എല്ലാവരുടെയും മുന്നിലൂടെ അവളെയും പിന്നിൽ വച്ച് പോകാൻ മാത്രം എന്ത് ബന്ധമാണ് അവര് തമ്മിലുള്ളത്…

Story written by Saji Thaiparambu

==========

മാഷേ… നിങ്ങളെന്തിനാ ആ സയൻസ് ബാച്ചിലെ കുട്ടിയോട് ഇത്ര അടുപ്പം കാണിക്കുന്നത് വെറുതെ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനായിട്ട്

ലഞ്ച് കഴിച്ച് കൊണ്ടിരിയ്ക്കുമ്പോഴാണ് ഇന്ദു ടീച്ചർ, സേതുമാഷിനോട് നീരസത്തോടെയത് ചോദിച്ചത്. നേരിയ അമ്പരപ്പോടെ മാഷ് ചുറ്റിനും നോക്കി ,ഭാഗ്യം മറ്റുള്ളവരൊക്കെ പാത്രം കഴുകാനായി പൈപ്പിൻ ചുവട്ടിലേക്ക് പോയിരുന്നു

ഏത് കുട്ടിയുടെ കാര്യമാ ടീച്ചറ് ചോദിക്കുന്നത് ?

മനസ്സിലാകാത്തത് പോലെ മാഷ് അഭിനയിച്ചു

രാവിലെ നമ്മളൊന്നിച്ച് കയറി വന്നപ്പോൾ കോറിഡോറിൽ വച്ച് മാഷിനെ തടഞ്ഞ് നിർത്തി സംസാരിച്ചില്ലേ? ആ കുട്ടിയുടെ കാര്യമാ ചോദിച്ചത്

ഓഹ് അനഘയുടെ കാര്യമാണോ? അതൊരു പൊട്ടിപ്പെണ്ണാ ചുമ്മാ എപ്പോഴും ഒരോരോ സംശയമാ ആ കുട്ടിക്ക്

ഉം നല്ല ചുട്ട പെട കൊടുക്കാത്തത് കൊണ്ടാണ്, എന്നോടെങ്ങാനുമായിരിക്കണം…

ഒരു മുന്നറിയിപ്പ് പോലെ ടീച്ചർ പറഞ്ഞത് കേട്ട് മാഷ് ചിരിച്ച് തള്ളി

ചെറുപ്പക്കാരും അവിവാഹിതരുമായ സേതുവും ,ഇന്ദുവും ആ ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകരാണ്.

സുമുഖനും സൽസ്വഭാവിയുമായ സേതുമാഷിനോട് ഇന്ദു ടീച്ചർക്ക് ഉള്ള് നിറയെ പ്രണയമുണ്ട്, അത് സേതുമാഷിനുമറിയാം, പക്ഷേ എന്ത് കൊണ്ടോ, ടീച്ചറിത് വരെ മാഷിനോടത് തുറന്ന് പറഞ്ഞിട്ടില്ല.

ലാസ്റ്റ് പിരീഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ ഇന്ദു ടീച്ചർ, ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോഴാണ് ,പാർക്കിങ്ങ് ഏരിയയിൽ വച്ച് ,സേതു മാഷിൻ്റെ ബൈക്കിന് പിന്നിൽ അനഘ കയറിയിരിക്കുന്നതും, മാഷ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഗെയ്റ്റ് കടന്ന് പോകുന്നതും കണ്ടത് ,

അത് കണ്ട ടീച്ചറുടെ ഉള്ളിൽ പെരുമ്പറ മുഴങ്ങി ,തൻ്റെ വാക്കുകൾക്ക്, മാഷ് പുല്ലുവില പോലും കല്പിച്ചില്ലല്ലോ എന്നോർത്ത് അവൾക്ക് കടുത്ത നിരാശ തോന്നി

എല്ലാവരുടെയും മുന്നിലൂടെ അവളെയും പിന്നിൽ വച്ച് പോകാൻ മാത്രം എന്ത് ബന്ധമാണ് അവര് തമ്മിലുള്ളത്?

ഈശ്വരാ ..താൻ കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കണ്ടവര് കൊണ്ട് പോകുമോ? എത്ര അവസരങ്ങൾ മുന്നിൽ വന്നതാണ്, എന്നിട്ടും തനിക്കദ്ദേഹത്തോട് സ്നേഹമാണന്ന് ഒരിക്കൽ പോലും പറയാൻ തോന്നിയില്ലല്ലോ?

ചിലപ്പോൾ ആ കുട്ടിയോട് അദ്ദേഹത്തിന് അടുപ്പമൊന്നുമുണ്ടാവില്ല, എല്ലാം തൻ്റെ തെറ്റിദ്ധാരണയായിരിക്കും, എന്തായാലും നാളെ തന്നെ അദ്ദേഹത്തിൻ്റെ മുന്നിൽ തൻ്റെ ഉളള് തുറക്കണം

ആ ദൃഡനിശ്ചയത്തോടെയാണ് ടീച്ചറന്ന് വീട്ടിലേക്ക് മടങ്ങിയത് .

പക്ഷേ പിറ്റേ ദിവസം സ്കൂളിലെത്തിയപ്പോഴാണ് മാഷ് ലീവാണെന്നറിയുന്നത്

ഉത്ക്കണ്ഠയോടെ ടീച്ചർ ,മാഷിൻ്റെ മൊബൈലിലേക്ക് വിളിച്ചു

ങ്ഹാ ടീച്ചറേ…

അങ്ങേ തലയ്‌ക്കൽ കേട്ട മാഷിൻ്റെ ശബ്ദത്തിന് പതർച്ചയുണ്ടന്ന് ടീച്ചർക്ക് തോന്നി

എന്ത് പറ്റി മാഷേ എന്തിനാ ലീവെടുത്തത്

ഓഹ് ഒന്നുമില്ല ചെറിയൊരു പനി ,ഇന്നലെ ലേശം മഴ നനഞ്ഞിരുന്നു ,അതത്ര കാര്യമാക്കിയിരുന്നില്ല, പക്ഷേ നേരം വെളുത്തപ്പോൾ നല്ല ചൂടും, ശരീരം വേദനയും, ഞാനൊരു പാരസെറ്റമോൾ കഴിച്ചിട് കിടക്കുവാ ,കുറച്ച് കഴിയുമ്പോൾ മാറിയേക്കും

അയ്യോ മാഷേ .. നിങ്ങളവിടെ തനിച്ചല്ലേ ഉള്ളു എന്തേലും അത്യാവശ്യം വന്നാലോ?

മാഷിൻ്റെ തറവാട്, അയൽ ജില്ലയിലായത് കൊണ്ടും, എന്നും പോയി വരാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ടും, സ്കൂളിൽ നിന്ന് കുറച്ചകലെ ഒരു വാടക വീട്ടിൽ മാഷ് ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നറിയാവുന്നത് കൊണ്ടാണ് ടീച്ചർ അങ്ങനെ ചോദിച്ചത്

ഹേയ് എന്തത്യാവശ്യം വരാനാ? അഥവാ എന്തേലും ആവശ്യം വന്നാൽ, ഞാൻ ടീച്ചറെ വിളിക്കാം പോരെ?

അത് കേട്ട് ഇന്ദു ടീച്ചറുടെ ഉള്ളിൽ ഒരു കുളിർ കാറ്റ് വീശി

ഓകെ മാഷെ ,എന്നാൽ ഞാൻ പിന്നെ വിളിക്കാം

ഫോൺ കട്ട് ചെയ്ത ടീച്ചർ നേരെ തൻ്റെ ക്ളാസ്സ് റൂമിലേക്ക് പോയി

ഉച്ചഭക്ഷണത്തിന് മറ്റുള്ളവരോടൊപ്പമിരിക്കുമ്പോഴും ഇന്ദു ടീച്ചർക്ക് മാഷിനെ വല്ലാതെ മിസ്സ് ചെയ്തു ,വൈകുന്നേരം വീട്ടിലേക്ക് പോകും വഴി മാഷിനെ ഒന്ന് പോയി കാണണമെന്ന് അവൾ തീരുമാനിച്ചു

ഉച്ചയ്ക്ക് ശേഷം ഫസ്റ്റ് പിരീഡ് എടുക്കേണ്ട ക്ളാസ്സ് ടീച്ചർ ഇല്ലാതിരുന്നത് കൊണ്ട് ,അനഘയുടെ ക്ളാസ്സിലേക്ക് പോകാൻ ഇന്ദു ടീച്ചറോട് പ്രിൻസിപ്പാൾ പറഞ്ഞു.

ക്ളാസ്സിലെത്തിയ ഇന്ദുടീച്ചർ ,മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ സാകൂതം വീക്ഷിച്ചു

അവരുടെ കൂട്ടത്തിൽ അനഘയെ കാണാതിരുന്നപ്പോൾ ടീച്ചർക്ക് വല്ലാത്തൊരാശങ്ക തോന്നി

അല്ല ഈ ക്ളാസ്സിലല്ലേ അനഘയെന്ന കുട്ടി പഠിക്കുന്നത് ?

ആകാംക്ഷയോടെ ടീച്ചർ മറ്റ് കുട്ടികളോട് ചോദിച്ചു

അതെ ടീച്ചർ, വയറ് വേദനയാണെന്ന് പറഞ്ഞവൾ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പോയി,

മുൻ ബഞ്ചിലിരുന്ന കുട്ടിയാണ് അത് പറഞ്ഞത്

പക്ഷേ ഓഫീസ് റൂമിലെ കൊയിൻ ബോക്സിൽ നിന്ന് ആരെയോ വിളിച്ചതിന് ശേഷമാണ് പെട്ടെന്നവൾക്ക് വയറ് വേദന വന്നത്

പിന്നിലിരുന്നാരോ വിളിച്ച് പറഞ്ഞപ്പോൾ ക്ളാസ്സിൽ കൂട്ടച്ചിരി മുഴങ്ങി

സൈലൻ്റ്സ്

ടീച്ചർ ചൂരലെടുത്ത് മേശമേൽ അടിച്ച് കൊണ്ട് പറഞ്ഞു

പിൻബഞ്ചിലിരുന്ന കുട്ടി പറഞ്ഞ കാര്യവും അത് കേട്ട് മറ്റുള്ളവർ ചിരിച്ചതും ഇന്ദു ടീച്ചറുടെയുള്ളിൽ ഒരു കനലായ് കിടന്നു

അവസാന പിരീഡ് ക്ളാസില്ലാത്തത് കൊണ്ട് ഇന്ദു ടീച്ചർ വൈകുന്നേരം നേരത്തെ ഇറങ്ങി

സേതുമാഷിൻ്റെ വീടിന് മുന്നിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ, ഇന്ദു ടീച്ചർക്ക് സാധാരണയിൽ കവിഞ്ഞ നെഞ്ചിടിപ്പ് തോന്നി.

കോളിങ്ങ് ബെല്ലമർത്തിയിട്ട് നേരിയ ലജ്ജയോടെയാണവൾ മാഷിനെ കാത്ത് നിന്നത്

കുറച്ച് കഴിഞ്ഞപ്പോൾ വന്ന് ഡോറ് തുറന്നയാളെ കണ്ട് ടീച്ചർ ഞെട്ടി

സ്കൂൾ യൂണിഫോമണിഞ്ഞ അനഘയായിരുന്നത്

നീയെന്താ എവിടെ ?

ഉള്ളിലെ വെറുപ്പും ദേഷ്യവും പുറത്ത് കാണിക്കാതെ ടീച്ചർ ചോദിച്ചു

അത് പിന്നെ ഞാൻ …

തന്നെ കണ്ടപ്പോൾ അവൾ വിളറുന്നതും മറുപടി പറയാൻ പരുങ്ങുന്നതും കണ്ട് ടീച്ചർക്ക് ജിജ്ഞാസ കൂടി

ചോദിച്ചത് കേട്ടില്ലേ? വയറ് വേദനയാണെന്ന് പറഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ നീ വീട്ടിൽ പോകാതെ ഇങ്ങോട്ട് വന്നതെന്തിനാന്നാ ചോദിച്ചത്?

അതിന് മറുപടി പറയാതെ സങ്കടം മുറ്റിയ മുഖവുമായവൾ പുറത്തേയ്ക്കിറങ്ങി പോവുകയാണ് ചെയ്തത്

ങ്ഹാ ടീച്ചറോ ? കയറി വാ ടീച്ചറേ …

അപ്പോഴേക്കും സേതുമാഷ് അകത്ത് നിന്നിറങ്ങി വന്നു

ഇല്ല മാഷേ.. ഇവിടെ വരുന്നത് വരെ, എൻ്റെ മനസ്സ് നിറയെ മാഷിനോട് ഒരുതരം ആരാധനയായിരുന്നു എനിക്ക് നിങ്ങളോടുള്ള സ്നേഹം കൊണ്ടുള്ള ആരാധനയായിരുന്നത് ആ സ്നേഹത്തെ കുറിച്ച് നിങ്ങളോട് തുറന്ന് പറയാനാണ് ഞാൻ ഓടി വന്നത് ,പക്ഷേ ഒരിക്കലും കാണാൻ പാടില്ലാത്തതാണ് ഈശ്വരൻ എൻ്റെ കൺമുന്നിൽ കാണിച്ച് തന്നത് ,ഇപ്പോൾ എല്ലാം മനസ്സിലായി മാഷേ .. ഞാനിവിടെ വരാൻ പാടില്ലായിരുന്നു ,സോറി മാഷേ ഞാനിറങ്ങുന്നു

ഒന്ന് നില്ക്കു ടീച്ചർ ,ധൃതിയില്ലെങ്കിൽ എനിക്ക് ടീച്ചറോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് ,ഇത് വരെ ഞാനാരോടും പറയാതിരുന്ന എൻ്റെ ഭൂതകാലത്തെക്കുറിച്ച് ടീച്ചറെങ്കിലും അറിയണമെന്ന് എനിക്കിപ്പോൾ തോന്നുന്നു, അല്ലെങ്കിൽ, ചിലപ്പോൾ ടീച്ചറെ ന്നെയും അനഘയെയും വല്ലാതെ തെറ്റിദ്ധരിച്ച് പോകും

സോറി മാഷേ.. എനിക്ക് പോകണം, വീട്ടിലെത്താൻ താമസിച്ചാൽ അമ്മ പേടിക്കും

അയാളെ കേൾക്കാൻ നില്ക്കാതെ പൊടുന്നനെ ഇന്ദു ടീച്ചർ ഗേറ്റിനടുത്തേക്ക് നടന്നു

ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങുമ്പോൾ അനഘ അവളെ കാത്ത് അവിടെ നില്പുണ്ടായിരുന്നു

ടീച്ചർ ഒന്ന് നില്ക്കു നേരത്തെ എന്നോട് ചോദിച്ചില്ലേ ഞാനെന്തിനാ ഇവിടെ വന്നതെന്ന് ,ഞാനെൻ്റെ അച്ഛനെ കാണാൻ വന്നതാ ടീച്ചറേ?

ങ്ഹേ അച്ഛനോ? അതാരാ ?

സേതുമാഷാണ് ടീച്ചർ എൻ്റെ അച്ഛൻ, അത് ഞാനറിയുന്നത് ഇപ്പോൾ മാത്രമാണ് ,ഇന്ന് മാഷ് സ്കൂളിൽ വരാതിരുന്നത് കൊണ്ട് അതെന്താണെന്നറിയാനാണ് ഉച്ചയ്ക്ക് ഞാൻ സ്കൂളിലെ കൊയിൻ ബോക്സിൽ നിന്ന് മാഷിൻ്റെ ഫോണിലേക്ക് വിളിച്ചത്, അപ്പോൾ മാഷ് പറഞ്ഞു ,കഴിയുമെങ്കിൽ ക്ളാസ്സ്കഴിയുമ്പോൾ ഇവിടെ വരെയൊന്ന് വരണമെന്ന് ,എന്തിനാന്ന് ചോദിച്ചപ്പോൾ ,വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണന്ന് മാത്രം പറഞ്ഞു, അത് കേട്ടപ്പോൾ മുതൽ എനിക്ക് ജിജ്ഞാസ സഹിക്കാനായില്ല ,അത് കൊണ്ടാണ്, ഞാൻ കളവ് പറഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയത് ,ടീച്ചറിത് മറ്റാരോടും പറയരുത്, എൻ്റെ അച്ഛനെ വെറുക്കുകയും ചെയ്യരുത്

അനഘ പറഞ്ഞത് കേട്ട് ഇന്ദു സ്തബ്ധയായി നിന്ന്പോയി.

ഞെട്ടലിൽ നിന്ന് മുക്തയായപ്പോൾ അനഘ ദൂരേക്ക് നടന്ന് മറയുന്നതാണ് ഇന്ദു കണ്ടത്

വിറയ്ക്കുന്ന കാലുകളോടെ അതിൻ്റെ നിജസ്ഥിതി അറിയാനായി, ഇന്ദു സേതുമാഷിൻ്റെ അരികിലേക്ക് തിരിച്ച് നടന്നു.

അവൾ പറഞ്ഞത് ശരിയാണ് ടീച്ചർ ,

ടീച്ചറുടെ ചോദ്യത്തിന് സേതുമാഷ് മറുപടി പറഞ്ഞു

എനിക്കൊന്നും മനസ്സിലാകുന്നില്ല മാഷേ.. നിങ്ങൾ അവിവാഹിതനാണെന്നല്ലേ എല്ലാവരോടും പറഞ്ഞത്?

അതെ ,അത് സത്യമാണ് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാനൊരച്ഛനാനെന്നറിയുന്നത് എൻ്റെ പതിനെട്ടാമത്തെ വയസ്സിലാണ് ,പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഞാനൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഫൈനൽ എക്സാം കഴിഞ്ഞ് കോളേജിൽ നിന്ന് എല്ലാവരും പിരിഞ്ഞ് പോയെങ്കിലും ഞങ്ങൾക്ക് മാത്രം വീട്ടിലേക്ക് പോകാൻ മനസ്സ് വന്നില്ല ,അന്ന് പിരിഞ്ഞാൽ പിന്നെ ഉടനെയൊന്നും പരസ്പരം കാണാൻ കഴിയില്ലെന് ഞങ്ങൾക്കറിയാമായിരുന്നു. കാരണം ,പ്രീഡിഗ്രി കഴിഞ്ഞാലുടനെ ബോംബെയിലുള്ള അമ്മാവൻ്റെയടുത്തേക്ക് ചെല്ലണമെന്നും എനിക്കവിടെയൊരു കമ്പനിയിൽ അമ്മാവൻ ചെറിയൊരു ജോലി ശരിയാക്കി വച്ചിട്ടുണ്ടെന്നും പറഞ്ഞാണ് അമ്മ അന്നെന്നെ കോളേജിലേക്കയച്ചത്, ചെറുപ്പം മുതലേ എന്നെ വളർത്താൻ അമ്മ നന്നായി കഷ്ടപ്പെടുന്നുണ്ടെന്നറിയാവുന്ന എനിക്ക് അമ്മയുടെ വാക്കുകളെ ധിക്കരിക്കാൻ കഴിയില്ലായിരുന്നു അക്കാര്യം അന്ന് വൈകുന്നേരമാണ് അവളോട്പറഞ്ഞത് , അതോടെ അവൾ പൊട്ടിക്കരയാൻ തുടങ്ങി ,അവളെ ആശ്വസിപ്പിക്കാൻ ഞാൻ നന്നേ പാട് പെട്ടു ,ഞങ്ങളെ ആരും കാണാതിരിക്കാൻ ഞാനവളെയും കൊണ്ട് കോളേജിന് മുകളിലേക്ക് കയറിപ്പോയി, അവിടെ വാട്ടർ ടാങ്കിനരികിൽ അവളെയും ചേർത്ത് പിടിച്ച് ഞാനിരുന്നു, പെട്ടെന്നാണ് ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങിയത് ,ഞങ്ങൾ രണ്ട് പേരും മഴ നനഞ്ഞു , മഴയിൽ കുതിർന്ന അവൾ എന്നിലേക്ക് കൂടുതലടുത്ത് അവളെ തടയാൻ കഴിയാതെ ഞാനും അവളും മഴയോടലിഞ്ഞ് ചേർന്നു

പെയ്തൊഴിഞ്ഞ ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞത് കണ്ടാണ് നേരം വൈകിയെന്ന് ഞങ്ങളറിഞ്ഞത്

പൊടുന്നനെ ഞാനവളെയും കൊണ്ട് താഴെ ഇറങ്ങി പുറക് വശത്തെ പൊളിഞ്ഞ മതിലിനിടയിലൂടെ റോഡിലെത്തി, അപ്പോഴേക്കും അവളുടെ നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സ് വന്നിരുന്നു ,അവളെ ആ ബസ്സിൽ കയറ്റി വിട്ടിട്ട് ഞാൻ എൻ്റെ വീട്ടിലേക്ക് തിരിച്ചു

രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ബോംബെയിലേക്ക് പോകുകയും ചെയ്തു

അവിടെയെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഞാനവളുടെ വീട്ടിലെ ലാൻറ് ഫോണിലേക്ക് ഒരു ടെലഫോൺ ബൂത്തിൽ നിന്നും STD കോൾ വിളിച്ചു

ഭാഗ്യത്തിന് അവൾ തന്നെയാണ് ഫോൺ അറ്റൻറ് ചെയ്തത്, ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല , പക്ഷേ അവളുടെ വായിൽ നിന്ന് ഞാൻ  കേട്ടത് ഞെട്ടിപ്പിക്കുന്നൊരു വാർത്തയായിരുന്നു അവൾ ഗർഭിണിയാണെന്നും ഞാനൊരച്ഛനായെന്നും , അത് കേട്ട് പതിനെട്ട്കാരനായ ഞാൻ ശരിക്കും പകച്ച് പോയി, ഭയന്ന് പോയ ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു ,അന്ന് രാത്രിയോടെ എനിക്ക് പനി പിടിച്ചു, ഞാൽ പിന്നെ ഒരിക്കലും അവളെ വിളിച്ചില്ല, അത് പേടി കൊണ്ടായിരുന്നു ,പക്ഷേ ഞാൻ തിരിച്ച് ചെല്ലുമെന്നും അവളെ കല്യാണം കഴിച്ച് കൊണ്ട് പോകുമെന്നുമൊക്കെ പ്രതീക്ഷിച്ച് എൻ്റെ മടങ്ങിവരവിനായി അവൾ കാത്തിരുന്നു,

ഗർഭിണിയാണെന്ന കാര്യം വീട്ടുകാരോട് മറച്ച് വയ്ക്കാൻ ശ്രമിച്ചെങ്കിലും അവരത് അറിഞ്ഞ് കഴിഞ്ഞിരുന്നു. പക്ഷേ ഞാനാണത്തിന് ഉത്തരവാദിയെന്ന് എത്ര തല്ല് കൊണ്ടിട്ടും അവളാരോടും പറഞ്ഞില്ല, കുഞ്ഞിനെ നശിപ്പിച്ച് കളയാനും അവൾ സമ്മതിച്ചില്ല ,ഒടുവിൽ പ്രസവത്തോടെ അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു

കുറച്ച് നാളുകൾക്ക് ശേഷം നാട്ടിലെത്തിയ ഞാൻ രഹസ്യമായി എൻ്റെയൊരു സുഹൃത്തിനോട് അവളെക്കുറിച്ചന്വേഷിച്ചപ്പോഴാണ് ,അവളുടെ നാട്ടുകാരനായ ആ സുഹൃത്ത് എന്നോട് ഈ കഥകളൊക്കെ പറയുന്നത് ,പക്ഷേ പ്രസവശേഷം അവളുടെ വീട്ടുകാർ കുട്ടിയെ സ്വന്തം വീട്ടിൽ നിന്നും ദൂരെ എവിടേക്കോ മാറ്റിയെന്നറിഞ്ഞ ഞാൻ ആ കുട്ടിയെ അന്വേഷിച്ച് ഒരുപാടലഞ്ഞു,

ഇതിനിടയിൽ ഞാൻ നാട്ടിലെ കോളേജിൽ വീണ്ടും ഡിഗ്രിക്ക് ചേർന്നു.

അങ്ങനെ ഡിഗ്രിയും പി ജിയുമൊക്കെ കഴിഞ്ഞ് ജോലിക്കായുള്ള ശ്രമമായിരുന്നു പിന്നീട്, അപ്പോഴും എൻ്റെ മകളെ കുറിച്ചുള്ള അന്വേഷണം ഞാൻ തുടർന്ന് കൊണ്ടിരുന്നു

ഒടുവിൽ എൻ്റെ മകൾ പഠിക്കുന്ന സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി ലഭിച്ചത് യാദൃശ്ചികമായിട്ടായിരുന്നു

എൻ്റെ മുന്നിൽ സംശയങ്ങളുമായി അവൾ ഓടിയെത്തുമ്പോഴൊക്കെ അവളുടെ ചിരിയിലും അംഗചലനങ്ങളിലുമൊക്കെ എൻ്റെ ശ്രീലക്ഷ്മിയുടെ സാമ്യതയുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നെങ്കിലും ഞാനത് ഉറപ്പിക്കുന്നത് ഇന്നലെ ആയിരുന്നു

സ്കൂളിൽ നിന്നും വൈകുന്നേരം വീട്ടിലേക്ക് പോകാനായി ഞാൻ ബൈക്കെടുക്കുമ്പോഴാണ് അവൾ എൻ്റെ പുറകെ ഓടി വന്ന് ഒരു ഹെൽപ് ചെയ്യുമോ എന്ന് ചോദിക്കുന്നത്

അവളുടെ മുത്തശ്ശനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് അവളെയൊന്ന് മെഡിക്കൽ കോളേജിലെത്തിക്കണമെന്നും പറഞ്ഞപ്പോൾ ഞാനവളെയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് പോയി

പോകുന്ന വഴിയിൽ, അവളുടെ ടെൻഷൻ കുറയ്ക്കാൻ വേണ്ടിയാണ് വീട്ടുകാരെ കുറിച്ചൊക്കെ ഞാൻ ചോദിച്ചത്

മൂന്ന് വയസ്സ് വരെ അവളൊരു അനാഥാലയത്തിലാണ് വളർന്നതെന്നും ,അതിന് ശേഷം അവളെ അന്വേഷിച്ച് അവളുടെ മുത്തശ്ശനും മുത്തശ്ശിയും ചെന്നിരുന്നെന്നും അവരവളെ അവിടെ നിന്നും ദത്തെടുക്കുകയുമായിരുന്നെന്നും പറഞ്ഞപ്പോൾ എൻ്റെ സംശയങ്ങൾ ബലപ്പെട്ടു ,

അങ്ങനെ അവൾ ഒന്നുമറിയാതെ സ്വന്തം വീട്ടിൽ ദത്തുപുത്രിയായി വളർന്നു ഒടുവിൽ അവൾക്ക് തിരിച്ചറിവായെന്ന് ബോധ്യമായപ്പോൾ മുത്തശ്ശിയും മുത്തശ്ശനും കൂടി പഴയ സംഭവങ്ങളൊക്കെ അവളോട് പറഞ്ഞു , പ്രസവിക്കുന്നതിന് മുമ്പ് തന്നെ അച്ഛനും ,അതിന് ശേഷം പ്രസവത്തോടെ അമ്മയും മരിച്ച് പോയ ചോരക്കുഞ്ഞിനെ മുത്തശ്ശനാണ് കൊണ്ട് പോയി അനാഥാലയത്തിൻ്റെ മുന്നിൽ  കിടത്തിയതെന്നും, പിന്നീട് ചെയ്തത് തെറ്റാണെന്ന് ബോധ്യം വന്നപ്പോൾ, പശ്ചാത്താപം മൂലമാണ് അവളെ ദത്തെടുത്ത് തിരികെ കൊണ്ട് വന്നതെന്നും പേരക്കുട്ടിയോട് അവർ പറഞ്ഞു

എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു ഞാൻ 

ഹോസ്പിറ്റലിലെത്തിയപ്പോൾ അവളെനിക്ക് മറ്റൊരു ഷോക്ക് കൂടി തന്നു

മുത്തശ്ശി അവൾക്ക് നല്കിയ അവളുടെ അമ്മയുടെ പഴയ ഒരു ബ്ളാക്ക് ആൻ്റ് വൈറ്റ് ഫോട്ടോ അവളുടെ ബാഗിൽ നിന്നുമെടുത്തിട്ട് എന്നെ കാണിച്ച് തന്നു ,അതെൻ്റെ ശ്രീലക്ഷ്മിയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ  എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ

എന്നോട് ബൈ പറഞ്ഞ് ഹോസ്പിറ്റലിനകത്തേക്ക് അവൾ കയറി പോകുമ്പോൾ നെഞ്ചിലൊരു വലിയ ഭാരവുമായാണ് ഞാൻ തിരികെ ഇവിടെ എത്തിയത് ,വരുന്ന വഴിയിൽ മഴ പെയ്യുന്നതൊന്നും ഞാനറിയുന്നുണ്ടായിരുന്നില്ല ഒരു തരം മരവിപ്പായിരുന്നു മനസ്സിൽ

ഒടുവിൽ എൻ്റെ മകളോടെങ്കിലും സത്യം പറയണമെന്ന് മനസ്സ് നിർബന്ധിച്ചത് കൊണ്ടാണ് ഞാനവളെ ഇങ്ങോട്ട് വിളിച്ചതും കാര്യങ്ങൾ തുറന്ന് പറഞ്ഞതും

ഇനി പറയു ടീച്ചർ ,ടീച്ചർക്കെന്നോട് വെറുപ്പുണ്ടോ?

ഇല്ല മാഷേ എനിക്കൊന്നുമറിയില്ലായിരുന്നല്ലോ ? ഇപ്പോൾ വെറുപ്പില്ലെന്ന് മാത്രമല്ല മാഷിനോടുള്ള ഇഷ്ടം കൂടുകയും ചെയ്തു ,

എന്താ ടീച്ചറേ ഈ പറയുന്നത് ഒരു മാതിരി സ്കൂൾ പിള്ളേരെ പോലെ

മാഷ്, ടീച്ചറെ കളിയാക്കി.

അതേ മാഷേ… കണ്ട നാള് മുതൽ മാഷിനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ തുറന്ന് പറയാനുള്ള മടി കൊണ്ടാണ് ഇത്രനാളും മനസ്സിലടക്കി വച്ചത് ,മാഷിന് വിരോധമില്ലെങ്കിൽ അനഘയെ നമുക്ക് ഒരുമിച്ച് പോയി വിളിച്ച് കൊണ്ട് വരാം, അവളെ സാക്ഷിയാക്കി  രജിസ്ട്രാഫീസിൽ പോയിട്ട് നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യാം ,എന്നിട്ട് നമ്മുടെ മകളായി അവളെ നമുക്ക് വളർത്താം, എന്ത് പറയുന്നു മാഷേ

പ്രതീക്ഷയോടെ ടീച്ചർ മാഷിൻ്റെ മുഖത്തേയ്ക്ക് നോക്കി

എന്നോട് ക്ഷമിക്കു ടീച്ചർ ,ജീവിതത്തിൽ ഞാൻ എൻ്റെ ശ്രീലക്ഷ്മിയെ മാത്രമേ സ്നേഹിച്ചിട്ടുള്ളു ,അതും വളരെ കുറച്ച് നാൾ മാത്രം ,എന്നിട്ടും അവളെ മറന്ന് മറ്റൊരു സ്ത്രീയെക്കുറിച്ച് ഞാനിത് വരെ ചിന്തിക്കാതിരുന്നത് എനിക്കതിന് കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു ,അവൾക്ക് കൊടുക്കാതെ മാറ്റി വച്ച സ്നേഹം എൻ്റെ മകൾക്ക് കൊടുക്കണമെന്നാണ് എൻ്റെ ആഗ്രഹം ,ഞാനും മോളും മാത്രമുള്ള ഒരു കൊച്ച് വീട് അതാണെൻ്റെ സ്വപ്നം ,അതിനിടയിലേക്ക് മറ്റൊരാൾ ,അത് ശരിയാവില്ല ടീച്ചറേ ..എന്നോട് ക്ഷമിക്കു…

അയാൾ ടീച്ചറുടെ നേരെ കൈകൾ കൂപ്പി

ഹേയ് സാരമില്ല മാഷേ ഞാനെൻ്റെ പൊട്ട മനസ്സിൽ എന്തൊക്കെയൊ സ്വപ്നങ്ങൾ നെയ്ത് കൂട്ടി, അതൊക്കെ ദിവാസ്വപ്നങ്ങളാണെന്ന് ഞാനെൻ്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചോളാം ,എങ്കിൽ ശരി മാഷേ ഞാനിറങ്ങുന്നു

മാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പൊട്ടിക്കരയാതിരിക്കാൻ ടീച്ചർ,കർച്ചീഫ് കൊണ്ട് വായ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു.

അവസാനിച്ചു