വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ലേഖ ടീച്ചർ, സാരി മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്തത്…

Story written by Saji Thaiparambu

=================

വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ലേഖ ടീച്ചർ, സാരി മാറ്റി കൊണ്ടിരിക്കുമ്പോഴാണ്, മൊബൈൽ റിങ്ങ് ചെയ്തത്

സ്ക്രീനിൽ ഹെഡ്മിസ്ട്രസ്സിൻ്റെ നമ്പര് കണ്ടപ്പോൾ ഉദ്വേഗത്തോടെയാണ് ലേഖ ഫോൺ അറ്റൻ്റ് ചെയ്തത്

എന്താ ടീച്ചറേ ഈ രാത്രിയിൽ വിളിച്ചത്?

അല്ല ലേഖ ടീച്ചറേ … 9 B യിലേയും 9 A യിലെയും എക്സാം ഫീസ് ഇന്ന് ടീച്ചറ് തന്നെയല്ലേ പിരിച്ചത്

ആ ചോദ്യം കേട്ട് ലേഖ ടീച്ചർ ചെറുതായൊന്ന് ഞെട്ടി.

അതെ ടീച്ചറേ ..എല്ലാവരും ഫീസടച്ചായിരുന്നു, എന്താ ടീച്ചറേ ?

എന്നിട്ട് ആ തുക ടീച്ചറ് ഓഫീസ് റൂമിലെ ചെസ്റ്റിൽ തന്നെ കൊണ്ട് വച്ചായിരുന്നോ?

ലേഖ ടീച്ചർ വീണ്ടും ഞെട്ടി

ങ്ഹാ അത് പിന്നെ ടീച്ചറേ.. ഞാനത് ചെസ്റ്റിൽ വയ്ക്കാൻ മറന്നു പോയി, എൻ്റെ ബാഗിലിരിപ്പുണ്ടായിരുന്നു വീട്ടിലെത്തിയപ്പോഴാണ് ശ്രദ്ധിക്കുന്നത് ,അത് ഞാൻ വീട്ടിലെ അലമാരയിൽ ഭദ്രമായി സൂക്ഷിച്ച് വച്ചിട്ടുണ്ട് ഇനിയിപ്പോൾ രണ്ട് ദിവസം അവധിയല്ലേ തിങ്കളാഴ്ചയല്ലേ ബാങ്കിൽ അടയ്ക്കുകയുള്ളു

ലേഖ ഒരു വിധം പറഞ്ഞൊപ്പിച്ചു

ടീച്ചറേ..നിങ്ങൾ എന്ന് മുതലാ കളവ് പറയാൻ തുടങ്ങിയത് ? ആ കാശ് ടീച്ചറുടെ ക്ളാസ്സിലെ സുമേഷിൻ്റെ ബാഗിൽ നിന്ന് ഷാഡോ പോലീസിന് കിട്ടിയല്ലോ?

ങ്ഹേ ഷാഡോ പോലീസിനോ? അതെങ്ങനെ ?

ലേഖ ടീച്ചർ സതബ്ധയായി നിന്ന് പോയി

ടീച്ചർക്കറിയില്ലേ എല്ലാ സ്കൂളിൻ്റെ മുന്നിലും ഇപ്പോൾ ഷാഡോ പോലീസിനെ നിയോഗിച്ചിട്ടുണ്ട് ,അത് കുട്ടികൾ ല ഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ പുറത്ത് നിന്ന് ആരെങ്കിലുമത് എത്തിക്കുന്നുണ്ടോ എന്നൊക്കെ അറിയാനാണത്, അങ്ങനെ ഇന്നവർ, സ്കൂള് വിട്ട് വെളിയിലേക്കിറങ്ങിയ വിദ്യാർത്ഥികളുടെയെല്ലാം ബാഗ് പരിശോധിക്കുകയുണ്ടായി, അപ്പോഴാണ് സുമേഷിൻ്റെ ബാഗിൽ നിന്ന് പതിനായിരത്തിയഞ്ഞൂറ് രൂപ കിട്ടുന്നത് ,ആദ്യമൊക്കെ പലതും പറഞ്ഞ് ഒഴിവാകാൻ നോക്കിയിട്ട് പിന്നെ പറഞ്ഞു അവന് കളഞ്ഞ് കിട്ടിയതാണെന്ന് ,ഒടുവിൽ പോലീസുകാർ പേടിപ്പിച്ചപ്പോൾ ലേഖ ടീച്ചറ് സഹായിക്കാൻ കൊടുത്തതാണെന്ന് മാറ്റി പറഞ്ഞു, അപ്പോൾ പോലീസുകാർക്ക് ആകെ സംശയമായി ,അങ്ങനെ അവനെയും കൊണ്ടവർ എൻ്റെ റൂമിലേക്ക് വന്നു ,അങ്ങനെ ഞാൻ ചെസ്റ്റ് പരിശോധിച്ചപ്പോൾ ലേഖ ടീച്ചറ് പിരിച്ച കാശ് മാത്രം അവിടെ കാണുന്നില്ല ,അത് കൊണ്ടാണ് സത്യമെന്താണെന്നറിയാൻ ഞാൻ ടീച്ചറെ വിളിച്ചത്, അവൻ പറഞ്ഞത് സത്യമാണെങ്കിൽ ടീച്ചറെന്തിനാ സർക്കാരിലേക്ക് അടയ്ക്കാനുള്ള പൈസയെടുത്ത് സുമേഷിനെ സഹായിച്ചത്, അത് തെറ്റല്ലേ?

അത് പിന്നെ ടീച്ചറേ .. എന്നോട് ക്ഷമിക്കു ,എനിക്കങ്ങനെ ചെയ്യേണ്ടി വന്നു ,നടന്നതെന്താണെന്ന് ഞാൻ പറയാം

ലേഖ ടീച്ചറുടെ മനസ്സിലേക്ക്, അന്ന് പകല് ,തൻ്റെ ക്ളാസ്സിലെ ലാസ്റ്റ് പീരീഡിൽ സംഭവിച്ച കാര്യങ്ങൾ ഓടിയെത്തി

കുട്ടികൾ, എക്സാംഫീസായി തന്നെ ഏല്പിച്ച നോട്ടുകൾ എണ്ണികൊണ്ടിരിക്കുമ്പോഴാണ് അവസാനബെല്ല് മുഴങ്ങിയത്, ഉടൻ തന്നെ ജനഗണമന മുഴങ്ങുകയും താനും കുട്ടികളും അറ്റൻഷനാവുകയും ചെയ്തു

അതിന് ശേഷമുള്ള ബെല്ല് കേൾക്കേണ്ട താമസം കുട്ടികളെല്ലാം ആരവത്തോടെ ക്ളാസ്സിൽ നിന്നിറങ്ങിപ്പോയി

പക്ഷേ സെക്കൻ്റ്ബെഞ്ചിലെ സുമേഷ് മാത്രം പോകാതെ അവിടെ തന്നെയിരുന്നപ്പോൾ താൻ അവനോട് കാരണം അന്വേഷിച്ചു

ഇന്ന് ഞങ്ങടെ വീട്ട് വാടക കൊടുക്കേണ്ട അവസാന ദിവസമാണ് ടീച്ചറേ .. അച്ഛന് വരുമാനമില്ലാത്തത് കൊണ്ട് ആറ് മാസത്തെ വാടകക്കുടിശ്ശികയുണ്ട്, ഹൗസ് ഓണറോട്, അച്ഛൻ കുറച്ച് സാവകാശം ചോദിച്ചിരുന്നു, അത് പ്രകാരം അയാൾ കഴിഞ്ഞയാഴ്ച വന്നപ്പോഴും അച്ഛന് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല അവസാനം അയാളൊരു ലാസ്റ്റ്ഡേറ്റ് പറഞ്ഞിരുന്നു അതിനുള്ളിൽ വാടക കൊടുത്തില്ലെങ്കിൽ വീട്ടിൽ നിന്നിറക്കി വിടുമെന്ന് ഭീഷണി മുഴക്കിയിട്ടാണ് അന്ന് പോയത്. ആ ദിവസം ഇന്നാണവസാനിക്കുന്നത്. ഇന്നയാൾ ഞങ്ങളെ തെരുവിലേക്ക് ഇറക്കിവിടും നാളത്തെ ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കിൽ ഞങ്ങടെ പശുവിനെ വാങ്ങി കൊണ്ട് പോയ ആള് ഞായറാഴ്ച കാശുമായി വരാമെന്നേറ്റിട്ടുണ്ടായിരുന്നു പക്ഷേ ഹൗസ് ഓണർ ഇനി അവധി തരില്ല ,അത് കൊണ്ട് എനിക്ക് വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല ടീച്ചർ

അത് കേട്ട് എനിക്ക് വല്ലാത്ത പ്രയാസം തോന്നി ,പക്ഷേ അവനെ സഹായിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ലായിരുന്നു ,ഞാനീ സ്കൂളിൽ ജോയിൻ ചെയ്തിട്ട് ആറ് മാസമായെങ്കിലും അതിനുള്ളിൽ കിട്ടിയ ശബ്ബളമൊക്കെ അമ്മയുടെ ചികിത്സയ്ക്കായി അച്ഛൻ പലരിൽ നിന്നും കടം വാങ്ങിയത് കൊടുത്ത് തീർക്കാൻ പോലും കഴിഞ്ഞിട്ടില്ല ,ഇനി അടുത്തമാസത്തെ ശബ്ബളം കിട്ടിയിട്ട് വേണം അമ്മയെ ചെക്കപ്പിന് കൊണ്ട് പോകാൻ പക്ഷേ എൻ്റെ മുന്നിൽ നിസ്സഹായനായിരിക്കുന്ന സുമേഷിനെ സഹായിക്കാതിരിക്കാനും എനിക്ക് കഴിയില്ലായിരുന്നു

അപ്പോഴാണ് എക്സാം ഫീസായി ഞാൻ കളക്ട് ചെയ്ത് വച്ച പതിനായിരത്തിലധികം വരുന്ന തുകയെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചത്

ഈ തുക എന്തായാലും തിങ്കളാഴ്ചയെ ബാങ്കിലടയ്ക്കുകയുള്ളു , നാളെയും മറ്റന്നാളും അവധി ദിവസങ്ങളായത് കൊണ്ട് ആർക്കും പ്രയോജനമില്ലാതെ ഇത് ,ഓഫീസ് മുറിയിലെ ചെസ്റ്റിൽ വെറുതെ ഇരിക്കുകയേ ഉള്ളു ,അപ്പോൾ ഈ നോട്ടുകൾക്ക് വെറും കടലാസിൻ്റെ വിലയേ ഉണ്ടാവു, പക്ഷേ ഇത് രണ്ട് ദിവസത്തേക്ക് സുമേഷിന് കൊടുത്ത് സഹായിച്ചാൽ കുറച്ച് മനുഷ്യരുടെ സങ്കടങ്ങൾക്ക് താല്കാലിക പരിഹാരമെങ്കിലുമാകുമെന്ന് എനിക്ക് തോന്നി

ആ ഒരു ചിന്തയാണ് ‘ എന്നെ കൊണ്ട് ഇന്ന് അങ്ങനൊരു സാഹസം ചെയ്യിച്ചത്

വീട്ടിലേക്ക് പോയാൽ തെരുവിലിറങ്ങേണ്ടി വരുമെന്ന് പറഞ്ഞ് പേടിച്ചിരിക്കുന്ന സുമേഷിൻ്റെ കൈയ്യിലേക്ക് ഞാനാണ് ആ തുക വച്ച് കൊടുത്തത്

ഇത് പതിനായിരത്തിയഞ്ഞൂറ് രൂപയുണ്ട് ,തത്ക്കാലമിത് ഹൗസ് ഓണർക്ക് കൊടുക്കാൻ അച്ഛനോട് പറയ് ,ഞായറാഴ്ച പശുവിനെ വിറ്റ കാശ് കിട്ടുമ്പോൾ ,നീയീ തുക തിരിച്ച് എൻ്റെ വീട്ടിൽ കൊണ്ട് തന്നാൽ മതി ,തിങ്കളാഴ്ച ഞാൻ ഓഫീസിൽ ഏല്പിച്ചോളാം, പക്ഷേ ആരുമിതറിയരുതെന്നും നല്ലൊരു കാര്യത്തിനാണെങ്കിലും നമ്മൾ ചെയ്യുന്നത് തെറ്റ് തന്നെയാണെന്നും ഞാനവനോട് പറഞ്ഞിരുന്നു,

അവനോട് കാര്യങ്ങൾ ബോധിപ്പിച്ച് വിടുമ്പോൾ മനസ്സിനൊരാശ്വാസം തോന്നിയിരുന്നു,പണ്ട് എൻ്റെ ജീവിതത്തിലും ഇത് പോലൊരു കുടിയിറക്ക് ഭീഷണി ഉണ്ടായിട്ടുണ്ട് ടീച്ചറേ… അന്ന് ഞാനും ഒരുപാട് വേദനിച്ചിട്ടുണ്ട്,

ലേഖ ടീച്ചർ ഈ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലാകും പക്ഷേ നമ്മുടെ ഡിപ്പാർട്ട്മെൻ്റോ പോലീസോ ഇതൊന്നും വിശ്വസിക്കില്ല ,കുട്ടികളിൽ നിന്ന് പിരിച്ചെടുത്ത ഫീസ് സൂക്ഷിക്കേണ്ടത് ഓഫീസിലാണ്, അത് സ്വന്തം ആവശ്യത്തിന് തിരിമറി നടത്താൻ ജീവനക്കാരായ നമുക്ക് യാതൊരു അധികാരവുമില്ല ,ഈ സംഭവം നാളെ മാധ്യമങ്ങളിലൊക്കെ വരും ,പോലീസിൻ്റെയൊപ്പംവിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും ,ഒടുവിൽ ടീച്ചർക്ക് സസ്പെൻഷനും കിട്ടും , അത് കൊണ്ട് ഞാനൊരു കാര്യം പറയാം ,ടീച്ചറ് എന്നെ ഏല്പിക്കാനായി ,എക്സാം ഫീസ് മുഴുവനും സുമേഷിൻ്റെ കൈയ്യിൽ കൊടുത്ത് വിട്ടതാണെന്നും, അവനത് എന്നെ ഏല്പിക്കാതെ കടന്ന് കളഞ്ഞതാണെന്നും പറയാം ഇല്ലെങ്കിൽ അറിയാമല്ലോ ? ടീച്ചറ് പ്രൊബേഷൻ പിരീഡ് പോലും കഴിഞ്ഞിട്ടില്ല ഇപ്പോൾ ഒരു സസ്പെൻഷൻ കിട്ടിയാൽ അത് ജോലിയെ തന്നെ ബാധിക്കും, എന്ത് പറയുന്നു?

എച്ച്എമ്മ് പറഞ്ഞത് കേട്ട് ലേഖ ടീച്ചർ ആകെ ധർമ്മസങ്കടത്തിലായി .ഒരുപാട് കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയത് അതിന് വേണ്ടി അച്ഛനും അമ്മയും ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് തൻ്റെ കുടുംബത്തിലെ ഏക വരുമാനവും ഈയൊരു ജോലിയാണ് പക്ഷേ താൻ തൻ്റെ ഭാഗം സേഫാക്കുമ്പോൾ നിരപരാധിയായൊരു വിദ്യാർത്ഥിയുടെ ഭാവിയാണ് നശിച്ചുപോകുന്നത് ,കള്ളനെന്ന് പേര് വീണാൽ, അവനെ മാത്രമല്ല, അവൻ്റെ കുടുംബത്തെ പോലും ജീവിതകാലം മുഴുവൻ ആ കളങ്കം വേട്ടയാടി കൊണ്ടിരിക്കും, അങ്ങനെ സംഭവിക്കാൻ പാടില്ല ,കുട്ടികൾക്ക് നന്മ പറഞ്ഞ് പഠിപ്പിക്കേണ്ട അദ്ധ്യാപിക സ്വാർത്ഥ ലാഭത്തിനായി ഒരിക്കലും കളവ് പറയാൻ പാടില്ല

വേണ്ട ടീച്ചർ.. അവൻ പറഞ്ഞത് തന്നെയാണ് യാഥാർത്ഥ്യമെന്ന് എല്ലാവരോടും പറഞ്ഞോളു ,രാവിലെ ഞാൻ സ്റ്റേഷനിൽ ഹാജരായിക്കോളാം നിരപരാധിയായ അവനെ വെറുതെ വിടാൻ പോലീസുകാരോട് പറയണം

അതും പറഞ്ഞ് ഒരു പൊട്ടിക്കരച്ചിലോടെ ടീച്ചർ ഫോൺ കട്ട് ചെയ്തു

ആ സ്കൂളിൻ്റെ ഓഫീസ് മുറിയിലിരുന്ന് എച്ച്എമ്മിൻ്റെ ഫോണിലെ സ്പീക്കറിൽനിന്നും ഷാഡോ പോലീസും മറ്റുള്ളവരും ലേഖ ടീച്ചർ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു. പോലീസിൻ്റെ നിർദ്ദേശപ്രകാരം അവർ എഴുതി കൊടുത്തത് പോലെയായിരുന്നു എച്ച് എമ്മ് അത് വരെ ലേഖ ടീച്ചറോട് സംസാരിച്ച് കൊണ്ടിരുന്നത് , സത്യമെന്താണെന്നറിയാനും ടീച്ചർ ക്രിമിനൽ മൈൻഡുള്ള വ്യക്തിയാണോ എന്നറിയാനും കൂടിയായിരുന്നു എച്ച് എമ്മിനെ കൊണ്ടവർ അങ്ങനെയൊക്കെ പറയിപ്പിച്ചത് .

എന്തായാലും ലേഖ ടീച്ചറും സുമേഷും അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ബോധ്യമായതിൻ്റെ അടിസ്ഥാനത്തിൽ നടപടികളൊന്ന്മുണ്ടാകാതെ ആ കേസ് അവിടെ അവസാനിച്ചു.

NB :- നന്മ നിറഞ്ഞ ലേഖ ടീച്ചറുടെ ഓർമ്മയ്ക്കായി അദ്ധ്യാപക ദിനത്തിൽ ഗുരുക്കൻമാർക്കായി ഞാനീ കഥ സമർപ്പിക്കുന്നു.