അവന്റെ ഉച്ചത്തിലുളള ആ ആവശ്യം കേട്ട് ആ ഷോപ്പിലുണ്ടായിരുന്നവരെല്ലാം അവനെത്തന്നെ നോക്കി…

നീല ബ്ലൗസ് പീസ്

Story written by PRAVEEN CHANDRAN

:::::::::::::::::::::::::::::::::::::::::

“എനിക്ക് ഒരു നീല ബ്ലൗസ് പീസ് വേണം”

അവന്റെ ഉച്ചത്തിലുളള ആ ആവശ്യം കേട്ട് ആ ഷോപ്പിലുണ്ടായിരുന്നവരെല്ലാം അവനെത്തന്നെ നോക്കി..

ഏകദേശം ഒരു എട്ടു വയസ്സോളം പ്രായം തോന്നിക്കും അവന്.. നിഷ്കളങ്കമായ മുഖം.. അടക്കമില്ലാത്ത മുടിയിഴകൾ..തിളക്കം നഷ്ടപെട്ട കണ്ണുകൾ..

അതൊരു ലേഡീസ് ടെക്സ്റ്റൈൽ ഷോപ്പായി രുന്നു.. അവൻ കുറച്ച് നേരമായി അവിടെ വന്നിട്ട്.. ഷോപ്പിൽ ചെറിയ തിരക്കുണ്ടായിരുന്നത് കൊണ്ട് ആരും അവനെ ഗൗനിച്ചതേയില്ല.. തന്നെയുമല്ല ആരുടെയെങ്കിലും കൂടെ വന്നതാകുമെന്നും കരുതി..

ആരും അവനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയ പ്പോഴാണ് അവൻ അത് ഉച്ചത്തിൽ ചോദിച്ചത്..

” എത്ര മീറ്റർ വേണം?” അവിടെയുണ്ടായിരു ന്ന ഒരു സെയിൽസ് ഗേൾ ചോദിച്ചു..

“അറിയില്ല”

“ആരാ മോനെ ഇവിടേക്ക് പറഞ്ഞയച്ചത്? അമ്മയാണോ?”

“അല്ല” നേർത്ത സ്വരത്തിൽ അവൻ പറഞ്ഞു..

“പിന്നെ?” അവർ വീണ്ടും ചോദിച്ചു..

അതിനുത്തരം പറയാതെ അവൻ തലതാഴ്ത്തി നിന്നതേയുള്ളൂ..

“അളവറിയാതെ എങ്ങനാ മോനേ? മോൻ പോയി ചോദിച്ചിട്ട് വാ”

അവർ പറഞ്ഞതിന് മറുപടിയൊന്നും പറയാതെ അവൻ തലകുനിച്ച് നിന്നു..

ഇത് കണ്ട അവർ കുറച്ച് മുഷിപ്പോടെ പറഞ്ഞു..

“മോൻ ചെല്ല്.. പോയി ചോദിച്ചിട്ടുവാ.. സൈസറി യാതെ തരാൻ പറ്റില്ല..”

“ആന്റീടെ അളവിനെടുത്തോ?” അവന്റെ ആ മറുപടി കേട്ട് അവിടെയുണ്ടായിരുന്നവർക്ക് പെട്ടെന്ന് ചിരിവന്നു…

അവർക്കാകെ ചമ്മലായി..

“അളവ് കിട്ടീലേ ഒന്നെടുത്ത് കൊട് സീമേ..പാവം പൊക്കോട്ടെ” ക്യാഷ്യർ കുമാരൻ ഒരു വഷളു ചിരിയോടെയാണ് അത് പറഞ്ഞത്..

ദേഷ്യത്തോടെയാണെങ്കിലും അവർ ഒരു കട്ട് പീസ് എടുത്ത് പാക്ക് ചെയ്ത് അവന് നേരെ നീട്ടി..

“ഇന്നാ ഇത് മതിയാവും.. ഇനി മാറ്റിത്തരില്ല.. പറഞ്ഞേക്കാം”

അവൻ അത് വാങ്ങി പുറത്തേക്ക് നടക്കാനൊ രുങ്ങി…

“അല്ലാ.. എവിടേക്കാ? പൈസ തന്നിട്ട് പോ”

ക്യാഷ്യർ കുമാരൻ കുറച്ച് ഉച്ചത്തിലാണ് അത് പറഞ്ഞത്..

അത്കേട്ടതും അവൻ കരയാൻ തുടങ്ങി..

ഇത് കണ്ട് സെയിൽസ് ഗേളായ അവർ അവന്റെ കയ്യിൽ നിന്നും ആ പായ്ക്കറ്റ് പിടിച്ച് വാങ്ങി..

“പൈസയില്ലാണ്ടാണോ വന്നിരിക്കുന്നത്.. മുട്ടേന്ന് വിരിഞ്ഞിട്ടില്ല.. ഓരോരോ പൂതികള്…”

അവർ പറഞ്ഞത് കേട്ട് അവൻ വിഷമത്തോടെ പറഞ്ഞു..

“ഇതെന്റെ അമ്മയ്ക്കാ.. അതിങ്ങ് താ”

“എന്നാ പിന്നെ അമ്മയൊട് വന്ന് വാങ്ങിച്ചോളാൻ പറ.. ഓരൊരൊ മാരണങ്ങള്..കുട്ടികളൊടാണോ ഇതൊക്കെ വാങ്ങാനേൽപ്പിക്കുന്നത്.. കുറഞ്ഞത് പൈസയെങ്കിലും കൊടുത്തുവിടണ്ടേ.. ഇങ്ങനെ യുണ്ടോ തളളമാര്” അവർ പിറുപിറുത്തു..

ഇത് കേട്ട് അവിടെ നിന്നിരുന്ന ഒരാൾ അവന്റെ അടുത്ത് വന്ന് ചോദിച്ചു..

“മോന്റെ വീട് എവിടാ?”

അതിന് അവനുത്തരം കൊടുക്കാതെ തലകുമ്പിട്ട് തന്നെ നിന്നു..

“പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.. മോന്റെ അച്ഛനെന്ത് ചെയ്യുന്നു?”

അത് പറഞ്ഞതും അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..

“അച്ഛന് പറമ്പ് പണിയാ..”

“മോനോട് ആരാ ഇത് വാങ്ങിച്ചുകൊണ്ട് വരാൻ പറഞ്ഞത് അമ്മയാണോ?”

“അല്ല” എന്ന ഭാവേന അവൻ തലയാട്ടി..

“പിന്നെ? അച്ഛനാണോ?”

“അല്ല..എന്റെ അമ്മയ്ക്ക് അച്ഛൻ ഒന്നും വാങ്ങിച്ച് കൊടുക്കില്ല.. എന്നും ക ള്ള് കുടിച്ച് വന്ന് അടിക്കും.. ഇന്നലെ ഇത് വേണമെന്ന് പറഞ്ഞ തിന് അമ്മേനെ ഒരുപാട് ചീത്തപറഞ്ഞു..എന്റെ അമ്മ കുറെ കരഞ്ഞു.. അത് കൊണ്ടാ ഞാൻ വന്നത്.. “

അത് പറഞ്ഞ് വീണ്ടും അവൻ കരയാൻ തുടങ്ങി..

“എന്താ ഇത്.. നീ ഇങ്ങനെ കരഞ്ഞാലോ..അങ്കിളിതിന്റെ പൈസ കൊടുക്കാം.. മോൻ വിഷമിക്ക ണ്ടാട്ടോ”

അത് കേട്ടതും അവന് സന്തോഷമായി..

“ആട്ടെ.. മോനെന്തെങ്കിലും ഡ്രസ്സ് വേണോ..?” അയാൾ ചോദിച്ചു..

“വേണ്ട..” അവൻ പറഞ്ഞു..

“എന്നാ മോൻ പോയ്ക്കോട്ടോ” അവൻ പോകുന്നത് നോക്കി അയാൾ നിന്നു..

“അത് ആ ദിവാകരന്റെ മകനല്ലേ? നിനക്കറിയോ വിനയ് അവനെ?” പിന്നിൽ നിന്ന് സുഹൃത്തിന്റെ ശബ്ദം കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്..

“ഇല്ല.. നിനക്കറിയോ?”

“അറിയാം.. വളരെ കഷ്ടാ ആ കുട്ടിയടേയും അവന്റെ അമ്മയുടേയും കാര്യം.. അവന്റെ അമ്മയ്ക്ക് ബ്രസ്റ്റ് കാൻസറാ.. അടുത്ത ആഴ്ച്ച ഓപ്പറേഷനാ..അവന്റെ അച്ഛനാണെങ്കിൽ മുഴുകുടിയനും.. നാട്ടുകാരാണ് ഓപ്പറേഷനുളള പണം സ്വരൂപിക്കുന്നത്”

അത് കേട്ടതും അവിടെയുണ്ടായിരുന്നവർക്കാകെ വിഷമമായി..

“ഓ.. അപ്പോ അതായിരുന്നു ആ അമ്മയുടെ ആഗ്രഹത്തിന് പിന്നിലല്ലേ? പാവം കുട്ടി”. കൈയ്യിൽ കവറുമായി ഒടിപോകുന്ന അവനെ നോക്കി അയാൾ പറഞ്ഞു..