ഞാൻ ഇറങ്ങാൻ നേരം എങ്കിലും അമ്മക്ക് നല്ല കാര്യം എന്തെങ്കിലും പറഞ്ഞൂടെ…

വേദന

Story written by Atharv Kannan

” അച്ഛനോട് ഒന്ന് പറഞ്ഞിട്ട് പോടാ മോനേ ” അവൻ ഇറങ്ങും മുന്നേ അമ്മ അരുണിനോടായി പറഞ്ഞു.

” അമ്മ അച്ചാറും സാധനങ്ങളും എല്ലാം ആ ബാഗിലേക്കു തന്നെ വെച്ചില്ലേ? ” അമ്മയുടെ വാക്കുകൾ കേട്ടില്ലെന്ന മട്ടിൽ അരുൺ ചോദിച്ചു..

” ഈ കാണിക്കുന്നത് ശരിയല്ലാട്ടോ ഉണ്ണീ… ഇതിപ്പോ മൂന്നാമത്തെ തവണ അല്ലേ നീ വന്നിട്ട് പോവുന്നെ? അച്ഛനോടൊന്നു മിണ്ടുവെങ്കിലും ചെയ്തൂടെ നിനക്ക്? “

അരുൺ കലിയോടെ അമ്മയെ നോക്കി

” ഞാൻ ഇറങ്ങാൻ നേരം എങ്കിലും അമ്മക്ക് നല്ല കാര്യം എന്തെങ്കിലും പറഞ്ഞൂടെ? അയ്യാളുടെ പേര് കേക്കുന്നതു തന്നെ എനിക്ക് വെറുപ്പാണെന്നു അറിഞ്ഞൂടെ? “

അമ്മയുടെ കണ്ണുകൾ നിറഞ്ഞു… ” അച്ഛൻ ഇപ്പൊ പഴയ പോലെ കള്ളൊന്നും കുടിക്കില്ലടാ… നീ ആദ്യത്തെ തവണ വന്നിട്ട് മിണ്ടാത പോയതിൽ പിന്നെ വയങ്കര വിഷമാ അച്ഛന് ‘”

” അങ്ങേരു കുടി നിർത്തിയ ചെയ്തതൊക്കെ ഇല്ലാതാവോ? “

” തെറ്റുകൾ പറ്റാത്ത മനുഷ്യരിണ്ടോ മോനേ? അത് തിരുത്താൻ അവസരം കൊടുത്തോടെ? “

” കൊടുത്താൽ…? നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടുവോ? “

അമ്മ ഒന്നും മിണ്ടാതെ നിന്നു..

” അഞ്ചു… എന്റെ കണ്മുന്നിലൂടെ അവളിപ്പോഴും ഒഴുകി പോവുന്ന കാഴ്ച്ച മിന്നി മറയുന്നുണ്ട്… എല്ലാം ഇയ്യാളുടെ ഉടുക്കത്ത കുടി കാരണം ആണ് “

എല്ലാം കേരട്ടുകൊണ്ട് ഒന്നും മിണ്ടാതെ അച്ഛൻ ഉമ്മറ കോലായിയിൽ ഇരുന്നു…തന്റെ മകനോട് മിണ്ടിയിട്ടു ആറു വര്ഷം കഴിയുന്നു. അച്ഛാ എന്നൊരു വിളി കേൾക്കാൻ നെഞ്ചും കാതും കൊതിക്കുന്നു. അയ്യാൾ ഓർമിച്ചു.

ഈ തവണ വന്നപ്പോ എങ്കിലും സ്നേഹത്തോടെ ഒരു നോട്ടം എങ്കിലും അവൻ തനിക്കു തരും എന്നയ്യാൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ താൻ എന്നൊരു വ്യക്‌തി എയർപോർട്ടിലോ കാറിലോ ഉണ്ടന്ന് പോലും അവൻ ഗൗനിച്ചില്ല… പെട്ടികൾ തുറന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും ആയി ഓരോന്ന് എടുത്തു കൊടുക്കുമ്പോഴും തനിക്കായി എന്തെങ്കിലും അമ്മയുടെ കയ്യിൽ അവൻ കൊടുക്കുന്നുണ്ടോ എന്നറിയാൻ അയ്യാൾ ജനാലയിലൂടെ എത്തി നോക്കിയിരുന്നു.

നിറ കണ്ണുകളോടെ ജനാല കമ്പികളിൽ പിടുത്തം മുറുക്കുമ്പോഴും അയ്യാൾ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു ” കള്ള് കുടി… സ്വന്തം മകളെ കൊന്നവൻ…മക്കളെ തെറി വിളിച്ചവൻ.. ഭാര്യയെ വിഷമിപ്പിച്ചവൻ.. അങ്ങനൊരാളെ ഏതു മകൻ സ്നേഹിക്കാനാ.. എല്ലാം കഴിഞ്ഞു പ്രായമായപ്പോൾ തിരിച്ചറിവുണ്ടായിട്ടു എന്ത് കാര്യം… ” പക്ഷെ അപ്പോഴും ചില രാത്രികളിൽ അയ്യാൾ ഉറങ്ങാത കിടന്നിരുന്നു…എപ്പോഴെങ്കിലും തന്റെ മകൻ ആരും കാണാതെ എങ്കിലും തന്നെ രഹസ്യമായി വന്നെങ്കിലും ഒന്ന് കണ്ടാലോ… മരണത്തെ അയ്യാൾ ഭയന്നിരുന്നു… ഇടയ്ക്കിടെ ചുമക്കുമ്പോൾ തുപ്പി പോവാറുള്ള ചോരയെ അയ്യാൾ ഭയന്നിരുന്നു.

ഓരോ രാത്രികളും മുഴുവപ്പിക്കാൻ അയ്യാൾ പാടു പെട്ടു.. നാളെ ഞാൻ ഉണർന്നില്ലെങ്കിലോ.. അതിനു മുൻപ് ഒരിക്കൽ എങ്കിലും തന്റെ മകനോട് തനിക്കു മിണ്ടാൻ ഒരു അവസരം കിട്ടില്ലേ എന്നയാൾ ഭയന്നു….

അമ്മക്കൊപ്പം ബാഗും തൂക്കി ഉമ്മറത്തിണ്ണയിലേക്ക് അരുൺ ഇറങ്ങുമ്പോൾ പ്രതീക്ഷയോടെ അയ്യാൾ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു തൂണിൽ പിടിച്ചു നിന്നു.

കാറിലേക്ക് ബാഗുകൾ ഓരോന്നും എടുത്തു വെക്കുമ്പോഴും അവന്റെ മുഖത്ത് നിന്നും അയ്യാൾ കണ്ണുകൾ എടുത്തില്ല..

” ഇങ്ങനെ വന്നു മുന്നിൽ നിക്കല്ലെന്നു പറ അമ്മേ… പോവുമ്പോ എങ്കിലും ആ നശിച്ച മുഖം കണ്ടു പോയി സമാധാനം കളയാൻ പറ്റില്ല “

അമ്മ വേദനയോടെ അയ്യാളെ നോക്കി.. ഒന്നും മിണ്ടാതെ അയ്യാൾ അകത്തേക്ക് പോയി….

കൂട്ടുകാരോടും നാട്ടുകാരോടും അരുൺ യാത്ര പറയുന്നത് കെട്ട് അയ്യാൾ പിന്നാമ്പുറത്തു നിറ കണ്ണുകളോടെ ഇരുന്നു.. വണ്ടി നീങ്ങുന്ന ശബ്ദം കേട്ടു തുടങ്ങി…മകനെ ഒന്ന് കൂടി കാണണം എന്ന് അയ്യാളുടെ ഉള്ളം പറഞ്ഞു.. ഒരുപക്ഷെ ഇനി അവൻ വരുമ്പോ താൻ ഇല്ലെങ്കിലോ?

ഒന്നും കൂടുതൽ ആലോചിക്കാതെ പിന്നമ്പുറത്തെ തൊടിയിലൂടെ അയ്യാൾ ഇറങ്ങി ഓടി… കിതച്ചു കൊണ്ടു രാമന്റെ റബ്ബർ തോട്ടവും താണ്ടി തിട്ടിൽ നിന്നും ചാടാൻ തുടങ്ങിയതും കല്ലിളകി നിലത്തേക്കു വീണു.. മുറിവുകൾ ഒന്നും വക വെക്കാതെ ഓടി കലിങ്ങിന്റെ അടുത്തെത്തിയപ്പോഴേക്കും വണ്ടി കടന്നു പോയിരുന്നു.. കലിങ്ങിൽ കിതച്ചു കൊണ്ടിരുന്നു ചോര തുപ്പുമ്പോഴും അകന്നു പോകുന്ന കാറിനെ തന്നെ നോക്കി അയ്യാൾ കണ്ണുനീർ പൊഴിച്ചു.

മാസങ്ങൾ കടന്നു പോയി…

” നിങ്ങളെന്താ ഇടയ്ക്കിടെ ഈ വാതിൽ തുറന്നു നോക്കുന്നെ? “

രാത്രി കോലായിൽ നിന്നും പുറത്തേക്കു നോക്കി നിക്കുന്ന അയ്യാളെ നോക്കി അമ്മ ചോദിച്ചു

” ഏയ്‌.. വണ്ടീടെ ശബ്ദം കേട്ടടി.. ഇനി മോനെങ്ങാനും പറയാതെ വന്നതാണോ എന്നറിയില്ലാലോ “

അത് പറയുമ്പോൾ ആ കണ്ണിലെ സ്നേഹം അമ്മ കണ്ടു… തെറ്റുകൾ മനസ്സിലാക്കുന്ന മനുഷ്യനോളം മനസ്സിന് ഭാരം അനുഭവിക്കുന്നവർ വേറെ ഉണ്ടാവില്ല.

” അവനിനി എന്ന വരാ.. നിന്നെ വിളിച്ചപ്പോ വെല്ലോം പറഞ്ഞായിരുന്നോ? ” മിക്ക രാത്രികളിലും ആ ചോദ്യം പതിവായി.. ഉത്തരം പറഞ്ഞു അമ്മയും മടുത്തു..

അങ്ങനെ ഒരു നാൾ അയ്യാളെ തനിച്ചാക്കി അഞ്ചു പോയ ലോകത്തേക്ക് അമ്മയും യാത്രയായി…

നാൽപതു കൊല്ലം കൂടെ ഉണ്ടായിരുന്നവൾ പോയിരിക്കുന്നു.. ഓർമകളുടെ ബന്ധക്കെട്ടുകളും അയാളും മാത്രം… ഒന്ന് കരയാൻ പോലും ആവത അവരുടെ തലക്കാം ഭാഗത്തു അയ്യാൾ അങ്ങനെ ഇരുന്നു.

അരുൺ വന്നു.. അമ്മയുടെ കർമ്മങ്ങൾ ഓരോന്നായി പൂർത്തിയാക്കി…

പതിനാറിന് പുല വീടി അവൻ ബന്ധുക്കളോട് യാത്ര പറഞ്ഞു…

” ഇനി എന്ന ഇങ്ങോട്? ” അമ്മാവൻ ചോദിച്ചു

” ഇനി ഇങ്ങോട്ടില്ല അമ്മാവ… “

അമ്മാവൻ ചാരു കസേരയിൽ ഇരിക്കുന്ന അരുണിന്റെ അച്ഛനെ ഒന്ന് നോക്കി. അയ്യാൾ ജീവച്ഛവം പോലെ ഇരിക്കുന്നു.

” മോനേ അച്ഛൻ “

അമ്മാവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

” എന്റെ മനസ്സിൽ അയ്യാൾ എന്നെ മറിച്ചു കഴിഞ്ഞു… “

ഇടിവെട്ട് പോലെ ആ വാക്കുകൾ അച്ഛന്റെ നെഞ്ചിൽ തുളച്ചു കയറി….

അമ്മാവനും ബന്ധുക്കളും തല കുനിച്ചു നിന്നു.

അഞ്ജുവിന്റെയും അമ്മയുടെയും ഫോട്ടോകളിലേക്ക് അവസാനമായി നോക്കി അവൻ എന്നെന്നേക്കുമായി യാത്ര പറഞ്ഞു ഇറങ്ങി.

ഊണും ഉറക്കവും ഇല്ലാതെ അച്ഛൻ കറങ്ങി നടന്നു… അഞ്ജുവിന്റെയും അമ്മയുടെയും ഫോട്ടോകളിൽ നോക്കി അയ്യാൾ സങ്കടം പറഞ്ഞു കൊണ്ടിരുന്നു. ചുമച്ചു ചുമച്ചു ചോര തുപ്പുമ്പോൾ അയ്യാൾ മകനെ വിളിച്ചു കരഞ്ഞു.

മകൻ പോയിരിക്കുന്ന സ്ഥലത്തിന്റെ പേരോ, അവന്റെ നമ്പറോ ഒന്നും അറിയാതെ അയ്യാൾ വിഷമിച്ചു… സമയം കടന്നു പോകും തോറും അയാളിലെ ഓർമ്മ ശക്തി കുറഞ്ഞു തുടങ്ങി.

ഒരിക്കൽ ടൗണിലേക്ക് വന്ന അയാൾക്ക്‌ ദിക്ക് മുട്ടി. എങ്ങോട് പോവണം എന്നറിയാതെ കിട്ടിയ ബസിൽ കയറി.. യാത്രയിൽ അയ്യാളുടെ പണവും മോഷ്ടിക്ക പെട്ടു… ഒരു യാചാകനെ പോലെ അയ്യാൾ അലഞ്ഞു നടന്നു. നാളുകൾ കഴിയും തോറും അയ്യാളുടെ കോലം വികൃതമായി വന്നു. കാശിയിലെ ക്ഷേത്ര പരിസരങ്ങളിൽ ഒട്ടിയ എല്ലുന്തിയ ശരീരവും ജെഡ പിടിച്ചു നീണ്ട മുടിയും താടിയും ആയി അയ്യാൾ ചോര തുപ്പി നടന്നു.

തളർന്നു മടുത്തു അനങ്ങാനാവാതെ ഒരു മരച്ചുവട്ടിൽ കാശയ വേഷവും ധരിച്ചു അയ്യാൾ തളർന്നിരുന്നു. അമ്മയുടെ ആണ്ടിന് ദക്ഷിണ ഇന്ത്യയിലെ പുണ്ണ്യ ക്ഷേത്രങ്ങൾ സഞ്ചരിക്കാൻ ഭാവി വധുവിന്റെ വീട്ടിൽ എത്തി അവരുടെ കുടുംബത്തോടൊപ്പം അവിടെ എത്തിയ അരുണും കൂട്ടരും അയാൾക്ക്‌ മുന്നിലൂടെ നടന്നു.

” ഏട്ടാ.. അയാൾക്ക്‌ വയ്യെന്ന് തോന്നുന്നു.. നമുക്ക് കൊറച്ചു ഭക്ഷണവും ഒരു കുപ്പി വെള്ളവും കൊടുത്താലോ ” ഭാവി വധു അവനോടു ചോദിച്ചു.

തന്റെ മകനെ കണ്ടപ്പോൾ എന്തൊക്കയോ ഓർത്തെടുക്കാൻ അയ്യാൾ ശ്രമിച്ചു കൊണ്ടേ ഇരുന്നെങ്കിലും അയാൾക്ക്‌ അനങ്ങാനോ മിണ്ടാനോ കഴിയുന്നുണ്ടായിരുന്നില്ല.

” വേണ്ട! വിശ്വസിക്കാൻ പറ്റില്ല… ഇതോക്ക ഇവറ്റകളുടെ അഭ്യാസങ്ങൾ ആണ് “

വെള്ളം എടുത്തു പിടിച്ച അവളുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു അവൻ നടന്നു.

അവസാന നിമിഷവും മകന്റ കൈകൊണ്ടു ഒരു തുള്ളി വെള്ളം കുടിക്കാൻ ആകാതെ അയ്യാൾ യാത്രയായി… അല്ലാ,അച്ഛന് അവസാനം കിട്ടണ്ടേ വെള്ളവും കൊടുക്കാതെ അവൻ യാത്രയാക്കി.

പക്ഷെ അപ്പോഴും അവൻ അറിഞ്ഞിരുന്നില്ല… കെട്ടുപ്പാലത്തിലൂടെ പുഴ മുറിച്ചു കടക്കവെ അവൾ അച്ഛന്റ കയ്യിൽ കടിച്ചിട്ടു ഓടുവായിരുന്നു എന്നും ഒഴുക്കിൽ പെടുവായിരുന്നു എന്നും. സ്ഥിരം മദ്യപാനി ആയ അയ്യാൾ കാലിൽ നിക്കാനാവാതെ മകളെയും എടുത്തു പുഴ കടക്കുമ്പോൾ വീഴുക ആയിരുന്നു എന്ന് ആരോ പറഞ്ഞത് എല്ലാവരും ഏറ്റെടുത്തു.. കള്ള് കുടിയൻ പറയുന്നത് ആരു വിശ്വസിക്കാൻ. മകളെ രക്ഷിക്കാൻ അയാളും ചാടി..എല്ലാവരും ഓടി കൂടുമ്പോഴേക്കും അവൾ ഒഴുക്കിൽ ഒരുപാട് പോയിരുന്നു…

The End.