നോമ്പ് തുടങ്ങുന്നതിന് ഒരു മൂന്നാല് ദിവസം മുമ്പ് തന്നെ ഫേസ് ബുക്ക് ഫോണീന്ന് അൺ ഇൻസ്റ്റാൾ ചെയ്തു…

സമ്മാനം

Story written by Shabna shamsu

:::::::::::::::::::::::::

ഫോണില് ഫേസ് ബുക്കുണ്ടെങ്കില് അമ്മിത്തിണ്ടില് കുടുങ്ങിയ ചുണ്ടെലിൻ്റെ പോലെയാണ് അവസ്ഥ..ഫോണ് വിട്ട് എവിടെയും നിക്കാൻ തോന്നൂല..നോട്ടിഫിക്കേഷൻ ണ്ടോ.. ലൈക്ക് ണ്ടോ.. കമൻ്റ് ണ്ടോ.. എന്നിങ്ങനെ ഇടക്കിടക്ക് നോക്കാൻ തോന്നും…അങ്ങനെയുള്ള സമയത്താണ് റമദാൻ മാസം വരുന്നത്..നോമ്പ് തുടങ്ങുന്നതിന് ഒരു മൂന്നാല് ദിവസം മുമ്പ് തന്നെ ഫേസ് ബുക്ക് ഫോണീന്ന് അൺ ഇൻസ്റ്റാൾ ചെയ്തു..

അങ്ങനെ നോമ്പ് തുടങ്ങി ആറാമത്തെ നോമ്പിൻ്റെ അന്ന് ഞാൻ ഡ്യൂട്ടിയിലുള്ള സമയം…

ഉച്ചക്ക് ഒരു 12 മണിയായപ്പോ ഇക്കാൻ്റെ ഒരു ഫോൺ..

പാർസൽ സർവീസിന്ന് വിളിച്ചിനു……. അനക്ക് പാലക്കാട്ന്നൊരു പാർസൽ വന്നിട്ടുണ്ടെന്ന്,….

ലാ ഹൗല വലാ…

പാലക്കാട് ന്ന് ആരാണ് റബ്ബേ … അതും പാർസല്…പാലക്കാട് കേരളത്തിലെ ഒമ്പതാമത്തെ ജില്ലയാണെന്ന് അറിയാം…അതല്ലാണ്ട് ഒരു ബന്ധവും ഞാനും പാലക്കാടും തമ്മിലില്ല…പിന്നെങ്ങെനെ…

ഇയ്യതൊന്ന് ഒറപ്പിക്ക്…അനക്ക്ള്ളതാണെങ്കി വാങ്ങ…

ഞാനെങ്ങനെ ഒറപ്പിക്കും..ഇത്പ്പോ ആരായിക്കും…ഫേസ്ബുക്കിലെ ഗ്രൂപ്പിൽ എൻ്റെ കഥ വായിച്ച് ഇഷ്ടപ്പെട്ട ആരേലും ആവാനാണ് സാധ്യത..മുമ്പ് കണ്ണൂരിന്ന് അങ്ങനെ കിട്ടിയിട്ടുണ്ട്…

ഞാനപ്പോ തന്നെ ഫോണില് ഫേസ് ബുക്കും മെസെഞ്ചറും ഇൻസ്റ്റാൾ ചെയ്തു..നോക്കുമ്പോ സ്ഥിരമായി എൻ്റെ എഴുത്ത് വായിക്കുകയും കമൻ്റിടുകയും ചെയ്യുന്ന ഷെരീഫിക്കാൻ്റെ മെസ്സേജ്…ഒരു പാർസൽ അയച്ചിട്ടുണ്ട്.. എത്തിയാൽ അറീക്കണേന്ന്…

ഞാനപ്പോ തന്നെ ഇക്കാനെ വിളിച്ചു..വിവരം പറഞ്ഞു….വാങ്ങി വച്ചോളി… എനിക്കുള്ളത് തന്നെയാണ്…

ഹോസ്പ്പിറ്റൽന്ന് ഇക്കാൻ്റെ ഷോപ്പിലേക്ക് നടക്കാനുള്ള ദൂരേ ഉള്ളൂ..എനിക്കാ പാർസൽ കാണാഞ്ഞിട്ട് ഭയങ്കര എടങ്ങേറ്..ഡ്യൂട്ടിയിലായതോണ്ട് അങ്ങോട്ട് പോവാൻ പറ്റൂല..Evereday ബാറ്ററിൻ്റെ പരസ്യത്തിലെ ടയറിൽ കുടുങ്ങിയ കറുത്ത പൂച്ചയെ പോലെ ഞാൻ ഫാർമസീല് കുടുങ്ങി കിടന്നു…

കുറച്ച് കഴിഞ്ഞപ്പോ ഇക്ക വീണ്ടും വിളിച്ചു..

“എടീ… ഇത് കൊറേ ണ്ട്… വല്യൊരു പെട്ടിയാ… വണ്ടീല് വെച്ച്ക്ക് ന്ന് .. ഞാൻ വരുമ്പോ കൊണ്ടോരാ…”

അങ്ങനെ എൻ്റെ ഡ്യൂട്ടി കഴിഞ്ഞ് ഞാൻ പോയി… നോമ്പ് തുറക്കാനുള്ള ഭക്ഷണത്തിൻ്റെ ഒരുക്കങ്ങള് തുടങ്ങി…അപ്പളൊക്കെയും ആ വല്യ പെട്ടി അയ്നു എൻ്റെ മനസ് നിറയെ.. ന്നാലും എന്തായ്രിക്കും അത്?

അങ്ങനെ അലോയ്ച്ചാലോയ്ച്ച് പലതും കണക്ക് കൂട്ടി സമയം ആറ് മണിയായി…

ഇക്ക വന്ന് ഹോണടിച്ചു..

”പെട്ടി അകത്തോട്ട് വെക്കണം… ഒറ്റക്ക് കയ്യൂല.. “

ഏകദേശം 40 കിലോ ഉണ്ടാവും..

അങ്ങനെ ഞങ്ങള് രണ്ടാളൂടി പെട്ടി പിടിച്ച് അടുക്കളേലെ സ്ലാബിൻ്റെ ചോട്ടിലെത്തിച്ചു..

മക്കള് മൂന്നും പഞ്ചസാര കുപ്പീല് ഉറുമ്പ് കേറിയ പോലെ ഈ പെട്ടിക്ക് ചുറ്റും നിക്കാണ്…അങ്ങനെ പെട്ടി പൊളിച്ചു…

മാങ്ങകൾ!!!

പല തരം മാങ്ങകൾ…വലിയ പപ്പായേൻ്റെ അത്രേം ഉള്ളത്..മൂട് ചോന്നത്…നല്ല മണമുള്ള മഞ്ഞ തൊലിയുള്ളത്…

ചെലതിലൊക്കെ അതിൻ്റെ പേരെഴുതീറ്റുണ്ട്..

മൂട് ചോന്നത് സിന്ദൂരം,, കിളീൻ്റെ കൊക്ക് പോലത്തെ മൂക്കുള്ള ചെറിയ മാങ്ങ കാലാപ്പാടി, ഉരുണ്ട് കൊക്കിൻ്റവിടെ ചെറിയ കുഴിയുള്ളത് അൽഫോൺസ, പിന്നെ നീലം, നടശ്ശാല, ഇളം പച്ച നിറത്തിലുള്ള പ്രിയൂർ , പപ്പായേൻ്റെ വലിപ്പമുള്ള പത്താം മാസം പള്ള നെറഞ്ഞ പോലത്തെ ബംഗനപള്ളി,,,അതിൻ്റെ അനിയത്തിയെ പോലെ തോന്നിക്കുന്ന ഹിമാപ്പസന്ത്, ഏറ്റവും വലിപ്പമുള്ള, പ്രൗഡിയുള്ള നീണ്ടത് മല്ലിക, ..

എനിക്കറിയാവുന്ന ആകെയുള്ള മാങ്ങ കോമാങ്ങയാണ്…പിന്നെ മുത്തങ്ങ കാടിനടുത്ത് വീടായോണ്ട് കാട്ടിലെ തടിയൻ മാവിൻ്റെ ചോട്ടിലെ നെല്ലിക്കൻ്റെ അത്രള്ള മാങ്ങയും തിന്നേ ശീലിച്ചിട്ടുള്ളൂ…ഇതൊക്കെ ആദ്യായിട്ട് കാണുകയാണ്.

പെട്ടിക്ക് ചുറ്റും അന്തം വിട്ട് ഇരിക്കാണ് ഉമ്മയും മക്കളും…

ഇതൊക്കെ കഥ എഴുതീറ്റ് സമ്മാനം കിട്ടിയതാന്ന് പറഞ്ഞിട്ട് ഉമ്മക്കൊരു വിശ്വാസല്ല…

” അല്ല പൊന്നാര പടപ്പേ…ഇയ്യെപ്പളാണ് ഇതിൻ്റെ എടേല് കഥ എയ്തലെന്നാ ഞാൻ ആലോയ്ച്ചത്….”

ഉമ്മാനെ കുറ്റം പറയാൻ ഒക്കൂല…നേരം വെളുത്താ കൂറക്ക് മരുന്നടിച്ച പോലെ പരക്കം പാഞ്ഞ് പണിയെടുക്കുന്ന എന്നെയാണ് എന്നും കാണാറ്….

” അത് മ്മാ…. ഞാൻ ബസിലിരിക്കുമ്പളും രാത്രി ഒറങ്ങാൻ കെടക്കുമ്പളൊക്കെ വെർതെ ഓരോന്ന് എയ്തും…. അത് ആൾക്കാരൊക്കെ വായിക്കുമ്പോ ഓർക്ക് ഇഷ്ടപ്പെടും… അങ്ങനെ ഒരു സന്തോഷത്തിന് തരുന്നതാ…. “

“ഞ്ഞി എന്ത് കഥാണ് എയ്തല്.. “

ജാങ്കോ നീയറിഞ്ഞോ…. ഞാൻ പെട്ടു…എന്ന അവസ്ഥ അയ്നു എനിക്കന്നേരം…

ഉമ്മാൻ്റെ മോൻ്റെ കാലില് വിര കേറീറ്റ് ഉമ്മ മൂന്ന് യാസീൻ നേർച്ചാക്കിയപ്പോ ഞാൻ അത് കഥ എഴുതി രണ്ടായിരം ലൈക്ക് വാങ്ങീന്ന് ഉമ്മാനോട് പറയാൻ പറ്റോ….

“ഇമ്മേ…. നമ്മള് ദിവസവും ചെയ്യുന്ന ഓരോ കാര്യങ്ങളില്ലേ.. അത് വെറുതേ കഥ പോലെ എഴുതും….അത്രേള്ളൂ…”

എന്താണേലും ഉമ്മ ഹാപ്പിയാണ്….

അങ്ങനെ മാങ്ങാപ്പെ ട്ടീന്ന് പഴുത്തതൊക്കെ മാറ്റി വെച്ച് ബാക്കി പെട്ടിയിൽ തന്നെ വെച്ച് ഉന്തി തള്ളി ഞാൻ സ്റ്റെയർ കേസിൻ്റെ ചോട്ടില് വെച്ചു…അവിടന്ന് ഉറുമ്പ് വരോന്ന് പേടിച്ച് കബോർഡില് വെച്ചു….

അവിടന്നിനി പഴുത്തില്ലെങ്കിലോന്ന് കരുതി പേപ്പറിൽ പൊതിഞ്ഞ് അരിച്ചെമ്പിലെടുത്ത് വെച്ചു….

ചുരുക്കി പറഞ്ഞാ ജോൺ ബ്രിട്ടാസിൻ്റെ കയ്യിലെ പേന പോലെ എനിക്കതെവിടേം വെക്കാൻ തോന്നുന്നില്ല…

അന്ന് രാത്രി തറാവീഹ് നിസ്ക്കാരത്തിന് ശേഷം കുടിക്കാനുള്ള കഞ്ഞിയിലേക്ക് തേങ്ങയും ചോന്നുള്ളിയും ജീരകവും അരച്ചോണ്ട് ക്കുമ്പളാണ് മാങ്ങ കിട്ടിയ വിവരം പറയാൻ എൻ്റെ വീട്ടിലേക്ക് ഫോൺ ചെയ്തത്…ഉമ്മാക്ക് ഭയങ്കര സന്തോഷം…

ഉമ്മാൻ്റെ കയിവാണ് എനിക്ക് കിട്ടിയതെന്ന് ബാപ്പാനോട് ഉമ്മ വീമ്പ് പറഞ്ഞിട്ടുണ്ടാവും…നാല്പത് കിലോയിലെ നാല് ,അഞ്ചും ആറും ഒക്കെ ആക്കി അയൽപക്കത്തും ഉമ്മൻ്റെ കുടുംബത്തിലും ഒക്കെ പത്രാസ് പറഞ്ഞിട്ടുണ്ടാവും…

എന്താണേലും ഇക്കൊല്ലത്തെ നോമ്പ് കാലം മാമ്പഴക്കാലം കൂടിയായിരുന്നു…

അത്താഴത്തിന് ചോറിൻ്റെ കൂടെ മാങ്ങ… നോമ്പ് തൊറക്കുമ്പൊ മാംഗോ ഷെയ്ക്ക്…കഞ്ഞിക്ക് കൂട്ടാൻ പൂളുമ്പം പൂളുമ്പം ചൊമപ്പുള്ള മല്ലികൻ്റെ കഷണം….ഏതിനാ മധുരം കൂടുതലെന്ന് ചോയ്ച്ചാ കുടുങ്ങി പോകും. സിന്ദൂരത്തിനാന്ന് പറഞ്ഞാ അൽഫോൻസ തെറ്റും… അപ്പോ എനിക്കോന്ന് കാലാപാടി ചോയ്ക്കും…ഹിമാപസന്തും മല്ലികയും തമ്മിൽ തല്ലും….ആകെ മൊത്തം അടിപൊളി.. കൊറച്ച് ഞാനെൻ്റെ വീട്ടിലേക്ക് കൊടുത്തയച്ചു.. കൊറച്ച് ഇക്കാൻ്റെ പെങ്ങൾക്കും…പിന്നെ അയൽപക്കത്ത്… കൂടെ ജോലി ചെയ്യുന്നോർക്ക്… ഇക്കാൻ്റെ ഷോപ്പിലെ സ്റ്റാഫിന്…..

അങ്ങനെ അവസാനത്തെ മാങ്ങയും തീർന്ന് അരിച്ചെമ്പൊക്കെ ഒതുക്കി വച്ചപ്പോ വീട്ടീന്നൊരു ഫോൺ…..എൻ്റെ ഉമ്മയാണ്…

” മാങ്ങ തീർന്ന്ക്ക്ണോ… അതോ ഇനീം ബാക്കി ണ്ടോ…. “

അയ്ശ്….. പൊന്നാര മരുമോനെ കുറ്റം പറഞ്ഞ് കഥ എഴുതീന്നും പറഞ്ഞ് എന്നെ നോക്കി കണ്ണുരുട്ടിയ ഉമ്മയാണ്….

എന്താണേലും ഷെരീഫിക്കാ….. ഇത്രേം സന്തോഷോം പത്രാസും തന്നതിന് ഒരു പാട് നന്ദി.. ഇനി മാങ്ങ അയക്കുമ്പോ പെട്ടി മാണ്ട…. ചാക്കിലാക്കിക്കാളി ട്ടോ….?

Shabna shamsu❤️