പിന്നെല്ലാം പെട്ടെന്നായിരുന്നു അമ്മായി അവന്റെ വാ പൊത്തി നങ്ങേലിയെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട്‌ വീടിന് പുറത്തേക്ക് നടന്നു.

മൈ ****

Story written by Sai Bro

===============

പ്ലസ്ടു പഠിക്കുന്ന കാലത്ത്  പല പെൺപിള്ളേരോടും പ്രണയം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും അവരോട് തുറന്ന്പറയാൻ ധൈര്യമില്ലാതെ അങ്ങനെ നടക്കുന്ന നാളിലാണ് ആ അത്ഭുതം സംഭവിച്ചത്..

‘തികച്ചും അപ്രതീക്ഷിതമായി ഒരു പെൺകുട്ടിവന്ന് എന്നോട് ഇഷ്ടമാണെന്ന് പറയുന്നു..’

സത്യത്തിൽ അതുപോലൊരു സാഹചര്യത്തിൽ ഏതൊരു ആൺകുട്ടിക്കും ഉണ്ടാവേണ്ട രോമാഞ്ചവും, മനസുഖവും എനിക്കപ്പോൾ ഉണ്ടായില്ലെന്ന് മാത്രമല്ല, ആ സമയത്ത് ഞാനാകെ വിരണ്ടുപോകുകയും ചെയ്തു…

സംഗതി ഇങ്ങനെയാണ് അന്ന് നടന്നത്…

സ്കൂളിൽ അന്ന് ഉച്ചക്ക് ഊണ് കഴിക്കാനുള്ള മണി മുഴങ്ങിയപ്പോൾ കൈകഴുകാൻ പൈപ്പിൻചുവട്ടിലേക്ക് നടക്കുന്ന നേരത്ത് പെട്ടെന്ന് പിറകിൽ പ്രത്യക്ഷപെട്ട പെൺപടയിലൊരുത്തി തള്ളി തള്ളി എന്റെ മുൻപിലായി വന്ന് നിന്നു, മുൻപോട്ടുള്ള എന്റെ വഴി തടഞ്ഞെന്നോണം…

അത് കണ്ട് പെട്ടെന്നൊന്നു പരിഭ്രമിച്ചുകൊണ്ട് യൂണിഫോം ഷർട്ടിന്റെ തുമ്പിൽ കൈകൊണ്ട് തിരുമ്പികൊണ്ട് മുൻപിൽ വഴി മുടക്കി നിൽക്കുന്നവളുടെ മുഖത്തേക്ക് ഞാനൊന്ന് പാളി നോക്കി…

ഇത് ഏതാണാവോ ഈ കുട്ടി..?എന്തിനാണാവോ എന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കുന്നത്..?

അത്രക്കും കാര്യങ്ങൾ ചിന്തിച്ചുകൂട്ടുമ്പോഴാണ് മുൻപിൽ വഴിമുടക്കി നിന്നവൾ ചുണ്ടുകൾ പിളർത്തി ആ കാര്യം മൊഴിഞ്ഞത്

“I love u മൈ ***”

അതും പറഞ്ഞവൾ കുണുങ്ങി ചിരിച്ചുകൊണ്ട് തെന്നി തെന്നി ഓടിമറയുന്നത് ഞാനൊരു മിന്നായം പോലെ കണ്ടു..

സാധാരണനിലക്ക് ഒരു പെൺകുട്ടി നേരിട്ട് വന്ന് എന്നെ പ്രൊപ്പോസ് ചെയ്തകാര്യം കുറച്ചു പൊടിപ്പും തൊങ്ങലും കൂട്ടി വലിയൊരു സംഭവമാക്കി പറഞ്ഞ് കൂട്ടുകാർക്കിടയിൽ ആളാകേണ്ട ഒരു അവസരമായിരുന്നു അത് എങ്കിലും അവൾ അവസാനം പറഞ്ഞ ആ ‘വാക്ക് ‘ എന്നെ അതിൽനിന്നെല്ലാം പിൻതിരിപ്പിച്ചു…

ആ സംഭവത്തിന് ശേഷം ഞാൻ ആ കുട്ടിയെക്കുറിച്ചു സമഗ്രമായ ഒരു അന്വേഷണം സ്കൂളിൽ നടത്തുകയുണ്ടായി.. ഒടുവിൽ ‘എട്ട് ബി ‘ ഇൽ പഠിക്കുന്ന നങ്ങേലിയിലാണ് എന്റെ അന്വേഷണം അവസാനിച്ചത്..

സ്കൂളിന് പിറകിലുള്ള റെയിൽവേ ട്രാക്കിനോട് ചേർന്ന ചേരിയിൽ ആയിരുന്നു നങ്ങേലിയുടെ വീട്…ചുമട്ട് തൊഴിലാളിയായ അച്ഛൻ വീട്ടിൽ സ്ഥിരം ഉപയോഗിക്കുന്ന ‘തെറി പ്രയോഗങ്ങൾ ‘ കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ നങ്ങേലിയുടെ നാവിലും ഉടക്കിയിരിക്കാം..എന്തായാലും ആവശ്യത്തിനും അനാവശ്യത്തിനും തെറിവിളിച്ചു കൂട്ടുകാർക്കൊപ്പം ഓടിച്ചാടി നടക്കുന്ന ഒരു മരംകേറിപെണ്ണായിരുന്നു നങ്ങേലി എന്ന് ഞാൻ മനസിലാക്കി…

എന്തായാലും അതിന് ശേഷം ഞാൻ സ്കൂളിലും പരിസരത്തും അല്പം സൂക്ഷിച്ചാണ് നടന്നിരുന്നത്..കൂട്ടുകാർക്കൊപ്പം നടക്കുമ്പോൾ, ടീച്ചർ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുമ്പോൾ നങ്ങേലി കൂസലില്ലാതെ എന്റെ മുന്നിലേക്ക് കയറിവരുമെന്നും എന്നെ നോക്കി വീണ്ടും “i love u മൈ** ” എന്ന് പറയുമെന്നും ഞാൻ വെറുതെ ഭയപ്പെട്ടു…

പക്ഷെ ഞാൻ ഭയപെട്ടതുപോലെയൊന്നും സംഭവിച്ചില്ലെങ്കിലും നങ്ങേലിയുടെ കണ്മഷി എഴുതിയ വലിയ കണ്ണുകൾ എനിക്ക് ചുറ്റും പരതുന്നതായി ഞാൻ പലപ്പോഴും മനസിലാക്കിയിരുന്നു..

അസംബ്ലി കൂടുമ്പോൾ, ഉച്ചഭക്ഷണം കഴിഞ്ഞ് ചോറ്റുപാത്രം കഴുകാനായി പൈപ്പിൻ ചുവട്ടിൽ നിൽക്കുമ്പോൾ, സ്കൂൾ വിട്ട് MTB സൈക്കിൾ ആയാസപ്പെട്ട് ചവിട്ടി വീട്ടിലേക്ക് പായുമ്പോഴെല്ലാം അവളുടെ കണ്ണുകൾ എനിക്ക് ചുറ്റുമുണ്ടായിരുന്നു…

പ്ലസ്ടു പരീക്ഷ ജയിച്ചു നങ്ങേലിയിൽ നിന്ന് രക്ഷപെട്ട ഞാൻ ഒരു വർഷത്തെ ഹോട്ടൽമാനേജ്മെന്റ് പഠനത്തിന് ശേഷം പെട്ടെന്ന് തന്നെ വിദേശത്തേക്ക് പറന്നു..

അവിടെ ജോലിചെയ്ത്  ജീവിത്തിൽ തരക്കേടില്ലാത്ത സാമ്പത്തിക ഭദ്രത കൈവരിച്ചെന്ന് എനിക്ക് തോന്നിയപ്പോഴേക്കും അഞ്ചുവർഷങ്ങൾ കടന്നുപോയിരുന്നു..

അങ്ങിനെ ആറുമാസത്തെ ലീവിന് നാട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. ‘വിവാഹം..’

നല്ല പ്രായത്തിൽ തന്നെ കല്യാണം കഴിച്ചു പറ്റുമെങ്കിൽ തിരിച്ചുപോകുമ്പോൾ ഭാര്യയെയും കൊണ്ടുപോകണം എന്നായിരുന്നു മനസ്സിലെ പ്ലാൻ..

പക്ഷെ വിവാഹം എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ലെന്ന് വൈകാതെ എനിക്ക് മനസിലായി..പെണ്ണ് കാണാൻ പോയി ചായയും, ജ്യൂസും കുടിച്ചു മനസ്സ് മടുത്തു ഇരിക്കുമ്പോഴാണ് അവളെ വീണ്ടും കണ്ടുമുട്ടുന്നത്..

അമ്മാവന്റെ മകളുടെ വിവാഹത്തിന്റെ തലേന്ന് അവളെ ഒരുക്കുവാനായി വന്ന ബ്യുട്ടീഷൻ പെൺകുട്ടിയുടെ കണ്ണുകൾ എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ ആ കുട്ടിയെ സൂക്ഷിച്ചു നോക്കിയത്…

ഒറ്റ നോട്ടത്തിൽ തന്നെ ആളെ പിടികിട്ടി..ഇത് ആ പഴയ ‘നങ്ങേലി’ തന്നെ..

പക്ഷെ തീപ്പെട്ടികോല് പോലിരുന്ന ആ പഴയ പെണ്ണല്ല അവളിന്ന്..കാലം നങ്ങേലിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു..ശരീരം അല്പം തടിവെച്ചിട്ടുണ്ട് ഒപ്പം നിറവും കൂടിയപോലെ..പണ്ട് നീളത്തിൽ ഇരുന്ന മുഖം ഇപ്പോൾ വൃത്താകൃതിയിലായി..കവിളുകൾ രണ്ടും അല്പം ചുവന്നിട്ടുണ്ട്..ഇനീപ്പോ അത് എന്നെകണ്ടിട്ടാണോ അതോ മേക്കപ്പ് ആണോ ആവോ.? ആ ഉണ്ടക്കണ്ണുകൾക്കും, തീക്ഷ്ണമായ നോട്ടത്തിനും മാത്രം ഒരുമാറ്റവുമില്ല…എന്തൊക്കെയാണെങ്കിലും ഇപ്പോൾ കാണാൻ സുന്ദരിയായിട്ടുണ്ട് നങ്ങേലി…!

അതുകൊണ്ടാകാം പണ്ട് പ്ലസ്ടു പഠിക്കുമ്പോൾ തോന്നാത്ത ഒരു പ്രത്യേകതരം സ്നേഹം എനിക്കപ്പോൾ നങ്ങേലിയോട് തോന്നി..അന്ന് വൈകിട്ട് നങ്ങേലി ബ്യൂട്ടീഷൻ പണികളൊക്കെ അവസാനിപ്പിച്ചു അവിടെന്ന് പോകുംവരെ ഞാൻ അവൾക്കരുകിൽ ചുറ്റിപറ്റി നിന്നു…

പോകാൻ നേരത്ത് പാത്തും പതുങ്ങിയും മറ്റാരുടെയും കണ്ണിൽപെടാതെ ഞാൻ അവളോട് ചോദിച്ചു… “ഇങ്ങടെ പേര് നങ്ങേലീന്നല്ലേ.? “

“അതേലോ.. ” മറുപടിയും അപ്പൊത്തന്നെ കിട്ടി…

“ഇങ്ങക്ക് എന്നെ മനസിലായോ..? ” ഞാൻ മിടിക്കുന്ന ഹൃദയത്തോടെ വീണ്ടും ചോദിച്ചു..

“ആയെങ്കിൽ..? ” കൺപുരികം ഉയർത്തിയുള്ള നങ്ങേലിയുടെ ആ മറുചോദ്യം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് മിണ്ടാട്ടം മുട്ടിപോയി…

“ആയെങ്കി…ആയെങ്കിൽ…ഒന്നൂല്യ..ഞാൻ വെറുതെ ചോദിച്ചതാ.. ” തലതാഴ്ത്തി പരുങ്ങികൊണ്ട് ഞാൻ പറഞ്ഞു…

മുത്തുമണികൾ പൊട്ടിച്ചിതറുമ്പോലെ നങ്ങേലി പൊട്ടിചിരിച്ചത് പെട്ടെന്നായിരുന്നു..

അത് കണ്ട് ഞാൻ സ്തംഭിച്ചുനിൽക്കുമ്പോൾ ചിരിക്കിടയിലും അവൾ തുടർന്നു…

“ഇങ്ങക്ക് ഇത് എന്താണ് മാഷേ..ആദ്യായിട്ട് ഇഷ്ട്ടം പറഞ്ഞ ആളിനെ ഞാനങ്ങിനെ മറക്കോ..?  നല്ല ചേലായിട്ടുണ്ട്.. “

അവൾ അത് പറയുമ്പോൾ എന്റെ കണ്ണുകൾ ആ മുഖത്തു വട്ടമിട്ടുപറക്കുകയായിരുന്നു…ചിരിച്ചുചിരിച്ചു നങ്ങേലിയുടെ മുഖം തുടുക്കുന്നതും, ആ.വിടർന്നകണ്ണുകളിൽ വെള്ളം നിറയുന്നതും, മൂക്കിനുതാഴെയുള്ള പൊടിമീശയിൽ വിയർപ്പ്തുള്ളികൾ ഉരുണ്ടുകൂടുന്നതും ഞാനങ്ങിനെ നോക്കി നിന്നു…

അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.. ‘ഈ നങ്ങേലികൊച്ചിനെ മറ്റൊരാൾക്കും വിട്ടുകൊടുക്കൂലാന്ന്..’

നാട്ടിലും വീട്ടിലും വലിയൊരു വി പ്ലവം സൃഷ്ട്ടിക്കേണ്ടിവന്നു എനിക്ക് നങ്ങേലിയെ സ്വന്തമാക്കാൻ..

പഴയ പേരുകേട്ട നാ യർകുടുംബത്തിലെ അംഗമായ ഞാൻ താഴ്ന്ന ജാ തിക്കാരിയായ നങ്ങേലിയെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാരിൽ പലർക്കും എതിർപ്പുണ്ടായിരുന്നെങ്കിലും അച്ഛനും അമ്മയും എനിക്കൊപ്പം നിന്നതിനാൽ പെട്ടെന്നൊരു മുഹൂർത്തം നോക്കി ഞാൻ നങ്ങേലിയുടെ കഴുത്തിൽ താലിചാർത്തി..അങ്ങനെ വളരെ സന്തോഷത്തോടെ ഞങ്ങളുടെ ദാമ്പത്യജീവിതം മുന്നോട്ട് പോകുകയും ചെയ്തു..

അങ്ങനിരിക്കെ അച്ഛനും അമ്മയും മൂത്ത ചേച്ചിയുടെ വീട്ടിൽ രണ്ട് ദിവസം നിൽക്കാൻ വേണ്ടി പോയിരിക്കുമ്പോഴാണ് അമ്മാവന്റെ ഫോൺ കാൾ വന്നത്..അവർ കുടുംബസമേതം വീട്ടിലേക്ക് വിരുന്നിന് വരുന്നുണ്ടത്രേ…

ഈ അമ്മാവനാണ് ഞങ്ങളുടെ കല്യാണത്തിനെ ഏറ്റവും കൂടുതൽ എതിർത്തത്…ആ പശ്ചാത്താപത്തിലാണെന്നുതോന്നുന്നു കുടുംബസമേതം ഇപ്പോൾ ഇങ്ങോട്ടുള്ള വിരുന്നുവരവ്…

ഏതൊക്കെയായാലും എനിക്കും നങ്ങേലിക്കും വളരെയധികം സന്തോഷമായി…അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഞങ്ങൾ അപ്പോഴേ ആരംഭിച്ചു…

സ്വീകരണമുറിയിൽ അമ്മാവനും അമ്മായിയും കുട്ടികളും ആഹ്ലാദത്തിലായിരുന്നു..അവർക്കായി കരുതിവച്ചിരുന്ന മധുരപദാർത്ഥങ്ങൾ വിളമ്പുന്ന തിരക്കിലായിരുന്നു ഞാനും നങ്ങേലിയും..

പെട്ടെന്നാണ് രണ്ട് ദിവസം മുൻപ് നങ്ങേലിയുടെ വാശികൊണ്ട് മാത്രം വാങ്ങിയ ആ വളർത്തുനായ അങ്ങോട്ടേക്ക് ഓടിവന്നത്..അമ്മാവന്റെ മൂന്ന് വയസുള്ള ഇളയമകന്റെ കയ്യിലിരുന്ന ക്രീം ബിസ്കറ്റ് കടിച്ചെടുത്തുകൊണ്ട് നായ പുറത്തേക്ക് ഓടുമ്പോൾ ആ കുസൃതി കണ്ട് ഞങ്ങളെല്ലാവരും ചിരിച്ചു..

നങ്ങേലിയും പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു..

‘ഈ മൈ**ന്റെ ഒരു കാര്യം..’

എല്ലാവരും ഒരു നിമിഷം നിശബ്ദരായി…എല്ലാ കണ്ണുകളും നങ്ങേലിയിലേക്ക് പതിഞ്ഞു..അബദ്ധം പിണഞ്ഞതോർത്തു നങ്ങേലിയും പരിഭ്രമിച്ചു എന്ത് ചെയ്യണം എന്നറിയാതെ നിന്നു…

അപ്പോഴാണ് ആ മൂന്ന് വയസുകാരൻ പുറത്തേക്ക് കുതിച്ച ആ പ ട്ടിക്കുട്ടിയെ നോക്കി അത് പറഞ്ഞത്…

“ഈ മൈതന്റെ ഒരു കാത്യം..”

പിന്നെല്ലാം പെട്ടെന്നായിരുന്നു അമ്മായി അവന്റെ വാ പൊത്തി നങ്ങേലിയെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട്‌ വീടിന് പുറത്തേക്ക് നടന്നു., ഒപ്പം അമ്മാവനും…

നടന്നകാര്യങ്ങളൊന്നുമറിയാതെ നങ്ങേലിയുടെ പ ട്ടിക്കുട്ടി പുറത്തെ പുല്ലിൽ കിടന്ന് ക്രീം ബിസ്ക്കറ്റ് നുണയുകയായിരുന്നു അപ്പോൾ…

അന്ന് മുഴുവനും ഞാൻ നങ്ങേലിക്ക് മുഖം കൊടുക്കാതെ കഴിച്ചുകൂട്ടി..രാത്രിയായപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ബെഡ്‌റൂമിൽ പുതച്ചുമൂടി കിടന്നു..നങ്ങേലി ഒന്ന് രണ്ട് തവണ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചുവെങ്കിലും ഞാൻ കേട്ടഭാവം നടിച്ചില്ല..

പണ്ട് എന്നെ തെറിപറഞ്ഞു പ്രൊപ്പോസ്  ചെയ്ത ആ എട്ടാംക്ലാസ്സുകാരി നങ്ങേലിയുടെ ആ പഴയ ശീലം ആറുവർഷം കൊണ്ട് മാറിയിട്ടുണ്ടാകും എന്നായിരുന്നു ഞാൻ കരുതിയത്…പക്ഷെ ഇതിപ്പോൾ അമ്മാവന്റെയും കുടുംബത്തിന്റെയും മുന്നിൽ വെച്ച് അവൾ പറഞ്ഞത്….അതേ അവൾ ഇപ്പോഴും ആ തെറിപറയുന്ന പെൺകുട്ടി തന്നെയാണ്…

ഓരോന്ന് ചിന്തിച്ചുകിടന്ന് വെളുപ്പാൻകാലത്തെപ്പോഴോ കണ്ണടയുമ്പോൾ കട്ടിലിന്റെ അങ്ങേയറ്റത്ത് നങ്ങേലി ചുരുണ്ടുകൂടി കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചതേ ഇല്ല…

മൂത്തചേച്ചിയുടെ വീട്ടിൽ വിരുന്നിനുപോയ അച്ഛനും അമ്മയും പിറ്റേന്ന് രാവിലെതന്നെ തിരിച്ചെത്തി..അമ്മാവന്റെ നേതൃത്വത്തിൽ വീട്ടിൽ അടിയന്തിര കുടുംബകോടതി കൂടി..

കെട്ടിക്കൊണ്ടുവന്ന പെൺകുട്ടികൾക്ക് പൊട്ടിച്ചിരിക്കാൻ പോലും നിയന്ത്രണമുള്ള തറവാട്ടിൽ എന്റെ ഭാര്യയായ നങ്ങേലി തറവാട്ടിലെ പ്രധാനിയായ അമ്മാവന്റെ മുന്നിൽവെച്ചു അതുപോലൊരു ‘അശ്ലീലപദം’ പ്രയോഗിച്ചത് ഗുരുതരമായ തെറ്റ് തന്നെയെന്ന് അവർ കണ്ടെത്തി…

ശിക്ഷവിധിക്കാൻ അവർ തമ്മിൽ തമ്മിൽ ആരായുമ്പോഴാണ് അത്രനേരം മിണ്ടാതിരുന്ന അച്ചന്റെ സ്വരമുയർന്നത്..

“നങ്ങേലി,..കുട്ടിക്ക് ന്താ പറയാനുള്ളത് എന്ന് വെച്ചാൽ ഇവിടെ പറഞ്ഞോളൂ..”

പെട്ടെന്നുണ്ടായ നിശബ്ദതക്കിടയിൽ  നങ്ങേലി പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങി..

“ചെറുപ്പത്തിലേ അമ്മ മരിച്ചതിനു ശേഷം ചുമട്ടുതൊഴിലാളിയായ അച്ഛന്റെ തെറിവാക്കുകൾ കേട്ടാണ് ഞാൻ വളർന്നത്..സ്ഥിരം കേൾക്കുന്ന വാക്കുകളിൽ ചിലത് നാവിൻതുമ്പിൽ കൊരുത്തുതുടങ്ങിയപ്പോൾ അത് തെറിയാണെന്നോ, പെൺകുട്ടികൾ അതൊന്നും പറയാൻപാടില്ല എന്ന് പറഞ്ഞു ഉപദേശിച്ചുതരാൻ എനിക്ക്  അമ്മയുമില്ലായിരുന്നു..അങ്ങനെ വളർന്നതുകൊണ്ടാകാം എത്ര കടിച്ചുപിടിച്ചാലും ചില അരുതാത്ത വാക്കുകൾ പെട്ടെന്ന് പറഞ്ഞു പോകുന്നത്..മനഃപൂർവം ചെയ്തതല്ല ഒന്നും..അമ്മാവനും അമ്മായിയും എന്നോട് ക്ഷമിക്കണം.. “

പതിഞ്ഞ സ്വരത്തിലാണ് നങ്ങേലി അത് പറഞ്ഞതെങ്കിലും ആ വാക്കുകളിൽ ഒരുതരിപോലും പതർച്ചയില്ലായിരുന്നു.എന്ന് മാത്രമല്ല തല ഉയർത്തിപിടിച്ചുള്ള നങ്ങേലിയുടെ ആ സംസാരം എന്നെ കുറച്ചൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്…

“നിനക്കെന്തെങ്കിലും പറയാനുണ്ടോ..?” അച്ഛന്റെ ചോദ്യം എന്നോടായിരുന്നു…

പതുങ്ങിയാണ് ഞാൻ ആ സഭക്ക് മുന്നിലേക്ക് വന്നതെങ്കിലും നങ്ങേലി ചെയ്തപോലെ തല ഉയർത്തി എല്ലാവരെയും വീക്ഷിച്ചു, പതർച്ചയില്ലാത്ത ശബ്ദത്തിൽ സംസാരിക്കുവാൻ ഞാൻ ആഗ്രഹിച്ചു..

“അച്ഛനും അമ്മാവന്മാരും ഞാനും ഉൾപ്പെട്ട ഈ തറവാട്ടിലെ ആണുങ്ങളോട് എനിക്കൊന്ന് മാത്രമേ ചോദിക്കാനുള്ളൂ…നങ്ങേലി പറഞ്ഞ ആ ‘അശ്ലീലപദം’ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രയോഗിക്കാത്ത ഏത് പുരുഷ്യനാണ് ഇപ്പോൾ ഇവിടെനിൽക്കുന്നവരിൽ ഉള്ളത്..? “

എന്റെ ആ ചോദ്യത്തിന് തിടുക്കത്തിൽ ശബ്ദമുയർത്തി മറുപടി പറഞ്ഞത് അമ്മായിയായിരുന്നു..

“ആണുങ്ങൾക്ക് എന്തും പറയാം..അതുപോലാണോ പെണ്ണുങ്ങൾ..? “

“നിങ്ങൾ പെണ്ണുങ്ങളേക്കാൾ എന്താണ് ഞങ്ങൾ ആണുങ്ങൾക്ക് കൂടുതലായിയുള്ളത്..?”

എന്റെ മറുചോദ്യത്തിന് ചോദ്യത്തിന് അമ്മായിക്ക് ഉത്തരംമുട്ടിയപ്പോൾ ഞാനല്പംകൂടി ശബ്ദമുയർത്തി സംസാരിക്കാൻ തുടങ്ങി..

“തെറി ആര് പറഞ്ഞാലും അത് തെറി തന്നെയാണ്..ആണ് പറഞ്ഞാലും പെണ്ണ് പറഞ്ഞാലും തെറിയുടെ തീവ്രത ഒന്ന് തന്നെ..പിന്നെ എന്റെ ഭാര്യ നങ്ങേലി അമ്മാവന്റെയും അമ്മായിയുടെയും മുന്നിൽ വെച്ച് അറിയാതെ ആ വാക്ക് ഉച്ചരിച്ചുപോയതിൽ അവൾക്ക് വിഷമമുണ്ട്..ചെയ്ത തെറ്റ് അവളിവിടെ ഏറ്റുപറയുകയും ചെയ്തു..ഇനിയും അവൾക്കെതിരെ സംസാരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുവെങ്കിൽ  ജീവിതത്തിലൊരിക്കൽപോലും മനസ്സിലെങ്കിലും ഒരു കുഞ്ഞു തെറി പോലും ഉച്ചരിക്കാത്തവർക്കേ അതിനുള്ള യോഗ്യതയുള്ളൂ..”

ഞാനത് പറഞ്ഞു നിർത്തിക്കൊണ്ട് അച്ഛന്റെ മുഖത്തേക്കാണ് നോക്കിയത്…ആ മുഖത്തു ഒരു പുഞ്ചിരി കണ്ടപ്പോൾ എനിക്കാശ്വാസമായി..എനിക്ക് തെറ്റിയിട്ടില്ല…

സഭകൂടിയവർ മറുപടി പറയാതെ പതുക്കെ കളം കാലിയാക്കി തുടങ്ങിയപ്പോൾ ഞാൻ നങ്ങേലിയുടെ കൈപിടിച്ചു റൂമിലേക്ക് നടന്നു..

അന്ന് രാത്രി നങ്ങേലി ആണയിട്ട് പറഞ്ഞു ‘ഞാനിനി അറിയാതെ പോലും അത്തരം വാക്കുകൾ ഉപയോഗിക്കില്ല എന്ന്..’ അതിന് മറുപടി പറയാതെ ഞാനവളെ മുറുക്കെ പുണർന്നു നെഞ്ചോട് ചേർത്തു നിർത്തി..

രണ്ട് ദിവസം കഴിഞ്ഞ് ഒരു സായാഹ്നത്തിൽ പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ അരികിലേക്ക് തന്റെ പുന്നാര പ ട്ടിക്കുട്ടിയേയും കൊണ്ട് നങ്ങേലി കടന്നു വന്നു…

“അതേയ് ഞാനിവന് ഒരു പേരിട്ടു.. “

“ആഹാ.. എന്തൂട്ടാ പേര്..?”

‘മയി…….ബാക്കി പറയുംമുൻപേ ഞാൻ ചാടി എണീറ്റു നങ്ങേലിയുടെ വായ പൊത്തി…

അതിനിടക്ക് ആ പട്ടിക്കുട്ടി അവളുടെ കയ്യിൽ നിന്നും കുതറിചാടി പുറത്തേക്ക് ഓടിയപ്പോൾ എന്നെയൊന്നു രൂക്ഷമായി നോക്കികൊണ്ട് നങ്ങേലി പട്ടികുഞ്ഞിനെ നോക്കി നീട്ടി വിളിക്കുന്നുണ്ടായിരുന്നു.. 

“മയിൽ വാഹനം…ഇവിടെ വാ.. “

~Sai Bro.