അങ്ങേര് പോയത് ഏതായാലും നന്നായി അല്ലെങ്കിൽ നമുക്ക് ഇങ്ങനെ ഒന്ന് കാണാൻ പറ്റുമോ…

തേങ്ങുന്ന ആത്മാവ്…

എഴുത്ത്: അനില്‍ മാത്യു

=============

കഴിഞ്ഞ ആഴ്ചയാണ് അയാൾ മരിച്ചത്. പരലോകത്തിൽ ചെന്ന അയാളുടെ ആത്മാവിന് ഭാര്യയെയും മക്കളെയും കാണാൻ അതിയായ ആഗ്രഹം തോന്നി. പ്രത്യേക അനുവാദം വാങ്ങി ഒരു ദിവസത്തേക്ക് അയാൾ ഭൂമിയിലേക്ക് തിരിച്ചു.

സന്ധ്യയോടെ അയാൾ വീട്ടിലെത്തി. വീട്ടിൽ ലൈറ്റ് ഉണ്ട്. ഒരാഴ്ചയായി താൻ മരിച്ചിട്ട്. അതിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. ഉച്ചത്തിൽ ടിവി വെച്ചിരിക്കുന്നു. ഭാര്യയും മകനും കൂടി ടിവി കണ്ട് ആർത്തു ചിരിക്കുന്നു. ഇവർക്ക് ഒരു വിഷമവും ഇല്ലായിരുന്നോ? അയാൾക്ക് അത്ഭുതമായി. അല്പം വിഷമവും.

അല്പസമയം കഴിഞ്ഞപ്പോൾ ഭാര്യക്ക് ഒരു ഫോൺ വന്നു. അവള് എണീറ്റുപോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു. ഡാ നേരത്തെ പോയി കിടന്നുറങ്ങാൻ നോക്ക്. അവൾ മകനോട് പറയുന്നത് കേട്ടു.

അവൻ എണീറ്റ് അവന്റെ മുറിയിലേക്ക് പോയി. കുറച്ചുനേരം കൂടെ ഭാര്യ അവിടെ ഇരുന്നിട്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. അടുക്കളയുടെ വാതിൽ തുറന്നു. അത് കണ്ട് അയാൾ ഞെട്ടി. അയൽവീട്ടിലെ ജോസ്. ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു എന്നറിയാമോ? അവൾ കിണുങ്ങി.

അവിടെ എന്റെ ഭാര്യ ഉറങ്ങണ്ടേ? എന്നാലല്ലേ എനിക്ക് ഇറങ്ങാൻ പറ്റു?

ഉം. അവൾ മൂളി

നിനക്ക് പേടിക്കണ്ടല്ലോ..കെട്ടിയോൻ ചത്തു. വേറെ ആരുമില്ല. ഒന്നും നോക്കണ്ട എപ്പോ വേണേലും റെഡി ആണല്ലോ.

അങ്ങേര് പോയത് ഏതായാലും നന്നായി അല്ലെങ്കിൽ നമുക്ക് ഇങ്ങനെ ഒന്ന് കാണാൻ പറ്റുമോ..അവൾ അവനോട് ഒന്നൂടെ ചേർന്നു. അവളുടെ തോളത്ത് കയ്യിട്ട് അവൻ ബെഡ് റൂമിലേക്ക് പോയി.

ബെഡ്റൂമിലെ വാതിൽ ചേർന്നടയുന്നത് കണ്ട് അയാളുടെ ഹൃദയം പൊട്ടി.

ഇവളെ  ആയിരുന്നോ താൻ  ഇത്രയും നാൾ സ്നേഹിച്ചത്? ഇവൾക്കു വേണ്ടി ആയിരുന്നോ  താൻ ഇത്രയും നാളും കഷ്ടപ്പെട്ടത്?

ചതി മനസ്സിൽ ഒളിപ്പിച്ചു വച്ചായിരുന്നല്ലോ അവൾ എന്നെ ഇത്രയും നാളും സ്നേഹിച്ചത്?അയാൾക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.

മകനെ എന്ന് കണ്ടിട്ട് പോകാം അയാൾ തീരുമാനിച്ചു.

മകന്റെ മുറിയുടെ വാതിൽക്കൽ എത്തി. ഉള്ളിൽനിന്നും സി ഗരറ്റ് മണം വരുന്നു. അയാൾ നോക്കി. അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ജനലിനരികിൽ ടേബിൾ വലിച്ചിട്ട് അതിൽ മ ദ്യക്കുപ്പിയും ഗ്ലാസും വെള്ളവും ആയി കയ്യിൽ ഒരു സി ഗരറ്റും പിടിച്ചുകൊണ്ട് മകൻ ഇരിക്കുന്നു. വയസ്സ് 20 ആയില്ല. എന്ന് തുടങ്ങിയ ദുശീലങ്ങൾ ഒക്കെ. അറിയില്ല. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതെല്ലാം ഉണ്ട്. എല്ലാവരും കൂടി തന്നെ മണ്ടൻ ആക്കുകയായിരുന്നു.

അയാൾ അവിടെ നിന്നും തിരിഞ്ഞു നടന്നു….മകളെ ഒന്ന് കാണണം. ഹോസ്റ്റലിലാണ് പാവം ഒന്നും അറിയാത്തവൾ. തന്നെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്. ഓരോന്ന് ചിന്തിച്ചു കൊണ്ട് അയാൾ അവൾ പഠിക്കുന്ന ഹോസ്റ്റലിന് മുന്നിൽ എത്തി. നേരത്തെ അവിടെ പോയിട്ടുള്ളതിനാൽ അവളുടെ മുറി കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. അയാൾ അവളുടെ മുറിയിലേക്ക് നോക്കി. അവിടെ അവൾ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ടു കൂട്ടുകാരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇവളിത് എവിടെ പോയി?

എടീ അർച്ചന ഇന്ന് അവന്റെ കൂടെ പോയി വല്ലതും ഒക്കെ ഒപ്പിച്ചു വയ്ക്കും. അവൾക്ക് ഒന്നും അറിയില്ല. അവൻ ഭയങ്കര സാധനം ആണ്. പല പെണ്ണുങ്ങളുടെയും ജീവിതം അവൻ കാരണം നശിച്ചിട്ടുണ്ട്. അവളോട്  എത്രവട്ടം പറഞ്ഞു കൊടുത്തതാ? പക്ഷേ കേട്ടില്ലല്ലോ. പാവം അച്ഛൻ പോലും മരിച്ചു പോയി. എത്ര നാളായി കറക്കം തുടങ്ങിയിട്ട്. ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ ഇവർക്ക്? എന്തെങ്കിലും സംഭവിച്ചാൽ ചോദിക്കാൻ പോലും ആരുമില്ല. അയാൾ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ കൂട്ടുകാരികളിൽ ഒരാൾ പറയുന്നത് കേട്ടു.

തന്റെ മകൾ പോലും തന്നെ വഞ്ചിച്ചിരിക്കുന്നു. ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ തന്നെ സ്നേഹിച്ചവർ ആരുമില്ല. എല്ലാവരും സ്വന്തം ലാഭം നോക്കി മാത്രം തരുന്ന സ്നേഹമായിരുന്നു. ഒരുപക്ഷേ ഇതൊന്നും നേരിട്ട് കാണാൻ ഇടവരാതെ ദൈവം നേരത്തെ അങ്ങ് വിളിച്ചതായിരിക്കും. അയാൾ സമാധാനിച്ചു.

വന്നതല്ലേ..സുഹൃത്തുക്കളെ ഒന്ന് കാണണം. എന്നും കമ്പനി കൂടുന്ന ആൽമരച്ചുവട്ടിലേക്ക്  പോയി. എല്ലാവരുമുണ്ട്. പതിവുപോലെ കുപ്പിയും വാങ്ങി ആഘോഷം തുടങ്ങി അവർ.

ഭദ്രൻ ഉണ്ടായിരുന്നെങ്കിൽ നമുക്ക് കാശുമുടക്ക് ഒന്നുമില്ലായിരുന്നു. അവൻ എല്ലാം വാങ്ങിയേനെ. ഇതിപ്പോ അവൻ പോയത് നമുക്കൊരു  നഷ്ടമായി. കൂട്ടത്തിലൊരുത്തൻ പറയുന്നു.

അപ്പോ ഇവരും തന്റെ പണം മാത്രം കണ്ടു കൂടിയവരാണ്. ഒരാളെ പോലും വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ. പോവുകയാണ് ഈ നിൽക്കുന്നില്ല.

പെട്ടെന്ന് അയാളുടെ മനസ്സിൽ രണ്ട് രൂപങ്ങൾ തെളിഞ്ഞുവന്നു. അച്ഛനും അമ്മയും.

വൃദ്ധസദനത്തിന്റെ ഗേറ്റ് കടക്കുമ്പോൾ അയാളുടെ മുഖം കുനിഞ്ഞിരുന്നു. ആറു വർഷങ്ങൾക്കു മുമ്പ് അച്ഛനെയും അമ്മയെയും ഇവിടെ കൊണ്ടുവന്നിട്ട് പോയതാണ്. പിന്നെ ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. വരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഭാര്യയുടെ വാശി കാരണം പോകണ്ട എന്ന് തീരുമാനിച്ചതായിരുന്നു.

അയാൾ മുറികളിലൂടെ നടന്നു. ഒരു കട്ടിലിൽ ഇരിക്കുകയാണ് അച്ഛനുമമ്മയും. രണ്ടുപേരും നന്നേ തളർന്നിട്ടും ഉണ്ട്. അമ്മ അച്ഛന്  കഞ്ഞി കോരി  കൊടുക്കുകയാണ്.

എടി ഭദ്രൻ ഇപ്പോൾ എവിടെയായിരിക്കും? അവൻ ഒന്ന് കാണാൻ പോലും വരുന്നില്ലല്ലോ ഇപ്പോൾ? അച്ഛൻ പറയുന്നു.

എവിടെയായാലും എന്റെ കുഞ്ഞ് സുഖമായിരുന്നു മതി. അമ്മയുടെ ശബ്ദമിടറി. അവന്റെ ഭാര്യ ഒറ്റ ഒരുത്തി  കാരണം ആണല്ലോ നമുക്ക് ഈ ഗതി വന്നത്. അവളുടെ വഴിവിട്ട ജീവിതത്തിന് നമ്മൾ ഒരു തടസ്സമാകുമെന്ന് കണ്ടപ്പോൾ അവൾ തന്നെ നമ്മുടെ മകനെ ഓരോന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. അവന്റെ കണ്ണിൽ തെറ്റ് കാർ നമ്മളായി. ആ അതൊക്കെ പോട്ടെ. അവർ സന്തോഷമായി കഴിഞ്ഞാൽ മതിയായിരുന്നു.

അത് കേട്ട് അയാളുടെ  കണ്ണുകൾ നിറഞ്ഞൊഴുകി. ആ കാലുകളിൽ പിടിച്ചൊന്ന്  പൊട്ടിക്കരയാൻ അവൻ ആഗ്രഹിച്ചു. താൻ മരിച്ചു പോയത് പോലും ഇവർ അറിഞ്ഞിട്ടില്ല. ഇപ്പോഴും തന്നെ സ്നേഹിക്കുന്നത് ഇവർ മാത്രമാണ്. ഈ സ്നേഹം മനസ്സിലാക്കാതെയാണ് താൻ അവരെ ഇവിടെ കൊണ്ടുവന്ന് തള്ളിയത്. ഒരുപക്ഷേ ആ തെറ്റിന് ദൈവം തന്ന ശിക്ഷയായിരിക്കും ഇത്. അവരെ ഒന്നുകൂടി നോക്കിയിട്ട് അയാൾ ഇറങ്ങി.

ആത്മാർത്ഥ സ്നേഹം കാണാതെ കപട സ്നേഹത്തിന് പിന്നാലെ പായുകയാണ് നമ്മൾ ഓരോരുത്തരും…

~Anil Mathew Kadumbisseril