ടിയും കഴിഞ്ഞു പതിവുപോലെ വീട്ടിൽ എത്തി വിശ്രമിക്കുമ്പോഴും മനസ്സു മുഴുവൻ ആ പയ്യന്റെ റിസൾട്ടിനെ പറ്റിയുള്ള ചിന്തകളായിരുന്നു .7 മണിയ്ക് റിസൾട്ട് വരും .അന്നെന്തോ 7 മണി കഴിഞ്ഞിട്ടും സന്ദേശങ്ങൾ ഒന്നും വന്നില്ല .ഓരോ സെക്കന്റുകളുടെയും ദൈർഘ്യം കൂടുന്ന പോലെ തോന്നി .

ശോ …അല്ലെങ്കിൽ കൃത്യ സമയത്തു റിപ്പോർട്ട് വരുമല്ലോ .ഇന്നു മാത്രം എന്താ ഇങ്ങനെ ??

പറഞ്ഞു തീരുന്നതിനു മുൻപേ ഫോൺ ശബ്ദമുണ്ടാക്കി .

വന്നു

നോക്കട്ടെ … പതിവിലും വേഗത്തിൽ നെഞ്ചിടിയ്ക്കാൻ തുടങ്ങി .

സൂരജ് …അവൻ പോസിറ്റീവ് ആണല്ലോ …

ചില സമയത്തു എല്ലാ കാര്യങ്ങളും ആഗ്രഹത്തിന് വിപരീതമായേ നടക്കുള്ളൂ .കുറെ സമയം ആ റിസൾട്ടിൽ തുറിച്ചു നോക്കിയിരുന്നെങ്കിലും മനസ്സിലെ സങ്കടം പിന്നെയും നിഴലിട്ടു കൊണ്ടേയിരുന്നു . പേരിനു വേണ്ടി എന്തൊക്കെയോ കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു .ഇതറിയുമ്പോൾ അവനുണ്ടാകുന്ന ചിന്തകൾ ആയിരുന്നു മനസു മുഴുവനും .

പിറ്റേന്ന് പതിവിലും നേരത്തെ അവൾ ഡ്യൂട്ടിക് എത്തി .

സിസ്റ്റർ സൂരജ് ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ടോ ??

ഉണ്ടല്ലോ ….ബെഡ് നമ്പർ 18

സൂരജ് എങ്ങനെ ഉണ്ട് ???

ആഹ് സിസ്റ്ററോ ??? കുഴപ്പമൊന്നുമില്ല ….ഞാൻ കരുതിയതാണ് റിസൾട്ട് ഇങ്ങനെയേ വരുള്ളൂ എന്ന് .

സാരമില്ല ….വേഗം ശെരിയാകും …

പതിവു തെറ്റാതെ എന്നും അവർ സംസാരിക്കാൻ തുടങ്ങി .ഓരോ ദിവസം കഴിയുമ്പോഴും സംഭാഷണത്തിന്റെ ദൈർഘ്യവും ആഴവും വർധിച്ചു വന്നു .പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് അവരെ രണ്ട് പേരെയും കൂടുതൽ അടുപ്പിക്കുന്നുണ്ടായിരുന്നു .അവളുടെ അമ്മയും അച്ഛനും ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു .വല്യച്ഛന്റെ വീട്ടിൽ ആണ് വളർന്നത് …10 വയസു കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് അവർ അവളെ അനാഥാലയത്തിലാക്കി .അന്ന് മുതൽ കാത്തിരിക്കാനും കരുതാനും ആരും ഉണ്ടായിരുന്നില്ല .സൂരജിനെ പരിചയപ്പെട്ടതിനു ശേഷം ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ അവളിലുണ്ടായിത്തുടങ്ങി .ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് മുതൽ അവന്റെ സങ്കടങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും അവൾ മറന്നില്ല .

“ഞാൻ നിങ്ങളെ സിസ്റ്റർ എന്ന് വിളിക്കുന്നില്ല ” മുഖം കുനിച്ചു കൊണ്ട് അവൻ പറഞ്ഞു .

പിന്നെ എന്ത് വിളിക്കാനാ ???

“മീര ” എന്ന് വിളിച്ചോട്ടെ ???

ആഹാ … ആരുടെ പേരാ മീര ??

എന്റെ അമ്മയുടെ പേരാണ് .’അമ്മ എന്നെ വിട്ട് പോയിട്ട് രണ്ട് വർഷം കഴിഞ്ഞു . സിസ്റ്റർ കൊണ്ടുവരുന്ന പൊതിച്ചോറിനു അമ്മയുടെ മണമാണ് .

ഒരു ചെറു പുഞ്ചിരിയോടെ അവൾ പുറത്തേയ്ക്കിറങ്ങി .കൂടുതൽ സംസാരിച്ചാൽ അവൻ കരഞ്ഞു പോയാലോ ? അത്‌ കാണാനുള്ള മനക്കട്ടി അവൾക്കുണ്ടായിരുന്നില്ല …

ദിവസങ്ങൾ കടന്നു പോയി ….സൂരജ് അടുത്ത ദിവസം ഡിസ്ചാർജ് ആകുകയാണ് .

ഡ്യൂട്ടി കഴുഞ്ഞു അവനോടു യാത്ര പറഞ്ഞു തിരികെ നടന്നു .

“മീര …..” എനിക്ക് ഒരു കാര്യം പറയാനുണ്ട് …

ആകാംഷ നിറഞ്ഞ കണ്ണുകളോടെ അവൾ അവന്റെ അടുത്തേക് നടന്നു …

“സൂരജിന് repeat x ray ഉണ്ട് …വേഗം റൂമിലേയ്ക്ക് ചെല്ലൂ …വാർഡ് സിസ്റ്ററുടെ പെട്ടന്നുള്ള രംഗപ്രേവേശനത്തിൽ അവൾ തിരികെ നടന്നു .

എന്തായിരിക്കും അവനു പറയാനുണ്ടാവുക …അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല ..പല സിനിമകളുടെയും ക്ലൈമാക്സ് മനസിലൂടെ ഓടിക്കൊണ്ടിരുന്നു .ഇനി ഇത്‌ എങ്ങനെ ആണ് അവസാനിക്കുക ..അറിയില്ല .

പതിവുപോലെ ഉച്ചയ്ക്കുള്ള പൊതിച്ചോറുമായി അവനെ കാണാൻ അവൾ വാർഡിലെത്തി . ശൂന്യമായി കിടന്ന ബെഡ് അവളെ അമ്പരപ്പിച്ചു .

” ആഹ് ….സിസ്റ്റർ അറിഞ്ഞില്ലേ ?? സൂരജിന് ഇന്നലെ രാത്രി ശ്വാസംമുട്ട് കൂടി ICU യിലേക്ക് മാറ്റി ….

അവൾ ആ കട്ടിലിലെയ്ക്കിരുന്നു ..തനിക്കു ചുറ്റും ശൂന്യത ..ശബ്ദങ്ങൾ ഒന്നും കേൾക്കാൻ കഴിയുന്നില്ല ..

കയ്യിലിരുന്ന ചോറു പൊതിയും ബാഗും കട്ടിലിലേക്കെറിഞ്ഞിട്ട് അവൾ മുകളിലേക്കോടി ..

ICU വിന്റെ ജനാലയിലൂടെ വെന്റിലേറ്ററിൽ കിടക്കുന്ന സൂരജിനെ അവൾ കണ്ടു .ഇന്നലെ വരെ തന്നോടൊപ്പം സംസാരിച്ചവൻ .അവളുടെ കണ്ണുകൾക്ക് സങ്കടത്തെ പിടിച്ചു നിർത്താനായില്ല …അവ എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു .

ഒരുപാടു നാളത്തെ പരിചയമില്ലെങ്കിലും അവന്റെ ചിരിയും സംസാരവും മനസിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു .

അന്ന് മുതൽ അവനു വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു .ഊണിലും ഉറക്കത്തിലും അവനെ ക്കുറിച്ചുള്ള ചിന്തകൾ അവളെ അസ്വസ്ഥതപ്പെടുത്തികൊണ്ടേയിരുന്നു . ഒടുവിൽ പ്രാര്ഥനകളെല്ലാം ഫലം കണ്ടു ..നീണ്ട 60 ദുവസങ്ങൾക്ക് ശേഷം സൂരജിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി .60 യുഗങ്ങൾ .

ഒരു നോക്ക് കാണാൻ വേണ്ടി അവൾ അവന്റെ അടുത്തേയ്ക്ക് ഓടിയെത്തി .

സൂരജ് നിനക്കു എങ്ങനെ ഉണ്ട് ഇപ്പോൾ ??

സുഖമാണ് സിസ്റ്റർ ….

ഒരു നിമിഷം അവൾ അമ്പരന്നെങ്കിലും ചിരിച്ചു കൊണ്ട് അവൾ വീണ്ടും ചോദിച്ചു ….

സൂരജിന് എന്നെ മനസിലായില്ലേ ??? മീര ??

ഞാൻ ഇതിനു മുൻപ് സിസ്റ്ററിനെ കണ്ടിട്ടില്ലല്ലോ ?…

അവന്റെ മറുപടി പ്രതീക്ഷിക്കാവുന്നതിനുമപ്പുറം അവളെ തളർത്തി .തിരിച്ചൊന്നും മിണ്ടാതെ നിരാശയോടെ അവൾ തിരികെ നടന്നു .

” സിസ്റ്റർ അറിഞ്ഞില്ലേ ?? സൂരജിന് കുറച്ചു നാളത്തെ ഓർമ നഷ്ടപ്പെട്ടു ….കുറച്ചു ദിവസം വെന്റിലേറ്ററിൽ ഒക്കെ ആയിരുന്നില്ലേ …അതിന്റെ ആകും …ചിലപ്പോൾ അത്‌ മടങ്ങി വരാം , വരാതിരിക്കാം …ഏതായാലും ജീവൻ തിരികെ കിട്ടിയില്ലേ …ഒന്നും നമ്മുടെ കയ്യിലല്ലല്ലോ …” ഒപ്പമുണ്ടായിരുന്ന ഡോക്ടറിന്റെ വാക്കുകൾ കാതിൽ കൂടെ കടന്നു പോയി ..

മറുപടി ഒന്നും പറയാതെ ലീവ് ലെറ്റർ കൊടുത്തിട്ട് അവൾ വീട്ടിലേക്കെത്തി . വീണ്ടും ഒറ്റയ്ക്കായതു പോലെ .ഇന്നലെ വരെ ഉണ്ടായിരുന്ന പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുന്നു . ചുറ്റും നാലു ചുവരുകൾ .അതിനപ്പുറത്തേയ്ക്കുള്ള കാഴ്ച മങ്ങിയിരിക്കുന്നു .

സൂരജിന്റെ ഓർമ തിരികെ കിട്ടുമോ എന്നറിയില്ല ..തിരികെ കിട്ടിയാലും കണ്ണുകൾ മാത്രം കണ്ടിട്ടുള്ള അവളെ അവൻ എങ്ങനെ തിരിച്ചറിയാനാണ് ..അവസാനമായി കണ്ടപ്പോൾ എന്തായിരിക്കും അവൻ പറയാൻ തുടങ്ങിയത് …ഒരു പക്ഷെ അന്നവൻ തിരികെ വിളിച്ചില്ലായിരുന്നു എങ്കിൽ അവളുടെ കാത്തിരിപ്പിനു ഇത്രയേറെ ശക്തി ഉണ്ടാകുമായിരുന്നില്ല …..

ചില ജീവിതങ്ങൾ ഇങ്ങനെയാണ് …പറയാൻ വന്നതും കേൾക്കാൻ കൊതിച്ചതുമൊക്കെ വിധിയുടെ രഹസ്യങ്ങളിലേയ്ക്ക് തള്ളിയിടപ്പെടുന്നു. അതിന്റെ നിഗൂഢതകളിൽ ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ …

……….നിള