കോടതിയിൽ നിന്ന് പുറത്തിറങ്ങിയ തൻ്റെയെടുത്തേയ്ക്കയാൾ വീണ്ടും വന്നു, വയസ്സാകുമ്പോൾ തന്നെ പരിചരിക്കാൻ…

Story written by Saji Thaiparambu

================

ഇളയ മകൻ കൂടി തറവാട്ടിൽ നിന്നും ടൗണിലേക്ക് വീട് വച്ച് മാറിയപ്പോഴാണ് ലക്ഷ്മിക്ക് ഒറ്റപ്പെടലിൻ്റെ വേദന മനസ്സിലായി തുടങ്ങിയത്.

രണ്ടാണും ഒരു പെണ്ണുമായി മൂന്ന് മക്കളായിരുന്നു അവർക്ക് മകളെ വിവാഹം കഴിച്ച് അയച്ചെങ്കിലും തൻ്റെ രണ്ട് ആൺമക്കൾ തറവാട്ടിൽ എന്നുമുണ്ടാവുമെന്നായിരുന്നു അവരുടെ വിശ്വാസം.

ഒരു ദിവസം ഇളയമകൻ തനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നും എത്രയും വേഗം അവളെ വിവാഹം കഴിക്കണമെന്നും നിർബന്ധം പിടിച്ചപ്പോഴാണ് ലക്ഷ്മി മൂത്തമകൻ്റെയും കൂടി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്.

വലിയ തറവാടായിരുന്നത് കൊണ്ട് രണ്ട് മക്കൾക്കും ഭാര്യമാർക്കും അവിടെ ഒരുമിച്ച് താമസിക്കാൻ അസൗകര്യങ്ങളൊന്നുമുണ്ടാവില്ലന്നായിരുന്നു ലക്ഷ്മിയുടെ കണക്ക് കൂട്ടൽ.

പക്ഷേ, പുതു മോടി കഴിഞ്ഞതോടെ നിറയെ പൊന്നും പണവുമായി കയറി വന്ന അവരുടെ മൂത്ത മരുമകൾക്ക് വെറുംകൈയ്യോടെ വലിഞ്ഞ് കയറി വന്ന തൻ്റെ അനുജൻ്റെ ഭാര്യയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞില്ല

അവർ തമ്മിലുള്ള ഉരസലുകൾക്ക് വീര്യം കൂടിയപ്പോൾ സഹോദരങ്ങൾ തമ്മിൽ ശത്രുക്കളാകരുതെന്ന് കരുതിയാണ് തറവാട് സ്ഥിതി ചെയ്യുന്ന മുപ്പത് സെൻ്റ്, മൂന്നായി ഭാഗിച്ചിട്ട് അതിലൊരു ഭാഗത്ത് വീട് വച്ച് മൂത്ത മകനെയും മരുമകളെയും ലക്ഷ്മി മാറ്റിത്താമസിപ്പിച്ചത്.

അപ്പോഴും, തൻ്റെ ഇടതും വലതുമായി രണ്ട് മക്കളുമുണ്ടല്ലോ എന്നതായിരുന്നു അവരുടെ ആശ്വാസം.

പക്ഷേ, ആ ആശ്വാസം അധികനാൾ നീണ്ട് നിന്നില്ല. നഗരത്തിൽ ജനിച്ച് വളർന്ന അവരുടെ മൂത്ത മരുമകൾക്ക് ആ ഗ്രാമാന്തരീക്ഷത്തിൽ വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അതിൻ്റെ അസ്വസ്ഥത തൻ്റെ ഭർത്താവിനോടവൾ പലയാവർത്തി പ്രകടിപ്പിച്ചപ്പോഴാണ് തറവാട്ടിൽ അമ്മയ്ക്ക് കൂട്ടായി അനുജനുണ്ടല്ലോ എന്ന ന്യായം പറഞ്ഞ് ഭാര്യയുടെ പേരിൽ അവളുടെ അച്ഛൻ വാങ്ങിക്കൊടുത്ത ഫ്ളാറ്റിലേക്ക് മൂത്ത മകനും മരുമകളും കൂടി മാറുന്നത്.

പോയവരൊക്കെ പോകട്ടമ്മേ..അമ്മയെന്തിനാ വിഷമിക്കുന്നത്? ഈ തറവാട്ടിൽ അമ്മയോടൊപ്പം ഞാനും എൻ്റെ കുടുംബവും എപ്പോഴുമുണ്ടാവില്ലേ?

തൻ്റെ സങ്കടം ഇളയ മകന് മനസ്സിലായതും അവൻ തന്നെ വിട്ട് പോകില്ലെന്ന് ഉറപ്പ് പറഞ്ഞതും ലക്ഷ്മിയെ സന്തോഷിപ്പിച്ചു

പക്ഷേ കുറച്ച് നാളുകൾക്ക് ശേഷം ഇളയ മരുമകൾക്ക് സെക്രട്ടറിയേറ്റിൽ ജോലികിട്ടിയപ്പോൾ ഇളയ മകൻ അമ്മയെ സമീപിച്ചു

അമ്മേ,.ലതികയ്ക്ക് ഇവിടുന്ന് ദിവസവും പോയി വരാൻ കഴിയില്ലല്ലോ ?അപ്പോൾ തത്കാലം അവളവിടെയൊരു വാടക വീടെടുത്ത് താമസിക്കാമെന്നാണ് പറയുന്നത്. നാലഞ്ച് വർഷം കഴിയുമ്പോൾ നമ്മുടെ നാട്ടിൽ ഏതെങ്കിലുമൊരു ഓഫീസിലേക്ക് ട്രാൻസ്ഫർ കിട്ടുമത്രേ, അപ്പോൾ തറവാട്ടിലേക്ക് തിരിച്ച് വരാമല്ലോ?

അത് കേട്ടപ്പോൾ ലക്ഷ്മിക്കും അതാണ് നല്ലതെന്ന് തോന്നി.

അവള് പറഞ്ഞതാണ് മോനെ കാര്യം. തറവാട് തത്കാലം പൂട്ടിയിടാം, മാസത്തിലൊരിക്കൽ വന്ന് അടിച്ച് വാരിയിട്ടാൽ മതിയല്ലോ? പിന്നെ, പൈക്കളെ ഗോപാലൻ മാമന് കൊടുത്തേയ്ക്കാം, തിരുവനന്തപുരം പട്ടണം ഞാനിത് വരെ ശരിക്കൊന്ന് കണ്ടിട്ടില്ല. ഇനി മുതൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇടയ്ക്കിടെ പോയി തൊഴാമല്ലോ ?

ലക്ഷ്മിയുടെ മുഖത്ത് ആഹ്ളാദം അലതല്ലി.

അല്ലമ്മേ…അവള് പറഞ്ഞത് ഞാനും അവളും മോളും മാത്രമായിട്ട് അങ്ങോട്ടേക്ക് പോകുന്ന കാര്യമാണ്, തിരുവനന്തപുരം സിറ്റിയിലൊക്കെ ഒരു വീട് വാടകയ്ക്ക് കിട്ടുന്ന കാര്യം തന്നെ സംശയമാണ്. അഥവാ കിട്ടിയാൽ തന്നെ ഒറ്റ മുറിയുള്ള കുഞ്ഞ് വീടായിരിക്കും. അവിടെയെങ്ങനാണ് അമ്മയെ കൂടി കൊണ്ട് പോകുന്നത്, തത്ക്കാലം അമ്മ ഇവിടെ തന്നെ നില്ക്ക്, എന്തെങ്കിലും ആവശ്യം വന്നാൽ, ഏട്ടൻ പത്ത് കിലോമീറ്റർ അടുത്തുണ്ടല്ലോ ? ഒന്ന് ഫോൺ ചെയ്താൽ പോരെ ?.ആഹ് ഞാൻ പോയി കിടക്കട്ടെ, ഞങ്ങൾക്ക് വെളുപ്പിനത്തെ ട്രെയിനിന് പോകാനുള്ളതാണ്…

മകൻ തിരിച്ച് പോയപ്പോൾ ലക്ഷ്മി സ്തബ്ധയായി നിന്ന് പോയി.

പിറ്റേന്ന് മകനും കുടുംബവും യാത്ര പറഞ്ഞ് പോകുമ്പോഴും അവരുടെ മനസ്സ് ശൂന്യമായിരുന്നു.

അല്പം കഴിഞ്ഞ് സ്ഥലകാലബോധം വീണപ്പോഴാണ് അവർ തൻ്റെ പഴയ കാല ഓർമ്മകളിലേക്ക് ചേക്കേറിയത്, ഒരു നിമിഷം അവരുടെ മനസ്സിലേക്ക് തൻ്റെ ഭർത്താവിൻ്റെ ദൈന്യതയാർന്ന മുഖം തെളിഞ്ഞ് വന്നു.

കുട്ടികൾ മൂന്ന് പേരുടെയും സ്കൂൾ പഠനകാലത്താണ് അദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് താനറിയുന്നത്…അറിഞ്ഞ കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ നിഷേധിക്കുകയാണ് ചെയ്തത്

പക്ഷേ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കേൾക്കുന്നത്.

തൻ്റെ ഭർത്താവിനെ വാ റ്റ്കാ.രൻ തോമയുടെ വീട്ടിൽ ആരൊക്കെയോ ചേർന്ന് തടഞ്ഞ് വച്ചിരിക്കുകയാണെന്ന്.

അയാളുടെ ഭാര്യ ഒരു അ ഭിസാ രികയാണെന്ന് ആ നാട്ടിൽ പാട്ടാണ്. അങ്ങനെയുള്ളൊരു വീട്ടിൽ തൻ്റെ ഭർത്താവ് പോയിട്ടുണ്ടെങ്കിൽ അയാളിനി തൻ്റെ ഭർത്താവല്ല, അന്ന് മനസ്സിൽ ദൃഡനിശ്ചയമെടുത്തു.

മോളെ…നീ ചെന്ന് പറഞ്ഞാൽ അവനെയവർ മോചിപ്പിക്കും. ഇല്ലെങ്കിൽ എൻ്റെ മകനെ അവരെല്ലാവരും ചേർന്ന് കൊ ന്ന് കളയും…അന്ന് അദ്ദേഹത്തിൻ്റെയമ്മ തന്നോട് കേണപേക്ഷിച്ചു.

സ്വന്തം ഭാര്യയെ വ ഞ്ചിച്ച് മറ്റൊരുത്തിയുടെ കി ടപ്പറ തേടി പോയ ഒരുത്തനെ തനിക്കിനി ഭർത്താവായി വേണ്ടെന്ന് താനന്ന് തീർത്ത് പറഞ്ഞു.

പക്ഷേ, അദ്ദേഹത്തിൻ്റെ അമ്മ എങ്ങിനെയൊക്കെയോ മകനെ അവിടെ നിന്ന് മോചിപ്പിച്ചു.

താൻ നിരപരാധിയാണെന്നും തന്നെ വിശ്വസിക്കണമെന്നും പറഞ്ഞ് പിന്നീടയാൾ തൻ്റെയടുക്കൽ വന്നെങ്കിലും അത് ചെവിക്കൊള്ളാൻ പോലും താൻ തയ്യാറായില്ല.

അന്ന് പു ഴുത്ത പുഴുവിനോടുള്ള അറപ്പായിരുന്നു തനിക്ക് അയാളോട്, പിന്നീടയാൾ മക്കളെ വേണമെന്ന് പറഞ്ഞ് കോടതിയെ സമീച്ചെങ്കിലും അവിടെയും താൻ വിജയിച്ചു.

കോടതിയിൽ നിന്ന് പുറത്തിറങ്ങിയ തൻ്റെയെടുത്തേയ്ക്കയാൾ വീണ്ടും വന്നു, വയസ്സാകുമ്പോൾ തന്നെ പരിചരിക്കാൻ ഒരു മകനെയെങ്കിലും നല്കണമെന്ന് അയാൾ തന്നോട് യാചിച്ചു.

പക്ഷേ, താൻ വഴങ്ങാൻ തയ്യാറല്ലായിരുന്നു. താൻ നൊന്ത് പ്രസവിച്ച മക്കൾ തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് അന്നയാളെ ആട്ടിപ്പായിച്ചു. അത്രയ്ക്ക് പകയായിരുന്നു തനിക്കയാളോട്…

തൻ്റെ തറവാട്ടിൽ നിന്ന് കിട്ടിയ സ്വത്ത് വകകളും കൃഷിയും മറ്റുമുണ്ടായിരുന്നത് കൊണ്ട്, മക്കളെ ബുദ്ധിമുട്ടില്ലാതെ വളർത്തിയെടുക്കാമെന്നുള്ള ധൈര്യം തനിക്കന്നുണ്ടായിരുന്നു.

മാത്രമല്ല, മക്കൾ സ്വന്തം കാലിൽ നില്ക്കാറാകുമ്പോൾ അവർ തന്നെ പൊന്ന് പോലെ നോക്കുമെന്ന വിശ്വാസവും അഹങ്കാരവുമായിരുന്നു അന്ന്…

വർഷങ്ങൾ കഴിഞ്ഞ് പോയി….

ഒരിക്കൽ ഗോപാലേട്ടനാണ് തന്നോട് ആ സത്യം വന്ന് പറഞ്ഞത്…ആ സ്ത്രീയുടെ വീട്ടിലേക്ക് അല്പസ്വല്പം മ ദ്യപിക്കുന്ന ശീലമുണ്ടായിരുന്ന അദ്ദേഹത്തെ, ചാ രാ യം കൊടുക്കാമെന്ന പേരിലാണ് അവരുടെ ഭർത്താവും കൂട്ടുകാരും കൂടി കൂട്ടിക്കൊണ്ട് പോയത്. അന്ന് സ്വബോധം നഷ്ടപ്പെടുന്നത് വരെ തൻ്റെ ഭർത്താവിനെയവർ കുടിപ്പിച്ച് കിടത്തി. എന്നിട്ട് അദ്ദേഹത്തിൻ്റെ സ്വർണ്ണമാലയും മോതിരവും നെല്ല് വിറ്റ വകയിൽ മില്ലുകാര് കൊടുത്ത രണ്ടര ലക്ഷം രൂപയും ആ സ്ത്രീയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് കവർന്നു.

മ ദ്യത്തിൻ്റെ കെട്ടിറങ്ങിക്കഴിഞ്ഞപ്പോഴാണ് തൻ്റെ സ്വർണ്ണവും പണവും അപഹരിക്കപ്പെട്ടുവെന്ന് അദ്ദേഹത്തിന് മനസ്സിലായത്. അതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് രക്ഷപെടാൻ വേണ്ടി തോമ തൻ്റെ ഭർത്താവ് അയാളുടെ ഭാര്യയെ കടന്ന് പിടിച്ചെന്ന് കള്ളക്കഥയുണ്ടാക്കിയതും തടഞ്ഞ് വച്ചതും…

ആ തോമയുടെ ഭാര്യ ഇപ്പോൾ അർബുദ രോഗിയായി മരണമുഖത്താണുള്ളത്. അവസാന കാലത്ത് തൻ്റെ ജീവിതത്തിൽ സംഭവിച്ച് പോയ തെറ്റുകൾ അവർ ഏറ്റ് പറയുകയായിരുന്നു.

അത് കേട്ടപ്പോൾ താൻ പശ്ചാതാപം കൊണ്ട് നീറിപ്പിടഞ്ഞു. തെറ്റിദ്ധാരണയുടെ പേരിൽ താനദ്ദേഹത്തിൻ്റെ ഭാഗം കേൾക്കാൻ പോലും തയ്യാറായില്ല.

പിന്നെ അദ്ദേഹത്തെ എങ്ങനെയെങ്കിലും കണ്ട് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു…

വയനാട്ടിലെവിടെയോ ഉണ്ടെന്നും അമ്മയോടൊപ്പം അവിടെ കൃഷിയും മറ്റും ചെയ്ത് ജീവിക്കുകയാണെന്നും വേറെ വിവാഹമൊന്നും കഴിച്ചിട്ടില്ലെന്നുമറിയാൻ കഴിഞ്ഞു.

അദ്ദേഹത്തോട് മാപ്പ് ചോദിക്കണമെന്നും പോയി കൂട്ടികൊണ്ട് വരണമെന്നും ആഗ്രഹം പറഞ്ഞപ്പോൾ ആ സമയത്ത് കോളേജിൽ പഠിക്കുകയായിരുന്ന മക്കൾ മൂന്ന് പേരും എതിർത്തു.

വെറുത്ത് പോയ അച്ഛനെ ഇനിയവർക്ക് സ്നേഹിക്കാൻ കഴിയില്ലത്രെ…

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവരുടെ മനസ്സിലേക്ക് അച്ഛനെതിരെ വിദ്വേഷങ്ങൾ മാത്രമാണ് താനിത്ര നാളും കുത്തി നിറച്ച് കൊണ്ടിരുന്നത്.

ഒടുവിൽ വൈമനസ്യത്തോടെയാണെങ്കിലും മക്കൾക്ക് വേണ്ടാത്തത് തനിക്കും വേണ്ടെന്ന് തീരുമാനിക്കേണ്ടി വന്നു.

ഇപ്പോൾ മക്കളെല്ലാം അവരുടെ ജീവിതം തേടി പോയിരിക്കുന്നു, നഷ്ടങ്ങൾ തനിക്ക് മാത്രമായി.

ലക്ഷ്മി, തൻ്റെ പഴയ തകരപ്പെട്ടി തുറന്ന് സെറ്റും മുണ്ടും അടുക്കി വച്ചിരിക്കുന്നതിൻ്റെ ഏറ്റവും അടിയിലായി സൂക്ഷിച്ച് വച്ചിരുന്ന ഒരു ഇൻലൻ്റ് ലെറ്റർ പുറത്തെടുത്തു, അതിലെഴുതിയിരിക്കുന്നത് ഒരിക്കൽ കൂടി വായിച്ചു.

പ്രിയപ്പെട്ട ലക്ഷ്മി, നഗരത്തിൽ വച്ച് ഗോപാലേട്ടനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് എല്ലാം പറഞ്ഞിരുന്നു, തോമയുടെ ഭാര്യയുടെ തുറന്ന് പറച്ചിലും, അതറിഞ്ഞപ്പോൾ നിനക്കുണ്ടായ മനംമാറ്റവും എല്ലാം…

പക്ഷേ, മക്കളുടെ സമ്മതമില്ലാത്തത് കൊണ്ടാണ് നീ എന്നെ കാണാൻ വരാതിരുന്നതെന്നറിഞ്ഞപ്പോൾ ഏറെ വേദന തോന്നി. മക്കളുണ്ടാകുന്നതിന് മുമ്പ് ഒന്നായവരാണ് നമ്മൾ…ഒരു മനവും രണ്ട് ശരീരങ്ങളുമായി ജീവിച്ചവർ, നീയത് മറന്നാലും എനിക്കത് ഒരിക്കലും മറക്കാൻ കഴിയില്ല, ഇന്നലെ വരെ എനിക്ക് അമ്മയെങ്കിലുമുണ്ടായിരുന്നു, ഇന്ന് ഞാൻ തീർത്തും അനാഥനാണ്, എങ്കിലും എന്നെങ്കിലും നീ എന്നെ തേടി വരുമെന്ന പ്രതീക്ഷയിലായിരിക്കും ഇനിയെൻ്റെ മുന്നോട്ടുള്ള ജീവിതം, ഇതിന് താഴെ എഴുതിയിരിക്കുന്നതാണ് എൻ്റെ അഡ്രസ്സ്, കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ബസ്സിൽ കയറി, താഴ് വാരത്തിറങ്ങി ആരോട് ചോദിച്ചാലും, എൻ്റെ വീട് കാണിച്ച് തരും, നീ വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

പതിനഞ്ച് കൊല്ലം മുൻപ് വന്ന ആ ഇൻലാൻ്റ് ലെറ്റർ മാറോട് ചേർത്ത് പിടിച്ച് അവർ നിർവൃതിയോടെ ഇരുന്നു.

പിറ്റേന്ന് വയനാട്ടിലേക്ക് യാത്ര തിരിക്കാനുള്ള വസ്ത്രങ്ങളൊക്കെ ഒരു വലിയ ബാഗിൽ അടുക്കി വച്ചിട്ടാണ് അവർ ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന്, ഗോപാലേട്ടൻ്റെ വിളി കേട്ടാണ് ലക്ഷ്മി ഉണരുന്നത്,

ലക്ഷ്മിക്കുട്ടിയേ…നീ ഇന്നത്തെ പത്രവാർത്ത കണ്ടാ?

ഇല്ല ഗോപാലേട്ടാ…ഞാനിപ്പോഴാ എഴുന്നേറ്റത്…

ഇന്നലത്തെ മഴയ്ക്ക് വയനാട്ടിൽ ഉരുൾപൊട്ടിയിട്ട് ഒരു ഗ്രാമം അപ്പാടെ ഒലിച്ച് പോയെന്ന്…ഏഴ് പേരുടെ മൃതദേഹം കിട്ടിയതിൻ്റെ ഫോട്ടോ ഇതിനകത്തുണ്ട്..അതിൽ ഒരെണ്ണം നിൻ്റെ കുട്ടികളുടെ അച്ഛനാണ് ലക്ഷ്മീ..ജീവിച്ചിരുന്നപ്പോൾ മക്കളോടുള്ള സ്നേഹം കാരണം അയാളെ നീ സ്വീകരിച്ചില്ല. ഇപ്പോൾ ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാതെ ഏതെങ്കിലും പൊതു ശ്മശാനത്തിൽ ഒരു അനാഥ പ്രേതമായി അയാൾ എഞ്ഞടങ്ങാൻ പോകുവാണ്…

ഇടർച്ചയോടെ ഗോപാലേട്ടൻ അത് പറഞ്ഞ് നിർത്തുമ്പോൾ ലക്ഷ്മി വിറങ്ങലിച്ച് നിന്ന്‌ പോയി…

NB: അവസാന നിമിഷം വരെ മക്കളുണ്ടാവില്ല. പക്ഷെ….

~സജി തൈപ്പറമ്പ്