പക്ഷേ അതിന്റെ ഏഴാം നാൾ അതുങ്ങളെ വീട്ടിലേക്ക് കെട്ടിയെടുക്കുമെന്ന് കരുതിയതല്ല…

എഴുത്ത്: രാജീവ് രാധാകൃഷ്ണ പണിക്കര്‍

==============

അന്ത്രുവിന്റെ ഇറച്ചി കടയിൽ നിന്നും വാങ്ങിയ ആട്ടിറച്ചി പാതേമ്പുറത്തു വച്ച് കുപ്പി ഗ്ലാസ്സിൽ അടച്ചു വച്ചിരുന്ന കട്ടനും മോന്തി  തിരിഞ്ഞപ്പോഴാണ് ഉമ്മറവാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.

പുറത്ത് പശുവിന് കാടി  കൊടുക്കുകയായിരുന്ന മറിയയെ വിളിച്ച് ഇറച്ചി നോക്കാൻ പറഞ്ഞ് ആരാണെന്നറിയാണുള്ള വെപ്രാളത്തിൽ ജനൽ തുറന്നു നോക്കിയപ്പോൾ പണ്ട് സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരൻ വർക്കിയും ഭാര്യയും ഇളിച്ച മുഖവുമായി പുറത്തു നിൽക്കുന്നു.

കഴിഞ്ഞാഴ്ച അന്തോണീസ് പുണ്യാളന്റെ പെരുന്നാളിന് പള്ളിപറമ്പിൽ വച്ചു കണ്ടപ്പോൾ വീട്ടിലേക്ക് ക്ഷണിച്ചു എന്നത് നേരാണ്.

പക്ഷേ അതിന്റെ ഏഴാം നാൾ അതുങ്ങളെ വീട്ടിലേക്ക് കെട്ടിയെടുക്കുമെന്ന് കരുതിയതല്ല.

ജനിച്ചിട്ടിന്നു വരെ ആട്ടിറച്ചി തിന്നിട്ടില്ല എന്ന ക്ടാങ്ങളുടെ പരാതി മറ്റാനാണ് പലിശക്കാരൻ അണ്ണാച്ചിക്ക്  കൊടുക്കുവാൻ വച്ചിരുന്ന കാശുകൊണ്ട് ആട്ടിറച്ചി വാങ്ങിയത് എന്നോർത്തപ്പോൾ റപ്പായിയുടെ മനമിടറി.

പെട്ടെന്നെന്തെങ്കിലും തന്ത്രം പ്രയോഗിച്ചു അവരെ വീട്ടിൽ നിന്ന് അകറ്റിയാലെ തനിക്കും പിള്ളേർക്കും ആശ മുഴുത്തു വാങ്ങിയ ആട്ടിറച്ചി കഴിക്കാൻ പറ്റു…

ഇറച്ചി ഫ്രിഡ്ജിൽ കയറ്റാമെന്നു വച്ചാൽ ആ സാ മാനം കേടായിട്ട് മാസം രണ്ടായി.

ഇറച്ചി പുറത്തു വച്ചാൽ വിരുന്നുകാർ പോയി കഴിയുമ്പോൾ ചീഞ്ഞു നാറി പുറത്തേറിയേണ്ടി വരും.

കറി വച്ചാൽ വിരുന്നുകാർ തിന്നിട്ടു പോകും.

രക്ഷപ്പെടാൻ ഒരു വഴി…

പെട്ടെന്നാണ് ബുദ്ധിയുദിച്ചത്.

പ്രയോഗിക്കുക തന്നെ.

“വർക്കിയെ എന്നാ ഒക്കെ ഒണ്ടെടാ ഉവ്വെ വിശേഷം. എനിക്കും കെട്യോൾക്കും  ഇന്നലെ മുതൽ പൊസിറ്റിവാ. നിങ്ങ വന്ന സമയം മോശമായല്ലോടാ. അകത്തേക്ക് കയറാതിരിക്കുന്നതാ ബുദ്ധി”

തന്ത്രം പ്രയോഗിച്ചു.

വർക്കി തന്ത്രത്തിൽ തട്ടി വീണു.

“ഒള്ളതോ…കഷ്ടമായല്ലോ കർത്താവേ. മേരിക്കുട്ടി പറഞ്ഞതാ ഒന്നു വിളിച്ചു പറഞ്ഞിട്ടു വന്നാ മതീന്ന്. അപ്പൊ ഞാനാ പറഞ്ഞത് ഇന്നലെ അളിയൻ വന്നപ്പോൾ കൊണ്ട് വന്ന സ്‌കോച്ചും കൊണ്ട് നേരെ ഇങ്ങോട്ടു പോരാമെന്ന്”

വർക്കി തന്റെ കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു കുപ്പി ജോണീവാക്കർ ഉയർത്തിക്കാട്ടി.

“ഇനി നിനക്ക് ദീനം മാറാതെ ഇതു കഴിക്കാൻ പറ്റില്ലല്ലോ..ഞാൻ ആ മത്തായീടെ വീട്ടിലെങ്ങാനും പോയിരുന്നു കഴിക്കാം”

കുപ്പിയുമായി വർക്കിയും കെട്ട്യോളും കാറിൽ കയറി അകലുന്നത് വിഷമത്തോടെ നോക്കി നിന്നു.

ഒരു പ്ലേറ്റ് ആട്ടിറച്ചിക്കു വേണ്ടി നഷ്ടപ്പെടുത്തിയത് ഒരു കുപ്പി സ്കോച്ച്.

അവരോട് നുണ പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടു നിൽക്കുമ്പോൾ പിന്നാമ്പുറത്ത് നിന്ന് കെട്ടിയോളുടെ അലർച്ച ഉയർന്നു…

“നിങ്ങളെന്തു പണിയാ മനുഷ്യാ കാട്ടിയത്. അടുക്കള വാതിൽ തുറന്നിട്ട് ഏറച്ചിയും വച്ചിട്ടു പോയോ..അത് പട്ടി കൊണ്ടു പോയല്ലോ കർത്താവേ”

ഇടിവെട്ടിയവനെ പാമ്പു കടിച്ചത് പോലെ റപ്പായി നിലത്തേക്കിരുന്നു.

കടിച്ചതുമില്ല പിടിച്ചതുമില്ല…

ശുഭം

~രാജീവ് (26/1/22)