നിതയുടെ ആ കുറിപ്പ് വായിച്ചു കഴിഞ്ഞതും അവന്റെ കണ്ണിൽ നിന്നും കണ്ണീർത്തുളളികൾ അടർന്നു വീഴാൻ തുടങ്ങി…

പ്ലാൻ-ബി ഒളിച്ചോട്ടം

Story written by Praveen Chandran

==============

“വിജീഷ് ഇനി എന്നെ അന്വേഷിക്കരുത്. ഞാൻ പോകുകയാണ് എനിക്കിഷ്ടപ്പെട്ടയാളുടെ കൂടെ..സോറി…” 

നിതയുടെ ആ കുറിപ്പ് വായിച്ചു കഴിഞ്ഞതും അവന്റെ കണ്ണിൽ നിന്നും കണ്ണീർത്തുളളികൾ അടർന്നു വീഴാൻ തുടങ്ങി….

അവരുടെ കല്ല്യാണം ഇന്നലെ കഴിഞ്ഞതേയുളളൂ..

“എന്താ മോനേ..നീ ഇവിടെ ഇരിക്കുന്നത് നിതയെവിടെ? “

അമ്മയുടെ ആ ചോദ്യം കേട്ട് അവൻ കയ്യിലുണ്ടായിരുന്ന കുറിപ്പ് അവർക്ക് കൈമാറി..

അവരത് വായിച്ചിട്ട് അവനെയൊന്നു നോക്കി..തലകുമ്പിട്ടിരിക്കുകയായിരുന്നു അവൻ…

തന്റെ വിഷമത്തിനേക്കാൾ മകന്റെ വിഷമത്തിനാണവിടെ പ്രാധാന്ന്യമെന്ന് മനസ്സിലാക്കിയത് കൊണ്ടാവാം അവർ പതിയെ അവനനടുത്ത് വന്നിരുന്നത്..അവന്റെ തലമുടിയിൽ തഴുകിക്കൊണ്ട് അവർ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“പോട്ടെ മോനേ..അവൾക്ക് എന്റെ മോനെ വിധിച്ചിട്ടില്ല..എല്ലാം ഞങ്ങളുടെ തെറ്റാ..മോൻ ഞങ്ങളോട് ക്ഷമിക്കണം”

അവൻ പതിയെ തലയുയർത്തി അവരെ നോക്കി…

“എന്തിനായിരുന്നു അമ്മേ ഇത്..നിങ്ങൾക്കൊക്കെ വേണ്ടി എന്റെ ഇഷ്ടം പോലും മാറ്റിവച്ചല്ലേ ഞാനീ കല്ല്യാണത്തിനു സമ്മതിച്ചത്…എന്റെ ജീവിതം നശിച്ചില്ലേ..”

അവൻ വിങ്ങി വിങ്ങി കരയാൻ തുടങ്ങി..

അവർക്ക് പാശ്ചാത്താപം തോന്നി..കാരണം അവൻ മറ്റൊരു പെൺകുട്ടിയുമായി ഗാഢമായ പ്രണയത്തിലായിരുന്നു..സാമ്പത്തികമായി തങ്ങളുടെയൊപ്പം നിൽക്കാത്തതു കാരണമാണ് അവർ ആ ബന്ധത്തെ എതിർത്തത്…

മാതാപിതാക്കൾ തൂങ്ങിമ രിക്കുമെന്നു പറഞ്ഞതിനാലാണ് അവൻ ആ ബന്ധത്തിൽ നിന്നും പിന്മാറിയതും മറ്റൊരു കല്ല്യാണത്തിന് സമ്മതിച്ചതും..

“ശ്ശെ ആകെ നാണക്കേടായിപ്പോയി…അവന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ല ഇപ്പോ”

അവർ ഭർത്താവിനോടായി പറഞ്ഞു..

“ഹും..നിനക്കല്ലേ ധൃതി ആയിരുന്നത്..അനുഭവിച്ചോ..ഇതിനും ഭേദം അവന്റെ ഇഷ്ടം അങ്ങട് നടത്തിക്കൊടുത്താ മതിയായിരുന്നു..”

“നിങ്ങളൊന്ന് അങ്ങോട്ട് ചെല്ല് മനുഷ്യാ..അവനാകെ വിഷമത്തിലാ..പോയി ഒന്ന് ആശ്വസിപ്പിക്ക്”

“എന്തു പറഞ്ഞാ അവനെ ആശ്വസിപ്പിക്കേണ്ടത്..അവനിഷ്ട്ടപ്പെട്ട പെണ്ണിനെ കെട്ടിച്ച് കൊടുക്കാമെന്ന് പറഞ്ഞിട്ടോ?”

ആ ഒരു ആശയം ഈ സമയത്ത് ഫലവത്താകുമെന്നത് അവർക്ക് ഉണർവ്വ് നൽകി…

“എന്നാ പിന്നെ അങ്ങനെത്തന്നെ നടക്കട്ടേ അല്ലേ..ഇനി അതേ ഉളളൂ ഒരു പോം വഴി”..

ആദ്യം അവൻ സമ്മതിച്ചില്ലെങ്കിലും പിന്നീട് അവരുടെ തൽപ്പര്യത്തിന് അവൻ സമ്മതം മൂളുകയായിരുന്നു..

അങ്ങനെ അവരിരുവരും ആഗ്രഹിച്ചപോലെ ത്തന്നെ അവരുടെ വിവാഹം കഴിഞ്ഞു..

അന്ന് രാത്രി വിജീഷിന് ഒരു ഫോൺ കോൾ വന്നു..

“ഹലോ വിജീഷ്..ഇത് ഞാനാ നിത…വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ്..കല്ല്യാണമൊക്കെ അടിപൊളിയായി നടന്നില്ലേ?”

ഒരു നിമിഷം അവരുടെ പെണ്ണുകാണൽ ചടങ്ങിലേക്ക് അവന്റെ ചിന്ത വഴിമാറി..

“അവർക്കെന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിച്ചോട്ടെ” അങ്കിളിന്റെ ആ ചോദ്യം കേട്ടതും അവൻ അവളുടെ അരികിലേക്ക് ചെന്നു….

“വിരോധമില്ലെങ്കിൽ നമുക്കാ ഗാർഡനിലേക്ക് പോകാം” നിതയാണ് അത് പറഞ്ഞത്..

“ഓ യെസ്…” അവൻ പറഞ്ഞു…

അവർ ഗാർഡന്റെ ഏറ്റവും അറ്റത്തെത്തി..ആ സംസാരം വേറെയാരും കേൾക്കരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു..

പക്ഷെ ഇരു വീട്ടുകാർക്കും അതത്ര പിടിച്ചിട്ടില്ലായിരുന്നു..

“നോക്കൂ മിസ്റ്റർ..എനിക്ക് ഈ കല്ല്യാണത്തിന് താൽപ്പരൃമില്ല..ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്..വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഈ പെണ്ണുകാണൽ..അവർ ഞങ്ങളുടെ ബന്ധത്തിനെതിരാണ്..അഥവാ ഈ കല്ല്യാണം ഉറപ്പിക്കുകയാണെങ്കിൽ തലേദിവസം അല്ലെങ്കിൽ പിറ്റെ ദിവസമായാലും ഞങ്ങൾ ഒളിച്ചോടിയിരി ക്കും…”

അവൻ അന്തം വിട്ട് അവളെത്തന്നെ നോക്കി..

“പിന്നെ തന്നോട് ഇത് പറഞ്ഞതെന്താന്നു വച്ചാ തന്നെ കണ്ടപ്പോ ഒരു പാവമാണെന്ന് തോന്നി..നിങ്ങൾക്കും ഉണ്ടാവില്ലെ സ്വപ്നങ്ങൾ”

അപ്പോഴായിരുന്നു അവന്റെ ശ്വാസം നേരെ വീണത്.. “വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്” എന്നപോലെ തോന്നി അവന്..പെട്ടെന്ന് തെളിഞ്ഞ ഒരു ബുദ്ധിയിൽ അവൻ ഒരു ആശയം മുന്നോട്ട് വച്ചു..

“ശരിക്കും പറഞ്ഞാ എനിക്കും ഈ വിവാഹത്തിൽ താൽപ്പര്യമില്ലായിരുന്നു..ഞാനും ഒരു പ്രണയത്തിൽ അകപ്പെട്ടിരിക്കുകയാണ്..വീട്ടുകാരുടെ ഭീഷണിയാണ് എന്നെ ഇവിടെ എത്തിച്ചത്..അതെന്തായാലും നന്നായി ഞാനൊരു കാര്യം പറയട്ടെ?”

പറഞ്ഞോളൂ എന്ന ഭാവത്തിൽ അവളവനെ ആകാംക്ഷയോടെ നോക്കി

“താനെന്തായാലും ഒളിച്ചോടാൻ തീരുമാനിച്ചു..എനിക്കാണെങ്കിൽ അതിനു കഴിയുകയുമില്ല..എന്നാൽ നമ്മുടെ വിവാഹം കഴിഞ്ഞതിനുശേഷം താനൊളിച്ചോടുകയാണെങ്കിൽ എന്റെ പ്രേമവും പൂവണിയും തന്റെ പ്രേമവും പൂവണിയും…”

അവൾ അതിശയത്തോടെ അവന്റെ മുഖത്ത് നോക്കി..

“അതെങ്ങനെ?” അവൾ ചോദിച്ചു

“കല്ല്യാണത്തിന് ശേഷം തനിക്ക് ഒളിച്ചോടാനും താമസിക്കാനുമുളള  സൗകര്യം ഞാൻ തന്നെ ഒരുക്കിത്തരാം..താൻ പോയതിനുശേഷം ദു:ഖിച്ചിരിക്കുന്ന എനിക്ക് സ്വാഭാവികമായും എന്റെ പ്രണയിനിയെ കെട്ടിക്കോളാനുളള ഓഫർ വീട്ടുകാർ തരും. അഥവാ തന്നില്ലെങ്കിൽ വിഷമത്തിന്റെ കാഠിന്യം കൂട്ടി അവരെക്കൊണ്ട് ഞാൻ അതിന് സമ്മതിപ്പിക്കും..പിന്നീട് തന്റെ വീട്ടിൽ വന്ന് എനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും നിങ്ങളെ രണ്ടുപേരേയും തിരിച്ചുവിളിക്കാൻ ഞാൻ ആവശ്യപ്പെടുകയും ചെയ്യും..എന്തു പറയുന്നു?”

അവൾ അവന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു..

“ഹോ..അപാരം…പ്ലാൻ ബി അല്ലേ? തന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു..ഡൺ”

അകലെ നിന്നും അവർതമ്മിൽ കൈ കൊടുക്കുന്നത് കണ്ട് ഇതൊന്നുമറിയാതെ വീട്ടുകാർ വളരെ സന്തോഷത്തോടെ കല്ല്യാണം ഉറപ്പിക്കുകയായിരുന്നു…

അങ്ങനെ ആദൃമായിട്ട് ഭാര്യ ഒളിച്ചോടിയതിൽ സന്തോഷിക്കുന്ന ഭർത്താവായി അവൻ മാറുകയായിരുന്നു…

“തങ്ക്സ് നിത..ഗുഡ്നൈറ്റ്” അവൻ ഫോൺ കട്ട് ചെയതു.. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു..

ചിലകാര്യങ്ങൾ കുറുക്കുവഴിയിലൂടെയേ നടക്കൂ..

~പ്രവീൺ ചന്ദ്രൻ