അമ്മേനെ സഹായിക്കാൻ പറ്റാത്തത് ഭാര്യയിലൂടെയെങ്കിലും തിരുത്തിയില്ലെങ്കിൽ, ഈ കഷ്ടപ്പാടുകളൊക്കെ ആവർത്തിക്കില്ലേ….

Story written by Shincy Steny Varanath

============

നീ ചായയെടുത്തിണ്ടെന്താ അവന് കൊടുക്കാത്തത്?

നിമ സ്കൂളിൽ നിന്ന് വന്നപാടെ, ചായയുണ്ടാക്കി, തനിക്കുമൊരു ഗ്ലാസ് തന്ന്, ഭർത്താവിന് കൊടുക്കാതെ അവളു കുടിക്കുന്നത് കണ്ട് അമ്മ ചോദിച്ചു.

സനൂപ്, ആവശ്യമുള്ളപ്പോൾ ചായവെച്ച് കുടിച്ചോളുമമ്മാ…ഇപ്പോൾ വേണ്ടാഞ്ഞിട്ടാകും…അല്ലേൽ നേരെ അടുക്കളേൽ വന്നേനെ…വന്നപ്പോൾ ചൂടുവെള്ളം എടുത്ത് കുടിച്ചിട്ടുണ്ടാകും.

എന്നാലും ഇങ്ങനാണോടി ഭാര്യമാര് ചെയ്യുന്നത്?

മക്കളും ചായ വെച്ച് കുടിക്കുന്ന കണ്ടു…മകളുടെ വീട്ടിൽ കുറച്ചു ദിവസം താമസിക്കാൻ വന്ന മേരിയമ്മയ്ക്കൊരു വല്ലായ്മ തോന്നി.

ഒരെന്നാലുമില്ല അമ്മ…ഇവിടെ ഇങ്ങനാണ്… ജോലി കഴിഞ്ഞ് വരുന്ന ഞങ്ങളെ കാത്ത്, ഒരു ചായക്കായി മക്കളോ, പരസ്പരം ഓഡറ് ചെയ്ത് ചായക്കായി ഞങ്ങളോ കാത്തിരിക്കില്ല…ആവശ്യമുള്ളവർ അവർക്കിഷ്ടമുള്ള ചായയോ കാപ്പിയോ വച്ച് കുടിക്കും. ആർക്കെങ്കിലും വയ്യെങ്കിലോ വല്ലാത്ത മടി തോന്നിയാലോ അതും പറഞ്ഞാൽ മതി, അപ്പോൾ അടുക്കളയിലുള്ളവർ അത് പരിഗണിക്കും. അത് സ്ഥിരമായ ആനുകൂല്യമല്ലട്ടോ…ഞങ്ങളിലാർക്കെങ്കിലും കൂടുതൽ ജോലിഭാരം വരുമ്പോഴും മക്കൾക്ക് പരീക്ഷ സമയത്തുമൊക്കെ അവർക്ക് ഈ ആനുകുല്യമുണ്ട്. എല്ലാരും വീട്ടിലുള്ളപ്പോൾ ഒന്നിച്ചാകും ഭക്ഷണം കഴിക്കുന്നത്.

അമ്മ ഇത് കണ്ട് ഞെട്ടേണ്ടട്ടോ…ഇവിടിങ്ങനെയാണ് ഞങ്ങൾ സെറ്റ് ചെയ്തിരിക്കുന്നത്. അലക്കാനുള്ള തുണി വാഷിംഗ് മിഷ്യനിലിട്ടിട്ട് വന്ന വഴി അമ്മേടേം ഭാര്യേടെ സംസാരം കേട്ട് സനൂപ് പറഞ്ഞു.

ഇനി നിങ്ങള് സംസാരിക്ക്, ഞാൻ രാവിലെ ഉണങ്ങാനിട്ടിട്ട് പോയ തുണിയൊന്ന് മടക്കി വെക്കെട്ട്…നിമ പുറത്തേയ്ക്ക് പോയി.

അമ്മയ്ക്ക് കോഫി വേണോ…പാത്രത്തിൽ വെള്ളമെടുത്ത് സ്റ്റൗൽ വെക്കുമ്പോൾ സനൂപ് ചോദിച്ചു.

വേണ്ട നിമ എടുത്തപ്പോൾ ഞാനും കുടിച്ചു…വൈകട്ടത്തേയ്ക്കെന്താ ഉണ്ടാക്കണ്ടത്?ഞാനുണ്ടാക്കായിരുന്നു…നിങ്ങള് മടുത്തല്ലേ വന്നത്…

വേണ്ടമ്മ, അമ്മ പോയി മക്കളുടെ കൂടെ റ്റീ.വി കണ്ടോ…അമ്മ ഇത്ര കാലം അടുക്കള പണിയെടുത്ത് മടുത്തതല്ലേ…ഇവിടെ ഞങ്ങള് നാലും കൂടി ഒന്നു കേറിയിറങ്ങുമ്പോഴേയ്ക്കും എല്ലാം റെഡിയാകും. കൈ സഹായം വേണമെങ്കിൽ വിളിക്കാട്ടോ.

സനൂപിൻ്റെ വീട്ടിൽ അച്ഛനും അടുക്കളയിൽ കൂടുവോ…മേരിയമ്മയ്ക്ക് സംശയം ചോദിക്കാതിരിക്കാനായില്ല.

എവിടുന്ന്, നിമേടെ വീട്ടിലേപ്പോലെ തന്നെ അവിടെയും…അടുക്കളപ്പണി, തൊഴുത്തിലെപ്പോഴും രണ്ട് പശു വെങ്കിലും കാണും, അതിൻ്റെ പണി, പിന്നെ വയ്യാതെ കിടക്കുന്ന അമ്മച്ചി, ഞങ്ങള് മുന്ന് ആൺമക്കൾ…എല്ലാത്തിനെം വെച്ചും കുടിപ്പിച്ചും കുളിപ്പിച്ചും വരുമ്പോഴേയ്ക്കും അമ്മേനെ കാണാൻ കൂടി കിട്ടില്ല. വെളുപ്പിനെ തുടങ്ങുന്ന പണി, പാതിര ആയാലും തീരുന്നില്ല.

പപ്പയ്ക്ക് പറമ്പിലെ നിശ്ചിത പണി കഴിഞ്ഞ് വന്നാൽ വിശ്രമമുണ്ട്. എന്തെങ്കിലും മാസികകളോ രാവിലത്തെ പത്രമൊ ഒക്കെ വായിച്ച് പപ്പയിരിയ്ക്കും. എല്ലാ തിരക്കിനുമിടയ്ക്ക്, പപ്പ ചോദിച്ചില്ലേലും, ചായ വേണോ? ചൂടുവെള്ളം വേണോ? കുളിക്കാറായോ? ചോറെടുക്കട്ടെ? ചാറ് ഒഴിക്കട്ടെ, എന്നിങ്ങനെ ഓരോന്ന് അമ്മ ചോദിച്ചോണ്ടിരിക്കും…എന്തോ ഒരു അസഹനീയമായ വിനീതവിധേയത്വം…

സ്വന്തമായൊരു ഇഷ്ടവുമില്ലാതെ എല്ലാം ഭർത്താവിനും മക്കൾക്കുമായി മാറ്റിവെക്കാൻ ഇതെന്താ അടിമയും ഉടമയുമോ…പപ്പ മരിക്കുന്നവരെ ഇത് തന്നെ തുടർന്നു. പപ്പ പോയിക്കഴിഞ്ഞപ്പോൾ, ഇപ്പോ പണിയൊന്നുമില്ലെന്നാ അമ്മ പറയുന്നത്…ഒന്നും ചെയ്യാനില്ലെന്ന്…മക്കളും സ്വന്തം കാലിലായി…പശുവിനെയൊക്കെ അനിയൻ ഒഴിവാക്കി…അവരു രണ്ടും ജോലിക്ക് പോകുന്നതല്ലേ…രാവിലെ കുറച്ച് അടുക്കള പണിക്ക് കൂടിയാൽ പിന്നെ ഒന്നും ചെയ്യാനില്ല. ഓഡറിടുന്ന ആളും പോയി…എല്ലാമൊരു ശീലമായതാണല്ലോ…

ഞങ്ങളീ വീട്ടിലേയ്ക്ക് മാറിക്കഴിഞ്ഞപ്പോൾ, ഒന്നിച്ചുള്ള വീട്ടുജോലികളെക്കുറിച്ച് പറഞ്ഞപ്പോൾ നിമയ്ക്ക് ഒട്ടും സമ്മതമല്ലായിരുന്നു. കാരണം അവളും ഇത് കണ്ടല്ലേ വളർന്നത്…അതാണല്ലോ ശരിക്കുള്ള കുടുംബം…അങ്ങനാകണല്ലോ നല്ല കുടുംബിനി…

ആദ്യമൊക്കെ ഞാൻ അടുക്കളേൽ കേറുമ്പോഴെ, അവിടിരുന്നോ…ഞാൻ ചെയ്തോളാന്നൊക്കെ പറയുമായിരുന്നു. എൻ്റെ അമ്മ കഷ്ടപ്പെടുമ്പോൾ അത് എനിക്ക് സങ്കടമായിരുന്നു. പക്ഷെ, സഹായിക്കാനൊന്നും ശ്രമിച്ചിട്ടില്ല. കാരണം ഞാൻ കണ്ട എല്ലാ വീട്ടിലും ഇങ്ങനതന്നാണല്ലോ… ഈ ഭക്ഷണമൊക്കെയുണ്ടാക്കുന്നത് പെണ്ണുങ്ങള് ചെയ്താൽ മാത്രം ശരിയാകുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ, പഠിക്കാനായിട്ട് റൂമെടുത്ത് തനിയെ കഴിഞ്ഞപ്പോൾ, യൂറ്റ്യൂബിലൊക്കെ നോക്കി ഓരോന്നുണ്ടാക്കിയപ്പോൾ എനിക്കും ഇത് വഴങ്ങുമെന്ന് മനസ്സിലായി.

സ്റ്റൗ കത്തിച്ച് അതിൽ ആര്  പാത്രമെടുത്ത് വെച്ചാലും പാത്രം ചൂടാകും, ആര് എണ്ണയൊഴിച്ച് കടുകിട്ടാലും അത് പൊട്ടും. അതിന് വളയിട്ട് കൈ വേണമെന്ന നിർബന്ധമൊന്നുമില്ലാന്ന് തിരിഞ്ഞു. പാത്രം exo ഇട്ട് ഞാൻ കഴുകിയാലും വൃത്തിയാകും.

അമ്മേനെ സഹായിക്കാൻ പറ്റാത്തത് ഭാര്യയിലൂടെയെങ്കിലും തിരുത്തിയില്ലെങ്കിൽ, ഈ കഷ്ടപ്പാടുകളൊക്കെ ആവർത്തിക്കില്ലേ…

ഒരു പോലെ ജോലിക്ക് പോകുന്ന ഞങ്ങളിൽ, ഒരാൾക്ക് മാത്രം പോകുന്നതിന് മുൻപും വന്നതിനു ശേഷവും പണി മുഴുവൻ വന്നാൽ, സ്നേഹമൊക്കെ പതുക്കെ പോയിപ്പോകും…അതുകൊണ്ട് ഞാനും കൂടി കട്ടയ്ക്ക് നിന്നു. അതുകൊണ്ടെന്താ, ഞങ്ങൾക്ക് എല്ലാവർക്കും എല്ലാത്തിനും ആവശ്യത്തിന് സമയമുണ്ട്, ഫോൺ ഉപയോഗിക്കാനും, വായിക്കാനും റ്റി വി കാണാനുമൊക്കെ എല്ലാവർക്കും പറ്റും…

അമ്മേടെ സമയം കൂടിയാണ് അന്ന് പപ്പയെടുത്തത്. ഇന്ന് ഞങ്ങളെല്ലാവരും കുറച്ചു സമയം അടുക്കളയിലും ക്ലീനിങ്ങിനുമൊക്കെ കൊടുത്ത്, ഒരു പോലെ ഫ്രീയാകുന്നു. കുറേശ്ശെ ചെയ്യുന്ന കൊണ്ട് ആർക്കും മടുപ്പില്ല. മക്കളും അവർക്ക് ആകുന്നതിനൊക്കെ കൂട്ടും…

അമ്മ മാത്രം കിടന്ന് തുഴയുന്ന, മടുപ്പ് പിടിച്ച ഇടമല്ല അതെന്ന് അവരും മനസ്സിലാക്കി വളരട്ടെ…

എന്താ…അമ്മേം മോനും കൂടി എൻ്റെ കുറ്റം പറയുവാണോ…അടുക്കളേലോട്ട് കേറി വന്ന നിമ ചോദിച്ചു.

അതേ…മമ്മിയോട് ഞാൻ പറയുവായിരുന്നു, ചായ വേണോ…ചൂട് വെള്ളം വേണോ…ചോറ് വേണോ…എന്നൊക്കെ സ്നേഹത്തോെടെ മമ്മിയൊക്കെ പപ്പയോട് ചോദിച്ച പോലുള്ള ചോദ്യം കേൾക്കാനുള്ള യോഗം എനിക്കില്ലാന്ന്…

ആണോ…സാരമില്ല, അതില് സ്നേഹമല്ല, ഭർത്താക്കൻമാരോടുള്ള വിധേയത്വവും അടിമത്വവും ഒരുതരം മടിപിടിപ്പിക്കലുമാണെന്ന് പറഞ്ഞു തന്നയാൾക്ക് അത് കേൾക്കുന്നതാകും അസ്വസ്ഥതയെന്ന് എനിക്കുമറിയാം…കേൾക്കാൻ കൊതിയുണ്ടെങ്കിൽ, ഒന്നു വീതം മൂന്ന് നേരം ചോദിച്ചേക്കാം…എന്നിട്ട് വന്ന് എടുത്ത് കഴിച്ചോണം…എനിക്കും ഇതാണിപ്പോൾ ശീലം.

ചാരുകസേരിലിരുന്ന, ഭർത്താവിന് കൊണ്ടുക്കൊടുത്ത ചൂട് വെള്ളത്തിന് ഉദ്ദേശിച്ച ചൂടില്ലാത്തതിന് കേട്ട വഴക്കിലും കറിക്ക് ഉപ്പു കൂടിയതിന് കേട്ട വഴക്കിലും, കാലു കഴുകാൻ ബക്കറ്റിൽ വെച്ച വെള്ളം തീർന്ന് പോയപ്പോൾ കേട്ട ഒച്ചയിലുമൊക്കെ  തട്ടിത്തടഞ്ഞ് നിൽക്കുവായിരുന്നപ്പോഴും മേരിയമ്മ…