അയാളോടുള്ള വെറുപ്പ് കാണിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഒക്കെ ഞാൻ കാണിച്ചു…

Story written by Manju Jayakrishnan

============

“എന്നെ കൈ പിടിച്ചു കൊടുക്കേണ്ടത് എന്റെ അച്ഛൻ ആണ് അല്ലാതെ അമ്മാവൻ അല്ല…. “

ഞാൻ അതു പറയുമ്പോൾ ലോകം ജയിച്ച ഭാവം ആയിരുന്നു ആ മുഖത്തു….

കുനിഞ്ഞിരുന്നു ആ മനുഷ്യൻ മുണ്ടിന്റെ കോന്തലയാൽ കണ്ണുനീർ ഒപ്പിയകറ്റുമ്പോൾ എന്നിൽ നിറഞ്ഞതു കുറ്റബോധം ആയിരുന്നു

“ന്റെ അമ്മൂട്ടീ” എന്ന് തികച്ചു അമ്മ വിളിക്കാറില്ല.അതെ പോലെ …സാധാരണ പെൺകുട്ടികൾ അമ്മയെപ്പോലാ ഇരിക്കാറ്… പക്ഷെ ഞാൻ അച്ഛന്റെ തനി പകർപ്പ് ആയിരുന്നു…..

അമ്മയെ അച്ഛൻ ഇഷ്ടപ്പെട്ടു നേരത്തെ തന്നെ കല്യാണം കഴിച്ചു… ‘അച്ഛൻ വളർത്തി കെട്ടിയതാ അമ്മയെ ‘ എന്ന് അച്ഛമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്

അടുക്കളയിൽ ഒതുങ്ങിപ്പോയ അമ്മയെ ഞാൻ പിന്നെ കണ്ടിട്ടുള്ളു….. ഞാൻ നന്നായി ഡാൻസ് കളിക്കുമ്പോൾ ‘നിന്റെ അമ്മയും ഇതേ പോലെ ആയിരുന്നു ‘ എന്ന് കേൾക്കുമ്പോൾ അതിശയത്തോടെ അമ്മയെ നോക്കും..

പഴയ സിനിമയിലെ ശങ്കറിനെ പോലെ യാതൊരു ഭാവഭേദവും ഇല്ലാതെ അമ്മ സ്വന്തം ജോലി നോക്കും

‘അമ്മക്ക് അച്ഛനെ ഇഷ്ടമല്ലേ? എന്ന് ചോദിക്കുമ്പോൾ അമ്മ പറയും….

‘അതുകൊണ്ടല്ലേ അമ്മൂട്ടിയെ എനിക്ക് കിട്ടിയത് എന്ന് ‘….

“ഞങ്ങൾ നല്ല ഭാര്യാഭർത്താക്കൻമാർ അല്ല പക്ഷെ നല്ല അച്ഛനമ്മമാർ ആണ് “

എന്നു പറയാതെ പറഞ്ഞവരായിരുന്നു അച്ഛനും അമ്മയും .. രണ്ടു പേർക്കും മിണ്ടാനും പറയാനും ഞാൻ മാത്രം..

കാര്യങ്ങൾ അങ്ങനെ പോകുമ്പോൾ ആണ് അച്ഛന്റെ പെട്ടന്നുള്ള മരണം…

ആക്‌സിഡന്റിന്റെ രൂപത്തിൽ അച്ഛൻ പോകുമ്പോൾ എനിക്ക് വയസ്സ് പതിനാറ്…

അച്ഛന് പ്രൈവറ്റ് ജോലി ആയിരുന്നതു കൊണ്ട് കുറച്ചു സഹായം അല്ലാതെ വേറൊന്നും കിട്ടിയില്ല.. ഞാൻ ആണെങ്കിൽ പ്ലസ് വണിന് പഠിക്കുന്നു…

അമ്മാവന്മാക്കു ഞങ്ങൾ ‘തലയിൽ ആകുമോ ‘ എന്ന പേടി ഉള്ളത് കൊണ്ട് വീണ്ടുമൊരു കല്യാണത്തെക്കുറിച്ച് അമ്മയോട് പറയുന്നത്….’ പണ്ട് എന്നെ പഠിപ്പിച്ചിരുന്നു എങ്കിൽ … ‘ അമ്മ പറഞ്ഞത് അവർ ആരും കേട്ടതു പോലും ഇല്ല

ഒരുപാട് തവണ ഞാനും അമ്മയും എതിർത്തിട്ടും അവർ അവസാനം അതു നടത്തിയെടുത്തു….

വെളുത്തു സുന്ദരനായ അച്ഛനു പകരം കറുത്ത പല്ലുപൊങ്ങിയ ഒരു കഷണ്ടിത്തലയൻ…..

അമ്മായിമാരുടെ ഉപദേശം കൂടി കിട്ടിയപ്പോൾ എനിക്കയാളോട് അറപ്പും വെറുപ്പും ആയി.’ രണ്ടാനച്ഛൻമാരൊക്കെ സ്വന്തം മക്കൾ ആയി ഒരിക്കലും കാണില്ല… അവരുടെ ഉള്ളിലിരുപ്പ് മോശവും ആയിരിക്കും.’… നിരവധി ഉദാഹരണങ്ങൾ നിരത്തിയപ്പോൾ ഞാൻ നന്നായി പേടിച്ചു…..

അയാൾ എന്നെ നോക്കി ചിരിക്കുമ്പോൾ ഞാൻ മുഖം മാറ്റും…

ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഞാൻ മാറിയിരിക്കും…

അയാൾ വാങ്ങികൊണ്ടു വരുന്ന ഒന്നും ഞാൻ സ്വീകരിച്ചില്ല…. ഒരിക്കൽ വാങ്ങിച്ച ഉടുപ്പ് അയാളുടെ മുന്നിൽ വച്ചു തന്നെ ചവിട്ടിത്തൂത്തു

അതിൽ അമ്മ ദേഷ്യപ്പെട്ടപ്പോൾ എനിക്ക് വല്ലാതെ നൊന്തു…. അയാളോടുള്ള വെറുപ്പ് കാണിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഒക്കെ ഞാൻ കാണിച്ചു

അമ്മ പതിയെ മാറിയിരുന്നു…. അയാൾ ‘അമ്മയെ നന്നായി നോക്കിയിരുന്നു’

ഒരിക്കൽ നൃത്തം പഠിപ്പിക്കാൻ മാഷ് വീട്ടിൽ വന്നപ്പോൾ ഞാൻ ഞെട്ടി… ഒരുപാട് അച്ഛനോട് കരഞ്ഞു പറഞ്ഞിട്ടും എന്നെ നൃത്തം പഠിപ്പിക്കാൻ അച്ഛൻ സമ്മതിച്ചിരുന്നില്ല…

‘ഞാൻ ഇല്ല ‘ എന്ന് പറഞ്ഞു വാതിൽ അടച്ചു … മാഷിന്റെ ചൊല്ല് കേട്ടാണ് ഞാൻ വാതിൽ തുറന്നത്…. നോക്കുമ്പോൾ അമ്മ നൃത്തം പഠിക്കുന്നു…

അയാൾ അടുക്കളയിൽ കേറി അമ്മയെ സഹായിക്കുന്നു…. അമ്മയ്ക്ക് വയ്യാതെ ആകുമ്പോൾ ചൂടു വെള്ളം ചൂടാക്കി വയറിൽ വയ്ക്കുന്നു….

അമ്മയുടെ ഡ്രസ്സ്‌ ഒക്കെ അഴയിൽ വിരിക്കുന്നു…

അച്ഛൻ ഉള്ളപ്പോൾ പോലും ഇടാതെ ഇരുന്ന സിന്ദൂരം അമ്മ ഇടാൻ തുടങ്ങി… അമ്മ സന്തോഷവതിയായി എനിക്ക് തോന്നിത്തുടങ്ങി

‘പാവാ അമ്മൂട്ടീ ‘ എന്നു പറഞ്ഞു അമ്മ പല തവണ വന്നിട്ടും ഞാൻ അടുപ്പിച്ചില്ല…

എന്റെ പഠിപ്പിന് ആവശ്യമായ മുഴുവൻ സഹായം ചെയ്തിട്ടും ഞാൻ അയാളെ ശത്രു ആയി കണ്ടു…

വിവാഹാലോചന വന്നു തുടങ്ങിയപ്പോൾ ‘കൊമ്പത്തു നോക്കേണ്ട ‘ എന്ന അമ്മയുടെ ഉപദേശം പോലും അയാൾ ചെവിക്കൊണ്ടില്ല…..

‘എനിക്ക് നിങ്ങൾ അല്ലേ ഉള്ളൂ…. അവൾ കുട്ടി അല്ലേ? ഉള്ളിൽ എന്നെ ഇഷ്ടാ ‘

എന്നൊക്കേ അമ്മെട് പറഞ്ഞത് ഒരിക്കൽ ഞാൻ കേട്ടു

വെറുത്തു…. വെറുത്തു അപ്പോഴേക്കും അയാളെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു

ആകെ ഉള്ള സമ്പാദ്യം വിറ്റു എന്റെ കല്യാണത്തിനുള്ള ഏർപ്പാട് ചെയ്തു… എനിക്ക് ഇഷ്ട്ടാവില്ല എന്നോർത്ത് അമ്മാവനെ കൈ പിടിച്ചു കൊടുക്കാനും ഏല്പിച്ചു….

വധു ആയി അവിടെ ഇരിക്കുമ്പോൾ എന്റെ മനസിൽ മുഴുവൻ അയാൾ ആയിരുന്നു… കർമ്മം കൊണ്ട് ‘അച്ഛൻ ‘ ആയ അയാൾ…. തോറ്റു കൊടുക്കാൻ ഉള്ള മടി കൊണ്ട് അതെ വരെ ഞാൻ പിടിച്ചു നിന്നു…

ഒടുവിൽ ആ കൈകൾ കൊണ്ട് എന്നെ പിടിച്ചേൽപ്പിക്കുമ്പോൾ ഞാൻ കരഞ്ഞിരുന്നു… ആ പാദത്തിൽ തൊടുമ്പോൾ ‘അച്ഛനും ‘ കരഞ്ഞു….

‘ഞാൻ പറഞ്ഞില്ലേ എന്നോട് സ്നേഹാന്ന് ‘ എന്ന് അമ്മയോട് പറയുമ്പോൾ ആ മുഖത്തു അഭിമാനം ആയിരുന്നു…

‘സ്വന്തം അച്ഛൻ അല്ലല്ലേ ‘ എന്നുള്ള കെട്ടിയോന്റെ ചോദ്യത്തിന് ഞാൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു…

‘അച്ഛനേക്കാൾ കരുതലുള്ള എന്റെ പൊന്നച്ഛൻ ആണെന്ന് ‘….