ആ പെൺകുട്ടി എന്താണ് എന്നെ വിളിച്ചത്, എൻ്റെ കാതുകളെ എനിക്ക് വിശ്വസിക്കാമോ….

മോളിയാൻ്റി….

Written by Shabna Shamsu

==============

പണ്ട് ഹൈസ്ക്കൂളില് പഠിക്കുന്ന സമയത്ത് എനിക്ക് സുജന എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു….

ഞണ്ടൾടെ വീടുകൾ തമ്മിൽ ഏഴ് കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും ഇടക്കൊക്കെ അവളെൻ്റെ വീട്ടിലും ഞാൻ അവൾടെ വീട്ടിലും പോവും…

എൻ്റെ വീട്ടിൽ അന്ന് ലാൻഡ് ഫോണുണ്ട്.. സുജനയെ കിട്ടാൻ അവളുടെ തൊട്ടടുത്ത വീട്ടിലെ മോളിയാൻ്റിയുടെ വീട്ടിലേക്കാണ് വിളിക്കാ…..

സുജന എപ്പളും മോളിയാൻ്റിയെ കുറിച്ച് പറയും…അവള് പറഞ്ഞിട്ടാണ് ഞാൻ ആദ്യമായി ആൻ്റി എന്ന വാക്ക് കേൾക്കുന്നത്….

സുജനയുടെ അച്ഛൻ്റെ പെങ്ങൾമാരെയൊക്കെ ഓള് ആൻ്റീന്നാ വിളിക്കാ…. രമ്യാൻറി…ഷീജാൻ്റി… സൗമിനി ആൻ്റി…ഇതിങ്ങനെ കേൾക്കുമ്പോ എനിക്ക് വല്ലാണ്ട് ഗദ്ഗദം വരും…ആൻ്റിയെന്ന് വിളിക്കാൻ പൂതിയാവും…….

പെരുന്നാളിൻ്റെ പിറ്റേന്ന് തറവാട്ടിലേക്ക് വിരുന്ന് വരുന്ന ഉപ്പാൻ്റെ പെങ്ങൾമാരായ നബീസമ്മായിനേം കദിയമ്മായിനേം ആമിനക്കുട്ടി അമ്മായിനേം സൂറമ്മായിനേം നോക്കി സൂറാൻറി.. ആമിനക്കുട്ടിയാൻ്റി…നബീസാൻ്റി ..എന്നിങ്ങനെ ഉള്ളില് മന്ത്രിക്കും…

ഒരു ഓണത്തിന് സുജനയുടെ വീട്ടിൽ പോയപ്പോ സിറ്റൗട്ടിലിരുന്ന് പായസം കുടിച്ചോണ്ടിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോളിയാൻ്റിയെ കാണുന്നത്….

ഇരുനില വീടിൻ്റെ ചുറ്റിലും കെട്ടിയ ഉയരമുള്ള മതിലിനുള്ളിൽ ചെടി നനച്ചോണ്ടിരിക്കുന്ന മോളിയാൻ്റിയുടെ ചുരുണ്ട തലമുടി മാത്രേ കണ്ടുള്ളൂ….

കുറച്ച് കഴിഞ്ഞ് സുജന എന്നേം കൂട്ടി മോളിയാൻ്റിയുടെ വീട്ടിൽ ചെന്നു…കളപ്പുരക്കൽ സജി എന്നെഴുതിയ ഗെയ്റ്റ് തുറന്ന് അകത്ത് കയറി…കോൺക്രീറ്റ് ചെയ്ത മുറ്റത്തിൻ്റെ അരികില് പായല് പിടിക്കാത്ത ചട്ടി നിറയെ പല നിറത്തിലുള്ള ചെടികളും പൂക്കളും…അത് നനച്ച് കൊണ്ടിരിക്കുന്ന മോളിയാൻ്റി…രണ്ട് കൈയ്യിലും കട്ടിയുള്ള സ്വർണ വള…സ്വർണത്തിൻ്റെ ചെറിയ ചങ്ങലയിൽ കോർത്ത വെള്ള മുത്ത് മാല… കല്ല് പതിപ്പിച്ച കമ്മൽ… പളള ഭാഗം കരിമ്പൻ കുത്തും കറയും ഇല്ലാത്ത വെള്ളയിൽ മഞ്ഞപ്പൂക്കളുള്ള വൃത്തിയുള്ള മാക്സി….

അന്ന് മുതലാണ് ആൻ്റിയെന്നാൽ വലിയ വീടും മുറ്റവും ഗെയ്റ്റും മതിലും ഉള്ള വീട്ടിലെ വളകളും മാലയും ഇട്ട പ്രൗഡയായ സ്ത്രീയാണെന്ന ധാരണ എൻ്റെ മനസിൽ ഉണ്ടായത്….

അങ്ങനെ കാലങ്ങള് കുറേ കഴിഞ്ഞു…

ഈ കഴിഞ്ഞ ആഴ്ച ഞാനും ഇക്കയും കൂടെ ഒരു കല്യാണത്തിന് പോയപ്പോ മോൾടെ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ഓടി വന്നെൻ്റെ കയ്യിൽ പിടിച്ചു….

” ഷബ്നാൻ്റീ…. ആൻ്റിക്കെന്നെ മനസിലായോ… ഞാൻ അഫിൻ്റെ ഫ്രണ്ടാ…. “

എന്ന് തുടങ്ങി ഒരു പത്ത് വട്ടം എന്നെ ആൻ്റീന്ന് വിളിച്ചു….

എനിക്കാണെങ്കിൽ അത് കേട്ടപ്പോ മുതല് ആകപ്പാടെ ഒരു കൊയച്ചില്….

ഞാൻ ഒരു ആൻ്റി ആയിരിക്കുന്നു…കാലങ്ങൾക്ക് ശേഷം എനിക്ക് വീണ്ടും മതിലിനപ്പുറത്തെ മോളിയാൻറിയുടെ തല ഓർമ വന്നു….

ഞാനും മോളിയാൻ്റിയും തമ്മിൽ ചായപ്പൊടീം പഞ്ചസാരേം പോലെ വ്യത്യാസം ഉണ്ടെങ്കിലും എനിക്കെന്തോ മതിലിനപ്പുറത്ത്ന്ന് ചെടി നനക്കുന്ന ആ ചുരുണ്ട മുടി മനസില് വല്ലാണ്ടങ്ങ് പറ്റിക്കൂടി….

അടിച്ച് വാരിയിട്ടും പാത്രം കഴുകിയിട്ടും അലക്കിയിട്ടും ചോറ് വെന്തിട്ടും മോളിയാൻ്റി മാത്രം മനസ്സീന്ന് പോയില്ല…..

അങ്ങനെ പിറ്റേ ദിവസം രാവിലെ ഇക്ക ഷോപ്പിൽ പോവാൻ കുളിച്ച് മാറ്റി റെഡിയായി കണ്ണാടിക്ക് മുമ്പില് നിന്ന് മുടി ചീകിക്കൊണ്ടിരുന്നപ്പോ ഞാൻ അങ്ങോട്ട് ചെന്നു….മൂ-ത്രം ഒഴിക്കാൻ സ്ഥലം തിരയുന്ന നാ-യ്ക്കുട്ടീൻ്റെ പോലെ ഇക്കാൻ്റെ ചുറ്റിലും നടന്നു…..

“ന്താ അനക്കൊരു എതക്കേട്…. “

വാഴൻ്റെ ഉള്ളിലെ ഇണ്ണിക്കാമ്പ് പോലത്തെ എൻ്റെ രണ്ട് കൈയ്യും ഞാൻ നീട്ടി പിടിച്ചു….

” ഇതോക്കി….. എൻ്റെ കൈയ്യില് ഒരു മോതിരം പോലും ഇല്ല….. പണയം വെച്ച എൻ്റെ സ്വർണ വള രണ്ടെണ്ണം എടുത്ത് തരോ…..”

“ഈ വിറകും കൊള്ളി പോലത്തെ കയ്യിമ്മല് ഇനി കൊറേ വള ഇട്ടൂടായിറ്റാ….ഇയ്യൊന്ന് മിണ്ടാണ്ട് പോയാ…..”

സ്വർണ്ണവളയുടെ പുറകില് വരിയില് നിന്ന ചങ്ങലയിലെ വെള്ള മുത്ത് മാലയും മഞ്ഞപ്പൂക്കളുള്ള മാക്സിയും നിലവിളി ശബ്ദം ഇടാൻ തുടങ്ങി….

എൻ്റെ മുഖമന്നേരം കാലിലെ ചെറുവിരലിൻ്റെ നഖം പോലെ ഒരു ഷേപ്പും ഇല്ലാണ്ട് കുത്തിക്കൂടിപ്പോയി…..

വീണ്ടും ഞാൻ മറക്കാൻ ശ്രമിക്കുന്തോറും മോളിയാൻ്റിയുടെ തല എൻ്റെ മനസിൽ കിടന്ന് തിക്ക് മുട്ടി…..

സ്വർണ്ണ വളയിട്ട് മാലയിട്ട് വെള്ള മാക്സിയിട്ട് കോൺക്രീറ്റ് ചെയ്ത മുറ്റത്ത് പായല് പിടിക്കാത്ത ചട്ടിയിലെ ചെടികളെ നനക്കണം…റോഡിലൂടെ പോവുന്നവർ എൻ്റെ തല മാത്രം കാണുന്ന അത്രേം പൊക്കത്തില് മതില് കെട്ടണം… കുന്നത്ത് വീട്ടിൽ ഷംസൂന്ന് ഗെയ്റ്റില് പേരെഴുതണം….

എൻ്റെ ഉള്ളിലെ ഷബ്നാൻ്റി അന്ന് രാത്രിയിലും ഉറങ്ങാതിരുന്നു….

പിറ്റേന്ന് രാവിലെ മുറ്റത്തെ പുല്ല് കത്തി കൊണ്ട് കുത്തിയെടുത്ത് പറിക്കുമ്പോ ഇക്ക വന്നു….

“അതേയ്…… ഞമ്മക്കീ മുറ്റം മുയുവനും കോൺക്രീറ്റ് ചെയ്താലോ…. ന്നിട്ട് വല്യ മതിലും വെക്കാ…. ഈ സൈഡ്ക്കൂടെ നിറച്ച് ചെടിച്ചട്ടിയും വെച്ചാ നല്ല രസ ണ്ടാവും….ഗെയ്റ്റ് വെച്ചിട്ട് വല്യ അക്ഷരത്തില് ങ്ങളെ പേരും എഴുതാം…… സെറ്റാക്കിയാലോ…… “

ഇത്രേം കാലം ക്ലീൻ ഷേവായ ഇക്ക ഈ അടുത്താണ് ബുൾഗാൻ താടി വെച്ചത്… ഇപ്പോ പുതിയെണ്ണ് മഹർ മാല തലോടുന്ന പോലെ എത് നേരവും താടി തലോടലാ പണി…..

തലോടല് നിരത്തി എൻ്റെ നേരെ കണ്ണുരുട്ടി….

“അൻ്റെ ബാപ്പാക്കെന്തായ്നു പണി… “

“ബായക്കൊല കച്ചോടം….”

“ആണല്ലോ…. ന്നാലേ ഞ്ഞി ഒന്ന് ഭൂമിയിലേക്ക് ഇറങ്ങി നിക്ക്… ആകാശത്ത് നിന്ന് നോക്കീറ്റ് എല്ലാരെ സുഖവും കണ്ടിട്ടാ അനക്ക് ഇങ്ങനത്തെ മാണ്ടാത്ത ഓരോ പൂതി…. ഭൂമിയില് നിന്ന് അൻ്റെ ചുറ്റ്പാട് മാത്രം നോക്ക്…. ന്നിട്ട് സന്തോഷിക്ക്….. ഓളൊരു മതിലും ഗെയ്റ്റും…..”

ആ നിമിഷമാണ് എൻ്റെ ഉള്ളിലെ മോളിയാൻ്റി മരിച്ച് പോയത്… ഞാൻ തീവ്രമായി സംയമനം പാലിച്ചത്….കറ പിടിച്ച കരിമ്പൻ കുത്തിയ എൻ്റെ മാക്സിയില് പുല്ല് പറിച്ച കൈയ്യിലെ ചളി അമർത്തി തുടച്ചത്..

അങ്ങനെ വീണ്ടും രണ്ട് ദിവസം കഴിഞ്ഞു… മോളിയാൻ്റിയെ മെല്ലെ മെല്ലെ മറന്ന് തുടങ്ങി….

ഒരു ദിവസം ഡ്യൂട്ടിക്കിടെ മരുന്ന് കൊടുത്തോണ്ടിരിക്കുമ്പോ 18 വയസുള്ള ഒരു പെൺകുട്ടി വന്നു….

“മേഡം…. ഇതിലെന്തെങ്കിലും പുറത്തൂന്ന് വാങ്ങാനുണ്ടോ…..”

ആ പെൺകുട്ടി എന്താണ് എന്നെ വിളിച്ചത്…എൻ്റെ കാതുകളെ എനിക്ക് വിശ്വസിക്കാമോ…..

“മേഡം… എന്തേലും വാങ്ങാനുണ്ടോ…”

“ഇല്ല ,.. ഒന്നും വാങ്ങാനില്ല…. “

“ഓക്കെ… താങ്ക്യൂ മാഡം…. “

നിങ്ങൾക്കറിയാമോ….. ഞാനപ്പോ വെള്ള ടർക്കി വിരിച്ച ഒരു കറങ്ങുന്ന കസേരയിലായിരുന്നു…. എൻ്റെ തലക്ക് മീതെ ഗാന്ധിജിയുടെ ചിരിക്കണ പടം ഉണ്ട്…വാർണീഷ് ചെയ്ത് മിനുക്കിയെടുത്ത മരത്തിൻ്റെ ക്യാബിന് മുകളിൽ ഇന്ത്യയുടെ ഒരു ചെറിയ പതാകയുണ്ട്… കുറേ ഫയലുകളുണ്ട്…. കണ്ണ് കെട്ടിയ നീതി പീഠം ഉണ്ട്…. എൻ്റെ മുഖത്ത് വട്ടത്തിലുള്ള വലിയ കണ്ണടയുണ്ട്….ഏതാനും നിമിഷങ്ങൾക്കകം ജില്ലാ കലക്ടർ എന്ന് ബോർഡ് വെച്ച ഇന്നോവ കാർ വരും….പലരും മാഡം എന്ന് വിളിക്കും… ഡോറ് തുറന്ന് തരും…. കലക്ട്രേറ്റിന് മുകളിലുള്ള ആകാശത്തീന്ന് താഴേക്ക് നോക്കുമ്പോ എന്നെ സല്യൂട്ടടിക്കുന്ന എന്തോരം കൈകളാണെന്നോ….

ഭൂമീന്നിപ്പോ ആകാശത്തേക്ക് പണ്ടത്തെ അത്ര ദൂരം ഒന്നും ഇല്ലാ ലേ……

Shabna shamsu❤️