എന്റെ അശ്രദ്ധ കാരണമാണെന്ന ഇടക്ക് വരുന്ന ബന്ധുക്കളുടെ സംസാരം അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു…

വരരുദ്ര….

Story written by Nidhana S Dileep

=========

“”തന്നിഷ്ടം കൊണ്ട് വരുത്തി വെച്ചതല്ലേ..അനുഭവിക്കട്ടെ…അല്ലെങ്കിലും അവൾക്കെന്താ..ഇനിയിപ്പോ അറിഞ്ഞു കൊണ്ട് ചെയ്താണെന്ന് ആർക്കറിയാം…കുഞ്ഞ് വേണ്ടാന്നും പറഞ്ഞു നടന്നതല്ലേ..””

ഞാൻ കേൾക്കാൻ തന്നെയാണ് ചാക്കോ മാഷ് ഇത്രയും ഉച്ചത്തിൽ പറയുന്നത്.

“”അങ്ങനെ അവൾക്ക് ആ പ്രഗ്നൻസി വേണ്ടെന്നായിരുന്നുവെങ്കിൽ ഒരു ഗുളികയിലോ അബോർഷനിലോ  തീരുമായിരുന്നു. ഇങ്ങനെ സ്വന്തം ജീവൻ അപകടത്തിലാക്കിയിട്ട് അറിഞ്ഞു കൊണ്ട് വീഴാൻ മാത്രം വിവര ദോഷിയല്ലവൾ..””

ആ ബഹളങ്ങൾ ഒന്നും കേൾക്കാൻ വയ്യാത്തത് കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു. കണ്ണുകൾ അനുസരണക്കേട് കാട്ടി പെയ്യുന്നു. ദേഷ്യം മുഴുവൻ  തീർക്കും പോലെ ശക്തിയിൽ തുറക്കുന്ന വാതിലിന്റെ ശബ്ദം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും കണ്ണുകൾ തുറന്നില്ല. അടുത്ത്  ആ സാമിപ്യം അറിയുന്നുണ്ടായിരുന്നു. അലിവോടെ അതിലേറെ പ്രണയത്തോടെ നോക്കുന്നത് അറിയുന്നുണ്ടായിരുന്നു. വിരലുകൾ കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റിയപ്പോൾ ഒന്നു വിതുമ്പി. ആ കൈകൾ എടുത്ത് ഒട്ടി കിടക്കുന്ന വയറിൽ വെച്ചു.

“”സോറി വിശ്വ….കുഞ്ഞ്..പക്ഷേ അറിഞ്ഞു കൊണ്ടല്ല….വിശ്വയ്ക്ക് തോന്നുന്നുണ്ടോ ഞാൻ അറിഞ്ഞു കൊണ്ടാണെന്ന്…”” ഇടറിയും തെറിച്ചും എന്തോക്കെയോ പറഞ്ഞൊപ്പിച്ചു. ഇല്ലെന്ന് വിശ്വ തലയാട്ടി.

“”ശരിയാ…നമ്മൾ ഇപ്പോ കുഞ്ഞ് വേണ്ടെന്ന് വെച്ചിരുന്നു. പക്ഷേ ക്യാരീങ് ആണെന്ന് അറിഞ്ഞത് തൊട്ട് നമ്മൾ ആ കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങിയതല്ലേ…സത്യായിട്ടും ഞാൻ അറിഞ്ഞു കൊണ്ടല്ല വിശ്വാ…മൂന്നു മാസം കഴിഞ്ഞ് സ്കാനിങ് റിപ്പോർട്ട് നോക്കിയേ ഇനി ഫീൽഡിൽ പോകൂന്ന് വിചാരിച്ചതാ…പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രകടനമാണ്..അത് കവർ ചെയ്യാൻ പോവണമെന്ന് സാർ പറഞ്ഞപ്പോൾ പോവാംന്ന് സമ്മതിച്ചു പോയതാ….പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയാ അവിടെ അടി നടന്നത്…അതിന്റെ ഇടയിൽ പെട്ടു പോയപ്പോ ആരോ പിടിച്ചു തള്ളി….അല്ലാതെ അമ്മ പറഞ്ഞ പോലെ..”” മുഴുവിക്കാൻ പോലും പറ്റിയില്ല..നെറ്റിയിലെ മുറിവ് കൊണ്ട് തല വേദനിക്കുന്നുണ്ട്.

“”ഇപ്പോ ഒന്നും സംസാരിക്കണ്ട രുദ്രാ…നമുക്ക് പിന്നെ സംസാരിക്കാം…ഇപ്പോ നന്നായി റെസ്റ്റ് എടുക്ക്…”” പതിയെ വയറിന് മീതെ വെച്ച കൈയിൽ തട്ടി കൊണ്ടിരുന്നു.

“”വിശ്വാ….”” വിശ്വയുടെ കൈയിൽ മുറുകെ പിടിച്ചു.

“”എനിക്കറിയാം എന്റെ രുദ്രയേ…ആരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ..നീ അതൊന്നും ശ്രദ്ധിക്കേണ്ട…”” ഇരു കൈകൾ കൊണ്ടും വലം കൈ പൊതിഞ്ഞു പിടിച്ചു ചുംബിച്ചു. വിശ്വയും ക്ഷീണിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഉറങ്ങി കാണില്ല..എനിക്ക് എന്തെങ്കിലും പറ്റുമോ എന്നോർത്ത് പേടിച്ചു കാണും..ചിലപ്പോ കരഞ്ഞു കാണും…കുഞ്ഞിനെ ഓർത്തും ഒരുപാട് വിഷമിക്കുന്നുണ്ട് വിശ്വ..ഞാൻ വിഷമിക്കും എന്നു കരുതിയാവും ഒന്നും പുറത്തു കാണിക്കാത്തത്.

“”ഞാൻ വീട്ടിൽ പോയിട്ട് ഒന്ന് കുളിച്ച് ഡ്രസൊക്കെ മാറിയിട്ട് വരാം..അപ്പോഴേക്കും ഒന്നുറങ്ങിക്കോ…”” ഇന്നലെ ഓഫീസിൽ പോകുമ്പോൾ ഇട്ട ഷർട്ടും പാന്റുമാണ്..ഓഫീസിൽ നിന്ന് ഓടി വന്നതാവും..ഒത്തിരി പേടിച്ച് പോയി കാണും പാവം.

“”വേഗം വര്വോ….”” വിശ്വ അടുത്തില്ലെങ്കിൽ തളർന്നു വീഴുമോ എന്ന തോന്നൽ…വിശ്വയ്ക്ക് അല്ലാതെ ആർക്കും എന്നെ മനസിലാവില്ല..വിശ്വയ്ക്കല്ലാതെ ആർക്കുമെന്നെ സമാധാനിപ്പിക്കാനാവില്ല എന്ന തിരിച്ചറിവ്…

“”നീ കണ്ണു തുറക്കുമ്പോൾ ഞാൻ മുന്നിലുണ്ടാവും…”” മറുപടിക്കൊപ്പമുള്ള ആ ചുണ്ടിലെ ചിരി മനസിനെ തണുപ്പിക്കുന്നുണ്ടായിരുന്നു.

“”ഇന്നലെ ഒട്ടും ഉറങ്ങിയില്ലേ വിശ്വാ…””

കവിളിൽ കൈ ചേർത്തു വെച്ചു കൊണ്ട് ചോദിച്ചു.

“”ഇവിടെ ഭയങ്കര കൊതുകാടീ…നീ ഒന്നു ഉഷാറായിട്ട് വേണം വൃത്തിഹീനമായ ഹോസ്പിറ്റൽ അന്തരീക്ഷം എന്നൊരു പ്രോഗ്രാം ചെയ്യാൻ…””

ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. എന്തിനാ വിശ്വാ…എന്നേക്കാൾ നോവുമ്പോഴും എനിക്കായ് മാത്രമായി ഇങ്ങനെ ചിരിക്കുന്നത്. എനിക്ക് പറ്റുന്നില്ലല്ലോ നിനക്ക് വേണ്ടി ഒന്നു ചിരിക്കാൻ. ഉള്ളിലുള്ളതൊക്കെ പുറത്തേക്ക് ചാടുമെന്നു. തോന്നിയത് കൊണ്ടാവാം കുരുങ്ങി കിടന്ന കണ്ണുകളെ നോട്ടം തെറ്റിച്ചു കൊണ്ട് എങ്ങോട്ടൊ മാറ്റി കളഞ്ഞു വിശ്വ.

“”അമ്മയെ ഞാൻ വീട്ടിലേക്ക് കൂട്ടാം..നിന്റെ അമ്മയുണ്ടല്ലോ ഇവിടെ..”” ഒരു വട്ടം അമ്മയിലേക്ക് കണ്ണു പായിച്ചു കൊണ്ട് പറഞ്ഞു. ചാക്കോ മാഷ് ഇനിയും ഇവിടെ നിന്നാൽ വല്ലതും പറഞ്ഞു എന്നെ വിഷമിപ്പിക്കും എന്നു വിചാരിച്ചാവും കൊണ്ട് പോകുന്നത്.

ടീച്ചറായിരുന്ന സമയത്ത് കുട്ടികളാരോ അമ്മയ്ക്ക് ഇട്ട പേരാണ് ചാക്കോ മാഷെന്ന്…അമ്മയ്ക്ക് അത് കേൾക്കുന്നതിലും വലിയ കലി വേറൊന്നില്ല. എവിടെയൊക്കെയോ സ്വഭാവത്തിൽ ചാക്കോ മാഷുമായി സാമ്യമുണ്ട്.

ചാക്കോ മാഷിന് പിറകെ പോകവേ വാതിക്കൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കി പോകുകയാണെന്നർത്ഥത്തിൽ ഒന്നു കൂടി തലയാട്ടി വിശ്വ. വാതിക്കലിൽ തന്നെ നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി പോയിരുന്നു.

“”വിശ്വ വന്നില്ലേ അമ്മേ..”” കണ്ണു തുറന്നപ്പോൾ തേടിയത് ആ മുഖമായിരുന്നു.

“”ഇപ്പോ വിളിച്ച് ഫോൺ വെച്ചതേ ഉള്ളൂ..ബ്ലോക്കിൽ പെട്ടുപോയി..അരമണിക്കൂറിനുള്ളിൽ എത്തും..നീ ഉണർന്നാൽ പറയണമെന്ന് പറഞ്ഞു നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..”” വേണ്ടെന്നു തലയാട്ടി. കണ്ണുകൾ വീണ്ടും വാതിക്കലിലേക്കായി.

“”സോറിഡീ…ബ്ലോക്കിൽ പെട്ടുപോയി..”” അതും പറഞ്ഞ് ധൃതിയിൽ മുറിയിലേക്ക് കടന്നു വന്നു വിശ്വ. ഒരു പ്ലയിൻ ടീ ഷേർട്ടും വെള്ളമുണ്ടുമാണ് വേഷം. എഴുത്തും കുത്തുമുള്ള ടീ ഷേർട്ടൊന്നും വിശ്വയ്ക്ക് ഇഷ്ടമല്ല. കൈയിലെ കാറിന്റെ ചാവിയും കവറും ടേബിളിൽ വെച്ചു.

“”കഞ്ഞിയാണ്…അമ്മ തന്നു വിട്ടതാ..ചൂടുണ്ട്…”” അമ്മയോടായി പറഞ്ഞു. അടുത്തു വന്നിരുന്നതും കട്ടിൽ വെച്ച ആ കൈയിൽ മുറുകെ പിടിച്ചു. തനിച്ചാക്കിയതിന്റെ പരിഭവം.

“”ഭയങ്കര ബ്ലോക്കായിരുന്നെടീ…വിദ്യാർത്ഥികളെ പോലീസ് മർദിച്ചെന്നും പറഞ്ഞ് പ്രതിഷേധ ജാഥ ഉണ്ടായിരുന്നു…”” ഇന്നലെത്തെ സംഭവം പിന്നെയും മനസിലേക്ക് ഇരച്ചു കയറി. തല പൊട്ടി പൊളിയും പോലെ…

“”തല വേദനിക്കുന്നുണ്ടോ…നിന്റെ കണ്ണടയുടെ ലെൻസ് മാറ്റാൻ കൊടുത്തിട്ടുണ്ട്..ഇന്ന് വൈകുന്നേരം തരാംന്നു പറഞ്ഞിട്ടുണ്ട്…”” നെറ്റിയിൽ കൈ വെച്ച് മുഖം ചുളിക്കുന്നത് കണ്ട് പറഞ്ഞു.

“”ഞാൻ കൊടുക്കാം…”” അമ്മയുടെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങിച്ചു.

“”കഞ്ഞി കുടിക്കണ്ടേ..എഴുന്നേൽക്ക്…””

“”പ്ലീസ് വിശ്വാ..എനിക്ക് വിശക്കുന്നില്ല…പിന്നെ കഴിച്ചോളാം..””

“”രുദ്രാ..എഴുന്നേൽക്ക്..”” ഒരു കുഞ്ഞു ശാസന

എഴുന്നേറ്റ് വിശ്വയെ ചാരി ഇരുന്നു. ഒരു സ്പൂൺ കഞ്ഞി വായിൽ വെച്ചു തന്നതും എന്തിനെന്നില്ലാതെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ഒരു വറ്റ് പോലും ഇറങ്ങുന്നില്ല. ടീ ഷേർട്ടിന്റെ കോളറിൽ കൈ ചുരുട്ടി പിടിച്ചു തോളിൽ മുഖം അമർത്തി .

“”സോറി..വിശ്വാ…റിയലി ആം സോറി..നമ്മുടെ കുഞ്ഞ്…അറിയാണ്ട് പറ്റിയതാ വിശ്വാ…””

“”നീയിത് എത്ര വട്ടമായി ഒരേ കാര്യം തന്നെ പറയുന്നു..നമ്മൾക്ക് ആ കുഞ്ഞ് വിധിച്ചിട്ടില്ല..അത്രേ ഉള്ളൂ…”” ശബ്ദം ഒരല്പം ഉയർത്തി കൊണ്ട് പറഞ്ഞു.

“”നീയല്ല രുദ്രാ…നീ കാരണം അല്ലെടീ…ഒന്ന് മനസിലാക്ക് നീ…”” യാചനയായിരുന്നോ ആ സ്വരത്തിൽ. മറുപടിയേതുമില്ലാതെ അങ്ങനെ തന്നെ മുഖം അമർത്തി നിന്നു.

“”കഞ്ഞി വേണ്ടേ കിടന്നോ നീ..കുറച്ചു കഴിഞ്ഞു കുടിക്കാം..”” താടി പിടിച്ച് ഉയർത്തി കൊണ്ട് പറഞ്ഞു. വിശ്വ തന്നെ കിടക്കാൻ സഹായിച്ചു. വിശ്വയുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് കിടന്നു. മറുകൈയാൽ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ വെറുതേ വകഞ്ഞു മാറ്റി കൊണ്ടിരുന്നു വിശ്വ.

“”അ ബോർഷനാണെങ്കിലും അതിന്റെ ചിട്ടവട്ടത്തിൽ തന്നെ നിൽക്കണം..”” ചാക്കോ മാഷ് വിശ്വയെ കൂടി ഉദ്ധേശിച്ചാണ് പറഞ്ഞത്. എന്റെ വീട്ടിലേക്കാണ് ഡിസ്ചാർജായിട്ട് പോയത്. ചാക്കോ മാഷും ഉണ്ടായിരുന്നു .

“”ഇടക്ക് വരാം…”” കൈയിൽ ആരും കാണാതെ ഒന്നമർത്തി ചാക്കോ മാഷിന് പിറകെ ഇറങ്ങി. കാറിൽ കയറിയപ്പോൾ എനിക്ക്  മാത്രമായി ഉണ്ടായിരുന്നു ഒരു ഹോൺ. രാവിലെ നേരത്തെ വീട്ടിൽ നിന്നുമിറങ്ങും ഇവിടെ കയറിയിട്ടേ ഓഫീസിൽ പോകൂ..അത് പോലെ വൈകുന്നേരവും ഇവിടെ വന്ന് ഹാജർ വെച്ചിട്ടേ വീട്ടിലേക്ക് പോകൂ..പറ്റുന്ന സമയത്തൊക്കെ വിളിക്കും. ഞാൻ തനിച്ചാവാതിരിക്കാൻ പെടാപാട് പെടുന്നുണ്ട് ആള്. ഇടക്ക് ഒരു ലോഡ് ഉപദേശവുമായി ചാക്കോ മാഷും വിളിക്കും….

“”നമുക്ക്  ഈ ജോലി വേണ്ട രുദ്രാ…ഒന്നാമതേ ഒരു സമാധാനവും കിട്ടില്ല…ഇപ്പോ തന്നെ കണ്ടില്ലേ ഓരോന്ന്…വേറെ വല്ല ജോലിക്കും നോക്കാം…വിശ്വ നിന്നെ വിഷമിപ്പിക്കേണ്ടെന്ന് വെച്ച് പറയാത്തതാവും..”” മുറിയിൽ വന്ന് അമ്മ പരുങ്ങി കളിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായിരുന്നു എന്തോ പറയാൻ ശ്രമിക്കുകയാണെന്ന്.

ഇന്ന് ചാക്കോ മാഷ് വന്നിരുന്നു. അടുക്കളയിൽ വെച്ച് എന്തോ രണ്ടാളും കൂടി സംസാരിക്കുകയായിരുന്നു ഞാൻ വന്നതും നിർത്തി.

എന്റെ അശ്രദ്ധ കാരണമാണെന്ന ഇടക്ക് വരുന്ന ബന്ധുക്കളുടെ സംസാരം അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു. അതിന്റെ കൂടെ അമ്മയും…ചിലപ്പോ തോന്നും അവർ പറയുന്നത് സത്യമല്ലേന്ന്…പറ്റില്ലെന്നു പറഞ്ഞിരുന്നുവെങ്കിൽ അന്ന് മറ്റൊരാൾ പോകുമായിരുന്നു. അതിനേക്കാളുപരി കുഞ്ഞ്…ഞാൻ കാരണം വിശ്വ വേദനിക്കുന്നു എല്ലാം എന്നിൽ പിടിമുറുക്കി തുടങ്ങിരിക്കുന്നു. ചില നേരത്ത് ചിന്തകൾ നീരാളികളെ പോലെയാണ്.

“”നീയിനി ഇവിടെ നിൽക്കണ്ട…എന്റെടുത്ത് നിന്നാൽ മതി..പാക്ക് ചെയ്യാനുള്ളത് എന്താന്നു വെച്ചാൽ പാക്ക് ചെയ്…”” വിശ്വയുടെ മുഖം കണ്ടാലറിയാം നല്ല ദേഷ്യത്തിലാണെന്ന്.അത് മനസിലാക്കിയത് കൊണ്ടാവും അച്ഛനും അമ്മയും എതിര് പറഞ്ഞില്ല.

കാറിൽ വെച്ചും ഒന്നും മിണ്ടിയില്ല. മുഖം കനത്തു തന്നെയുണ്ട്.

“”വിശ്വ……പ്ലീസ്…”” എന്നിട്ടും മൈൻഡ് ചെയ്യാഞ്ഞപ്പോൾ സ്റ്റിയറിങിൽ വെച്ച കൈയിൽ അമർത്തി പിടിച്ചു. കാർ റോഡരികിൽ അടുപ്പിച്ചു നിർത്തി ഇരു കൈ കൊണ്ടും മുഖം അമർത്തി തുടച്ചു.

“”ഈ ലോകത്ത് ആദ്യമായാണോ കുഞ്ഞ് അ ബോർട്ട് ആയി പോകുന്നത്…”” അല്ലെന്ന് തലയാട്ടി.

“”ഇറ്റ്സ് കോമൺ രുദ്രാ…നീ അത് മറന്നേക്ക്…നമുക്കാ കുഞ്ഞ് വിധിച്ചിട്ടില്ല…ഫിസിക്കലി ഫിറ്റായവരാണ് നമ്മൾ രണ്ടാളും…നമുക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാവും…പിന്നെന്താ…””

ഇനിയും കുഞ്ഞുങ്ങളുണ്ടാവും..പക്ഷേ അത് ആ കുഞ്ഞല്ലല്ലോ വിശ്വാ…പക്ഷേ അത് പറഞ്ഞില്ല

“”അതും പോട്ടെ..നീ ചെയ്യാത്ത തെറ്റിന് ആരെങ്കിലും നിന്നെ കുറ്റപെടുത്തുമ്പോൾ എന്തിനാ ഇങ്ങനെ കേട്ടു നിൽക്കുന്നത്..പ്രതികരിക്കാൻ അറിയാത്ത ആളല്ലല്ലോ നീ…നിനക്കും എനിക്കും എല്ലാവർക്കും അറിയാം എങ്ങനെയാണ് അത് സംഭവിച്ചതെന്ന്..ബാക്കി ഉള്ളവരുടെ കാര്യം പോട്ടെ നീയെന്തിനാ നിന്നെ തന്നെ കുറ്റപെടുത്തുന്നേ…പലരും പലതും പറയും അതിനൊക്കെ ചെവി കൊടുക്കാൻ നീയെന്തിനാ പോകുന്നത്…എനിക്കും സങ്കടമുണ്ട് രുദ്രാ എന്ന് കരുതി നിന്നെ പോലെ മുറിയിലടച്ചിരിക്കുകയാണോ ഞാൻ..പ്ലീസ് കം ഔട്ട് ഓഫ് ദിസ് …”” തല കുനിച്ചിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

വീട്ടിലെത്തിയതും കാത്തു നിൽക്കാതെ കാറിൽ നിന്നുമിറങ്ങി അകത്തേക്ക് പോയി ആള്.

ചാക്കോ മാഷോട് ഇത്തിരി നേരം സംസാരിച്ചു കഴിഞ്ഞ് മുറിയിലേക്ക് വന്നപ്പോൾ ടവൽ കൊണ്ട് മുഖവും തുടച്ച് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു.

“”സോറിഡോ..അറിയാതെ ദേഷ്യപെട്ടു പോയതാ…”” വിശ്വയുടെ മടിയിലേക്ക് ചായ്ച്ചു കിടത്തി കണ്ണട ഊരിയെടുത്ത് ടേബിളിൽ വെച്ചു. നെറ്റിയിൽ പതിയെ തലോടിയപ്പോൾ കണ്ണുകളടച്ചു കിടന്നു.

“”നമുക്ക് കൗൺസിലിങിന് പോയാലോ…???”” ചോദ്യം കേട്ട് കണ്ണുകൾ തുറന്ന് ആ മുഖത്തേക്ക് നോക്കി.

“”നിനക്ക് മാത്രമല്ല എനിക്കും വേണം..കംപ്ലീറ്റ്ലി എക്സ്ഹോസ്റ്റെഡ്ന്നൊക്കെ പറയില്ലെ അത് പോലെയാ ഇപ്പോ മനസ്…”” സമ്മതം പറഞ്ഞപ്പോൾ നെറ്റിയിൽ നനുത്തൊരു മുത്തം നൽകി. പിന്നെ കവിൾ നിറയെ..പറയാതെ പറയുന്ന വേദനകൾ…പരിഭവങ്ങൾ…എന്റെ ഉള്ളിലെ വേദനകൾ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കും പോലെ…മറ്റൊന്നിനും സ്ഥാനമില്ലാതെ നമ്മളിൽ നമ്മൾ മാത്രം നിറഞ്ഞു നിന്ന നിമിഷങ്ങൾ.

ഡോക്ടർ ശ്രീരേഖ….ഊഴം കാത്തിരുന്നപ്പോൾ ബോർഡിലെ പേര് വായിച്ചു. ചിരിയോടെ നമ്മളെ കേട്ടിരിക്കുന്ന ഒരാൾ…മടുപ്പിക്കാതെ ഉള്ള സംസാരങ്ങൾ. ധൃതി വെക്കാതെ…സൗമ്യമായുള്ള ചോദ്യങ്ങൾക്ക് മുൻപിൽ ഉള്ള് തുറക്കാൻ മടി തോന്നിയില്ല.

ഡോക്ടർ ആദ്യം പറഞ്ഞ സജഷനായിരുന്നു തിരിച്ച് ജോലിയിലേക്ക് റിജോയിൻ ചെയ്യാൻ…വിശ്വയും ഒരുപാടായി പറയുന്നു ഇങ്ങനെ ചടഞ്ഞിരിക്കാതെ ജോലിക്ക് പോകാൻ പക്ഷേ എന്തോ ജോലിക്ക് പോവാനേ തോന്നുന്നില്ലായിരുന്നു.

പിറ്റേന്ന് വിശ്വ തന്നെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു. വിശ്വ തന്നെ ചാനലിൽ കാറിൽ കൊണ്ടു വിട്ടു. ആൾക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്ത് സീറ്റിൽ പോയിരുന്നു. മോഹൻസാർ വിളിക്കുന്നു എന്ന് ആരോ വന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോയി.

“”താൻ ഓക്കെ ആയില്ലേ…””

“”യെസ് സാർ..””

“”അന്ന് ആ പ്രകടനത്തിൽ കല്ലെറിഞ്ഞത് വേറെ പാർട്ടിയിലെ ആളായിരുന്നു…അതാ അന്ന് പോലീസ് ലാത്തി ചാർജുണ്ടാവാൻ കാരണം..”” ആ ദിവസം സാറിന്റെ സംസാരത്തിൽ കടന്നു വന്നപ്പോൾ വീണ്ടുമാ മടുപ്പിക്കുന്ന വലയത്തിൽ ചെന്നെത്തിക്കും പോലെ. തിരിച്ച് സീറ്റിൽ വന്നിരുന്നപ്പോൾ ചുറ്റും ചോരയുടെ മണം പോലെ…വസ്ത്രം നനയുന്ന പോലെ….എന്റെ കുഞ്ഞ്….ചുണ്ടുകൾ വിറച്ചു. അറിയാതെ തന്നെ കൈകൾ വയറിനെ വലയം ചെയ്തു.

ഇനിയും അവിടെ ഇരുന്നാൽ ഭ്രാ ന്തു പിടിക്കുമെന്ന് തോന്നി. റെസിഗ്നേഷൻ ലെറ്റർ ടൈപ്പ് ചെയ്ത് സാറിന് മെയിൽ അയച്ചു. മെയിൽ കണ്ടതു കൊണ്ടാവും ക്യാബിനിൽ നിന്ന് വരുന്നത് കണ്ടു.

“”വരരുദ്രാ…എന്താ ഇത്..റിസൈൻ ചെയ്യാൻ മാത്രം എന്താ ഇവിടെ ഉണ്ടായെ…””

“”പ്ലീസ് സാർ…നിർബന്ധിക്കല്ലേ..പറ്റാഞ്ഞിട്ടാ…”” അത്ര മാത്രം പറഞ്ഞ് അവിടെ നിന്നുമിറങ്ങി.

വീട്ടിലെത്തുമ്പോൾ ചാക്കോ മാഷ് അത്ഭുതത്തോടെ നോക്കുന്നുണ്ട്. വയ്യെന്നു പറഞ്ഞു…

“”നീയിന്ന് നേരത്തെ വന്നോ..”” സാധാരണ വിശ്വ ആണ് ആദ്യം എത്തിയത്. ഇന്ന് ഞാൻ ആദ്യം എത്തിയത് കണ്ടാവും ചോദിച്ചത്.

“”ഞാൻ ജോലി റിസൈൻ ചെയ്തു..””

“”റിസൈൻ ചെയ്തെന്നോ..എന്തിന്…””

“”പ്ലീസ് വിശ്വ അതിനെ പറ്റി സംസാരിക്കണ്ട..””

“”ഓക്കെ…നിന്റെ ഇഷ്ടം…”” ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല ആ മുഖത്ത്. പക്ഷേ ചാക്കോ മാഷിന്റെ മുഖം അത് കേട്ടപ്പോൾ തെളിഞ്ഞു. പിന്നീടൊരിക്കലും വിശ്വ അതിനെ പറ്റി സംസാരിച്ചില്ല. ഡോക്ടറും ഒന്നും പറഞ്ഞില്ല.

“”വിശ്വാ…ഞാൻ പി എസ് സി കോച്ചിങിന് പോയാലോ…”” വീട്ടിലിരുന്ന് മടുക്കാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും രണ്ടു പേരുടെയും കൗൺസിലിങും കഴിഞ്ഞിരുന്നു.

“”നിന്റെ ഇഷ്ടം പോലെ ചെയ്യൂ…”” അത്ര മാത്രം പറഞ്ഞു.

“”ഗവൺമെന്റ് ജോലി അല്ലേ ടീച്ചിങ് അതാ പെൺകുട്ടികൾക്ക് നല്ലത്..”” ചാക്കോ മാഷിന്റെ വകയാണ് ഈ കമന്റ്. ചാക്കോ മാഷിന് പണ്ടേ ചാനലിലെ ജോലി ഇഷ്ടമല്ല. സ്വസ്ഥത കിട്ടാത്ത ജോലി എന്നൊക്കെയാണ് പറയുക.

************

“”വരരുദ്രാ..ഇന്നലെ തന്നെ ഏൽപ്പിച്ച ഫയൽ വെരിഫൈ ചെയ്തിരുന്നോ…””

“”സാർ അതിൽ എന്തൊക്കെയോ മിസ്റ്റേക്കുകൾ ഉള്ളത് പോലെ…ഞാൻ എമൗണ്ടുകളൊക്കെ ഒന്നു കൂടി വെരിഫൈ ചെയ്യുകയാണ്..”‘

“”അത് താൻ ജേണലിസ്റ്റിന്റെ കണ്ണ് കൊണ്ട് നോക്കുന്നത് കൊണ്ടാടോ..വേഗം ചെക്ക് ചെയ്ത് തന്നേക്കൂ..അർജന്റ് ഫയലാണ്…”” സാർ കളിയാക്കും പോലെയാണത് പറഞ്ഞത്.

പക്ഷേ സത്യമാണ് എന്റെ കണ്ണുകൾ തേടുന്നത് വാർത്തകളാണ്. ഓരോ കാഴ്ചയിലും ഞാനതിനായി തേടി കൊണ്ടിരിക്കും.

റെവന്യൂ ഡിപാർട്മെന്റിലാണ് ഇപ്പോ ജോലി. ചാക്കോ മാഷ് പറയുന്ന പോലെ വല്യ തലവേദനയില്ലാത്ത ഒന്ന്. പക്ഷേ എന്നെ അത് വീർപ്പു മുട്ടിക്കുന്നു. പാകമാത്ത വസ്ത്രം ധരിച്ച പോലെ..ഫയലിലെ ഓരോ അക്ഷരവും എന്നെ നോക്കി കളിയാക്കുന്ന പോലെ. മുന്നിൽ കൈ നീട്ടീ നിൽക്കുന്ന മണ്ണു പുരണ്ട കുഞ്ഞു കൈകളാണ് ചിന്തയിൽ നിന്നുണർത്തിയത്. ഉറങ്ങി കിടക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ  എടുത്ത് ഒരു പെൺകുട്ടി. രണ്ടു പേരുടേയും വസ്ത്രങ്ങൾ മുഷിഞ്ഞിരുന്നു. മുഖത്ത് വിശപ്പിന്റെ തളർച്ചയും.

സാധാരണ പോകുന്നതും വരുന്നതും വിശ്വയുടെ കൂടെയാണ്. സ്കൂട്ടി ആണെങ്കിൽ പണി മുടക്കിയിരിക്കുന്നു. രണ്ട് ദിവസമായി ബസിനാണ്…ഈ രണ്ടു ദിവസവും ഈ രണ്ടു കുഞ്ഞുങ്ങളെയും കണ്ടിരുന്നു. പിറ്റേന്ന് രാവിലെ വിശ്വ കൊണ്ട് വിടാമെന്നു പറഞ്ഞിട്ടും വേണ്ടെന്നു പറഞ്ഞു.

പ്രതീക്ഷിച്ച പോലെ ആ കുഞ്ഞുങ്ങളുണ്ടായിരുന്നു അവിടെ..ഉച്ച ആയപ്പോൾ അവർ നടന്നു പോകുന്നത് കണ്ടു. അവർ കാണാതെ പിറകെ മൊബൈൽ ക്യമറ ഓണാക്കി ഞാനും. ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിലേക്ക് അവർ കയറി പോകുന്നത് കണ്ടു. അവിടെ അവരെ പോലെ വേറെയും കുട്ടികളുണ്ടായിരുന്നു. ആ കാഴ്ച കണ്ട് ഹൃദയമിടിപ്പ് ഇരട്ടിച്ചു

ഓഫീസിലെത്തിയതും ആദ്യം ചെയ്തത് ചാനലിൽ ഉണ്ടായിരുന്ന സുഹൃത്തിന് ആ വീഡിയോ അയച്ചു കൊടുക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

വൈകുന്നേരം കാറിൽ ഇരിക്കുമ്പോഴാണ് അവന്റെ ഫോൺ വന്നത്. എഫ്ബിയിൽ ചാനലിന്റെ പേജിൽ ആ വാർത്ത വന്നിരിക്കുന്നു. കൂടെ ഭിക്ഷാടന മാഫിയയ്ക്കെതിരെ ആക്ഷൻ എടുത്തെന്നും..അത് കാണുമ്പോൾ ഒരു ആത്മ സംതൃപ്തി. നമ്മൾ കണ്ടെത്തുന്ന വാർത്തകൾ ചർച്ചയാവുന്നതും എന്തൊക്കെയോ മാറ്റങ്ങളുണ്ടാവുന്നതും കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്..ഒരു ചിരിയോടെ ഒരു വട്ടം കൂടി അതിൽ കണ്ണോടിച്ചു. ഞാൻ തേടിയതെന്തോ കണ്ടെത്തിയ ഫീൽ. കൈവിട്ടതെന്തോ തിരിച്ചു കിട്ടിയത് പോലെ..

“”എന്താടോ ഇത്ര സന്തോഷം..”” വിശ്വ ചോദിച്ചപ്പോൾ ഒന്നുമില്ലെന്നു പറഞ്ഞു.

വീട്ടിലെത്തുമ്പോൾ ചാക്കോ മാഷ് വാർത്തയും തുറന്നു വെച്ച് കാണുകയാണ്. ടീവിയിൽ ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെട്ട് ആരൊക്കെയോ അറസ്റ്റ് ചെയ്തതിന്റേയും കുട്ടികളെ വനിതാ ശിശു ക്ഷേമവകുപ്പ് ഏറ്റെടുത്തതിന്റേയും ന്യൂസാണ്.

“”ഇങ്ങനെ കുറച്ച് ധൈര്യമുള്ളവർ വേണം നാട്ടിൽ..എന്നാലേ നാട് നന്നാവൂ..”” ചാക്കോ മാഷുടെ കമന്റിന് വിശ്വ ചിരിച്ചു കൊണ്ട് തലയാട്ടുന്നുണ്ട് ഇടക്ക് എന്നെയുമൊന്ന് നോക്കി.

ചാനലിലെ എന്റെ ജോലി കളയാൻ ചാക്കോ മാഷ് സമരം ചെയ്തത് ഓർത്താവും. ചാക്കോ മാഷ് പറഞ്ഞത് ശരിയാണ് ഇങ്ങനെ കുറച്ച് പേർ വേണം നാടും ഇവിടുത്തെ സിസ്റ്റവും നന്നാവാൻ. പക്ഷേ അത് നമ്മളോ നമ്മളുടെ വീട്ടിലുള്ളവരോ ആവാൻ പാടില്ല എന്നേ ഉള്ളൂ…

*************

വെഡിങ് ആനിവേർസറി വിഷസിന്റെ മേസേജ് ഫോണിൽ വന്നു കൊണ്ടേയിരുന്നപ്പോൾ ഫോൺ സൈലന്റിലിട്ടു. ഉച്ചയ്ക്ക് മുൻപ് നോക്കി തീർക്കേണ്ട ഫയലുകളുമായി ഗുസ്തി പിടിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഹാഫ് ഡേ ലീവെടുത്ത് വിശ്വയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ പോവണം.

രണ്ട് മൂന്നു ഷോപ്പിൽ കയറിയിട്ട് ഒരു ഷർട്ടും മുണ്ടും വാങ്ങി പിന്നെ ഒരു കേക്കും..ആൾക്ക് ഡിസൈൻ ഷർട്ട് ഇഷ്ടല്ല. അതേ പോലെ ചില കളേർസ് പറ്റില്ല അങ്ങനെ എന്തൊക്കെയോ ഇഷ്ടക്കേടുകളുണ്ട്. പ്രണയിച്ചിരുന്ന സമയത്ത് ഒരെണ്ണം വാങ്ങി കൊടുത്തത് ഇപ്പോഴും ഷെൽഫിൽ അതേ പോലെ വച്ചിട്ടുണ്ട്. ഞാൻ വിഷമിക്കുംന്നു കരുതിയാവും ഒരു വട്ടം കാണാൻ വന്നപ്പോൾ ഇട്ടു. പിന്നെ ആളത് തൊട്ടിട്ടില്ല.

ഒരു സർപ്രൈസ് പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്. പക്ഷേ ആള് സർപ്രൈസ് ആവുമോന്ന് ഒരു ഉറപ്പുമില്ല. ചിലപ്പോ മൂപ്പർക്ക് മനസിലായി കാണും ഞാൻ തന്നെ പറയട്ടെ എന്ന് വിചാരിച്ച് മിണ്ടാത്തതാവും. ഡേയ്സ് ഒക്കെ എന്നെക്കാൾ കൃത്യായിട്ട് ആള് ഓർത്തു വെക്കും. ആൾക്ക് സേഫ്റ്റി പിരീഡിന്റെ കാൽക്കുലേഷൻ തെറ്റിപ്പോയത് കൊണ്ടായിരുന്നു ആദ്യം കൺസീവ് ആയത്.

ചാക്കോ മാഷിന്റെ വക കിടിലൻ പലട പ്രഥമൻ വെച്ചിട്ടുണ്ട്. ആള് ഫ്രഷായി ചായ കുടിക്കാൻ വേണ്ടി അടുക്കളയിൽ പോയ തക്കത്തിന് മുറിയിൽ കയറി എല്ലാം സെറ്റ് ചെയ്തു. ഇനി ഉറങ്ങാനാവുമ്പഴേ മുറിയിൽ വരൂ. അത് വരെ മൂന്നാളും കൂടി സംസാരിച്ചിരിക്കും. അടുക്കളയിൽ സ്ലാബിന്റെ മോളിൽ കയറിയിരുന്ന് അല്ലെങ്കിൽ നിലത്തിരുന്നൊക്കെയാണ് ചായ കുടിയൊക്കെ. കേക്ക് മുറിച്ച് മൂന്നാളും കൂടി വിവാഹ വാർഷികം ആഘോഷിച്ചു. ബാക്കി കേക്ക് ഫ്രിഡ്ജിൽ വെച്ചു. ഞായറാഴ്ച ഒന്നു കറങ്ങാൻ പോവാംന്നൊക്കെ പറയുന്നുണ്ട് ആശാൻ. മിക്കവാറും ഞായറാഴ്ച ഉച്ച വരെ കിടന്നുറങ്ങും.

ഭക്ഷണവും കഴിച്ച് മുറിയുടെ മുന്നിലെത്തിയതും ആളുടെ കണ്ണു പൊത്തി. “”എന്താടീ ഇത് ചെറിയ പിള്ളേരെ പോലെ…””

കൈ മാറ്റാൻ നോക്കിയിട്ടും വിട്ടില്ല. ഗിഫ്റ്റും വെച്ച ടേബിളിനടുത്ത് കൊണ്ട് പോയി നിർത്തി. ഷർട്ട് തിരിച്ചും മറിച്ചും നോക്കുന്നുണ്ട്. നന്നായി ബോധിച്ചെന്ന് മുഖം പറയുന്നുണ്ട്.

“”ഇതെന്താ “”” റിബൺ കെട്ടിയ പേപ്പർ കണ്ടാണ്.

“”എടുത്ത് നോക്ക്…”” കൈകൾ കെട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

അക്ഷരങ്ങളിലൂടെ കണ്ണുകൾ ഓടിച്ചു പോകുമ്പോൾ കണ്ണുകൾ വിടർന്നു വന്നു. അത്രയും മനോഹരമായ ചിരി ചുണ്ടിൽ വിരിഞ്ഞു. വിശ്വസിക്കാൻ പറ്റാതെ എന്നെ നോക്കിയപ്പോൾ അതെ എന്ന് തലയാട്ടി. ഒരു കൈ കൊണ്ട് വാ പൊത്തി ചിരിക്കുന്നു. പെട്ടെന്നു വന്നു കെട്ടിപിടിച്ചു പിന്നെ വിട്ടകന്ന് വീണ്ടും പേപ്പറിലേക്ക് നോക്കുന്നു. അങ്ങനെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്.

“”ഇറ്റ്സ് എ ബിഗ് സർപ്രൈസ്…”” അവസാനം ഇരു കൈയും ഇടുപ്പിൽ കുത്തി നിന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

“”റിയലി…???””” ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു.

“”സത്യായിട്ടും….എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ടെൻഷൻ കാരണം കഴിഞ്ഞ ദിവസം ഞാനൊരു ഡോക്ടറെ വിളിച്ച് ഫസ്റ്റത്തെ പ്രഗ്നൻസി അ ബോർഷനായി പോയാൽ സെക്കന്റ് പ്രഗ്നനൻസിക്ക് കുഴപ്പമുണ്ടോ..കൺസീവ് ആവാൻ ഡിലേ ആവുമോന്നു തുടങ്ങി അ ബോർഷനാവാനുള്ള സാഹചര്യം വരെ പറഞ്ഞു..നീ കൂടി ടെൻഷനടിക്കേണ്ടാന്നു വെച്ച് നിന്നോട് പറയാതിരുന്നതാ…””

“”ഇപ്പോ ടെൻഷനൊക്കെ പോയി ഹാപ്പിയായില്ലേ…””

“”പിന്നേ പറയണോ…എടീ ദുഷ്ടേ ഇത് രണ്ടാഴ്ച മുൻപുള്ള ടെസ്റ്റ് റിസൾട്ട് അല്ലേ..മനിഷനിവിടെ മൂന്നു മാസമായി ടെൻഷനടിക്കുവായിരുന്നു..””

“”ഇന്ന് സർപ്രൈസ് ആയി പറയാൻ വേണ്ടിയാ..”” അസ്സലായി ഒന്നു ചിരിച്ചു കൊടുത്തു.

“”താങ്ക്യൂ…ടീ…ഇങ്ങനെ സർപ്രൈസ് തന്ന് ഞെട്ടിച്ചതിന്…പിന്നെ ഇതിന്….”” വയറിൽ കൈയമർത്തി കൊണ്ട് പറഞ്ഞു.

“”താങ്ക്യൂ റ്റൂ…”” വയറിൽ വെച്ച കൈയിൽ കൈ ചേർത്തു വെച്ചു.

“”ലവ് യൂ…..””

ലവ് യൂറ്റൂ….””

“”ടീ..വല്ലാത്ത എക്സൈറ്റ്മെന്റ്….അച്ഛനാവാൻ പോകുവല്ലേ..”” കവിളിൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു.

“”ഞാനും എക്സൈറ്റഡ് ആണ്…ഈ രണ്ടാഴ്ച വിശ്വയോടെ പറയാതെ ഒളിപ്പിച്ചു വെച്ചത് എങ്ങനെയാണെന്ന് എനിക്കേ അറിയൂ…എന്താ ഒരു കള്ളച്ചിരിയെന്നൊക്കെ ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറാൻ പെട്ട പാട്…””

“”എനിക്ക് ഒട്ടും മനസിലായില്ലാട്ടോ…എനിക്കെന്തെങ്കിലും പണി തരാനാണോന്നൊക്കെയാ ഞാൻ ചിന്തിച്ചേ…””

കാലെത്തി ചുണ്ടുകളിൽ മുത്തമിടാൻ തുടങ്ങിയപ്പോൾ കൈചൾ കൊണ്ട് തടഞ്ഞു. എന്തെന്നർത്ഥത്തിൽ വിശ്വയെ  നോക്കി

“”ഇനി എന്നാ നിനക്ക് ഞാൻ സർപ്രൈസ് തരട്ടെ…””

” എനിക്കോ…””

“”ആ..ന്നേ…കണ്ണടയ്ക്ക്….””

കൈയിലെന്തോ വെച്ച് തന്നതും കണ്ണു തുറന്നു ചാനലിലെ അപ്പോയ്ന്റ്മെന്റ് ലെറ്റർ. മോഹൻ സാറിനെ വിളിച്ച് റിജോയിൻ ചെയ്യുന്നതിനെ പറ്റി സംസാരിക്കണം സാർ സമ്മതിച്ചില്ലെങ്കിൽ മറ്റെവിടെയെങ്കിലും നോക്കാണമെന്നൊക്കെ വിചാരിച്ചതായിരുന്നു. പക്ഷേ വിശ്വ കേറി സ്കോർ ചെയ്തു കളഞ്ഞു

“”താങ്ക്യൂ ….വിശ്വാ…”” വിശ്വയെ കെട്ടിപ്പിടിച്ചു .

“”യൂ മോസ്റ്റ് വെൽക്കം മൈ ഡിയർ പൊണ്ടാട്ടി..””

*************

നാളത്തെ ന്യൂസിലെ കറക്ഷൻസുമൊക്കെ ആയി ഇന്ന് സാധാരണയിലും ലേറ്റായി. ലേറ്റാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട് പക്ഷേ പറ്റിപോയി. ഇന്ന് എന്തായാലും ചാക്കോ മാഷിന്റെ വക ഭാഗവത പാരായണം ഉറപ്പാ..

കാറിന്റെ ശബ്ദം കേട്ട് വിശ്വയ്ക്ക് പിറകെ ചാക്കോ മാഷും ഇറങ്ങി വന്നു. അടുക്കളയിൽ നിന്നാണെന്നു തോന്നുന്നു രണ്ടാളുടെയും വരവ്.

“”രുദ്രാ…എന്താ ഇത്ര വൈകിയത്..ഗർഭിണിയാണെന്ന് ഓർമയില്ലെ നിനക്ക്….””

‘”ഇന്നൊരു ദിവസം മാത്രം അമ്മേ..ഇനി ആവർത്തിക്കില്ല…””

“”മ്ഹ്…വേഗം ഫ്രഷായി വാ അപ്പോഴേക്കും ചായയെടുക്കാം….””

“”ശരിയമ്മേ..”” പോവുന്ന പോക്കിൽ ചാക്കോ മാഷുടെ കവിളിൽ ഒരുമ്മയും കൊടുത്തു. കക്ഷി കവിളും തടവി കൊണ്ട് അടുക്കളയിലേക്ക് പോയി. ചിരി ഒക്കെ വന്നു കാണും.

“”എടീ..വേഗം ഫ്രഷായി വന്നാൽ വിശ്വ സ്പെഷൽ മസാല ദോശ കഴിക്കാം..””

“”ദേ ഇപ്പോ വരാം..”” വിശ്വ പിറകിൽ നിന്ന് വിളിച്ച് കൂവിയപ്പോൾ മറുപടി കൊടുത്തു. ചാക്കോ മാഷിന് വിശ്വ കാര്യമായി ഒരു ഡോസ് കൊടുത്തിട്ടുണ്ട്. കക്ഷി ചാനലിലെ ജോലിയെ പറ്റി  കുറ്റപ്പെടുത്താറില്ല. അതെന്താന്ന് വിശ്വയോട് ചോദിച്ചാൽ പറഞ്ഞു തരില്ല. അമ്മയെ കുറ്റപ്പെടുത്തി എന്നോടു പോലും ഒന്നും പറയില്ല. ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതി ജീവിച്ച ആളാണ് ചാക്കോ മാഷ്. ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് വിശ്വ പറഞ്ഞു കേട്ടിട്ടുണ്ട്..പിന്നെ റിട്ടെയർമെന്റിന് ശേഷം വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്നതിന്റെ ഒക്കെ റിയാക്ഷനാണ് ഈ ബഹളം വെക്കൽ..ഇപ്പോ അമ്മയും അമ്മയെ പോലെ റിട്ടേയ്ഡ് ആയ രണ്ട് മൂന്ന് ടീച്ചേർസും കൂടി ഒരു ട്യൂഷൻസെന്റർ നടത്തുന്നുണ്ട്..വിശ്വയ്ക്ക് ഒരു കുഞ്ഞ് വേണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു അമ്മയ്ക്ക്..ആ ആഗ്രഹവും സാധിക്കാൻ പോകുന്നു. അത് കൊണ്ട് ആള് ഇപ്പോ എല്ലാം കൊണ്ടും ഹാപ്പിയാണ്.

“”നിന്റെ ശ്രദ്ധ എവിടെയാ വിശ്വാ….””

അടുക്കളയിൽ നിന്ന് ചാക്കോ മാഷിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്. ചപ്പാത്തി കരിഞ്ഞു കാണും. വിശ്വയ്ക്ക് കണക്കിന് കിട്ടുന്നുണ്ട്. വേഗം കുളിച്ച് റെഡിയായി ആ ബഹളങ്ങളിലേക്ക് ഇഴ ചേർന്നു.

അവസാനിച്ചു….