പാതിരാപ്പടവും കണ്ടിരുന്നിട്ട് ഉറങ്ങാൻ കിടന്നപ്പോൾ, വെളുപ്പിന് മൂന്ന് മണിയോടടുത്ത് സമയമായിരുന്നു….

Story written by SAJI THAIPARAMBU

പാതിരാപ്പടവും കണ്ടിരുന്നിട്ട് ഉറങ്ങാൻ കിടന്നപ്പോൾ, വെളുപ്പിന് മൂന്ന് മണിയോടടുത്ത് സമയമായിരുന്നു.

ജെയ്സൻ്റെ വിളിയൊച്ച കേട്ടാണ്, പുതപ്പിനടിയിൽ നിന്നും ഞാൻ ചാടിയെഴുന്നേറ്റത് .

“ഡാ.. നീയിത് വരെ റെഡിയായില്ലേ?

ഉറക്കച്ചടവോടെ നില്ക്കുന്ന എന്നെ നോക്കി, അരിശത്തോടെയവൻ ചോദിച്ചു.

അവൻ്റെ കൂട്ടുകാരൻ്റെ പെങ്ങളുടെ കല്യാണത്തിന് പോകുന്ന കാര്യമാണവൻ പറയുന്നത്.

ജെയ്സൻ്റെ കൂട്ടുകാരൻ, അവനെ കല്യാണം വിളിക്കാൻ വന്ന കൂട്ടത്തിൽ എന്നെയും വിളിച്ചിരുന്നു.

“എടാ.. ഒരഞ്ച് മിനുട്ട്, നീ കയറിയിരിക്ക്, അമ്മേ ജയ്സനൊരു ചായകൊടുക്ക്”

“അമ്മയൊന്നുമിവിടില്ല, ഞാനിങ്ങോട്ട് വരുമ്പോൾ, അമ്മ അമ്പലത്തിലേക്ക് പോകുന്നത് ഞാൻ കണ്ടായിരുന്നു “.

അവൻ്റെ വായിൽ നിന്ന് , അടുത്തതെന്തെങ്കിലും വീഴുന്നതിന് മുമ്പ്, ഞാനോടി ബാത്റൂമിൽ കയറി.

“എടാ.. സ്മിത പിന്നെ വിളിച്ചായിരുന്നോ ?

ഡ്രൈവ് ചെയ്യുന്നതിനിടയിൽ, ജെയ്സൺ സുബാഷിനോട് ചോദിച്ചു.

“ഇല്ലെടാ.. അവളുടെ ഫോൺ സ്വിച്ച് ഓഫിൽ തന്നെയാ”

“നിനക്കവളുടെ വീട് എവിടാണെന്നറിയില്ലേ ?നമുക്കവിടെ വരെ ഒന്ന് പോയാലോ?

“വേണ്ടെടാ ,അവൾക്ക് അത്രയ്ക്ക് വാശി പാടില്ലല്ലോ ? ഇപ്പോഴേ ഞാൻ അവൾ പറയുന്നിടത്ത് നിന്നാൽ, പിന്നീട് കല്യാണം കഴിയുമ്പോഴേക്കും, ഞാനൊരു പെൺകോന്തനായി മാറും”

“എടാ.. അതിനവൾ നിന്നോട് സീരിയസ്സായിട്ടൊരു കാര്യം പറഞ്ഞപ്പോൾ, നീയത് ലാഘവത്തോടെ കണ്ടിട്ടല്ലേ?

“എന്ത് സീരിയസ്സ് ,അവൾക്ക് നിരവധി കല്യാണാലോചനകൾ വരുന്നുണ്ടെന്ന കാര്യം, അവളെന്നോട് എപ്പോഴും പറയാറുള്ളതാണ് , അതെന്തിനാന്നറിയാമോ? ഞാനവളെ ഇപ്പോൾ തന്നെ കെട്ടിയെടുത്ത്, എൻ്റെ വീട്ടിൽ കൊണ്ട് പോയി, ഭാര്യയായിട്ട് പ്രതിഷ്ഠിക്കണം, അത്ര തന്നെ”

“അതിനെന്താ, അത് നല്ല കാര്യമല്ലേ? നിനക്കാണെങ്കിൽ കല്യാണപ്രായമായിട്ടുമുണ്ടല്ലോ?

“എൻ്റെ ജെയ്സാ.. കല്യാണം കഴിഞ്ഞാൽ, നമുക്ക് ഇപ്പോൾ കിട്ടുന്ന ഈ ഫ്രീഡമൊന്നും പിന്നെ കിട്ടാൻ പോകുന്നില്ല ,മാത്രമല്ല ഞാനവളുമായി പരിചയപ്പെട്ടിട്ട് ആറ് മാസം പോലുമായില്ല ,അതിന് മുമ്പ് കല്യാണം കഴിഞ്ഞാൽ, ഇപ്പോൾ പ്രണയിക്കുന്നതിൻ്റെ ഈ ത്രില്ലങ്ങ് പോകും ,ഒരു രണ്ട് വർഷമെങ്കിലുമിങ്ങനെ, പ്രണയിച്ച് നടക്കാനാണ് എനിക്കിഷ്ടം”

“ങ്ഹാ ,നീ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്, അവസാനം ,അവളെ വല്ലവനും കെട്ടിക്കൊണ്ട് പോകുന്നതും കണ്ട് ,നീ നിരാശാ കാമുകനായി നടക്കുന്നത് കാണേണ്ടി വരരുത്”

കൂട്ടുകാരനെ ഉപദേശിച്ചിട്ട്, ജെയ്സൺ ഡ്രൈവിങ്ങിൽ മുഴുകി.

“ഏത് ഓഡിറ്റോറിയത്തിലാടാ കല്യാണം?

ടൗണിലെ തിരക്കിലേക്ക് കാറ് ,ഓടിച്ച് പോയപ്പോൾ സുബാഷ് ചോദിച്ചു.

“ഓഡിറ്റോറിയത്തിലോ ? പിന്നേ.. ഈ കൊറോണ കാലത്ത്, ആരെങ്കിലും ഓഡിറ്റോറിയത്തിൽ വച്ച് കല്യാണം നടത്തുമോ ? തല്ക്കാലം സബ് രജിസ്റ്റാറാഫീസിൽ ചെന്ന് വിവാഹം രജിസ്റ്റർ ചെയ്യുന്നു ,അതിന് ശേഷം അവൻ്റെ വീട്ടിൽ പോയി ,നമ്മൾ കുറച്ച് പേർ മാത്രമായി സദ്യ കഴിക്കുന്നു, അധികമാരുമുണ്ടാവില്ലെടാ, കൂട്ടുകാരനായിട്ട് അവൻ എന്നെ മാത്രം ക്ഷണിക്കാനാണ് വന്നത് ,അപ്പോഴല്ലേ ,നിന്നെ കൂടെ വിളിച്ചത് ,പതിനൊന്ന് മണിക്ക് രജിസ്റ്റർ ഓഫീസിൽ ചെല്ലണമെന്ന് അവൻ പ്രത്യേകം പറഞ്ഞതാ ,ഈശ്വരാ.. ഈ മുടിഞ്ഞ ബ്ളോക്ക് കണ്ടിട്ട് ,താമസിച്ച് ചെല്ലുമ്പോൾ ,ഇനി അവൻ്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമോ എന്തോ?

ജെയ്സൻ പറഞ്ഞത് മുഴുവനും കേൾക്കാതെ ,സുബാഷ് തൻ്റെ മൊബൈലിൽ നിന്നും, സ്മിതയെ ഡ്രൈ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.

“ഛെ! എത്ര ദിവസമായെടാ അവളിങ്ങനെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാൻ തുടങ്ങിയിട്ട്”

“നിനക്കെന്താ സുബാഷേ.. ഞാൻ പറഞ്ഞതോർത്തിട്ട് ടെൻഷൻ തുടങ്ങിയോ?

“അതല്ലെടാ.. അവളോട് സംസാരിക്കാതെ കുറച്ച് ദിവസമിരുന്നിട്ട്, എന്തോ പോലെ, നീയെന്തായാലും വണ്ടി വിട് ,കല്യാണം കഴിഞ്ഞ് നമുക്കവളുടെ വീട് വരെയൊന്ന് പോയി നോക്കാം,അവൾ പറഞ്ഞതനുസരിച്ച് ,കാരയ്ക്കൽചെറിയപള്ളിയുടെ അടുത്തെവിടെയോ ആണ് അവളുടെ വീട്”

ബ്ലോക്ക് കുറഞ്ഞപ്പോൾ, ജെയ്സൺ കാറിൻ്റെ സ്പീഡ് കൂട്ടി

“ങ്ഹേ, ഇത് നമ്മള് നേരത്തെ വന്ന വഴിയല്ലേ?

വഴി തെറ്റിയെന്ന് സുബാഷ് ജെയ്സണെ ഓർമ്മിപ്പിച്ചു.

“ഓഹ് സോറി ബ്രോ ,ഈ ടൗണിൽ എപ്പോൾ കയറിയാലും എനിക്ക് വഴിതെറ്റും”

അവസാനം പതിനൊന്നരയായപ്പോൾ രജിസ്ട്രാർ ഓഫീസിനു മുന്നിൽ ,ജെയ്സൺ കാറ് കൊണ്ട് നിർത്തി.

“വേഗം വാ ജെയ്സാ, രതീഷ് സാക്ഷി ഒപ്പിടാൻ നിന്നെയും കാത്ത് നില്ക്കുവാണ് “,

പെണ്ണിൻ്റെ അച്ഛനെപ്പോലെ തോന്നിച്ച പ്രായമുള്ളൊരു മനുഷ്യൻ, ജെയ്സനെ ധൃതിയിൽ അകത്തേയ്ക്ക് വിളിച്ചു.

അവനോടൊപ്പം, സുബാഷും അകത്തേയ്ക്ക് കയറി ചെന്നു .

സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവ് ചൂടിയ ഒരുപെൺകുട്ടി ,കുനിഞ്ഞ് നിന്ന് രജിസ്റ്ററിൽ ഒപ്പ് വയ്ക്കുന്നു, അവളുടെ അടുത്ത് ഒരു ചെറുപ്പക്കാരനുൾപ്പെടെ, അഞ്ചാറ് പേര് കൂടി നില്പുണ്ട്.

“അടുത്തതായിനി, വരനും സാക്ഷികളുമാണ് ഒപ്പിടേണ്ടത്”

മേശയ്ക്കരികിലെ ചെയറിലിരുന്ന ഓഫീസർ പറഞ്ഞു.

“എടാ.. സുബാഷേ .. സാക്ഷികളുടെ ഒപ്പ് നമുക്ക് രണ്ട് പേർക്കുമായിടാം”

പുറകിൽ നിന്ന സുബാഷിനെ പിടിച്ച് കൊണ്ട് പോയി, രജിസ്ട്രാർ, നീട്ടിയ ബുക്കിലേക്ക് അവനെക്കൊണ്ട്, ജെയ്സൺ ഒപ്പിടിച്ചു.

“ഇനി ഒരു സാക്ഷിയുടെ കൂടി ഒപ്പ് വേണം”

ഓഫീസർ വീണ്ടും വിളിച്ച് പറഞ്ഞപ്പോൾ ,ഒപ്പിടാനായി , പുറകിൽ നിന്ന് കടന്ന് വന്ന സ്ത്രീയെ കണ്ട് സുബാഷ് അമ്പരന്നു.

“അമ്മേ…അമ്മയെന്താ ഇവിടെ?

“പിന്നെ, എൻ്റെ മോൻ്റെ കല്യാണത്തിന്, ഞാനല്ലാതെ പിന്നെയാരാ വരുന്നത്”

അമ്മ പറഞ്ഞത് കേട്ട്, സുബാഷ് തിരിഞ്ഞ് നോക്കുമ്പോൾ, തന്നെ നോക്കി ചിരിച്ചോണ്ട് നില്ക്കുന്ന, സെറ്റ് സാരിയുടുത്ത പുതുപ്പെണ്ണ്, തൻ്റെ സ്മിതയാണെന്ന് മനസ്സിലായ സുബാഷ്, അക്ഷരാർത്ഥത്തിൽ ഞെട്ടി.

ആ ഞെട്ടല് കണ്ട് ,അവിടെ കൂടിയവരെല്ലാം പൊട്ടിച്ചിരിച്ചു.

“ഡാ സുബാഷേ… നിൻ്റെയും സ്മിതയുടെയും കാര്യം ഞാനാണ് ,നിൻ്റെ അമ്മയെ അറിയിച്ചത് ,അങ്ങനെ നിൻ്റെ അമ്മയാണ് ,സ്മിതയുടെ വീട്ടുകാരുമായി സംസാരിച്ച് നിങ്ങടെ കല്യാണമുറപ്പിച്ചത് ,ഇവിടെ കൂടിയിരിക്കുന്ന നീയൊഴിച്ചുള്ള ബാക്കി എല്ലാവർക്കും ഈ കാര്യമറിയാം ,നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി മാത്രമല്ല, ഇങ്ങനെ ചെയ്തത് ,അമ്മ കല്യാണക്കാര്യം പറയുമ്പോഴെല്ലാം, നീ ഓരോ കാരണങ്ങൾ പറഞ്ഞ്, താമസിപ്പിക്കുന്നെന്ന് ,നിൻ്റെ അമ്മ കൂടി പറഞ്ഞപ്പോഴാണ് , അമ്മയുടെയും സ്മിതയുടെയും ആഗ്രഹപ്രകാരം ,ഞാൻ ഇങ്ങനൊരു കടുംകൈ ചെയ്തത് ,നീ ഇപ്പോൾ ഒപ്പിട്ടത് വരൻ്റെ കോളത്തിലാണ്, സൂക്ഷിച്ച് നോക്ക്”

എല്ലാവരും കൂടി തന്നെ പിടിച്ച് കെട്ടിച്ചെന്ന് മനസ്സിലാക്കിയ സുബാഷ് , നിസ്സഹായനായി സ്മിതയുടെ കൈയ്യും പിടിച്ച് പുറത്തേയ്ക്കിറങ്ങി.

ശുഭം.