കേട്ടു തഴമ്പിച്ച കഥയിലെ മുറപ്പെണ്ണിനെ സ്വന്തമാക്കാൻ ഉണ്ണിയെന്ന മുറച്ചെറുക്കൻ ഇനി സാധിക്കില്ല…

ശിവഭദ്ര

Story written by Arun Karthik

==========

“എന്നെ ഇട്ടേച്ചു പോവല്ലേ.. ഉണ്ണിയേട്ടാ”

ഭദ്രയുടെ കരച്ചിൽ മുറുകുമ്പോഴും എന്റെ കൈകളിലെ ബന്ധനം അയച്ചു ഞാൻ തിരിഞ്ഞു നടന്നു.

ഉണ്ണിയേട്ടാ പോവല്ലേന്നുള്ള അവസാന വിളി പടിപ്പുര വാതിൽ പിന്നിടുമ്പോഴും എന്റെ കാതിൽ വന്ന് അലയടിക്കുന്നുണ്ടായിരുന്നു.

തിരിച്ചു ചെന്നവളെ നെഞ്ചോട് ചേർക്കാൻ ഇന്ന് വരെ വാക്ക് കൊണ്ട് പോലും ആ മിഴികൾ നിറയാൻ അനുവദിക്കാതിരുന്ന എനിക്ക് പക്ഷേ ആ സമയം ഒന്നിനും സാധിക്കുമായിരുന്നില്ല…

കേട്ടു തഴമ്പിച്ച കഥയിലെ മുറപ്പെണ്ണിനെ സ്വന്തമാക്കാൻ ഉണ്ണിയെന്ന മുറച്ചെറുക്കൻ ഇനി സാധിക്കില്ല.

പതിവ് കൂട്ടുകുടുംബത്തിൽ ഓർമ്മ വച്ച നാൾ മുതൽ കണി കണ്ടുണർന്നിരുന്നത് ഭദ്രയുടെ മുഖം ആയിരുന്നു.

പുതുബൈക്കിന്റെ പിറകിൽ കോളേജിൽ പോകാൻ കയറുമ്പോൾ ഭദ്ര എന്റെ കാതിൽ പറയുമായിരുന്നു. ഞാനല്ലാതെ മറ്റൊരാളെ ബൈക്കിൽ കേറ്റിയാൽ ആ കാല് ഞാൻ തല്ലി ഒടിക്കുമെന്നു.

അത്താഴം വിളമ്പുന്ന അമ്മയെ പറഞ്ഞുമയക്കി വിട്ട് മാമ്പഴ പുളിശ്ശേരി വിളമ്പാൻ വരുമ്പോൾ വായിൽ ഒരുരുള വച്ചു തരുമോന്ന് ചോദിച്ചു എന്നരികിൽ വന്നുനിന്ന് ചിണുങ്ങുമായിരുന്നു ഭദ്ര .

പനിവന്ന് വിറച്ചു കിടന്ന എന്നരികിൽ നിന്നും പനിവരാതെ മാറി പോവാൻ പറഞ്ഞപ്പോ ഉണ്ണിയേട്ടന്റെ വേദന തനിച്ച് അനുഭവിക്കാൻ വിടില്ലന്ന് പറഞ്ഞു എന്റെ പുതപ്പിനരികിൽ വന്നു കിടക്കുമായിരുന്നു അവൾ..

കോളേജ് സുഹൃത്തിനോടുള്ള ഫോൺസംസാരം കട്ടാക്കി കാതിൽ നിന്നും അടർത്തി മാറ്റി അവൾ പറയുമായിരുന്നു ഉണ്ണിയേട്ടാ എന്നോട് സംസാരിക്കെന്ന്…

വട്ടിയൂർക്കാവ് ദേവിക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ എന്റെ മുഖം മൂന്നു തവണയുഴിഞ്ഞു നാണയനേർച്ച ഇടുമ്പോൾ അവളുടെ ചുണ്ടുകൾ മന്ത്രിക്കുമായിരുന്നു എന്റെ ഉണ്ണിയേട്ടനെ കാത്തോളണേ ദേവി ന്ന്.

ജാതകദോഷം എന്ന വിപത് വരുന്നത് വരെ മാത്രമേ ഞങ്ങളുടെ സ്നേഹത്തിനു ആയുസ്സ് ഉണ്ടായിരുന്നുള്ളൂ

ജാതകപൊരുത്തം നോക്കിച്ച പേര് കേട്ട കുടുംബജ്യോത്സൻ മംഗല്യം നടന്നാൽ അപമൃത്യു കാണുന്നുവെന്ന് പറഞ്ഞപ്പോഴും ഞാൻ അത് ചെവിക്കൊണ്ടില്ല

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജ്യോതിഷം എടുത്തു വലിച്ചെറിഞ്ഞു കളഞ്ഞൂടെന്ന് ചോദിക്കാൻ ചെന്നപ്പോഴാണ് ജ്യോത്സൻ ആ ഞെട്ടിക്കുന്ന സത്യത്തെക്കുറിച്ചു എന്നോട് വെളിപ്പെടുത്തിയത്

മൃത്യു പ്രാപിക്കാൻ പോണത് ഞാനല്ല, ഇന്നു വരെ താൻ ഓമനിച്ചു കൊണ്ടു നടന്ന ഭദ്രയാണെന്ന് ആ നാവിൽ നിന്ന് കേട്ടപ്പോൾ ഭദ്രയ്ക്ക് നീർക്കെട്ട് വന്നാൽ പോലും നെഞ്ച് പിടയുന്ന എനിക്ക് പക്ഷേ അവളെ ആയുസ്സോടെ കാണണം ആയിരുന്നു.

അത്കൊണ്ട് തന്നെയാണ് മനഃപൂർവം ഭദ്രയോട് വഴക്കടിച്ച ഞാൻ പടിപ്പുര വാതിൽ പിന്നിട്ടു നടന്നു നീങ്ങിയത്..

ഉണ്ണി പോവല്ലേന്ന് ജനിച്ചനാൾ മുതൽ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച അമ്മയുടെ വാക്കും നിരസിക്കുമ്പോഴും എന്റെ ഉള്ളം അമ്മയെ ഓർത്ത് നീറുന്നുണ്ടായിരുന്നു

ഭദ്രയുടെ മംഗല്യം കഴിയുമ്പോൾ തിരിച്ചു വരുമമ്മേ ഈ ഉണ്ണിയെന്നു പറയാൻ നാവുതിരുമ്പോഴും ഭദ്രയിൽ അതൊരു കാത്തിരിപ്പിനവസരമായാലോന്ന് പേടിച്ചു ഞാനാ വാക്കുകൾ ഉള്ളാലെ വിഴുങ്ങി നടന്നു നീങ്ങുന്നുണ്ടായിരുന്നു..

നിറഞ്ഞ വേദനയാലേ ഞാൻ ചെന്നെത്തിയത് അകലെയുള്ളൊരു ശിവക്ഷേത്രത്തിൽ തിരുമുറ്റത്തായപ്പോൾ മനമുരുകി ഞാൻ പ്രാർഥിച്ചത് എന്റെ ഭദ്ര എന്നെ മറന്നൊരു പുതുജീവിതം കൈവരിക്കണെ ദേവാന്നായിരുന്നു .

നിലചന്ദ്രൻ മാനത്തു വിരിയുമ്പോൾ ക്ഷീണത്താൽ ഞാനാ ഗോപുരനടയിൽ തല കുമ്പിട്ടിരിക്കുമ്പോഴാണ് ദേവദൂതനെ പോലെ തുണയായി ഒരു കരം വന്നെന്റെ തോളിൽ മെല്ലെ പതിച്ചത്.

എന്റെ മനോവേദനയറിഞ്ഞ നിമിഷം വന്ന നമ്പൂതിരി ഇല്ലത്തേക്ക് ക്ഷണിക്കുമ്പോൾ ചായ്‌പിൽ തല വെയ്ക്കാനൊരിടവും വഴിപാട് കൗണ്ടറിൽ ഒരു വേദനത്തിനുള്ള ജോലിയും എന്നെയും കാത്തിരിപ്പുണ്ടായിരുന്നു..

ഇല്ലത്തെ അന്നത്തിനൊപ്പം എന്റെ സൗഹൃദത്തിന് വഴിയൊരുക്കിയത് നമ്പൂതിരയുടെ മകൾ ലക്ഷ്മിയായിരുന്നു

കൗണ്ടറിൽ വന്നൊരു പെൺകുട്ടിയുടെ “ശിവഭദ്ര വിശാഖം നക്ഷത്രം” എന്ന വാക്കുകൾ രസീതിൽ കുറിക്കുമ്പോൾ നെഞ്ചിൽ ഒരായിരം ആണി തറച്ചുകയറുന്ന വേദനയിലും എഴുത്ത് പൂർത്തിയാക്കാനാവാതെ എന്റെ ഉള്ളംകൈ പൂക്കുല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

ഭദ്രയുടെ ഓർമ്മകൾ നെഞ്ചിൽ കനലായി വേട്ടയാടുമ്പോഴൊക്കെ എന്നെ സാന്ത്വനിപ്പിച്ചത് “ഉണ്ണിയേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല”ന്നുള്ള ലക്ഷ്മിയുടെ സ്നേഹത്തോടെയുള്ള വാക്കുകൾ ആയിരുന്നു.

ഇരുപത്തേഴു നക്ഷത്രങ്ങളിൽ കൃത്യമായി രണ്ടെണ്ണം മാത്രം ഞങ്ങളുടെ പ്രെണയത്തിനു വിലങ്ങു തടിയായി നിന്നപ്പോ ബാല്യം മുതൽ ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ ആണ് കടപുഴകി വീണത്..

ശിശിരവും ഹേമന്തവും മാറി വർഷം മൂന്നു പിന്നിടുമ്പോൾ മനസ്സിലെ കനലുകൾ തണുപ്പിക്കാൻ ശ്രെമിക്കുമ്പോൾ അമ്മയെ ചെന്നൊന്നു കണ്ടുകൂടെ ന്ന് ലക്ഷ്മിയും നിർബന്ധിച്ചപ്പോൾ ആ വാക്കുകൾ പൂർണ്ണമായി നിരസിക്കാൻ എനിക്കും ആവുമായിരുന്നില്ല..

ഭദ്രയോളം തന്നെ ചിലപ്പോൾ അതിലുപരി ഞാൻ അമ്മയെയും സ്നേഹിച്ചിരുന്നു എന്നതാണ് സത്യം..

ലക്ഷ്മിയുടെ കയ്യും പിടിച്ചു ഞാൻ വീണ്ടുമാ പടിപ്പുര വാതിലിൽ പാദങ്ങൾ അമർത്തുമ്പോൾ എന്നെകണ്ട് ഓടി വന്ന അമ്മയെന്നെ മാറോടണച്ചു നെറുകയിൽ ചുംബിക്കുന്നുണ്ടായിരുന്നു.

ലക്ഷ്മിയെ കൂട്ടിയാ ഉമ്മറവരാന്തയിൽ തലകുമ്പിട്ട് അകത്തേക്ക് കയറുമ്പോൾ പഴയ ആ ഉരുളൻതൂണിൽ തലചായ്ച്ചു വിദൂരതയിലേക്ക് നോക്കി ഏകയായിയിരിക്കുന്ന ഭദ്രയെ കണ്ടപ്പോൾ ഞാനും എന്നരികിൽ നിന്ന ലക്ഷ്മിയെ കണ്ടപ്പോ അവളും ഒരുപോലെ ഞെട്ടി..

ഭദ്രയുടെ മംഗല്യം ഇനിയും കഴിഞ്ഞില്ലെ അമ്മേ ന്ന് ഞാൻ ചോദിക്കുമ്പോൾ അറ്റുവീഴുന്ന ഇതളുകൾ പോലെ പ്രേതീക്ഷയറ്റ ഭദ്രയുടെ മുഖാരബിന്ദുവിൽ നിന്നും കണ്ണുനീർതുള്ളികൾ ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു…

മരുമക്കത്തായ സമ്പ്രദായത്തിൽ ഭദ്രയുടെ സ്വത്തു മുഴുവൻ നിന്നിൽ വന്ന് ചേരാതിരിക്കാൻ അമ്മാവനും കൂട്ടരും ചെയ്ത ചതിയായിരുന്നു മോനെ ജാതകദോഷമെന്ന ജ്യോത്സന്റെ കള്ള പ്രേവചനമെന്ന് അമ്മ പറയുമ്പോൾ ഞെട്ടലോടെയാണ് ആ വാർത്ത എന്റെ കാതുകളിൽ വന്നു പതിച്ചത്…

ഇനി ഈ കുടുംബത്തിലെ ചില്ലിക്കാശ് പോലും എനിക്കും ഉണ്ണിയേട്ടനും വേണ്ടെന്നു താലി ചാർത്തുന്നെങ്കിൽ ഉണ്ണിയേട്ടൻ മാത്രമാവുമെന്നും പറഞ്ഞ് ആ ചായ്പ്പിലേക്കു അവൾ താമസം മാറുമ്പോൾ ഒരുനേരത്തെ അന്നത്തിനു വേണ്ടി പോലും അവരുടെ മുന്നിൽ കൈ നീട്ടാൻ അവൾ മുതിർന്നിട്ടില്ല…

അറുത്തെടുത്ത പൂവിതൾ കൊണ്ട് കാവിലെ ദേവിക്ക് മാലകെട്ടി കൊടുത്തു മൂന്നു വർഷം നേർച്ചചോറ് ഭക്ഷിക്കുമ്പോഴും ഭദ്ര കാത്തിരുന്നത് അവളുടെ ഉണ്ണിയേട്ടന്റെ തിരിച്ചു വരവിനു വേണ്ടിയായിരുന്നു… പക്ഷേ..

കൂടെ വന്ന ലക്ഷ്മിയെ ചൂണ്ടി എന്റെ മോന്റെ മനസ്സിൽ മാത്രം അവൾക്ക് പകരം മറ്റൊരു പെണ്ണ് കുടിയേറുമെന്ന് ഭദ്രയെ പോലെ ഞാനും പ്രേതീക്ഷിച്ചില്ലെന്നു പറഞ്ഞു അമ്മ വിതുമ്പികരഞ്ഞപ്പോൾ ഞാനാ കണ്ണീർ തുടച്ചു മാറ്റി.

അമ്മയുടെ വാക്കുകൾക്ക് മറുപടിയായി ഭദ്രയുടെ അരികിലെത്തി നിലത്തേക്ക് കുമ്പിട്ടിരുന്ന ഭദ്രയുടെ ശിരസ്സുയർത്തി ലക്ഷ്മി അവളോട്‌ പറഞ്ഞു.

ഉണ്ണിയേട്ടന്റെ മനസ്സിൽ അന്നും എന്നും ഈ ഭദ്ര മാത്രമേ ഉള്ളു..ഭദ്രയെ ഓർത്ത് മിഴികൾ നിറയാത്ത ഒരു ദിനം പോലും ഉണ്ണിയേട്ടന് ഉണ്ടായിട്ടില്ല.. ഉണ്ണിയേട്ടന്റെ സുഹൃത്തായി കൂടെ ഇങ്ങോട്ട് പുറപ്പെടുമ്പോഴും മനസ്സിൽ എവിടെയോ ഭദ്ര കാത്തിരിക്കുന്നുവന്നൊരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു. അത്രയും ഇഷ്ടമാണ് ഭദ്രേ നിന്നെ നിന്റെ ഉണ്ണിയേട്ടന്..

അത്കേട്ട് നിറകണ്ണുകളാൽ ഭദ്ര ഓടിവന്നെന്റെ പിന്നിൽ ചേർന്നു നിന്നപ്പോൾ മുന്നിലേക്ക് ചേർത്തു നിർത്തി മാറോടണച്ചു ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ അവളുടെ കാതുകളിൽ മൊഴിഞ്ഞു..

ഇനിയും ഈ മിഴികൾ നിറയരുത്… “ഇനി ഒരിക്കലും ഒരുശക്തിക്കും വിട്ടുകൊടുക്കില്ല ഞാനെന്റെ ശിവഭദ്രയെ “

(കാർത്തിക് )

കടപ്പാട്: സുധി മുട്ടം

cover photo courtesy