തിരിച്ചു വരുമ്പോൾ ആണ് അയാളുടെ കണ്ണുകൾ അവളിൽ പതിഞ്ഞത്. സീറ്റിൽ ചാരി പുറത്തേക്ക് നോക്കി ചിന്താവിഷ്ടയായി…

യാത്രയുടെ അന്ത്യം

എഴുത്ത്: അനില്‍ മാത്യു

==============

ഓഫീസിൽ നിന്നിറങ്ങി അയാൾ നേരെ പോയത് വൈൻ ഷോപ്പിലേക്കായിരുന്നു. മ ദ്യത്തിനും ഭക്ഷണത്തിനും ഓർഡർ ചെയ്ത് അയാൾ ഒരു  സിഗെരെറ്റിന് തീ കൊളുത്തി.

നാളെ ഞായറാഴ്ച അവധി ആണ്..ഇന്ന് കുറച്ചു ലേറ്റ് ആയാലും കുഴപ്പമില്ല. വളരെ സമയത്തിന് ശേഷം അവിടെ നിന്നിറങ്ങുമ്പോൾ സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ പോകേണ്ട ട്രെയിൻ പ്ലാറ്റഫോമിൽ കിടക്കുന്നു എന്ന അന്നൗൻസ്മെന്റ് കേട്ടു. അയാൾ ഓടി ടിക്കറ്റ് കൗണ്ടറിൽ ചെന്നു.

ഒരു പൻവേൽ..പൈസ കൊടുത്ത് ടിക്കറ്റ് വാങ്ങി അയാൾ ട്രെയിൻ കിടക്കുന്ന പ്ലാറ്റ്ഫോമിൽ എത്തി ആളൊഴിഞ്ഞ ഒരു കംപാർട്മെന്റിലേക്ക് കയറി. അഞ്ചോ ആറോ പേരെ ഉളളൂ അതിൽ. മൂന്ന് മണിക്കൂറെടുക്കും തന്റെ താമസ സ്ഥലത്ത് എത്താൻ. അയാൾ ഒരു സീറ്റിലേക്ക് ഇരുന്നു.

മ ദ്യത്തിന്റെ ലഹരിയിൽ എപ്പോഴോ കണ്ണടഞ്ഞു പോയി. ഇടയ്ക്ക് കണ്ണ് തുറന്ന് അയാൾ വാച്ചിലേക്ക് നോക്കി. ഒരുമണിക്കൂർ കഴിഞ്ഞിരിക്കുന്നു യാത്ര തുടങ്ങിയിട്ട്. വിൻഡോയുടെ ഷട്ടർ തുറന്ന് അയാൾ പുറത്തേക്ക് നോക്കി. ഏതോ കാട്ടിലൂടെ ട്രെയിൻ പായുകയാണ്. കംപാർട്മെന്റ് പൂർണമായും കാലിയായി. അയാൾ എഴുന്നേറ്റു ടോയ്‌ലെറ്റിലേക്ക് പോയി.

തിരിച്ചു വരുമ്പോൾ ആണ് അയാളുടെ കണ്ണുകൾ അവളിൽ പതിഞ്ഞത്. സീറ്റിൽ ചാരി പുറത്തേക്ക് നോക്കി ചിന്താവിഷ്ടയായി ഇരിക്കുന്ന അവളെ. സാരിയും ബ്ലൗസും ആണ് വേഷം. ആകെ അലങ്കോലമായി പാറി നടക്കുന്ന എണ്ണമയമില്ലാത്ത മുടികൾ.

അയാൾ വീണ്ടും അവളെ നോക്കി..കടഞ്ഞെടുത്ത ശരീരം. ആരും കണ്ടാൽ കൊതിക്കുന്ന രൂപഭംഗി. അയാളിലെ പുരുഷൻ ഉണർന്നു. അയാൾ ചുറ്റും നോക്കി. കംപാർട്മെന്റിൽ അയാളും അവളും മാത്രമേ ഉളളൂ. ട്രെയിൻ പാഞ്ഞു കൊണ്ടിരിക്കുന്നു.

അവളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി അയാളൊന്ന് ചുമച്ചു.

ശബ്ദം കേട്ട് അവളൊന്നു തിരിഞ്ഞു നോക്കി. അവളുടെ മുഖത്തെ പരിഭ്രമം അയാൾ ശ്രദ്ധിച്ചു.

എവിടെ പോകുന്നു? അയാൾ ചോദിച്ചു.

അറിയില്ല. അവൾ പറഞ്ഞു.

ആഹാ, അത്‌ കൊള്ളാമല്ലോ..അതും പറഞ്ഞ് അയാൾ അവളോട്‌ ചേർന്നിരുന്നു.

എന്തെങ്കിലും ജോലിയുണ്ടോ നിനക്ക്? അയാൾ ചോദിച്ചു.

ഉം.

എവിടെ?

അത്ര നല്ല ജോലിയൊന്നുമല്ല സർ, ആവശ്യക്കാർക്ക് ശരീരം വിറ്റ് ജീവിയ്ക്കുന്നവൾ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വേ ശ്യ.

അത്‌ ശരി, ഇന്ന് എനിക്കാവശ്യമുണ്ട് ഈ ശരീരം. വെറുതെ വേണ്ട, പൈസയും തരാം. പറഞ്ഞു കൊണ്ടയാൾ പാതി ന ഗ്നമായ അവളുടെ വയറിലൂടെ വിരലോടിച്ചു.

വേണ്ട, സർ..എനിക്ക് നല്ല സുഖമില്ല.

എന്ന് പറഞ്ഞാലെങ്ങനെയാ?  ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി. പണം എത്രവേണേലും തരാം.

വേണ്ട സർ, സാറ് പൊക്കോ…എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല.

നീ സമ്മതിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് നിന്നെ വേണം ഇന്ന്..അയാൾ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.

അവൾ കുതറി മാറാൻ ശ്രമിച്ചു. പക്ഷെ അയാളുടെ ബലിഷ്ഠമായ കൈക്കരുത്തിൽ അവൾക്ക് അവൾ തോറ്റു പോയി.

സാർ, ഞാനൊന്ന് പറഞ്ഞോട്ടെ…അവൾ കെഞ്ചി.

നീയൊന്നും പറയണ്ട, വീണ്ടും എന്തോ പറയാൻ വന്ന അവളുടെ ചുണ്ടുകൾ അയാൾ തന്റെ ചുണ്ടിനാൽ ബന്ധിച്ചു.

ട്രെയിൻ ഏതൊക്കെയോ സ്ഥലങ്ങളെ പിന്നിലാക്കികൊണ്ട് പായുകയായിരുന്നു.

ഒടുവിൽ അവളുടെ ശരീരത്തിൽ നിന്ന് കിതച്ചു കൊണ്ടയാൾ എഴുന്നേറ്റു. വസ്ത്രങ്ങൾ നേരെയാക്കിക്കൊണ്ട് അവളും എഴുന്നേറ്റു.

പഴ്സിൽ നിന്ന് പൈസ എടുത്തു അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.

എനിക്ക് പൈസ വേണ്ട സാർ..അവൾ പറഞ്ഞു.

നിനക്ക് വേണമെങ്കിൽ എടുത്തോ..അയാൾ നോട്ടുകൾ അവളുടെ മടിയിലേക്ക് ഇട്ടിട്ട് തിരിഞ്ഞു നടന്നു.

സാർ, ഒരു നിമിഷം..അവൾ വിളിച്ചു.

അയാൾ തിരിഞ്ഞു നോക്കി. എന്താ?

ഇപ്പൊ ഈ ട്രെയിൻ മറിഞ് നമ്മൾ രണ്ടാളും മരിച്ചാൽ നല്ലതായിരിക്കും അല്ലേ?

അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നിനക്ക് പ്രാന്ത് പിടിച്ചോ?

അവൾ ഒന്ന് ചിരിച്ചു..മരിക്കുന്നതാണ് നല്ലത്.

നീ വേണമെങ്കിൽ ചത്തോ..ഞാൻ ചാകില്ല. എനിക്ക് ഭാര്യയുണ്ട്, മക്കളുണ്ട്, ഒരു കുടുംബമുണ്ട്..

എങ്കിൽ നിങ്ങൾ മരിച്ചേ തീരൂ..അവൾ വീണ്ടും ചിരിച്ചു.

നീ എന്താ ഈ പറയുന്നത്?

സാർ, എനിക്ക് എ യ്ഡ്‌സ് ആണ്.

അയാളുടെ തലയിൽ ഒരു വെള്ളിടി വെട്ടി. കണ്ണുകളിൽ ഇരുട്ട് കയറി.

നീ…നീ…എന്താ പറഞ്ഞത്?

സത്യമാണ്.. എനിക്ക് അസുഖം സ്ഥിതീകരിച്ചതിന് ശേഷം ആ വേ ശ്യാലയത്തിൽ നിന്ന് എന്നെ പറഞ്ഞു വിട്ടു. ആരും തുണയില്ലാതെ, സഹായിക്കാനില്ലാതെ..എവിടെയെങ്കിലും പോയി ചാകാൻ ഇറങ്ങിയതാണ് ഞാൻ.

എന്നിട്ട് നീയെന്താ ആദ്യമേ പറയാതിരുന്നത്? അയാൾ കരച്ചിലിന്റെ വക്കിലെത്തി.

പറയാൻ നിങ്ങൾ സമ്മതിച്ചോ? അതിന് മുമ്പ് നിങ്ങളെന്നെ കീഴ്‌പ്പെടുത്തി. എന്നിട്ടും എങ്ങനെയെങ്കിലും പറയാൻ വന്ന ഞാൻ അത് മനഃപൂർവം വേണ്ടാന്ന് വച്ചു.

എന്തിന്? അയാൾ ചോദിച്ചു !

ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ അവൾക്ക് സംരക്ഷണം കൊടുക്കേണ്ടതിന് പകരം അവളുടെ മാ നത്തിന് വില പറയുന്ന തന്നെപ്പോലെ ഉള്ളവർക്ക്  ശിക്ഷ തന്നെയാണ് ആവശ്യം എന്ന് എനിക്ക് തോന്നി. ഞാൻ കാല് പിടിച്ചു പറഞ്ഞതല്ലേ എന്നെ ഒന്നും ചെയ്യരുതെന്ന്..നിങ്ങൾ കേട്ടില്ല. നിങ്ങൾ ഇതർഹിച്ചിരുന്നു. അവളുടെ വാക്കുകൾ കൂരമ്പ് പോലെ അയാളുടെ ചെവിയിൽ തറച്ചു കൊണ്ടിരിന്നു.

തലയിൽ കൈ കൊടുത്ത് താഴെ കുത്തിയിരുന്ന് എല്ലാം നഷ്ടപ്പെട്ടവനായി കരയുമ്പോൾ അയാൾ അവൾക്ക് കൊടുത്ത നോട്ടുകൾ അയാളുടെ ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.

~Anil Mathew Kadumbisseril