കടുത്ത വേനൽ ആണ് കുളിയ്ക്കാനായി കുളിമുറിയിൽ കയറുമ്പോ രാവിലെ പിടിച്ചു  വെച്ച വെള്ളം തണുത്താറി ഇരിക്കുന്നു…

ആ തെരുവിന്റെ നോവ്…

Story written by Sabitha Aavani

================

ആ വേ ശ്യാത്തെരുവിന്റെ  ഇടുങ്ങിയ വഴിയിലൂടെ ഫിജിനു തന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു.

തന്റെ ദേഹത്ത് വന്നു മുട്ടിയുരുമ്മി പോകുന്ന സ്ത്രീകളോട് അവനു പുച്ഛം തോന്നി.

“ശെയ്….എന്ത് ജന്മങ്ങളാണ്…?”

മുറിയിലേക്ക് പോകാൻ ആകെ ഉള്ളൊരു വഴി ഈ വേ ശ്യാ ത്തെരുവിന്റെ മുന്നിലൂടെയുള്ള ഈ റോഡ് മാത്രമാണ്.

ഈ തെരുവിന് രാവും പകലും ഒരുപോലെ ആണ്. പെ ണ്ണുടലുകൾക്കു പാത്തും പതുങ്ങിയും വിലപറയുന്ന എത്രയോ പേര്.

ചിലപ്പോൾ തോന്നിയിട്ടുണ്ട് അതിൽ കൂടുതലും പകൽമാന്യന്മാരുടെ മുഖം മൂടിയണിഞ്ഞ ചെ ന്നായ്ക്കൾ ആണ്.

ഫിജിനു നടന്ന് തന്റെ മുറിയിലേക്കുള്ള ഗോവണിയ്ക്കു താഴെ എത്തി.

കഷ്ടിച്ച് ഒരാൾക്ക് നടന്നു കയറാൻ കഴിയുന്ന ഗോവണി പടികളിൽ അധികവും പലക ഇളകിയതാണ്.

ഒന്നുറപ്പിച്ച് കാല് വെച്ചാൽ വീണു പോകുന്ന തരത്തിൽ ആണ് പലതും.

അവൻ മെല്ലെ മുകളിലേക്ക് കയറി.

കയ്യിൽ ഉണ്ടായിരുന്ന പത്രത്തിൽ നിന്നും തന്റെ ബയോഡേറ്റ എടുത്ത് ഭദ്രമായി മേശവിരിയ്ക്ക് അടിയിൽ വെച്ചു.

കടുത്ത വേനൽ ആണ് കുളിയ്ക്കാനായി കുളിമുറിയിൽ കയറുമ്പോ രാവിലെ പിടിച്ചു  വെച്ച വെള്ളം തണുത്താറി ഇരിക്കുന്നു.

കുളി കഴിഞ്ഞ് മുറിയിൽ വന്നു ഉടുത്തിരുന്ന തോർത്ത് മാറ്റി അയയിൽ കിടന്ന കൈലിയും ഷർട്ടും എടുത്തിട്ട് ഫിജിനു തന്റെ മേശയ്ക്കരുകിലേക്ക് കസേര നീക്കി വെച്ച് ഇരുന്നു.

മുന്നിലിരുന്ന റേഡിയോ ട്യൂൺ ചെയ്തു.

വ്യക്തമല്ലാത്ത എന്തോ ഒന്ന് കേൾക്കുന്നു…ഒപ്പം നല്ല ഇരമ്പലും…

ഫിജിനു അതിനൊപ്പം മൂളി തുടങ്ങി…

“കഭി കഭി…മേരെ ദിൽ മേം …..”

അവനു മാത്രം മനസിലാവുന്ന റേഡിയോയുടെ ഭാഷ…

മേശയ്ക്കു മുകളില്‍  ഇരുന്ന ലെറ്റർ പാഡിൽ നിന്നും ഒരു പേപ്പർ കീറിയെടുത്ത് ഫിജിനു  എഴുതി തുടങ്ങി…

പ്രിയപ്പെട്ട ഹിബ…

നമ്മൾ കണ്ടിട്ട് മൂന്നുമാസത്തിൽ ഏറെ ആയിരിക്കുന്നു…

ദിവസങ്ങൾ ശര വേഗത്തിൽ പാഞ്ഞു പോയികൊണ്ടിരിക്കുന്നു…

എന്നാണ് ഒരു തിരിച്ചുവരവ്…?

അറിയില്ല.

കാതങ്ങൾക്കപ്പുറത്ത് കാത്തിരിക്കാൻ നീ ഉണ്ടെന്ന ആശ്വാസത്തിൽ ഞാൻ ഓരോ ദിനവും തള്ളി നീക്കുന്നു.

മൊയ്തുക്ക പറഞ്ഞ ജോലിയുടെ കാര്യത്തിനായി ഇന്നും പോയി.

അവർക്ക് എന്നെപോലെ ഒരാളുടെ ആവശ്യം ഉണ്ടോന്ന് അറിയില്ല.

എന്റെ ധൈര്യം ചോർന്ന് പോകുന്നു.

ഒരു തൊഴിൽ ഇല്ലാത്തതിന്റെ കഷ്ടപ്പാട്…

ഇനിയൊരു സ്റ്റാമ്പിനുള്ള കാശുപോലും കൈയ്യിൽ ഇല്ല.

വിശപ്പിന്റെ വിളി ഞാന്‍ അറിയുന്നുണ്ട്

നാളെമുതൽ പകൽ അടുത്ത് ഒരു കടയിൽ ബീ ഡി തെറുക്കാൻ പോകണം എന്ന് കരുതുന്നു.

നിലനില്‍പ്പിന്  അത് ആവശ്യമാണ്.

കൈയ്യില് ചില്ലറ എന്തെങ്കിലും തടയും വരെ നീ എന്റെ എഴുത്തിനായി കാത്തിരിക്കേണ്ടി വരും.

ഇപ്പോൾ തന്നെ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം നീ ആണ്.

ഈ വേ ശ്യാത്തെ രുവിന്റെ ഇടുങ്ങിയ മൂലയിലെ ഈ ഒറ്റമുറിയിൽ ഇരുന്ന് ഞാൻ ചിന്തിക്കാറുണ്ട്  എത്ര പേരുടെ സ്വപ്നങ്ങളാണ് ഇവിടെ നശിച്ചിട്ടുണ്ടാവുക.

ഹിബ നീ ശക്തമായി പ്രാർത്ഥിക്കുക.

മറ്റൊന്നും ഞാൻ ഇപ്പോൾ നിന്നോട് ആവശ്യപ്പെടുന്നില്ല.

കാത്തിരിപ്പിന്റെ നീറ്റൽ നീ അറിയുന്നുണ്ടാവും എന്നറിയാം.

എന്നാലും പ്രിയപ്പെട്ടവളെ നല്ല ദിനങ്ങൾ നമുക്ക് വന്നു ചേരും….

നിന്റെ ഫിജിനു.

എഴുത്ത് മടക്കി കവറിൽ ഇട്ട് പോസ്റ്റ് ചെയ്യാനുള്ള അഡ്രസ് എഴുതുന്നതിനിടയിൽ താഴെ നിന്നും ഒരു നിലവിളി ഉയർന്നു.

കൂട്ട കരച്ചിലിന്റെ ശബ്ദം വീണ്ടും ഉയരുന്നു.

അതാ തെരുവിലാണ്…

അവൻ വേഗം താഴേക്കിറങ്ങി.

ആ വേ ശ്യാല ത്തിന്റെ മുന്നിൽ ഒരുകൂട്ടം ആളുകൾ.

അവരിൽ ഒരു സ്ത്രീ മരണപ്പെട്ടിരിക്കുന്നു.

ചില ആളുകൾ അവരിൽ കൂടി നിൽക്കുന്നവരെ കൈയ്യിലെ വടി ഉപയോഗിച്ച് അടിച്ച് ഓടിക്കുന്നു.

കുറെ അധികം പേരും കരച്ചിലടക്കി മാറി പോകുന്നു.

മനസ്സ് മരവിച്ച പോലെ അവൻ ആ വഴിയിൽ നിന്നു.

ആ ഇടുങ്ങിയ വഴിയിൽ വെറും നിലത്തതായി ആ സ്ത്രീയുടെ ശരീരം കിടക്കുന്നു.

ആരോ ഒരു മുറി  തുണി കൊണ്ടുവന്ന് അവരുടെ മുഖം മറയ്ക്കുന്നു.

കുറച്ചു ആളുകൾ അങ്ങിങ്ങായി നില്കുന്നു.

അവന്റെ കണ്മുന്നിൽ ഒരു ജീവനറ്റ ഉടൽ ആരാലും പരിഗണിക്കപ്പെടാതെ ആ തെരുവിൽ അനാഥമായി കിടക്കുന്നു.

ഉള്ളൊന്ന് പൊള്ളി.

തിരികെ മുറിയിലേക്ക് നടക്കുമ്പോള തന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു.

കുറച്ച് നേരം കട്ടിലിൽ കയറി കിടന്നു.

കണ്ണടയ്ക്കുമ്പോൾ ആ സ്ത്രീയുടെ രൂപം തന്നെ കണ്മുന്നിൽ തെളിയുന്നു.

മുൻപൊരിക്കലും താന്‍ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ.

എന്നിട്ടും താന്‍ എന്തുകൊണ്ടാണിത്രയും അസ്വസ്ഥനാവുന്നത് ..?

അവർ ഒരു വൃക്ഷമായിരുന്നില്ലേ ..?

ജീവനറ്റു പോകും വരെ  തണൽ നൽകിയ ഒരു വൃക്ഷം.

താഴെ നിന്നും വീണ്ടും ഒച്ച കേൾക്കുന്നു.

ഒരു ഉന്തുവണ്ടിയിൽ ആരൊക്കെയോ അവരുടെ ശരീരം കയറ്റി പോകുന്നു.

അവൻ വേഗം ചാടി താഴെ ഇറങ്ങി.

“ഇതെങ്ങോട്ടാണ് കൊണ്ട് പോകുന്നത്..?”

അറിയാവുന്ന ഭാഷയിൽ അവിടെ നിന്ന ഒരാളോട് ചോദിക്കുമ്പോ അവർ പറഞ്ഞത്.

“അനാഥരുടെ ശവം മുൻസിപ്പാലിറ്റിന്നു ആള് വന്നു കൊണ്ടുപോകും. ഇവിടേക്ക് അവർ കടന്നു വരില്ല അതുകൊണ്ട്. അത് കൊണ്ട് പോയി ആ റോഡിനു അപ്പുറത്തുള്ള ചവറുകൂനയിൽ തള്ളും. അവരത് എടുത്തോണ്ട് പോയിക്കോളും.”

കേട്ടുമുഴുവിക്കും മുൻപ് ഫിജിനു തിരികെ നടന്നു.

ഉള്ളിൽ വേദനയുടെ അമ്പുകൾ കൊളുത്തി വലിയ്ക്കുന്നു.

ആ സ്ത്രീ…

മുറി അടച്ചിരുന്നു അവൻ ആ ചിന്തകളിൽ തളർന്നു വീണു.

പിറ്റേന്ന് നേരം പുലർന്നു…

ഹിബയ്ക്ക് പോസ്റ്റ് ചെയ്യാനുള്ള എഴുത്തുമായി ഇറങ്ങുമ്പോ ആ സ്ത്രീ കിടന്നിരുന്ന അതെ ഇടം ചവിട്ടി നടന്നു പോകേണ്ടി വന്നു.

ആ തെരുവിൽ എല്ലാം പഴയപോലെ…

തന്റെ മനസ്സൊഴികെ ബാക്കി എല്ലാം…

~Sabitha❤️