പിന്നാലെ നടന്ന എല്ലാ പെൺകുട്ടികളെയും കരയിച്ചു വിട്ട അർജുൻ എന്തിനാണ് മീരയ്ക്ക് ദിവസവും…

പ്രണയത്തിന്റെ കുടമുല്ലപ്പൂവുകൾ….

Story written by Ammu Santhosh

===========

“അമ്മ ഉപേക്ഷിച്ച ഒരു മകനോട് നിങ്ങൾ സ്ത്രീയുടെ മഹത്വം വിളമ്പരുത്. ചിലപ്പോൾ അവൻ അവനല്ലതായി മാറിപ്പോകും .”

ഒരിക്കൽ ക്ലാസ്സ്‌ ടീച്ചറോട് അർജുൻ അങ്ങനെ പറഞ്ഞത് കേട്ട് ക്ലാസ്സ് മുഴുവൻ നിശ്ചലമായി പോയി. അത് വരെ ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു അർജുന്റെ അമ്മ ഉപേക്ഷിച്ചു പോയതാണെന്ന്.അവനാരോടും യാതൊരു അടുപ്പവും വെക്കാറില്ല. നന്നായി പഠിക്കും. നന്നായി പാടും. സ്പോർട്സിലും മിടുക്കനാ. കാണാനും നല്ല ഭംഗി സ്വാഭാവികമായും ഒരു പാട് പെൺകുട്ടികൾ പിന്നാലെയുണ്ടായിരുന്നു എല്ലാവരെയും അവൻ അപമാനിച്ചു കരയിച്ചു വിടുന്നത് കണ്ടു പേടിച്ച് എന്റെ ഇഷ്ടം ഞാൻ ഒരിക്കൽ പോലും പറഞ്ഞില്ല. അമ്മയോടുള്ള ദേഷ്യം സകല പെൺകുട്ടികളോടും അവൻ കാണിക്കുമായിരുന്നു.അർജുൻ അന്ന് ആ ടീച്ചറോട് അങ്ങനെ പറഞ്ഞ ദിവസം ആണ് എന്റെ ഉള്ളിൽ ഒരു ഇഷ്ടം കയറിക്കൂടിയത്.. പിന്നെ ആ ഇഷ്ടം വളർന്നു.. ഒരെ സ്കൂൾ, ഒരെ കോളേജ് എപ്പോഴും ഒന്നിച്ചായിരുന്നെങ്കിലും ഒന്നും സംസാരിക്കാതെ.. പക്ഷെ ഇന്നും ഉണ്ട് അതേ പോലെ ആ ഇഷ്ടം.. അതാണ് എനിക്ക് മനുവിനോട്, മനുവിന്റെ പ്രൊപോസലിനോട് നോ പറയേണ്ടി വരുന്നത് “

മീരയും മനുവും അധ്യാപകരാണ്. ഒഴിവുള്ള ഒരു സമയം മനു നീട്ടിയ ഒരു വിവാഹലോചനയ്ക്ക് മറുപടി കൊടുക്കുകയായിരുന്നു മീര മനു മീരയുടെ മുഖത്ത് നോക്കി ചിരിച്ചു

“അത് സാരമില്ല. അർജുൻ ഇന്ന് എവിടെയാണ്? “

“ഇവിടെ ഉണ്ട് ഈ നഗരത്തിൽ പോലീസ് ആണ്..സർക്കിൾ ഇൻസ്‌പെക്ടർ “അവൾ മെല്ലെ ചിരിച്ചു

“ഇഷ്ടം ഇപ്പോഴും പറഞ്ഞിട്ടില്ലേ? “

“ഇല്ല.പേടി ഇപ്പോഴും പോയിട്ടില്ല.. “

“ഞാൻ പോയി പറയട്ടെ? “

“അയ്യോ കൊന്ന് കളയും. എന്റെ ദൈവമേ.. ഇപ്പൊ ആണെങ്കിൽ സ്കൂളിൽ പോകുന്ന വഴി റോഡിൽ വെച്ചു കാണുകയാണെങ്കിൽ ഒരു ചിരി എങ്കിലും കിട്ടും.. പറഞ്ഞാൽ പിന്നെ അതും ഉണ്ടാവില്ല..എനിക്ക് അത് എങ്കിലും വേണം “

“എത്ര നാൾ? “

“”അറിയില്ല.. എന്നാലും ഈ ഒരിഷ്ടം മാറില്ല.. ഞാൻ അർജുനുള്ളതാ..എനിക്ക് അടുത്ത പീരിയഡ് ക്ലാസ്സുണ്ട്..പോട്ടെ ” മനു തലയാട്ടി.

മീരയോട്, അവളുടെ മനസ്സിനോട് ഇഷ്ടം കൂടിയതേയുള്ളു മനുവിന്. അർജുൻ കൊള്ളാല്ലോ ഒന്ന് കാണണമല്ലോ കക്ഷിയെ..പിന്നാലെ നടന്ന എല്ലാ പെൺകുട്ടികളെയും കരയിച്ചു വിട്ട അർജുൻ എന്തിനാണ് മീരയ്ക്ക് ദിവസവും ഒരു ചിരി സമ്മാനിക്കുന്നത്? പഴയ സഹപാഠിയോടുള്ള വെറും പരിചയം?അതാവില്ല എന്ന് മനുവിന് തോന്നി.

അന്ന് പൊടുന്നനെ ഹർത്താൽ പ്രഖ്യാപിച്ചു.അർജുന് തന്റെ മുറിയിൽ ഇരുന്നാൽ ബസ് സ്റ്റോപ്പ്‌ കാണാം. അവൻ ബസ്‌സ്റ്റോപ്പിലേക്ക് വീണ്ടും നോക്കി. മീര നിൽക്കുന്നു.ഹർത്താൽ മീര അറിഞ്ഞില്ലേ? . മീരയുടെ മുഖത്ത് പരിഭ്രമം ഉണ്ട്. . ..

പൊടുന്നനെ അർജുൻ അടുത്ത് വരുന്നത് കണ്ടപ്പോൾ മീരയുടെ നാവിൽ ഉമിനീർ വറ്റി..

“പെട്ടെന്ന് ഒരു ഹർത്താൽ പ്രഖ്യാപിച്ചതാണ്. അറിഞ്ഞില്ലേ.? “അവൻ ചോദിച്ചു

“ഇല്ല “അവളുടെ ശബ്ദം അടച്ചു

“വീട്ടിൽ ഒന്ന് വിളിച്ചോളു ആരെങ്കിലും വന്നു കൂട്ടാൻ “

“എനിക്ക്.. മൊബൈൽ ഇല്ല “

അർജുൻ അവളെ അതിശയത്തോടെ ഒന്ന് നോക്കി

“മറന്നു പോയതാണോ? “

“അല്ല. ഇല്ല. “

“ദാ വീട്ടിൽ വിളിച്ചു പറയു “അവൻ തന്റെ മൊബൈൽ നീട്ടി..

“വീട്ടിൽ ഇപ്പൊ മുത്തശ്ശി മാത്രേയുള്ളു. അമ്മ അവധിക്കു അച്ഛന്റെ അരികിൽ പോയിരിക്കുകയാണ്. കുവൈറ്റിൽ. .. “

“ഓ. ഞാൻ കൊണ്ട് വിടാം.. കം ” അവളുടെ കണ്ണ് മിഴിഞ്ഞു.

ഒരു സ്വപ്നമല്ല അതെന്നു വിശ്വസിക്കാൻ അവൾ പ്രയാസപ്പെട്ടു.. ആദ്യമായി ബൈക്കിൽ കയറുന്നതിന്റ പരിഭ്രമം വേറെ.. എങ്കിലും അതവൾക്ക് സന്തോഷമായിരുന്നു..

“അമ്മയ്ക്കും അച്ഛനും നിന്നോട് മിണ്ടാൻ തോന്നുമ്പോൾ എന്ത് ചെയ്യും? ” ഇറങ്ങാൻ നേരമവൻ ചോദിച്ചു

“ലാൻഡ് ഫോൺ ഉണ്ട്.. അതിൽ വിളിക്കും.. ” ഒന്ന് മൂളി അവൻ. പലരും അത് പറഞ്ഞവളേ കളിയാക്കാറുണ്ട്. മൊബൈൽ ഇല്ലാത്ത ഒരേ ഒരാൾ ആയിരിക്കും അവളെന്ന്..ആരും വിളിക്കാനില്ല.കൂട്ടുകാർ അധികമില്ല. വിളിക്കുന്നവർ രാത്രി ലാൻഡ് ഫോണിൽ വിളിക്കും. എന്തായാലും മൊബൈൽ ഇല്ലാത്തതു നന്നായി. അത് കൊണ്ട് അർജുൻ തന്നെ ഇവിടെ വരെ ബൈക്കിൽ കൊണ്ട് വന്നല്ലോ.. അവൾക്ക് സന്തോഷം ആയി

പിന്നീട് കാണുമ്പോഴും ഒരു ചെറിയ ചിരി മാത്രം.. ഈശ്വര ഒടുവിൽ ചിരി മാത്രേ ഉണ്ടാവുകയുള്ളോ എന്നവൾ ഓർക്കും

കൂടെ ജോലി ചെയ്യുന്ന ശരണ്യ ടീച്ചറിന്റെ പിറന്നാൾ ആഘോഷം ഹോട്ടൽ മൃദുലയിൽ വെച്ചായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ്ഞു നേരേ പോകുക. ഒരു ചായ മസാലദോശ അത്രേം ഒക്കെ ഉള്ളു..

അർജുൻ നിരത്തിൽ നിൽക്കുന്നത് കണ്ടു അവൾ അടുത്ത് ചെന്നു

“എന്താ ഇവിടെ?”

അവൾ കാര്യം പറഞ്ഞു

“വരുന്നോ ഒന്നിച്ച് ഒരു കോഫി?”തൊണ്ട ഇടറിപ്പോയിട്ട് അവൾ പാതിയിൽ നിർത്തി

“ഡ്യൂട്ടി ആണ്. ചീഫ് മിനിസ്റ്റർ കടന്ന് പോകുന്നു “

അവളുടെ കണ്ണുകൾ വിടർന്നു ഡ്യൂട്ടി അല്ലായിരുന്നു എങ്കിൽ വന്നേനെ എന്നല്ലേ ഉദേശിച്ചത്‌ ഈശ്വര..

“വേറെ ഒരു ദിവസം…?””അല്ല ഡ്യൂട്ടി ഇല്ലാത്ത ഒരു ദിവസം..
കോഫി?”

അവൻ അവളുടെ കണ്ണുകളിലേക്ക് ഒന്ന് ചുഴിഞ്ഞു നോക്കി

“അല്ല വേണ്ടെങ്കിൽ വേണ്ട..”കഴുത്തിൽ കൂടി ഒഴുകിയ വിയർപ്പ് തുടച് അവൾ വേഗം പറഞ്ഞു.

അന്നേരം തന്നെയാണ് മനു അടുത്തേക്ക് വന്നതും ഒരു ഹായ് പറഞ്ഞതും.അപ്പോഴേ അവൾ അവനെ കണ്ടുള്ളു

“.ഇത് മനു എന്റെ കൂടെ ജോലി ചെയ്യുന്ന ടീച്ചർ ആണ്.. മനു ഇത് ” അവൾ പറഞ്ഞു

“അറിയാം അർജുൻ അല്ലെ?. മീര പറഞ്ഞിട്ടുണ്ടല്ലോ “മനു പെട്ടന്ന് പറഞ്ഞു

മീരയുടെ മുഖത്തെ ചോര വറ്റി. അവൾ വിളർച്ചയോടെ അർജുനെ നോക്കി. ആ മുഖത്ത് എന്താ ഭാവമെന്ന് അറിയില്ല, വ്യക്തമല്ല.

“ഞാൻ മനു.. “മനു കൈ നീട്ടി അർജുൻ ആ കൈയിൽ കൈ ചേർത്തു

പിറ്റേന്നു പതിവ് സ്ഥലത്ത് അർജുനെ കണ്ടില്ല. ഡ്യൂട്ടി മാറിയിട്ടുണ്ടാവും.

അവളുടെ മനസ്സ് മ്ലാനമായി. കുറച്ചു ദിവസങ്ങൾ കടന്ന് പോയി

അർജുൻ എവിടെയാണ്? ഇനി ട്രാൻസ്ഫർ എങ്ങാനും?

അവൾ ഓരോന്നാലോചിച്ചു റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു

ആരൊ ബലമായി കൈ പിടിച്ചു ഓടി വശത്തേക്ക് മാറ്റുന്നതറിഞ്ഞ് അവൾ ആ മുഖത്തേക്ക് നോക്കി

“അർജുൻ?”

“, നിനക്കെന്താ ബോധമില്ലേ? കണ്ണ് കണ്ടൂടെ? എന്ത്‌ സ്വപ്നം കണ്ടു നടക്കുകയാ നീ?”

അവൾ മെല്ലെ ചിരിച്ചു

“അർജുൻ എവിടെ ആയിരുന്നു?’

“അതാണോ ഞാൻ ചോദിച്ചതിന്റെ ഉത്തരം?”

“അതേ.ഞാൻ അർജുൻ എവിടെ പോയിന്ന് ആലോചിച്ചു നടക്കുവാരുന്നു “

‘ഒന്നങ്ങ് തന്നാലുണ്ടല്ലോ…ഇഡിയറ്റ്..ലോറി വന്നത് കണ്ടില്ലേ നീ?വേഗം പൊ… പതിവ് ബസ് മിസ്സ് ആക്കണ്ട “

“ചോദിച്ചതിന് ഉത്തരം പറ..”

“നാട്ടിൽ പോയി. അച്ഛൻ വിളിച്ചിരുന്നു..”

അവൾ മെല്ലെ തലയാട്ടി. പിന്നെ നടന്നു തുടങ്ങി

“മീരാ… സാറ്റർഡേ ഫ്രീ ആണെങ്കിൽ വൈകുന്നേരം ഒരുമിച്ചൊരു കോഫീ?”പെട്ടെന്ന് അർജുൻ ചോദിച്ചു

അവളുടെ മുഖത്ത് ഒരു സൂര്യനുദിച്ചു

“വീട്ടിൽ വരുവോ? മുത്തശ്ശിയേ പരിചയപ്പെടുത്തി തരാം “

അവൻ തലയാട്ടി

മുത്തശ്ശിക്ക് അർജുനെ ഇഷ്ടായി. കാവും കുളവും പറമ്പുമെല്ലാം നടന്നു കാണെ അർജുൻ മുത്തശ്ശിയോട് ഒത്തിരി സംസാരിക്കുന്നത് അവൾ കണ്ടു.

“മുത്തശ്ശി നല്ല സ്വീറ്റാ..”

മുത്തശ്ശി ചായ എടുക്കാൻ പോയപ്പോൾ അവൻ പറഞ്ഞു

“ഇഷ്ടായ?”
“ഉം “

“ശരിക്കും?”അവൾ കുസൃതി ചിരി ചിരിച്ചു

“പോടീ “അവൻ ആ തലയ്ക്കു ഒന്ന് തട്ടി

“നാട്ടിൽ അച്ഛൻ ഒറ്റയ്ക്കാ?”

“അല്ല. ഭാര്യയും മക്കളും ഒക്കെ ഉണ്ട്.. അച്ഛൻ പിന്നീട് കല്യാണം കഴിച്ചിരുന്നു..”

“എന്തിനാ വിളിച്ചേ.അത്യാവശ്യം ആയിട്ട്?”

“ഒരു പ്രൊപോസൽ..അച്ഛന്റെ ഫ്രണ്ടിന്റെ മോളാ. ..”

അവളുടെ നെഞ്ചു ശക്തിയിൽ മിടിച്ച് തുടങ്ങി

“എന്നിട്ട്?ഫിക്സ് ചെയ്തോ?”

“ഇല്ല… എന്റെ കാര്യമൊക്കെ വർഷങ്ങൾക്ക് മുന്നേ ഫിക്സ് ആയതാ.. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ തന്നെ”

അവൾ വിളറി വെളുത്തു

“വാ മക്കളെ ഭക്ഷണം എടുത്തു വെച്ചു “

സംഭാഷണം പാതിയിൽ മുറിഞ്ഞു

“നല്ല ഉണ്ണിയപ്പം.. നീ എന്താ ഇത് കഴിക്കാത്തത്?”

അർജുൻ ഒരു ഉണ്ണിയപ്പം എടുത്തു അവൾക്ക് നേരേ നീട്ടി

ഉണ്ണിയപ്പം പോലും. ഇവിടെ മനുഷ്യന് തൊണ്ടയിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ഇത് തൊണ്ടയിൽ കുടുങ്ങി ഞാനിന്ന് ചാവുകെയുള്ളു അവൾ ഓർത്തു.

“താങ്ക്സ് “പോകാൻ ഇറങ്ങുമ്പോൾ മുറ്റത്തു വെച്ച് അർജുൻ പറഞ്ഞു

“എന്തിന്..? അർജുൻ വന്നല്ലോ എനിക്ക് സന്തോഷം ആയി “

അവൾ ചിരിച്ചു

“ദാ “ഒരു പൊതി

“എന്താ ഇത്?”

“ക്ളീഷേ ആണ്.. എന്നാലും ഇത് ഒരു മൊബൈൽ ഫോണാ..എന്നെ കേൾക്കാൻ തോന്നുമ്പോൾ വിളിക്കാം.. എന്റെ നമ്പർ ഞാൻ അതിൽ സേവ് ചെയ്തിട്ടുണ്ട്. എനിക്കും വിളിക്കണ്ടേ?ലാൻഡ് ഫോണിൽ വിളിച്ചാൽ ചിലപ്പോൾ ഒരു പ്രൈവസി കിട്ടില്ല..”

അവൾ അത് നെഞ്ചിൽ ചേർത്ത് പിടിച്ചു.. ആ കണ്ണ് നിറഞ്ഞു

അർജുൻ ചിരിച്ചു അപൂർവമായ ഒരു ചിരി

“മുത്തശ്ശിയോട് പറ.. ഞാൻ ഇനിം വരുമെന്ന്. എനിക്ക് ഒത്തിരി ഇഷ്ടായിന്ന് “

അവൾ തലയാട്ടി

“അച്ഛൻ വരും ഇങ്ങോട്ട്.അമ്മയോടും അച്ഛനോടും അതൊന്ന് പറഞ്ഞേക്ക് അവരുടെ സൗകര്യം കൂടി നോക്കിട്ട് മതി.”

അവൾ തലയാട്ടി.കവിളിൽ കൂടി ഒഴുകിയ കണ്ണുനീർ അർജുൻ തുടച്ചു കളഞ്ഞു

തൊടിയിൽ നിറച്ചും പൂത്തു നിൽക്കുന്ന മുല്ലയിൽ നിന്നു ഒരു കുടുന്ന പൂക്കൾ പൊട്ടിച്ചു അർജുൻ അവളുടെ കയ്യിൽ വെച്ചു കൊടുത്തു

“ആദ്യം കാണുമ്പോൾ നീ മുല്ലപ്പൂവ് വെച്ചിട്ടുണ്ടായിരുന്നു..അന്ന് സ്കൂളിൽ നവാഗതരെ സ്വീകരിക്കുന്ന ദിവസം ആയിരുന്നു. ഞാൻ വരുമ്പോൾ നീ ഗേറ്റിന് മുൻപിൽ. ഞാൻ പുതിയ ആളും നീ അവിടെ തന്നെ പഠിച്ച ആളും.. അന്ന് നീ കടും ചുവപ്പ് പട്ടുപാവാടയും ചന്ദന നിറത്തിലെ ബ്ലൗസുമൊക്കെ ഇട്ട് തലമുടി ഇറുക്കി പിന്നിയിട്ട് നിറയെ പൂ വെച്ച്…നല്ല ഭംഗിയുണ്ടായിരുന്നു അന്ന്.. നിന്നേ ഓർക്കുമ്പോൾ ആ മണമാണ്.മുല്ലപ്പൂവിന്റ മണം .”

“ഇത്രയും ഓർമയുണ്ടായിരുന്നോ? എന്നിട്ട് എന്താ ഒരു വാക്ക് പറയാതിരുന്നത്?ഞാൻ കാത്തിരിക്കുന്നുണ്ടെന്നു എന്തായിരുന്നു ഉറപ്പ്? അവൾ വിങ്ങലോടെ കിതപ്പോടെ ചോദിച്ചു.

അവൻ ആ മുഖത്ത് തൊട്ടു

“ചിലത് പറയണ്ട.അറിയാം… നീ നോക്കുന്ന നോട്ടത്തിൽ.. നിന്റെ ചിരിയിൽ.. നീ എന്റെ ആണെന്ന്.. എനിക് വേണ്ടിയുള്ളവളാണെന്ന്, നീ ഓർക്കുന്നില്ലേ?നമ്മൾ എന്നും ഒന്നിച്ചായിരുന്നു. നീ പഠിക്കുന്ന കോളേജിൽ ചേരാൻ എന്തൊക്ക സാഹസം വേണ്ടി വന്നെന്നോ? ഒടുവിൽ ജോലി കിട്ടിയപ്പോ ഈ നഗരത്തിലേക്ക് വരാനും എന്ത് കഷ്ടപ്പെട്ടന്നോ? പക്ഷെ എത്ര വർഷം കഴിഞ്ഞു ഞാൻ വന്നാലും എനിക്കായ് ഇവിടെ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.അത്രമേൽ ഉറപ്പുണ്ടായിരുന്നു. ഞാൻ ഈ ഭൂമിയിൽ സ്നേഹിച്ച ഏക പെണ്ണ് നീയാ..വിശ്വസിച്ച ഏക പെണ്ണും നീയാ.. നീ എന്റെയാ അതെനിക്കറിയാം”

അവളുടെ മുഖം ചുവന്നു തുടുത്തു. അവൻ അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചു.

“, ഭൂമിയിൽ ചിലതൊക്കെ നമ്മെ വിസ്മയിപ്പിക്കും. തിരുത്തും. നേർവഴിക്കു നയിക്കും.. ലഹരി പോലെ കീഴ്പ്പെടുത്തുകയും ചെയ്യും… നീ എനിക്ക് അതാണ്… എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്…”അവന്റെ ഒച്ച ഒന്നിടറി

മീര ആ കൈവെള്ളയിൽ മുഖം അമർത്തി ഉമ്മ വെച്ചു.. അവൾക്കാ വാചകങ്ങൾക്ക് മറുപടി കൊടുക്കാൻ വാക്കുകൾ ശേഷിച്ചിരുന്നില്ല.

ചില നിമിഷങ്ങൾ അങ്ങനെയാണ്..

പ്രണയത്തിൽ മാത്രം സംഭവിക്കുന്നത്..

പ്രണയം…

കുറെ കാത്തിരിപ്പിനോടുവിൽ പൂക്കുന്ന മുല്ലപ്പൂക്കൾ പോലെയാണ്…

നിറയെ സുഗന്ധം പരത്തുന്ന കുടമുല്ലപ്പൂക്കൾ പോലെ…