മാഷിനറിയാം അബുഹാജി ഒരു കാര്യത്തിന് ഇറങ്ങിയാൽ ഇലക്കും മുള്ളിനും കേടില്ലാതെ അവസാനിപ്പിക്കും എന്ന്…

Mee to…

Story written by Abdulla Melethil

==============

മാഷ് ഉമ്മറത്തെ ചാരു കസേരയിൽ കണ്ണടച്ചു കിടന്നു. ഭാര്യയും രണ്ട് ആൺ മക്കളും ചുറ്റുപുറവും ഇരിക്കുന്നുണ്ട്. പേരകുട്ടികൾ ഉമ്മറത്ത് കളിക്കുന്നു. മക്കളുടെ ഭാര്യമാർ ഉമ്മറത്തേക്ക് വന്നില്ലെങ്കിലും അകത്ത് നിന്നാലും അവരുടെയും ശ്രദ്ധയും ഉമ്മറത്തേക്ക് തന്നെയായിരുന്നു..

മാഷിന്റെ മൂത്ത മകനും ഒരു അമ്പത് വയസ്സ് ഉണ്ടാകും അയാളുടെ താടിയും മുടിയും വെഞ്ചാമരം പോലെ നരച്ചു വെളുത്ത് മഷിനെക്കാളും വയസ്സായി കാണപ്പെട്ടു…

“ആർക്ക് വേണേലും ആരെയും എന്തും പറയാം എന്നുള്ള ഒരു കലികാലമാണ്. ഇതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല.” മാഷിന്റെ ഭാര്യയാണ് ആ കൂട്ടായ്മയിൽ ആദ്യമായി ശബ്ദം ഉയർത്തിയത്. മൂത്തമകൻ അമ്മയെ ഒന്ന് നോക്കി.

“നിങ്ങളുടെ കൂട്ടുകാരൻ തന്നെ ആണല്ലോ വേണുഗോപാലൻ വക്കീൽ. ഒരു കേസ് അങ്ങോട്ട് കൊടുക്കണം അപ്പോൾ പടിച്ചോളും…” മാഷിന്റെ ഭാര്യവീണ്ടും അങ്ങനെ പറഞ്ഞു അകത്തേക്ക് നടന്നു. ഉമ്മറത്തേക്ക് ചെവിയും കൂർപ്പിച്ചു നിന്ന മരുമക്കൾ അമ്മായിമ്മയുടെ വരവ് കണ്ട് അകത്തേക്ക് നടന്നു..

മാഷ് അങ്ങനെ തന്നെ കസേരയിൽ കിടന്നു. പിന്നീട് ആരും ഒന്നും മിണ്ടിയില്ല. മൂത്തമകൻ അകത്തേക്ക് പോയി രണ്ടാമൻ കാറുമെടുത്ത് പുറത്തേക്കും പോയി…

മാഷ് പതിയെ കസേരയിൽ നിന്നെണീറ്റു. മാഷിന്റെ ഉറ്റ സുഹൃത്ത് അബു ഹാജി അപ്പോഴാണ് അങ്ങോട്ട് കയറി വന്നത്. മാഷിന്റെ വീട്ടിലേക്ക് കയറും മുമ്പ് വായിലെ മുറുക്കാൻ പുറത്ത് കളഞ്ഞു വായ വൃത്തിയാക്കിയാണ് ഉമ്മറത്തേക്ക് കയറിയത്..

അബു ഹാജിയെ കണ്ടപ്പോഴാണ് മാഷിന്റെ കണ്ണിൽ ഒരു തിളക്കവും ഉണർവ്വും ഉണ്ടായത്. അബുഹാജി അരയിൽ നിന്നും വെത്തിലയും പുകലയും എടുത്ത് വെച്ചു അടുത്ത മുറുക്കിനുള്ള വട്ടം കൂട്ടി..

“പെരേൽ അൽകുട്ടീടെ ചെക്കന്റെ കൈയ്യിലും ഉണ്ട് തോണ്ടുന്ന മൊബൈൽ ഫോൺ. ഇപ്പൊ അതാണല്ലോ എല്ലാ നാശത്തിനും എല്ലാരുടെയും കൈയ്യിലും….” വെത്തിലയുടെ ഞരമ്പുകൾ എടുത്ത് കളയുമ്പോൾ അബുഹാജി പറഞ്ഞു..

“അതിലിപ്പോ ആർക്കും എന്ത് വേണേലും എഴുതാല്ലോ അതിന് ഇജ്ജി അങ്ങാടിയിൽ ഒന്നും വരാതെ വീട്ടിൽ ഇരുന്നിട്ടെന്താണ്…” അബുഹാജി മുറുക്കാൻ വായിലേക്ക് ഇട്ട് പതിയെ ചവക്കാൻ തുടങ്ങി

അബുഹാജി മുറുക്കാൻ വായിൽ ഒരു മൂലയിൽ ഒതുക്കി വെച്ചു മാഷിന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു..

“നമുക്ക് ഓളുടെ വീട് വരെ ഒന്ന് പോകാം.”

മാഷിനറിയാം അബുഹാജി ഒരു കാര്യത്തിന് ഇറങ്ങിയാൽ ഇലക്കും മുള്ളിനും കേടില്ലാതെ അവസാനിപ്പിക്കും എന്ന്…

മാഷും അബുഹാജിയും വീട്ടിൽ നിന്നിറങ്ങി..

“അബോ…” മാഷ് ആദ്യമായി നാവനക്കി..

“മാലതി ഒരു മാസം ഹോസ്പിറ്റലിൽ കിടന്നപ്പോൾ വീട്ടിലേക്ക് അടിക്കാനും തുടക്കാനും വന്നത് രാധയുടെ മകളായിരുന്നു. ആ പെണ്ണ് തന്നെയാണ് തട്ടിയും മുട്ടിയും ഉരസിയും എന്നെ പ്രലോഭിപ്പിച്ചത്. അല്ലാതെ ഞാൻ അതിക്രമം ചെയ്തിട്ടില്ല അബോ..”

അബു ഹാജി ഒന്ന് നീട്ടി മൂളി…മുറുക്കാൻ ഒന്ന് തുപ്പി..

“നല്ലോണം പൈസയും കൊടുത്തിരുന്നു..എന്റെകൈയ്യിൽ കിടന്ന മോതിരം പോലും ഉന്മാദവസ്ഥയിലേ ര തിമൂ ർച്ഛ യിൽ ഒരിക്കൽ അവൾ കൈക്കലാക്കിയിരുന്നു. അവളിപ്പോൾ എനിക്കെതിരെ എഴുതാൻ ഉപയോഗിച്ച ഫോൺ പോലും ഞാനാണ് വാങ്ങി കൊടുത്തത്…” മാഷിന്റെ ശബ്ദം ഇടറി..

അബു ഹാജി മാഷിന്റെ തോളിൽ പതിയെ തട്ടി, “സാരമില്ല നമുക്ക് എല്ലാം ശരിയാക്കാം..”

അവിടേക്ക് രാധയാണ് വരാറുള്ളത്‌ അവളുടെ കൈയ്യിൽ ഫോൺ ഇല്ലാത്തത് കൊണ്ട് ഒന്നും എഴുതില്ലായിരിക്കാം..അബുഹാജി മാഷിനെ സമാധാനിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു..പണവും തേങ്ങയും അരിയും എല്ലാം വാങ്ങി സ്വന്തം ഇഷ്ടപ്രകാരം മടിക്കുത്ത് അഴിച്ചു തന്നവൾമാർ ഒരേനത്തിന് അതൊക്കെ വിളിച്ചു പറയാൻ തുടങ്ങിയാൽ മനുഷ്യമ്മാർ പിന്നെന്ത് ചെയ്യാനാണ് പറയുന്നവൾ ആണോ പറയാത്തവൾ ആണോ എന്നറിയാൻ ചക്ക ഒന്നുമല്ലല്ലോ ചൂഴ്ന്നു നോക്കാൻ..

അവരപ്പോഴേക്കും രാധയുടെ വീടിന്റെ മുറ്റത്ത് എത്തിയിരുന്നു. പുത്തൻ വീട്ടിലെ മാഷിനെയും പുതുക്കാട്ടിൽ അബുഹാജിയെയും തന്റെ കൂരക്ക് മുന്നിൽ കണ്ടപ്പോൾ രാധ തൊഴു കൈയ്യോടെ നിന്നു രണ്ട് പേരും അവൾക്ക് ബഹുമാനവും ആദരവും ഉള്ളവരായിരുന്നു..

“നിന്റെ മോള് ഇവിടില്ലേ….” അബു ഹാജിയാണ് ചോദിച്ചത്.

അപ്പോഴേക്കും രാധ മുറ്റത്തേക്ക് ഉള്ളതിൽ നല്ല രണ്ട് കസേരകൾ അവർക്ക് ഇരിക്കാൻ കൊടുത്തിരുന്നു..

“മ്മടെ തോട്ടത്തിൽ പണി എടുക്കുന്ന മനോജിനെ നീ കണ്ടിട്ടുണ്ടോ…” ഹാജിയാർ രാധയോട് ചോദിച്ചു.

മകൾ തൊട്ട് അടുത്ത് നിന്നിരുന്നെങ്കിലും ഹാജിയാര് രാധയുടെ മുഖത്ത് നോക്കിയാണ് ചോദിച്ചത്..രാധ കണ്ടിട്ടുണ്ടെന്ന്മൂളി..

“മകളെ നമുക്ക് അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ…”

“നീ കണ്ടിട്ടുണ്ടോടി…” ഹാജിയാര് അവളോടും കൂടിയായി ചോദിച്ചു…

“ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഇഷ്ടമല്ല..” അവൾ തുറന്ന് പറഞ്ഞു..

ഹാജിയാര് ഒന്ന് മൂളി..ഹാജിയാര് രാധയോട് കുറച്ചു വെള്ളം കൊണ്ട് വരാൻ പറഞ്ഞു..എന്നിട്ട് മകളെയും കൊണ്ട് കുറച്ചു മാറി നിന്ന് സംസാരിച്ചു…

ഹാജ്യാരുടെ കണ്ണുരുട്ടലിൽ അവൾ ഉള്ള കാര്യം പറഞ്ഞു..ഞാൻ ഒരു കഥ എഴുതിയതാണ് മാഷിന്റെ പേരൊന്നും എഴുതിയിട്ടില്ല. ആളുകൾ വെറുതെ തെറ്റിദ്ധരിച്ചതാണ്. ഇപ്പോൾ അങ്ങനെ ഒരെഴുത്തുണ്ട്, നമ്മളെ ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ തുറന്നെഴുതുന്നത്..

“നീ കഥ ആണ് എഴുതിയതെങ്കിലും ചോറ് തിന്നുന്നവർക്ക് അത് മാഷ് ആണെന്ന് മനസ്സിലായിട്ടുണ്ട്. പൈസ എണ്ണി വാങ്ങിയിട്ട് മലർന്ന് കിടന്ന് കൊടുത്തതാണൊടി ഉപദ്രവം…” ഹാജ്യാരുടെ മുറുക്കാൻ പുറത്തേക്ക് തെറിച്ചു. അവൾ പേടിച്ചു പോയി..

“ആ ഫോൺ പോലും ആ മനുഷ്യന്റെ പൈസയല്ലേ…” അവൾ തലതാഴ്ത്തി നിന്നു.

ഹാജിയാര് അവളുടെ കൈ പിടിച്ചു.

“ഈമോതിരം അയാളുടെ അല്ലെ…”

അപ്പോഴും അവളൊന്നും മിണ്ടിയില്ല..

“സൗകര്യം കിട്ടുമ്പോൾ നിന്റെ അമ്മയോട് ചോദിച്ചു നോക്ക് ഹാജ്യാരുടെ മുറുക്കാന്റെ രുചി…” അവൾ അപ്പോഴേക്കും പൊട്ടി കരഞ്ഞു..

ഹാജിയാര് അരയിൽ നിന്നും പതിനായിരത്തിന്റെ ഒരു കെട്ട് എടുത്ത് അവളുടെ കൈയ്യിൽ വെച്ചു..

“നീ എന്ത് എഴുതിയാലും ശരി മാഷിന് ഒരു പ്രശ്നം ഉണ്ടാകരുത്. എഴുതിയത് കളയുകയോ പുതിയത് എഴുതുകയോ എന്താണെന്ന് വെച്ചാലും മാഷിന് ഒരു അഭിമാനക്ഷതം ഉണ്ടാകരുത്….” അവൾ ഉണ്ടാകില്ലെന്ന് തലയാട്ടി..

മാഷും ഹാജിയാരും സമാധാനത്തോടെ രാധയുടെ വീട്ടിൽ നിന്നും പോയി…

പിറ്റേന്ന് ഫേസ് ബുക്ക് ഉള്ളവരൊക്കെ പുതിയൊരു കഥയാണ് കേട്ടത്….

മാഷിനെ കുറിച്ച് മീറ്റൂ എഴുതിയതിന് നാട്ടിലെ പ്രമാണിയായ അബുഹാജി തന്നെയും അമ്മയെയും ഭീഷണി പെടുത്തിയ കഥ. ചാനലുകളും ഓണ്ലൈൻ മീഡിയകളും രാധയുടെ മകളുടെ mee to കൊണ്ട് നിറഞ്ഞു..

ഇപ്പോൾ അബുഹാജിയാണ് ചാരു കസേരയിൽ കണ്ണടച്ചു കിടക്കുന്നത്. മക്കളും ഭാര്യയും ചുറ്റു പുറവും നിൽക്കുന്നുണ്ട്. മരുമക്കൾ ചെവിയും കൂർപ്പിച്ചു വീടിന് അകത്തും..

അബുഹാജിയുടെ ഭാര്യ മാഷിന്റെ ഭാര്യയെ പോലെ വക്കീലിനെ വിളിക്കാനല്ല പറഞ്ഞത്. നാണമുണ്ടോ മനുഷ്യാ പേരകുട്ടിയുടെ പ്രായമുള്ള ഒരു പെണ്ണുമായിട്ട് എന്നും പറഞ്ഞു മുറ്റത്തേക്ക് ഒരു കാറി തുപ്പായിരുന്നു..

മരുമക്കൾ ആ തുപ്പലിന്റെ ഊക്കിൽ വീടിന് ഉള്ളിലേക്ക് ഒളിച്ചു മക്കളും എവിടെയൊക്കെയോ മറഞ്ഞു..

അബുഹാജി തൊട്ട് അടുത്തിരിക്കുന്ന മുറുക്കാൻ ഒന്നെടുക്കാൻ കൂടെ കഴിയാതെ ആ കസേരയിൽ തന്നെ തൊണ്ട വരണ്ടു കിടന്നു..

~സ്നേഹത്തോടെ abdulla melethil