ക്ഷമിക്കണം..നിങ്ങളുടെ യഥാര്‍ത്ഥ ഐഡി യിൽ നിന്ന് വരാതെ ഞാൻ നിങ്ങളോട് സംസാരിക്കുന്നതല്ല. മുഖമില്ലാത്ത ആളുകളിൽ നിന്ന്…

മുഖമില്ലാത്തവൾ

Story written by PRAVEEN CHANDRAN

“ഹായ്..മനു… സുഖാണോ തനിക്ക് ? എന്റെ പേര് പ്രിയ എനിക്ക് തന്റെ എഴുത്തുകൾ വളരെ ഇഷ്ടമാണ്.. ഞാനൊരു റിക്ക്വസ്റ്റ് അയച്ചിട്ടുണ്ട്.. കഴിയുമെങ്കിൽ അത് ആസപ്റ്റ് ചെയ്യുക…”

ആ മെസ്സേജ് റിക്ക്വസ്റ്റ് കണ്ടാണ് അവൻ ആ പേരിന്റെ ഉടമയെക്കുറിച്ചറിയാൻ അവരുടെ പ്രൊഫൈലിൽ നോക്കിയത്…

ഫേക്ക് ഐഡിയാണ് അതെന്ന് മനസ്സിലാക്കാൻ അവന് അധികം സമയം വേണ്ടി വന്നില്ല..

“നിങ്ങളുടെ യഥാര്‍ത്ഥ ഐഡിയിൽ നിന്ന് റിക്ക്വസ്റ്റ് അയക്കൂ ഞാൻ ഏഡ് ചെയ്യാം…മുഖമില്ലാത്തവരെ സുഹൃത്തായി എനിക്ക് ആവശ്യമില്ല..” അവനവൾക്ക് മറുപടി കൊടുത്തു..

അതിന് അല്പസമയം കഴിഞ്ഞാണ് അവന് മറുപടി ലഭിച്ചത്…

“ഇല്ല മനു.. എനിക്ക് ഒരു മുഖം ഉണ്ട്…അത് എനിക്ക് വെളിപ്പെടുത്താനാവില്ല.. അതിന് കാരണം ഞാൻ പിന്നീട് പറയാം.. ഇപ്പോൾ ഞാൻ വലിയൊരു പ്രശ്നത്തിന് നടുവിലാണ്.. പറ്റുമെങ്കിൽ എനിക്ക് അല്പം സമയം തരുക… എന്നോട് ദേഷ്യം തോന്നരുത്…”

അവളുടെ മറുപടിയിൽ അവൻ തൃപ്തനല്ലാ യിരുന്നു.. പലരും ഫേക്ക് ഐഡിയിൽ വന്ന് പലതും പറഞ്ഞ് അവനെ പറ്റിച്ച അനുഭവങ്ങൾ അവന് ധാരാളം ഉണ്ടായിരുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം…

“ക്ഷമിക്കണം.. നിങ്ങളുടെ യഥാര്‍ത്ഥ ഐഡി യിൽ നിന്ന് വരാതെ ഞാൻ നിങ്ങളോട് സംസാരിക്കുന്നതല്ല.. മുഖമില്ലാത്ത ആളുകളിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട്.. അത് കൊണ്ടാണ്… “

ആ മെസ്സേജ് അവൾ റിസീവ് ചെയ്തെന്ന സിഗ്നൽ അവന് ലഭിച്ചെങ്കിലും അതിന് പക്ഷെ അവൾക്ക് മറുപടിയില്ലായിരുന്നു…

ഒരുപാട് റിക്ക്വസ്റ്റുകൾ ഇങ്ങനെ വരുന്നത് കൊണ്ട് അവനത് ഗൗനിച്ചതുമില്ല…

അവളുടെ റിക്ക്വസ്റ്റ് അങ്ങനെ തന്നെ കിടക്കുകയും ചെയ്തു…

ഒന്ന് രണ്ട് ആഴ്ച്ച കഴിഞ്ഞാണ് വീണ്ടും ആ ഐഡിയിൽ നിന്നും അവന് ഒരു മെസ്സേജ് വന്നത്…

മൊബൈൽ നെറ്റ് തീർന്നതിനാൽ ഒരു ദിവസം കഴിഞ്ഞാണ് അവനത് തുറന്ന് നോക്കാനായത്..

“നീ വിചാരിക്കുന്ന പോലെ ഞാൻ ഫേക്കൊന്നുമല്ല മനു… എന്റെ പേര് പ്രിയ എന്ന് തന്നെയാണ്.. എനിക്ക് എന്റെ ഐഡന്ററ്റി വെളിപ്പെടുത്താൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഞാനത് ചെയ്യാത്തത്… വിശ്വസിക്കാ മെങ്കിൽ വിശ്വസിക്കാം.. എനിക്ക് പറയാനുള്ളത് ഇതാണ്.. നീ എഴുതിയ ഒരു കഥ എന്റെ ജീവിതം തന്നെയാണ്.. ആ കഥവായിച്ചത് മുതൽ ഞാൻ നിന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു..

എങ്ങനെ നിനക്ക് ഇത്ര കൃത്യമായി എന്റെ ജീവിതം പകർത്താനായി എന്നതറിയാൻ.. അതിന്റെ ക്ലൈമാക്സിൽ നീ എഴുതിയത് മാത്രം ഇത് വരെ സംഭവിച്ചിട്ടില്ല… അത് ഉടൻ സംഭവിച്ചേക്കും എന്ന് ഞാൻ ഭയക്കുന്നു മനു.. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നീ അയാളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.. എനിക്ക് പേടിയാണ് അയാളെ.. അയാളെന്നെ കൊല്ലും.. നിനക്ക് മാത്രമേ ഒരുപക്ഷെ എന്നെ രക്ഷിക്കാനാവൂ..പെട്ടെന്ന് ഒന്ന് റിപ്ലൈ അയക്കാമോ മനു.. ഒരു പക്ഷെ വൈകിയാൽ ഇനി മെസ്സേജ് അയക്കാൻ ഞാനുണ്ടായെന്ന് വരില്ല..”

അവളുടെ ആ മെസ്സേജ് കണ്ട് അവനൊന്ന് പകച്ചു…

എന്ത് മറുപടി കൊടുക്കണമെന്നറിയാതെ അവൻ കുഴങ്ങി..

“സോറി…എനിക്ക് മനസ്സിലായില്ല.. ഞാൻ ഒരുപാട് കഥകളെഴുതിയിട്ടുണ്ട്.. അതിലേത് കഥയാണ് നിങ്ങളുടെ ജീവിതവുമായി ബന്ധപെട്ടത് എന്ന് ഞാനെങ്ങനെ അറിയും..? അതുകൊണ്ട് എന്താണ് സംഭവം എന്ന് വ്യക്തമാക്കുക..?”

ആ ചോദ്യത്തിന് കുറെ സമയം കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായപ്പോൾ അവനാകെ പരിഭ്രമമായി…

ഏകദേശം മുന്നോറോളം കഥകൾ എഴുതിയിട്ടുള്ളതിൽ നിന്ന് അവളുടെ ജീവിതവുമായി ബന്ധപെട്ട കഥ ഏതെന്ന് മനസ്സിലാക്കുക അവനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു..

അതിന് അവളുടെ ജീവിതം കൂടുതലറിയാതെ നിവൃത്തിയില്ലെന്ന് അവന് തോന്നി…

അവൻ വീണ്ടും വീണ്ടും അവൾക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നെങ്കിലും അത് റിസീവ് ചെയ്തതായ് പോലും കാണിക്കുന്നില്ലായിരുന്നു…

അവളുടെ മറുപടിയില്ലാതായപ്പോൾ അവൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചുകാണുമോയെന്ന് അവൻ ഭയന്നു..

എന്തോ ഒരു ദുരൂഹത അവൾ പറഞ്ഞതിലുണ്ടാ യിരുന്നു എന്നത് അവന് വ്യക്തമായി…

അങ്ങനെയിരിക്കെയാണ് അന്ന് ന്യൂസ്പേപ്പറിൽ വന്ന ഒരു വാർത്ത അവൻ ശ്രദ്ധിച്ചത്…

“ആലുവയിൽ യുവതി മൃ ഗീയമായി കൊല്ലപ്പെട്ടു… ആലുവ അത്താണി സ്വദേശി പ്രിയ ആണ് കൊല്ലപെട്ടത്.. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രിയയുടെ മൃ തദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തത്.. വളരെ വി കൃതമാക്കപ്പെട്ട നിലയിലാണ് പ്രിയയുടെ ശരീരം കാണാൻ കഴിഞ്ഞത്.. കഴുത്തിൽ ക ത്തികൊണ്ട് കീറിയ നിലയിലായിരുന്നു.. ദേ ഹമാസകലം നഖം കൊണ്ട് മാ ന്തിയതിന്റെയും കടിയേറ്റതിന്റെയും പാടുകളുണ്ട്.. മരണത്തിന് മുന്ന് ക്രൂ രമായ ലൈം ഗികപീഢനം ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ആദ്യ കാഴ്ച്ചയിൽ മനസ്സിലാക്കാനാവു ന്നത് ..വീട്ടിൽ നിന്ന് രണ്ട് ദിവസമായി അനക്കമൊന്നും കേൾക്കാതിരുന്നത് കണ്ട് സംശയം തോന്നിയാണ് അയൽപക്കത്തുകാർ വീട് പരിശോധിച്ചത്..

പ്രിയയും അവരുടെ ഒരു വല്ല്യമ്മയുമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്.. അവർ ഒരാഴ്ച്ചയായി സ്വന്തം വീട്ടിലേക്ക് പോയതിനെ തുടർന്ന് പ്രിയ ഒറ്റയ്ക്കായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്.. പ്രിയയുടെ ഭർത്താവ് അരുൺ ദുബായിയിൽ മെക്കാനിക്ക് ആയി ജോലിചെയ്യുകയാണ്….

രണ്ട് ദിവസമായി പരിസര പ്രദേശങ്ങളിൽ കനത്തമഴയുണ്ടായിരുന്നു…വീട്ടിൽ നിന്ന് വിലപ്പെട്ട വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലെങ്കിലും പ്രിയയുടെ ഫോൺ നഷ്ടപെട്ടിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്..തെളിവുകൾ നശിപ്പിക്കാൻ പ്രതി ഫോൺ കൈക്കലാക്കിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം..യുവതിയുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം പ്രതിയെന്നും പോലീസ് സംശയിക്കുന്നു.. “

ആ വാർത്ത വായിച്ചതും അവൻ ഞെട്ടിത്തരി ച്ചിരുന്നുപോയി.. ശരീരമാസകലം അവന് വിറയൽ അനഭവപ്പെട്ടു..

ഇപ്പോഴാണ് ആ കഥ ഏതായിരുന്നെന്ന് അവന് വ്യക്തമായത്…

എങ്കിലും അവന് അത് വിശ്വസിക്കാനാവു ന്നില്ലായിരുന്നു..

താനെഴുതിയ ഒരു കഥാപാത്രം ജീവനോടെ തന്നോട് ചാറ്റ് ചെയ്യുക.. അവരുടെ ജീവിതത്തിൽ താനെഴുതിയത് പോലെ തന്നെ സംഭവിക്കുക…

യാദൃശ്ചികമെന്നോ അത്ഭുതമെന്നോ വിശേഷിപ്പി ക്കാമെങ്കിലും അവനെ അപ്പോൾ പിടികൂടിയത് ഭയമാണ്..

ആ ഭയം അവനെ ശക്തമായി വേട്ടയാടാൻ തുടങ്ങി…

ആ ഭയത്തിന് കാരണം ആ കൊലയാളിയെ അവന്റെ കഥാപാത്രമാണെങ്കിൽ അയാളെ അവന് വ്യക്തമായി അറിയാം എന്നതായിരുന്നു…

ദിവസങ്ങൾ കഴിയും തോറും ആ ഭയത്തിന്റെ കാഠിന്യം കൂടി വന്നു.. ഇടയ്ക്കൊക്കെ ആ ഭയം അവനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു …

ജോലിസംബന്ധമായി നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതിനാൽ ഒരു വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു അവൻ കഴിഞ്ഞിരുന്നത്..

എഴുത്തിലൂടെ ആണ് അവൻ അവന്റെ ഏകാന്തതയെ മറച്ചിരുന്നത്.. അവൻ സൃഷ്ടിച്ച കഥാപാത്രങ്ങൾക്കൊക്കെയും ജീവനുണ്ടെന്ന് അവന് തോന്നിയിരുന്നു…

ആ കഥാപാത്രങ്ങളിൽ പലരേയും അവൻ അവനു ചുറ്റും കണ്ടിരുന്നു…

അന്ന് അങ്ങനെ ഒരു കഥ എഴുതാനുണ്ടായ നിമിഷത്തെ അവൻ പഴിച്ചുകൊണ്ടിരുന്നു ..

എന്തിനാണ് താനാ കഥ എഴുതിയത്? എവിടെ നിന്നാണ് ആ കഥ തന്റെ മനസ്സിലേക്ക് വന്നത്?

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ അപ്പോൾ കടന്ന് പോയി…

ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മികമായ സംഭവങ്ങളായി രുന്നു ആ കഥയുടെ ഉള്ളടക്കം… ക്രൂ രമായ ലൈം ഗിക പീ ഡനങ്ങൾക്ക് വിധേയയായി അവസാനം മരണത്തിന് വിധേയയാകേണ്ടി വന്ന ഒരു യുവതിയുടെ കഥയായിരുന്നു അത്..

കുളിമുറിയിൽ ഒളി ക്യാമറ വച്ച് അവളുടെ ന ഗ്നവീഡിയോ പകർത്തിയതിന് ശേഷം അത് വച്ച് ഭീഷണിപെടുത്തി തന്റെ ലൈം ഗിക വൈ കൃതങ്ങൾക്ക് അവളെ അടിമയാക്കിയിരുന്ന ക്രൂ രനായിരുന്നു അതിലെ വില്ലൻ കഥാപാത്രം…

വിദേശത്തുള്ള ഭർത്താവിനോട് അവൾ കാര്യങ്ങൾ തുറന്ന് പറയുമെന്ന ഘട്ടത്തിൽ അവളെ അയാൾ ക്രൂരമായി കൊന്ന് തള്ളുകയായിരുന്നു …

അത് പോലെ തന്നെ ഇവിടെയും സംഭവിച്ചിരിക്കു ന്നു…

അവളുടെ മൊബൈൽ പ്രതി കൈക്കലാ ക്കിയിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ അവനറിയാമായിരുന്നു അയാൾ അവനെ തേടി വരുമെന്ന്…

ആ കൊലയാളി അവളുടെ ഫോണിൽ നിന്ന് അവന്റെ മെസ്സേജ് കണ്ടെടുക്കുമെന്നും അത് കണ്ട് അയാൾ അവനെ തേടി വരുമെന്നും അവനുറച്ച് വിശ്വസിച്ചു…

ഏത് നിമിഷവും തന്നെ പിടികൂടാൻ പോകുന്ന മരണമെന്ന സത്യത്തെ അവൻ നേരിടാനൊരുങ്ങി…

ഇനിയും ഈ ടെൻഷനിൽ നിന്നും പുറത്ത് വന്നില്ലെങ്കിൽ തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് അവൻ ഭയന്നു…

അതോടെ അവൻ ഈ വിഷയം പോലീസിലറിയിക്കാൻ തന്നെ തീരുമിനിച്ചു…

കേസന്വേഷിക്കുന്ന എസ്.ഐ യെ വളരെ പ്രയാസപെട്ടാണ് അവന് കാണാൻ കഴിഞ്ഞത്..

ആദ്യം എസ്.ഐ അവൻ പറയുന്നത് വിശ്വസിക്കാൻ തയ്യാറായില്ലെങ്കിലും അവൻ പറയുന്നതിനോട് സാഹചര്യതെളിവുകൾ കൂടെ ഒത്ത് വന്നതോടെ അയാളെ കസ്റ്റഡിയിലെടുക്കാൻ അവർ തീരുമാ നിക്കുകയായിരുന്നു…

ഒരു തുമ്പുമില്ലാതെ വിഷമിച്ചിരുന്ന എസ്.ഐക്ക് അതൊരു പിടിവള്ളിയായിരുന്നു..മുകളിൽ നിന്നുള്ള പ്രഷർകൂടെ കൂടിയപ്പോൾ അവൻ പറയുന്ന് കേട്ട് മുന്നോട്ട് പോകാൻ തന്നെ എസ്.ഐ തീരുമാനിക്കുകയായിരുന്നു…

അങ്ങനെ ദിവസങ്ങളായി പോലീസിനെ മുൾമുനയിൽ നിർത്തിയ ആ കൊലയാളി പിടിയിലായി..

അവനെഴുതിയ ആ കഥയിലെ ക്രൂ രനായ ആ കഥാപാത്രം അവളുടെ ഭർത്താവിന്റെ ജ്യേഷ്ഠൻ തന്നെ ആയിരുന്നു…

അത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ അയാളിലേക്കെത്താൻ പോലീസിനായി..

അയാൾ കുറ്റം സമ്മതിച്ചില്ലെങ്കിലും സാഹചര്യതെളിവുകൾ അയാൾക്ക് എതിരായിരുന്നതിനാൽ അയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസിനായി…

അതോടെയാണ് അവന്റെയും ശ്വാസം നേരെ വീണത്… ദിവസങ്ങളായി അവനെ കീഴ്പെടുത്തിയിരുന്ന ഭയം അവനെ പതിയെ പതിയെ വിട്ടൊഴിയാൻ തുടങ്ങി…

കുറച്ച് നാളുകൾക്ക് ശേഷം പതിവ് പോലെ പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു അവൻ…

അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്…

ആ ഐഡി കണ്ട അവൻ അമ്പരന്നു…

അത് പ്രിയയുടെ ഐഡി ആയിരുന്നു…

വിറയലോടെ അവൻ ആ മെസ്സേജ് തുറന്ന് നോക്കി..

“ഹായ് മനൂ… സുഖം അല്ലേ.. സോറിഡാ.. കുറച്ച് ദിവസം ആയി എന്റെ ഫോൺ കേടായിരുന്നു.. വഴക്കുണ്ടായപ്പോൾ മൂപ്പർ എറിഞ്ഞുടച്ചതാ.. ഇപ്പോഴാണ് മൂപ്പർ പുതിയത് വാങ്ങി തന്നത്… ആ കഥ ആലോചിച്ച് കുറെ തലപുകഞ്ഞല്ലേ.. ഇനി പുകക്കണ്ടാട്ടോ… സംശയരോഗിയായ ഭർത്താവിന്റെ ഒരു കഥ ഇല്ലേ… അവസാനം സംശയം മൂത്ത് ഭാര്യയെ കൊ ല്ലുന്നത്… ആ കഥ പോലെ ആയിരുന്നു എന്റെയും ജീവിതം….

പക്ഷെ തന്റെ കഥയിലെ ക്ലൈമാക്സ് മാത്രം സംഭവിച്ചില്ലാട്ടോ.. ഞാനുമായുള്ള വഴക്കിന് ശേഷം മൂപ്പരെ വീട്ടുകാർ ഒരു കൗൺസിലിങ്ങിന് കൊണ്ട് പോയി.. അത് ഫലം ചെയ്തു.. ഇപ്പോൾ മൂപ്പർ ഓക്കെയാണ്… എന്നോട് ഇപ്പോൾ ഭയങ്കര സ്നേഹം ആണ്… ഞാൻ ഹാപ്പി ആണ്.. എന്നാ ഇനി പിന്നെ വരാട്ടോ… എന്തായാലും നിന്റെ കഥകളൊക്കെ സൂപ്പറാട്ടോ… ഇനിയും എഴുതുക…”

ആ മെസ്സേജ് വായിച്ച് അല്പനേരത്തേക്ക് അവൻ സ്തംഭിച്ചിരുന്നുപോയി…

പ്രവീൺ ചന്ദ്രൻ