സത്യം പറഞ്ഞാലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം..ഒടുവിൽ ഞാനാ കടുത്ത തീരുമാനത്തിലേക്കെത്തി…

തായ്‌ലൻഡ് ടൂർ

എഴുത്ത്: കാളിദാസൻ

===============

കമ്പനി ടൂർ പ്ലാൻ ചെയ്തപ്പോൾ മുതൽ തായ്‌ലന്റിലേക്കായിരിക്കല്ലേ എന്നൊരു പ്രാർഥനയായിരുന്നു മനസ്സിൽ…..ന്നാലും തായ്‌ലൻഡ് ആയാൽ കൊള്ളാമായിരുന്നു എന്നൊരു തോന്നലും മനസ്സിൽ തെളിഞ്ഞിരുന്നു…..

അങ്ങനെ അറിയിപ്പെത്തി….ടൂർ തായ്‌ലന്റിലേക്ക്……മനസ്സിൽ സന്തോഷം തോന്നിയെങ്കിലും പെണ്ണുമ്പിള്ളയോട് എന്തുപറയുമെന്നൊരു വിഷമം മനസ്സിൽ കടന്നുകൂടി….

തായ്‌ലൻഡ് ആണെന്ന് പറഞ്ഞാൽ “പട്ടായയിൽ പോയി പെണ്ണുങ്ങളുടെ കൂടെ അ ർ മാ ധിക്കാനല്ലേ എന്നവൾ ചോദിക്കും….ചിലപ്പോൾ ടൂറിനു വരെ വിട്ടില്ലെന്നിരിക്കും…സത്യം പറഞ്ഞാലും പ്രശ്നം ഇല്ലെങ്കിലും പ്രശ്നം..ഒടുവിൽ ഞാനാ കടുത്ത തീരുമാനത്തിലേക്കെത്തി…

കള്ളം പറയാം…..

അങ്ങനെ വീട്ടിലെത്തി ടൂറിന്റെ കാര്യം അവതരിപ്പിച്ചു…..

എങ്ങോട്ടാ ടൂർ….??

രണ്ടും കല്പ്പിച്ച്‌ ഞാൻ പറഞ്ഞു…

“മലേഷ്യ”…

മലേഷ്യയിലാണോ പട്ടായ…??

ഏയ്യ്…നീയെന്ത് മണ്ടത്തരമാണ് പറയുന്നത്…മലേഷ്യയെവിടെ കിടക്കുന്നു…പട്ടായ എവിടെകിടക്കുന്നു….

നിങ്ങളെയെനിക്ക് വിശ്വാസമില്ല മനുഷ്യ…അവൾ വേഗം ഗൂഗിളിൽ സെർച്ച്‌ ചെയ്യ്തു…..

“ഹൗ മെനി കിലോമീറ്റർസ് ഫ്രം മലേഷ്യ ബീച്ച് to പട്ടായ ബീച്ച്….?”

കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ഉള്ളതുകൊണ്ട് അവളുടെ മുഖത്ത് ചെറുപുഞ്ചിരി വിടർന്നു…

അപ്പൊ തായ്‌ലാന്റിലാണ് പട്ടായ….അല്ലെ…..??

ഞാൻ അതേന്ന് തലയാട്ടി…

ന്നാ നിങ്ങള് പോയിട്ട് വാ..വരുമ്പോൾ എനിക്കെന്തു വാങ്ങിവരും….??

അതൊക്കെ സർപ്രൈസ്‌….

ആരൊക്കെ പോകുന്നുണ്ട്….??

മാനേജർ സഹിതം പോകുന്നവരുടെ ലിസ്റ്റ് കൊടുത്ത് ഒരുവിധത്തിൽ അവിടുന്ന് ഞാൻ തലയൂരി….

ടൂർ പോകുന്ന ദിവസം അവളോട്‌ യാത്രപറഞ്ഞു ഞാൻ ഇറങ്ങി…കള്ളം പറഞ്ഞതിൽ നല്ല വിഷമം തോന്നിയെങ്കിലും സത്യം പറഞ്ഞാൽ അവൾ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് എയർപോർട്ടിലെ ബാറിൽ കയറി രണ്ട് പെ ഗ്ഗ്ടിച്ച്‌ ആ വിഷമമങ്ങ് മാറ്റി…

അങ്ങനെ കൊച്ചിയോട് യാത്രപറഞ്ഞ് തായ്‌ലൻഡിൽ കാലുകുത്തി….സത്യത്തിൽ ബാച്ച്ലേഴ്‌സിനു സ്വർഗമാണ് തായ്‌ലൻഡ്…വിവാഹിതർക്ക് പേടി സ്വപ്നവും….രാത്രിയിൽ പട്ടായ ടൗണിൽ കൂടി കറങ്ങിയപ്പോൾ കൈവിട്ട് പോകുമോന്നൊരു പേടി തോന്നിയെങ്കിലും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞതുകൊണ്ട് ഒന്നും സംഭവിക്കാതെ അഞ്ചു ദിവസം കടന്നുപോയി…

അടിച്ച് കിളിപോയി റൂമിൽ കിടന്നായിരുന്നു ആ അഞ്ചു ദിവസം തള്ളിനീക്കിയത്….

ആറാം ദിവസം ബാങ്കൊക്കിൽ വന്നു അത്യാവശ്യ സാധനങ്ങൾ പർച്ചേസ് ചെയ്യത് നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കയറുമ്പോൾ അബദ്ധത്തിൽ പോലും കാറ്റിൽ പറന്ന് ആരുടേയും മുടി ഷർട്ടിലൊന്നും ഉണ്ടാകരുതേയെന്ന പ്രാർഥനയായിരുന്നു മനസ്സിൽ…കാരണം എയർപോർട്ടിലുള്ളതിനേക്കാൾ വൻ ചെക്കപ്പ്‌ വീട്ടിൽ അവൾ നടത്തും…..

അങ്ങനെ തിരിച് നാട്ടിലെത്തി വീടിന്റെ വാതിക്കൽ ഞങ്ങളുടെ വണ്ടി നിർത്തി ഇറങ്ങുമ്പോൾ എന്നെയും കാത്ത് അവൾ നിൽപ്പുണ്ടായിരുന്നു….അവളുടെ മുഖത്ത് വല്യ സന്തോഷമൊന്നും കണ്ടില്ല….എന്തോ പ്രശ്നമുണ്ടെന്ന് എന്റെ മനസ് പറഞ്ഞു….രണ്ടും കല്പ്പിച്ചു ഞാൻ അകത്തേക്ക് കയറി….

പെട്ടെന്നായിരുന്നു ഒരു വാട്സ്ആപ് വോയിസ്‌….

“ഏട്ടൻ പറഞ്ഞത് നേപ്പാളിലേക്കാണെന്ന്…അഞ്ചു ദിവസം നേപ്പാളിൽ..പിന്നെ ഹിമാലയത്തിൽ പോയിട്ടേ വരൂന്ന് “”

ആ വോയിസ്‌ കേട്ട് ഞാൻ കിളി പോയപോലെയായി….

ആരാടി….ആരുടെ വോയ്‌സാണിത്…

നിങ്ങടെ കൂടെ ജോലിചെയ്യുന്ന കിരണിന്റെ വൈഫ്‌…അവരോട് അവൻ പറഞ്ഞത് നേപ്പാളിലേക്കാണെന്നാണ്….അടുത്തത് കേൾക്കണോ…അവളൽപ്പം ദേഷ്യത്തിൽ ചോദിച്ചു…ഞാനൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു…അവൾ തുടരെ തുടരെ വോയ്‌സുകൾ ഇട്ടുകൊണ്ടിരുന്നു….

ഒരാൾ ഇൻഡോനീഷ്യ, അടുത്ത ആള് വിയറ്റ്നാം, വേറൊരുത്തൻ മലേഷ്യ, ഒരുത്തൻ ഹരിദ്വാറിലെ പുണ്യ സ്ഥലങ്ങൾ, മാനേജർ താജ്മഹൽ കാണാനാണത്രേ പോയത്….

അങ്ങനെ കൂടെ വന്നവന്മാരൊന്നും തായ്‌ലന്റിനെ കുറിച്ചൊരു അക്ഷരം പറഞ്ഞല്ല വീട്ടിൽനിന്നും ഇറങ്ങിയത്…..

നിങ്ങൾ സത്യം പറയില്ലെന്നറിയാം…..നിങ്ങളിനി ഒന്നും മിണ്ടേണ്ട….എനിക്കറിയാം നിങ്ങളെങ്ങോട്ടാണ് പോയതെന്ന് കണ്ടുപിടിക്കാൻ…അവൾ ദേഷ്യത്തിൽ അടുക്കളയിലേക്ക് നടന്നു…..

തായ്‌ലൻഡ് സംബന്ധിച്ച സകല തെളിവുകളും കാറ്റിൽപറത്തിയെന്നുള്ള വിശ്വാസത്തിൽ ഞാൻ ധൈര്യം സംഭരിച്ചിരുന്നു…അവൾ കണ്ടുപിടിക്കില്ലെന്ന് എനിക്ക് അത്രക്കും വിശ്വാസമായിരുന്നു..പക്ഷെ അവൾ വന്ന് എന്റെ നേരെ കൈനീട്ടികൊണ്ട് പറഞ്ഞു…

എടുക്ക് പാസ്പോർട്ട്‌……

ശുഭം……

(പാസ്പോർട്ടിലെ തായ്‌ലൻഡ് ഗവണ്മെന്റിന്റെ സീലുകാരണം ടൂറിനു പോയ എല്ലാവരുടെയും രണ്ടുമൂന്നാഴ്ചയിലെ ജീവിതം കമ്പനി ഹോസ്റ്റലിലാക്കാൻ ഭാര്യമാരെ പ്രേരിപ്പിച്ചു…..ഭാര്യമാരുടെ ദേഷ്യം ശമിക്കുന്നതിനനുസരിച്ച്‌ ഓരോരുത്തരായി വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നു….തായ്‌ലൻഡ്ന്ന് കേൾക്കുന്നതേ ഒരു പേടിസ്വപ്നമാണ് ഞങ്ങൾക്കെല്ലാം )

~കാളിദാസൻ