അമ്മയ്ക്ക് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ നാളെ രാവിലെ ഇങ്ങോട്ട് പോരെന്ന് പറഞ്ഞു…

Story written by Saji Thaiparambu

=============

“ആരുമായിട്ടാ ഗിരിയേട്ടാ .. ഫോണിൽ ഇത്ര കാര്യമായിട്ട് സംസാരിച്ചുകൊണ്ടിരുന്നത്”

അടുക്കളയിൽ നിന്ന് ദോശ ചുട്ടു കൊണ്ടിരുന്ന രേവതി, കയ്യിൽ ചട്ടുകവുമായി മുൻവശത്തേക്ക് വന്നു.

“ങ്ഹാ .. അത് അമ്മയായിരുന്നു”

“ഉം ..എന്താ വിശേഷിച്ച് ?

നീരസത്തോടെ രേവതി ചോദിച്ചു.

“അത് പിന്നെ, അമ്മ പറയുവായിരുന്നു , നമ്മൾ ടൗണിൽ പുതിയ വീട് വെച്ച് താമസം മാറിയിട്ട്, അമ്മയ്ക്ക് ഇതുവരെ നമ്മളോടൊപ്പം വന്ന് നിൽക്കാൻ പറ്റിയില്ലല്ലോ എന്ന്”

“അതുകൊണ്ട് ഇപ്പൊ എന്തുവേണമെന്ന്?

“അല്ലാ… അമ്മയ്ക്ക് ഒരു ആഗ്രഹം, കുറച്ചുദിവസം നമ്മളോടൊപ്പം വന്നു താമസിക്കണമെന്ന്”

“എന്നിട്ട് നിങ്ങൾ എന്തു പറഞ്ഞു?

“ഞാനിപ്പോ എന്ത് പറയാനാ, അമ്മയ്ക്ക് അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ നാളെ രാവിലെ ഇങ്ങോട്ട് പോരെന്ന് പറഞ്ഞു”

“എന്റെ മനുഷ്യാ.. നിങ്ങൾ എന്തു പണിയാ ഈ കാണിച്ചത്, മറ്റാരുടെയും ശല്യമില്ലാതെ നമുക്ക് സ്വസ്ഥമായി ജീവിക്കാൻ വേണ്ടിയല്ലേ ടൗണിലേക്ക് താമസം മാറ്റിയത് ,ഒരു മാസമായില്ല അതിനുമുമ്പ് ഓരോന്ന് കേറി വന്നോളും , നിങ്ങളാ ഫോൺ എടുത്ത് വേഗം അമ്മയോട് വിളിച്ചു പറ, നമ്മൾ തിരുപ്പതിയിലും മൂകാംബികയിലുമൊക്കെ തീർത്ഥയാത്ര പോകുവാണ് ,കുറച്ചുദിവസം കഴിഞ്ഞേ തിരിച്ച് വരുകയുള്ളു എന്ന്”

“അത് വേണോ ഡീ.. പ്രായമായവരല്ലേ? അവർ വന്നു രണ്ടു ദിവസം നിന്നിട്ട് പൊയ്ക്കോട്ടെ”

“ദേ.. ഗിരിഏട്ടാ,, നിങ്ങൾക്ക് ഞാൻ ആണോ അതോ അമ്മയാണോ വലുത്? വേഗം തീരുമാനിക്ക് , ചട്ടിയിൽ കിടക്കുന്ന ദോശ കരിയുന്നു, ഞാൻ അടുക്കളയിലേക്ക് പോകുവാ”

ഒടുവിൽ രേവതിയുടെ നിർബന്ധത്തിനു വഴങ്ങി, അയാൾ മനസ്സില്ലാമനസ്സോടെ അമ്മയോട് കാര്യം പറഞ്ഞു.

രാത്രിയിൽ അത്താഴം കഴിഞ്ഞ് ,ഉമ്മറത്ത് ഉലാത്തുകയായിരുന്ന , ഗിരിയുടെ അടുത്തേക്ക്, രേവതി ഫോണുമായി ഓടിവന്നു.

“നിങ്ങൾ എൻറെ അമ്മയോട് എന്തൊക്കെയോ മനുഷ്യ വിളിച്ചുപറഞ്ഞത്”

“അതോ, ഞാൻ ഉള്ള സത്യം പറഞ്ഞു, എനിക്ക് കള്ളം പറഞ്ഞു ശീലമില്ല,അമ്മയിവിടെ വരുന്നതും നിൽക്കുന്നതുമൊന്നും നിനക്ക് ഇഷ്ടമല്ലന്ന് ഞാൻ പറഞ്ഞു”

“അതിന് രാവിലെ നിങ്ങളെ വിളിച്ചത് എൻറെ അമ്മ ആയിരുന്നോ?

“അതെ, നിൻറെ അമ്മ ആയിരുന്നു”

“എന്നിട്ട് ,അതെന്താ എന്നോട് പറയാതിരുന്നത്?

“അതിനു നീ എന്നോട് ചോദിച്ചില്ലല്ലോ, ആരുടെ അമ്മയാണെന്ന്, ഞാൻ രണ്ട് അമ്മമാരെയും അമ്മ എന്ന് തന്നെയാ വിളിക്കുന്നത്”

“എന്റെ ഈശ്വരാ … ഇനി ഞാൻ എൻറെ അമ്മയെ എന്തു പറഞ്ഞു സമാധാനിപ്പിക്കും, ഞാൻ വിളിച്ചപ്പോൾ വിഷമം കൊണ്ട് അമ്മ പൊട്ടിക്കരഞ്ഞു പോയി”

“ഓഹോ നിന്റെ അമ്മയ്ക്ക് വേദനിച്ചപ്പോൾ, നിനക്ക് വിഷമം ഉണ്ടായി അല്ലേ?ഇതുപോലെ തന്നെയാണ് എല്ലാ അമ്മമാരുടെയും കാര്യം, ഇനിയെങ്കിലും രണ്ട് അമ്മമാരെയും നീ ഒരേ കണ്ണിലൂടെ കാണാൻ ശ്രമിക്ക്”

വെട്ടു പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് മനസ്സിലായ അയാൾ അകത്തേക്ക് കയറിപ്പോയി.