മനസ് ആകെ ഒരു നിമിഷം മരവിച്ചു പോയി. എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ. പെട്ടെന്ന്…

Written by Jessy Philip

==============

ഇതൊരു നേർകാഴ്ച്ചയാണ്….

പ്രസവിച്ചിട്ടുള്ള ഓരോ പെണ്ണിന്റെയും മനസ്സിൽ ഒരായിരം സങ്കടകടൽ ഒന്നിച്ചുയർന്നു പൊങ്ങിയ കുറച്ചു നിമിഷങ്ങൾ.

തന്റെ നെഞ്ചിലെ ചൂടിൽ കുരുന്നിനെ ചേർത്ത് കിടത്തി ലാളിച്ചിട്ടുള്ള ഓരോ അച്ചൻമാരുടെയും നെഞ്ചിൽ ഒരുനിമിഷം വേദനയും അതിലേറെ രോഷവും ഉണ്ടാക്കിയ ഒരു സംഭവം.

പ്രണയത്തിന്റെ വിരഹച്ചൂടിൽ ഉരുകി തീരുന്നവർക്ക്മുൻപിൽ പ്രണയ സാഫല്യം സമ്മാനിച്ച വേദനയുടെ ഒരു നേർകാഴ്ച.

ഇന്ന്‌ രാവിലെ ഞാൻ ഓഫീസിലേയ്ക്ക് പോകുന്ന വഴി ബസ് പെട്ടെന്ന് നിർത്തി ഡ്രൈവർ വിളിച്ചു പറഞ്ഞു.

“ദേ വഴിയിൽ ഒരു കുട്ടി.”

റോഡ് സൈഡിൽ ഉള്ള വീട്ടിലെ കുട്ടി വഴിയിലേയ്ക്ക് ഇറങ്ങിയതാവാം എന്ന് കരുത്തിയപ്പോൾ ആരോ വിളിച്ചു പറയുന്നത് കേട്ടു.

ദേ ആ കുഞ്ഞിന്റെ തള്ള നിൽക്കുന്ന നിൽപ്പ് കണ്ടോ.

ഞാൻ  അങ്ങോട്ട് നോക്കിയപ്പോൾ എന്നെ നടുക്കുന്ന ഒരു കാഴ്ച കണ്ടു..

രണ്ട് ആഴ്ച മുൻപ് ഞാനും അവളും ഒന്നിച്ചു ഒരു സീറ്റിൽ ഇരുന്നു യാത്ര ചെയ്തപ്പോൾ അവളുടെ കുഞ്ഞിന്റെ ചിരികണ്ടു കുറച്ചു നേരം ഞാനാ കുഞ്ഞിനെ എടുത്തു മടിയിൽ വെച്ച് ലാളിച്ചതാണ്. നേരത്തെ തന്നെ എനിക്ക് അവളെ അറിയാവുന്നത് കൊണ്ടും അവളുടെ ഭർത്താവ് ഒരു അകന്ന ബന്ധു ആയതുകൊണ്ടും എനിക്ക് ആ കുഞ്ഞിനെ കുറച്ചു നേരം ലാളിക്കാൻ പറ്റിയിരുന്നു.

ആറുമാസം പ്രായമായ ആ കുഞ്ഞിനെ റോഡ് സൈഡിൽ ഒരു തുണി വിരിച് അതിൽ കിടത്തിയിരിക്കുന്നു. കമിഴ്ന്നു കിടന്നു കളിക്കുന്ന കുഞ്ഞിന്റെ മുൻപിൽ പ ട്ടിക്ക് എറിഞ്ഞു കൊടുക്കുന്ന പോലെ കുറച്ചു ആരോറൂട്ട് ബിസ്ക്കറ്റുകൾ.

അപ്പുറവും ഇപ്പുറവും ബസുകൾ ഇരുചക്ര വാഹനങ്ങൾ  ഓട്ടോറിക്ഷകൾ.

ആരോ വിളിച്ചു പറഞ്ഞു… “കുഞ്ഞിനെ എടുക്ക്,  കുഞ്ഞിനെ എടുത്തു മാറ്റ്” എന്ന്…

കഴിഞ്ഞ ആഴ്ചയിൽ കണ്ടപ്പോ സ്നേഹത്തോടെ സംസാരിച്ച അവൾ,  മുഖം ആകെ ക്രൂ രഭാവത്തിൽ കുഞ്ഞിനെ എടുക്കാൻ കൂട്ടാക്കാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു. മൂത്ത കുട്ടി, ഒരു മൂന്ന് നാലു വയസ് ഉണ്ടാവും അമ്മയോട് ചേർന്ന് ആകെ പേടിച്ചു നിൽക്കുന്നു.

മനസ് ആകെ ഒരു നിമിഷം മരവിച്ചു പോയി. എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ. പെട്ടെന്ന് വഴിയാത്രക്കാരിൽ ഒരാൾ ആ കുഞ്ഞിനെ കോരിയെടുക്കുമ്പോഴും ആ കുഞ്ഞിപ്പെണ്ണ് ചിരിക്കുന്നുണ്ടായിരുന്നു എന്നെനിക്ക് തോന്നി.

ആ നല്ല മനുഷ്യൻ ആ കുഞ്ഞിനെ കോരിയെടുത്തു അവളുടെ കയ്യിൽ കൊണ്ട് കൊടുത്തപ്പോൾ അവൾ ആ കുഞ്ഞിനെ ഏറ്റുവാങ്ങിയില്ല. എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കുഞ്ഞിനെ എടുത്തു മാറ്റിയതോടെ ബസ് വീണ്ടും പുറപ്പെട്ടു.

ഓഫീസിൽ എത്തി പഞ്ച് ചെയ്ത് ഉടനെ ഞാൻ അവിടെ തൊട്ടടുത്തു താമസിക്കുന്ന എന്റെ പരിചയത്തിൽ ഉള്ള ഒരാളെ വിളിച്ചു പറഞ്ഞു.

“ആന്റി വേഗം ആ വീട്ടിൽ എത്തി അവർ സുരക്ഷിതർ ആണെന്ന് ഉറപ്പ് വരുത്തണം” അവൾ എന്തെങ്കിലും ചെയ്താലോ, ആ കുഞ്ഞുങ്ങളെ രക്ഷിക്കണം

അപ്പോൾ ആന്റി എന്നോട് പറഞ്ഞത്.

“മോളെ നമുക്ക് ഇതിൽ ഇടപെടാൻ പറ്റില്ല. അവരുടെ കുടുംബ പ്രശ്നം ആണ്. ഞങ്ങളൊക്കെ കുറച്ചു നോക്കിതാ. അവൻ ഭയങ്കരമായിട്ട് അവളെ ഉപദ്രവിക്കും. സ്ഥിരം മ ദ്യപാനം ആണ്” എന്ന്.

പിന്നെ ഞാൻ അടുത്തുള്ള അവരുടെ പള്ളിയിൽ വിളിച്ചു വിവരം പറഞ്ഞു. അപ്പോഴേയ്ക്കും കാൾ വന്നു, പോലീസ് വന്നു അമ്മയെയും കുഞ്ഞുങ്ങളെയും കൊണ്ടുപോയി എന്ന്.

പിന്നെ എന്തായി എന്ന് അറിയില്ല…

ഏതാണ്ട് അഞ്ചു വർഷങ്ങൾക്ക് മുൻപ് അന്യമതസ്ഥൻ ആയ ഒരാളോടൊപ്പം, അതുവരെ വളർത്തിയ മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചു ഇറങ്ങി പോന്നവൾ. അവന്റെ മതം സ്വീകരിച്ച അവൾ, കൂലി പണിക്കാരനായ അവന്റെ സാഹചര്യവും ആയി പൊരുത്തപ്പെട്ടു പോകുന്നു എന്നായിരുന്നു ഞാൻ കരുതിയിരുന്നത്.

ഇടയ്ക്ക് പറഞ്ഞു, മൂത്ത കുഞ്ഞുണ്ടായപ്പോ അവളുടെ അപ്പൻ കുഞ്ഞിനെ കാണാൻ വന്നിരുന്നു എന്ന്. മകളെ പൊന്നു പോലെ നോക്കാൻ വീടും കുടുംബവും ഉപേക്ഷിച്ചു പ്രവാസി ആയ ആ അച്ഛന് വാശി ഒരുപാടുണ്ടായിരുന്നില്ല.

സ്വന്തം മകളെ കാണാതിരിക്കാൻ അയാൾക്ക് ആകുമായിരുന്നില്ല. അതുവരെ വാശിയും വെറുപ്പും ആയിരുന്ന അയാൾ തന്റെ മകൾ ഒരമ്മയായി എന്ന് അറിഞ്ഞപ്പോൾ അവളെ കാണാൻ എത്തി. പിന്നെ രണ്ടാമത് കുഞ്ഞുണ്ടായപ്പോൾ അമ്മ വന്നു എല്ലാം നോക്കി ചെയ്തിരുന്നു എന്നു അറിഞ്ഞു.

ചെറുപ്പത്തിൽ അപ്പൻ ഉപേക്ഷിച്ചു പോയപ്പോൾ ഒരുപാട് കഷ്ടപ്പെട്ട് അമ്മ  വളർത്തി വലുതാക്കിയതാണ് ഈ പെൺകുട്ടിയുടെ ഭർത്താവിനെ…

അവരുടെ ചെറുപ്പത്തിൽ എങ്ങോട്ട് എന്ന് അറിയാതെ പറയാതെ ഇറങ്ങിപ്പോയ ആ മനുഷ്യനെ കാത്തിരുന്നതോ അതോ മക്കൾക്ക് വേണ്ടി സ്വയം ആത്മസമർപ്പണം ആയതോ ആ അമ്മ മറ്റൊരു ജീവിതം തിരഞ്ഞെടുത്തില്ല. ആ മകനാണ് ഏതോ ഒരുവളെ കണ്ടപ്പോ അമ്മയെ മറന്നു പോയത്. എന്നിട്ടും ആ അമ്മ അവരെ ചേർത്ത് പിടിച്ചിരുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പ്രേമവും പ്രണയവുമൊക്കെ ഒരു കാലാവധി കഴിഞ്ഞാൽ ദ്രവിച്ചു പോകുന്ന ഒന്നാണെന്നു ചിലപ്പോൾ തോന്നി പോകുന്നത് ഇത്തരം കാഴ്ചകൾ കാണുമ്പോഴാണ്…

പ്രണയിച്ചവന് വേണ്ടി എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോന്നവൾ, ഇനി അവൾ എങ്ങോട്ട് പോകും. ഏറിയാൽ 25 വയസ്. അവനില്ലാതെ അവൾക്കും അവളില്ലാതെ അവനും ജീവിക്കാൻ പറ്റില്ല എന്ന കാലം മാറി. അവന്റെ കൂടെ ജീവിക്കാൻ വയ്യെന്ന് അവളും തിരിച്ചു അവനും പറഞ്ഞു.

സ്വന്തം കുടുംബം ഉപേക്ഷിച്ചു ഇറങ്ങി പോകുമ്പോൾ, ഒന്നോർക്കണം. വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ നെഞ്ചു പിടയ്ക്കാൻ ഇടയാവരുതേ എന്ന്.

പ്രണയം നഷ്ടമായി പോയപ്പോൾ ഭ്രാന്ത് പിടിച്ച പോലെ ജീവിച്ചു തീർക്കുന്നവരോട്, താൻ പ്രണയിക്കുന്ന ആളോടൊപ്പം അല്ലാതെ ജീവിക്കില്ല എന്ന് വാശി പിടിക്കുന്നവരോട്. റോഡിൽ കിടന്ന ആ പിഞ്ചു കുഞ്ഞിന്റെ മുഖം ഒന്നോർക്കു എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളൂ.

താലി ചാർത്തി ഒക്കത്തു രണ്ടു പിള്ളേരായികഴിയുമ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കപെടുന്നതിനെക്കാൾ നല്ലത്, വിവാഹത്തിന് മുൻപേ ഉപേക്ഷിക്കപ്പെടുന്നതാണ്.

പ്രണയിക്കാം. പക്ഷേ  പ്രണയം ജീവിതമാക്കി മാറ്റുമ്പോൾ ഒരാവേശം അല്ല ജീവിതം എന്ന്‌ മനസിലാക്കണം…

~ജെസ്സി കോട്ടയം