പിറ്റെ ദിവസം നേരം വെളുത്തതുമുതൽ അവന്റെ ശ്രദ്ധ മുഴുവൻ മൊബൈലിൽ തന്നെയായിരുന്നു…

സിം

Story written by Praveen Chandran

================

ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്നും വിദൂരതയി ലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു അമൽ..മനസ്സിനുളളിലെ ആ വിങ്ങൽ എത്ര  ശ്രമിച്ചിട്ടും അവന് മായ്ക്കാനാവുന്ന ഒന്നായിരുന്നില്ല…പക്ഷെ ശ്രേയ അവളാണ് അവനെ ഇപ്പോൾ അവനെ കുഴക്കുന്നത്…

ഒരു വർഷത്തോളമായി അവരുടെ കല്ല്യാണം കഴിഞ്ഞിട്ട്…അവൾ നല്ല പെൺകുട്ടിയാണ്..അവളവനെ ജീവന് തുല്ല്യം സ്നേഹിക്കുണ്ടെന്ന് അവന് അറിയാമായിരുന്നു…പക്ഷെ അവനത് തിരിച്ച് നൽകാൻ കഴിയുമായിരുന്നില്ല..

“ഗ്രീഷ്മ” അവൾ തന്നെയാണതിന് കാരണം.. പരസ്പരം എല്ലാം സമ്മതിച്ചുകൊണ്ടാണ് അവർ പിരിഞ്ഞതെങ്കിലും അവനതിനോട് പൂർണ്ണമായ യോജിപ്പുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം..

നികത്താനാവാത്ത ഒരു ശൂന്യത അവന് സമ്മാനിച്ചായിരുന്നു അവൾ അവന്റെ മനസ്സീന്ന് പടിയിറങ്ങിപ്പോയത്…

അതിനുശേഷം അവളുടെ കല്ല്യാണത്തിന്റെ തലേ ദിവസമാണ് അവൾ അവനെ വിളിച്ചത്..

അന്ന് അവളുടെ വിഷമം കണ്ട് അവനവളെ ഇറക്കി കൊണ്ടുവരാൻ തുനിഞ്ഞതാണ് പക്ഷെ അവൾ കരഞ്ഞപേക്ഷിച്ചതു കൊണ്ടാണ്  അതിൽ നിന്നും പിൻമാറിയത്..

അവളുടെ കല്ല്യാണം കഴിഞ്ഞിട്ടിപ്പോൾ നാലു വർഷത്തോളമായി..ഇന്നേവരെ ഒരു തവണ പോലും അവനെ അവൾ വിളിക്കുക പോലും ചെയ്തിട്ടില്ല..എവിടെയാണെന്നു പോലും അവനറിയുകയുമില്ല.

അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ശ്രേയയെ അവൻ വിവാഹം കഴിച്ചത്..

ശ്രേയയോട് എത്ര അടുക്കാൻ ശ്രമിച്ചാലും ഗ്രീഷ്മയുടെ ഓര്‍മ്മകൾ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്..

ഗ്രീഷ്മയും തന്നെപ്പോലെ തന്നെയാവും എന്ന് അമൽ ഉറച്ചു വിശ്വസിച്ചിരുന്നു..

അങ്ങനെ ചിന്തിച്ച് നിൽക്കുന്ന സമയത്താണ് അമലിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്..ആ മെസ്സേജ് കണ്ട് അവൻ ഒരു നിമിഷം ഞെട്ടി…അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…ഇത്രയും നാൾ താൻ ജീവിച്ചത് തന്നെ ഈ ഒരു മെസ്സേജിന് വേണ്ടിയായിരുന്നില്ലേ എന്ന് അവന് ആ നിമിഷം തോന്നി…

“ഹായ്..ദിസ് ഈസ് ഗ്രീഷ്മ” അതായിരുന്നു ആ മെസ്സേജ്..

അവനുണ്ടായ സന്തോഷത്തിനു അതിരുകളില്ലായിരുന്നു..

മറുപടി വളരെ പ്രയാസപെട്ടാണ് അവൻ ടൈപ് ചെയ്തത്..

“ഹായ്..വേർ ആർ യൂ? 

മെസ്സേജ് സെന്റ്ചെയ്തതിന് ശേഷം മറുപടിയ്ക്കായ് അവൻ കാത്ത് നിന്നു…ഇത്രയധികം ടെൻഷനോടെ അവനൊന്നിനും വേണ്ടി ഇത് വരെ കാത്ത് നിന്നിട്ടില്ലായിരുന്നു…അവന്റെ ആധി കൂടി കൂടി വന്നു…

അപ്പോഴേക്കും അവൾ മറുപടി അയച്ചിരുന്നു…

“ഞാൻ ഇപ്പോൾ ട്രിവാൻഡ്രത്താണ്..ഹസിന്റെ വീട്ടിൽ…സെറ്റിൽഡ് ഇൻ ലണ്ടൻ..”

അത് കേട്ടതും അവന് ആവേശമായി..അവൻ വീണ്ടും ടൈപ് ചെയ്തു…

“എന്തേ ഇത്ര നാളും വിളിക്കാഞ്ഞത്?..”

ചാറ്റ് തുടർന്നു കൊണ്ടേയിരുന്നു…

“ഒന്നുമില്ലെടോ..എല്ലാം ഒന്നു മറക്കണമെന്നു തോന്നി..അതാ”

“അങ്ങിനെ മറക്കാൻ പറ്റോ തനിക്ക്” അമലിനു ദേഷ്യം വന്നു..

“അങ്ങനെയല്ല..ടാ ഞാൻ നാളെ വരാം..ഇതിൽ വിളിക്കരുത്ട്ടോ..ഹസിന്റെ ഫോൺ ആണ്..മൂന്നാല് ദിവസമേ കാണൂ ഇവിടെ..അതു കൊണ്ടാ പുതിയ സിം എടുക്കാഞ്ഞത്..ബൈ”

അവന് നിരാശയായി…അവന് ഇനിയും എന്തൊക്കെയോ അറിയണമെന്നുണ്ടായിരുന്നു…

അവൻ വീണ്ടും എന്തോ ടൈപ് ചെയ്യുന്നതിനു മുൻപേ കോളിംഗ് ബെൽ ശബ്ദിച്ചു..

അവൻ വാതിൽ തുറന്നു…ശ്രേയയായിരുന്നു അത്..

“ആഹാ..ഇതിന്റെയുളളിൽ അടച്ചു പൂട്ടിയിരിക്കാണോ മാഷേ..വാ നമുക്കൊന്ന് പുറത്തു പോകാം..” അവൾ പറഞ്ഞു..

“ഓ..പിന്നെയാവട്ടെ നല്ല തലവേദന..ഞാനൊന്നു കിടക്കട്ടെ” അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി..

അന്നുരാത്രി അവനുറങ്ങാനേ പറ്റിയില്ല..മനസ്സിന് വല്ലാത്തൊരാശ്വാസം പോലെ..എന്നിരുന്നാലും ഗ്രീഷ്മയ്ക്ക് എന്തൊക്കെയോ മാറ്റങ്ങൾ വന്ന പോലെ അവന് തോന്നി…പണ്ടത്തെ പോലെ ഫ്രീ അല്ല അവളെന്നും കുറച്ച് റിസർവ്വ്ഡ് ആയപോലെയും അവന് തോന്നി…

പിറ്റെ ദിവസം നേരം വെളുത്തതുമുതൽ അവന്റെ ശ്രദ്ധ മുഴുവൻ മൊബൈലിൽ തന്നെയായിരുന്നു..

അപ്പോഴാണ് ശ്രേയ ബാൽക്കണിയിലേക്ക് വന്നത്…

“ഞാനിറങ്ങാട്ടോ..ഇന്ന് എം.ഡിയുടെ മീറ്റിംഗ് ഉണ്ട്..അമൽ ഇന്ന്  പോകുന്നില്ലേ? അവൾ ചോദിച്ചു..

“ഇല്ല..ഞാൻ ഒരാഴ്ച ലീവ് ആണ്”

അവൻ പറഞ്ഞത് കേട്ട് അവൾ അവനെ ഒന്ന് അടിമുടി നോക്കി..

“എന്ത് പറ്റി? സുഖമില്ലേ അമൽ?”

ആ ചോദ്യത്തിന് പക്ഷെ അവളുടെ മുഖത്ത് നോക്കാതെയാണ് അവൻ മറുപടി പറഞ്ഞത്..

“ഒന്നുമില്ല..ഒരു ഫ്രണ്ട് വന്നിട്ടുണ്ട് അവന്റെ കൂടെ ഒന്നു പുറത്ത് പോകണം..” അവൻ പറഞ്ഞു..

“ആഹാ.. അത് കൊള്ളാലോ…നടക്കട്ടെ..ഒന്നുമില്ലെങ്കിൽ മൂഡ് എങ്കിലും ഒന്ന് ചേയ്ഞ്ച് ആവുമല്ലോ? ഓക്കെ..എൻജോയ്….ബൈ..”

അവൾ പുറത്ത് പോയതും അവൻ വീണ്ടും പഴയത് പോലെ ഫോണിലേക്ക് നോക്കിയിരുന്നു..

കുറെ സമയം കാത്തിരുന്നതിന് ശേഷമാണ് ഗ്രീഷ്മയുടെ  മെസ്സേജ് വന്നത്..

അവൻ ആവേശത്തോടെ റിപ്ലൈ കൊടുത്തു..

“എവിടെയായിരുന്നു ഇത്ര നേരം?

“ഒന്നും പറയണ്ടെടോ പുളളിക്കാരന്റെ ഓരോരോ തമാശകളിൽ മുഴുകിയിരുന്നു പോയി..പിന്നെ മൂപ്പര് നല്ല റൊമാന്റിക്കാണേ..നേരം പോണതറിയില്ലെടോ” അവൾ പറഞ്ഞു..

അത് കണ്ടതും അവന്റെ മുഖം ഇരുണ്ടു..അവന് ദേഷ്യമാണ് അപ്പോൾ ദേഷ്യമാണ് വന്നത്..

“ഓ നിനക്ക് ഇപ്പോ നമ്മളെയൊന്നും വേണ്ടല്ലോ..ഇപ്പൊൾ മനസ്സിലായി നീ എന്തേ ഇത്ര നാളും വിളിക്കാഞ്ഞത് എന്ന്..അവൻ അമർഷം മറച്ചുവച്ചില്ല..

“അതല്ലടാ..എന്തോ എനിക്കു പുളളിക്കാരനെ ചീറ്റ് ചെയ്യാൻ തോന്നിയില്ല..നമ്മുടെ കാരൃങ്ങൾ അറിഞ്ഞിട്ടു പോലും അത് അദ്ദേഹം വളരെ കൂളായാണ് എടുത്തത്..തന്നെയുമല്ല ഇന്നുവരെ എന്നെ ഒരു വാക്കു കൊണ്ടു പോലും വിഷമിപ്പിച്ചിട്ടില്ല..നീ പറ അങ്ങനെയുളള ഒരാളോട് ഞാനങ്ങിനെ ചെയ്യാവോ?….ഇപ്പോ തന്നെ  നിന്നെ മെസ്സേജ് ചെയ്യാമെന്നു വച്ചത് തന്നെ വിശേഷങ്ങൾ അറിയാമെന്നു വച്ചു മാത്രം”

അവന് അതൊരു ഷോക്കായിരുന്നു..എങ്കിലും അവൻ അതിന് മറുത്തൊന്നും പറഞ്ഞില്ല. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“ശരിയായിരിക്കാം..എന്തായാലും നീ ഹാപ്പിയാണല്ലോ..അതു മതി” ഒഴുക്കൻ മട്ടിൽ അവൻ റിപ്ലൈ കൊടുത്തു…

“യെസ്.. പിന്നെ നിന്റെ വിശേഷം പറ കേൾക്കട്ടെ വൈഫ് എന്തു ചെയ്യുന്നു? അവൾ ചോദിച്ചു..

“അവൾ ഒരു ഐടി പ്രൊഫഷനലാണ്..അമൽ  പറഞ്ഞു..

“ആഹാ..അടിപൊളിയാണല്ലോ..ലൈഫ് എൻജോയ് ചെയ്യായിരിക്കും അല്ലേ? എന്നാ ശരി..പുളളിക്കാരൻ വരുന്നുണ്ട്..ഞങ്ങൾക്ക് നാലു ദിവസത്തെ ഒരു ടൂർ പ്രോഗ്രാം ഉണ്ട്..അടിച്ചു പൊളിച്ചിട്ടുവരാം..പറ്റുമെങ്കിൽ നാളെ രാവിലെ ഞാൻ നിന്നെ വിളിക്കാം..ബൈ..ബൈ…ടേക്ക് കെയർ…”

അവന് വിഷമം സഹിക്കാനായില്ല..വിഷമത്തേക്കാളേറെ അവന് അവനൊട് തന്നെ പുച്ഛം തോന്നി..അവൻ ബാൽക്കണിയിൽ ചെന്നു പുറത്തേക്ക് നോക്കി നിന്നു..മനസ്സിലെന്തൊ ക്കെയോ മാറ്റങ്ങൾ നടക്കുന്നുണ്ടെന്നു അവന് തോന്നി..

“ഇത്രയും കാലം ഇവൾക്കു വേണ്ടിയാണോ ഞാൻ..” അവൻ സ്വയം കുറ്റപ്പെടുത്തി…

അവന്റെ മനസ്സിൽ അപ്പോൾ കൂടെ ഒരുപാട് ചിന്തകൾ കടന്ന് പോയിരുന്നു…

ശരിക്കും അവൾ പറഞ്ഞതല്ലേ ശരി..നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നരല്ലേ യഥാര്‍ത്ഥ സ്നേഹം അർഹിക്കുന്നവർ..

ശ്രേയ ഒരുപാട് വിഷമിക്കുന്നുണ്ടാവും..ഞാൻ എത്രമാത്രം അവളെ അവഗണിച്ചു…എന്നിട്ട് പോലും ഒരു പരിഭവം പോലുമില്ലാതെ അവൾ തന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു..

അവന്റെ കണ്ണിൽ നനവു പടർന്നു…

ഇനി ഒരിക്കലും അവളെ വേദനിപ്പിച്ചുകൂടാ..അവൻ മനസ്സ്കൊണ്ട് ഉറപ്പിച്ചു…

കോളിംഗ് ബെൽ ശബ്ദിച്ചത് കേട്ട് അമൽ വാതിൽക്കലേക്കു പോയി…

അത് ശ്രേയയായിരുന്നു…

“ഇതെന്താപ്പാ.. ഇതുവരെ പോയില്ലേ?..അവൾ അത്ഭുതത്തോടെ ചോദിച്ചു..

“ഇല്ല..” അവൻ മുഖം താഴ്ത്തി പറഞ്ഞു.

“അതെന്തേ?” അവൾ വീണ്ടും ചോദിച്ചു..

“അവൻ ബിസിയാണത്രേ”

“ആണോ..കഷ്ടായല്ലോ..ലീവ് എടുത്തത് വെറുതെ ആവോ?

“ഏയ്” അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു…

ഹാന്റ് ബാഗ് ടേബിളിൽ വച്ച് അവൾ അവനെ ഒന്ന് നോക്കിക്കൊണ്ട് മുഖം കഴുകാനായി വാഷ് ബെയ്സിനടുത്തേക്ക് പോയി..

മുഖം കഴുകികൊണ്ടിരുന്ന അവളുടെ പിന്നിലേക്ക് അവൻ ചെന്നു…

അവൾക്ക് കണ്ണാടിയിൽ കൂടെ അവനെ കാണാമായിരുന്നു…

ടവൽ കൊണ്ട് മുഖം തുടച്ചുകൊണ്ടിരുന്ന അവളെ പിന്നിൽ നിന്നും അമൽ വാരിപ്പുണർന്നു.. ആ പിൻ കഴുത്തിൽ അവന്റെ ചുണ്ടുകളമർന്നു…

അവൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അതിന് പ്രതികരിച്ചതേയില്ല..എത്ര നാളായി അവൾ കൊതിക്കുന്നു ഈയൊരു നിമിഷത്തിനായി…

അവൾ കണ്ണുകളിറുകെ അടച്ചു…

“വാ നമുക്കൊരു നൈറ്റ് റൈഡ് പോകാം..” അവൻ പറഞ്ഞു…

“എനിക്ക് വിശ്വാസിക്കാനാവുന്നില്ല അമൽ..നീ തന്നെയാണോ ഇത്? ആശ്ചര്യത്തോടെ അവൾ തിരിഞ്ഞ് നിന്ന് ചോദിച്ചു..

“ആഹാ..ഇനി നീ കാണാൻ കിടക്കുന്നേ ഒളളൂ.. ഓഫീസിൽ വിളിച്ച് ലീവ് പറ..നമ്മൾ നാളെ ഒരു ട്രിപ്പ് പോകുന്നു..മാലിദ്വീപിലേക്ക്..നിന്റെ ഫേവറൈറ്റ് പ്ലേസിലേക്ക്” അവൻ പറഞ്ഞത് അവൾക്ക് വിശ്വസിക്കാനായില്ല..

“സത്യമാണോ അമൽ?”

“അതെ മോളേ…”

അത് കേട്ടതും അവളവനെ മുറുകെ പുണർന്ന് അവന്റെ കവിളിൽ ചുണ്ടുകളമർത്തി…

പിറ്റെ ദിവസം രാവിലെ പതിവുപോലെ അമൽ ബാൽക്കണിയിൽ നിന്ന് കോഫി കുടിക്കുകയായിരുന്നു…

പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയ്തു..

ഗ്രീഷ്മയുടെ നമ്പറിൽ നിന്നായിരുന്നു അത്…

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവൻ ശങ്കിച്ചു..

പിന്നീട് ഫോൺ കട്ട് ചെയ്തുകൊണ്ട് അവൾക്ക് തിരികെ ഒരു മെസ്സേജ് അയച്ചു..

“താങ്ക്സ് ഗ്രീഷ്മ..നീയെനിക്ക് പുതിയൊരു ജീവൻ തന്നു..ഇനി ഒരിക്കലും എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്..എനിക്ക് എല്ലാത്തിനും വലുത് എന്റെ വൈഫ് ആണ്..അവളെ  മറന്ന് ഏനിക്ക് ഒന്നും ചെയ്യാൻ താല്പര്യമില്ല..ഗുഡ് ബൈ”….

ആ മെസ്സേജ് അയച്ചു കഴിഞ്ഞപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സുഖം തോന്നി അവന്..

“അമൽ റെഡിയാവുന്നില്ലേ?…ലേറ്റാവുന്നു”

അകത്ത് നിന്നും ശ്രേയയുടെ ആയിരുന്നു ആ ചോദ്യം…

“ദേ..ഇപ്പോൾ റെഡിയാവാം ശ്രീ…” അവനത് പറഞ്ഞ് ടൗവ്വലെടുത്ത് ബാത്ത്റൂമിലേക്കു കയറി…

ശ്രേയ അവൻ വാഷ്റൂമിലുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന്  ശേഷം ബാൽക്കണിയിലേക്കു നടന്നു..

അവൾക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.. മനസ്സിനകത്ത് വല്ലാത്തൊരു കുളിർമ്മ..

എന്തോ നേടിയെടുത്ത മനോഭാവത്തോടെ തന്റെ കയ്യിലുണ്ടായിരുന്ന ആ സിം കാർഡ് അവൾ ദൂരേക്കു വലിച്ചെറിഞ്ഞു…

അത് ഗ്രീഷ്മയുടെ പേരിൽ അവൾ അവന് വിളിച്ചിരുന്ന സിം ആയിരുന്നു..

~പ്രവീൺ ചന്ദ്രൻ