അനിയത്തിക്ക് വിവാഹാലോചനകൾക്ക് ഞാനും മോളും തടസ്സമാണെന്ന് അമ്മ പറഞ്ഞ് തുടങ്ങിയപ്പോൾ മോളേക്കൂട്ടി വീടുമാറി…

തിരുത്തലുകൾ…

Story written by Shincy Steny Varanath

===============

അമ്മേ…അമ്മയിവിടെ വന്നു നിക്കുവാണൊ, ഞാനെവിടെയൊക്കെ നോക്കി…ഉറങ്ങണ്ടേ…ഉം…

അമ്മേ…അമ്മയെന്താ കരയുവാണൊ?

എയേ…ഇല്ല വാവേ…ഓരോന്നോർത്തിങ്ങനെ നിന്ന് പോയതാണ്…നീ പോയി കിടന്നോ…ഞാൻ വന്നോളാം…കുറച്ചു നേരം ഒറ്റയ്ക്കിരിക്കട്ടെ…

ഉം…ഒന്നും ഓർക്കരുതെന്ന് പറഞ്ഞാൽ കേൾക്കില്ല…വേഗം വരണം…ഇന്നെനിക്ക് അമ്മേടെ കൂടെ കിടക്കണം…

നാളെയെൻ്റെ മോളുടെ വിവാഹമാണ്…ഇതുപോലൊരു വിവാഹത്തലേന്ന് എനിക്കുമുണ്ടായിരുന്നു. പടവെട്ടി നേടിയെടുക്കുന്നൊരു ജീവിതത്തിൻ്റെ ത്രില്ലിലായിരുന്നു ആ ദിവസം ഞാൻ…

PG ഒന്നാം വർഷം പഠിക്കുമ്പോൾ, പഠിപ്പിക്കാൻ വന്ന ഗസ്റ്റ് ലക്ചറോട് തോന്നിയ അഗാധ പ്രണയം…പപ്പയോട് പറഞ്ഞപ്പോൾ, പഠനം കഴിഞ്ഞിട്ടാലോചിക്കാമെന്ന് പറഞ്ഞു.

കോളേജ് കുമാരിമാരുടെ ആരാധനപാത്രമായ ആളെ, പഠനം കഴിയുന്നവരെ കാത്തിരുന്നാൽ ആരെങ്കിലും തട്ടിയെടുക്കുമോയെന്ന പേടിയിൽ, പപ്പയോട് വഴക്കുണ്ടാക്കി ആലോചിക്കാൻ സമ്മതിപ്പിച്ചു. പ്രേരിപ്പിക്കാൻ അയാളും പിന്നിലുണ്ടായിരുന്നു…

അയാളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമന്വേഷിച്ച പപ്പയ്ക്കും മമ്മിയ്ക്കും ഒരിക്കലുമുൾക്കൊള്ളാൻ കഴിയാത്ത ബന്ധമായിരുന്നു അത്. ഗവൺമെൻ്റ് ഉദ്യേഗസ്ഥരായ പപ്പയ്ക്കും മമ്മിയ്ക്കും, വിദ്യാസമ്പന്നരും ഉദ്യേഗസ്ഥരും സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്നവരുമായ ഞങ്ങളുടെ കുടുംബത്തിലെ മറ്റെല്ലാവർക്കും സ്വപ്നത്തിൽപോലും കൂടെ ചേർക്കാൻ പറ്റാത്ത കുടുംബാന്തരീക്ഷമാണ് അവിടെയുള്ളത്. പോരാത്തതിനയാൾക്ക്, നാട്ടിൽ പല സ്ത്രീകളുമായിട്ടുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള അറിവും…

അയാളുടെ വീട് കാണാൻ പോയി വന്നയന്ന് പപ്പ കുറയേറെ കരഞ്ഞു, പിൻമാറാൻ എന്നോടപേക്ഷിക്കുകയായിരുന്നു പപ്പ. ഞങ്ങളെയകറ്റാൻ എല്ലാവരും കൂടി നുണ പറയുന്നതായെ അന്ന് തോന്നിയുള്ളു. ആ തോന്നലുറപ്പിക്കാൻ അയാളും ശ്രമിച്ചു. പണത്തിൻ്റെ കുറവുകൊണ്ടാകുമെല്ലാരും വേണ്ടായെന്ന് പറയുന്നതെന്നായിരുന്നു തോന്നൽ, അതൊരു കുറവായെ തോന്നിയില്ല.

അത് രണ്ടാൾക്കുകൂടി ഉണ്ടാക്കാമെന്നുള്ള വിശ്വാസം കൂട്ടിനുണ്ടായിരുന്നു. എൻ്റെ പിടിവാശിയിൽ വിവാഹ മുറപ്പിക്കാൻ തീരുമാനിച്ച ദിവസത്തിന് രണ്ട് ദിവസം മുൻപ് ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ പപ്പ ഞങ്ങളെ വിട്ട് പോയി…അമ്മ പറയും പോലെ, എന്നെയോർത്ത് നെഞ്ച് പൊട്ടി മരിച്ചു…

പ്രണയത്തിൻ്റെ അന്തതയിൽ ആണ്ടുപോയ എനിക്കിതൊന്നും പിൻമാറാനുള്ള കാരണമായില്ല. രണ്ട് മാസങ്ങൾക്ക് ശേഷം, അമ്മ ഒരു നിവൃത്തിയുമില്ലാത്തതുകൊണ്ട് വിവാഹം നടത്തി തന്നു. സ്വർഗ്ഗം കയ്യിൽ കിട്ടിയ അനുഭവം.

പിന്നീട് പ്രണയത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. അല്ലലില്ലാത്ത ജീവിതത്തിൽ നിന്നും വിശാലമായ വീട്ടിൽ നിന്നും അന്നന്നത്തെ ആഹാരം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതും ഇടുങ്ങിയ മുറികളുമുള്ളതുമായ വീട്ടിലേയ്ക്കുമുള്ള മാറ്റം വിചാരിച്ച അത്രയും സുന്ദരമായിരുന്നില്ല.

പാവപ്പെട്ട നായകനെ പ്രേമിച്ച് വിവാഹം കഴിക്കുന്ന സിനിമയിലെ വിപ്ലവനായികമാർക്ക് ജീവിതവുമായി കാര്യമായ ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞ് തുടങ്ങി. പൊരുത്തപ്പെടാനുള്ള എൻ്റെ കഷ്ടപ്പെടലുകളും പെരുമാറ്റങ്ങളുമെല്ലാം അഹങ്കാരമായി അദ്ദേഹവും കുടുംബത്തിലുള്ളവരും ചിത്രീകരിച്ചു. തലപൊക്കാൻ സമ്മതിക്കാതെ അടിച്ചമർത്താൻ ഓരോരുത്തരും ശ്രമിക്കുന്ന പോലെ…

കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കൈവേദനിച്ചപ്പോൾ കൈവിട്ട് തൊട്ടി കിണറ്റിൽ പോയതിന്, ഒരാഴ്ച തികയുന്നതിന് മുൻപ് അദ്ദേഹത്തിൻ്റെ കൈ എൻ്റെ കരണം പുകച്ചു. പിന്നെയതൊരു സാധാരണ സംഭവം മാത്രമായി.

മ ദ്യം കൈ കൊണ്ട് തൊടാത്ത പപ്പയുടെ പുന്നാരമോൾക്ക്, മ ദ്യപിച്ചെത്തുന്ന അമ്മായിഅപ്പൻ്റ ചീത്ത കേട്ടുറങ്ങേണ്ടി വന്നു. ഉള്ള ജോലിയും പോയി വീട്ടിലിരിക്കുന്ന അനിയനും ഭാര്യയ്ക്കും ചിലവിന് കൊടുക്കാനാവില്ലെന്ന് ചേട്ടൻ്റെ ഭാര്യ പറഞ്ഞെപ്പോൾ ഉണ്ണാനെടുത്ത ചോറ് തൊണ്ടയിൽ നിന്ന് താഴേക്കിറങ്ങാനാവാതെ ബുദ്ധിമുട്ടി…

കരയാൻ പോലും സ്വാതന്ത്ര്യമില്ലാത്ത നിസഹായാവസ്ഥ. ബൈബിളിലെ ധൂർത്ത പുത്രൻ്റെ ഉപമ ഇതിലും നന്നായി ജീവിച്ച് ഫലിപ്പിക്കാനാകാത്ത പോലെ…ആരോടും പരാതി പറയാനാവില്ല…അത്രയേറെ വാശി പിടിച്ച് നേടിയ ജീവിതമാണ്. പപ്പയുടെ അകാലമരണത്തിനുത്തരവാദിയായവളോട് പൊറുക്കാൻ അമ്മയ്ക്കും അനിയത്തിയ്ക്കും സാധിച്ചില്ല.

തികച്ചും ഒറ്റപ്പെട്ട സാഹചര്യത്തിൽ തള്ളി നീക്കിയ ജിവിതത്തിനിടയിൽ മോളു കൂട്ടായെത്തി, ഇഷ്ടക്കേടോടെയാണെങ്കിലും കടമകളൊന്നും അമ്മ മാറ്റി വച്ചില്ല. അയാൾ അതിന് സമ്മതിച്ചില്ല എന്നതാണ് സത്യം.

ഏഴാം മാസം കൊണ്ടുവിട്ടതിന് ശേഷം തിരിഞ്ഞ് പോലും നോക്കിയില്ല. മോളുണ്ടായി നാലു മാസം കഴിഞ്ഞാണ് കാണാനെങ്കിലും വന്നത്. ഇനി അവിടെ കൂടാനായിരുന്നു പ്ലാൻ. മമ്മിയേയും അനിയത്തിയേയും കുറേശ്ശേ ഭരണം തുടങ്ങി. അവരെന്തെങ്കിലും പറഞ്ഞാൽ അതിനു കൂടി അടിയെനിക്ക് കിട്ടാൻ തുടങ്ങി.

ഒരു രാത്രി അനിയത്തീടെ മുറിയിൽ കേറിയപ്പോൾ വീട്ടിൽ നിന്നിറങ്ങാൻ അമ്മ ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ കൂടെ വേണമെങ്കിൽ എന്നോടും പോക്കോളാൻ പറഞ്ഞു.

അയാളുടെ സ്വഭാവത്തിൽ അണുവിട മാറ്റം വരാൻ സാധ്യതയില്ലെന്നെനിക്ക് ഒരു വർഷം കൊണ്ട് നന്നായി മനസ്സിലായി. പ്രണയിച്ചിരുന്ന കാലത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്വഭാവമുള്ള ആളെയാണ് വിവാഹത്തിന് ശേഷം കണ്ടിരുന്നത്.

അന്ന്, ഞാൻ ചെയ്തൊരു തെറ്റ് പറ്റുന്നിട്ടത്തോളം തിരുത്താൻ തീരുമാനിച്ചു. വീട്ടിൽ നിന്നിറങ്ങാനും ഇനിയെന്നെ തേടി വരരുതെന്നും അദ്ദേത്തോട് ഞാൻ തന്നെ പറഞ്ഞു. ചുറ്റുമുള്ള വീട്ടുകാരുമുഴുവൻ എൻ്റെയവസ്ഥയറിഞ്ഞു. അമ്മേനെം സഹോദരങ്ങളെയും തിരിച്ചറിയാനാവാത്തയാൾ, നാളെയെൻ്റെ മോൾക്ക് ഭീഷണിയാകുമെന്നൊരു തോന്നലായിരുന്നു മുന്നിൽ….

കുറേയെതിർത്തെങ്കിലും വിവാഹമോചനത്തിൽ നിന്ന് പിന്നോട്ടു പോകാൻ ഞാനൊരുക്കമല്ലായിരുന്നു. അതെൻ്റെ അടുത്ത എടുത്ത് ചാട്ടമായി പലരും ചിത്രീകരിച്ചു. കിട്ടിയ ജീവിതത്തോട് വിധേയപ്പെട്ട് ജീവിക്കെണ്ടവളാണല്ലോ പെണ്ണ്.

തീരുമാനത്തിൽ നിന്ന് പിൻമാറാൻ ഭീഷണിയും ആക്രമണങ്ങളുമൊക്കെ നേരിടെണ്ടി വന്നു.

വിവാഹം കഴിക്കാൻ എടുത്തതിലും ഉറച്ച തീരുമാനമായിരുന്നു പിരിയുക എന്നത്. അവസാനം അത് നേടിയെടുത്തപ്പോഴെയ്ക്കും മോൾക്ക് 3 വയസ്സായി.

മകളെ അയാൾക്ക് വേണ്ടായിരുന്നത് കൊണ്ട് മോൾക്ക് വേണ്ടി പിടിവലി നടത്തേണ്ടി വന്നില്ല. കൗമാരത്തിലെ ചോരത്തിളപ്പിൽ തെറ്റായെടുത്ത ഒരു തീരുമാനത്തിൽ നിന്ന്, പുറത്തു കടന്നെങ്കിലും, ‘വേലി ചാടിയവൾ’ എന്ന വിളിപ്പേര് അവസാനം വരെ മാറില്ലയെന്നറിയാം.

വിരമിക്കുന്നതിന് മുൻപുള്ള പപ്പയുടെ മരണംമൂലം ആശ്രിത നിയമനത്തിനുള്ള അവകാശത്തിൽ നിന്ന് അനിയത്തിമാറി തന്നതു കൊണ്ട് ജീവിക്കാനൊരു പിടിവള്ളിയായി ജോലി ലഭിച്ചു…

അനിയത്തിക്ക് വിവാഹാലോചനകൾക്ക് ഞാനും മോളും തടസ്സമാണെന്ന് അമ്മ പറഞ്ഞ് തുടങ്ങിയപ്പോൾ മോളേക്കൂട്ടി വീടുമാറി…

ജീവിതം കുറച്ചു വർഷങ്ങൾക്ക് ശേഷം സമാധാനത്തിലേയ്ക്ക് തിരിച്ച് വന്ന കാലമായിരുന്നു പിന്നീടങ്ങോട്ട്…

എന്ത് തെറ്റ് തിരുത്തിയാലും, പഴയ കാലം മറക്കാതിരിക്കുന്ന സമൂഹത്തിൻ്റെ ദുഷിപ്പ് മുഴുവൻ പിന്നീടനുഭവിച്ചത് മുഴുവൻ മോളായിരുന്നു.

അവളാരോടെങ്കിലും മിണ്ടിയാൽ, ഒന്നിച്ച് യാത്ര ചെയ്താലൊക്കെ ‘അമ്മ വേലി ചാടിയതല്ലേ…മോള് മതിലുചാടുമെന്ന…’ പല്ലവി അവളേറെ കേട്ടിട്ടുണ്ട്. ഉപദേശിക്കാൻ യോഗ്യതയില്ലാത്ത അമ്മയെന്ന അപകർഷത മൂലം ഒന്നും പറയാൻ ഞാനും തയ്യാറല്ലായിരുന്നു. ഉപദേശിക്കെണ്ട അവസ്ഥ ഒരിക്കലും അവളുണ്ടാക്കിയുമില്ല.

ഇപ്പോൾ കൂടെ വർക്ക് ചെയ്യുന്ന അലൻ്റെ ആലോചന വന്നപ്പോൾ തന്നെ, അവളെന്നോട് പറഞ്ഞിരുന്നു.

‘ജീവിതത്തിലെ തിരഞ്ഞെടുപ്പിൽ തോറ്റു പോയ ഞാനെന്താണ് പറയേണ്ടത്, നിനക്ക് തീരുമാനമെടുക്കാം…’ എന്നാണ് ഞാൻ പറഞ്ഞത്.

”ഒരിക്കൽ വലിയൊരു തെറ്റ് പറ്റുകയും, അത് കൃത്യമായി തിരുത്തുകയും ചെയ്ത അമ്മയ്ക്കാണ്, ഇന്ന് ഏറ്റവും നല്ല തീരുമാനമെടുക്കാൻ പറ്റുന്നത്. സ്വന്തം ജീവിതത്തിലെ അബദ്ധങ്ങളൊന്നും എൻ്റെ ജീവിതത്തിൽ വരാതിരിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കുമെന്നെനിക്ക് ഉറപ്പുണ്ടെന്നുള്ള ” അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.

അല്ലെങ്കിലും പറ്റിപ്പോയൊരു തെറ്റിന് കുറ്റപ്പെടുത്താതെ എന്നോട് സംസാരിച്ചിട്ടുള്ളത് മോള് മാത്രമാണ്. എന്നെ മനസ്സിലാക്കാനുള്ള പക്വത എന്നും അവൾ കാണിച്ചിരുന്നു…

ഒരിക്കലും തിരിഞ്ഞ് നോക്കാത്ത പപ്പയോട് വിവാഹക്കാര്യം പറയണ്ട എന്നതും അവളുടെ തീരുമാനമായിരുന്നു.

നാളെ, എനിക്ക് എതിരഭിപ്രായമില്ലാത്ത, അവൾക്കും ഇഷ്ടപ്പെട്ട അലനോടൊപ്പം അവളെ ചേർത്ത് വെയ്ക്കുമ്പോൾ, വീണ്ടും ഞാനൊറ്റയ്ക്കാകുമല്ലോയെന്നതാണ് അവളുടെ സങ്കടം…

അനിയത്തിയുടെ വീട്ടിൽ അധികപറ്റായി മാറിയ അമ്മേനെ ഇനി കൂടെ നിർത്തണം…കല്യാണം കഴിഞ്ഞ് തിരികേ പോകെണ്ടെന്ന് പറഞ്ഞിട്ടുണ്ട്. സ്നേഹിക്കണം…പപ്പയ്ക്ക് കൊടുക്കാൻ പറ്റാതായ സ്നേഹവും കരുതലും അമ്മയ്ക്കെങ്കിലും പകർന്നു കൊടുക്കണം…

ഇല്ല…വേലി ചാടിയ അമ്മയുടെ മകൾ മതില് ചാടെണമെന്നൊരു നിയമവുമില്ലെന്ന് എൻ്റെ മോള് തെളിയിച്ചു…

അന്നെൻ്റെ വിവാഹത്തലേന്ന് നെഞ്ച്പൊട്ടി അമ്മയേറെക്കരഞ്ഞെങ്കിൽ, ഇന്ന് എൻ്റെ കണ്ണിൽ നിന്ന് വരുന്നത് മകളെയോർത്തുള്ള സന്തോഷക്കണ്ണീരാണ്…

അമ്മേ…

ആ…വരുന്നു വാവേ…