ഇടവഴിയിലേക്ക് നോട്ടമെത്തുന്ന രീതിയിൽ തുറന്ന് വച്ചിരുന്ന മുൻവാതിൽ ഭയം കൊണ്ടവൾ കൊട്ടിയടച്ചു….

Story written by Saji Thaiparambu

===========

അമ്മേടെ ചക്കരയല്ലേ?  ഈ പാപ്പം കഴിച്ചാൽ അമ്മ ദോണ്ടെ, ആ കാണുന്ന അമ്പിളിമാമനെ പിടിച്ച് തരാല്ലോ?

പക്ഷേ ആ പ്രലോഭനങ്ങളിലൊന്നും മകൻ വഴങ്ങില്ലെന്ന് മനസിലായപ്പോൾ ആ അമ്മ അടവൊന്ന് മാറ്റിപ്പിടിച്ചു.

ഇത് കഴിച്ചില്ലെങ്കിൽ ഞാനിപ്പോൾ റപ്പായീനെ വിളിക്കൂട്ടോ?

മോര് കറിയിൽ കുഴച്ചെടുത്ത ചോറ് , ഒന്നര വയസ്സുകാരനെ കൊണ്ട് തീറ്റിക്കാൻ പാട് പെടുകയായിരുന്നു ആ അമ്മ

ഈശ്വരാ…ഈ കൊച്ചിന് ഞാനിനി എന്തോ കൊടുക്കും? മടിയിൽ കിടത്തി സെറിലാക്ക് കോരികൊടുത്താൽ, അവൻ കുടിച്ച് കൊള്ളും, പക്ഷേ, അത് തീർന്നിട്ട് ആഴ്ച ഒന്നായി, അല്ലെങ്കിൽ റാഗിയോ റവയോ കാച്ചി കൊടുത്താലും മതിയായിരുന്നു, ഗിരിയേട്ടൻ്റെ കൂട്ടുകാരനും, ഭാര്യയും മകളുടെ മാമോദീസയ്ക്ക് ക്ഷണിക്കാൻ വന്നപ്പോഴായിരുന്നു അവസാനമായിട്ട് ഈ വീട്ടിൽ സെറിലാക്കു കൊണ്ട് വന്നത്, കഴിഞ്ഞയാഴ്ച വരെ അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു , അത് കഴിഞ്ഞപ്പോൾ റാഗിയും റവയും തീരുകയും ചെയ്തു, ഇപ്പോൾ മു ലപ്പാല് വറ്റിത്തുടങ്ങിയത് കൊണ്ട്, വിശപ്പടക്കാൻ താനും ഗിരിയേട്ടനും കഴിക്കുന്ന റേഷനരിയുടെ ചോറ് തന്നെയാണ്, ഇടയ്ക്കിടെ അവനും കൊടുക്കുന്നത്, രാവിലെയിവിടുന്ന് പണിക്കെന്നും പറഞ്ഞിറങ്ങി പോയ ഗിരിയേട്ടനെയും കാണുന്നില്ലല്ലോ?

ആരോടെന്നില്ലാതെ, പിറുപിറുത്ത് കൊണ്ട് നിലാവ് പരന്നൊഴുകുന്ന ഇടവഴിയിലേക്കവൾ പ്രതീക്ഷയോടെ നോക്കി നിന്നു.

ഉമ്പായി കൊച്ചാണ്ടീ…പാണൻ കത്തുണമ്മാ…വയല പൊട്ടിച്ച്…പാപ്പുണ്ടാക്കണമ്മാ…

ദൂരെ നിന്നും നാടൻ പാട്ടിൻ്റെ ഈരടികൾ കേട്ടപ്പോൾ അത് റപ്പായിയാണെന്ന് അവൾക്ക് മനസ്സിലായി

ങ്ഹാ,,,ദേ,,,വരണുണ്ടടാ…നിന്നെ പിടിച്ചോണ്ട് പോകാൻ റപ്പായി വരുന്നുണ്ടെടാ??

ചോ ര കണ്ണുകളും, ജഡ പിടിച്ച നീണ്ട താടിയും മുടിയുമുള്ള  റപ്പായി, നാട്ടിലെ കൊച്ചു കുട്ടികളുടെ പേടിസ്വപ്നമായിരുന്നു.

വർഷങ്ങൾക്കു് മുൻപ് ദൂരെ ഏതോ നാട്ടിൽ നിന്ന്, കരിങ്കൽക്വാറിയിൽ പാറ പൊട്ടിക്കാൻ വന്നതായിരുന്നു റാഫേൽ മത്തായി എന്ന ആ മദ്ധ്യവയസ്കൻ

മലമുകളിൽ കരിമരുന്ന് വച്ച് ആരോ, പാറ പൊട്ടിക്കുന്നതിനിടയിൽ ഒരു വലിയ ചീള് വന്ന് തലയിൽ വീണപ്പോൾ മുതലാണ്, റപ്പായിക്ക് സ്വബോധം നഷ്ടപ്പെട്ടത്

അതോടെ സ്വന്തം നാടും വീടുമൊക്കെ മറന്ന് പോയ അയാൾ ആ നാട്ടിൽ തന്നെ അലഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങി. അന്ന് മുതൽ ആരോടും ഒന്നും മിണ്ടാതെ, വല്ലപ്പോഴും ഇത് പോലെ എവിടെ നിന്നെങ്കിലും കേൾക്കുന്ന നാടൻ പാട്ടുകളും പാടിക്കൊണ്ട് ഇടയ്ക്കിടെ നാട്ട് വഴികളിലൂടെ നടന്ന് പോകും, അപ്പോൾ ഏതെങ്കിലും വീട്ടുകാര് വിളിച്ചിരുത്തി വയറ് നിറച്ച് ആഹാരം കൊടുക്കാറുണ്ട് .

അവരുടെ അടുത്തെത്തിയപ്പോൾ റപ്പായിയുടെ പാട്ട് നിന്നു, ഇടവഴിയിൽ നേർത്ത നിലാവെളിച്ചത്തിൽ, ഒരു നിഴൽരൂപം ചലനമറ്റ് തങ്ങളെ നോക്കി നില്ക്കുന്ന നേരം കൊണ്ട് , പേടിച്ചരണ്ട കുഞ്ഞാവ അമ്മ വാരിക്കൊടുത്ത ഞെരടിയ വറ്റുകൾ ഇടമുറിയാതെ വിഴുങ്ങിക്കൊണ്ടിരുന്നു.

ഉം ഇനി പൊയ്ക്കോളു റപ്പായീ…കുഞ്ഞാവ പാപ്പം മുഴുവൻ കഴിച്ചു.

ആശ്വാസത്തോടെയവൾ വഴിയിൽ നില്ക്കുന്ന റപ്പായിയോട് പറഞ്ഞു

എനിക്കിത്തിരി ചോറ് തരാമോ? എനിക്കും വിശക്കുന്നു,

അപ്രതീക്ഷിതമായ അയാളുടെ ചോദ്യം കേട്ട് അവൾ വല്ലാതെയായി

ഗിരിയേട്ടന് കഴിക്കാനുള്ള ചോറ് മാത്രമേ കഷ്ടിച്ച് കലത്തിലുണ്ടാവൂ, അത് റപ്പായിക്ക് കൊടുത്താൽ കുറച്ച് കഴിയുമ്പോൾ പണിക്ക് പോയി വിശന്നലഞ്ഞ് വരുന്ന ഗിരിയേട്ടനെന്ത് കൊടുക്കും? റപ്പായിക്ക് ഇവിടെയല്ലെങ്കിൽ മറ്റൊരു വീട്ടിൽ നിന്ന് ആഹാരം കിട്ടും, പക്ഷേ ഗിരിയേട്ടന് ഭക്ഷണം കിട്ടാൻ വേറെ വഴികളൊന്നുമില്ലല്ലോ?

നിസ്സഹായതയോടെ അവളോർത്തു.

എനിക്കിത്തിരി ചോറ് തരാമോ?

അവൾ മൗനം തുടർന്നപ്പോൾ റപ്പായി ചോദ്യം ആവർത്തിച്ചു

അയ്യോ റപ്പായീ… ഉണ്ടായിരുന്ന ചോറും കറിയുമാണ് ഇപ്പോൾ കുഞ്ഞിന് കൊടുത്തത്, ഇനിയൊട്ടും ബാക്കിയിരിപ്പില്ല

അത് കേട്ട്, ഒന്നും മിണ്ടാതെ കുറച്ച് നേരം കൂടി അവിടെ നിന്നിട്ട്, റപ്പായി പതിയെ തിരിഞ്ഞ് നടന്നു.

അയാളകന്ന് പോകുന്നത് കണ്ട് അവൾക്ക് സങ്കടം തോന്നി.

അപ്പോഴേക്കും പാതി നിലാവ് മേഘക്കീറുകൾക്കിടയിലേക്ക് ചേക്കേറിയിരുന്നു, മുറ്റത്തും ഇടവഴിയിലും ഇരുള് കട്ടപിടിച്ച് തുടങ്ങിയപ്പോൾ അവൾ കുഞ്ഞുമായി വീടിനകത്തേയ്ക്ക് കയറിപ്പോയി.

നേരം പാതിരാവോടടുക്കുന്നു, ഗിരിയേട്ടൻ ഇനിയും വന്നിട്ടില്ല, കുഞ്ഞാവ ഉറക്കത്തിലാണ്ട് കഴിഞ്ഞപ്പോൾ, അവൾക്ക് വല്ലാത്ത ഭീതി തോന്നി.

പുറത്ത് വീശുന്ന പിശറൻ കാറ്റിൽ, പഴുത്ത തെങ്ങോലകൾ വീഴുന്ന ശബ്ദം കേട്ട്, ഇടയ്ക്കിടെ അവൾ ഞെട്ടിത്തരിച്ചു.

ഇടവഴിയിലേക്ക് നോട്ടമെത്തുന്ന രീതിയിൽ തുറന്ന് വച്ചിരുന്ന മുൻവാതിൽ ഭയം കൊണ്ടവൾ കൊട്ടിയടച്ചു.

അല്പം കഴിഞ്ഞപ്പോൾ പുറത്ത് സൈക്കിളിൻ്റെ ബെല്ലടി ശബ്ദം കേട്ടവൾ ആശ്വാസത്തോടെ നിലത്ത് വിരിച്ചിരുന്ന പുൽപ്പായയിൽ നിന്ന് ചാടിയെഴുന്നേറ്റു

എവിടായിരുന്നു ഗിരിയേട്ടാ…ഇത്രയും നേരം?

സങ്കടവും ദേഷ്യവും കൊണ്ടവൾ ചോദിച്ചു

ഓഹ് ഒന്നും പറയെണ്ടെടീ രാവിലെ മുതല് ലാസറ് മുതലാളിയെ കാത്ത്, അയാളുടെ കൂപ്പിലിരിക്കാൻ തുടങ്ങിയതാണ്, രാത്രി എട്ട്മണി വരെ നോക്കിയിരുന്ന് മടുത്തപ്പോൾ, അവസാനം അയാളുടെ കാര്യസ്ഥൻ വന്നിട്ട് പറയുവാണ്, മുതലാളിയെ നാളെയേ കാണാൻ പറ്റുകയുള്ളു, പോയിട്ട് നാളെ വന്നാൽ മതിയെന്ന്, ഞാനന്നേരം തന്നെയിങ്ങ് തിരിച്ച് പോന്നതാണ്, അപ്പോഴാണ് കവലയിലേക്ക് തിരിയുന്ന ഗട്ട് റോഡിൻ്റെ ഇറക്കത്തിൽ , ഒരാള് കമിഴ്ന്ന് കിടക്കുന്നത് കണ്ടത്, ആരാണെന്നറിയാൻ ഞാൻ സൈക്കിളിൽ നിന്നിറങ്ങി ചെന്ന് നോക്കിയപ്പോൾ, അത് നമ്മുടെ റപ്പായി ആയിരുന്നെടീ…

ങ്ഹേ, റപ്പായിയോ?

ഒരു കുറ്റബോധത്തോടെ അവൾ ചോദിച്ചു

അതേടീ..റപ്പായി തന്നെ, ആ കിടപ്പ് കണ്ട് പന്തികേട് തോന്നിയ ഞാൻ അയാളുടെ മൂക്കിനടുത്ത് വിരൽ വച്ച് നോക്കിയപ്പോഴല്ലേ മനസ്സിലായത് ,അയാള് ചത്ത് കിടക്കുവായിരുന്നെടീ…

അത് കേട്ട്, അവൾ ഞെട്ടിത്തരിച്ച് നിന്ന് പോയി .

നേരാണോ ഗിരിയേട്ടാ…അയാൾക്ക് ജീവനില്ലെന്നുറപ്പാണോ? ഗിരിയേട്ടന് ആരെയെങ്കിലും വിളിച്ച് അയാളെ ആശുപത്രിയിൽ കൊണ്ട് പോകാമായിരുന്നില്ലേ ?

ഞാനാൾക്കാരെ വിളിച്ച് കൂട്ടിയെടീ…ഓടിക്കൂടിയവരുടെ കൂട്ടത്തിൽ നമ്മുടെ ബാബു ഡോക്ടറുമുണ്ടായിരുന്നു. പൾസ് നോക്കിയിട്ട് അയാള് ഉറപ്പ് പറഞ്ഞു, റപ്പായി ചത്ത് പോയെന്ന്, പാവം മിക്കവാറും പട്ടിണി കിടന്ന് ചത്തതാവാനേ സാധ്യതയുള്ളു

അതെന്താ ഗിരിയേട്ടാ അങ്ങനെ പറഞ്ഞത്?

അവൾ ഒരാന്തലോടെ ചോദിച്ചു

അയാൾ ആഹാരം കഴിച്ചിട്ട് രണ്ട് ദിവസമായെന്ന് ചായക്കടയിലെ ബീരാനിക്കാ പറഞ്ഞു. ഏത് സമയവും എന്തൊക്കെയോ ആലോചിച്ച് കൊണ്ട് കടത്തിണ്ണയിൽ തന്നെ ഒരേ ഇരുപ്പായിരുന്നു , ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാവാറുണ്ടത്രേ ?വിശപ്പധികമാകുമ്പോൾ മാത്രം ഏതെങ്കിലും വീടുകളിൽ ചെന്ന് ഭക്ഷണം ചോദിച്ച് കഴിക്കാറാണ് പതിവ്, ഇന്നും അത് പോലെ ഭക്ഷണം കഴിക്കാനായി എവിടേക്കെങ്കിലും പോയതായിരിക്കുമെന്നാണ് എല്ലാവരും പറയുന്നത്,

എൻ്റെ ദൈവങ്ങളേ..ഞാനെൻ്റെ ഭർത്താവ് പട്ടിണിയാകുമല്ലോന്ന് ചിന്തിച്ചാണ്, അങ്ങനെ പറഞ്ഞത്, നീയെന്നോട് പൊറുക്കണേ…

അവൾ സകല ദൈവങ്ങളോടും മനസ്സ് കൊണ്ട് യാചിച്ചു.

ഗിരിയേട്ടാ…വേഗം മേലുകഴുകിയിട്ട് വാ…ഞാൻ ചോറ് വിളമ്പി വയ്ക്കാം

ങ്ഹാ, ഞാനത് പറയാൻ മറന്നു. വൈകുന്നേരം ലാസറ് മുതലാളിയുടെ കൂപ്പിലെ പണിക്കാർക്കൊക്കെ, കഞ്ഞിയും പയറും വിളമ്പിയ കൂട്ടത്തിൽ എനിക്കും കിട്ടി, ഒരു പ്ളേറ്റ് നിറയെ കഞ്ഞിയും, നല്ല ചുട്ടരച്ച ചമ്മന്തിയും…വിശപ്പ് കാരണം, ഞാനത് വയറ് നിറയെ കഴിച്ചു , വേണമെങ്കിൽ എൻ്റെ ചോറ് , നീ കഴിച്ചോളു,..

അത് കേട്ട് നെഞ്ചിനുള്ളിൽ കാരമുള്ള് തറഞ്ഞ വേദനയിൽ അവൾ പിടഞ്ഞ് പോയി.

NB :- നമ്മുടെ എല്ലാവരുടെ നാട്ടിലും, ഇത് പോലെയുള്ള റപ്പായിമാരുണ്ടാവും, അവരെയൊക്കെ ചൂണ്ടിക്കാണിച്ച് നാം നമ്മുടെ കുട്ടികളുടെ വയറ് നിറയ്ക്കാൻ മാത്രമേ നോക്കാറുള്ളു…എന്നാൽ അവര് വിശന്ന് നടക്കുകയാണോ എന്ന് നമ്മളാരും ഒരിക്കലും ഉത്ക്കണ്ഠപ്പെടാറില്ല എന്നതാണ് സത്യം.

~സജി തൈപ്പറമ്പ്