രാഹുൽ തന്നെയും കാത്ത് പാർക്കിന് മുന്നിൽ നിൽക്കാമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്താണ്…

ആത്മബന്ധം

Story written by PRAVEEN CHANDRAN

അന്ന് പതിവില്ലാതെ അച്ഛൻ അവളെ ആ സ്കൂട്ടറിലിരിക്കാൻ ക്ഷണിച്ചപ്പോൾ അവളൊന്ന് അമ്പരന്നു..

അച്ഛനങ്ങനെ അവളെ ഇത് വരെ വിളിച്ചിട്ടില്ല.. ആ വിളിക്ക് വേണ്ടി അവൾ ഒരുപാട് കാതോർത്തിട്ടി രുന്നിട്ടുണ്ട് അവരുടെ അമ്മയോടുളള പ്രശ്നങ്ങളുടെ പേരിൽ വർഷങ്ങളായി അയാളവളുടെ അടുത്ത് അങ്ങനെ സംസാരിക്കുകപോലുമില്ലായിരുന്നു..

കോളേജിലേക്ക് സമയം വൈകി പോകുന്ന നേരത്തൊക്കെ പലപ്പോഴും അവളുടെ മനസ്സ് കൊതിച്ചിട്ടുണ്ട്..ഒരു തവണയെങ്കിലും അച്ഛനവളെ ആ സ്കൂട്ടറിന് പുറകിൽ കയറ്റിയെങ്കിൽ എന്ന്… ആ തോളത്ത് കൈവച്ച് കാഴ്ച്ചകൾ കണ്ട് അങ്ങനെ പോകാനവൾ കൊതിച്ചിട്ടുണ്ട്.. കോളേജിന് പടിക്കലിറക്കുമ്പോൾ കൂട്ടുകാരികളോട് അഭിമാനത്തോടെ പറയണം ഇത് എന്റെ അച്ഛനാണെന്ന്… അങ്ങനെ ഒരുപാട് മോഹങ്ങൾ അവൾ മനസ്സിൽ കൊണ്ട് നടന്നിരുന്നു..

പക്ഷെ മറ്റൊരു കാര്യമോർത്ത് അവളുടെ മനസ്സ് പിടയുന്നുണ്ടായിരുന്നു.. ഇന്ന് അവളുടെ കാമുകന്റെ ബർത്ത്ഡേ ആണ്.. അവനും കൂട്ടുകാരും ചേർന്ന് അവിടെ പാർട്ടി അറേജ് ചെയ്തിട്ടുണ്ട്.. കുറെ നാളത്തെ നിർബന്ധത്തിനൊടുവിലാണ് അവൾ പാർട്ടിക്ക് വരാമെന്ന് വാക്കുകൊടുത്തത്.

രാഹുൽ തന്നെയും കാത്ത് പാർക്കിന് മുന്നിൽ നിൽക്കാമെന്നാണ് പറഞ്ഞിരുന്നത്..ആ സമയത്താണ് അച്ഛന്റെ ഈ ക്ഷണം..

“വാ മോളേ.. വേഗം കയറ് ലേറ്റാവില്ലേ അല്ലേൽ”

മറ്റൊന്നും അവൾക്ക് ചിന്തിക്കാനില്ലായിരുന്നു.. എത്രയോ നാളുകളായി കൊതിക്കുന്നു.. ആ വിളിക്കായ്..

ആ യാത്രക്കിടയിൽ അയാളൊരുപാട് അവളോട് സംസാരിച്ചു.. അവളുടെ ചെറുപ്പകാലത്തെക്കുറിച്ചും അയാളുടെ ജോലിയെകുറിച്ചും..എല്ലാം കൗതുകത്തോടെ അവൾ കേട്ടിരുന്നു.. അച്ഛനെത്ര നന്നായി സംസാരിക്കുന്നുവെന്ന് അവൾക്ക് തോന്നി.. അമ്മയുമായി എന്താ പ്രശ്നമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അത് അച്ഛന് വിഷമമായാലോ എന്നു കരുതി അവൾ ചോദിച്ചില്ല..

അതിനിടയിൽ അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നത് അവളറിഞ്ഞതേയില്ല..

അച്ഛനിത്ര പാവമായിരുന്നോ എന്നവൾ ചിന്തിച്ചു.. ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്നവൾ കൊതിച്ചു.. ഏതോ ഒരു സ്വപ്നലോ കത്തായിരുന്നു അവൾ.. ഒരാണിന്റെ സ്നേഹം, കരുതൽ അത് അച്ഛനിൽ നിന്ന് കിട്ടാത്തതുകൊണ്ടാണ് താൻ രാഹുലുമായി ഇത്ര അടുത്തതെന്ന് അവൾക്ക് ബോധ്യമായി.. അതാലോചിച്ചതും അവളുടെ ഉളളിലൂടെ ഒരു കൊളളിയാൻ മിന്നി..

“മോളേ കോളേജെത്തി.. “

പെട്ടെന്ന് അവൾ ചിന്തയിൽ നിന്നും ഉണർന്നു..

കോളജിന്റെ ഗേറ്റിലെ ബോർഡ് കണ്ട് അയാള വളുടെ മുഖത്തേക്ക്..നോക്കി..

“ഇന്ന് ക്ലാസ്സില്ലേ മോളേ?”

അത് കേട്ടതും അവളൊന്ന് ഞെട്ടി.. അവളെക്കാണാഞ്ഞ് രാഹുൽ ബൈക്കുമെടുത്ത് കോളേജ് പടിക്കൽ തന്നെ നിന്നിരുന്നു.. അയാളെ കണ്ടതും അവൻ അങ്ങോട്ട് ശ്രദ്ധിക്കാത്ത ഭാവത്തിൽ നിന്നു.. അവന്റെ മുഖത്തെ അമർഷം അവൾക്ക് കാണാമായിരുന്നു..

“അറിയില്ല അച്ഛാ” ഒരു വിധത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.. അവളാകെ വിയർക്കാൻ തുടങ്ങി..

ഫോണിലേക്ക് നോക്കിയതും അവന്റെ അറുപത്തി രണ്ട് മിസ്സ്കോളുകൾ.. അത് കണ്ടതും അവൾക്ക് കൂടുതൽ ടെൻഷനായി..

അയാൾ സെക്യുരിറ്റിയോട് ചോദിക്കാൻ പോയ തക്കത്തിൽ അവൾ അവന് സോറി പറഞ്ഞ് മെസ്സേജ് അയച്ചു..

പക്ഷെ അവന്റെ മുഖം കൂടുതൽ ചുവന്നതേയു ളളൂ..

“വാ മോളേ.. പോകാം.. ഇന്ന് ക്ലാസ്സ് ഇല്ല.. ഇന്നലയേ എല്ലാവരേയും അറിയിച്ചിരുന്നതാണെന്നാണല്ലോ അയാൾ പറഞ്ഞത്”

“അറിയില്ലായിരുന്നു അച്ഛാ..” പകപ്പ് മറച്ചുവച്ചുകൊണ്ട് അവൾ പറഞ്ഞു..

“എന്തായാലും കയറ്.. ഞാൻ വീട്ടിൽ വിടാം”

“വേണ്ട അച്ഛാ..ഞാൻ ബസ്സിൽ പോയ്ക്കോളാം.. അച്ഛന് ജോലിക്ക് പോണ്ടേ” അവനെ ഇടക്കണ്ണിട്ട് നോക്കികൊണ്ട് അവൾ പറഞ്ഞു..

“അത് പ്രശ്നമില്ല മോളേ.. ഇന്ന് അച്ഛന് ഓഫ് ഡേ ആണ്.. നമുക്ക് ഇന്ന് ഒന്ന് കറങ്ങാം”

അവളെവന്റെ മുഖത്തേക്കൊന്ന് നോക്കി.. വിഷാദഭാവമായിരുന്നു ആ മുഖത്ത്.. അമ്മയില്ലാത്ത അവന് അവളായിരുന്നു എല്ലാം..ഇന്ന് ബെർത്ത് ഡേക്ക് കഫേയിൽ ഒരു കേക്ക് കട്ടിംഗ് പ്ലാൻ ചെയ്തിരുന്നു കൂട്ടുകാരൊക്കെ കൂടെ.. പിന്നെ അവനുമൊപ്പം പാർക്കിനു ചുറ്റും ഒരു റൈഡ് അത്രയേ അവനാശിച്ചിരുന്നുളളൂ..

“കയറ് മോളൂ..” അച്ഛന്റെ ആ വിളിക്ക് മാധുര്യം ഏറെയുണ്ടെന്ന് അവൾക്ക് തോന്നി..

ദയനീയമായി അവന്റെ മുഖത്തേക്കൊന്ന് നോക്കി അവൾ അയാളുടെ പുറകിൽ കയറി…

വിട്ടുകൊടുക്കാൻ അവന് ഭാവമില്ലാടന്നു.. ബൈക്കുമടുത്ത് അവനും പിന്നാലെ പാഞ്ഞു..

അയാളവളോട് സംസാരം തുടർന്നുകൊണ്ടേയി രുന്നു.. അവൾക്ക് പക്ഷെ പിന്നിൽ വരുന്ന അവനിലായിരുന്നു ശ്രദ്ധ..

അയാളവളെ ആദ്യം കൊണ്ട് പോയത് ഒരു ഐസ് ക്രീം പാർലറിലേക്കാടന്നു.. ഒന്നുമറിയാത്തത് പോലെ അവനും പിന്നാലെ കൂടി..

അതിന് ശേഷം അവർ പോയത് സിനിമയ്ക്കാണ്..അവിടന്ന് ഫുഡ്മാർട്ട്, ഷോപ്പിംഗ് അങ്ങനെ അവൾക്കിഷ്ടമുളളതൊക്കെ അയാൾ സാധിച്ച് കൊടുത്തുകൊണ്ടിരുന്നു..ഓരോ നിമിഷവും അവൾ ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു.. അച്ഛന് തന്റെ ഇഷ്ടങ്ങളൊക്കെ എങ്ങനെ അറിയാമെന്നോർത്ത് അവളത്ഭുതപെട്ടു..

രാഹുലിന് ആദ്യം ദേഷ്യം വന്നെങ്കിലും പിന്നീട് അവൻ അത് അസ്വദിക്കാൻ തുടങ്ങി.. അവനോട് അവളെല്ലാം പറഞ്ഞിരുന്നു.. ആ അച്ഛൻ അവളെ സ്നേഹിക്കുന്നത് അവൻ കൗതുകത്തോടെ നോക്കികണ്ടു.. അവൾ എത്ര സന്തോഷവതിയാണെന്ന് അവനറിയാൻ പറ്റി..

“പോകാം അച്ഛാ ഇനി..” അവൾ പറഞ്ഞത് കേട്ട് അയാളുടെ കണ്ണ് നിറഞ്ഞിരുന്നു..

അതെന്തിനാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.എത്രയോ തവണ ഇന്ന് തന്റെ കണ്ണു നിറഞ്ഞത് അതുകൊണ്ട് തന്നെയല്ലേ..

വൈകീട്ട് വീടിന് മുന്നിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ അവളുടെ കണ്ണുകൾ പരതി.. അത്രയും നേരം ക്ഷമയൊടെ തങ്ങളെ പിൻതുടർന്ന അവനെ..

അകലെ ബൈക്ക് ചാരിവച്ച് അവൻ നിൽക്കുന്നുണ്ട്..

വാതുക്കൽ തന്നെ അമ്മയും മുഖം വീർപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു.. അമ്മയുടെ കോളുകൾക്ക് മറുപടി കൊടുക്കാത്തതിലുളള ദേഷ്യമായിരുന്നു ആ മുഖത്ത്…

കാര്യങ്ങൾ പറഞ്ഞതും അവർക്കും അതിശയമായി.. ആ മനസ്സിലും അച്ഛനോട് സ്നേഹം മാത്രമേയുളളൂ എന്ന് അവളന്ന് മനസ്സിലാക്കി..

റൂമിലെത്തിയതും അവൾ മൊബൈൽ പുറത്തെടുത്തു..

“താങ്ക്സ് രാഹുൽ & സോറി” അവൾ മെസ്സേജ് അയച്ചു..

പെട്ടെന്ന് തന്നെ അവന്റെ മറുപടി വന്നു..

“താങ്ക്സ് പറയേണ്ടത് നിന്റെ അച്ഛനോടാണ്.. നിന്നെ എങ്ങനെ സ്നേഹിക്കണമെന്ന് എനിക്ക് കാണിച്ച് തന്നതിന്..നീ ഭാഗ്യവതിയാണ്..”

അത് കേട്ടതും അവൾക്ക് സന്തോഷമായി..

“രാഹുൽ ആരോ വരുന്നുണ്ട്.. ഞാൻ പിന്നെ വരാം”.. അവൾ ആ മെസ്സേജ് അയച്ചതും അയാൾ റുമിലേക്ക് കയറി വന്നു ..

പതിവില്ലാതെ അച്ഛനെ കണ്ട അവൾ അത്ഭുതപെട്ടു..

“മോളു കിടന്നോ?”

“ഇല്ല അച്ഛാ” അവൾ ആകാംക്ഷയോടെ അയാളു ടെ മുഖത്തേക്ക് നോക്കി..

“ഒന്നൂല മോളേ.. പിന്നെ ഇന്ന് നമ്മളെ പിൻതുടർന്ന ആ പയ്യനോട് നന്നായി പഠിച്ച് ഒരു ജോലി കണ്ടെത്തി എന്നെ വന്ന് ഒന്ന് കാണാൻ പറയ്”

അത് പ്രതീക്ഷിക്കാതിരുന്നതിനാലാവാം അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു..

~ പ്രവീൺ ചന്ദ്രൻ