നിൻ്റെ പ്രായത്തിൽ എനിക്ക് ഒരു മോളുണ്ടായിരുന്നു. അമ്മയാണ് നിന്നെയിങ്ങനെ വഷളാക്കിയത്.”…….

…… പണി കിട്ടി…….

Written by Navya Navya

::::::::::::::::::::::::::::::::::::::

പുതിയ വീടുപണിത് ഹൗസ് വാമിങ്ങും കഴിഞ്ഞ് ചേച്ചിയുടെ ഭർത്താവ് ഗൾഫിൽ പോയി. പോകുമ്പോൾ ഏട്ടൻ്റെ വക എന്നോട് ഒരു അഭ്യർത്ഥന ” 2 വർഷത്തെ വിസയ്ക്കാണ് പോകുന്നത്, അത് വരെ അനിയത്തിക്കുട്ടി ചേച്ചിക്കും കുഞ്ഞിനും കൂട്ടായി ഇവിടെ നിൽക്കണം”.

കഷ്ടകാലത്തിന് എൻ്റെ ഓഫീസ് ചേച്ചിയുടെ വീടിൻ്റെ അടുത്തുമായി. എല്ലാം കൊണ്ടും എതിർത്ത് പറയാനാകാത്ത വിധം എല്ലാരും കൂടിയെന്നെ പൂട്ടി.

ആദ്യത്തെ ഓരാഴ്ച അമ്മേടെ അടുത്തുള്ളതുപോലെ സുഖ ജീവിതമായിരുന്നു. തിന്നുക ,ഫോൺ നോക്കുക, ചുമ്മാ നടക്കുക, ചേച്ചിയുടെ 7 വയസുള്ള മോളുടെ ഒപ്പം കളിക്കുക, ആഹാ …. എന്ത് രസം. ഓർമ വെച്ച നാൾ മുതൽ നേർക്ക് നേർ കണ്ട വാളും പരിചയും എടുക്കുന്ന ഞാനും ചേച്ചിയും ഇപ്പോൾ എന്താ സ്നേഹം….. എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല.

ചേച്ചി രാവിലെ എണീറ്റ് ജോലി ചെയ്യുന്നു. ഞാൻ 8 മണിക്ക് എണീറ്റ് വരുമ്പോഴേക്കും അവൾ സ്കൂളിൽ പോകാൻ റെഡിയാകും.” നാണമില്ലല്ലോ 8 മണിക്ക് എണീറ്റ് വരാൻ കല്യാണപ്രായമായ പെണ്ണ് എണീക്കുന്ന സമയം. നിനക്ക് ഒരു 7 മണിക്കെങ്കിലും എണീക്കാമല്ലോ. കല്യാണം കഴിഞ്ഞ് പോകുമ്പോൾ പഠിച്ചോളും.” .രാവിലെ ഇത് കേൾക്കൽ ഒരു ശീലമായി.

“അതിനെന്താ എപ്പോൾ എണീറ്റാലും 10 മണിക്ക് മുൻപേ ഓഫീസിലെത്തും അത് മതി”, ചേച്ചിയുടെ മുന്നിൽ നെഞ്ച് വിരിച്ച് ഞാൻ പറയും.

ചേച്ചിഒരു ടീച്ചറാണ്. പറയാൻ മറന്നു പോയിട്ടോ. പിന്നെ ഞാനും റെഡിയായി ഓഫീസിൽ പോകും. വൈകിട്ട് ഞാൻ ഓഫീസിൽ നിന്നും അവളും മോളും സ്കൂളിൽ നിന്നും വരുന്നത് ഒരേ സമയത്തായിരുന്നു. വൈകിട്ടുള്ള കുറച്ച് ജോലിയൊക്കെ ഞാൻ ചെയ്യാറുണ്ട്. അല്ലെങ്കിൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കും. അത്രയ്ക്ക് കണ്ണിൽ ചോരയില്ലാത്തവൾ അല്ലാട്ടോ!

അങ്ങനെയിരിക്കുമ്പോഴാണ് കോറോണയുടെ രംഗപ്രവേശവും ലോക്ക്ഡൗണും….പാചക പരീക്ഷണങ്ങളുടെ ഘോഷയാത്രയായിരുന്നു പിന്നെയങ്ങോട്ട്. ആദ്യമൊക്കെ ഉണ്ടാക്കുന്നത് അബദ്ധമായെങ്കിലും ഇന്ന് ഞാൻ നല്ലൊരു പാചകക്കാരിയാണ്. ചേച്ചി ഇപ്പോ പണ്ടത്തെപ്പോലെയൊന്നുമല്ല രാവിലെ ചായയ്ക്കുള്ള പലഹാരം ആക്കിയാൽ പിന്നെ അവൾ അടുക്കളയിൽ കേറില്ല. പോരാത്തതിന് കാരണം പറയാൻ ഓൺലൈൻ ക്ലാസും. അവളെ ക്ലാസ് കഴിഞ്ഞാൽ പിന്നെ മോളുടെ അത് കഴിഞ്ഞാൽ പിന്നെയും അവളുടെ .ടീച്ചറും കുട്ടിയും മാറി മാറി ക്ലാസുകൾ കേട്ടപ്പോൾ അടുക്കള എനിക്ക് സ്വന്തമായി. 24 വർഷമായി ഞാനറിയാത്ത അടുക്കളപ്പണിയുടെ സുഖം ഞാനാദ്യമായി മുഴുവനായും നുണഞ്ഞു.

അമ്മ കറിക്കരിയാൻ പറയുമ്പോൾ തട്ടിക്കൂട്ടി എന്തൊക്കെയോ കാണിച്ചു കൂട്ടി ഫോണിൽ കളിക്കുന്ന ഞാൻ ഇന്ന് ശരിക്കും അനുഭവിച്ചു. രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ടിലെ ജോലികളുമായി മല്ലിടുന്ന എല്ലാവരേയും ഈ അവസരത്തിൽ നമിക്കുന്നു.

തൽക്കാലം ചോറും കറിയും റെഡിയാക്കി ഞാനൊന്നു ഇരിക്കുമ്പോൾ ചേച്ചി പറയും “റൂമൊക്കെ തൂത്തുവാരി കഴുകാൻ ” .അവളുടെ വിചാരം വല്യ വൃത്തിക്കാരി ആണെന്നാണ്. മനസിൽ അവളെ തെറി പറഞ്ഞ് ജോലിയൊക്കെ ചെയ്യും. പാവം ഞാൻ! എല്ലാം കഴിയുമ്പോൾ ടീച്ചർ റൂമൊക്കെ വന്നു നോക്കിയിട്ട് പറയും ” ചെയ്യുന്ന പണി വൃത്തിക്ക് ചെയ്യണം. നിൻ്റെ പ്രായത്തിൽ എനിക്ക് ഒരു മോളുണ്ടായിരുന്നു. അമ്മയാണ് നിന്നെയിങ്ങനെ വഷളാക്കിയത്.”…….

ഇത് നല്ല കൂത്ത് ഇവളോട് എൻ്റെ പ്രായത്തിൽ കല്യാണം കഴിക്കാൻ ഞാൻ പറഞ്ഞോ? നേരിട്ട് ചോദിച്ചാൽ അവളുടെ വായിലുള്ളത് കേൾക്കേണ്ടി വരും. ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.

കഴിയുമ്പോൾ കഴിയുമ്പോൾ ചേച്ചിയെ നിക്ക് പണി തന്നോണ്ടിരുന്നു. ഒരു വീട്ടിൽ ഇത്രയൊക്കെ ജോലിയുണ്ടായിരുന്നല്ലേ……

ഈ ഒരു വർഷം കൊണ്ട് ഞാൻ പഠിച്ച പാഠം വീട്ടുജോലി ഒരു സംഭവം ആണെന്നാണ്. ചിലർക്കൊന്നും ഈ പറഞ്ഞത് ചിലപ്പോൾ ഇഷ്ടപ്പെടില്ല.

എല്ലാ ജോലിക്കും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഉണ്ട്. എന്നാലും അതിനെക്കാൾ ഉപരി രാവിലെ തൊട്ട് ‘രാത്രി വരെ അടുക്കളയോട് മല്ലിടുന്നത് അത്ര എളുപ്പമല്ല. കാണുമ്പോൾ നിസാരമാണ് പക്ഷെ അത് ഒരു സംഭവമാണ്. വീട്ടുജോലി ചെയ്ത് ഓഫീസിൽ പോകുന്നവരും ഉണ്ട്. എന്നാലും ഞാൻ വീണ്ടും പറയും ഒരു വീട് മേയ്ച്ച് കൊണ്ടു പോകുന്നത് അത്ര എളുപ്പപ്പണിയല്ല. ചെയ്താലും ചെയ്താലും തീരാത്ത ഒരു പറ്റം ജോലിയുടെ അക്ഷയപാത്രമാണ് വീട്.. വീട്ടുജോലി ചെയ്യുന്ന എല്ലാ സ്ത്രീകളെയും പുരുഷൻമാരെയും പ്രവാസികളായ സഹോദരന്മാരേയും ആൺ പെൺ ഭേദമില്ലാതെ നമിക്കുന്നു.

അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇത് വരെ സ്വന്തം വീട്ടിൽ പണി ചെയ്ത് ശീലമില്ലാത്തവരാണെൽ…കുറച്ച് ദിവസം ചേച്ചിമാരുടെ വീട്ടിൽ പോയാൽ പണി പഠിച്ച് വരാൻ പറ്റുന്നതാണ്.

(ജീവിതത്തിലെ ഒരനുഭവം ആയതുകൊണ്ട് ഈ ശൈലിയിൽ കുറിച്ചെന്നു മാത്രം. ദയവായി ആരും നെഗറ്റീവായി കാണരുത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ വായിച്ച് സമയം പോയതിൽ മാപ്പ് ചോദിക്കുന്നു. അമ്മമാരെ ചെറുപ്പം മുതൽ സഹായിക്കുന്നവരും വീട്ടു ജോലികൾ ചെയ്യുന്നവരും ഉണ്ട്. തൽക്കാലത്തേക്ക് എല്ലാവരും എന്നോട് ക്ഷമിക്കുക.)

…. ശുഭം…..