പെണ്ണുകണ്ടിറങ്ങി ജാതക കുറിപ്പും വാങ്ങി അഖിലും കൂട്ടുകാരും ഇറങ്ങി. അവർ പോകും മുൻപ് ജനലിനുള്ളിലൂടെ…

Story written by Anoop

============

“ഗവൺമെന്റ് ജോലിക്കാരൻ തന്നെ വേണംഎന്ന് നിനക്ക് നിർബന്ധമുണ്ടോ?”

ശ്ശെടാ ഇതെന്ത് കുരിശ്…തന്നെ പെണ്ണുകാണാൻ വന്ന ചെക്കന്റ ചോദ്യം കേട്ട് അവളൊന്നന്താളിച്ചു. ഇതിനു മുൻപും പലരും വന്നിട്ടുണ്ട്. ഒന്നുകിൽ എന്തു ചെയ്യുന്നു എന്ന് ചോദിക്കും അതുമല്ലെങ്കിൽ ഒരു പുഞ്ചിരിയോടെ സ്വയം പരിജയപ്പെടുത്തും അങ്ങനുള്ള ചോദ്യം പ്രതീക്ഷിച്ചതുകൊണ്ട് പീജി പഠിക്കുന്നു എന്ന് പറയാൻ വന്നത് അശ്വതി വിഴുങ്ങി. അവന്റെ മുഖത്തേക്ക് തന്നെ നോക്കി…

“അല്ല വേറൊന്നും അല്ല, അങ്ങനെ കൊറേ ആൾക്കാർക്കൊക്കെ നിർബന്ധം ഉണ്ടെ…അതുകൊണ്ട് ചോദിച്ചതാ” അഖിൽ വീണ്ടും തുടർന്നു. ഒരക്ഷരം പോലും മിണ്ടാതെ അശ്വതി വാപൊളിച്ചു നിന്നു

“നിന്റെ നാക്കുണ്ടല്ലോ അത് ഞാൻ ഒരു ദിവസം അരിഞ്ഞെടുക്കും” ഇന്നലെ കൂടി അമ്മ പറഞ്ഞിരുന്നു. ആ ഒരു സാധനം വായ്ക്കുള്ളിലുണ്ട് എന്നതിന്റെ  ഒരു ലക്ഷണവും കാണാനില്ല. ഒന്നുകൂടി പറഞ്ഞാൽ ആറാം തമ്പുരാനിൽ മോഹൻലാൽ പറഞ്ഞതു പോലെ ”ഗോവിന്ദൻകുട്ടീ ഈ കുട്ടി മിണ്ടണില്ല ” അതായിരുന്നു അശ്വതിയുടെ അവസ്ഥ.

പെണ്ണുകണ്ടിറങ്ങി ജാതക കുറിപ്പും വാങ്ങി അഖിലും കൂട്ടുകാരും ഇറങ്ങി. അവർ പോകും മുൻപ് ജനലിനുള്ളിലൂടെ അവൾ ഒന്നുകൂടി എത്തി നോക്കി. മുണ്ടും പിങ്ക് കളർ ഷർട്ടുമാണ് അവന്റെ വേഷം. കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് അഖിൽ തന്നെയാണ് കേറുന്നത്.

തിരികെ അടുക്കളയിൽ വന്ന് അമ്മയുടെ കൂടെ കുണുങ്ങി കുണുങ്ങി നിന്ന് അഖിലിന്റെ ഡീറ്റയിൽസ് അറിയാനുള്ള ശ്രമം തുടങ്ങി. അമ്മയുടെ ഏതോ പഴയ ഫ്രണ്ടിന്റെ മോനാണെന്ന് അറിയാം. ബാക്കി കൂടി കിട്ടണം…

“അമ്മേ ഞാൻ തേങ്ങ ചിരവാം അമ്മ അപ്പൊഴേക്കും പച്ചക്കറി മുറിച്ചിട്ടോ ” അവൾ സംസാരിച്ച് തുടങ്ങാനുള്ള ശ്രമം ആരംഭിച്ചു. സാധാരണ ഒരാൾ വന്നുപോയാൽ അമ്മ വന്നു പോയ ചെക്കനെ പറ്റി ഓരോന്നായി പറയുന്നതാണ്. എല്ലാം കേട്ടുകഴിഞ്ഞ് അവളാണ് പറയുക “എനിക്ക് ജോലി ആയിട്ടുമതി കല്യാണം” എന്ന്…

അഖിൽ വന്നു പോയതിനെ പറ്റി അമ്മ ഒന്നും പറയുന്നില്ല എന്നു കണ്ടതോടെ അവൾ തന്നെ അങ്ങോട്ട് ചോദിക്കാൻ തുടങ്ങി….

“അമ്മേ…”

“ഉം….തേങ്ങ ആയോ ?”

“ഇല്ല….ഇപ്പൊ വന്ന ആളില്ലെ അയാൾ അമ്മയുടെ ഏത് ഫ്രണ്ടിന്റെ മോനാ ?” അവൾക്ക് ആകാംക്ഷ…

“ഓ അതോ അതെന്റെ തറവാടിനടുത്ത ഒരു ഫ്രണ്ടിന്റെ മോനാ.” അതും പറഞ്ഞ്  അമ്മ കറിച്ചട്ടി എടുത്ത് അടുപ്പത്തേക്ക് വെച്ചു.

“അയാളെന്താ ചെയ്യുന്നേ ?” കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ പിന്നെയും ചോദിച്ചു.

“അവൻ എന്തൊക്കെയോ ചെയ്യുന്നതാ വീടിന്റെ കരാറു പണി ഒക്കെ ഉണ്ട്. എന്തൊക്കെ ചെയ്താലും ജീവിക്കാനുള്ളത് ഉണ്ടാക്കും. എന്താ പതിവില്ലാതെ ഒരു ചോദ്യങ്ങളൊക്കെ ?  “

“ഏയ് ഒന്നൂല്ല…എന്നോട് ചോദിച്ചത് കണ്ടില്ലേ ഗവൺമെന്റ് ജോലിക്കാരൻ തന്നെ വേണോന്ന്” അതും പറഞ്ഞ് അശ്വതി ചിരിച്ചു.

“അതെന്താണെന്നോ അവൻ കഴിഞ്ഞ ആഴ്ച്ച ഏതോ പെണ്ണിനെ കാണാൻ പോയിട്ട് അവർ പറഞ്ഞുവത്രെ ഗവൺമെന്റ് ജോലി ഉള്ളവനേ അയക്കുള്ളൂ എന്ന്….അതു കൊണ്ടാവും” അമ്മ തുടർന്നു….

കുറച്ച് നേരത്തെ സംസാരത്തിനിടയ്ക്ക് അശ്വതിക്ക് അവനെ കുറിച്ച് കുറേയേറെ വിവരങ്ങൾ കിട്ടി. അഖിലിന്റെ വീട്ടിൽ അച്ചനും അമ്മയും ആണുള്ളത്. അനിയത്തിയുടെ കല്ല്യാണം കഴിഞ്ഞു അവർ മാറി താമസിക്കുന്നു. അഖിൽ വീടിന്റെ പണി കരാറെടുത്ത് പത്ത് പതിനഞ്ചോളം പണിക്കാരെ വെച്ച് പണി എടുപ്പിക്കുന്നു. ദുശീലങ്ങളൊന്നും ഇല്ല. വല്ലപ്പോഴുമുള്ള ബി യർ മാത്രം. മൊത്തത്തിൽ അവൾക്കവനെ ഇഷ്ടായി എന്നു പറഞ്ഞാൽ മതിയല്ലോ…

കുറച്ച് നേരത്തെ ആലോചനകൾക്ക് ശേഷം അവൾ ഹാളിൽ ടി വി ക്ക് മുന്നിലേക്ക് നടന്നു. ടിവിയിൽ നോക്കുംബോഴും മനസിൽ അവനായിരുന്നു. അമ്മ പറഞ്ഞതുകേട്ട് അവളിൽ ഒരു ഇഷ്ടം മൊട്ടിട്ടു തുടങ്ങിയിരുന്നു. അച്ചൻ വന്നതിനു ശേഷം രാത്രി ചർച്ചയിലും അവൻ നിറഞ്ഞു നിന്നു.

അവസാനം അച്ചൻ പറയുന്നത് കേട്ടു “എന്തുണ്ടായിട്ടെന്താ അവൾക്ക് ജോലി കിട്ടീട്ട് മതി കല്യാണം എന്നല്ലേ പറയുന്നേ…” റൂമിൽ കാതോർത്ത് കിടന്ന അവളുടെ സമാധാനം പോയി.

“എനിക്കങ്ങനെ ഒന്നൂല്ലച്ചാ അച്ചനിഷ്ടാണെങ്കിൽ എനിക്കും കുഴപ്പോന്നുമില്ല” എന്ന് വിളിച്ച് പറയണം എന്നുണ്ടാരുന്നു അവൾക്ക്…ഏതു സമയത്താണാവോ ജോലി കിട്ടീട്ട് കല്ല്യാണം മതീന്നു പറയാൻ തോന്നിയേ…

“ഇപ്പൊ എന്ത് ചെയ്യാരിക്കും അവൻ ” ദിവസങ്ങൾക്ക് ശേഷം ടി വി യിൽ ഒരു പെണ്ണുകാണൽ സീൻ കാണവേ അവൾ ആലോചിച്ചു. ഇനി ജാതകം നോക്കി അതു ചേരാത്തത് കൊണ്ടാകുമോ അവർ പിന്നെ വിളിച്ചും ഇല്ലല്ലോ…അയാൾ തന്നെ ഇപ്പൊ ഓർക്കുന്നുണ്ടാകുമോ ? ടി വി യിൽ നോക്കുംബോഴും ആവിശ്യമില്ലാതെ ചില ചിന്തകൾ മനസിൽ നിറഞ്ഞു. ഒന്നുകൂടി കണ്ടിരുന്നെങ്കിൽ എന്നു വെറുതേ ആലോചിച്ചു…

“എന്താടീ ഒരു മൂഡോഫ് ?” പിറ്റേ ദിവസം കോളേജിലെത്തിയപ്പോൾ നിതുവിന്റെ വകയാണ് ചോദ്യം. കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ കാര്യം പറഞ്ഞു.

“നിനക്കിപ്പൊ എന്താ വേണ്ടെ അവനെ ഒന്നൂടെ കാണണം അത്രയല്ലെ വേണ്ടൂ ” എല്ലാം കേട്ടതിനു ശേഷം നീതു ചോദിച്ചു.

“ആ…എന്താ ചെയ്യ ?”

‘”ഈ മൊബൈൽ യുഗത്തിലാണോടീ ഇതിന് വഴിയില്ലാത്തെ…പോ ത്തുപോലെ വളർന്നിട്ടൊന്നും കാര്യമില്ല ബുദ്ധി വേണം” അതും പറഞ്ഞ് അവൾ ഫെയ്സ് ബുക്കെടുത്ത് തപ്പാൻ തുടങ്ങി.

ലോകത്ത് ഇത്രേം അഖിലുണ്ടെന്ന് അതോടുകൂടി അവർക്ക് മനസിലായി. ഏറെ നേരത്തെ തിരച്ചിലിനു ഒടുവിൽ ആളെ കണ്ടെത്തി. ഏതോ സ്ഥലത്ത് ടൂർ പോയപ്പോഴുള്ള ഫോട്ടോയാണ് പ്രൊഫൈൽ പിക്. അശ്വതി നേരെ മെസ്സൻഞ്ചറിലോട്ട് കേറി

”ഡോ…” അയച്ചിട്ട് റിപ്ലെയ്ക്ക് നോക്കി നിന്നു. മിനുട്ടുകൾകൊണ്ട് റിപ്ലെയും വന്നു..

“ഹൈ”

“എന്ത് ഹൈ…ഇയാളോട് ഞാൻ പറഞ്ഞോ എനിക്ക് സർക്കാർ ജോലിക്കാരനെ വേണം എന്ന് “

“ഇല്ലാലോ എന്തേ ?” അഖിലൊന്ന് ഞെട്ടി.

”എന്നാപ്പിന്നെ ഇയാൾക്കെന്നെ കെട്ടിയാലെന്താ ? “

“നിനക്ക് ജോലി ആയിട്ടുമതി കല്യാണം എന്ന് ആരോ പറഞ്ഞു” അവനൊരു ചിരിയോടെ മറുപടി അയച്ചു.

“ജോലി…ഒലക്ക….ഞാൻ ഒരാഴ്ച കൂടി നോക്കും അപ്പൊഴേക്കും തീരുമാനം ആക്കിയേക്കണം ഹാ “

“ഇല്ലെങ്കിൽ…” അഖിൽ മറുപടി എന്താകുമെന്ന കൗതുകത്തിൽ മൊബൈൽ നോക്കി…

“ഹാ ഇല്ലെങ്കിൽ ഞാനങ്ങോട്ട് വരും അത്രതന്നെ…” മൊബൈലിന്റെ 2 തലയ്ക്കലും ചിരി പടർന്നു. ഒരിഷ്ടവും….

Anu Knr

k L58