അവന്റെ മനസ്സിൽ അവളുടെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. എവിടെയോ കണ്ടു മറന്ന മുഖം…

ചുവന്ന തെരുവിലെ പരിചിതർ

എഴുത്ത്: അനില്‍ മാത്യു

=============

എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്തിട്ട് വേഗം പോകാൻ നോക്ക്..

ദേഷ്യത്തിലുള്ള ശബ്ദം കേട്ടാണ് മനു ചിന്തയിൽ നിന്നുണർന്നത്. മുംബൈ ചുവന്ന തെരുവിലെ ആ കട്ടിലിൽ അർദ്ധ ന ഗ്നയായി അവൾ കിടക്കുകയാണ്. അവൻ അവളെ സൂക്ഷിച്ചു നോക്കി.

ഇതെന്താ ഇത് വരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലയോ? ഇങ്ങനെ സൂക്ഷിച്ചു നോക്കാൻ? അതോ ആദ്യമായിട്ടാണോ?

അത്‌ പിന്നെ..ആദ്യമായിട്ടാ ഇങ്ങനെ..അവൻ വിക്കി.

അപ്പോൾ കതകിൽ ആരോ തട്ടി. അവൾ വസ്ത്രം നേരെയാക്കി എന്നേറ്റു.

സമയം കഴിഞ്ഞു. അതേ, ഈ കള്ള പണിക്ക് ഇറങ്ങുമ്പോൾ കുറച്ചു ധൈര്യമൊക്കെ വേണം. അല്ലെങ്കിൽ വെറുതെ കാശ് കൊടുത്തിട്ട് പോകാനേ പറ്റൂ…അവൾ കതക് തുറന്നു. പുറത്തേക്ക് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു.

അവൻ ഇറങ്ങി. അവന്റെ മനസ്സിൽ അവളുടെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷെ എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലാവുന്നില്ല. ഒന്നൂടെ വരണം, അവൾ ആരാണെന്ന് മനസ്സിലാക്കണം. അവൻ ചിന്തിച്ചു.

മുംബൈയിലെ ജീവിതത്തിനിടയിൽ ഒരു സുഹൃത്തിന്റെ നിർബന്ധം കാരണമാണ് മനു അവിടെ പോയത്. ഒരു മലയാളി പെണ്ണുണ്ടെന്ന് കേട്ടപ്പോ തന്നെ ഒരാഗ്രഹം തോന്നിയതാണ്. അവിടെ ചെന്നു അവളെ കണ്ടപ്പോൾ തന്നെ ഒരു പരിജയം തോന്നിയതാണ്. തുറന്നു ചോദിക്കാൻ തോന്നിയില്ല. പക്ഷെ ഇപ്പൊ അത് ആരാണെന്ന് അറിയാതെ സമാധാനം ഇല്ല.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും മനു അവിടെ എത്തി. അവളെയും കൂട്ടി നടക്കുമ്പോൾ അവൾ ചോദിച്ചു, ധൈര്യം ഒക്കെ ആയോ ഇപ്പൊ?

അവൻ ചിരിച്ചു.

ഇയാളുടെ നാട് എവിടെയാ? കതക് ചേർത്തടചിട്ട് അവൾ തിരിയുമ്പോൾ അവൻ ചോദിച്ചു.

വന്ന കാര്യം നടത്തിയിട്ട് പോയാൽ പോരെ? എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ തിരക്കുന്നത്? അവളുടെ മുഖം ചുവന്നു.

സോറി, ഞാൻ എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നി, അതാണ് ചോദിച്ചത്.

വിഷ്ണു സുഖമായിരിക്കുന്നോ? അവൾ പതിയെ ചോദിച്ചു.

മനു ഞെട്ടി..അതേ, തന്റെ സംശയം ശരിയായിരുന്നു. ആ ഞെട്ടൽ മാറുന്നതിനു മുമ്പ് അവളുടെ അടുത്ത ചോദ്യം. മനുവല്ലേ?

ആർച്ച?? അവന്റെ ശബ്ദം ചെറുതായി.

അപ്പൊ ഓർമയുണ്ട് അല്ലെ? ഞാനിപ്പോ ആർച്ചയല്ല. സീതയാണ്. ഒരു വേ ശ്യ. അവളുടെ മുഖത്ത് പുച്ഛഭാവം.

ആർച്ച, നീയെങ്ങനെ ഇവിടെ?

അവളുടെ കണ്ണുകൾ വിദൂരതയിലേക്ക് നീണ്ടു..അവൾ പറഞ്ഞു തുടങ്ങി..

കോളേജിലെ അവസാന ദിവസം. അർച്ചന എന്ന ആർച്ചയുടെ  കഴുത്തിൽ വിഷ്ണു താലി കെട്ടിയ ദിവസം.

അന്ന് വിഷ്ണുവും ഞാനും നീയും കൂടിയല്ലേ രെജിസ്റ്റർ ഓഫീസിൽ നിന്നിറങ്ങിയത്? വീട്ടിൽ ഒരിക്കലും ഈ ബന്ധം അംഗീകരിച്ചു തരില്ലെന്ന് അറിയാമായിരുന്നു. അത്‌ കൊണ്ടാണ് ഞാനും വിഷ്ണുവും ഈ മുംബൈയിലേക്ക് വണ്ടി കയറിയത്. കഷ്ടപ്പെട്ട് വളർത്തിയ എന്റെ അപ്പയെയും അമ്മയെയും മറന്ന് സ്നേഹിച്ച പുരുഷനിൽ പ്രതീക്ഷയും വിശ്വാസവും അർപ്പിച്ച് ജീവിയ്ക്ക്കാൻ ഇറങ്ങി തിരിച്ചു. ഇവിടെ ഈ അപരിചിതമായ മഹാ നഗരത്തിൽ എത്തിയപ്പോഴാണ് അറിയുന്നത് ഒരു കാപ്പി വാങ്ങി തരാൻ പോലും വിഷ്ണുവിന്റെ കയ്യിൽ പൈസ ഇല്ല എന്നത്. ആകെ ഉണ്ടായിരുന്ന ഒരു ചെറിയ മാലയും വളയും ഏതോ ഹിന്ദിക്കാരന് കൊടുത്തു. കിട്ടിയ പൈസ കൊണ്ട് ചെറിയൊരു മുറി വാടകയ്ക്ക് എടുത്തു. അടുത്തുള്ള ഒരു ഹോട്ടലിൽ വിഷ്ണുവിന് ജോലി കിട്ടി. ഒരു മാസം കഴിഞ്ഞു. കയ്യിലെ കാശ് തീർന്നു. ഹോട്ടലിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. ഇതിനിടയിൽ എപ്പോഴോ വിഷ്ണു കുടിയും തുടങ്ങി. ആദ്യമൊക്കെ കൊഴപ്പം ഇല്ലായിരുന്നു. പിന്നെ ഉപദ്രവിച്ചു തുടങ്ങി. അവന്റെ ജീവിതം തകർന്നത് ഞാൻ കാരണം ആണത്രേ. എന്നിട്ടും എല്ലാം സഹിക്കാൻ ഞാൻ തയ്യാർ ആയിരുന്നു. ഒരു ദിവസം വന്നപ്പോൾ കൂടെ രണ്ട് ഹിന്ദിക്കാർ ഉണ്ടായിരുന്നു. അവിടെ ഇരുന്ന് അവർ കുടി തുടങ്ങി. എല്ലാം കണ്ടും കേട്ടും കരഞ്ഞു കൊണ്ട് മുറിയിൽ ഇരുന്ന എന്റെ അടുത്തേക്ക് ആ ഹിന്ദിക്കാരിൽ ഒരുത്തൻ വന്നു. എഴുന്നേക്കാൻ ശ്രമിച്ച എന്നെ അയാൾ കീഴ്പെടുത്തി. വിഷ്ണുവിനെ വിളിച്ച് അലറി കരഞ്ഞ ഞാൻ കണ്ടത് കതക് പുറത്ത് നിന്ന് അടയ്ക്കുന്ന വിഷ്ണുവിനെയാണ്. അന്നാണ് വിഷ്ണുവിനെ ഞാൻ അവസാനം കണ്ടത്. ബോധം പോകുന്നത് വരെ ആ രണ്ട് പേരും എന്റെ അടുത്ത് വന്ന് പോയി. എപ്പോഴോ കണ്ണ് തുറക്കുമ്പോൾ ഞാൻ ഇവിടെ ആണ്. ഇന്ന് എനിക്ക് ആരുമില്ല.ജന്മം തന്ന് വളർത്തി വലുതാക്കിയ അപ്പയും അമ്മയും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. ഇവിടെ ബന്ധങ്ങൾ ഒന്നും ഇല്ല, ആര് വന്നാലും കിടന്നു കൊടുക്കുക. ഇനിയുള്ള കാലവും ഇവിടെ തന്നെയാണ്. എല്ലാം മറന്നതാണ് ഞാൻ. വീണ്ടും ഓർമിപ്പിച്ചു നീ വന്നു. അവൾ നെടുവീർപ്പെട്ടു.

ആട്ടെ, വിഷ്ണുവിന്റെ കാര്യം പറഞ്ഞില്ലല്ലോ? അവന് സുഖമാണോ? കുട്ടികൾ എത്ര പേരുണ്ട്? അവൾ ചോദിച്ചു.

അവൻ ചെയ്ത പാപത്തിന്റെ ഫലം ഇപ്പോഴും അനുഭവിക്കുന്നു..മനു പറഞ്ഞു.

അവൾ അവന്റെ മുഖത്തേക്ക് നോക്കി. എന്ത് പറ്റി വിഷ്ണുവിന്?

നിങ്ങൾ അന്ന് പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ അവനെ കണ്ടു. കാര്യങ്ങൾ തിരക്കിയപ്പോഴാണ്  അവൻ പറഞ്ഞത്..

എന്താ അവൻ പറഞ്ഞത്? അവൾക്ക് കേൾക്കാൻ ആകാംഷയായി.

ട്രെയിനിൽ പോകുന്ന വഴിക്ക് നിന്റെ മനസ്സ് മാറി. അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ കഴിയില്ലന്ന് നീ പറഞ്ഞു. അത്‌ കൊണ്ട് നീ ഇടയ്ക്ക്  ഇറങ്ങി വീട്ടിലേക്ക് പോയത്രെ.  ഇപ്പൊ ഞാൻ അതെല്ലാം മറന്നു. എന്റെ കല്യാണമാണ് അടുത്ത ആഴ്ച നീ വരണം എന്ന് പറഞ്ഞു അവൻ പോയി.

എന്നിട്ട്?

പറഞ്ഞ സമയത്ത്  കല്യാണത്തിന് അവന്റെ വീട്ടിലെത്തിയ ഞാൻ ഞെട്ടി. കട്ടിലിൽ ചലനമറ്റ്  കണ്ണ് തുറന്നു കിടക്കുകയാണ് അവൻ. എന്നെ കണ്ട അവന്റെ അമ്മ അടുത്തോട്ടു വന്നു. എന്നെക്കണ്ടതും അവർ പൊട്ടിക്കരഞ്ഞു.

എന്ത് പറ്റിയമ്മേ? ഞാൻ ചോദിച്ചു.

ഒരാഴ്ച മുമ്പ് എവിടെയോ പോയിട്ട് വരുമ്പോൾ അവന്റെ ബൈക്ക് വേറൊരു വണ്ടിയുമായി ഇടിച്ചു. ഹോസ്പിറ്റലിൽ കൊണ്ട് ചെന്നപ്പോൾ തലയ്ക്ക് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. രണ്ട് ഓപ്പറേഷൻ ചെയ്തു. കിടക്കുന്നിടത്തോളം കിടക്കും. ഇനി ഓപ്പറേഷൻ കൊണ്ട് വല്യ പ്രയോചനം ഒന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞു. നട്ടെല്ലിനും ക്ഷതമുള്ളത് കൊണ്ട് എഴുന്നേൽക്കാൻ പോലും കഴിയില്ല മോനേ..അവനൊന്നു സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ..അവർ തേങ്ങി കരഞ്ഞു.

ഞാൻ കുറച്ചു നേരം കൂടെ അവിടെ നിന്നിട്ട് ഇറങ്ങി. ഇത്രയും വർഷങ്ങൾ ആയി. ഇപ്പോഴും ആ കിടപ്പ് തന്നെ. ഇടയ്ക്കൊക്കെ ഞാൻ പോയി കാണാറുണ്ട്.  മനു പറഞ്ഞു നിർത്തി.

അവളുടെ ചുണ്ടിൽ ക്രൂ രമായ ഒരു ചിരി വിടർന്നു.

സമയം കഴിഞ്ഞു എന്നറിയിച്ചു കൊണ്ട് വാതിലിൽ മുട്ട് കേട്ടു.

മനു, സമയം കഴിഞ്ഞു. പിന്നെ എനിക്കൊരു അപേക്ഷയുണ്ട്. വിഷ്ണു ചെയ്ത തെറ്റിന് ശിക്ഷ അവന് കിട്ടി. ഇനിയും മനു ഇവിടെ വരരുത്. എല്ലാം ഞാൻ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുവാ. വീണ്ടും ഓർക്കാൻ താല്പര്യം ഇല്ല. ദയവു ചെയ്ത് ഇനി വരരുത്. പറഞ്ഞു കൊണ്ടവൾ കതക് തുറന്നു.

ഇല്ല ഞാനിനി ഒരിയ്ക്കലും ഇവിടെ വരില്ല. അവൻ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നിറങ്ങി.

അവളുടെ ഈ അവസ്ഥയ്ക്ക് ചെറിയ രീതിയിൽ എങ്കിലും താനും പങ്കാളിയാണ്. അന്ന് അവരെ ഒളിച്ചോടാൻ നിർബന്ധിച്ചത് താനാണ്.

നടക്കുമ്പോൾ കുറ്റബോധം അവന്റെ മനസ്സിൽ തളം കെട്ടിയിരുന്നു.

~Anil Mathew Kadumbisseril