പ്രണയം ലവലേശം തൊട്ടറിഞ്ഞിട്ടില്ലാത്ത ഒരുവളുടെ അടിയന്തരമായിരുന്നു ഇന്ന്….

അവളുടെ മരണം…

Story written by Sabitha Aavani

================

പ്രണയം ലവലേശം തൊട്ടറിഞ്ഞിട്ടില്ലാത്ത ഒരുവളുടെ അടിയന്തരമായിരുന്നു ഇന്ന്.

തണുത്ത് മരവിച്ചു കിടന്ന ആ ശരീരത്തിൽ ഒരു തവണ പോലും അയാളുടെ നോട്ടം പതിഞ്ഞിട്ടില്ല.

ജീവിച്ചിരിക്കുമ്പോഴും അതെ! അയാൾ കണ്ടിട്ടില്ല അങ്ങനെ ഒരു ജന്മത്തെ.

നാട്ടിലെ പെണ്ണുങ്ങളിൽ അയാൾ കണ്ട യാതൊരു മഹിമയും അവളിൽ അയാൾ കണ്ടില്ല.

ഒഴിഞ്ഞ് പോകാൻ നൂറാവർത്തി പറഞ്ഞിട്ടും അവൾ പോകാൻ കൂട്ടാക്കിയില്ല, ഇന്നലെ മറ്റൊരുവൾക്കൊപ്പം താന്‍ അന്തിയുറങ്ങി എന്ന് അവൾ അറിയുംവരെ അതിൽ മാറ്റമുണ്ടായില്ല.

പക്ഷെ പിന്നീടു അടുക്കളയിലെ പാത്രങ്ങള്‍ ശബ്‌ദിച്ചില്ല.

ഉമ്മറത്തെ നിലവിളക്കിലെ തിരി കെട്ടുപോയിരുന്നു.

അവൾ മരിച്ചുന്നു പറയുമ്പോഴും അയാളിൽ ഒരു മാറ്റവും ഉണ്ടായില്ല.

ഉമ്മറക്കോലായിൽ കെട്ടിത്തൂ ങ്ങി ചത്ത പെണ്ണിന് ചിതയൊരുക്കി കാത്തു നിൽക്കുമ്പോഴും അയാൾ കരഞ്ഞില്ല.

പ്രിയപ്പെട്ടതൊന്നും നഷ്ടപ്പെട്ടത് അയാൾ അറിഞ്ഞിട്ടുമില്ല.

കെട്ടിത്തൂ ങ്ങി ച ത്തവളുടെ അടിയന്തരത്തിനു അയാൾ ഒരു കുറവും വരുത്തിയില്ല.

അവളുടെ ഇഷ്ടവസ്ത്രം ചോദിച്ചവരോട് അയാൾ കയർത്തു.

ഒരു നീണ്ട വെളുത്തമുണ്ടോളം മറ്റൊന്നും അയാൾ അവൾക്കായി കരുതിയില്ല.

അവളുടെ ഇഷ്ടങ്ങൾ ഒക്കെ അറിഞ്ഞിരിക്കാൻ പാകത്തിൽ അവൾ തന്റെ ആരായിരുന്നു…?

അറുത്തുകീറി തുന്നിക്കെട്ടിയ അവളെ ചിതയിലെടുക്കും നേരവും അയാൾ മാറിനിന്നു.

കരയാൻ ഒരുവറ്റ് കണ്ണുനീർ ആരും അവൾക്കായി കരുതിയില്ല.

അവളെ ചിതയിലേക്കെടുക്കും നേരം മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു.

നനഞ്ഞു കുതിർന്ന ആ വൈകുന്നേരത്തിനു അവളുടെ ഗന്ധമായിരുന്നു.

സ്നേഹിക്കാൻ ആളില്ലാത്ത പ്രണയത്തിന്റെ ഒരംശം അനുഭവിച്ചിട്ടില്ലാത്ത ഒരുവളുടെ ചിത എരിഞ്ഞ്‍ തുടങ്ങും മുൻപ് അയാൾ ഒന്ന് കണ്ടു ആ മുഖം.

മുൻപെന്നോ കണ്ടു വെറുത്തൊരു  മുഖം.

തന്റെ ഓർമ്മയിൽപ്പോലും ഇല്ലാത്തൊരുവള്‍.

ആളിപ്പടരുന്ന ചിതയിൽ അവളുടെ മോഹങ്ങളും വെന്തിരിക്കണം.

ആളൊഴിഞ്ഞുപോയ ആ വീട്ടിൽ ഒരു ശൂന്യത.

ഒരു താലിച്ചരടിൽ മാത്രം കോര്‍ത്തുവച്ചൊരു ബന്ധത്തിന് അത്രമാത്രം ആഴത്തിൽ പൊള്ളിക്കാന്‍ കഴിയുമെന്ന് അയാൾ അറിഞ്ഞിരിക്കണം.

പ്രിയപ്പെട്ട യാതൊന്നും ബാക്കിയില്ലാത്ത ഒരുവളുടെ മരണത്തിന് കനത്ത ശാന്തതയാണ്…

നെഞ്ചുനീറ്റിയ മരണമെന്ന് ഞാന്‍ എഴുതുമ്പോഴും അവിടെ അവള്‍ ശാന്തമായി  ഉറങ്ങിയിരുന്നു.

~ Sabitha 💜