കാലത്തെയും വൈകിട്ടത്തെയും രണ്ട് മണിക്കൂർ നീളുന്ന ബസ് യാത്രയിൽ സ്ഥിരമായി കിട്ടുന്ന സൈഡ് സീറ്റിലിരുന്ന്…

അയാളറിയാതെ… ?

Story written by Athira Sivadas

എന്നത്തേയും പോലെ ബസിൽ കയറി ആദ്യം തിരഞ്ഞത് അയാളുടെ മുഖമായിരുന്നു. പതിവായി ഇരിക്കാറുണ്ടായിരുന്ന സീറ്റിൽ ഇന്ന് അയാൾക്ക് പകരം മാറ്റാരോ ഇടം പിടിച്ചിരിക്കുന്നു. എങ്കിലും അയാളെ തിരഞ്ഞുകൊണ്ട് കണ്ണുകൾ ഒരു മുഖത്തിൽ നിന്നും മറ്റൊരു മുഖത്തിലേക്ക് പ്രതീക്ഷയോടെ പരതിക്കൊണ്ടിരുന്നു.

ആരാണെന്ന് പോലുമറിയാത്ത ആ മനുഷ്യന്റെ അഭാവം എന്റെ മനസ്സിൽ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ശൂന്യത സൃഷ്ടിച്ചതോർത്തു എനിക്കു തന്നെ അത്ഭുതം തോന്നി.

അപരിചിതരായ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു എനിക്കാ നഗരത്തിൽ. ഇതുവരെ ഒന്ന് മുഖത്തോട് മുഖം നോക്കുകയോ പുഞ്ചിരിക്കുകയോ കൂടി ചെയ്തിട്ടില്ലാത്ത അപരിചിതരായ ഒരുപാട് സുഹൃത്തുക്കൾ. അത്പോലെ ഒരാൾ മാത്രമായിരുന്നു എനിക്കയാളും.

കാഴ്ചയിൽ ഗൗരവക്കാരനെന്ന് തോന്നിക്കുമെങ്കിലും കട്ടിയേറിയ പുരികവും കറുത്ത മീശയും ആ മുഖത്തിന്‌ വല്ലാത്തൊരു ഭംഗി നൽകുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് ചിരിച്ചു കണ്ടപ്പോൾ ട്രിം ചെയ്ത് നിർത്തിയിരുന്ന താടി രോമങ്ങൾക്കിടയിലുള്ള നുണക്കുഴികളും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.

കാലത്തെയും വൈകിട്ടത്തെയും രണ്ട് മണിക്കൂർ നീളുന്ന ബസ് യാത്രയിൽ സ്ഥിരമായി കിട്ടുന്ന സൈഡ് സീറ്റിലിരുന്ന് ഹെഡ്ഫോൺ വച്ചു പാട്ടും കേട്ട് പുറം കാഴ്ചകളും കണ്ടിരിക്കുന്ന ഞാൻ എപ്പോൾ മുതലാണ് അയാളെ ശ്രദ്ധിച്ചു തുടങ്ങിയത്.

ആദ്യമൊന്നും അങ്ങനെയൊരാൾ ആ ബസിൽ ഉണ്ടായിരുന്നത് പോലും ഞാനറിഞ്ഞിരുന്നില്ല. ഒരു ദിവസം ബസ് തടഞ്ഞു ആരൊക്കെയോ ഡ്രൈവർക്ക് നേരെ കയ്യോങ്ങുമ്പോൾ ഉയർന്ന കയ്യിൽ മുറുകെ പിടിച്ച അയാളുടെ മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു.

ഡ്രൈവർക്ക് നേരെ കയർത്തു സംസാരിച്ചവരോട് അനുനയിപ്പിക്കാനെന്നോണം അയാൾ എന്തൊക്കെയോ പറയുന്നത് കണ്ടു. പ്രശ്നം തീർത്തു ഡ്രൈവറുടെ തോളിലൊന്നു തട്ടി തിരികെ സീറ്റിൽ വന്നിരുന്ന അയാളിലായിരുന്നു ബസിൽ ഉണ്ടായിരുന്ന ബാക്കി യാത്രക്കാരുടെയൊക്കെ കണ്ണുകൾ.

കോളേജ് എത്താൻ ലേറ്റ് ആകുമോ എന്ന് ഭയന്ന എനിക്ക് നന്ദിഎന്നോണം അയാളെ ഒന്ന് നോക്കി ചിരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അയാളുടെ നോട്ടം എന്നിലേക്കെന്നല്ല ബസിൽ അയാളെ തന്നെ നോക്കിയിരുന്ന ആരിലേക്കും എത്തിയില്ല.

പിന്നീട് പുറം കാഴ്ചകളും നോക്കിയിരിക്കുന്ന അയാളെ ഞാനെന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്കായാളോടുള്ള പരിചയം.

പക്ഷേ ഇന്നിപ്പോൾ എന്തിനാണ് അയാളെ കാണാതെ വന്നപ്പോൾ മുതൽ ഹൃദയം മുറവിളി കൂട്ടുന്നത്. അനുവാദാമില്ലാതെ കണ്ണുകൾ പിൻസീറ്റിലേക്ക് ചലിക്കുന്നത്. ആദ്യമായിരുന്നു അത്തരം ഒരനുഭവം.

സ്ഥിരമായി കാണുന്ന ഒരുപാട് പേരിൽ ഒരാൾ മാത്രമായ അയാളെ കാണാതെ ആയപ്പോൾ മുതൽ ആ ബസ് യാത്ര തന്നെ ആരോചകമായി തോന്നി. അന്നത്തെ പുറം കാഴ്ചകളൊന്നും ഞാൻ കണ്ടതെയില്ല. ഒരുപക്ഷെ കണ്ടിട്ടുണ്ടാവും. ചുറ്റുപാടിനെ വിസ്മരിച്ചു ആ ഒരാളെ പറ്റി ചിന്തിച്ചിരുന്നത് കൊണ്ട് മറ്റൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ലെന്ന് മാത്രം.

കാണുമ്പോൾ ദിവസവും ബസിലിരുന്ന് ഒന്ന് കൈ കൂപ്പി തൊഴാറുണ്ടായിരുന്ന ശിവക്ഷേത്രമോ… വഴിയരികിൽ പടർന്നു പന്തലിച്ചു നിന്നിരുന്ന വകയോ… വാടി നിൽക്കുന്ന ആമ്പൽ മുട്ടുകളുള്ള കുളമോ ഒന്നും അന്നത്തെ യാത്രയിൽ ഞാൻ കാണാതെ പോയി.

മനസ്സിൽ പേര് പോലുമറിയാത്ത ആ ഒരാളുടെ മുഖം മാത്രം അങ്ങനെ നിറഞ്ഞു നിന്നു. അയാളുടെ ഓരോ ചലനങ്ങൾ പോലും വളരെ മനോഹരമായി ഇത്ര നാളും എന്റെ കണ്ണുകൾ ഒപ്പിയെടുത്തിരുന്നുവെന്ന് അറിഞ്ഞത് ഓർമ്മയിലേക്ക് അയാളുടെ മുഖം ഇടതടവില്ലാതെ കടന്നു വരുമ്പോഴായിരുന്നു.

യാത്ര അവസാനിച്ചു സ്റ്റോപ്പ്‌ എത്തി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന ആളെ ഫ്രണ്ട് മിററിലൂടെ കണ്ടത്.

വല്ലാത്തൊരാനന്ദമായിരുന്നു അപ്പോൾ… അത്രയും നേരം കൊതിച്ചത് കണ്ടെത്തിയ സന്തോഷത്തിൽ മനസ്സ് തുള്ളിചാടുമ്പോൾ സ്റ്റോപ്പിൽ ഇറങ്ങാതെ നിൽക്കുന്ന എന്റെ നേർക്കാണ് കണ്ടക്ടറുടെയും മറ്റുള്ളവരുടെയും കണ്ണുകളെന്ന് ഞാനറിഞ്ഞില്ല.

സ്ഥലകാലബോധം വന്നപ്പോൾ ഒരു ചമ്മലോടെയാണ് ഞാൻ ബസിൽ നിന്നുമിറങ്ങിയത്. വല്ലാത്തൊരു സന്തോഷമായിരുന്നു പിന്നീട്…എങ്കിലും അത്ര നേരവും അയാളാ ബസിൽ ഉണ്ടായിരുന്നത് അറിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ എന്തെന്നില്ലാത്തൊരു നിരാശയും തോന്നി

പിന്നീട് പല തവണ അയാളെ ഡ്രൈവിങ് സീറ്റിൽ കണ്ടിരുന്നു. ഒരു പരിചയവുമില്ലാത്തൊരപരിചിതനോട് തോന്നുന്ന പേരറിയാത്ത വികാരം… അതിനെ എന്ത് പേരിട്ടു വിളിക്കണമെന്നറിയാത്ത വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു അയാളെ ഓരോ തവണ കാണുമ്പോഴും ഞാൻ.

അയാളില്ലാതിരുന്ന ഒരു ദിവസം അയാളെ ഓർത്ത് ബസ് ഇറങ്ങുമ്പോഴായിരുന്നു കാൽ വഴുതി ഞാൻ റോഡിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിലോ പെട്ടന്നുണ്ടായ പേടി കൊണ്ടോ ബോധം മറയാൻ തുടങ്ങിയിരുന്നു. ആരുടെയൊക്കെയോ ശബ്ദം കാതിലേക്ക് ഒരു മൂളൽ പോലെ വന്നു വീഴുന്നുണ്ടായിരുന്നു. മുൻപിലെ കാഴ്ച മറയുംപോഴും കണ്ണുകൾ ആ മുഖം പരതുന്ന തിരക്കിലായിരുന്നു.

മരുന്നിന്റെയും ലോഷന്റെയും മണമുള്ള ഹൊസ്പിറ്റൽ മുറിയിൽ കണ്ണു തുറക്കുമ്പോൾ തലയ്ക്കു വല്ലാത്ത ഭാരം തോന്നുന്നുണ്ടായിരുന്നു. ഇടത് സൈഡിലെ സ്റ്റൂളിലിരുന്ന് ആരോടോ ഫോണിൽ സംസാരിക്കുന്ന ആളിലേക്കാണ് പിന്നെ കണ്ണുകൾ നീണ്ടത്.

എന്തോ നേടിയെടുത്ത സന്തോഷമായിരുന്നു അപ്പോൾ. പേരറിയാത്ത ആ മനുഷ്യൻ എന്നോടൊപ്പം… അയാൾ എന്തിന്… എങ്ങനെ… എന്നൊക്കെ ആലോചിച്ച് അയാളെ തന്നെ നോക്കി കിടക്കുമ്പോൾ സംസാരിക്കുന്നതിനിടയിൽ ആ കണ്ണുകൾ എന്നിലേക്കും നീളുന്നുണ്ടായിരുന്നു.

“വീണിട്ട് ചിരിക്കുന്ന ആളെ ആദ്യായിട്ടാ കാണുന്നത്” ആ ചോദ്യമായിരുന്നു എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. ചിരിച്ചിരുന്നോ ഞാൻ… മനസ്സിലെ സന്തോഷം മുഖത്തും പ്രതിഫലിച്ചതായിരിക്കണം.

“കാലത്ത് ഒന്നും കഴിച്ചിരുന്നില്ലേ… ഫുഡ്‌ വല്ലതും വാങ്ങിട്ട് വരട്ടെ…” മുട്ടിനു മുകളിലായി പാന്റിലൊന്ന് പിടിച്ചു അൽപ്പം മുകളിലേക്ക് വലിച്ച് സ്ടൂളിലേക്ക് ഇരുന്നുകൊണ്ടാണ് ചോദ്യം.

“എയ് വേണ്ട… ഞാൻ കഴിച്ചിരുന്നു.”

“പിന്നെന്താ വീഴാൻ..”

“കാല് തെറ്റിയതാണ്.”

ഒരു ചിരിയോടെയായിരുന്നു അയാളുടെ ചോദ്യങ്ങളൊക്കെയും… ഇയാൾക്ക് ചിരിക്കാൻ അറിയുമോന്ന് ഞാൻ കൗതുകത്തോടെ ഓർത്തു. കാരണം ഗൗരവത്തോടെയുള്ള നോട്ടങ്ങൾക്കൾപ്പുറം മറ്റൊരു ഭാവവും ആ മുഖത്ത് ഞാനിത് വരെ കണ്ടിരുന്നില്ല.

“ആരാ എന്നെ ഇവിടെ എത്തിച്ചത്. നിങ്ങളാണോ…?”

“അതെ.”

“അതെങ്ങനെ. ഇന്ന് ബസിൽ നിങ്ങൾ ഉണ്ടായിരുന്നില്ലല്ലോ… പിന്നെങ്ങനെ…?”

നെറ്റിചുളിച്ചു പുരികവും പൊക്കിയുള്ള അയാളുടെ നോട്ടം കണ്ടപ്പോഴാണ് എന്റെ ചോദ്യത്തിലെ വശപ്പിശകിനെക്കുറിച്ച് ആലോചിച്ചത്.

” രവിയേട്ടൻ… അതായത് ബസിലെ ഡ്രൈവർ എന്നെ വിളിച്ചിരുന്നു. ഞാനവിടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അത്കൊണ്ട് പെട്ടന്ന് ഓടി വന്നു.”

“അതെന്താ നിങ്ങളെ വിളിക്കാൻ നിങ്ങളെന്താ ബസിലെ ഗുണ്ടയാ?? ഒരു ദിവസം ആരോടോ ഗുണ്ടായിസം കാണിക്കുന്നത് കണ്ടല്ലോ.” എന്റെ ചോദ്യം അശേഷം പിടിച്ചില്ലെന്ന് തോന്നി.

പുരികം പൊക്കിയൊന്ന് നോക്കി എന്തോ പിറുപിറുക്കുന്നത് കണ്ടു.

ഡ്രിപ്പ് തീർന്നുടനെ ഡോക്ടർ വന്നിരുന്നു. എന്തൊക്കെയോ സംസാരിച്ചതും ഡിസ്ചാർജ് എഴുതി കൊടുത്തതും അയാളുടെ കയ്യിൽ ആയിരുന്നു.

പിന്നെയെന്തോ ചോദ്യങ്ങളൊന്നും ചോദിക്കാൻ തോന്നിയിരുന്നില്ല. പാർക്കിങ് ഏരിയയിൽ കിടന്ന ബ്ലാക്ക് കളർ ബെൻസിന്റെ അരികിലേക്ക് ആയിരുന്നു എന്നേക്കൂട്ടി പോയത്.

“നിങ്ങളുടെ കാർ ആണോ ഇത്…?”

“അല്ലെങ്കിൽ മാഡം വരില്ലെന്നുണ്ടോ”

“നിങ്ങളുടെ പേരെന്താ…”

“എനിക്ക് പേരില്ല”

“അല്ല ഈ നിങ്ങൾ താൻ എന്നൊന്നും വിളിക്കണ്ടല്ലോ…”

കനപ്പിച്ചോന്ന് നോക്കിയിട്ട് അലസതയോടെ “ആദിശങ്കർ” എന്ന് പറഞ്ഞിട്ട് കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി.

“ഗുണ്ടയാണോന്ന് ചോദിച്ചത് കൊണ്ടാണോ ഈ ഗൗരവം. അത് പിന്നെ ആ ബസ് തടഞ്ഞവരോട് കയർത്തു സംസാരിക്കുന്നതൊക്കെ കണ്ടത് കൊണ്ട് ചോദിച്ചതാണ്” അത് കേട്ടൊന്ന് ചിരിക്കുന്നത് കണ്ടു.

“ബസ് തടഞ്ഞത് അന്ന് ആ ഡ്രൈവറെ കൈ വെക്കാൻ വേണ്ടിയാണ്. അന്നന്നത്തെ അന്നത്തിനുള്ളത് അവരൊക്കെ ഉണ്ടാക്കുന്നത് ഈ ജോലി ചെയ്താണ്‌…അവരെ തല്ലാൻ പിടിച്ചാൽ ചോദിക്കണ്ടേ.”

“എന്തിനാ തല്ലാൻ വന്നത്”

“അതിപ്പോൾ എനിക്കെന്‍ അറിയാം. ഡ്രൈവർ ആയിട്ടുള്ള പ്രശ്നത്തിന് ആ ബസിൽ ഉള്ളവരെയൊക്കെ ബുദ്ധിമുട്ടിക്കണോ എന്ന് മാത്രേ ഞാൻ ചോദിച്ചുള്ളൂ. എന്തൊക്കെ അറിയണം. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട. സ്റ്റാൻഡിൽ ഇറക്കും. അവിടുന്ന് ബസൊ ഓട്ടോയോ പിടിച്ചു എവിടാന്ന് വച്ചാൽ പൊക്കോണം.”

അത് കേട്ട് കുറച്ചു നേരം ഞാൻ മിണ്ടാത്തെ ഇരുന്നെങ്കിലും അധികസമയം അതിന് കഴിഞ്ഞില്ല.

“ഇടയ്ക്കൊക്കെ ബസ് ഓടിക്കുന്നത് കണ്ടല്ലോ.”

“അതെന്നെന്താ ഞാൻ ഓടിച്ചാൽ ബസ് ഓടില്ലേ…”

“അല്ല ഈ കാർ നിങ്ങളുടെത് ആണെങ്കിൽ നിങ്ങൾ ബസ് ഡ്രൈവർ ആവേണ്ട കാര്യം ഒന്നും ഇല്ലായിരിക്കുമല്ലോ.” അത് കേട്ട് കൂർപ്പിച്ചൊന്ന് നോക്കി.

“അന്ന് ഡ്രൈവർക്ക് വരാൻ പറ്റില്ലായിരുന്നു. അപ്പോൾ പിന്നെ എനിക്ക് തന്നെ ഒരു ദിവസം ഡ്രൈവർ ആകേണ്ടി വന്നു.”

“അതെന്താ നിങ്ങളാണോ ആ ബസിന്റെ ഓണർ”

“അല്ല എന്റെ അപ്പനാ” ആ പറച്ചിലിന്റെ ഫോഴ്സ് കണ്ടപ്പോൾ വിചാരിച്ചത് എന്റെ അപ്പന് പറയാൻ ആയിരിക്കുമെന്നാ.

“ശെരിക്കും…”

“മ്മ്…”

“പിന്നെന്താ എന്നും ബസിൽ യാത്ര ചെയ്യുന്നേ.. നിങ്ങൾക്ക് കാറിൽ പോയാൽ പോരെ”

“ശ്ശെടാ ഇതിനെക്കൊണ്ടിത് വല്യ ശല്യമായല്ലോ. എനിക്ക് ബസ് യാത്ര ആണിഷ്ടം.”

“ഓ അപ്പോൾ നിങ്ങളുടെ ബസിൽ നിന്ന് വീണ് എനിക്കെന്തെങ്കിലും പറ്റി പൊല്ലാപ്പാവൊന്ന് വച്ചിട്ടാണല്ലേ ഹൊസ്പിറ്റലിൽ എത്തിച്ചത്. ഞാൻ വിചാരിച്ചു പരോപകാരി ആണെന്ന്”

ഒന്നും രണ്ടും പറഞ്ഞവസാനം എന്നെ ബസ് സ്റ്റാൻഡിൽ കൊണ്ടിറക്കുമ്പോൾ അയാളുടെ മുഖത്ത് ഞാനൊരാശ്വാസം കണ്ടിരുന്നു.

അപരിചിതനായ ഒരാളോട് ആദ്യമായാണ് ഞാനിത്രയധികം സംസാരിക്കുന്നതെന്ന കാര്യമോർത്തപ്പോൾ എനിക്ക് തന്നെ ആശ്ചര്യം തോന്നി.

ഇന്നലെ വരെ ഒന്നും അറിയാതിരുന്ന അയാളെക്കുറിച്ച് എനിക്കിപ്പോൾ എന്തൊക്കെയോ അറിയാമെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു ഒരാനന്തം.

പിന്നെയും പതിവ് പോലെ അയാളെ ബസിൽ കാണാറുണ്ടായിരുന്നു. എന്നെ കാണുമ്പോഴൊക്കെ ഒരു പുരികം പൊക്കി മുഖത്തു സ്ഥായിയായി ഗൗരവം ഫിറ്റ്‌ ചെയ്ത് പുറം കാഴ്ചകളിലേക്ക് നോക്കിയിരിക്കും. അയാളുടെ നോട്ടങ്ങളും ഭാവങ്ങളുമൊക്കെ അയാൾ പോലും അറിയാതെ അപ്പോഴും ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം അയാളെ കണ്ടിരുന്നില്ല.കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും പഴയ സീറ്റിൽ അയാളെ കണ്ടു തുടങ്ങുമ്പോൾ മുഖത്ത് എന്തൊക്കെയോ പുതിയ ഭാവങ്ങൾ വന്നത് പോലെ.

“എന്താണ് കുഞ്ഞേ…. പുതുപ്പെണ്ണ് എന്ത് പറയുന്നു. കല്യാണവും ആഘോഷങ്ങളും ഒക്കെ കഴിഞ്ഞ് ഇന്നാണോ ജോലിക്ക് പോകാൻ തുടങ്ങിയത്….”

കണ്ടക്ടറുടെ ചോദ്യത്തിന് ഒന്ന് ചിരിച്ചു കൊണ്ട് അതെയെന്ന് മറുപടി പറഞ്ഞ് വീണ്ടും അയാൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു.

വല്ലാത്തൊരു വീർപ്പുമുട്ടലോടെയായിരുന്നു പിന്നീടുള്ള ഓരോ നിമിഷങ്ങളും ഞാൻ തള്ളി നീക്കിയത്. ഹൃദയം കൊണ്ടെഴുതിയ പ്രണയലേഖനത്തിൽ മഷി പടർന്നു അക്ഷരങ്ങളൊക്കെ മാഞ്ഞു പോവും പോലെ… അതും ചുരുട്ടിപ്പിടിച്ചു ഇരുട്ട് നിറഞ്ഞ ഇടനാഴിയിലൂടെ ഓടുന്ന പെൺകുട്ടിയ്ക്ക് മുൻപിലൂടെ അവൾക്ക് പ്രിയപ്പെട്ടവരാരോ മറ്റൊരാളെ ചേർത്ത് പിടിച്ചു നിൽക്കുന്ന രൂപം മനസ്സിൽ തെളിഞ്ഞു.

ബസിറങ്ങും മുൻപ് ചിരിയോടെ ആ കണ്ണുകൾ എന്റെ നേർക്ക് വന്നിരുന്നെന്ന് തോന്നി. പക്ഷേ പതിവ് പോലെ ഞാൻ അവ ആസ്വദിച്ചിരുന്നില്ല.

പിന്നെയും അതെ ബസിൽ അതെ സീറ്റിൽ ഒരു ചിരിയോടെ പുറം കാഴ്ചകളും നോക്കി ഇരിക്കുന്ന അയാളെ ഞാൻ കാണാറുണ്ടായിരുന്നു.

ബസ് സ്റ്റോപ്പിൽ നിൽക്കുന്ന എനിക്ക് നേരെ അയാളുടെ കണ്ണുകൾ സംശയത്തോടെ നീളും. ബസ് മുന്നോട്ട് നീങ്ങും വരെയാ നോട്ടത്തെ അവഗണിച്ചു നിന്ന് ഒടുവിൽ അത് പോയ വഴിയിലേക്ക് ഞാൻ നഷ്ടബോധത്തോടെ നോക്കി നിൽക്കും. ആരുമല്ലാതിരുന്ന ഒരാളുടെ നഷ്ടത്തിൽ വേദനിക്കുന്ന മനസ്സൊടെ…

എപ്പോഴോ അയാളുടെ നോട്ടങ്ങൾ എന്നിലേക്ക് വീഴുന്നതും ഞാൻ അത് അവഗണിക്കുന്നതും ഒരു പതിവായി. പരിചയഭാവത്തോടെയുള്ള ചിരി എന്റെ ചുണ്ടുകളിൽ ഇല്ലാത്തതാവാം അയാളുടെ മുഖത്തെ സംശയത്തിന് കാരണം.

പരിഭവമായിരുന്നില്ല എനിക്കയാളോട്… എന്തോ ഒരു കാന്തിക ശക്തിയാൽ അയാളിലേക്ക് അടുക്കാൻ വെമ്പുന്ന മനസ്സിനെ പിടിച്ചു കെട്ടുന്നതിന്റെ ഭാഗമായായിരുന്നു അവഗണനകളോരോന്നും.

സ്ഥിരം ബസിൽ പെട്ടെന്നൊരു ദിവസം അയാളെ കാണാതെ ആയപ്പോൾ വേദനയോടെ ഞാനൊന്ന് ആശ്വസിച്ചിരുന്നു… ഇനി ഒരിക്കലും കാണാനാവരുതേ എന്ന് ആഗ്രഹിച്ചിരുന്നു.

ജീവിതം പിന്നെയും പഴയത് പോലെയായി തുടങ്ങി… അയാളുടെ അഭാവം എന്നെ ബാധിക്കുന്നില്ലെന്ന് നടിച്ചു.

യാത്ര വീണ്ടും പഴയ ബസിൽ തന്നെയായി തുടങ്ങിയപ്പോൾ അയാളിരിക്കാറുണ്ടായിരുന്ന സീറ്റിലേക്ക് വെറുതെ കണ്ണുകൾ പായിക്കും. പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുന്നയാളെ അയാളായി സങ്കൽപ്പിക്കും.

നാളെ മുതൽ ബസ് ഉണ്ടാവില്ലെന്ന് കണ്ടക്ടർ പറഞ്ഞപ്പോഴാണ് സംശയത്തോടെ അയാളോട് കാര്യം തിരക്കിയത്.

“ബസിന്റെ കാര്യങ്ങൾ നോക്കി നടത്താൻ ആളില്ല കുട്ടി. അത്കൊണ്ട് ഇത് അവര് വിൽക്കുവാ…” അയാളുടെ മറുപടി കേട്ട് ബസ് ഇറങ്ങുമ്പോൾ വീണ്ടും ആരൊക്കെയോ അയാളോട് ചോദ്യങ്ങൾ ചോദിക്കുന്നത് കേട്ടു.

“ഇതിന്റെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തിയിരുന്നത് മുതലാളിടെ ഇളയ മകനാണ്. ആ കൊച്ചൻ മൂന്നാലു മാസം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു. മൂത്ത കൊച്ചന്റെ കല്യാണം അതിന് കുറച്ചു നാൾ മുൻപ് ആയിരുന്നു… അത് കല്യാണം കഴിഞ്ഞ് ഭാര്യയെയും കൊണ്ട് പുറത്ത് എവിടെയോ ആണ്. മുതലാളിക്ക് തന്നെ ഇതെല്ലാം കൂടെ നോക്കി നടത്താൻ വയ്യ”

കണ്ടക്ടർ പറഞ്ഞത് കേട്ട് പലരും ബസിലെ സ്ഥിരം യാത്രക്കാരനായിരുന്ന ആ പയ്യനെ പറ്റി എന്തൊക്കെയോ പറഞ്ഞു നെടുവീർപ്പിടുന്നത് കേട്ടിരുന്നു.

അവഗണനയോടെ നിൽക്കുന്ന എനിക്ക് നേരെ നീളുന്ന നിഷ്കളങ്കമായ നോട്ടങ്ങളെ ഓർമ്മ വന്നു. ആ കണ്ണിലെ പേരറിയാത്ത ഭാവത്തെ ഓർത്തുകൊണ്ട് ഞാൻ വേഗത്തിൽ മുന്നോട്ട് നടന്നു.

ഒന്നും അയാളറിഞ്ഞിരുന്നില്ല… വീണ്ടും വീണ്ടും ആ മരണവാർത്ത കാതുകളിൽ അലയടിക്കവേ ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു…

അതെ അയാളെ ഞാൻ സ്നേഹിച്ചിരുന്നു… അയാളറിയാതെ…

അവസാനിച്ചു….

ആതിര?