കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോൾ ആള് എന്തൊരു പാവം ആയിരുന്നു. ഒന്നും ഇല്ലാത്ത വീട്ടിലെ പെണ്ണ്…

ഭാര്യയും മനസാക്ഷിയും പിന്നെ ഞാനും…

Story written by Arun Nair

=============

“”മനുവേട്ടാ…ഒന്ന് സഹായിച്ചു കൂടെ എന്നെ…ഞാനും നിങ്ങളെ പോലെ ജോലി കഴിഞ്ഞു അല്ലെ വന്നത്…. “”

മുറി തുടച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ  ഭാര്യ രേഷ്മ വിളിച്ചു ചോദിച്ചു…

“”എടി…എൻ്റെ ജോലി ഇന്നലെ ഓഫീസിൽ ഇരുന്നിട്ട് തീർന്നില്ല…അതൊന്നു തീർക്കട്ടെ…ഒന്ന് മിണ്ടാതിരിക്കു രേഷ്മേ…. “”

“”എന്നാൽ എനിക്കും വയ്യ….ഇത് മുഴുവൻ നിങ്ങളുടെ അമ്മ മു ള്ളിയതും തൂ റി യതുമാണ്…മണം കാരണം നടക്കാൻ വയ്യാത്തോണ്ട് ചെയ്തേക്കാമെന്നു വെച്ചപ്പോൾ തലയിൽ കയറുന്നോ…. “”

ഓടി നടക്കുന്ന പിള്ളേരോട് അവൾ പറയുന്നത് കേട്ടു

“”മോനു….ചന്ദു…ഇങ്ങോട്ടു ഇപ്പോൾ വരണ്ട…ഈ മുറിയിൽ ഭയങ്കര നാറ്റം ആണ്…എങ്ങനെയാണോ ആ തള്ള ഈ മുറിയിൽ കഴിഞ്ഞു കൂടിയത്…അവരുടെ മൂ ത്രത്തിന്റെ മണം തന്നെയല്ലേ അത്കൊണ്ട് നാറ്റം അറിയില്ലായിരിക്കും….. “”

മുറി വൃത്തിയാക്കുന്നതിനു ഇടയ്ക്കു രേഷ്മ ഇരുന്നു അമ്മയുടെ കുറ്റം പറയുന്നുണ്ട്…കേട്ടെങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു ഞാൻ ജോലി ചെയ്തു…വല്ലോം പറഞ്ഞു പോയാൽ പിന്നെ അവൾ ആ ജോലി അവിടെ നിർത്തിയിട്ടു വരും…ജോലി ഉണ്ട് എന്നുള്ള അഹങ്കാരം ആണവൾക്കു….

ഞാൻ പെണ്ണ് ആലോചിച്ചു ചെല്ലുമ്പോൾ ചാണകം മെഴുകിയ ഒരു ഓല വീട് ആയിരുന്നു രേഷ്മയുടെത്…ആ അവൾക്കു ഇപ്പോൾ ഒന്നിന്റെയും മണം പിടിക്കില്ല…പിടിക്കുന്നത് വില കൂടിയ പെർഫ്യൂമുകളുടെ മണം മാത്രം..ഓരോന്നും ഓർത്താൽ ചിരി വരും….

കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോൾ ആള് എന്തൊരു പാവം ആയിരുന്നു…ഒന്നും ഇല്ലാത്ത വീട്ടിലെ പെണ്ണ്…അന്ന് എന്റെ അച്ഛനും അമ്മയും നല്ല പെണ്ണിനെ മതി പറഞ്ഞു  നോക്കി എടുത്തു തന്നതാണ്….

കുറച്ചൊക്കെ രാഷ്ട്രീയ പിടിപാട് ഉള്ളത് കൊണ്ട് എന്റെ  അച്ഛൻ തന്നെയാ പി എസ് സി  എഴുതാതെ തന്നെ ഗവണ്മെന്റ് ജോലി ഒപ്പിച്ചു കൊടുത്തതും….ജോലിക്ക് കയറി സ്വന്തം ആയി വരുമാനം ആയതും, ആ ജോലി കളയിക്കാൻ അച്ഛൻ ജീവനോടെ ഇല്ലാതെ ആയതും അവളുടെ അഹങ്കാരം വളർത്തി….

അമ്മയെ എത്ര മാത്രം ദ്രോഹിച്ചിട്ടുണ്ട് ഇവൾ….അവൾക്കു ജോലി കിട്ടിയതിനു ശേഷം അമ്മ അവളുടെ വേലക്കാരി ആയി….അമ്മക്ക് വരുമാനം ഇല്ലല്ലോ…അമ്മ കിടപ്പിൽ ആയതോടെ അവൾക്കു അവർ ഒരു ഭാരവും ആയി…എന്തായാലും ഇപ്പോൾ  അവളുടെ ഭാരം എല്ലാം ഒഴിഞ്ഞു…ഞാൻ ഓരോന്നും ഓർത്തു ഇരുന്നു പോയി ജോലിക്ക് ഇടയിലും….

മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് കൊണ്ട് മുറി വൃത്തി ആക്കുന്നതിനു ഇടയിലുള്ള അവളുടെ സംസാരം ഒന്നും കേട്ടതായി പോലും ഞാൻ ഭാവിച്ചില്ല. അതു മാത്രവുമല്ല ഇടയ്ക്കു അവളുടെ കഷ്ടപ്പാടുകൾ നിരത്തി അവളെ ഒന്ന് പൊക്കി വിടാനും മറന്നില്ല…

ജോലി ഒക്കെ ചെയ്തു തീർത്തിട്ട് ഞാൻ ഉച്ചക്കത്തെ ആഹാരം കഴിച്ചതിനു ശേഷം പൂമുഖത്തു ഉള്ള തുണി കസേരയിൽ പോയി കിടന്നു…അച്ഛന്റെ കസേര ആണ് പക്ഷെ അച്ഛന്റെ മണം ഇല്ല. കാരണം അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ ആ തുണി എടുത്തു കത്തിച്ചിട്ടു വേറെ തുണി ഇട്ടു….അങ്ങനെ ജോലി മേടിച്ചു കൊടുത്ത അച്ഛനോട് ഉള്ള നന്ദി അവൾ പ്രകടിപ്പിച്ചു….

അച്ഛനെ കുറിച്ച് ഓർത്തു ഒരു അഞ്ചു മിനിറ്റ് കിടന്നില്ല അപ്പോൾ തന്നെ രേഷ്മ എത്തി

“”മനുവേട്ടാ…നമുക്കു ശ്രീദേവി ചേച്ചി പറഞ്ഞ സ്ഥലത്ത് ഒന്ന് പോയാലോ….???””

“”എൻ്റെ രേഷ്മേ ആകെ ഒരു അവധി ദിവസമേ ഉള്ളു…ഒന്ന് വിശ്രമിക്കട്ടെ ഞാൻ…. “”

“”നിങ്ങൾ ഇവിടെ വിശ്രമിച്ചു ഇരുന്നോ..ശ്രീദേവി ചേച്ചി ഒക്കെ പോയിട്ട് ഭാവിയിൽ  വരാൻ പോകുന്ന നല്ല കാര്യങ്ങൾ അറിഞ്ഞു ഇപ്പോൾ വളരെ സന്തോഷത്തിൽ ആണ് ജീവിക്കുന്നത്…. ‘”

“”എന്നാൽ നമുക്കും നല്ലത് വരും എന്നും വിചാരിച്ചു സന്തോഷിച്ചു ജീവിച്ചാൽ പോരെടി….””

“”നിങ്ങളോട് സംസാരിച്ചിട്ട് കാര്യം ഇല്ല…കുഞ്ഞുങ്ങളുടെ ഭാവി ഒക്കെ എന്താകും എന്നു അറിയണം എന്നു നല്ല അച്ഛൻ ആണെങ്കിൽ തോന്നും…അത് എങ്ങനെയാ ഇത് ചുമ്മാ പാഴ് തടി പോലെ വികാരം ഒന്നുമില്ലല്ലോ…. “”

രേഷ്മ പെണ്ണിന്റെ തനി സ്വഭാവം ഇറക്കി കണ്ണിൽ കൂടി കള്ള കണ്ണുനീർ ഒഴുക്കി….

“”അപ്പോൾ ഞാൻ ചീത്ത അച്ഛനും ആയി….അവിടേക്കു വന്ന പിള്ളേരോട് ഞാൻ ചോദിച്ചു…മക്കളെ നിങ്ങൾക്കും അങ്ങനെ ആണോ തോന്നുന്നത്…. “”

അമ്മയുടെ സ്വഭാവം അറിയാവുന്ന മക്കൾ ഒന്ന് ചിരിച്ചതേ ഉള്ളു..ഞാനും അവരുടെ ചിരിയിൽ പങ്കാളി ആയി….

“”മനുവേട്ടാ,,വാ…ഒന്ന് പോയിട്ട് വരാം…ഇവിടെ അടുത്തു അല്ലെ…കാറിൽ പോയാൽ ഒരു 20 മിനിറ്റ് പോലും വേണ്ട…പുള്ളിക്ക് പൈസ കൊടുക്കണം ഓർത്തിട്ടു ആണെങ്കിൽ അത് ഞാൻ കൊടുത്തോളം….. “”

ദൈവമേ ഇവള് വിടുന്ന ലക്ഷണം ഇല്ലല്ലോ…വല്ല തട്ടിപ്പ് സ്വാമിമാരും പറയും പോലെ ജീവിക്കണ്ടി വരുമോ ഇനി ഉള്ള കാലം…എന്തായാലും പോയേക്കാം അല്ലങ്കിൽ കുറച്ചു ദിവസത്തേക്ക് രാത്രിയിൽ ഉറക്കം ഉണ്ടാവില്ല…ഞാൻ മനസമാധാനം ഓർത്തു പോകാൻ സമ്മതിച്ചു….

വൈകുന്നേരം ആയപ്പോൾ ഞങ്ങൾ സ്വാമിയേ കാണാൻ ഉള്ള യാത്ര തിരിച്ചു..രേഷ്മ വളരെ സന്തോഷവതി ആയി കാണപ്പെട്ടു….മക്കൾക്ക്‌ ഒരു ചെറിയ യാത്ര…വീട്ടിൽ ഇരുന്നാൽ പഠിക്കാൻ പറഞ്ഞു അവളു തുടങ്ങും…..

ഞങ്ങളവിടെ എത്തി  കുറെ നേരം കാത്തു ഇരുന്നതിന് ശേഷം ആണ് കാണാൻ കഴിഞ്ഞത്…ഒരു തവണ പുള്ളിയെ കാണുന്നതിന് ഉള്ള ഫീസ് കേട്ടപ്പോൾ എനിക്ക് ഉറപ്പായി തട്ടിപ്പ് ആണെന്ന്….2000 രൂപയെ,,,ഡോക്ടർമാർക്ക് പോലും കൊടുക്കണ്ട അത്രയും രൂപ…..

ഓരോരുത്തർ ആയി കണ്ടു കഴിഞ്ഞു ഇറങ്ങി പോകുന്നത് ഞാൻ കണ്ടു…പോകുന്നവരിൽ എല്ലാവരിലും സന്തോഷം മാത്രം…ഒരു കാര്യം കൂടി എനിക്ക് മനസിലായി സ്വാമിക്ക് നന്നായി സുഖിപ്പിച്ചു വർത്തമാനം പറയാനും അറിയാം, അതാണ് പോകുന്നവർക്കൊക്കെ ഈ സന്തോഷം…..

അങ്ങനെ അവസാനം ഞങ്ങളുടെ അവസരം എത്തി…ഭാര്യ ദൈവത്തെ കാണും പോലെ വീണു കിടന്നു ആണ് അങ്ങോട്ട്‌ ചെന്നത്….മക്കളും ഭാര്യയെ കണ്ടു അദ്ദേഹത്തെ വണങ്ങി…ഞാൻ വലിയ ബഹുമാനം ഒന്നും കൊടുത്തില്ല…..

അദ്ദേഹത്തിന്റെ അടുത്തു ഞങ്ങൾ ഇരുന്നു

“”എന്താണ് മക്കളെ അറിയേണ്ടത്….. “” അയാൾ വലിയ ഏതോ മന്ത്രികനെ പോലെ എന്തും അറിയിക്കും പോലെ ചോദിച്ചു…

എല്ലാ കാര്യങ്ങളും ഇയാൾക്ക് അറിയാമെങ്കിൽ പിന്നെ ഇവിടെ ശാസ്ത്രം വേണ്ടല്ലോ…ഞാൻ ഉള്ളിൽ ഓർത്തു

ഭാര്യ ഉടനെ പറഞ്ഞു “”ഞങ്ങൾക്ക് ഭാവി കാലം എങ്ങനെ എന്നു അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്  സ്വാമി…. “”

അദ്ദേഹം അപ്പോൾ തന്നെ പറഞ്ഞു

“”ഭാവി പ്രവചിക്കുക അസാധ്യം ആണ് മകളെ…അത് എനിക്ക് എന്നു അല്ല പരമ കാരുണ്യവാൻ ആയ ഈശ്വരന് പോലും സാധിക്കില്ല…നിങ്ങളുടെ പ്രവർത്തികൾ ആണ് നിങ്ങളുടെ ഭാവി…. “”

അദേഹത്തിന്റെ മറുപടിയിൽ ഉള്ള  സത്യം എനിക്ക് ഇഷ്ടപ്പെട്ടു…ഭാര്യക്കു എങ്കിൽ പിന്നെ ഞങ്ങൾ പൈസ കൊടുത്തു എന്തിനാ തന്നെ കാണുന്നത് എന്ന പോലെ ആയി മുഖത്തു …..

“”പിന്നെ എന്താണ് ഇവിടെ പ്രേത്യേകത ഉള്ളത്???? എല്ലാവരും ഭയങ്കരം ആയി ഇദ്ദേഹത്തെ പുകഴ്ത്തുന്നു… “” ഞാൻ പെട്ടെന്ന് ചോദിച്ചു പോയി

“”അറിയില്ല മകനെ, എനിക്ക് ഒരു കഴിവ് ഉണ്ട്…അത് മനസ്സിൽ നന്മ ഉള്ളവർക്ക് ഉപകാരപ്പെടും..അങ്ങനെ ഉള്ളവർക്ക് മാത്രം….””

അപ്പോൾ രേഷ്മയുടെ കാര്യം ഗോവിന്ദ…ഞാൻ ചിന്തിച്ചു. എൻ്റെ ചിന്ത മനസിലാക്കിയിട്ടു ആണോ ആവോ രേഷ്മ എന്നെ തുറിച്ചു നോക്കി….

സ്വാമി തുടർന്നു….

“”എൻ്റെ കരങ്ങളിൽ സ്പർശിച്ചാൽ നിങ്ങള്‍ക്ക് നിങ്ങളുടെ ഇതുവരെ ഉള്ള ജീവിതം കണ്ണുകൾ അടച്ചിരുന്നാൽ കാണാൻ കഴിയും…അത് വഴി തിരുത്താൻ പറ്റുന്ന തെറ്റുകൾ തിരുത്താനും…തെറ്റുകൾ തിരുത്തി പശ്ചാത്തപിക്കുന്നവരെ ഈശ്വരൻ ഒരിക്കലും കൈ വിടില്ല…ആദ്യം പറഞ്ഞത് പോലെ നിങ്ങളുടെ പ്രവർത്തികൾ തന്നെ നിങ്ങളുടെ ഭാവി…. “”

എനിക്ക് ആദ്യം അദ്ദേഹത്തോട് ഉണ്ടായിരുന്ന ഇഷ്ടം ഇല്ലാഴിമ ആകെ മാറി ബഹുമാനം ആയി…അത് ഞാൻ ചിന്തിച്ചപ്പോൾ തന്നെ രേഷ്മ കൈ നീട്ടി….

രേഷ്മ കൈ നീട്ടുന്നത് കണ്ടിട്ട് സ്വാമി തുടർന്നു…

“”നിങ്ങളിൽ ഒരാൾക്ക് മാത്രമേ ഇത് കാണാൻ കഴിയു….കാരണം നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണ് ഈശ്വര സന്നിധിയിൽ നിങ്ങൾ ഒരാൾ മാത്രമായി കണക്കാക്കുകയുള്ളു…അത്കൊണ്ട് ആലോചിച്ചു ഉറപ്പിച്ചു ഒരാൾ നീട്ടുക…. “”

രേഷ്മ എന്നെ നോക്കി, ഞാൻ പറഞ്ഞു “”ഇവളുടെ നോക്കിക്കോ സ്വാമിജി…. “”

മനസ്സിൽ ഓർത്തു ഇവളുടെ അത്രയും ദുഷ്ടത്തരങ്ങൾ എന്തായാലും ഞാൻ ചെയ്തിട്ടില്ല….

രേഷ്മ കൈ നീട്ടി…കണ്ണുകൾ അടച്ചു…പ്രാർത്ഥിക്കാൻ സ്വാമി ആവശ്യപ്പെട്ടു…അദേഹത്തിന്റെ കരങ്ങൾ അവളുടെ കൈകളിൽ സ്പർശിച്ചു…

ആദ്യം കണ്ണുകൾ അടച്ചു ഇരുന്നു രേഷ്മ ചിരിക്കുന്നത് ഞാൻ കണ്ടു…എനിക്ക് മനസിലായി അവളുടെ കുട്ടികാലം അവൾ വീണ്ടും കാണുക ആണെന്ന്…ഒരു അര മണിക്കൂറിനു അടുത്തു എത്തിയപ്പോൾ അവൾ കരയാൻ തുടങ്ങി…ചെറുതായി തുടങ്ങിയ അവളുടെ കരച്ചിൽ കൈകൾ പിന്നോട്ട് വലിച്ചു കൊണ്ടുള്ള പൊട്ടി കരച്ചിൽ ആയി മാറി…..

“”കണ്ടു മനുവേട്ടാ ഞാൻ എല്ലാം കണ്ടു…അങ്ങു ദൈവ തുല്യൻ ആണ് സ്വാമി…..”” പറഞ്ഞു അവൾ തൊഴുതു വണങ്ങി

സ്വാമിയോട് ഒരുപാട് നന്ദി പറഞ്ഞിട്ട് ആണ് അവൾ ഇറങ്ങിയത്…ഞാനും ജീവിതത്തിൽ കള്ളൻ അല്ലാത്ത ഒരു സ്വാമിയേ കണ്ട സന്തോഷത്തിൽ ആയിരുന്നു….

പുറത്ത് ഇറങ്ങി വണ്ടി എടുത്തിട്ടു ഞാൻ രേഷ്മയുടെ ഉള്ളു ഒന്ന് തണുക്കാൻ വേണ്ടി ഒരു ഷേക്ക്‌ പാർലറില് വണ്ടി നിർത്തി. നമുക്കു ഓരോ ഐസ് ക്രീം കഴിക്കാം….

“”വേണ്ട മനുവേട്ടാ….””

“”അതൊന്നും പറഞ്ഞാൽ പറ്റില്ല..ഞാൻ പോയി ഐസ് ക്രീം മേടിച്ചോണ്ടു വരാം. നീ കഴിക്കു നിന്റെ ഉള്ളൊന്നു തണുക്കട്ടെ…. “”

ഞാൻ ഐസ് ക്രീം ആയി വരുമ്പോൾ അവൾ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നു…മനുവേട്ടൻ കയറി ഇരുന്നോ..ഞാൻ ഓടിക്കാം കുറെ നേരം…..

അവൾ വണ്ടി ഓടിച്ചു വളരെ ശ്രദ്ധിച്ചു…വണ്ടി ഞങ്ങളുടെ വീടും കഴിഞ്ഞു മുന്നേറി പോയപ്പോൾ ആണ് എനിക്ക് മനസിലായത് ആ വണ്ടി പോയി നിൽക്കാൻ പോകുന്നത് കഴിഞ്ഞ ദിവസം അവൾക്കു നോക്കാൻ വയ്യെന്നും പറഞ്ഞു ഞങ്ങൾ  ശരണാലയത്തിൽ കൊണ്ടേ വിട്ട അമ്മയുടെ അടുത്തേക്ക് ആണെന്ന്….

ഞാൻ മനസ്സിൽ നന്മയുള്ള ആ സ്വാമിക്ക് ഒരുപാട് നന്ദി പറഞ്ഞു….

*******ശുഭം******

ഇതൊരു കഥ മാത്രം ആണ്, ഇങ്ങനെ ഉള്ള സ്വാമിമാർ ഇപ്പോൾ ഉണ്ടോ എന്നുള്ള ചോദ്യം ആരും ഉന്നയിക്കില്ല വിശ്വസിക്കുന്നു…..

സ്വാമി എന്നൊരു കഥാപാത്രം ഉണ്ടാക്കിയെന്നു മാത്രം ശരിക്കും സ്വാമിയായി നമ്മുടെ തന്നെ മനസാക്ഷിയെ ആണ് കാണിച്ചത്….മനസാക്ഷിയോട് തുറന്നു സംസാരിച്ചാൽ തന്നെ നമുക്കു കുറെ അധികം തെറ്റുകളിൽ നിന്നും രക്ഷ നേടാൻ ആകും…വന്ന വഴി മറക്കാതെ മനസാക്ഷി ഉള്ള നന്മ മരങ്ങളായി മാറട്ടെ ഓരോ ജീവിതവും….

A  Story by അരുൺ നായർ

അഭിപ്രായം അറിയിക്കണേ സൗഹൃദങ്ങളെ….