ഇന്നും പറയാതെ ബാക്കി വച്ച അവളുടെ പ്രണയം. പ്രണാനായിരുന്നു അവൾക്ക് അവളുടെ പ്രണയം…

Story written by Saranya P Kumar

============

ബസ്സിറങ്ങി നോക്കിയതും മീനാക്ഷി കണ്ടത് അമ്പാടിയുടെ മുഖമായിരുന്നു. ഒരു ഞെട്ടൽ അവൾക്ക് അനുഭവപ്പെട്ടു. യാന്ത്രികമായി മീനാക്ഷി നടന്നു…തന്നെ ഒന്ന് നോക്കി ചിരിക്കുക പോലും ചെയ്തില്ലല്ലോ എന്നോർത്തവൾ നെടുവീർപ്പെട്ടു. അല്ലെങ്കിലും തന്നെ ഓർക്കുന്നുണ്ടാകുമോ ?എന്തിനാ ? എന്ന ചോദ്യം അവളിൽ കടന്നുവന്നു. പക്ഷേ തന്നേക്കാൾ വേഗത്തിൽ അവളുടെ കണ്ണുനീർ ഇറ്റു വീണിരുന്നു…

വീട്ടിലെത്തിയ മീനാക്ഷി ഒന്നും മിണ്ടാതെ മുറിയടച്ചു. കുറേ നേരം അവൾ ഓർത്തു. പത്താം ക്ലാസിലെ Autograph എടുത്ത് നോക്കി. പതിയെ ആ പേജിൽ വിരലോടിച്ചു.

പ്രിയ വിദ്യാർത്ഥിക്ക് വിജയാശംസകൾ – അമ്പാടി

ഒരു നെടുവീർപ്പോടെയവൾ ഡയറി അടച്ചു. ഒരിറ്റു കണ്ണുനീർ അതിൽ വീണു.

ഇന്നും പറയാതെ ബാക്കി വച്ച അവളുടെ പ്രണയം…പ്രണാനായിരുന്നു അവൾക്ക് അവളുടെ പ്രണയം….നെരിപ്പോടു പോലെ നീറുന്ന പ്രണയം….ഒൻപതാം ക്ലാസ്സുകാരിക്ക് മാഷിനോട് തോന്നിയ പ്രണയം…വർഷങ്ങൾക്കിപ്പുറവും പറയാതെ പോയ പ്രണയം…പരിഭവിക്കാതെ പരിതപിച്ച പ്രണയം…

പെട്ടെന്നാണ് Calling Bell കേട്ടത് മീനാക്ഷി എഴുന്നേറ്റ് കതക് തുറന്നു .

“ടീച്ചറമ്മേ എന്താ വന്നപാടെ കതകടച്ചത് ? “

മിനാക്ഷി മുഖത്ത് ചിരി വരുത്തി.

“ഒന്നൂല്യ….. ഒരു തലവേദന “

” ആണോ ന്റെ ടീച്ചറമ്മയ്ക്ക് തലവേദനയാണോ ? “

“ഹാ!” അവൾ ദീർഘമായി നിശ്വസിച്ചു…

” നിത്യ മോള് ഒരു ചായ എടുക്ക്…ഹാ കൂട്ടത്തിൽ നിനക്കും … “

“അതൊക്കെ എടുക്കാം…ഇനി എന്നാ ടീച്ചറേ പുതിയ കഥ എഴുതണേ ?എഴുതും മുന്നെ എന്നോട് പറയാറില്ലേ…അത് കേൾക്കാൻ ഒരു സുഖാണ്….”

“എഴുതണം…പറയാം ഇന്നു തന്നെ പോരേ ന്റെ നിത്യ കുട്ടീ….”

ഉമ്മറത്ത് പോയി വിശാലമായ വയലേലകളിലേക്ക് നോക്കിയിരുന്നു. ചുരം കടന്നു വരുന്ന പാലക്കാടൻ കാറ്റ് വീശിയകലുന്നു…

പത്മനാഭന്റെ മണ്ണിൽ നിന്നും Transfer വാങ്ങി പാലക്കാട് വന്നതാണ്…ഒറ്റയ്ക്കുള്ള ജീവിതം…ആകെയിവിടെ കൂട്ടിനുള്ളത് നിത്യയാണ് അടുത്ത വീട്ടിലെ കൗമാരക്കാരി…കല്യാണമെന്ന തത്രപ്പാടിൽ നിന്നും ഒളിച്ചു കടക്കാൻ മീനാക്ഷി ചോദിച്ചു വാങ്ങിയതാണ് Transfer…ബയോളജി അധ്യാപികയായിരുന്നു മീനാക്ഷി.എഴുത്താണവളുടെ പ്രാണൻ….

“ചായ റെഡി….” നിത്യ ചിരിച്ചു കൊണ്ടു വന്നു നിന്നു…

” ടീച്ചറമ്മേ കഥ പറയ്….”

” പറയാം ….! ” നിത്യ കാതോർത്തു….

മീനാക്ഷിയുടെ മനസ്സ് 20 വർഷം പുറകിലോട്ട് പോയി…

പഠിക്കാൻ മീഡിയം ലെവൽ ആയ കുട്ടി മീനു…ഒൻപതാം ക്ലാസ്സിൽ എത്തിയപ്പൊ പഠിത്തത്തിന്റെ കാഠിന്യം മൂലം എല്ലാം നിർത്തിയാലോ എന്ന് ചിന്തിച്ച പാവം പൊട്ടി പെണ്ണ് മീനു…അവൾക്ക് കഥകൾ കേൾക്കാനും വായിക്കാനും ആയിരുന്നു ഇഷ്ടം…

“എന്നെ പോലെ അല്ലേ ടീച്ചറമ്മേ….ബാക്കി ” ഇടയിൽ കയറി നിത്യ പറഞ്ഞു….

പെട്ടെന്നൊരു ദിവസം മലയാളം മാഷായി ട്യൂഷൻ സെന്ററിൽ ഒരു മാഷ് വന്നു. അമ്പാടി. ഒരു 21 വയസ്സ് പ്രായം…ഗൗരവക്കാരൻ…അടിയോടടിയാണ്….

മീനുവിന് മലയാളം ഇഷ്ടായത് കൊണ്ട് മാഷിന്റെ ക്ലാസിൽ ശ്രദ്ധിച്ചിരിക്കും…പതിയെ പതിയെ ആ 14 വയസ്സുകാരിയിൽ മാഷിനോട് പ്രണയം തോന്നി…മാഷിനോട് മിണ്ടാൻ വേണ്ടി മാത്രം അവൾ കവിതകൾ എഴുതി…പക്ഷേ ഒരിക്കലും അവൾക്ക് ആ പ്രണയം പറയാൻ ധൈര്യം കിട്ടിയില്ല….

പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് കൊടുക്കുമ്പോൾ പറയാൻ വന്ന നാവ് പണിമുടക്കി നിന്നു…പ്ലസ്ടു വരെ തന്റെ മുന്നിലുള്ള മാഷിനോടവൾ ഒന്നും പറഞ്ഞില്ല….ഏതോ സ്കൂളില് മാഷായി പോയീന്ന് പിന്നീടവൾ അറിഞ്ഞു…പഠിച്ച് ഒരു ടീച്ചർ ആയി മാഷിനെ കണ്ടെത്തണമെന്ന് അവൾ വിചാരിച്ചു…

പഠിച്ചു ജോലി കിട്ടി…പക്ഷേ മാഷിനെ മാത്രം കണ്ടില്ല…വീട്ടിൽ കല്യാണലോചനകൾ മുറുകിയപ്പൊ വേറൊരു നാട്ടിലേക്ക് അവൾ ചേക്കേറി…അവിചാരിതമായി ഒരു വൈകുന്നേരം അവൾ തന്റെ മാഷിനെ കാണുന്നു….

ഇത്രയും പറഞ്ഞ് മീനാക്ഷി നിർത്തിയപ്പൊ നിത്യ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു….അത്രയും നാൾ താൻ കെട്ടി നിർത്തിയ സങ്കടക്കടൽ മീനാക്ഷിയും പെയ്തൊഴിഞ്ഞു….

“ന്റെ ടീച്ചറമ്മേടെ കഥ….ല്ലേ?”

“ഹാ…..! “

” മാഷിനെ ഇന്ന് കണ്ടുവോ ? “

” കണ്ടു…..ഒരു നോക്ക് 17 വർഷങ്ങൾക്ക് ശേഷം…എന്നെ തിരിച്ചറിഞ്ഞു കാണില്ല….”

പിന്നെ നിത്യയ്ക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. മീനാക്ഷിയ്ക്ക് ഏകാന്തത ആവശ്യമാണെന്ന് തോന്നിയിരിക്കണം…

ഒരു മാറ്റം ആവശ്യമാണെന്ന് തോന്നീട്ട് മീനാക്ഷി അമ്പലത്തിൽ പോകാനായി ഒരുങ്ങി…പോകുന്ന വഴിയ്ക്ക് മനസ്സ് ശാന്തമാക്കാൻ തുടങ്ങി. തിരുനടയിൽ തൊഴുത് പ്രാർത്ഥിച്ച് തിരിഞ്ഞ് നടന്നതും…..

” മീനാക്ഷി…. ” എന്നൊരു വിളി വന്നു….

തിരിഞ്ഞു നോക്കിയതും അവൾ മന്ത്രിച്ചു…

” മാഷ്….”

ഒരു നിമിഷം ഒരു യുഗം പോലെയവൾക്ക് അനുഭവപ്പെട്ടു…തൊണ്ട വരളും പോലെ….ചുറ്റിലും ഇരുട്ട് നിറയുന്ന പോലെ തോന്നി…പതിയെ അവളിലെ ബോധം മറിഞ്ഞു….

മുഖത്ത് വെള്ളം വീണതും അവൾ കണ്ണ് തുറന്നു…ആകെപ്പാടെ ഒന്ന് നോക്കി…തന്നെ താങ്ങിയ കൈകൾ മാഷിന്റെയാണ്…ദേഹം എരിയുന്ന പോലെയവൾക്ക് തോന്നി…അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി…ഇത്രയും നാൾ താൻ കരുതി വച്ച ധൈര്യം ചോർന്ന് പോകും പോലെ തോന്നി….

“തന്നെ ഞാൻ വീട്ടിലാക്കാം… വരൂ “

അനുസരണയുള്ള കുഞ്ഞിനെ പോലെയവൾ നടന്നു…

“അല്ല മാഷിന് എങ്ങനെ ന്നെ? ന്റെ വീടൊക്കെ “

“ഞാനിവിടെ വന്നിട്ട് കുറച്ചീസായി…തന്നെ ഞാൻ മുന്നെ കണ്ടിരുന്നു. അന്ന് തന്നെ അന്വേഷിച്ചു…താൻ ആണോന്ന് സംശയാർന്നു…ഇന്ന് കണ്ടപ്പൊ ഉറപ്പിച്ചു…”

മീനാക്ഷി ഒന്നും മിണ്ടിയില്ല…ഇരുട്ട് പൂർണ്ണമായി മൂടിയപ്പൊ വീട്ടിലെത്തി….

” മാഷ് കയറ്….”

അവൾ വാതിൽ തുറന്നു അകത്ത് കയറി…അമ്പാടി ഉമ്മറത്തു തന്നെ നിന്നു.

” വരൂ മാഷേ… ഇരിക്കൂ”

” ഞാൻ ചായ എടുക്കാം “

” വേണ്ടടോ ഇരുട്ടി….പോകണം….”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു…പുറത്തിറങ്ങിതും മഴ കോരിച്ചൊരിഞ്ഞതും ഒരുമിച്ചായിരുന്നു…

“ചതിച്ചല്ലോടൊ….! “

” സാരല്യ…മാഷ് അകത്ത് കയറൂ…ഇന്ന് തോരണ ലക്ഷണം കാരണില്യ…മഴയത്ത് ഇനി ഇരുട്ടിൽ പോകുന്നതും പന്തിയാവില്ല “

അമ്പാടി കയറി ഇരുന്നു…മീനാക്ഷി ചായ എടുക്കാനായി പോയി…ചായയുമായി വന്ന മീനാക്ഷി തന്റെ ഓട്ടോഗ്രാഫ് നോക്കുന്ന മാഷിനെയാണ് കണ്ടത്….

ആ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു…

മൗനം ഭേദിച്ച് കൊണ്ടവൾ തന്നെ തുടങ്ങി…

“മാഷിന്റെ കുടുംബം ? കുട്ടികൾ ?”

ഒന്നു ചിരിച്ചു കൊണ്ട് മാഷ് പറഞ്ഞു…

“തനിക്കും ഇതൊന്നും ആയില്ല്യാച്ചാൽ എനിക്കും ആയില്ല….എനിക്കും വേണ്ടടോ “

മീനാക്ഷി ഒന്നും മനസിലാകാതെ മാഷിനെ തന്നെ നോക്കിയിരുന്നു…അയാൾ തുടർന്നു….

“ജോലി കിട്ടി കഴിഞ്ഞപ്പൊ എനിക്കും കല്യാണാലോചന തുടങ്ങി…ആദ്യമായി ചെന്ന് കണ്ടത് തന്റെ കൂട്ടുകാരി നന്ദയെ….ഞാനാണ് വന്നതെന്നറിഞ്ഞ നന്ദ തന്നെ കുറിച്ച് പറഞ്ഞു…തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞു…അന്നേരം വന്ന് എല്ലാം തീർപ്പാക്കാന്ന് കരുതിയപ്പൊ അച്ഛൻ പെട്ടെന്ന് മരിച്ചു…അമ്മ കിടപ്പിലായി…അനിയത്തിയും ഞാനും മാത്രായി…അവളെ പഠിപ്പിച്ച് ഒരുത്തന്റെ കൈയ്യിൽ ഏൽപ്പിക്കണ വരെ എല്ലാം മാറ്റിവച്ചു…എല്ലാം കഴിഞ്ഞപ്പൊ തന്നെ കാണാൻ പറ്റാതെയായി…ഇത്രയും വർഷം അലഞ്ഞു..ഒടുവിൽ കണ്ടെത്തി..ഒരു ഭയം ബാക്കി നിന്നിരുന്നു…ആ ഒൻപതാം ക്ലാസുകാരിയുടെ പ്രണയം നിലച്ചുപോയിട്ട് മറ്റൊരുവന്റെ ആയിട്ടുണ്ടാകുമോ എന്ന് ….”

ഇത്രയും പറഞ്ഞ് അവളെ നോക്കിയപ്പൊ ഒരു കുഞ്ഞ് പൈതലിനെ പോലെ കരയുന്ന മീനാക്ഷിയെയാണ് കണ്ടത്…

“ഇല്ല മാഷേ…ഇന്നും ഞാനാ ഒൻപതാം ക്ലാസിലെ മലയാളം ക്ലാസിലാണ്…….”

ഇനിയവരുടെ ജീവിതത്തിലെ വസന്തകാലമാണ്…..പ്രണയ വസന്ത കാലം….

~ Saranya P Kumar (ത്രിനേത്ര)