തന്റെ മനസ്സ് വിഷമിക്കാതിരിക്കാൻ സ്വന്തം വിഷമം മനസ്സിൽ ഒതുക്കി സന്തോഷം അഭിനയിക്കുകയാണോ എന്ന് പോലും…

എഴുത്ത്: മഹാ ദേവൻ

” ഹരിയേട്ടൻ വേറെ ഒരു കല്യാണം കഴിക്കണം. ഒരിക്കലും ഹരിയേട്ടന്റ ആഗ്രഹം പോലെ ഒരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയില്ല. അതിനുള്ള കഴിവ് ദൈവം എനിക്ക് തന്നില്ല. പക്ഷേ, അതിന്റ പേരിൽ ഒരിക്കലും ഹരിയേട്ടന്റ ആഗ്രഹങ്ങൾ മുരടിച്ചു പോകരുത്. ഒരു അച്ഛനാകാൻ ഏട്ടൻ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് എനിക്ക് അറിയാം. ഞാൻ കാരണം…….ഇല്ല ഹരിയേട്ടാ….ഞാൻ സന്തോഷത്തോടെ ആണ് ഈ പറയുന്നത്. ഒരു കുഞ്ഞ്… ! സ്വപ്നം….. !

എല്ലാം എനിക്ക് അന്യമാണെന്ന് ബോധ്യമുള്ളപ്പോൾ അതിലേക്ക് ഹരിയേട്ടനെ കൂടി….”

അന്ന് ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ അവനരികിൽ ഇരിക്കുമ്പോൾ മനസ്സിൽ എപ്പഴോ സ്വാരുകൂട്ടിവെച്ച വാക്കുകൾ ആയിരുന്നു അവനു മുന്നിൽ ഭാമ അവതരിപ്പിച്ചത്.

ഒരുപാട് ചികിത്സകൾക്ക് ശേഷം എല്ലാം വെറുതെ ആണെന്ന് തിരിച്ചറിയുമ്പോൾ അമ്മയാകാൻ കൊതിച്ച ഒരു പെണ്ണിന്റ മനസ്സായിരുന്നു അവിടെ തകർന്നടിഞ്ഞത്. അതോടൊപ്പം അവളെ വല്ലാതെ വിഷമിപ്പിച്ചത് ഹരിയുടെ അവസ്ഥയായിരുന്നു.

വിവാഹം കഴിഞ്ഞ കാലം മുതൽ പറയുന്ന വാക്കായിരുന്നു കുഞ്ഞ്. ഓരോ രാത്രിയും വിയർപ്പ്മണം തിങ്ങിയ ബെഡിൽ ഇരുണ്ട പ്രാകാശത്തിൽ പുണർന്നു കിടക്കുമ്പോൾ കുഞ്ഞെന്ന സ്വപ്നത്തിന് ആയിരം നാവായിരുന്നു ഹരിയിൽ. ഇടക്കൊക്കെ വാശി പിടിക്കാറുണ്ട് ” നിന്നെ പോലെ ഒരു പെണ്കുഞ്ഞു മതി ” എന്നും പറഞ്ഞ്. പക്ഷേ, എല്ലാം വെറും സ്വപ്നം മാത്രമായി അവശേഷിക്കുമ്പോൾ അവൾക്ക് അറിയാമായിരുന്നു ഈ അവസ്ഥയിൽ തന്നെക്കാൾ കൂടുതൽ തകർന്നു പോകുന്നത് ഹരി ആയിരിക്കുമെന്ന്.

പക്ഷേ, ഒന്നും പുറത്ത് കാണിക്കാതെ അവളെ നോക്കി പുഞ്ചിരിച്ചും പഴയ പോലെ തുറന്നുള്ള പെരുമാറ്റവും കൊണ്ട് അവൻ എല്ലാം മറക്കാൻ ശ്രമിക്കുമ്പോൾ ആ പെരുമാറ്റം അവൾക്ക് നൽകിയത് വല്ലാത്തൊരു വേദന ആയിരുന്നു.

തന്റെ മനസ്സ് വിഷമിക്കാതിരിക്കാൻ സ്വന്തം വിഷമം മനസ്സിൽ ഒതുക്കി സന്തോഷം അഭിനയിക്കുകയാണോ എന്ന് പോലും തോന്നിയിട്ടുണ്ട് പലപ്പോഴും ഭാമയ്ക്ക്.

അതുകൊണ്ട് തന്നെ ഒരുപാട് ആലോചിച്ചതിനു ശേഷം ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയതും. ഞാൻ കാരണം ആ ജീവിതം ഇരുട്ടിലാവരുത്. എനിക്ക് അമ്മയാകാൻ കഴിവില്ലാത്തത്തിന്റെ പേരിൽ അദ്ദേഹത്തിന് ഒരു അച്ഛനാകാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കരുത് എന്നൊക്കെയുള്ള ചിന്ത ഇങ്ങനെ ഒരു തീരുമാനത്തിലെത്തിക്കുമ്പോൾ അവളുടെ വാക്കുകൾക്ക് മുന്നിൽ അവൻ മൗനമായിരുന്നു.

” ഹരിയേട്ടാ…. ഏട്ടൻ ഒന്നും പറഞ്ഞില്ല….എന്നെ ഓർത്താണ് ഒരു തീരുമാനം എടുക്കാൻ കഴിയാത്തതെങ്കിൽ, ഞാൻ പറഞ്ഞല്ലോ പൂർണ്ണസമ്മതത്തോടെ ആണ് ഞാൻ ഇത് പറയുന്നത്. ഹരിയേട്ടന്റെ ആഗ്രഹം പോലെ ഒരു അച്ഛൻ ആവണമെങ്കിൽ വേറെ ഒരു വിവാഹം കഴിച്ചേ പറ്റൂ.. എന്നെ കൊണ്ട് അതിന് കഴിയില്ലെന്ന് തികച്ചും ബോധ്യമായ സ്ഥിതിക്ക്…..ഇവിടെ എന്റെ കുടുംബജീവിതം എന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് ഹരിയേട്ടന്റ ആഗ്രഹം പോലെ കുഞ്ഞുമൊത്തുള്ള ജീവിതം ആണ്. അവിടെ എന്റെ സ്ഥാനത് വേറെ ഒരു പെണ്ണ് ആകുന്നതിൽ എനിക്ക് സന്തോഷമേ ഉളളൂ.. അങ്ങനെ എന്റെ സ്ഥാനത് വേറെ ഒരു പെണ്ണ് വന്നാലല്ലേ ഏട്ടാ ആ ആഗ്രഹങ്ങൾ എല്ലാം പൂവണിയൂ. അതുകൊണ്ട് ഏട്ടനേക്കാൾ കൂടുതൽ ഇത് ആഗ്രഹിക്കുന്നത് ഞാൻ ആണ്. മറുത്തൊന്നും പറയരുത് “

അവൾ അതും പറഞ്ഞ് പ്രത്യാശയോടെ അവന്റ മുഖത്തേക്ക് നോക്കുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ മനസ്സ് മരവിച്ചപോലെ ഒരേ ഇരിപ്പായിരുന്നു ഹരി വിവാഹംകഴിക്കാമെന്നോ കഴിക്കില്ലെന്നോ പറയാതെ.

” ഹരിയേട്ടാ… “

പിന്നെയും അവൾ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾക്കായി പ്രതീക്ഷയോടെ അവനെ വിളിക്കുമ്പോൾ അവൻ അവളെ ഒന്ന് നോക്കികൊണ്ട് ഫോൺ എടുത്ത് ആരെയോ വിളിച്ചുകൊണ്ടു പുറത്തേക്ക് നടന്നു. കുറച്ച് നേരത്തെ സംസാരത്തിന് ശേഷം ഫോൺ കട്ട്‌ ആക്കി ഹരി തിരികേ വരുമ്പോൾ അവൾ അവനെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.

” ആരാ ഹരിയേട്ടാ വിളിച്ചേ ” എന്ന് ചോദിക്കുമ്പോൾ അവൻ ഒരു ദീർഘനിശ്വാസത്തോടെ പറയുന്നുണ്ടായിരുന്നു ” അത്‌ നമ്മുടെ വക്കീലാ… നമ്മുടെ എല്ലാ കാര്യവും അറിയുന്ന കുടുംബസുഹൃത്ത് അല്ലെ അവൻ. അപ്പൊ ഇനിയുള്ള കാര്യങ്ങൾക്ക് അവന് നമ്മളെ സഹായിക്കാൻ കഴിയുമെന്ന് തോന്നി. അതാ ഇപ്പോൾ തന്നെ വിളിച്ചത്. ഞാൻ ഒരു അച്ഛനായി കാണാൻ നീ ഇത്രയേറെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത്‌ തന്നെ നടക്കട്ടെ. നിന്റെ സന്തോഷത്തേക്കാൾ വലുതായി എനിക്കൊന്നുമില്ല ഭാമേ. അതുകൊണ്ട് നാളെ തന്നെ മഹിയോടെ വരാൻ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ലീഗലായുള്ള കാര്യങ്ങൾ എല്ലാം അവന് അറിയാലോ.. അവൻ വരട്ടെ ബാക്കിയൊക്കെ പിന്നെ. ഇപ്പോൾ നീ കിടക്ക് ” എന്നും പറഞ്ഞ് അവൻ പതിയെ ബെഡിലേക്ക് കിടക്കുമ്പോൾ മുറിയെ ലൈറ്റ് ഓഫ്‌ ചെയ്ത് അവളും അവനരികിലേക്ക് ചേർന്ന് കിടന്നു.

പക്ഷേ അത്ര നേരം ഉണ്ടായിരുന്നു സന്തോഷം അല്ലായിരുന്നു അപ്പൊൾ അവളുടെ മനസ്സിൽ. എന്തോ വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുംപോലെ. ഹരിയേട്ടനോട് വേറെ വിവാഹം കഴിക്കാൻ പറയുമ്പോൾ ഉള്ളതിനേക്കാൾ പിടപ്പാണ് ഇപ്പോൾ മനസ്സിന്. ഈ ബെഡ്‌റൂമും ആ നെഞ്ചും തനിക്ക് അന്യമാകാൻ പോകുകയാണ് എന്നോർക്കുമ്പോൾ അവളുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. ചിലപ്പോൾ ഈ കിടപ്പും ഇവിടുത്തെ രാത്രിയും അവസാനമാണെങ്കിലോ….അതോർത്തപ്പോൾ അവൾ പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു കിടന്നു. ഇനി ഇങ്ങനെ കിടക്കാൻ കഴിഞ്ഞില്ലെങ്കിലോ…

രാവിലെ അവളോട് വേഗം ഒരുങ്ങാൻ പറഞ്ഞ് അവനും കുളിച്ച് റെഡിയായാകുമ്പോൾ പുറത്ത് ഒരു കാർ വന്ന് നിന്നിരുന്നു. അതിൽ നിന്നും അഡ്വക്കേറ്റ് മഹേന്ദ്രൻ പുറത്തേക്കിറങ്ങുന്നത് ജനൽ വഴി കണ്ട ഭാമയുടെ ഉള്ളൊന്ന് വിറച്ചു. എല്ലാം അവസാനിക്കാൻ പോകുകയാണെന്ന ചിന്തയിൽ കിടന്ന് നീറിപിടയുമ്പോൾ കോളിങ്ബെൽ ശബ്‌ദിക്കാൻ തുടങ്ങിയിരുന്നു.

പെട്ടന്ന് കലങ്ങിവന്ന കണ്ണുകൾ തുടച്ചുകൊണ്ട് മുഖത്തൊരു പുഞ്ചിരി വരുത്തി വാതിൽ തുറക്കുമ്പോൾ മഹേന്ദ്രൻ പുഞ്ചിരിയോടെ അവൾക് ഗുഡ്മോർണിംഗ് പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് കടന്നു.

” എവിടെ ഹരി ” എന്നും ചോദിച്ചുകൊണ്ട് സോഫയിലേക്ക് ഇരിക്കുമ്പോൾ അവളോടൊരു ചായ ചോദിക്കാനും മറന്നില്ല അവൻ.

” ന്റെ പെങ്ങളെ. ഇങ്ങനെ ഒരു കാര്യം ആണ്. രാവിലെ നേരത്തെ വരണം എന്ന് പറഞ്ഞത് കൊണ്ട് രാവിലെ ചായ പോലും കുടിക്കാതെ ആണ് പോന്നത് ” എന്നും പറഞ്ഞ് ചിരിക്കുന്ന അവന് തിളക്കമില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു യാന്ത്രികമായി. !

തിരികെ അവൾ ചായയുമായി എത്തുമ്പോൾ ആയിരുന്നു ഹരിയും ഒരുങ്ങിക്കൊണ്ട് ഹാളിൽ എത്തിയത്.

കയ്യിൽ കിട്ടിയ ചായ ഊതികുടിക്കുന്നതിനിടയിൽ മഹേന്ദ്രൻ രണ്ട് പേരെയും ഒന്ന് നോക്കി. പിന്നെ രണ്ട് പേരോടുമായി ചോദിക്കുന്നുണ്ടായിരുന്നു ” നിങ്ങൾ രണ്ട് പേരും പൂർണ്ണസമ്മതത്തോടെ ആണോ ഈ തീരുമാനം എടുത്തത് ” എന്ന്.

ആ ചോദ്യം കേട്ട് അവൾ വിഷമത്തോടെ തല താഴ്ത്തുമ്പോൾ ഹരിയാണ് അവന്റെ ചോദ്യത്തിന് മറുപടി നൽകിയത്, ” മഹി. ഇങ്ങനെ ഒരു തീരുമാനം… അത്‌ നന്നായി ആലോചിച്ചെടുത്തതാണ്. പക്ഷേ, തീരുമാനം എന്റെ മാത്രമാണ്. എന്റെ വാക്കുകൾക്ക് അപ്പുറം അവൾക്കൊരു വാകില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തീരുമാനിച്ചു എല്ലാം. ഇനി നിനക്കെ ഇതിനു സഹായിക്കാൻ കഴിയൂ. ” എന്ന് പറയുന്ന അവന്റെ മുഖത്തേക്ക് ഒരു ഞെട്ടലോടെ മുഖം അവൾ മുഖമുയർത്തുമ്പോൾ അതിനേക്കാൾ ഒക്കെ അവളെ ആശ്ചര്യപ്പെടുത്തിയത് അവന്റെ വാക്കുകൾ ആയിരുന്നു. തീരുമാനം തന്റെ ആയിട്ടും അതിന്റ കുറ്റം കൂടി സ്വയം ഏറ്റെടുക്കയാണല്ലോ ഹരിയേട്ടൻ എന്ന് ആലോചിക്കുമ്പോൾ ആ സ്നേഹത്തിനു മുന്നിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

” അപ്പൊ തീരുമാനം ഉറച്ചതായ സ്ഥിതിക്ക് നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം.അതുകൊണ്ട് നമുക്ക് അങ്ങോട്ട് പോകാം. ബാക്കിയൊക്ക അവിടെ ചെന്നിട്ട് ” എന്നും പറഞ്ഞ് കയ്യിലെ ചായഗ്ളാസ്‌ അവൾക്ക് നേരെ നീട്ടുമ്പോൾ അവളുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ പായുന്നുണ്ടായിരുന്നു ” നേരെ മഹിയുടെ ഓഫീസിലേക്ക് ആയിരിക്കും. അവിടെ ചെന്ന് ഒപ്പിടുന്നതോടെ…… ” അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി. കാലുകൾ വിറക്കുന്നു..ഹരിയേട്ടനെ എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നു എന്ന ചിന്തയിൽ ഉരുകികൊണ്ടായിരുന്നു വാതിൽ പൂട്ടി അവളും അവരോടൊപ്പം കാറിലേക്ക് കയറിയത്.

കുറെ ദൂരം സഞ്ചരിച്ച കാർ നിൽക്കുമ്പോൾ ആയിരുന്നു കണ്ണുകൾ അടച്ചിരുന്ന അവൾ ഞെട്ടലോടെ പിടഞ്ഞെണീറ്റത്.

ഇനി കുറച്ച് നിമിഷങ്ങൾ മാത്രം എന്ന ചിന്തയോടെ എരിപിരികൊള്ളുന്ന മനസ്സുമായി പുറത്തേക്ക് നോക്കിയ അവളുടെ കണ്ണുകൾ പെട്ടന്ന് അത്ഭുതമെന്നോണം ഒന്ന് വിടർന്നു. പിന്നെ ഇത് എന്താണെന്ന അർത്ഥത്തിൽ വിശ്വസിക്കാൻ കഴിയാത്ത പോലെ മുന്നിലെ സീറ്റിൽ ഇരിക്കുന്ന അവനെ ഒന്ന് നോക്കികൊണ്ട് അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. കൂടെ ഹരിയും മഹേന്ദ്രനും.

” നിങ്ങൾ ഇവിടെ നിൽക്ക്.. ഞാൻ ഇപ്പോൾ വരാം ” എന്നും പറഞ്ഞ് മുന്നോട്ട് പോകുന്ന മഹേന്ദ്രന് മുന്നിൽ എഴുതിയ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ ഈറനണിഞ്ഞുകൊണ്ട് പരതുന്നുണ്ടായിരുന്നു.

” ചിൽഡ്രൻസ്ഹോം ” എന്ന വാക്കിൽ ഉടക്കി നിന്ന അവളുടെ കണ്ണുകൾ വിശ്വസിക്കാൻ കഴിയാതെ തിരികെ അവനെ നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അവൽക്കരികിലേക്ക് വന്നു ഹരി. പിന്നെ അവളെ ഒന്ന് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു

” ഭാമേ… എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി നീ ഉപേക്ഷിക്കാൻ തയാറായ നിന്റ ജീവിതം.. അതെനിക്ക് എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി ഉപേക്ഷിക്കാൻ കഴിയില്ലല്ലോ പെണ്ണെ. കൈവിട്ട് കളയാൻ അല്ലല്ലോ നിന്നെ കൂടെ കൂട്ടിയത്. പിന്നെ കുട്ടികൾ. അതൊരു യോഗം ആണ്.. ദൈവം നമുക്ക് വിധിച്ചത് അങ്ങനെ ഒന്നായിരിക്കാം. അല്ലെങ്കിൽ ഇതുപോലെ ഒരിടത് ഒറ്റപ്പെട്ടുപോയ ഒരു കുഞ്ഞിന് അച്ഛനും അമ്മയും ആകാൻ ആയിരിക്കാം ദൈവം നമ്മളെ സൃഷ്ട്ടിച്ചത്. നമുക്കിടയിൽ വളരാൻ കാത്തിരിക്കുന്ന.ഒരു കുഞ്ഞുണ്ട് ഇവിടെ. ഇനി മുതൽ അതാണ് നമ്മുടെ മോള്.”

അവന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ അവൾ അവനെ തന്നെ നോക്കി നിൽക്കുമ്പോഴും അവൾ സംശയമെന്നോണം ചോദിക്കുന്നുണ്ടായിരുന്നു ” ഏട്ടാ..ന്നാലും. ഏട്ടന്റെ ആഗ്രഹം പോലെ സ്വന്തം ചോരയിൽ പിറന്ന ഒരു കുഞ്ഞ്…… “

അവളുടെ സംശയത്തോടെ ഉള്ള വാക്കുകൾ മുഴുവനാക്കും മുന്നേ അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” മോളെ.. ജന്മം കൊടുത്തത് കൊണ്ട് മാത്രം അല്ലല്ലോ മാതാപിതാക്കൾ ആകാൻ കഴിയുന്നത്. കർമ്മം കൊണ്ടും കഴിയും. ഒരു അമ്മയുടെ ശാസനയും സ്നേഹവും കൊണ്ട് ! ഒരു അച്ഛന്റെ കരുതൽ കൊണ്ട്…!

അവന്റെ വാക്കുകൾക്ക് മുന്നിൽ നിറകണ്ണുകളുമായി അവന്റ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുമ്പോൾ അവർക്ക് മുന്നിലുള്ള മതിലിനപ്പുറത്ത്‌ അവരെയും കാത്ത് രണ്ട് കുഞ്ഞികണ്ണുകൾ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു. !

✍️ദേവൻ